പൊതുമരാമത്ത് -വിനോദസഞ്ചാര മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രധാനപ്പെട്ട രണ്ട് അഴിമതി ആരോപണങ്ങൾ പി.വി.അൻവർ എം.എൽ.എ. ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് ഈ ആരോപണങ്ങളിലൂടെ അൻവർ ലക്ഷ്യമിടുന്നത്. ‘മരുമകൻ’ വ്യാഖ്യാനത്തിന് ബലം പകരാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഒത്താശയോടെ റിയാസ് അഴിമതിയുടെ ആഴങ്ങളിൽ മുങ്ങിക്കുളിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അൻവറിന്റെ ആരോപണങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ‘കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ’ എന്നാണ് പ്രമാണം. ഇത്രയും കാലം സി.പി.എമ്മിനൊപ്പമുണ്ടായിരുന്ന അൻവറിന് അവരുടെ കള്ളക്കളികൾ കണ്ടും കേട്ടും പരിചയമുണ്ടാകുമെന്ന് ജനം കരുതും. അതിനാൽത്തന്നെ അവർ അൻവറിന്റെ വാക്കുകൾക്ക് വിലകല്പിക്കും. ഈ സാഹചര്യത്തിൽ അൻവർ പറഞ്ഞ ആരോപണങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. അത് ശരിയാണെങ്കിൽ റിയാസിനെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ആരോപണം തെറ്റാണെങ്കിൽ അൻവറിനെ എന്തു ചെയ്യാനാവും എന്നത് വലിയ ചോദ്യമാണ്. അതു തന്നെയാണ് അൻവറിന്റെ ധൈര്യവും.
അൻവർ ഉന്നയിച്ച രണ്ട് ആരോപണങ്ങളും ചെറുതല്ല. ഒന്ന് പൊതുമരാമത്ത് വകുപ്പിന്റെ പേരിലാണെങ്കിൽ രണ്ടാമത്തേത് വിനോദസഞ്ചാര വകുപ്പിന്റെ അക്കൗണ്ടിലാണ്.
- ദേശീയ പാത വികസനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് അഴിമതി കാണിക്കുന്നു.
- ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് നിർലോഭം സ്റ്റാർ പദവി ലഭിക്കുന്നത് മുഹമ്മദ് റിയാസ് മന്ത്രിയായതിന് ശേഷം.
ഓരോ ആരോപണങ്ങളായി പരിശോധിക്കാം. ദേശീയ പാത വികസന പ്രവൃത്തികളിൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഫണ്ട് കണ്ടെത്തുക, സ്ഥലമെടുപ്പ് കൃത്യസമയത്ത് പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനുള്ളത്. പറഞ്ഞ സമയത്ത് കരാറുകാരൻ പണി തീർത്തില്ലെങ്കിൽ അത് കേന്ദ്ര സർക്കാരിനെ അറിയിക്കുകയുമാവാം. പണി പറഞ്ഞ സമയത്ത് തീർക്കാതിരുന്ന കരാറുകാരനെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വലിയ ബഹളമുണ്ടാക്കിയതും പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതുമെല്ലാം ഇവിടെ ഓർമ്മിക്കണം.
ദേശീയ പാത വികസനം, ദേശീയ പാത വികസനത്തിന്റെ പ്രവൃത്തികൾ എന്നിവ പൂർണ്ണമായും നടത്തുന്നത് കേന്ദ്ര സർക്കാരിനു കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. പ്രവൃത്തി ദർഘാസ് ചെയ്ത് കരാറുകാരെ നിശ്ചയിക്കുന്നതും പ്രവൃത്തി ഏല്പിക്കുന്നതും പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നതും അതോറിറ്റി തന്നെ. ഇത്തരത്തിൽ മേൽനോട്ടത്തിന് എൻജിനീയർമാരെ നിശ്ചയിക്കുന്നതും ആ എൻജിനീയർമാർ കൃത്യമായി തങ്ങളുടെ പണിയെടുക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതും അതോറിറ്റിയുടെ അധികാരപരിധിയിൽപ്പെട്ട കാര്യങ്ങളാണ്.
ദേശീയ പാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിന് ചെലവായ തുകയുടെ 25 ശതമാനം നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. അതോടൊപ്പം നിർമ്മാണത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ഉറപ്പുവരുത്തുക എന്നതും സർക്കാരിന്റെ ചുമതലയാണ്. ഇത് ഫീൽഡിൽ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. പ്രവൃത്തിയുടെ ഗുണനിലവാരം പരിശോധിക്കാനോ അതിന് എഞ്ചിനീയർമാരെ നിയോഗിക്കാനോ സംസ്ഥാനത്തിന് ഒരു അധികാരവുമില്ല. അപ്പോൾപ്പിന്നെ അൻവർ പറഞ്ഞതു പോലെ അഴിമതി നടത്താൻ മന്ത്രിക്ക് എവിടെയാണ് സാദ്ധ്യത?
ഇതുപോലെ തന്നെയാണ് വിനോദസഞ്ചാര വകുപ്പിന്റെ പേരിൽ അഴിമതി ചാർത്തപ്പെട്ട സ്റ്റാർ ഹോട്ടലുകളുടെ പദവിയുടെ കാര്യവും. ഹോട്ടലുകൾക്ക് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പദവി നല്കുന്നത് കേന്ദ്ര സർക്കാരാണ്. ദേശീയ തലത്തിലാണ് ഇതു സംബന്ധിച്ച വിലയിരുത്തൽ നടക്കുന്നത്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എല്ലാ നടപടിക്രമങ്ങളും നടത്തുന്നത്. സംസ്ഥാനത്തിനോ മന്ത്രിക്കോ ഈ വിഷയത്തിൽ യാതൊരു റോളുമില്ല. റിയാസിനെതിരായ ആ ആരോപണവും നിലനില്ക്കുന്നതല്ല എന്നു സാരം.
അൻവർ ഉന്നയിച്ച ആരോപണങ്ങൾ കോടിക്കണക്കിനാളുകളിൽ എത്തിക്കഴിഞ്ഞു. അതു തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യവും. പറയുന്നത് സത്യമാണോ കള്ളമാണോ എന്നത് പ്രശ്‌നമല്ലാത്ത സത്യാനന്തര കാലത്തിലെ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് അൻവർ ഇവിടെ. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ എത്ര പേർ തയ്യാറാകും? അൻവറിന്റെ ആരോപണം വിശ്വസിച്ച കോടിക്കണക്കിനാളുകളിലെ ചില പതിനായിരങ്ങൾക്ക് പിന്നീട് സത്യം ബോദ്ധ്യപ്പെടുമായിരിക്കാം. പക്ഷേ, ബാക്കി മഹാഭൂരിപക്ഷം പേരുടെ മുന്നിലും റിയാസ് കള്ളനാണ്, അഴിമതിക്കാരനാണ്.
ജോനാഥൻ സ്വിഫ്റ്റിനെ ഉദ്ധരിച്ച് മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞത് ഇവിടെയും ബാധകമാണ് -‘അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക’.