HomeSOCIETYമനുഷ്യനെക്കാള...

മനുഷ്യനെക്കാള്‍ വിലയോ മണ്ണിന്??

-

Reading Time: 6 minutes

ആലപ്പാട്ടെ പെണ്‍കുട്ടി എന്നു പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു മുഖം മനസ്സില്‍ തെളിയും. കാവ്യ എന്നാണ് അവളുടെ പേര് എന്ന് ഇപ്പോഴറിയുന്നു. ഒരു ലൈവ് വീഡിയോയിലൂടെയാണ് അവള്‍ നമുക്കു മുന്നിലെത്തിയത്. കറുത്ത കുപ്പായമണിഞ്ഞ, കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കമുള്ള, ശബ്ദത്തില്‍ വ്യക്തതയുള്ള, ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി. അവളുടെ വാക്കുകള്‍ നേരെ തുളഞ്ഞു കയറുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്. കാരണം, അത്രമാത്രം ആത്മാര്‍ത്ഥതയോടെയാണ് അവള്‍ സംസാരിക്കുന്നത്. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ധാരാളം പേര്‍ ഈ വീഡിയോ എനിക്ക് അയച്ചു തന്നു. ഇപ്പോഴും അയച്ചുകൊണ്ടിരിക്കുന്നു. അയയ്ക്കുന്നവരെല്ലാം അഭ്യര്‍ത്ഥിക്കുന്നുണ്ട് -‘പങ്കിടൂ’ എന്ന്. പങ്കിടാതിരിക്കാനായില്ല തന്നെ.

ഈ ശബ്ദം നമ്മള്‍ കേള്‍ക്കാതെ പോകരുത്. ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക് വല്ലാത്തൊരു ശക്തിയുണ്ട്. അവളുടേത് വലിയ ആഗ്രഹമൊന്നുമല്ല, തീര്‍ത്തും ന്യായമാണ് -‘ജനിച്ച മണ്ണില്‍ തന്നെ മരിക്കണം, അത് ഞങ്ങളുടെ ആഗ്രഹമാണ്, അതിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്.’ അവളുടെ വാക്കുകളിലുടെ ഒരു പ്രദേശത്തെ ജനത നേരിടുന്ന ഭീതി നമുക്ക് ബോദ്ധ്യപ്പെടുന്നു.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നു മരണത്തിന്റെ വക്കില്‍ ആണ്. ഈ ഗ്രാമത്തിലുള്ളവരെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് നമ്മള്‍ മലയാളികളാകെ നെഞ്ചിലേറ്റിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തില്‍ നിന്നു നമ്മെ കര കയറ്റിയതിന് ഈ നാട്ടുകാരെ നമ്മള്‍ മുക്തകണ്ഠം പ്രശംസിച്ചു. ‘കേരളത്തിന്റെ സൈന്യം’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളി കരുത്തിന്റെ വലിയൊരു ഭാഗം ആലപ്പാടിന്റെ സംഭാവനയായിരുന്നു. ഇപ്പോള്‍ നമ്മുടെ ഊഴമാണ്. നമ്മുടെ ആപത്തുകാലത്ത് നമുക്കൊപ്പം നിന്നവര്‍ ഇന്ന് ആപത്തു നേരിടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്.

ആലപ്പാട് എന്ന ഗ്രാമം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കണ്‍മുന്നില്‍ ഓരോ ദിവസവും ഈ ഗ്രാമത്തെ കടല്‍ വിഴുങ്ങുകയാണ്. ഏതാണ്ട് 60 വര്‍ഷത്തിലധികമായി നിര്‍ബാധം തുടരുന്ന കരിമണല്‍ ഖനനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളും ഇവിടെ കാണാം. കണ്മുന്നില്‍ കിടപ്പാടവും കരയും കടലെടുത്തു പോയിട്ടും ഇന്നാട്ടുകാരുടെ വിലാപങ്ങള്‍ ആരും കേട്ടില്ല. ജലസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളും കൊയ്ത്തുപാടങ്ങളും നിറഞ്ഞ സമ്പല്‍സമൃദ്ധമായൊരു ഭൂതകാലം ആലപ്പാടിനുണ്ട്. ശുദ്ധജലത്തിന് സ്വയംപര്യാപ്തമായിരുന്നു ഇവിടം. ഇപ്പോള്‍ ഒരു തുള്ളി ശുദ്ധജലം കിട്ടാനില്ല. ഫലസമ്പുഷ്ടമായ ഈ പ്രദേശം അശാസ്ത്രീയമായ ഖനനം നിമിത്തം അഗാധഗര്‍ത്തങ്ങളായി. പിന്നീട് കടല്‍ കയറി എല്ലാം വെള്ളത്തിലായി.

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയില്‍ ഏറെ നേര്‍ത്തുപോയിരിക്കുന്നു ഈ തീരദേശ പഞ്ചായത്ത്. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കുമിടയ്ക്ക് തെക്ക് വെള്ളനാതുരുത്ത് മുതല്‍ വടക്ക് അഴീക്കല്‍ വരെ 17 കിലോമീറ്ററാണ് നീളം. പടിഞ്ഞാറ് അറബികടല്‍, കിഴക്ക് ടി.എസ്. കായല്‍, കടലിനും കായലിനും മദ്ധ്യേ വരമ്പു പോലെ നീണ്ടു നിവര്‍ന്ന് ആലപ്പാട് പഞ്ചായത്ത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് പതിറ്റാണ്ടുകളായി ഈ മേഖലയില്‍ ഖനനം നടത്തുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സും ഖനനത്തില്‍ പങ്കാളിയാണ്. 1965ല്‍ ട്രാവന്‍കൂര്‍ മിനറല്‍സ് എന്ന കമ്പനിയെ ഇന്ത്യന്‍ റെയര്‍ എര്‍ത്തസ് ലിമിറ്റഡ് ഏറ്റെടുത്താണ് ഇവിടെ വിപുലമായ തോതില്‍ കരിമണല്‍ ഖനനം തുടങ്ങിയത്.

കരിമണല്‍ ഖനനത്തിന്റെ ചരിത്രത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1909 ല്‍ തിരുവിതാംകൂര്‍ തീരത്തുനിന്ന് ജര്‍മ്മനിയിലേക്ക് കയറ്റി അയച്ച കയര്‍ ഉത്പന്നങ്ങളില്‍ കരിമണലിന്റെ തിളക്കം കണ്ടുപിടിച്ചത് ഹെര്‍ഷംബര്‍ഗ് എന്ന സായിപ്പാണ്. അതിനെക്കുറിച്ച് തുടര്‍ന്നു നടത്തിയ അന്വേഷണം ആ സായിപ്പിനെ ചവറയില്‍ എത്തിച്ചു. നീണ്ടകരയില്‍ നിന്ന് കരിമണലുമായി ജര്‍മ്മനിയിലേക്ക് ആദ്യ കപ്പല്‍ പോകുന്നത് 1922ലാണ്. 1932ല്‍ എഫ്.എക്‌സ്.പെരേര ആന്‍ഡ് സണ്‍സ് എന്ന കമ്പനി ചവറയില്‍ സ്ഥാപിക്കപ്പെടുന്നതോടെ ഇവിടെ കരിമണല്‍ ഖനനം തുടങ്ങി. തുടര്‍ന്ന് ട്രാവന്‍കൂര്‍ മിനറല്‍ കോര്‍പ്പറേഷന്‍ 1933ല്‍ സ്ഥാപിക്കപ്പെട്ടു.

പിന്നീട് 1951ല്‍ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് എന്ന കമ്പനി ആരംഭിച്ചു. 1956ല്‍ ഈ കമ്പനി പൂര്‍ണ്ണതോതില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ട്രാവന്‍കൂര്‍ മിനറല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചു പ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയായ ഹോക്കിന്‍സ് ആന്‍ഡ് വില്യംസ് ലിമിറ്റഡ് 1960ല്‍ അടച്ചുപൂട്ടി. 1971ല്‍ എഫ്.എക്‌സ്.പി. മിനറല്‍സ് കമ്പനി കൂടി കേരള സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കരിമണല്‍ ഖനന മേഖലയില്‍ നിന്ന് സ്വകാര്യ ഏജന്‍സികള്‍ പൂര്‍ണ്ണമായും പിന്‍വലിഞ്ഞു.

1955ലെ സര്‍ക്കാര്‍ ലിതോ ഭൂപട പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററുകളോളം ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് ഖനനം മൂലം വെറും 7.6 ചതുരശ്ര കിലോമീറ്ററുകളായി ചുരുങ്ങിയിരിക്കുന്നു. ഖനനത്തിന്റെ ഫലമായി 20,000 ഏക്കറോളം ഭൂമി കടലിലായി എന്നര്‍ത്ഥം. 5,000ലേറെ കുടുംബങ്ങള്‍ കിടപ്പാടം നഷ്ടമായി ഇതിനകം ഇവിടെ നിന്ന് പലായനം ചെയ്തുകഴിഞ്ഞിരിക്കുന്നു. 6,500 കുടുംബങ്ങളാണ് ഇവിടെ അവശേഷിക്കുന്നത്. ആലപ്പാട് ഇപ്പോള്‍ കടലും കായലും തമ്മിലുള്ള അകലം ചില സ്ഥലങ്ങളില്‍ 200 മീറ്റര്‍ വരെയും ചിലയിടങ്ങളില്‍ 20 മീറ്ററിനു താഴെയുമാണ്. ഒരു കാലത്ത് 3.5 കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന ഖനനപ്രദേശമായ വെള്ളനാതുരുത്തില്‍ ഇപ്പോള്‍ കടലും കായലും ഒന്നിക്കാന്‍ വെറും 20 മീറ്റര്‍ അകലം മാത്രം അവശേഷിക്കുന്നു. ഈ വരമ്പില്‍ വെള്ളനാതുരുത്ത് വാര്‍ഡിലെ 82 ഏക്കറില്‍ ഇപ്പോള്‍ ഖനനം നടത്തുന്ന ഐ.ആര്‍.ഇ., മറ്റ് വാര്‍ഡുകളിലും സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്.

ഖനനം തുടര്‍ന്നാല്‍ കടലും കായലും സംഗമിക്കുകയും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ശുദ്ധജല ശ്രോതസ്സുകള്‍ നശിക്കുകയും ചെയ്യും. ദേശീയ ജലപാത ഇല്ലാതാവും. ഓണാട്ടുകര മുതല്‍ അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക, ജനവാസ മേഖലയിലേക്ക് കടല്‍വെള്ളം ഇരച്ചുകയറും. 2004ല്‍ സുനാമി ഉണ്ടായപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം നാശമുണ്ടായ പ്രദേശമാണ് ആലപ്പാട്. ഖനനം തുടര്‍ന്നാല്‍ സുനാമിയെക്കാള്‍ വലിയ ദുരന്തമാവും ആലപ്പാട് കാണേണ്ടി വരിക. ഇനി ഇവിടെ ഒരു ദുരന്തം വിതയ്ക്കാന്‍ സാധാരണയിലും കുറച്ചു ശക്തി കൂടിയ ഒരു തിരമാലയ്ക്കു കഴിയും. ഭീതിയുടെ വക്കില്‍ കഴിയുകയാണ് ഒരു ജനത. ഇനിയും അവിടെ കുഴിച്ചു നശിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത് എന്നു പറയുന്നതും അതിനാല്‍ത്തന്നെയാണ്. ആലപ്പാട്ടെ കടല്‍ ഒരു കാലത്ത് 8 കിലോമീറ്ററോളം കരഭൂമിയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം മനസ്സിലാകുക.

മണ്ണിന്റെ വലിയ വിലയെക്കുറിച്ച് എല്ലാവരും വ്യാകുലപ്പെടുമ്പോള്‍ ഇവിടത്തെ ജനങ്ങള്‍ക്ക് എത്ര വിലയുണ്ട് എന്ന വലിയ ചോദ്യം അവശേഷിക്കുന്നു. മണ്ണിനുള്ള വില പോലും മനുഷ്യനില്ലേ? ഭൂമി ഏറ്റെടുത്തു എങ്കിലും ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി ഐ.ആര്‍.ഇ. നേടിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നിയമസഭയുടെ പരിസ്ഥിതി സമിതി ഇവിടത്തെ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പ്രദേശത്ത് ഭൂമി ഏറ്റെടുക്കണമെങ്കില്‍ അവിടത്തെ 70 ശതമാനം പേരുടെ അംഗീകാരം വേണമെന്ന് നിയമമുണ്ടെങ്കിലും ആലപ്പാട് ആരോടും ഒരഭിപ്രായവും ചോദിച്ചിട്ടില്ല.

ആലപ്പാട് നടക്കുന്ന അതിജീവന സമരം സ്വകാര്യ കമ്പനികള്‍ക്ക് വളം വെയ്ക്കാനുള്ള കുത്സിത ശ്രമമാണെന്ന വ്യാഖ്യാനവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. അവരോട് ഒരഭ്യര്‍ത്ഥന മാത്രമേയുള്ളൂ. 2018 ഫെബ്രുവരി 6ന് നിയമസഭാ പരിസ്ഥിതി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒന്നു വായിച്ചു നോക്കണം. മുല്ലക്കര രത്‌നാകരനാണ് നിയമസഭാ പരിസ്ഥിതി സമിതി അദ്ധ്യക്ഷന്‍. അനില്‍ അക്കര, പി.വി.അന്‍വര്‍, കെ.ബാബു, ഒ.ആര്‍.കേളു, പി.ടി.എ.റഹിം, കെ.എം.ഷാജി, കെ.വി.വിജയദാസ്, എം.വിന്‍സെന്റ് എന്നിവരാണ് അംഗങ്ങള്‍.

നിയമസഭാ സമിതിയുടെ പ്രധാന നിഗമനങ്ങൾ

പേജ് 2

  • CRZ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വ്യവസ്ഥ നിലനില്‍ക്കെ ആലപ്പാട് പ്രദേശത്ത് പ്രസ്തുത കമ്പനിയുടെ തന്നെ ഒരു ഗോഡൗണ്‍ നിര്‍മ്മിച്ചിട്ടുള്ളതായി സമിതി കണ്ടെത്തി. പ്രദേശവാസികളുടെ സമ്മതമില്ലാതെ ഖനന പ്രദേശത്തുണ്ടായിരുന്ന ഒരു ക്ഷേത്രവും ഒരു വിദ്യാലയവും മാറ്റി സ്ഥാപിച്ചിട്ടുള്ളതും സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതെല്ലാം ജനങ്ങളുടെ പരാതികള്‍ക്ക് മതിയായ അടിസ്ഥാനമുണ്ട് എന്നാണ് തെളിയിക്കുന്നതെന്ന് സമിതി കരുതുന്നു.
  • ഖനനത്തിന് ശേഷം ഖനനപ്രദേശം പ്രത്യേക ഭാഗങ്ങളായി തിരിച്ച് ഹരിതമേഖലയാക്കണമെന്നും വട്ടക്കായലിന് സമീപമുള്ള പ്രദേശങ്ങള്‍ കണ്ടല്‍ചെടികള്‍ വെച്ച് പിടിപ്പിച്ച് ഹരിതാഭമാക്കണമെന്നുമാണ് വ്യവസ്ഥയെങ്കിലും, ഖനനം മൂലം സ്വാഭാവികമായ കണ്ടല്‍ക്കാടുകള്‍ ആലപ്പാടിന് നഷ്ടമായി എന്നുമാത്രമല്ല തീരസംരക്ഷണത്തിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങളും നഷ്ടപ്പെട്ടതായി സമിതി മനസ്സിലാക്കുന്നു.
  • കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഖനനാനുമതി നല്‍കുന്നതിന് മുമ്പുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിലെ 21-ഓളം റീസര്‍വ്വേ നമ്പറുകളിലുണ്ടായിരുന്ന 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇല്ലാതായി എന്ന നാട്ടുകാരുടെ പരാതി ഒരളവു വരെ ശരിയാണെന്ന് സമിതി വിലയിരുത്തുന്നു. ഇതില്‍ ഖനനപ്രദേശത്ത് ശുദ്ധജലം ലഭ്യമാക്കിയിരുന്ന തണ്ണീര്‍ത്തട പ്രദേശങ്ങളും കിണറുകളും മറ്റ് ഉറവകളും ഉണ്ടായിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന പ്രകൃതിദത്തമായ മണല്‍കുന്നുകള്‍ ഖനനം മൂലം ഇല്ലാതായതിനെ തുടര്‍ന്ന് കടലാക്രമണ പ്രതിരോധശേഷം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സമിതി വിലയിരുത്തുന്നു.
  • ആലപ്പാട് മേഖലയില്‍ മത്സ്യസമ്പനത്തിന്റെ പ്രജനനത്തിന് ദോഷം വരുന്നതായും തീരത്തുള്ള കുഴമ്പുരൂപത്തിലുള്ള മാലിന്യനിക്ഷേപം ഖനന ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നു സമിതി കണ്ടെത്തി.

പേജ് 3

  • കഴിഞ്ഞ 50 വര്‍ഷങ്ങളായി IREL ഖനനം ചെയ്യുന്ന സ്ഥലങ്ങള്‍ ഖനനത്തിന് ശേഷം ചുറ്റുമുള്ള പ്രദേശങ്ങളുടെ ലെവലില്‍ വീണ്ടെടുപ്പ് നടത്തണമെന്ന് അനുമതി ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല.

പേജ് 4

  • ലാന്‍ഡ് മൈനിംഗ് നടത്തിയ സ്ഥലങ്ങളിലെ കുഴികള്‍ റീഫില്‍ ചെയ്തിട്ടില്ല എന്ന് അധികാരികള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും സീവാഷിംഗ് നിര്‍ത്തലാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് സമിതി വിലയിരുത്തുന്നു.

കഴിഞ്ഞ 50 വര്‍ഷങ്ങളായി ഖനനം ചെയ്യുന്ന സ്ഥലങ്ങള്‍ ഖനനത്തിന് ശേഷം ചുറ്റുമുള്ള പ്രദേശങ്ങളുടെ ലെവലില്‍ വീണ്ടെടുപ്പ് നടത്തണമെന്ന് അനുമതി ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല എന്ന നിയമസഭാ സമിതിയുടെ കണ്ടെത്തലിന് അങ്ങേയറ്റത്തെ പ്രാധാന്യമുണ്ട്. ഇതു തന്നെയാണ് ഇപ്പോഴത്തെ പ്രശ്നത്തിനുള്ള കാരണവും.

ഖനനാനുമതിയിലെ വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് തയ്യാറാവണമെന്ന് കേരള സര്‍ക്കാരിന് നിര്‍ബന്ധം പിടിക്കാം. അവിടെ തീരും ഇപ്പോഴത്തെ പ്രശ്നം. ആലപ്പാടെ പരിസ്ഥിതി വീണ്ടെടുപ്പ് പൂര്‍ത്തിയാക്കിയിട്ട് ഖനനം തുടര്‍ന്നാല്‍ മതിയെന്ന് സര്‍ക്കാരിന് പറയാനാവണം. നീണ്ടകര പാലം മുതല്‍ ചവറ വരെയുള്ള പ്രദേശത്ത് ഖനന ശേഷമുള്ള പരിസ്ഥിതി വീണ്ടെടുപ്പ് നടന്ന പോലെ ആലപ്പാടും നടക്കണം. സര്‍ക്കാര്‍ ഇടപെടും എന്നു തന്നെയാണ് വിശ്വാസം. ജനകീയ സര്‍ക്കാരിന് ജനങ്ങളുടെ വിഷയത്തോട് മുഖം തിരിക്കാനാവില്ല തന്നെ.

കാര്‍ഷികസമൃദ്ധിയും മത്സ്യസമ്പത്തും പഴങ്കഥയായ ആലപ്പാട് ഗ്രാമം അതിജീവനത്തിനായുള്ള അന്തിമസമരത്തിലാണ്. ഉണരുമ്പോള്‍ കിടപ്പാടം അവശേഷിക്കുമോ എന്ന ഭീതിയില്‍ ഗ്രാമവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. നിസ്സഹായരായ ഈ ജനതയുടെ വിലാപം ആരും കേട്ട മട്ടില്ല. ആലപ്പാട്ടുകാരിലേറെയും മത്സ്യത്തൊഴിലാളികളാണ്. ഇവിടുന്ന് മാറിത്താമസിച്ചാല്‍ അവരുടെ ജീവിതമാര്‍ഗ്ഗം ആകും ഇല്ലാതാകുക. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഈ മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം ജീവന്‍ മറന്ന് കൈപിടിച്ചുകയറ്റിയത് കേരളത്തെയാണ്. അതിനെപ്പറ്റി മറന്നുപോയവര്‍ ഇപ്പോഴെങ്കിലും ഒന്ന് ഓര്‍ക്കുക -ഇന്നീ കാണുന്നതെല്ലാം അവര്‍ തിരിച്ചു തന്നതാണ്.

കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് അവര്‍ പറയുമ്പോള്‍ അത് ന്യായമായ ആവശ്യമാണെന്നു തോന്നുന്നതും അതിനാല്‍ത്തന്നെയാണ്. എന്തായാലും അല്പകാലത്തിനകം അവിടെ ഖനനം നിര്‍ത്തേണ്ടി വരുമെന്നുറപ്പാണ്. കാരണം കുഴിച്ചെടുക്കാന്‍ അവിടെ ഒന്നുമുണ്ടാവില്ലല്ലോ. അത്തരമൊരു ഘട്ടത്തില്‍ നിര്‍ത്തുന്നത് അല്പം നേരത്തേ ആയാല്‍ കുറച്ച് പാവം മനുഷ്യരുടെ ജീവിതത്തിന് താങ്ങാവും. ഖനനം പൂര്‍ണ്ണമായി നിര്‍ത്തുക അപ്രായോഗികമാണെന്നു പറയപ്പെടുന്നുണ്ട്. നീണ്ടകര പാലത്തിനും ചവറയ്ക്കുമിടയില്‍ ഖനനം നടന്ന പ്രദേശത്ത് മണല്‍ കൊണ്ടുവന്ന് അവിടം താമസയോഗ്യമാക്കിയ ചരിത്രമുണ്ട്. കുറഞ്ഞപക്ഷം പരിസ്ഥിതി വീണ്ടെടുപ്പിനുള്ള നടപടികളെങ്കിലും ആലപ്പാട് പ്രദേശത്ത് അടിയന്തിരമായി തുടങ്ങിയേ മതിയാകൂ.

ഇത് ആലപ്പാടിന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തിന്റെ പ്രശ്നമാണ്. അവിടെ കുഴിക്കുന്നത് ശവക്കുഴികളാണ്. ഒരു നാടിനെ കുഴിച്ചുമൂടാന്‍. ഇനിയും നമ്മള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഒരു വലിയ ഭാഗം നഷ്ടപ്പെടും.

#SaveAlappad
#StopMining

 


ആലപ്പാട് സംബന്ധിച്ച നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട്

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks