ക്രിയാത്മകമായൊരു പ്രതിപക്ഷം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. നല്ലൊരു പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം ഭരണപക്ഷത്തിന് തോന്നിയ പോലെ പ്രവര്‍ത്തിക്കാന്‍ ധൈര്യമേകും. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രതിപക്ഷം ഇല്ല എന്നുള്ളതാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും കുറിക്കുകൊള്ളുന്ന തലത്തിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്നത് വലിയ പ്രശ്‌നം തന്നെയാണ്. ഇവിടെ ഭരണപരാജയമല്ല പ്രശ്‌നം, പ്രതിപക്ഷ പരാജയമാണ്. സര്‍ക്കാരിന് ഇത് വളരെ വലിയ സൗകര്യമാകുന്നുണ്ട്.
നോട്ടുകള്‍ നിരോധിച്ചതും പുതിയവ അച്ചടിക്കുന്നതും സംബന്ധിച്ച് വലിയ വിവാദമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന പരിദേവനമല്ലാതെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു വിമര്‍ശനമെങ്കിലും ഉയര്‍ത്താന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. താന്‍ വാ തുറന്നാല്‍ വന്‍ഭൂകമ്പമുണ്ടാകുമെന്നു വീമ്പിളക്കിയ പ്രതിപക്ഷത്തെ യുവരാജാവ് വാ തുറന്നപ്പോള്‍ പടക്കം പൊട്ടുന്ന ശബ്ദം പോലും പുറത്തുവന്നില്ല. അദ്ദേഹം പുതുവത്സരം ആഘോഷിക്കാന്‍ ലണ്ടനിലേക്കു മുങ്ങി. രാഹുല്‍ ഗാന്ധി തന്നെയാണ് ട്വിറ്ററിലൂടെ തന്റെ യാത്രാപരിപാടി അറിയിച്ചത് എന്നത് പ്രത്യേകം പറയണം.
ചില പ്രത്യേക സാഹചര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്നു പ്രചാരത്തിലുണ്ടായിരുന്ന വലിയ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അത്തരം തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. തീരുമാനമെടുക്കാനാണ് ജനങ്ങള്‍ സര്‍ക്കാരിനെ തിരഞ്ഞെടുത്തിരിക്കുന്നതും. എന്നാല്‍, ഒരു തീരുമാനമെടുത്താല്‍ അതു കാര്യക്ഷമമായി നടപ്പാക്കാനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കാനും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്ന തീരുമാനമെടുക്കുന്നതില്‍ തെറ്റില്ല എന്നര്‍ത്ഥം. എന്നാല്‍, ഇവിടെ തീരുമാനമെടുക്കുന്നതില്‍ കാട്ടിയ ആര്‍ജ്ജവം അതു നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയില്ല എന്നത് വലിയ പാതകം തന്നെയാണ്. കുറച്ചുകൂടി തയ്യാറെടുപ്പുകള്‍, മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിടുമായിരുന്നില്ല. നവംബര്‍ എട്ടിന് രാഷ്ട്രത്തോട് സംസാരിച്ചപ്പോള്‍ കണ്ട ആത്മവിശ്വാസം ഡിസംബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കാതിരുന്നതിനു കാരണവും ഇതുതന്നെ. പണി പാളി എന്ന് അദ്ദേഹത്തിനറിയാം. എന്നാല്‍, എവിടെ പണി പാളി എന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ ആളില്ലാത്തത് മോദിക്ക് രക്ഷയാവുന്നു. ആ ഉത്തരവാദിത്വം നിറവേറ്റേണ്ടയാള്‍ ലണ്ടനില്‍ അര്‍മാദിക്കാന്‍ പോയി. ആ ഗ്യാപ്പിലേക്ക് ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാള്‍ കടന്നുവന്നിരിക്കുന്നു -ഉമ്മന്‍ ചാണ്ടി.
നോട്ടുപിന്‍വലിക്കലിനു പിന്നില്‍ അഴിമതിയുണ്ട് എന്ന വാദവുമായി പ്രതിപക്ഷം കാടടച്ച് വെടിവെയ്ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ആകെ ആശയക്കുഴപ്പം. അവിടെ കൃത്യമായി, കുറിക്കു കൊള്ളുന്ന രീതിയില്‍ ഇപ്പോള്‍ നരേന്ദ്ര മോദിക്കെതിരെ ആരോപണം വന്നിരിക്കുന്നു. തിളങ്ങി നിന്ന മോദിയെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താന്‍ ശേഷിയുള്ള ആരോപണം തന്നെ. ആരോപണം വന്നത് കേരളത്തില്‍ നിന്നായതിനാല്‍ കുറച്ചുകാണേണ്ട കാര്യമില്ല. ആരാണ് ഉമ്മന്‍ ചാണ്ടി? ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ വെറുമൊരു എം.എല്‍.എ. മാത്രം. വേണമെങ്കില്‍ മുന്‍ മുഖ്യമന്ത്രി എന്നു പറയാം. എട്ടു മാസം മുമ്പ് കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. ചെറിയൊരു ക്ഷീണം തട്ടിയപ്പോള്‍ എല്ലാവരും കൂടി അവസരം മുതലാക്കി അദ്ദേഹത്തെ ‘മൂലയ്ക്കിരുത്തി’ എന്ന് അവകാശപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയെ ശരിക്കറിയാവുന്നവര്‍ ഇത് അംഗീകരിക്കില്ല. കേരളത്തിലെ പല നേതാക്കന്മാരും പ്രവേശനത്തിനു കാത്തു നില്‍ക്കുന്ന പ്രായോഗിക രാഷ്ട്രീയ സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറാണ് ഉമ്മന്‍ ചാണ്ടി. നൂല്‍പ്പാലത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ഒരു സര്‍ക്കാരിനെ, അതും അധികാരത്തിലിരുന്ന എല്ലാ ദിവസവും വിവാദങ്ങളില്‍ ആടിയുലഞ്ഞ സര്‍ക്കാരിനെ, കാലാവധി പൂര്‍ത്തിയാക്കും വരെ വിജയകരമായി അദ്ദേഹം നയിച്ചു എന്നത് ചെറിയ കാര്യമല്ല.
ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴുള്ളതായി പറയപ്പെടുന്ന ക്ഷീണത്തിന് കാരണക്കാരന്‍ ആരാണ്? രാഹുല്‍ ഗാന്ധി തന്നെ. യുവരാജാവിന് എപ്പോഴോ ചാണ്ടിച്ചായനോട് എന്തോ അപ്രീതി തോന്നി. ഒരിക്കല്‍ വേണ്ടാന്നു വെച്ചാല്‍ പിന്നെ അടുപ്പിക്കുന്ന സ്വഭാവം രാഹുലിന് ഇല്ലത്രേ. തന്റെ വിലയിരുത്തല്‍ തെറ്റാണെന്നു എപ്പോഴെങ്കിലും ബോദ്ധ്യപ്പെട്ടാലും മോന്‍’ജി’ നിലപാട് മാറ്റില്ല. രാഹുല്‍ അവിടെ ഉള്ളിടത്തോളം ഉമ്മന്‍ ചാണ്ടിക്കു ശനിദശയാണെന്നാണ് സുധീരന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ കളിയൊന്നും നടക്കില്ല എന്ന് വീരവാദം. അപ്പോള്‍പ്പിന്നെ ഉമ്മന്‍ ചാണ്ടി കരുതി, കളി രാഹുലിന്റെ കളത്തിലായിക്കളയാം. തന്റെ കളത്തില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നയാളുടെ കളത്തില്‍ കയറിക്കളിക്കുക!! പ്രായോഗിക രാഷ്ട്രീയത്തിലെ മാസ്റ്റര്‍ സ്‌ട്രോക്ക്!!!
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി ‘എം.എല്‍.എ.’ പറയുന്നു. വെറുതെ വാചകമടിയല്ല. വാദങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള ആക്രമണം തന്നെ. കറന്‍സി നോട്ടുകള്‍ വിദേശത്ത് അച്ചടിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി (പി.യു.സി.) 2013ല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കു വിരുദ്ധമായി ദ ലാ റ്യൂ എന്ന ബ്രിട്ടീഷ് കമ്പനിയുമായി മോദി സര്‍ക്കാര്‍ സഹകരിക്കുന്നത് വന്‍ തോത്‌ലുള്ള അഴിമതി ലക്ഷ്യമിട്ടാണെന്നാണ് പ്രധാന ആരോപണം. ഈ ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ആരോപണങ്ങളും ആവശ്യങ്ങളും ഉന്നയിക്കുമ്പോള്‍ ഒരാളെ തന്റെ അരികിലിരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു -പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) ചെയര്‍മാന്‍ പ്രൊഫ.കെ.വി.തോമസിനെ. ആരോപണം വെറും ഉണ്ടയില്ലാ വെടിയല്ലെന്നു തെളിയിക്കാന്‍!! ഗാന്ധി കുടുംബവുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് തോമസ് മാഷ് എന്നത് വേറെ കാര്യം.
ഉമ്മന്‍ ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. അതിനായി അദ്ദേഹം പറയാത്ത കാര്യങ്ങള്‍ കൂടി പറയേണ്ടതുമുണ്ട്. 2013 മാര്‍ച്ച് 20ന് ജഗദംബിക പാല്‍ അദ്ധ്യക്ഷനായ പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കറന്‍സി നോട്ടുകള്‍ രാജ്യത്തിനു പുറത്ത് അച്ചടിക്കുന്നതിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. 1997-98 കാലഘട്ടത്തില്‍ 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കാന്‍ 3 വിദേശ കമ്പനികളെ റിസര്‍വ് ബാങ്ക് ചുമതലപ്പെടുത്തിയിരുന്നു. 360 കോടി കറന്‍സി നോട്ടുകളാണ് ഇത്തരത്തില്‍ അച്ചടിച്ചത്. അമേരിക്കന്‍ ബാങ്ക് നോട്ട് കമ്പനി 63.5 കോടി നോട്ടുകളും ബ്രിട്ടീഷ് കമ്പനിയായ ദ ലാ റ്യൂ 100ന്റെ 136.5 കോടി നോട്ടുകളും ജര്‍മന്‍ കമ്പനിയായ ജീസെക് – ഡെവ്രിയന്റ് കണ്‍സോര്‍ഷ്യം 500 രൂപയുടെ 160 കോടി നോട്ടുകളും അച്ചടിച്ചു നല്‍കി.
രാജ്യത്തെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്നതും രാജ്യസുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്നതുമാണു വിദേശത്ത് കറന്‍സി അടിക്കുന്ന നടപടിയെന്നാണ് പി.യു.സി. റിപ്പോര്‍ട്ട്. വിദേശ കമ്പനികള്‍ അധികം നോട്ടുകള്‍ അച്ചടിച്ചാല്‍ കണ്ടെത്താനാകില്ല. ഇത്തരത്തില്‍ അച്ചടിക്കുന്ന നോട്ടുകള്‍ തീവ്രവാദികളിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരിലുമാകും എത്തുക. അതുകൊണ്ട് ഭാവിയിലൊരിക്കലും കറന്‍സി നോട്ട് അച്ചടിക്കുന്നതും നാണയം നിര്‍മിക്കുന്നതും മറ്റു രാജ്യങ്ങളെ ഏല്പിക്കാന്‍ പാടില്ലെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ അന്നത്തെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ബ്രിട്ടീഷ് കമ്പനി ദ ലാ റ്യൂവിനെ പി.യു.സി. പരിശോധനയ്ക്കു മുമ്പു തന്നെ, 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഇന്ത്യന്‍ കള്ള നോട്ടുകള്‍ തയ്യാറാക്കാനുള്ള വിവരങ്ങള്‍ പാകിസ്താന് ലഭിച്ചത് ദ ലാ റ്യൂവില്‍ നിന്നാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രകാരം കമ്പനി കരിമ്പട്ടികയിലായി. എന്നാല്‍, ഇപ്പോള്‍ കമ്പനിയെ കരിമ്പട്ടികയില്‍ നിന്ന് പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ തന്നെ ഒഴിവാക്കിയിരിക്കുന്നു. കച്ചവടത്തിന് ‘ദേശവിരുദ്ധം’, ‘കരിമ്പട്ടിക’ ഒന്നും ബാധകമല്ല!!!
ദ ലാ റ്യൂവുമായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും സഹകരിക്കുകയാണെന്നതിനു നിരവധി തെളിവുകളുണ്ട്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ ആരോപണങ്ങളിലെ പ്രധാന ഘടകം ഈ സഹകരണം തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന് അത്ര പെട്ടെന്നൊന്നും ഇതില്‍ നിന്നു തലയൂരാനാവില്ല. നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ പദ്ധതി പ്രഖ്യാപിച്ച ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ-ബ്രിട്ടീഷ് ടെക് ഉച്ചകോടിയുടെ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരില്‍ ഒന്ന് ദ ലാ റ്യൂ ആയിരുന്നു. നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ചേര്‍ന്നാണു നവംബര്‍ 7 മുതല്‍ 9 വരെ നടന്ന ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. ഇനി ദ ലാ റ്യൂ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ നോക്കാം. 2012-13, 2013-14, 2014-15 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനം ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 2015-16ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി പറയുന്നു. നിലവില്‍ ദ ലാ റ്യൂ ഇന്ത്യയെ പ്രധാന പ്രവര്‍ത്തന മേഖലയായിട്ടാണു കണക്കാക്കുന്നത്. ദ ലാ റ്യൂവിന്റെ ഓഹരിമൂല്യം 2016 ഏപ്രിലിനുശേഷം 33 ശതമാനം ഉയര്‍ന്നത് ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ ഫലമാണ്. തങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുന്നതായും ഡല്‍ഹിയിലെ ഓഫീസിന്റെ പ്രവര്‍ത്തനം കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ചാണെന്നും കമ്പനി സി.ഇ.ഒ. മാര്‍ട്ടിന്‍ സതര്‍ലാന്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നോട്ട് പിന്‍വലിക്കല്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനുശേഷം 10 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാനായി തയാറാക്കിയിട്ടുള്ള വിദേശ കമ്പനികളുടെ ചുരുക്കപ്പട്ടികയില്‍ ദ ലാ റ്യൂ ഉള്‍പ്പെട്ടിട്ടുണ്ട്. വിദേശകമ്പനി പ്ലാസ്റ്റിക് നോട്ട് അച്ചടിക്കുന്ന നടപടി ഇതിനകംതന്നെ ആരംഭിച്ചു കഴിഞ്ഞതായാണു ഡിസംബര്‍ 9ന് ധന സഹമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാകുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു കറന്‍സി അച്ചടിച്ചു നല്‍കുന്ന കമ്പനിയാണു ദ ലാ റ്യൂ. ഈ കമ്പനിയുമായി പി.യു.സി. റിപ്പോര്‍ട്ടിനെപ്പോലും മറികടന്ന് സഹകരിക്കുന്നത് സംശയത്തിനു കാരണമാവുക സ്വാഭാവികം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 3 ചോദ്യങ്ങള്‍ ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്.
- വിദേശത്ത് കറന്‍സി അച്ചടിക്കുകയോ നാണയം നിര്‍മ്മിക്കുകയോ ചെയ്യരുതെന്ന ചട്ടം നിലനില്‍ക്കെ, കറന്‍സി അച്ചടി, കറന്‍സി അച്ചടി യന്ത്രങ്ങളുടെ വിതരണം, കറന്‍സി കടലാസ് വിതരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദ ലാ റ്യൂ എന്ന ബ്രിട്ടീഷ് കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചു പ്രവര്‍ത്തിച്ച സാഹചര്യമെന്ത്? മേക്ക് ഇന്‍ ഇന്ത്യയിലെയും ഇന്ത്യാ-ബ്രിട്ടീഷ് ടെക് ഉച്ചകോടിയിലെയും പ്രസ്തുത കമ്പനിയുടെ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കുമോ?
- വിദേശത്ത് കറന്‍സി അച്ചടിക്കരുതെന്ന 2013ലെ പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിംഗ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച ശേഷം വിദേശത്ത് പ്ലാസ്റ്റിക് കറന്‍സി അടിക്കാന്‍ എന്തെങ്കിലും നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ?
- അത്തരം നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെങ്കില്‍, കഴിഞ്ഞ 3 വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നു സ്വന്തം റിപ്പോര്‍ട്ടില്‍ വിശദീകരിച്ച ദ ലാ റ്യൂ കമ്പനി 2015-16ല്‍ 100 ശതമാനം പ്രവര്‍ത്തനം രാജ്യത്ത് നടത്തിയതെങ്ങനെയെന്ന് അന്വേഷിക്കുമോ? ഇക്കാലത്ത് ബ്രിട്ടീഷ് കമ്പനിയുടെ ഓഹരി മൂല്യം 33 ശതമാനം കണ്ട് ഉയര്‍ന്നതായി പറയുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നും ഈ കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുമോ?
നന്നായി ഗൃഹപാഠം ചെയ്ത്, മികച്ച തയ്യാറെടുപ്പോടു കൂടി തന്നെയാണ് നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇറങ്ങിപ്പുറപ്പെട്ടത്. നിശ്ചയിച്ചുറച്ച നടപടിയായിരുന്നു എന്നു സാരം. ദ ലാ റ്യൂ സംബന്ധിച്ച ചില സംശയങ്ങള്‍ നേരത്തേ ആം ആദ്മി പാര്‍ട്ടി ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വാര്‍ത്തയും വന്നു. പക്ഷേ, പാര്‍ലമെന്റിലെ സ്രോതസ്സുകള്‍ ഉപയോഗിച്ച് രേഖകള്‍ ശേഖരിച്ച ഉമ്മന്‍ ചാണ്ടി വിഷയം നന്നായി പഠിച്ചു. പി.യു.സി. റിപ്പോര്‍ട്ട്, ദ ലാ റ്യൂ കമ്പനിയുടെ 4 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, ഇന്ത്യാ-ബ്രിട്ടീഷ് ടെക് ഉച്ചകോടിയുടെ വിശദാംശങ്ങള്‍, ദ ലാ റ്യൂ സി.ഇ.ഒ. മാര്‍ട്ടിന്‍ സതര്‍ലന്‍ഡിന്റേതായി ഇന്ത്യാ ഇന്‍വെസ്റ്റ്‌മെന്റ് ജേര്‍ണലില്‍ വന്ന അഭിമുഖം തുടങ്ങി സര്‍വ്വ തെളിവുകളും ശേഖരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി ഉന്നയിക്കേണ്ട കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ പൊട്ടിച്ചത്. പത്രസമ്മേളനത്തില്‍ ദ ലാ റ്യൂവിനെ സംബന്ധിച്ച ഏതു ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി ഉഴപ്പിയത് ഒരു ചോദ്യത്തിനു മുന്നില്‍ മാത്രം -കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പറയേണ്ടതല്ലേ ഇക്കാര്യം എന്ന ചോദ്യം. കേന്ദ്ര നേതൃത്വത്തെ പാഠം പഠിപ്പിക്കാനുള്ള നീക്കമാവുമ്പോള്‍ ഉഴപ്പ് സ്വാഭാവികം. ‘കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കും’ എന്ന മറുപടിയിലൂടെ ഉമ്മന്‍ ചാണ്ടി പറയാതെ പറഞ്ഞു -‘കേന്ദ്ര നേതൃത്വം ഒന്നും അറിയുന്നില്ല’. ഈയൊരൊറ്റ പത്രസമ്മേളനത്തിലൂടെ നോട്ട് വിഷയത്തില്‍ പ്രതിപക്ഷ മുഖമായി ഉമ്മന്‍ ചാണ്ടി മാറി. ഉമ്മന്‍ ചാണ്ടിയെ കളി പഠിപ്പിക്കാനിറങ്ങുന്നവര്‍ അറിയുന്നില്ല ശരിക്കും അവര്‍ പഠിച്ചു തുടങ്ങുന്നതേയുള്ളൂ എന്ന്!!
പബ്ലിക് അണ്ടര്‍ടേക്കിങ്‌സ് കമ്മിറ്റി അദ്ധ്യക്ഷനെന്ന നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരനായിരുന്ന ജഗദംബിക പാല്‍ ഇന്ന് ഉത്തര്‍ പ്രദേശിലെ ഡൊമാരിയാഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി. എം.പിയാണ് എന്നു കൂടി പറയാം. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്കു സാധിക്കുന്നില്ലെങ്കില്‍ മോദിക്കുണ്ടാവുന്നത് കനത്ത വിശ്വാസ്യതാനഷ്ടമായിരിക്കും.