HomeACADEMICSപഠനം തുടരുക ത...

പഠനം തുടരുക തന്നെ വേണം

-

Reading Time: 5 minutes

ഓണ്‍ലൈന്‍ പഠനസംവിധാനത്തിനെതിരെ വിമര്‍ശനവുമായി കുറച്ചുപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വേറിട്ട ശബ്ദം കേള്‍പ്പിക്കാനുള്ള ശ്രമമാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയാം. ഇതില്‍ തിരുവനന്തപുരം നഗരത്തില്‍ പൊലീസുകാരനായ ഒരു ചങ്ങാതിയുടെ വിമര്‍ശനം കൗതുകമുണര്‍ത്തി.

ഏറ്റവുംഅവസാനത്തെ വിദ്യാര്‍ത്ഥിയെയും പങ്കാളിയാക്കുംവരെ ഓണ്‍ലൈന്‍ പാഠങ്ങള്‍ മാറ്റിവെയ്ക്കണം. ഇടത്തട്ടു മേല്‍ത്തട്ടു വ്യവഹാരമായി പൊതുവിദ്യാഭ്യാസം പരിമിതപ്പെടരുത്.

പഠിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടി ജീവനൊടുക്കിയത് അങ്ങേയറ്റം വേദനാജനകമായ അനുഭവമാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗ്ഗം പഠനം നിര്‍ത്തുകയാണെന്നു പറയുന്നത് അല്പംപോലും ചിന്താശേഷിയില്ലാത്തവര്‍ മാത്രമായിരിക്കും. കാരണം, പഠിക്കാന്‍ സൗകര്യമില്ലാത്തവരെ അങ്ങനെ തന്നെ കൈവിടണം എന്നാണ് അത്തരക്കാരുടെ വാദം. ഇപ്പോള്‍ എല്ലാം നിലച്ചിരിക്കുന്ന കാലമാണ്, പഠനവും. അല്പമൊക്കെ ശേഷിയുള്ളവന്‍ എങ്ങനെയെങ്കിലുമൊക്കെ പഠിക്കാന്‍ ശ്രമിക്കുമെന്നുറപ്പ്. അപ്പോഴും ഒന്നും ചെയ്യാനാവാതെ പിന്തള്ളപ്പെടുക ഒരു ഗതിയുമില്ലാത്ത കുട്ടികളായിരിക്കും.

ഈ പരിപാടി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്നു സര്‍ക്കാര്‍ ആദ്യമേ പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ നടക്കുന്ന ക്ലാസ്സുകളുടെ പുനഃസംപ്രേഷണമായിരിക്കും അടുത്തയാഴ്ചയെന്ന് നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തു. മാത്രവുമല്ല ട്രയല്‍ റണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടണമെന്ന് ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുമുണ്ട്. ട്രയലൊക്കെ പൂര്‍ത്തിയായി പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ പാളിച്ചകളുണ്ടെങ്കില്‍ നമുക്ക് വലിച്ചുകീറി കാറ്റില്‍പ്പറത്താം. അല്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കണം എന്നു പറയുന്നത് ചെവിക്കൊള്ളുകയല്ല വേണ്ടത്. എലിയെ പേടിച്ച് ഇല്ലം ചുടരുത്, എലിയെ കെണിവെച്ചു പിടിക്കണം.

വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടോ എന്നു നോക്കാനും ആരെയും വിട്ടുപോകാതെ എല്ലാവരെയും ഉള്‍പ്പെടുത്താനുമാണ് ട്രയല്‍ റണ്‍. ഇങ്ങനെ ട്രയല്‍ റണ്‍ നടത്തിയാല്‍ മാത്രമേ പ്രശ്നങ്ങള്‍ കണ്ടെത്താനും അതു പരിഹരിക്കാനും പറ്റു. വിട്ടുപോകാനിടയുള്ളവരെ കണ്ടെത്തണമെങ്കില്‍ പദ്ധതി നടത്തിനോക്കണം. എന്നിട്ട് വിട്ടുപോയവരെ കൃത്യമായി കണ്ടെത്തി ഉള്‍പ്പെടുത്തണം. അതു സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്നു തന്നെയാണ് വിശ്വാസം. കാഞ്ഞിരം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്സില്‍ പ്ലസ് വണ്‍ പരീക്ഷയെഴുതുന്ന സാന്ദ്ര സാബു എന്ന കുട്ടിക്കു വേണ്ടി മാത്രം ലോക്ക്ഡൗണ്‍ കാലത്ത് ബോട്ട് സര്‍വ്വീസ് നടത്തിയത് നമ്മള്‍ കണ്ടതാണല്ലോ.

പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് 1 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായുള്ളത്. പ്ലസ് വണ്‍ പ്രവേശനം നടക്കാത്തതിനാല്‍ അവരെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. ഈ കുട്ടികളെ മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയെന്നത് വലിയ ഉത്തരവാദിത്വം തന്നെയാണ്. ഓണ്‍ലൈന്‍ ക്ലാസ് തീരുമാനിച്ചപ്പോള്‍ തന്നെ എത്രത്തോളം കുട്ടികള്‍ക്ക് ഇത് സാദ്ധ്യമാകുമെന്ന പരിശോധനയും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്. അവരുടെ കണക്കുപ്രകാരം 41 ലക്ഷത്തില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്ന് കണ്ടെത്തി.

തിരുവനന്തപുരം ചെങ്കല്‍ചൂള രാജാജി നഗറില്‍ ഒരുമിച്ചിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന കുട്ടികള്‍

പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ ക്ലാസ് ടീച്ചര്‍മാരെയും സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെയും പ്രിന്‍സിപ്പല്‍മാരെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ടെലിവിഷനോ സ്മാര്‍ട്ട്ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുക എന്നു തന്നെയാണ് അര്‍ത്ഥം. പരിമിതികളുള്ള കുട്ടികളെ കണ്ടെത്തുക മാത്രമല്ല, അവരുടെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുകയും വേണം. അയല്‍പക്കത്തെ ടെലിവിഷന്‍ അഥവാ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്തുക, അടുത്തു താമസിക്കുന്ന കൂട്ടുകാര്‍ക്കൊപ്പമാക്കുക, വായനശാലകളിലോ അക്ഷയ കേന്ദ്രങ്ങളിലോ സൗകര്യമൊരുക്കുക എന്നിവയെല്ലാം പരിഗണിക്കുന്നു. ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയല്‍ക്കൂട്ടങ്ങളും വായനശാലകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമൊക്കെ ഇത്തരം ‘ഡിജിറ്റല്‍ ക്ലാസ്മുറികള്‍’ സജ്ജീകരിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ദളിത് കോളനികളിലും ആദിവാസി ഊരുകളിലുമൊക്കെ സംവിധാനമൊരുക്കാന്‍ ശ്രമിക്കുന്നു.

കുട്ടികള്‍ക്ക് വീണ്ടും കാണാന്‍ പറ്റുന്ന തരത്തില്‍ യു ട്യൂബ്, ഫേസ്ബുക്ക് എന്നിവയില്‍ ക്ലാസുകളുടെ വീഡിയോ നല്‍കുന്നുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പെന്‍ഡ്രൈവിലാക്കി പിന്നീട് സൗകര്യമുള്ള സമയത്ത് കുട്ടികളെ കാണിക്കാനും പറ്റും. ഇടുക്കിയിലെ വിദൂരപ്രദേശങ്ങളിലെ കുട്ടികള്‍ക്കായി ഈ സൗകര്യമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് നഷ്ടമാകാതെ പഠനം സാദ്ധ്യമാക്കാനുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ട് എന്നു തന്നെയാണ്.

എല്ലാം നന്നായി പോകും എന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ് മലപ്പുറം ഇരിമ്പിളിയം ഗവ. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത ഒരു ഞെട്ടലായി വന്നത്. ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞതോടെ സംഭവത്തിന് ഗൗരവമേറി. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അതേസമയം, ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഒരു കാരണം നോക്കിയിരുന്നവര്‍ക്ക് ഇതൊരു അവസരമായി മാറി. അങ്ങനെയാണ് ഓണ്‍ലൈന്‍ ക്ലാസ് വേണ്ട എന്ന പ്രചാരണം തുടങ്ങിയിരിക്കുന്നത്.

സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഈ കുട്ടിയുടെ മരണത്തെ പ്രതിപക്ഷം മാറ്റിയിട്ടുണ്ട്. പക്ഷേ, ദേവികയുടെ അസൗകര്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു എന്നു തന്നെയാണ് കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോദ്ധ്യപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പിനു മുന്നിലുള്ള വിവരമനുസരിച്ച് ദേവികയടക്കം ഇരിമ്പിളിയം സ്കൂളിലെ 25 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല. ഇരിമ്പിളിയം പോലെ മലപ്പുറത്തെ മറ്റു സ്കൂളുകളിലെയും വിവരം ശേഖരിച്ച ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അത് മലപ്പുറം ജില്ലാ പഞ്ചായത്തിനു കൈമാറി. സര്‍ക്കാര്‍ സ്കൂളുകളില്‍ സൗകര്യമൊരുക്കേണ്ട ചുമതല ജില്ലാ പഞ്ചായത്തിനാണല്ലോ.


വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യോഗം വിളിക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നല്കിയ നിര്‍ദ്ദേശം

ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം മെയ് 27ന് കുറ്റിപ്പുറം ബ്ലോക്കില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം നടന്നു. ഇരിമ്പിളിയം ഗവ. ഹൈസ്കൂളിലെ പഠനസൗകര്യമില്ലാത്ത 25 കുട്ടികളുടെ പട്ടിക ഈ സമയം ഇരിമ്പിളിയം പഞ്ചായത്തിന്റെ കൈയിലുണ്ടായിരുന്നു. ഇതനുസരിച്ച് ചെയ്യേണ്ട നടപടികള്‍ ആലോചിക്കുകയും ദേവികയുടെ ക്ലാസ്സ് ടീച്ചര്‍ കുട്ടിയെ വിളിച്ച് സംസാരിക്കുകയും സൗകര്യമില്ലായ്മ പരിഹരിക്കാം എന്ന് അറിയിക്കുകയും ചെയ്തു. സ്കൂള്‍ പി.ടി.എയും കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ആ കുട്ടി ആര്‍ക്കുവേണ്ടിയും കാത്തുനിന്നില്ല.


ഇരിമ്പിളിയം സ്കൂളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികളുടെ പട്ടിക -ദേവികയുടെ പേര് പട്ടികയില്‍ 16

ദേവികയ്ക്കു നീതി ലഭ്യമാക്കാന്‍ യു.ഡി.എഫ്. സമരം തുടങ്ങുമെന്നൊക്കെ ചില നേതാക്കള്‍ ചാനലുകളില്‍ പ്രഖ്യാപിക്കുന്നതു കണ്ടു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെയാണ് യു.ഡി.എഫ്. സമരം. ദേവികയുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ ആര്‍ക്കൊക്കെയാണ് ഉത്തരവാദിത്വമുണ്ടായിരുന്നത് എന്ന പരിശോധന നന്നായിരിക്കും -മങ്കേരി വാര്‍ഡ് മെമ്പര്‍ മുസ്ലിം ലീഗ് സ്വതന്ത്ര ഉമ്മുക്കുല്‍സു, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ മുഹമ്മദ് അബ്ദുറഹ്മാന്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ ആതവനാട് മുഹമ്മദ് കുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ എ.പി.ഉണ്ണികൃഷ്ണന്‍, കോട്ടയ്ക്കല്‍ എം.എല്‍.എ. മുസ്ലിം ലീഗിലെ പ്രൊഫ.കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍, പൊന്നാനി എം.പി. മുസ്ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീര്‍. ഇത്രയും പേര്‍ കഴിഞ്ഞ ശേഷം പിന്നെ ഉത്തരവാദിത്വം ബാക്കി വല്ലതുമുണ്ടെങ്കില്‍ അത് കേരള പൊതുവിദ്യാഭ്യാസ മന്ത്രി സി.പി.ഐ.എമ്മിലെ പ്രൊഫ.സി.രവീന്ദ്രനാഥിനും കേരള മുഖ്യമന്ത്രി സി.പി.ഐ.എമ്മിലെ പിണറായി വിജയനും വരും! സമരം കൊഴുക്കും.

എന്തായാലും കോവിഡ് വലിയൊരു ഭീഷണിയായി നില്‍ക്കുന്നു. ഇപ്പോഴത്തെ നിലയില്‍ തന്നെ ഓഗസ്റ്റെങ്കിലുമാവാതെ സ്കൂളുകള്‍ തുറക്കാനാവില്ല എന്നതാണ് സ്ഥിതി. സ്ഥിതി വഷളായാല്‍ അതു നീളുകയും ചെയ്യും. അതുവരെ കുട്ടികളെ വെറുതെ വിടണം എന്നാണോ? അങ്ങനെ വിട്ടിരുന്നുവെങ്കില്‍ ഓണ്‍ലൈന്‍ പഠനസാദ്ധ്യത പ്രയോജനപ്പെടുത്താതെ കുട്ടികളുടെ ഒരു വര്‍ഷം പാഴാക്കി എന്നാവും ഇപ്പോള്‍ തലപൊക്കിയിരിക്കുന്ന ചില മത്തായിമാരുടെ ആരോപണം.

വ്യക്തിപരമായ ഒരു കാര്യം കൂടി. എന്റെ മകന്‍ ഒന്നാം ക്ലാസ്സിലാണ്. അവന്റെ പഠനം എങ്ങനെ മുന്നോട്ടു നീക്കും എന്ന ആശങ്കയിലായിരുന്നു. കണ്ണനെ സര്‍ക്കാര്‍ സ്കൂളിലേ പഠിപ്പിക്കൂ എന്നാണ് തീരുമാനം. പ്ലസ് ടു വരെ ഒറ്റയടിക്ക് തടസ്സമില്ലാതെ പോകുമെന്നതിനാല്‍ കേന്ദ്രീയ വിദ്യാലയം ആലോചിച്ചു. സര്‍ക്കാര്‍ സ്കൂളിലാണെങ്കില്‍ അഞ്ചിലും പ്ലസ് വണ്ണിലുമൊക്കെ തലവേദനയാണ്. പക്ഷേ, കേന്ദ്രീയം ഇപ്പൊഴൊന്നും നടക്കുന്ന ലക്ഷണമില്ല. അതിനാല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. എല്‍.പി.എസ്സില്‍ ചേര്‍ത്തു. ഒരു ദിവസം പോയി അപേക്ഷ വാങ്ങി. രണ്ടാം ദിവസം അതു പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ആധാറിന്റെ പകര്‍പ്പ് എന്നിവയ്ക്കൊപ്പം സമര്‍പ്പിച്ചു. പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കാര്‍ഡ് തല്‍ക്ഷണം കൈയില്‍. ഒപ്പം ഒന്നാം ക്ലാസില്‍ കണ്ണനു പഠിക്കാനുള്ള പുസ്തകങ്ങളും. ആകെ ചെലവ് സ്വമനസ്സാലെ പി.ടി.എയ്ക്കു കൊടുത്ത സംഭാവന മാത്രം.

സ്കൂളില്‍ പ്രവേശനം കിട്ടിയാല്‍ പഠനമാവുമോ? പുസ്തകം കിട്ടിയാല്‍ മാത്രം പഠനമാവുമോ? അവനൊപ്പം കളിക്കാം എന്നല്ലാതെ പഠിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയില്ല. എന്തു ചെയ്യും എന്ത് പകച്ചിരിക്കുമ്പോഴാണ് വലിയൊരു അനുഗ്രഹമായി ഓണ്‍ലൈന്‍ പഠനസംവിധാനം വന്നത്. സായി ശ്വേത ടീച്ചര്‍ പഠിപ്പിക്കുന്ന രീതി തീര്‍ത്തും ഒരു തിരിച്ചറിവായിരുന്നു. കണ്ണന്‍ ഒരാളെ വീട്ടില്‍ മേയ്ക്കാന്‍ പെടുന്ന പാട് എനിക്കറിയാം. ഇതുപോലെ ഒരു പറ്റത്തെ ടീച്ചര്‍മാര്‍ എങ്ങനെ മേയ്ക്കും എന്നത് അത്ഭുതമായിരുന്നു. സായി ടീച്ചറുടെ പ്രകടനം കണ്ടപ്പോള്‍ ആ അത്ഭുതം ഉറപ്പിനു വഴിമാറിയിട്ടുണ്ട്. ഈ വേന്ദ്രന്മാരെയും വേന്ദ്രത്തികളെയും ടീച്ചര്‍മാര്‍ പുഷ്പം പോലെ കൈകാര്യം ചെയ്യും. ഒരു മണിക്കൂറില്‍ ടീച്ചര്‍ പറയുന്ന കാര്യങ്ങള്‍ കൊണ്ട് കണ്ണന്റെ ഒരു ദിവസം മുന്നോട്ടു നീക്കാം എന്നാണ് സ്ഥിതി. ഒരു കുഴപ്പം മാത്രം, അവന് ടീച്ചറെ ഇടയ്ക്കിടയ്ക്ക് കാണണം! യു ട്യൂബില്‍ കാര്‍ട്ടൂണ്‍ പോലെ ഇതിനും വകുപ്പുണ്ടെന്ന് അവന് അറിയുകയും ചെയ്യാം.

ഈ സംവിധാനം കൊണ്ട് കുട്ടികളെ പഠിപ്പിച്ച് ഐ.എ.എസ്. പരീക്ഷയ്ക്കിരുത്താം എന്നൊന്നും ആരും കരുതുന്നില്ല. പക്ഷേ, വിഷയവുമായുള്ള ബന്ധം വിട്ടുപോകാതിരിക്കാനും പഠനം എന്ന സ്വഭാവം നിലനിര്‍ത്താനുമൊക്കെ ഈ സംവിധാനം തീര്‍ച്ചയായും പ്രയോജനപ്രദമാണ്. ‘ഉള്ളതുകൊണ്ട് ഓണം പോലെ’ എന്ന ചൊല്ല് മലയാളത്തില്‍ തന്നെയാണല്ലോ ഉള്ളത്. എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്. അതു വിജയിക്കും എന്ന ഉറപ്പ് എനിക്കുണ്ട്. അനുഭവമാണല്ലോ ഗുരു. എസ്.എസ്.എല്‍.സി. പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോഴും നടത്തരുത് എന്നു പറയാന്‍ ഉത്സാഹിച്ചവരുണ്ടായിരുന്നു, സംസ്ഥാനത്തെ വളരെ മുതിര്‍ന്ന നേതാക്കള്‍ വരെ പത്രസമ്മേളനം നടത്തി. ചിലരൊക്കെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനും തയ്യാറായി. പക്ഷേ, എസ്.എസ്.എല്‍.സി. പരീക്ഷ കൃത്യമായി നടന്നു. ഇപ്പോള്‍ ആരും അതിനെക്കുറിച്ച് മിണ്ടുന്നില്ല.


എറണാകുളം പാറക്കടവ് ഇ.എം.എസ്. ലൈബ്രറിയില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ഓണ്‍ലൈന്‍ പഠനസൗകര്യം

കോവിഡ് ബാധ തടയാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴും നിശിതമായി വിമര്‍ശിച്ചവരുണ്ട്, നാട്ടില്‍. വലിയ നേതാക്കള്‍. അവര്‍ പറഞ്ഞത് അനുസരിച്ചിരുന്നുവെങ്കിലോ? ഒരു പക്ഷേ, ഇന്നു വിമര്‍ശിക്കാന്‍ ആ നേതാക്കള്‍ പോലും മിച്ചമുണ്ടാവുമായിരുന്നില്ല. വിമര്‍ശനം തിരുത്തിക്കാനാവണം, നശിപ്പിക്കാനാവരുത്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights