HomeFRIENDSHIPവിമലും റിനിയു...

വിമലും റിനിയും പിന്നെ ഞാനും

-

Reading Time: 5 minutes

വിളിക്കുന്ന വിവാഹങ്ങളില്‍ പരമാവധി പങ്കെടുക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. മരണവീടുകള്‍ സന്ദര്‍ശിക്കാന്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്താറില്ല എന്നും പറയാം. സന്തോഷം പങ്കിടുന്നയത്ര എളുപ്പമല്ല എനിക്ക് സങ്കടം പങ്കിടാന്‍ എന്നതു തന്നെ കാരണം. സങ്കടം അഭിനയിക്കാന്‍ അറിയില്ല. സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കാന്‍ ഒട്ടുമറിയില്ല. അതെല്ലാം ഒരു തരം ഹിപ്പോക്രസിയാണ് എന്നാണ് പക്ഷം. എന്റെ സന്തോഷങ്ങള്‍ എല്ലാവരുമായും പങ്കിടാനും സന്താപങ്ങള്‍ എന്നില്‍ തന്നെ ഒതുക്കി നിര്‍ത്താനുമാണ് ഇഷ്ടപ്പെടുന്നത്.

15894786.jpg

വിവാഹം സന്തോഷത്തിന്റെ വേളകളാണ്. വിവാഹം രണ്ടു തരമുണ്ട്. ക്ഷണിക്കുന്നയാളോടുള്ള ബഹുമാനത്തിന്റെ പേരില്‍ ഞാന്‍ ചെല്ലുന്നത് ആദ്യ തരം. വിവാഹിതരാവുന്നവരോട് അടുപ്പമുള്ളതു കാരണം അങ്ങേയറ്റം ആഗ്രഹത്തോടെ പങ്കെടുക്കുന്നത് രണ്ടാം തരം. ഇത്തരത്തില്‍ പങ്കെടുക്കാന്‍ അങ്ങേയറ്റം ആഗ്രഹമുണ്ടായിരുന്ന ഒരു വിവാഹം കഴിഞ്ഞ ജൂണ്‍ 5ന് തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. പക്ഷേ, എനിക്ക് എത്താന്‍ സാധിച്ചില്ല. സത്യം പറഞ്ഞാല്‍ വലിയ സങ്കടമായി. കാരണം, ആ വിവാഹം ഒരു പ്രണയസാഫല്യമായിരുന്നു. അതിനാല്‍ത്തന്നെ അവരെ ആശിര്‍വദിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.

15894787.jpg

തൃശ്ശൂരുകാരന്‍ ചെക്കന്‍ കോഴിക്കോട്ടുകാരി പെണ്ണിനെ കൊച്ചിയില്‍ കണ്ടുമുട്ടി പ്രണയിച്ചതിന്റെ പരിസമാപ്തിയായിരുന്നു ആ വിവാഹം. ജാതിക്കും മതത്തിനും അതീതമായ വിവാഹം എന്നു കൂടി പറയാം. ചെക്കനുമായിട്ടാണ് എനിക്കു ബന്ധം -പഴയ സഹപ്രവര്‍ത്തകന്‍. ഇന്ത്യാവിഷന്‍ പത്തനംതിട്ട റിപ്പോര്‍ട്ടറായിരുന്ന വിമല്‍ മാരാര്‍. ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപകനായി മള്‍ട്ടിമീഡിയ പഠിപ്പിക്കുന്നു. പെണ്‍കുട്ടി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിനി റിനി ഫെര്‍ണാണ്ടസ്. വിമലിന്റെ സഹപാഠിയായിരുന്ന ഒരു കുട്ടിയുടെ സുഹൃത്താണ് റിനി. സഹപാഠിയുടെ വിവാഹനിശ്ചയ വേളയിലാണ് വിമല്‍ റിനിയെ ആദ്യമായി കാണുന്നത്. വിവാഹനിശ്ചയ വേളയിലെ കണ്ടുമുട്ടല്‍ മറ്റൊരു വിവാഹത്തില്‍ കലാശിച്ചു. വിമല്‍ -റിനി വിവാഹത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഫേസ്ബുക്കില്‍ ആശംസകള്‍ നേര്‍ന്ന് തൃപ്തിപ്പെട്ടു. പക്ഷേ, ആ സങ്കടം ഇപ്പോള്‍ മാറി. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവിടാന്‍ അവസരമുണ്ടായി.

കഴിഞ്ഞ ദിവസം രാവിലെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടമാണ് എല്ലാത്തിനും തുടക്കമിട്ടത്. യുവമിഥുനങ്ങള്‍ ഇന്ത്യാവിഷനിലെ പഴയ സഹപ്രവര്‍ത്തകയും ഇപ്പോള്‍ മനോരമ ന്യൂസിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറുമായ ജസ്റ്റീന തോമസിനൊപ്പം തമ്പാനൂരില്‍ നിന്ന് പടം പിടിച്ചിരിക്കുന്നു! അപ്പോള്‍ത്തന്നെ ഫോണെടുത്ത് വിമലിനെ വിളിച്ചു.
? ‘എന്റെ രാജ്യത്തു വന്നിട്ട് എന്നെ മുഖം കാണിക്കാതെ പോകാന്‍ നിനക്ക് അത്രയ്ക്ക് ധൈര്യമായോ?’
= ‘അതേയ് ചേട്ടാ.. പെട്ടെന്ന് തീരുമാനിച്ചിങ്ങ് വന്നതാണ്. ഭാര്യയ്ക്ക് തിരുവനന്തപുരത്ത് ഒരു പരീക്ഷയുണ്ട്, കേന്ദ്രീയ വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപികയാവാന്‍. വൈകുന്നേരം തിരിച്ചുപോകും.’
? ‘എവിടെയാ പരീക്ഷ?’
= ‘തിരുമല വിശ്വപ്രകാശ് സ്‌കൂള്‍. ഭാര്യ പരീക്ഷയ്ക്കു കയറി.’

ഞാന്‍ താമസിക്കുന്നത് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്താണ്. അവിടെ നിന്ന് 3 കിലോമീറ്റര്‍ മാത്രം അകലെയാണ് തിരുമല.
‘നീയവിടെ നില്ല്. ഞാനിതാ വരുന്നു.’ ഇത്രയും പറഞ്ഞിട്ട് കുളിക്കാനോടി.
പോകുന്ന വഴിക്ക് അമ്മയോട് ചോദിച്ചു -‘ഉച്ചയ്ക്ക് 2 പിള്ളേര്‍ക്ക് ഊണു കൊടുക്കാന്‍ പറ്റുമോ?’
‘നമ്മള്‍ കഴിക്കുന്നതൊക്കെ മതിയെങ്കില്‍ കൊടുക്കാം’ അമ്മയുടെ മറുപടി. സ്‌പെഷല്‍ ഒന്നുമില്ല എന്ന് മുന്നറിയിപ്പ്.
10 മിനിറ്റിനകം ഒരു കാക്കക്കുളി പാസാക്കി വെളിയില്‍ ചാടി. തിരുമല ജംഗ്ഷനില്‍ എത്തുമ്പോള്‍ കഥാനായകന്‍ അവിടെ പോസ്റ്റുണ്ട്. കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് കൈയും കലാശവും കാണിച്ചിട്ടും ഇഷ്ടന്‍ കാണുന്നില്ല. മൊബൈല്‍ ഫോണും ചെവിയിലൊട്ടിച്ചു നില്‍പ്പാണ്. ഒടുവില്‍ കാര്‍ പിന്നോട്ടെടുത്ത് നല്ല 2 വാക്ക് പറഞ്ഞപ്പോള്‍ അകത്ത് ചാടിക്കയറി.

എനിക്ക് പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയുടെ അംശദായം അടയ്ക്കാന്‍ പോകണമായിരുന്നു. വിമലും ഒപ്പം കൂടി. അവിടെച്ചെല്ലുമ്പോള്‍ എന്റെ കൈയില്‍ പണം തികയില്ല. കണക്കുകൂട്ടിയത് തെറ്റിപ്പോയതാണ് കാരണം. ഉടനെ, കോളേജ് അദ്ധ്യാപകന്‍ പേഴ്‌സ് തുറന്ന് കാശെടുത്ത് വീശി. വിമലിനെ കൊണ്ടുപോയത് നിയോഗം. ഇല്ലെങ്കില്‍ മിനക്കെട്ടത് വെറുതെ ആയേനെ. ഇറങ്ങിയപാടെ എ.ടി.എമ്മില്‍ നിന്ന് പണമെടുത്ത് തിരിച്ചുനല്‍കി കടംവീട്ടി. ബാങ്ക് ചതിച്ചില്ല. തിരികെ തിരുമലയെത്തിയപ്പോള്‍ 1 മണി. റിനി പരീക്ഷ കഴിഞ്ഞിറങ്ങാന്‍ സമയമായി. വിമല്‍ പോയി അവളെയും കൂട്ടി വന്നു. റിനിയെ ആദ്യമായാണ് കാണുന്നത്. നല്ലൊരു കാറ്റടിച്ചാല്‍ പറന്നു പോകാനേയുള്ളൂ. അവളുമായി വര്‍ഷങ്ങളുടെ പരിചയം തോന്നി. കാര്‍ എങ്ങോട്ടേക്ക് എന്നൊന്നും പറഞ്ഞില്ല. എന്റെ വീട്ടിലേക്കാണ് എന്ന് അവര്‍ക്കു മനസ്സിലായിട്ടുണ്ടാവണം. അവര്‍ ഒരക്ഷരം ചോദിച്ചില്ല. അതിനാല്‍ത്തന്നെ ഞാന്‍ പറഞ്ഞുമില്ല.

വീട്ടില്‍ ചെന്നു കയറുമ്പോള്‍ കണ്ണന്‍ കളിയുമായി പുറത്തുണ്ട്. അവന്‍ ഫേസ്ബുക്കില്‍ താരമായതിനാല്‍ പരിചയപ്പെടുത്തേണ്ടി വന്നില്ല. അനിയത്തി രാധികയുടെ മക്കളായ അമ്മുവും വാവയും കണ്ണനു പിന്നാലെ വന്നു. അകത്തുകയറിയപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ പ്രതീതി. കുട്ടിപ്പട്ടാളം ഒരു വീടിനെ 4 വീടാക്കിയിട്ടുണ്ട്. എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു. സെറ്റിയില്‍ സ്വയം അല്പം സ്ഥലം കണ്ടെത്തി വിമലും റിനിയും ഇരിപ്പുറപ്പിച്ചു. കുറച്ചു കഴിഞ്ഞ് ഞങ്ങള്‍ എന്റെ മുറിയിലേക്കു ചേക്കേറിയപ്പോള്‍ ഊണിനുള്ള ക്ഷണവുമായി ഭാര്യ ദേവികയെത്തി. ഞങ്ങള്‍ മൂവരും ഉണ്ണാനിരുന്നു. അമ്മയും ഭാര്യയും ഊണു വിളമ്പുമ്പോള്‍ ഞാന്‍ നെഞ്ചിടിപ്പോടെ നോക്കിയിരുന്നു. അത്യാവശ്യം കറികളുണ്ട്. സ്‌പെഷല്‍ ഇല്ല എന്നു പറഞ്ഞിരുന്നുവെങ്കിലും മീന്‍ കറിവെച്ചതും പൊരിച്ചതുമുണ്ട്. ദൈവമേ, മാനം കാത്തു!!

ഊണ് വേളയില്‍ ഇന്ത്യാവിഷന്‍ ചര്‍ച്ചാവിഷയമായി. പത്തനംതിട്ടയിലിരിക്കുന്ന വിമലിന് തിരുവനന്തപുരത്തിരുന്ന് ഞാന്‍ സൃഷ്ടിച്ചിട്ടുള്ള തലവേദനകള്‍ അവന്‍ അമ്മയെയും ഭാര്യയെയും വിവരിച്ചു കേള്‍പ്പിച്ചു. ശബരിമല സംബന്ധിച്ചോ കെ.എസ്.ആര്‍.ടി.സി. സംബന്ധിച്ചോ ഒരു വാര്‍ത്ത പൊട്ടിച്ച ശേഷം അതിന്റെ ഫോളോ അപ്പ് ചുമതല വിമലിനെ ഏല്പിക്കുകയായിരുന്നു എന്റെ പതിവ്. അത്തരമൊരു വാര്‍ത്തയെക്കുറിച്ച് അവന്‍ പറഞ്ഞു -മേല്‍ശാന്തിയുടെ പ്രായപൂര്‍ത്തിയായ മകള്‍ ശബരിമലയില്‍ എത്തിയതിനെപ്പറ്റി. പൊലീസ് ആസ്ഥാനത്തു വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തി ആ വാര്‍ത്ത ഞാനാണ് ചെയ്തതെങ്കിലും മേല്‍ശാന്തിയുടെ കോപവും ശാപവും നേരിടേണ്ടി വന്നത് ശബരിമലയില്‍ നിന്ന് ഫോളോ അപ്പ് ചെയ്ത തനിക്കാണെന്നു വിമല്‍. വാര്‍ത്ത വന്നതിനു ശേഷം സന്നിധാനത്ത് തൊഴാന്‍ ചെല്ലുമ്പോള്‍ മേല്‍ശാന്തി പ്രസാദം കൈയില്‍ കൊടുക്കുന്നതിനു പകരം ദഹിപ്പിക്കുന്ന നോട്ടത്തോടെ എറിയുമായിരുന്നുവത്രേ. അയാള്‍ ശപിച്ചിട്ടുണ്ടാവും എന്ന് വിമലിന് ഉറപ്പ്. ‘ശാപത്തിന് ശക്തിയുണ്ടാവും. സ്ഥാപനത്തെ തന്നെ ബാധിച്ചില്ലേ’ -പരമഭക്തയായ അമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍ തരിച്ചിരുന്നു. വിമലും അതു ശരിവെച്ചപോലെ തോന്നി. അന്തരീക്ഷം വഷളാക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. മേല്‍ശാന്തിയുടെ ശാപത്തിന്റെ ശക്തിയേ!!!!

ഊണു കഴിഞ്ഞ് വിമലിനെയും റിനിയെയും കൂട്ടി ഞാന്‍ പുറത്തിറങ്ങി. പുഴക്കരയിലാണ് വീട്. നേരെ കടവിലേക്കു നടന്നു. ‘അടുത്തിടെ ആന പാപ്പാനെ ആറ്റില്‍ ചവിട്ടിത്താഴ്ത്തിയത് ഇവിടെയാണ്’ -ഞാന്‍ പറഞ്ഞു. ‘എന്നിട്ട് അവിടേക്കാണോ ഞങ്ങളെ കൊണ്ടു പോകുന്നേ?’ -വിമലിന്റെ കൗണ്ടര്‍. കടവിലെത്തിയപ്പോള്‍ ആനകള്‍ ഒന്നല്ല, രണ്ട്. ഞാനൊന്നു പരുങ്ങി. പിള്ളേര്‍ക്ക് കൂസലില്ല. ഇക്കരെ മോഴ, അക്കരെ പിടിയാന. ആനയുടെ പടമെടുക്കാന്‍ ഫോണ്‍ കൈയിലെടുത്തെങ്കിലും കടവില്‍ കുളിക്കുന്ന സ്ത്രീകളും ഫ്രെയിമില്‍ വരുന്നു. തടി കേടാകുന്ന പരിപാടിയാണ്. അതിനാല്‍ ഐഡിയ ഉപേക്ഷിച്ചു. ഇക്കരെ കടവില്‍ ഇറങ്ങി നടന്നാല്‍ അക്കരെ എത്താം എന്നു വിമലിനോടും റിനിയോടുമായി ഞാന്‍ പറഞ്ഞു. താമസിയാതെ അവര്‍ക്കത് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇക്കരെ നിന്ന ആന കുളി കഴിഞ്ഞ് പുഴയിലൂടെ മുട്ടറ്റം വെള്ളത്തില്‍ അക്കരെയ്ക്ക് നടന്നു പോയി. ആന പോയ ശേഷം ഞങ്ങള്‍ക്ക് ഫോട്ടോ സെഷന്‍!! ഫോട്ടോയൊക്കെ വിമലിന് നന്നേ ബോധിച്ചു. ഇടയ്ക്ക് ശ്വാസം പിടിച്ചു നില്‍ക്കും. തുടര്‍ച്ചയായി അവന്‍ പറയുന്നുണ്ടായിരുന്നു -‘വയറ് കൂടിയോ എന്ന് സംശയം’.

ഫോട്ടോ സെഷന്‍ പൊടിപാറുന്നതിനിടെ ഒരു ഫോണ്‍ -ജസ്റ്റീനയാണ്. അവള്‍ക്ക് നല്ല പണി കിട്ടി. സി.പി.എം. പൊതുസമ്മേളനം റിപ്പോര്‍ട്ടിങ്. സി.പി.എം. നോക്കാന്‍ വേറെ ആളുള്ള മനോരമ ന്യൂസില്‍ ജസ്റ്റീനയെ എന്തിനയയ്ക്കുന്നു എന്നു വിമലിന് സംശയം. അല്പം കഴിഞ്ഞ് അടുത്ത കോള്‍ -ഇന്ത്യാവിഷനിലെ പഴയ സഹപ്രവര്‍ത്തകനും കൈരളി വെബ് മേധാവിയുമായ എന്‍.എം.ഉണ്ണികൃഷ്ണന്‍. അര മണിക്കൂര്‍ കഴിയുമ്പോള്‍ തിരിക്കുമെന്നും തമ്പാനൂരില്‍ കാണാമെന്നും വിമല്‍. കുളിര്‍കാറ്റിന്റെ പശ്ചാത്തലത്തില്‍ വിമലിന്റെ അദ്ധ്യാപന ജീവിതം, റിനിയുടെ മുടങ്ങിപ്പോയ എം.ടെക് പഠനം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍, ഇന്ത്യാവിഷന്റെ സാദ്ധ്യതകള്‍ എന്നിവയെല്ലാം അവിടെ കടന്നു വന്നു. കടവില്‍ നിന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിമലിന് സെല്‍ഫി വേണം. എവിടെപ്പോയാലും ഓര്‍മ്മയ്ക്ക് സെല്‍ഫി പതിവാണത്രേ. ഞാനും ഭാര്യ ദേവികയും വിമലും റിനിയും സെല്‍ഫിക്കു പോസ് ചെയ്തു. അപ്പോഴേക്കും കണ്ണന്‍ ഉച്ചയുറക്കം പിടിച്ചിരുന്നതിനാല്‍ അവന്‍ മിസ് ആയി.

അല്പം കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ നിന്ന് യാത്ര തിരിച്ചു. ഉണ്ണി തുടര്‍ച്ചയായി വിളിക്കുന്നുണ്ട്. സി.പി.എം. സമ്മേളനത്തിനു പോകുന്ന വാഹനങ്ങള്‍ കാരണം റോഡില്‍ വന്‍ തിരക്ക്. ഒരുവിധം കടന്നുകൂടി തമ്പാനൂരെത്തിയപ്പോള്‍ ഉണ്ണിയുടെ സ്‌കൂട്ടറില്‍ ഡ്രൈവറായി മറ്റൊരു സുഹൃത്ത് -എഴുത്തുകാരനും ഫ്രീലാന്‍സ് പടംഗ്രാഫറുമായ സയ്യദ് ഷിയാസ് മിര്‍സ. ഉണ്ണിക്കു കണ്ണുവേദനയായതിനാല്‍ ഷിയാസിനെ സാരഥിയാക്കിയതാണ്. പഞ്ചാബി ധാബയില്‍ കയറി കാപ്പിയും ഉള്ളിവടയും ഓര്‍ഡര്‍ നല്‍കിയിട്ട് അല്പം വെടിവെട്ടം. അവിടെയും സെല്‍ഫി മറന്നില്ല. അവസാനം ഇറങ്ങാന്‍ നേരം വിമല്‍ തൊടുത്ത ചോദ്യം എന്നെ അല്പം ആശയക്കുഴപ്പത്തിലാക്കി -‘ചേട്ടാ, ഇന്ത്യാവിഷന്‍ വീണ്ടും വരുമോ?’ ആ ചോദ്യത്തിനുത്തരം എന്റെ കൈവശമുണ്ടായിരുന്നില്ല. ആരുടെ കൈവശമാണുള്ളതെന്നും അറിയില്ല. ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് തടിയൂരി. വിമലും റിനിയും തങ്ങള്‍ക്കു പോകാനുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സിനു നേര്‍ക്കും ഞാന്‍ കാറിനു നേര്‍ക്കും നടന്നു. ഷിയാസും ഉണ്ണിയും സ്‌കൂട്ടറില്‍ കയറിപ്പോയി. സഫലമായ ഒരു ദിനത്തിന്റെ സമാപ്തി.

20170107_160350.jpg

ഒരു സുഹൃത്തിന്റെ സന്ദര്‍ശനം ഇത്രയ്‌ക്കൊക്കെ എഴുതാനുണ്ടോ എന്ന സംശയം തോന്നിയേക്കാം. സൗഹൃദങ്ങളാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. അതിനാല്‍ത്തന്നെ സുഹൃത്തുക്കള്‍ എഴുത്തിന് വിഷയമാകാറുണ്ട്. മാത്രമല്ല, വിമലിനും റിനിക്കുമൊപ്പം ചെലവിട്ട നിമിഷങ്ങള്‍ എനിക്ക് നഷ്ടമായ സന്തോഷം തിരിച്ചുപിടിക്കലാണ്. അവരുടെ വിവാഹത്തില്‍ പങ്കെടുത്താല്‍ കിട്ടുമായിരുന്ന സന്തോഷം ഇവിടെ തിരിച്ചുപിടിച്ചു. ഇത്തരം അവസരങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമാണല്ലോ!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights