HomeLIFEപഴംക‍ഞ്ഞിയും ...

പഴംക‍ഞ്ഞിയും പഴംകൂട്ടാനും

-

Reading Time: 2 minutes

ഫ്രിഡ്ജ് എന്ന സാധനം കുട്ടിക്കാലത്ത് എനിക്കൊരു അത്ഭുതമായിരുന്നു.
എന്റെ വീട്ടില്‍ അതുണ്ടായിരുന്നില്ല.
ഒരു കൂട്ടുകാരന്റെ വീട്ടിലാണ് ഫ്രിഡ്ജ് ആദ്യമായി കാണുന്നത്.
അവിടെ പോകുമ്പോള്‍ തണുത്ത വെള്ളം കുടിക്കാനും ഐസ് കട്ട വായിലിട്ട് അലിയിക്കാനുമൊക്കെ കാണിച്ചിരുന്ന ആവേശം ഇന്നും മനസ്സിലുണ്ട്.

വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തതു കൊണ്ടു മാത്രം ലഭിച്ചിരുന്ന വിഭവങ്ങളാണ് പഴംകഞ്ഞിയും പഴംകൂട്ടാനും.
തലേദിവസം ബാക്കിയാവുന്ന ചോറ് വെള്ളമൊഴിച്ചു വെച്ചാല്‍ അടുത്ത ദിവസം രാവിലെ പഴംകഞ്ഞിയായി.
പഴംകൂട്ടാന്‍ അത്രയെളുപ്പമല്ല, സാധാരണനിലയില്‍ സദ്യയുടെ പിറ്റേന്നാളാണ് പഴംകൂട്ടാനുണ്ടാവുക.
സദ്യക്കു ശേഷം ബാക്കിയാവുന്ന സാമ്പാറും അവിയലും തോരനും കിച്ചടിയുമെല്ലാം ഒരുമിച്ചിട്ടിളക്കി അടച്ചുവെയ്ക്കും.
അടുത്ത ദിവസം രാവിലെ വളരെ നല്ല മണവും രുചിയുള്ള പഴംകൂട്ടാന്‍ തയ്യാര്‍.
അതിന്റെ രുചിയോര്‍ക്കുമ്പോള്‍ ഇപ്പോഴും വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂറും.

വീട്ടില്‍ ഫ്രിഡ്ജ് വന്നതോടെ ഇതെല്ലാം ഓര്‍മ്മയായി.
ചോറും കറിയുമെല്ലാം ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കും.
തലേന്നു ബാക്കിയാവുന്ന ചോറും കറിയുമെല്ലാം അടുത്ത ദിവസവും ചോറും കറിയുമായി തന്നെ മുന്നിലെത്തിത്തുടങ്ങി.
അമ്മയോട് പ്രത്യേകം ശട്ടം കെട്ടിയാല്‍ മാത്രം ചിലപ്പോള്‍ പഴംകഞ്ഞി കിട്ടും.
അച്ചാറും തൈരും മുളകുചുട്ടതും മീന്‍ചാറുമെല്ലാമായി ഇടയ്ക്ക് അകത്താക്കും.
എങ്കിലും പഴംകൂട്ടാന്‍ ഇപ്പോഴും ഒരു സ്വപ്നമാണ്.

ചിലപ്പോഴൊക്കെ പഴംകഞ്ഞി കുടിക്കാന്‍ അതിയായ കൊതിയാവും.
തിരുവനന്തപുരം കിള്ളിപ്പാലത്ത് ഒരു പഴംകഞ്ഞിക്കടയുണ്ട്.
അവസരം കിട്ടുമ്പോഴൊക്കെ അവിടെപ്പോയി പഴംകഞ്ഞി തട്ടും.
അവിടത്തെ പഴംകഞ്ഞി വേറൊരു മിക്സാണ്, പ്രത്യേക രുചി.
അപ്പോഴും പഴംകൂട്ടാന്‍ എന്നത് സ്വപ്നമായി അവശേഷിക്കുന്നു.
ഈ ഓണക്കാലത്ത് സദ്യയുണ്ടാക്കാന്‍ പ്രകൃതി അവസരം തരികയാണെങ്കില്‍ പഴംകൂട്ടാന്‍ ഒന്നു പരീക്ഷിക്കണം.

പഴംകഞ്ഞിയെയും പഴംകൂട്ടാനെയും ഓര്‍മ്മകളിലേക്ക് വലിച്ചടുപ്പിചത് ഒരു വീഡിയോ ആണ്.
പ്രിയ സുഹൃത്ത് വാള്‍ട്ടര്‍ ഡിക്രൂസ് അയച്ചുതന്ന വീഡിയോ -കഞ്ഞി.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഒരു വെബ് സിരീസിന്റെ ഭാഗമാണ്.
വാള്‍ട്ടറിന് നന്ദി.

“എടാ.. പഴംകഞ്ഞിക്കിത്രയും ടേസ്റ്റുണ്ടായിരുന്നാ” -ആ ഒറ്റ ഡയലോഗ് എന്നെ പിടിച്ചുലച്ചു.
പ്രചോദനം വരുന്ന വഴി നോക്കണേ..!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks