ശബരിമല അയ്യപ്പനെ ‘രക്ഷിക്കാന്‍’ ഇറങ്ങിത്തിരിച്ച ശേഷം ഒരു ബലിദാനിയെ കിട്ടാന്‍ ബി.ജെ.പി. കൈമെയ് മറന്ന് ശ്രമിക്കുന്നുണ്ട്. ബലിദാനിയില്ലാതെ എങ്ങനെയാണ് സമരം കൊഴുപ്പിക്കുക! മുമ്പ് 2 തവണ നടത്തിയ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടുവെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ അവര്‍ വിജയിച്ചു എന്നു തന്നെയാണ് കരുതിയത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ ബി.ജെ.പി. സമരപ്പന്തലിനു സമീപം സ്വയം തീകൊളുത്തി മരിച്ചത് ആത്മത്യാഗം തന്നെയാണെന്ന് ബി.ജെ.പി. കാര്യമായി പ്രചരിപ്പിച്ചു. ഹര്‍ത്താലും നടത്തി. എന്നാല്‍ ആ ശ്രമവും ദയനീയമായി പാളി. ബി.ജെ.പിക്ക് സംഭവിച്ചിരിക്കുന്ന വിശ്വാസ്യതാ നഷ്ടത്തിന്റെ ആഴം വ്യക്തമാവണമെങ്കില്‍ ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ വിശദമായി പരിശോധിക്കണം.
സ്വയം തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആസ്പത്രിയില്‍ അന്ത്യശ്വാസം വലിച്ച് അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ മരണമൊഴി സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ചെയ്തിക്ക് അയ്യപ്പ സമരവുമായി ബന്ധമൊന്നുമില്ലെന്നും അതൊരു ആത്മഹത്യ മാത്രമാണെന്നുമായിരുന്നു മരണമൊഴി. എന്നാല്‍, ഇത്തരമൊരു മരണമൊഴി എടുത്തിട്ടില്ലെന്നും ‘സി.പി.എം. ഫ്രാക്ഷന്‍’ അംഗങ്ങളായ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ആസൂത്രിത പ്രചാരണം മാത്രമാണിതെന്നും ബി.ജെ.പിക്കാര്‍ വാദിച്ചു.
ഡിസംബര്‍ 13 വ്യാഴാഴ്ച വെളുപ്പിന് 1.30 മണിയോടെയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ആര്‍.കെ.പ്രതാപചന്ദ്രനും സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊളളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയം ചെയ്തു. പ്ലംബിങ് – ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന വേണുഗോപാലന്‍ നായര്‍ക്ക്് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ല എന്നതാണ് സത്യം.
വേണുഗോപാലന്‍ നായരുടെ മരണമൊഴി രേഖപ്പെടുത്തിയത് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് -2 ആണ്. ഈ മരണമൊഴി ഇല്ലെന്നാണ് ബി.ജെ.പി. പറയുന്നത്. ഇല്ലാത്ത മരണമൊഴി രേഖപ്പെടുത്തി എന്നു പറയുന്നത് എത്രമാത്രം ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാവും എന്നാര്‍ക്കാണ് അറിയാത്തത്? അതിനാല്‍ത്തന്നെ രേഖപ്പെടുത്താത്ത മരണമൊഴി രേഖപ്പെടുത്തിയെന്നു പറഞ്ഞ് പൊലീസിന് പത്രക്കുറിപ്പ് ഇറക്കാനുമാവില്ല. വേണുഗോപാലന്‍ നായരുടെ മരണമൊഴി ഉണ്ട്. അതിന്റെ വിശദവിവരങ്ങളും വള്ളിപുള്ളി തെറ്റാതെ തന്നെ ഇതാ ഇവിടുണ്ട്.
തനിക്ക് സമൂഹത്തോട് വെറുപ്പാണ്, ആത്മഹത്യ ചെയ്യാന്‍ ആരും പ്രേരിപ്പിച്ചിട്ടില്ല എന്നൊക്കെയാണ് മജിസ്‌ട്രേറ്റിനോട് വേണുഗോപാല്‍ മരണമൊഴിയായി പറഞ്ഞത്. സംഭവത്തെക്കുറിച്ചു ചോദിക്കും മുമ്പ് വേണുഗോപാലന്‍ നായരെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും നിയമപ്രകാരം നിലനില്‍ക്കുന്ന മൊഴി കൊടുക്കാന്‍ ബോധമുണ്ട് എന്ന് ബോദ്ധ്യപ്പെടുകയും ചെയ്തുവെന്ന് മജിസ്‌ട്രേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Proceeded to record the dying declaration of the victim as follows.
എന്തായിരുന്നു സംഭവം?
എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തു കൂട്ടുന്നതു കാരണമാണ്. ഞാന്‍ സ്വയം petrol ഒഴിച്ചു കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല.
The following questions asked to the victim
ആരെങ്കിലും പ്രേരിപ്പിച്ചിട്ടാണോ ഇങ്ങനെ ചെയ്തത്?
