സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ‘ഫീസ് വര്‍ദ്ധന’ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സമരത്തിലാണ്. സമരരീതി കണ്ടാല്‍ ‘മിന്നാരം’ സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗാണ് ഓര്‍മ്മ വരിക -‘അയ്യോ ഞാനിപ്പ ചാവുവേ.. ആ നിലവിളി ശബ്ദമിടൂ…’ ഇവിടെ നിലവിളിക്ക് ചെറിയ വ്യത്യാസമുണ്ട് -‘എങ്ങനെയെങ്കിലും സമരം ഒത്തുതീര്‍ക്കൂ.. ഞങ്ങളെ രക്ഷിക്കൂ…’ എന്തിനുവേണ്ടിയാണ് സമരിക്കുന്നതെന്ന് സമരക്കാര്‍ക്കുപോലും ധാരണയില്ലാത്ത ഒരു സമരം ആദ്യമായാണ് കാണുന്നത്. യു.ഡി.എഫിന്റെ പല നേതാക്കളോടും സമരത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല.
യു.ഡി.എഫിന് ഇത്തരമൊരു സമരവുമായി മുന്നോട്ടു വരാതിരിക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം, കേരളത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണെന്ന് അവര്‍ക്ക് തെളിയിച്ചേ മതിയാകുമായിരുന്നുള്ളൂ. പ്രതിപക്ഷത്തിന്റെ ചുമതല നിറവേറ്റുന്നത് തങ്ങളാണെന്ന വാദവുമായി ബി.ജെ.പി. മുന്നോട്ടു വന്നതും അതിന് അല്പം സ്വീകാര്യത ലഭിച്ചതും യു.ഡി.എഫിനെ ആശങ്കയിലാക്കിയിരുന്നു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട് നടത്തിയത് ആ ലക്ഷ്യത്തോടെ തന്നെയാണ്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കാമെന്ന കൂടിയാലോചനകള്‍ പുരോഗമിക്കുമ്പോഴാണ് സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക എന്ന ആവശ്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന നിരാഹാരസമരം ശ്രദ്ധയില്‍പ്പെട്ടത്. പാര്‍ട്ടി പുനഃസംഘടന ലക്ഷ്യമിട്ട് നടത്തുന്ന സമരമാണെന്ന ആക്ഷേപം കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ ഉയര്‍ന്ന ഈ സമരത്തിലെ താല്പര്യം അതുവരെ ഡീന്‍ കുര്യാക്കോസിനും സി.ആര്‍.മഹേഷിനും ഒപ്പമുള്ള ചില മൂത്ത യൂത്തന്മാര്‍ക്കും മാത്രമായിരുന്നു. എന്നാല്‍, അതു പെട്ടെന്ന് യു.ഡി.എഫിന്റെയാകെ സമരമായി മാറി. സമരം തുടങ്ങുമ്പോള്‍ അതിന്റെ ലക്ഷ്യം സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്ന ആശയക്കുഴപ്പം അതേപടി യു.ഡി.എഫ്. നേതാക്കളിലേക്കു കൈമാറി എന്നത് വേറെ കാര്യം.
യു.ഡി.എഫ്. സമരം ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് അതിന്റെ വേദി തെരുവില്‍ നിന്ന് നിയമസഭയ്ക്കുള്ളിലേക്കു മാറ്റുക എന്നതാണ്. അവിടെ ബി.ജെ.പിക്ക് വലിയ റോളില്ലല്ലോ! ഈ വിഷയം ഉയര്‍ന്നുവന്ന ശേഷം ബി.ജെ.പിയുടെ ഏകാംഗ സേനാനിയായ രാജേട്ടനെ അവിടെങ്ങും കണ്ടിട്ടുമില്ല. മാത്രമല്ല, സമരം നിയമസഭയിലാവുന്നതാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും താല്പര്യം. അവിടാവുമ്പോള്‍ റോളെടുക്കാന്‍ വി.എം.സുധീരന്‍ വരില്ലല്ലോ. നിയമസഭയില്‍ ഗതിപിടിക്കാതായപ്പോള്‍ സമരം വീണ്ടും തെരുവിലേക്കെത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ‘ആ നിലവിളിശബ്ദം’ പിണറായി ഇട്ടില്ലെങ്കില്‍ യു.ഡി.എഫ്. കട്ടപ്പൊക!!
അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ആവശ്യം ന്യായമാവണം എന്നു മാത്രം. യു.ഡി.എഫിന്റെ സമരത്തോട് എതിരഭിപ്രായം പ്രകടിപ്പിച്ചു എന്നതിന്റെ പേരില്‍ സര്‍ക്കാരിന്റെ നിലപാടുകളെല്ലാം ശരിയാണെന്ന അഭിപ്രായമുള്ളതായി കരുതേണ്ടതുമില്ല. പക്ഷേ, ഏതു സമരത്തിനും ഒരു ലക്ഷ്യമുണ്ടാവണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്ന് കുത്തനെ കൂട്ടിയ ഫീസ് പൂര്‍വ്വസ്ഥിതിയിലാക്കണം എന്നാണ് ആദ്യം യൂത്ത് കോണ്‍ഗ്രസ്സും ഇപ്പോള്‍ യു.ഡി.എഫും ആവശ്യപ്പെടുന്നത്. 2015ലെ സ്ഥിതി പ്രാവര്‍ത്തികമാക്കണം എന്നാണോ ആവശ്യം? അതിനോട് എനിക്ക് അശേഷം യോജിപ്പില്ല. കാരണം വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അശേഷം ഗുണകരമല്ല ആ നിലപാട് എന്നതു തന്നെ.
യു.ഡി.എഫ്. സര്‍ക്കാര്‍ പോയി എല്‍.ഡി.എഫ്. വന്നപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ചില മാറ്റങ്ങളുണ്ടായി. മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് കൂടി എന്നതാണ് പ്രധാന മാറ്റം. ഈ വര്‍ദ്ധന ഒഴിവാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം, സര്‍ക്കാരിന്റെ ഭാഗത്ത് മറ്റൊരു ന്യായീകരണമുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന സീറ്റുകളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചു. അങ്ങനെ വരുമ്പോള്‍ സാമ്പത്തികഭദ്രതയുള്ളവര്‍ക്ക് ഫീസ് അല്പം ഉയര്‍ന്നിട്ടുണ്ട്. പണമുള്ളവനില്‍ നിന്നു വാങ്ങി അതില്ലാത്തവര്‍ക്കു നല്‍കുന്ന ഒരു തരം ക്രോസ് സബ്‌സിഡി തന്നെ. സ്വാശ്രയ കോളേജ് ആവുമ്പോള്‍ ഇതു മാത്രമാണ് മാര്‍ഗ്ഗം. ഇത് പാടില്ല എന്നു പറയുന്നവര്‍ സ്വാശ്രയ കോളേജുകള്‍ വേണ്ട എന്ന നിലപാട് സ്വീകരിക്കാന്‍ തയ്യാറാവണം. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ക്ക് തുടക്കമിട്ട യു.ഡി.എഫിന് അതു പറയാനുള്ള യോഗ്യതയില്ല തന്നെ.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം നീക്കാന്‍ ഇതിന്റെ ഒന്നര ദശകത്തോളം നീണ്ട ചരിത്രം മനസ്സിലാക്കണം. 2001ല്‍ അധികാരത്തിലേറിയ എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് 2002ല്‍ സംസ്ഥാനത്ത് ആദ്യമായി സ്വാശ്രയ കോളേജുകള്‍ നിലവില്‍ വന്നത്. രണ്ട് സ്വാശ്രയ കോളേജുകളിലെ പകുതി മെരിറ്റ് സീറ്റുകള്‍ ചേര്‍ത്താല്‍ ഒരു സര്‍ക്കാര്‍ കോളേജിന് തുല്യം എന്ന പ്രഖ്യാപനവുമായാണ് തുടങ്ങിയതെങ്കിലും അത് പ്രഖ്യാപനം മാത്രമായി ഒതുങ്ങി. 2005 വരെ മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഒരേ ഫീസ് തന്നെയായിരുന്നു -1,13,000 രൂപ. 2006ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ ഈ അവസ്ഥ മാറി. മാനേജ്‌മെന്റ് സീറ്റിലെ ഫീസ് ഉയര്‍ത്തി നിര്‍ത്താന്‍ അനുവദിച്ചുകൊണ്ട് 50 ശതമാനം മെരിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് -12,225 രൂപ -നടപ്പാക്കി. 2007ല്‍ മെരിറ്റ് സീറ്റിലെ ഫീസ് 35,000 രൂപയായി വര്‍ദ്ധിച്ചുവെങ്കിലും മാനേജ്‌മെന്റ് സീറ്റിലേതിനെ അപേക്ഷിച്ച് കുറഞ്ഞു തന്നെ നിന്നു.
2008ല്‍ ഫീസിന്റെ ചട്ടക്കൂട് വീണ്ടും മാറി. മെരിറ്റ് സീറ്റിനെ മൂന്നായി വിഭജിക്കുന്ന ഡിഫറന്‍സീവ് ഫീസ് സ്ട്രക്ചര്‍ നിലവില്‍ വന്നു. ബി.പി.എല്‍. വിഭാഗത്തിന് ഏറ്റവും കുറഞ്ഞ ഫീസ്, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അല്പം കൂടി ഉയര്‍ന്ന ഫീസ്, ജനറല്‍ മെരിറ്റ് സീറ്റില്‍ അതിലും ഉയര്‍ന്ന ഫീസ്. ഇതു നടപ്പാക്കിയിട്ടും മെരിറ്റിലെ ഏറ്റവും ഉയര്‍ന്ന ജനറല്‍ വിഭാഗത്തിലെ ഫീസ് 1,32,000 രൂപ മാത്രമായിരുന്നു. മെരിറ്റിലെ മറ്റു രണ്ടു വിഭാഗങ്ങളിലും ഫീസ് ഇതിലും താഴെയായിരുന്നു എന്നു സാരം.
2011ല്‍ സര്‍ക്കാര്‍ മാറിയെങ്കിലും ഈ ഘടന തുടര്‍ന്നു. എന്നാല്‍, 2012 ആയപ്പോഴേക്കും സ്വാശ്രയ കോളേജുകള്‍ സര്‍ക്കാരുമായുള്ള കരാറില്‍ നിന്ന് പതിയെ പിന്മാറിത്തുടങ്ങി. 2015 ആയപ്പോഴേക്കും മെരിറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലും ഒരേ ഫീസ് ഈടാക്കുന്ന ഏകീകൃത ഫീസ് സ്ട്രക്ചര്‍ തിരിച്ചെത്തി. 2005ലേക്ക് സ്വാശ്രയ വിദ്യാഭ്യാസം തിരിച്ചുപോയപ്പോള്‍ ചില കോളേജുകളില്‍ മുഴുവന്‍ സീറ്റുകളിലും 7,00,000 രൂപ വരെ ഫീസ് ഉയര്‍ന്നു. ഇതില്‍ നിന്നൊരു മാറ്റമാണ് പകുതി സീറ്റുകള്‍ ഏറ്റെടുക്കുക വഴി സര്‍ക്കാര്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസ് കഴിഞ്ഞ വര്‍ഷത്തെക്കാളും അല്പം ഉയര്‍ത്തിയപ്പോള്‍ പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ ഫീസ് ഏര്‍പ്പെടുത്തി. എം.ഇ.എസ്സിലെ ഉദാഹരണം നോക്കിയാല്‍ കാര്യം എളുപ്പം മനസ്സിലാവും. എന്റെ അറിവനുസരിച്ച് കഴിഞ്ഞ വര്‍ഷം 5 ലക്ഷം രൂപയോളമായിരുന്നു മുഴുവന്‍ സീറ്റുകളിലും അവിടെ ഫീസ്. അത് ഇപ്പോള്‍ 20 ശതമാനം സീറ്റുകളില്‍ 25,000 രൂപയായി കുറഞ്ഞു. 30 ശതമാനം സീറ്റുകളില്‍ 2,50,000 രൂപയാണ് ഫീസ്. ബാക്കി മാത്രമേ മാനേജ്‌മെന്റിനുള്ളൂ.
കേരളത്തില്‍ ഇപ്പോള്‍ 23 സ്വാശ്രയ മെഡിക്കല്‍ കോളേജുകളുണ്ട്. ഇതില്‍ 4 എണ്ണം മാത്രമാണ് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരുകളുടെ കാര്‍മ്മികത്വത്തില്‍ തുറന്നത്.
1. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കൊച്ചി.
2. ഡോ.സോമര്‍വെല്‍ സ്മാരക സി.എസ്.ഐ. മെഡിക്കല്‍ കോളേജ്, കാരക്കോണം.
3. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്, കോലഞ്ചേരി.
4. എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ.
5. പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തിരുവല്ല.
6. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശ്ശൂര്‍.
7. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍.
8. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍, വെഞ്ഞാറമ്മൂട്,
9. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍.
10. കരുണ മെഡിക്കല്‍ കോളേജ്, പാലക്കാട്.
11. എസ്.യു.ടി. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം.
12. അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്, കൊല്ലം.
13. കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, മുക്കം.
14. മലബാര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട്.
15. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വടക്കന്‍ പരവൂര്‍.
16. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം.
17. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, അടൂര്‍.
18. ഡി.എം. വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മേപ്പാടി.
19. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്, തൊടുപുഴ.
20. പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാണിയംകുളം.
21. കേരളാ മെഡിക്കല്‍ കോളേജ്, ചെറുപ്പുളശ്ശേരി.
22. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല.
23. എസ്.ആര്‍. മെഡിക്കല്‍ കോളേജ്, വര്‍ക്കല.
സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഏല്ലാ സീറ്റുകളിലും സ്വന്തം നിലയ്ക്ക് ഫീസ് നിശ്ചയിക്കാമെന്ന് കോടതി വിധിയുണ്ട്. അതിനാല്‍ത്തന്നെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ സുഗമമായ പ്രവര്‍ത്തനം സാദ്ധ്യമല്ലെന്ന വസ്തുതയാണ് സര്‍ക്കാരിന്റെ കച്ചിത്തുരുമ്പ്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ 3 തവണ ചര്‍ച്ച നടത്തി. മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനുള്ള പൂര്‍ണ്ണ അവകാശം ലഭിക്കണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. എന്നാല്‍, മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ തന്നെ അലോട്ട്‌മെന്റ് നടത്തുമെന്നു പ്രഖ്യാപിച്ചതോടെ ആദ്യതവണത്തെ ചര്‍ച്ച പൊളിഞ്ഞു. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് വീണ്ടും മാനേജ്‌മെന്റുകളെ ചര്‍ച്ചയ്ക്കു വിളിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 20 ശതമാനം ഒഴികെയുള്ള മുഴുവന്‍ സീറ്റുകളിലും ഫീസ് കൂട്ടണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ളതടക്കം ആകെയുള്ള 50 ശതമാനം മെരിറ്റ് സീറ്റുകളില്‍ ഫീസ് കൂട്ടാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 30 ശതമാനം മെരിറ്റ് സീറ്റുകളിലെ ഫീസ് 1,85,000 രൂപയില്‍ നിന്ന് 12,00,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്കും അവര്‍ നിര്‍ദ്ദേശിച്ച ഫീസ് 12,00,000 രൂപ തന്നെ. 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റിന് 20 ലക്ഷം രൂപയാണ് ഫീസ് ചോദിച്ചത്.
മെരിറ്റിലെ 50 ശതമാനം സീറ്റുകളില്‍ ഒരു കാരണവശാലും ഫീസ് വര്‍ദ്ധന അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാവാം ചര്‍ച്ച എന്ന് മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിച്ചത്. 20 ശതമാനം സീറ്റുകളില്‍ ഫീസ് 25,000 ആയി നിലനിര്‍ത്തിയപ്പോള്‍ ബാക്കി 30 ശതമാനം മെരിറ്റ് സീറ്റുകളിലേക്ക് മാനേജ്‌മെന്റ് ആവശ്യപ്പെട്ട 12,00,000 രൂപ നേരെ 2,50,000 രൂപ ആക്കി വെട്ടിച്ചുരുക്കി. സംസ്ഥാനത്തെ 23 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 19 എണ്ണവും ഇത് അംഗീകരിച്ചു. ഈ കരാറിലൂടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായത് 1,225 മെരിറ്റ് മെഡിക്കല്‍ സീറ്റുകളാണ്. ഇപ്പോള്‍ സമരം ചെയ്യുന്ന യു.ഡി.എഫിന് അവര്‍ അധികാരത്തിലിരുന്ന ഒരു വര്‍ഷവും ഇതിന് സമീപത്തെങ്ങും എത്താനായില്ല എന്നതാണ് സത്യം. 2011ല്‍ 13 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 735 സീറ്റുകള്‍, 2012ല്‍ 15 കോളേജുകളില്‍ നിന്ന് 835 സീറ്റുകള്‍, 2013ല്‍ 16 കോളേജുകളില്‍ നിന്ന് 940 സീറ്റുകള്‍, 2014ല്‍ 15 കോളേജുകളില്‍ നിന്ന് 975 സീറ്റുകള്‍, 2015ല്‍ 14 കോളേജുകളില്‍ നിന്ന് 800 സീറ്റുകള്‍ എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത്. അതായത്, ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാന വര്‍ഷത്തെ അപേക്ഷിച്ച് 425 സീറ്റുകള്‍ കൂടി ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ വര്‍ദ്ധന. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇതൊരു റെക്കോഡാണ്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015ല്‍ സംവരണം ചെയ്യപ്പെട്ടിരുന്നത് 329 സീറ്റുകളായിരുന്നു. മൊത്തം സീറ്റുകളുടെ 20 ശതമാനം. കൂടുതല്‍ കോളേജുകളുമായി ധാരണയുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചപ്പോള്‍ ഇക്കൊല്ലം ആ വകയില്‍ 161 സീറ്റുകള്‍ കൂടി. ഇതോടെ 490 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇക്കുറി 25,000 രൂപ വാര്‍ഷിക ഫീസില്‍ പഠിക്കാന്‍ അവസരമൊരുങ്ങിയിട്ടുള്ളത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 30 ശതമാനം മെരിറ്റ് സീറ്റുകള്‍ കഴിഞ്ഞ വര്‍ഷത്തെ 471 ഇത്തവണ 735 സീറ്റുകളായി. 264 സീറ്റുകളുടെ വര്‍ദ്ധന. ഈ വിഭാഗത്തില്‍ 2,50,000 രൂപ ഫീസ്. പിന്നാക്കക്കാര്‍ക്ക് വര്‍ദ്ധിച്ച 161 സീറ്റും മെരിറ്റില്‍ വര്‍ദ്ധിച്ച 264 സീറ്റും കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരമാണെങ്കില്‍ മാനേജ്‌മെന്റിന്റെ കൈവശമാണ്. യു.ഡി.എഫ്. ആവശ്യപ്രകാരം ഉമ്മന്‍ ചാണ്ടിയുടെ കരാറും ഫീസും നിലനിര്‍ത്തുകയാണെങ്കില്‍ ഈ 425 വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റ് ക്വാട്ടയില്‍ അവര്‍ നിര്‍ണ്ണയിക്കുന്ന ഫീസില്‍ പഠിക്കണം. കുറഞ്ഞത് 8,50,000 രൂപ ഇത്രയും വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കണം എന്നര്‍ത്ഥം. എല്‍.ഡി.എഫിന്റെ കരാര്‍ തന്നെയാണ് നല്ലതെന്നു മനസ്സിലാവാന്‍ ഇതിലും വലിയ തെളിവ് വേറെ വേണോ?
2015ല്‍ 21 സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നതില്‍ അമൃതയടക്കം 7 എണ്ണം സര്‍ക്കാരുമായി കരാറിന് തയ്യാറായില്ല എന്നതില്‍ നിന്നു മനസ്സിലാക്കേണ്ട വസ്തുത 700 മെഡിക്കല്‍ സീറ്റുകളില്‍ മാനേജ്‌മെന്റ് അവര്‍ക്ക് ഇഷ്ടമുള്ള ഫീസിന് പ്രവേശനം നല്‍കുന്ന സ്ഥിതിയുണ്ടായി എന്നാണ്. സംസ്ഥാന പ്രവേശന പരീക്ഷാ റാങ്ക് പട്ടികയെ മറികടന്നായിരുന്നു കരാറുണ്ടാക്കാത്ത മാനേജ്‌മെന്റുകളുടെ പ്രവേശനം. തോന്നിയ പോലെ തലവരി പിരിച്ചു. 80 ലക്ഷം രൂപ വരെ പ്രവേശനത്തിന് ഈടാക്കി. സര്‍ക്കാരുമായി കരാറുണ്ടാക്കിയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. 1,200 കോടിയോളം രൂപ തലവരിയിനത്തില്‍ മാനേജ്‌മെന്റുകള്‍ പിരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ഈ വര്‍ഷം മെരിറ്റ് സീറ്റുകളിലെ തലവരി ഒഴിവായി, നിയമവിരുദ്ധവുമായി. നീറ്റ് റാങ്ക് പട്ടികയില്‍ നിന്നു മാത്രമേ പ്രവേശനം സാദ്ധ്യമാകൂ. തലവരി ഒഴിവായപ്പോള്‍ മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് ഉയര്‍ന്നു. ഫീസ് വര്‍ദ്ധന മാത്രമായി പരിഗണിക്കാനാവില്ല എന്നര്‍ത്ഥം. ഇത്തവണ പതിവുകാരായ അമൃതയ്‌ക്കൊപ്പം കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളേജ്, മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് എന്നിവ മാത്രമാണ് സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്തത് എന്നതു കൂടി പരിഗണിക്കണം. ആദ്യം യൂത്ത് കോണ്‍ഗ്രസ്സും പിന്നെ യു.ഡി.എഫും പറഞ്ഞ വര്‍ദ്ധനയുടെ കണക്കിനെപ്പറ്റി അവര്‍ക്കു തന്നെ വലിയ ധാരണയുണ്ടെന്നു തോന്നുന്നില്ല.
യു.ഡി.എഫ്. സര്‍ക്കാരിന്റെ സ്വാശ്രയ നയത്തിലെ പൊള്ളത്തരം വ്യക്തമാവണമെങ്കില്‍ ഇന്റര്‍ ചര്‍ച്ച കൗണ്‍സിലിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകളെ സംബന്ധിച്ച് സ്വീകരിച്ച നിലപാട് മാത്രം പരിശോധിച്ചാല്‍ മതി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 6 വര്‍ഷത്തെ കരാറാണ് 2012-13ല്‍ ഒപ്പുവെച്ചത്. ഇതുവഴി പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് പ്രത്യേകാനുകൂല്യം ലഭ്യമാക്കി. അന്ന് സര്‍ക്കാര്‍ മെരിറ്റ് സീറ്റില്‍ വെറും 1,38,000 രൂപയായിരുന്ന ഫീസ് കുത്തന്നെ ഇരട്ടിയാക്കി 3,75,000 രൂപയിലെത്തിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകള്‍ക്ക് അനുവദിക്കുന്ന പ്രത്യേക ആനുകൂല്യത്തില്‍ പ്രതിഷേധിച്ച് എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് എന്നിവ കഴിഞ്ഞ തവണ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തി. കുറഞ്ഞ ഫീസ് 5 ലക്ഷം രൂപയായിരുന്നു. മുഴുവന്‍ സീറ്റിലും തലവരിയും വാങ്ങി. ഈ കോളേജുകള്‍ മാത്രം പിരിച്ചെടുത്തത് 75 മുതല്‍ 100 വരെ കോടി രൂപയാണ്. ഒരു സീറ്റിലേക്ക് ഏറ്റവും കുറഞ്ഞ തലവരി 75 ലക്ഷം രൂപയായിരുന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം 2016-17ല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് മുഴുവന്‍ സീറ്റുകളിലും 4,40,000 രൂപ ഫീസ് വാങ്ങാമായിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി പോയതോടെ ആ കരാറും പോയി. ഇപ്പോള്‍ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം അതേ വ്യവസ്ഥകള്‍ പ്രകാരം കരാറിലേര്‍പ്പെടാന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളും തയ്യാറായിട്ടുണ്ട്. ചര്‍ച്ച് കൗണ്‍സിലിന്റെ പ്രത്യേക ആനുകൂല്യത്തില്‍ പ്രതിഷേധിച്ചു മാറി നിന്നവയില്‍ എം.ഇ.എസ്സും ട്രാവന്‍കൂറും അസീസിയയും സര്‍ക്കാരിനൊപ്പം വന്നു. ഈ 3 കോളേജുകളിലും 20 ശതമാനം സീറ്റുകളിലെ ഫീസ് 25,000 രൂപയും 30 ശതമാനം സീറ്റുകളില്‍ 2,50,000 രൂപയുമായി കുറഞ്ഞു. അതോടൊപ്പം തന്നെ മെരിറ്റ് സീറ്റുകളിലെ തലവരിയും ഒഴിവായിട്ടുണ്ട്, കരാര്‍ പ്രകാരം. അതു പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി കൂടി സ്വീകരിക്കുകയാണെങ്കില്‍ നേട്ടമാണ്. ഇനി കരാറൊപ്പിടാത്ത 4 കോളേജുകളുടെ കാര്യം. കഴിഞ്ഞ തവണത്തേതു പോലെ തോന്നിയ രീതിയില്‍ പ്രവേശനം നടത്താന്‍ അവര്‍ക്കു കഴിയില്ല. ഈ കോളേജുകളില്‍ ഇപ്പോള്‍ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് പരിഗണിച്ചു മാത്രമേ പ്രവേശനം നടത്താനാവൂ. ഇത്രയൊക്കെ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും സര്‍ക്കാരിന് കല്ലുകടിയായി നില്‍ക്കുന്ന ഒരു സംഗതിയുണ്ട് -പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസ് വര്‍ദ്ധന. ഇതിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണങ്ങള്‍ ദഹിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്ന് പിണറായി വിജയന്‍ സര്‍ക്കാരിലേക്ക് എത്തുമ്പോള്‍ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഫീസ് ഘടനയില്‍ ഉണ്ടായിട്ടുള്ള മാറ്റത്തെ ഇങ്ങനെ ചുരുക്കിപ്പറയാം.
* 161 സീറ്റുകളില്‍ ഫീസ് 5,00,000 രൂപയില്‍ നിന്ന് 25,000 രൂപയായി കുറഞ്ഞു.
* 264 സീറ്റുകളില്‍ ഫീസ് 5,00,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി കുറഞ്ഞു.
* 425 സീറ്റുകളില്‍ തലവരി പൂര്‍ണ്ണമായി ഒഴിവായി മെരിറ്റ് വന്നു.
* 471 സീറ്റുകളില്‍ ഫീസ് 1,85,000 രൂപയില്‍ നിന്ന് 2,50,000 രൂപ ആയി വര്‍ദ്ധിച്ചു.
* 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസ് 8,00,000 രൂപയില്‍ നിന്ന് 11,00,000 രൂപയായി വര്‍ദ്ധിച്ചു.
എന്തിനാണ് യു.ഡി.എഫ്. സമരം ചെയ്യുന്നത്? 65,000 രൂപ വീതം 471 സീറ്റുകളിലും 3,00,000 രൂപ വീതം പണക്കാര്‍ പഠിക്കുന്ന മാനേജ്‌മെന്റ് സീറ്റുകളിലും വര്‍ദ്ധിച്ചത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്. ആ നാമമാത്രമായ കുറവിനു വേണ്ടി ഈ വര്‍ഷത്തെ കരാറിലൂടെ കൈവരിച്ച മറ്റു നേട്ടങ്ങളെല്ലാം വേണ്ടെന്നു വെയ്ക്കണം എന്നാണോ? ബലേ ഭേഷ്!!!