സ്വപ്‌നമല്ല, സത്യമാണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട് പലര്‍ക്കും. വിമലും അങ്ങനെയാണോ? ഇടയ്ക്കിടക്ക് തന്റെ കൈയില്‍ നുള്ളുന്നുണ്ട്. എന്നോടും മോഹനോടും നുള്ളാന്‍ പറയുന്നുണ്ട്. കിട്ടിയ അവസരം നന്നായി മുതലാക്കുന്ന തരത്തില്‍ തന്നെ ഞങ്ങളിരുവരും നുള്ളിയിട്ടും വിമലിന് ഭാവഭേദമില്ല. തനിക്ക് ഇത്രത്തോളം സ്‌നേഹം മലയാളികള്‍ നല്‍കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
‘എന്നു നിന്റെ മൊയ്തീന്‍’ 150 ദിവസം തികയ്ക്കുന്നു. ഇത് സത്യമാണെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് വിമല്‍ എന്നു തോന്നി. തന്നെ കാത്തിരിക്കുന്ന വന്‍ വിജയത്തെക്കുറിച്ച് അവന് ഉറപ്പുണ്ടായിരുന്നില്ലേ? പിന്നെന്തിനാണീ നുള്ളല്‍? ഈ വിജയത്തിന്റെ മാധുര്യം ഒരു നിമിഷം പോലും തന്നില്‍ നിന്നു വിട്ടുപോകരുതെന്ന് വിമല്‍ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായാണ് ഈ സ്വയം വിശ്വസിപ്പിക്കലും നുള്ളലുമെല്ലാം.
തന്റെ ആദ്യ സിനിമ ശ്രദ്ധിക്കപ്പെടണമെന്നത് ഏതൊരു സംവിധായകന്റെയും ലക്ഷ്യമാണ്. സിനിമ റിലീസ് ചെയ്യാനും തിയേറ്റര്‍ ലഭിക്കാനും നേരിട്ട പ്രതിസന്ധികള്‍ നോക്കുമ്പോള്‍ അത്ര പോലും ആഗ്രഹിക്കാന്‍ ആദ്യഘട്ടത്തില്‍ വിമലിന് ശേഷിയുണ്ടായിരുന്നില്ല. എന്നാല്‍, സിനിമ പ്രേക്ഷകരിലേക്കെത്തിയാല്‍ അവരത് ഏറ്റെടുത്ത് വന്‍ സംഭവമാക്കും എന്ന് അവന് വിശ്വാസമുണ്ടായിരുന്നു. വിശ്വാസം അതല്ലേ എല്ലാം!
സിനിമ റിലീസ് ചെയ്തപ്പോള്‍ ആദ്യ ഷോയ്ക്ക് അധികം ആളുണ്ടായിരുന്നില്ല. ഒരു പുതിയ സംവിധായകന്റെ ചിത്രത്തോട് സ്വാഭാവികമായും പ്രേക്ഷകര്‍ക്കുണ്ടാവുന്ന ഒരു വിശ്വാസക്കുറവ്. എന്നാല്‍, ആദ്യ ഷോ പിന്നിട്ട് രണ്ടാമത്തെ ഷോയിലേക്കു കടന്നപ്പോള്‍ എല്ലാം കൈവിട്ടുപോയി. ‘എന്നു നിന്റെ മൊയ്തീന്‍’ എവിടെയോ ഒക്കെ എത്തുമെന്ന് ഉറപ്പായി. എവിടെവരെ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഭാഗികമായെങ്കിലും ഉത്തരം ലഭിക്കുന്നു. ഇപ്പോള്‍ 150 ദിവസമായി. ഇനിയത് 200, 250, 300, 365… എന്നിങ്ങനെ പോകട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മലയാള സിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമ ഇതാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സാറ്റലൈറ്റ് നിരക്ക് -6.87 കോടി രൂപ എന്നത് ഔദ്യോഗിക റിപ്പോര്‍ട്ട്. ചില റിലീസ് കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു, തിരക്കില്‍ കുറവില്ല തന്നെ. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു. നല്ല സിനിമ കാണാന്‍ ആളു വരില്ലെന്ന് ആരാ പറഞ്ഞത്?
ഇന്ന് ഫെബ്രുവരി 6, ശനിയാഴ്ച ‘എന്നു നിന്റെ മൊയ്തീന്‍’ 150-ാം ദിനാഘോഷം കൊച്ചിയില്‍ അരങ്ങേറുകയാണ്. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു സിനിമയെന്ന കപ്പലിലെ കപ്പിത്താനായ വിമല്‍. പക്ഷേ, സിനിമ പുറത്തിറക്കാന്‍ സുനാമിത്തിരമാലകളെ മറികടക്കേണ്ടി വന്ന ആ കപ്പിത്താന് ഇപ്പോള്‍ നിസ്സംഗഭാവം. കാര്യങ്ങളെല്ലാം അതിന്റെ വഴിയേ നടന്നോളും എന്ന ആത്മവിശ്വാസം. കഠിനാദ്ധ്വാനത്തില്‍ നിന്ന് വരുന്നതാണ് ആ ആത്മവിശ്വാസമെന്ന് അവന്റെ അടുത്തു നില്‍ക്കുന്ന ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അറിയാം.
ഇന്നലെ ജോലികള്‍ തീര്‍ന്നപ്പോള്‍ സന്ധ്യ കഴിഞ്ഞു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. ശാസ്തമംഗലം പൈപ്പിന്‍മൂട്ടിലുള്ള ചെറിയ ചായക്കടയില്‍ കയറി. 7 സ്റ്റാര്‍ ഹോട്ടലില്‍ മാത്രം ഭക്ഷണം കഴിക്കുന്ന സൂപ്പറുകള്‍ക്ക് ഒരു അപവാദം. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഉടമയുമായി നിന്നൊരു പടമെടുക്കണമെന്ന് സംവിധായകന് മോഹം. ഉടമയുടെ 16 ഷേഡുകള്‍ തിളങ്ങുന്ന ഷര്‍ട്ടാണ് ആകര്‍ഷണം. മോഹനും ഞാനും ഫോട്ടോയില്‍ വേണമെന്നും നിര്‍ബന്ധം. ഹോട്ടല്‍ ജീവനക്കാരന്‍ ക്യാമറാമാനായി ആക്ഷന്‍. സംവിധായകനും കൂട്ടുകാരും ചിരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഫഌഷ് മിന്നി. രാത്രി പിരിയുമ്പോള്‍ ‘ഇനി കൊച്ചിയില്‍ കാണാം’ എന്ന യാത്രാമൊഴി. ഞാനും മോഹനനും ഹാപ്പി. പുതിയ പ്രഭാതത്തിലേക്ക്..
കൊച്ചിയിലെ വിജയാഘോഷത്തിന് എല്ലാവരും കാത്തിരിക്കുകയാണ്. ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് ആഘോഷപരിപാടികള്‍. വിമലിന്റെ സിനിമ പോലെ ആഘോഷവും ലളിതം. വിജയത്തിന്റെ ക്രഡിറ്റ് അവകാശപ്പെടാന്‍ അവന് എല്ലാ അര്‍ഹതയുമുണ്ടെങ്കിലും വാക്കുകള്‍ ഇങ്ങനെ -‘എല്ലാം മഹാനായ മൊയ്തീന്റെ അനുഗ്രഹം.’