ഇല്ല. Victim repeats the answer three times.
ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടോ?
ഒരു പരാതിയും ഇല്ല.
എവിടെവെച്ചാണ് കത്തിച്ച സംഭവം?
സെക്രട്ടേറിയറ്റിന്റെ മുന്നില്‍.
സംഭവവുമായി ആരെയെങ്കിലും സംശയമുണ്ടോ?
ഇല്ല.
Read over to victim and admitted by him to be correct.
വേണുഗോപാലന്‍ നായരോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ബി.ജെ.പിക്കാരല്ല. അവര്‍ ബി.ജെ.പി. പരിപാടികളില്‍ പങ്കെടുക്കാറുമില്ല. സമരപ്പന്തലിലുണ്ടായ ബി.ജെ.പിക്കാരുടെ ആദ്യ നിലപാട് ആത്മഹത്യയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും വേണുഗോപാലന്‍ നായര്‍ സി.പി.എമ്മുകാരനാണ് എന്നുമായിരുന്നു. പക്ഷേ, പിന്നീടാണ് ബലിദാനിയെ കിട്ടുന്നതിന്റെ സാദ്ധ്യത മനസ്സിലാക്കി അവര്‍ ഹര്‍ത്താലുമായി അവതരിച്ചത്.
ബി.ജെ.പി. സമരപ്പന്തല്‍ നില്‍ക്കുന്ന എം.ജി. റോഡിന്റെ എതിര്‍വശത്തു വെച്ചാണ് വേണുഗോപാലന്‍ നായര്‍ സ്വന്തം ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചതും തീ കൊളുത്തിയതും. രാത്രിയിലെ ഒഴിഞ്ഞ റോഡിലൂടെ മരണവെപ്രാളത്തില്‍ ഓടി ഇപ്പുറത്ത് പന്തലിനു മുന്നില്‍ എത്തുകയായിരുന്നു. ഈ സമയത്താണ് അവിടെയുണ്ടായിരുന്ന എസ്.ഐ. പ്രതാപചന്ദ്രനും മറ്റു പൊലീസുകാരും ചേര്‍ന്ന് തടഞ്ഞത്. ഈ സമയത്ത് നിരാഹാരം കിടക്കുന്ന സി.കെ.പത്മനാഭന്‍ അടക്കം പന്തലിലുള്ള ബി.ജെ.പിക്കാര്‍ നല്ല ഉറക്കത്തിലായിരുന്നു.
ഇങ്ങനെ ഉറങ്ങിയിരുന്നവരാണ് വേണുഗോപാലന്‍ നായര്‍ നാമജപം നടത്തി എന്ന് പിന്നീട് അവകാശപ്പെട്ടത്. സമരപ്പന്തലിനു മുന്നില്‍ ഉണ്ടായിരുന്ന, പന്തലിലേക്കു കയറുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞ പൊലീസുകാര്‍ ആരും തന്നെ ഉറങ്ങുന്ന ബി.ജെ.പിക്കാര്‍ കേട്ട ആ നാമജപം കേട്ടില്ല!!! പന്തലിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ കെടുത്തിയ ശേഷം ആംബുലന്‍സ് വിളിച്ച് വേണുഗോപാലന്‍ നായരെ ആസ്പത്രിയിലെത്തിച്ചത് പൊലീസ് തന്നെയാണ്. ബി.ജെ.പിക്കാര്‍ ആരെങ്കിലും ആംബുലന്‍സില്‍ കയറുകയോ ആസ്പത്രിയിലേക്ക് പോകുകയോ ചെയ്തില്ല. നാമജപം നടത്തിയായിരുന്നു ആത്മഹത്യയെങ്കില്‍ ബി.ജെ.പിക്കാര്‍ ഈ അവഗണന കാട്ടിയത് എന്തിനെന്ന വലിയ ചോദ്യം അവശേഷിക്കുന്നു.
കുടുംബപ്രശ്‌നങ്ങള്‍ മാത്രമാണ് വേണുഗോപാലന്‍ നായരുടെ ആത്മഹത്യയ്ക്കു കാരണം. രണ്ടു തവണ വിവാഹം കഴിച്ച ഇദ്ദേഹം രണ്ടു തവണയും വിവാഹമോചനം നേടി. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും മദ്യപിച്ചാല്‍ അക്രമസ്വഭാവം കാണിക്കാറുണ്ടെന്നുമുള്ള വിവരങ്ങളും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ ശാസ്ത്രീയാന്വേഷണ സംഘം, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം സംഭവസ്ഥലത്തെത്തി തെളിവെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 309 പ്രകാരം 1561/2018 നമ്പറില്‍ കേസെടുത്തിട്ടുമുണ്ട്.
പന്തളത്തു നിന്ന് ശബരിമലയിലേക്കു പോയി ളാഹയ്ക്കും പ്ലാപ്പള്ളിക്കുമിടയ്ക്ക് കൊക്കയില്‍ വീണു മരിച്ച ശിവദാസനെ ബലിദാനിയാക്കാന്‍ നോക്കിയ ശ്രമത്തിന്റെ നാണക്കേടില്‍ നിന്നു മുക്തമാവും മുമ്പാണ് ബി.ജെ.പിക്ക് അടുത്ത പ്രഹരം ലഭിച്ചിരിച്ചിരിക്കുന്നത്. പമ്പയിലും നിലയയ്ക്കലിലും ഒക്ടോബര്‍ 16, 17 തീയതികളിലുണ്ടായ പൊലീസ് നടപടിയുടെ ഭാഗമായാണ് ശിവദാസന്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍, ശിവദാസന്‍ കെട്ടും കെട്ടി ശബരിമലയിലേക്ക് വീട്ടില്‍ നിന്നു പോയത് ഒക്ടോബര്‍ 18ന് രാവിലെ 8.30നാണ്. അദ്ദേഹം സന്നിധാനത്ത് തൊഴുതു നില്‍ക്കുകയാണെന്നു പറഞ്ഞ് ഒക്ടോബര്‍ 19 രാവിലെ 8ന് വീട്ടിലേക്കു വിളിക്കുകയും ചെയ്തു. അതിനു ശേഷമാണ് ശിവദാസനെ കാണാതാവുന്നതും അദ്ദേഹം അപകടത്തില്‍പ്പെട്ട് മരിക്കുന്നതും. ഇതിന്റെ പേരിലും ബി.ജെ.പി. ‘ബലിദാനി ഹര്‍ത്താല്‍’ നടത്തി. അതിനു മുമ്പ് കൊയിലാണ്ടി പുളിയഞ്ചേരി താഴെ പന്തല്ലൂര്‍ അമൃതയില്‍ രാമകൃഷ്ണന്‍ കക്കട്ട് തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചതും ബലിദാനമാക്കാന്‍ ബി.ജെ.പി. ശ്രമിച്ചുവെങ്കിലും വിലപ്പോയില്ല. യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ച് ഗുരുസ്വാമി ആത്മാഹുതി ചെയ്തുവെന്നായിരുന്നു അന്നത്തെ വാദം.
ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരെ ബലിദാനിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പ്രായഭേദമന്യേ നാട്ടുകാര്‍ക്കു മുഴുവന്‍ മനസ്സിലായിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ മുമ്പെങ്ങുമില്ലാത്ത പ്രതിഷേധവും ട്രോളുമുണ്ടായത് അതിനാല്‍ത്തന്നെയാണ്. ഹര്‍ത്താല്‍ ദിവസം ബി.ജെ.പി. ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ എറണാകുളം നഗരത്തിലൂടെ സുഖയാത്ര നടത്തിയത് എരിതീയില്‍ എണ്ണയൊഴിച്ചു. ഹര്‍ത്താല്‍ ആഹ്വാനം നടപ്പാക്കാന്‍ ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം പ്രകടനവും കടയടപ്പിക്കലും മറ്റും നടത്തുമ്പോഴായിരുന്നു നേതാവിന്റെ ഈ നടപടി!
ഇപ്പോള്‍ ബലിദാനി എന്ന വാക്ക് ബി.ജെ.പിക്കാര്‍ ഉച്ചരിക്കുമ്പോള്‍ തന്നെ ‘സന്ദേശം’ സിനിമയിലെ രംഗം ട്രോളാക്കി നാട്ടുകാര്‍ വരും. ഇപ്പോള്‍ വേണുഗോപാലന്‍ നായരെ ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പിക്കാര്‍ രാമകൃഷ്ണന്റെയും ശിവദാസന്റെയും പേരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നത് സംശയമാണ്. ഇനി ബി.ജെ.പിക്ക് ശരിക്കുമൊരു ബലിദാനിയെ വീണുകിട്ടിയാലും നാട്ടുകാര്‍ വിശ്വസിക്കില്ലെന്ന അവസ്ഥയാണ്. ‘പുലി വരുന്നേ പുലി വരുന്നേ’ എന്നു വിളിച്ച് നാട്ടുകാരെ പറ്റിച്ച ആട്ടിടയബാലന്റെ അവസ്ഥയിലാണ് ഇപ്പോള്‍ ബി.ജെ.പി. പുലിയുടെ കാര്യം പറഞ്ഞ് പറ്റിച്ചിട്ട് ഒടുവില്‍ യഥാര്‍ത്ഥത്തില്‍ പുലി വന്നപ്പോള്‍ ആട്ടിടയനെ തിരിഞ്ഞുനോക്കാന്‍ നാട്ടുകാര്‍ ആരുമുണ്ടായില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശരിയായ ദിശയില്‍ അല്ലെന്നു വരികയും ആ തെറ്റായ പോക്ക് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുകയും ചെയ്യുകയാണെങ്കില്‍ ആ പാര്‍ട്ടി കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.