HomeSOCIETYഉപദേശിച്ചാലൊന...

ഉപദേശിച്ചാലൊന്നും പൊലീസ് നന്നാവില്ല

-

Reading Time: 8 minutes

പൊലീസിന്റെ പ്രവര്‍ത്തനം ഭരണമുന്നണിയില്‍ തന്നെ കടുത്ത വിമര്‍ശനത്തിനു പാത്രമാവുന്ന അവസ്ഥയിലാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയൊരു ഉപദേശിയെ നിയമിച്ചത് -രമണ്‍ ശ്രീവാസ്തവ. പൊലീസുപദേശിയുടെ യോഗ്യതകളെക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുകയാണെങ്കിലും മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചേ മതിയാകൂ. പൊലീസ് നന്നാക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് അദ്ദേഹം ഉപദേശിയെ കൊണ്ടുവന്നത്. എന്നാല്‍, ശ്രീവാസ്തവയല്ല അങ്ങേരുടെ തലതൊട്ടപ്പന്‍ ഉഗ്രപ്രതാപിയായ കെ.കരുണാകരന്‍ വന്നാലും കേരളാ പൊലീസ് നന്നാവില്ല. കാരണം ഇവിടത്തെ പൊലീസിന് ജനങ്ങള്‍ ശത്രുക്കളാണ്. അവരില്‍ ഭൂരിഭാഗത്തിനും മാന്യമായി പെരുമാറാനറിയില്ല. അതില്‍ കീഴ്ത്തട്ടെന്നോ മേല്‍ത്തട്ടെന്നോ ഉള്ള വ്യത്യാസമില്ല. അങ്ങേയറ്റം മാന്യമായി പെരുമാറുന്ന പൊലീസ് സുഹൃത്തുക്കളെ മറന്നുകൊണ്ടല്ല ഇതു പറഞ്ഞത്. ഇനി പറയുന്ന കാര്യങ്ങളൊന്നും മാന്യന്മാരായ പൊലീസ് സുഹൃത്തുക്കള്‍ക്ക് ബാധകവുമല്ല.

deepu divakar
ദീപു ദിവാകര്‍

പൊലീസിനെ കുറ്റപ്പെടുത്താന്‍ പ്രകോപനമെന്തെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാവും. പൊലീസുകാരുടെ ധാര്‍ഷ്ട്യത്തിന്റെ ഫലമായി ഒരു സുഹൃത്തിന് ഉണ്ടായ ധനനഷ്ടവും മനോവേദനയും മാനഹാനിയും തന്നെയാണ് കാരണം. മറ്റുള്ളവരെ ദ്രോഹിക്കുന്നതില്‍ മനഃസുഖം കണ്ടെത്തുന്നവരാണ് പൊലീസുകാരെന്നു തോന്നിപ്പോകുന്ന അവസ്ഥ. തങ്ങളുടെ കാര്യം നേടാന്‍ ഏതറ്റം വരെയും അവര്‍ നിയമത്തെ വളച്ചൊടിക്കും. പുറത്തുള്ളതിനെക്കാള്‍ ക്രിമിനലുകള്‍ പൊലീസിനകത്താണ് എന്ന് പല അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്, ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു. അത്തരമൊരനുഭവമാണ് ഈ കുറിപ്പിനാധാരം.

ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് രാജേഷ് കൃഷ്ണയുടെ സന്ദേശത്തില്‍ നിന്നാണ് കാര്യങ്ങളുടെ തുടക്കം. ‘എന്റെ കസിന്‍ ദീപു വിളിക്കും. ഒരു ചെറിയ കാര്യമുണ്ട്’ എന്നു മാത്രമാണ് അതിലുണ്ടായിരുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങള്‍ ഇടയ്‌ക്കൊക്കെ രാജേഷുമായി വിശദമായി ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ഇക്കുറി അതൊന്നുമില്ല. ‘ധൈര്യമായി വിളിക്കാന്‍ പറയൂ’ എന്നു മാത്രം സന്ദേശം തിരിച്ചയച്ചു. അല്പം കഴിഞ്ഞപ്പോള്‍ ദീപു വിളിച്ചു. പൊലീസില്‍ നിന്ന് അദ്ദേഹത്തിനുണ്ടായ ദുരനുഭവമായിരുന്നു വിഷയം. വിശദമായി തന്നെ സംസാരിച്ചു. പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍ തരിച്ചിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കു തെളിവായി വീഡിയോകളും അയച്ചുതന്നു. ഈ ‘നിയമം കൈയിലെടുക്കുക’ എന്നൊക്കെ കേട്ടിട്ടില്ലേ. ഇവിടെ പൊലീസുകാര്‍ ചെയ്തത് അതാണ്. ഇതിനെക്കുറിച്ച് വിശദമായി തന്നെ എഴുതണമെന്നു തീരുമാനിച്ചു. പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടായിട്ടല്ല. ജനം ചര്‍ച്ച ചെയ്യുമെന്നു മനസ്സിലാകുമ്പോഴെങ്കിലും പൊലീസിന്റെ സമീപനം മാറിയാലോ. തിരുത്തിയാലോ. വെറുതെയാണെങ്കിലും ഒരു പ്രതീക്ഷ. പ്രതീക്ഷിക്കാന്‍ പ്രത്യേകിച്ച് ഫീസൊന്നും അടയ്‌ക്കേണ്ടല്ലോ.

honda (1)
സി.ആര്‍.പി.എഫ്. ബസ്സിനു മുന്നില്‍ നിര്‍ത്തിയിട്ട ദീപുവിന്റെ കാര്‍

ദീപു ദിവാകര്‍ ഒരു യുവ വ്യവസായിയാണ്. പല വിദേശ രാജ്യങ്ങളിലും താമസിച്ചിട്ടുള്ളയാള്‍. കൈവശം 3 ഡ്രൈവിങ് ലൈസന്‍സുണ്ട് -ലഭിക്കാന്‍ വളരെ ക്ലേശകരമായ ഇന്റര്‍നാഷണല്‍ ലൈസന്‍സ് അടക്കം. ഈ ലൈസന്‍സെല്ലാം കൈയിലുള്ള ദീപു നോക്കി നില്‍ക്കേ അദ്ദേഹത്തിന്റെ പുതുപുത്തന്‍ കാര്‍ പൊലീസുകാര്‍ കെട്ടിവലിച്ചു. ആ വലിക്കല്‍ കാരണം കാറിന്റെ മുന്‍ഭാഗം വളഞ്ഞു. എയര്‍ കണ്ടീഷണറിന്റെ കംപ്രസര്‍ പൊട്ടി. ഇതിനെല്ലാം പുറമെ കാര്‍ കെട്ടിവലിച്ചതിന്റെ ഫീസും ഈടാക്കി. ഒടുവില്‍ കേസില്‍ പ്രതിയുമായി. ഇതെല്ലാം എന്തിന്റെ പേരിലാണെന്നല്ലേ? ഗതാഗത നിയന്ത്രണത്തിനെത്തിയ ഒരു പൊലീസുകാരന്‍ നല്‍കിയ പെറ്റി ചിറ്റ് എന്തിന്റെ പേരിലാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതിന്! അറിയാനുള്ള ഒരു പൗരന്റെ അവകാശം വിനിയോഗിച്ചതിന്!!

പവര്‍ ഹൗസ് റോഡിലുള്ള തിരുവനന്തപുരം റെയില്‍വെ സ്റ്റേഷന്റെ പിന്‍കവാടമാണ് സംഭവസ്ഥലം. കഴിഞ്ഞ ദിവസം രാവിലെ ഒരു ബന്ധുവിനെ ട്രെയിന്‍ കയറ്റിവിടാനാണ് ദീപു അവിടെയെത്തിയത്. രാവിലെ ഒരു 9.30 മണിയോടെ ചെന്ന ദീപു തന്റെ കാര്‍ ആളൊഴിഞ്ഞ റോഡില്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ ഒതുക്കിയിട്ടു. സി.ആര്‍.പി.എഫിന്റെ വലിയൊരു ബസ് അവിടെയുണ്ടായിരുന്നു എന്നതായിരുന്നു പ്രചോദനം. ആ വാനിനു തൊട്ടു മുന്നിലായി ദീപു തന്റെ കാര്‍ ഒതുക്കി നിര്‍ത്തി റെയില്‍വേ സ്റ്റേഷനകത്തേക്കു പോയി. 15 മിനിറ്റ് കഴിഞ്ഞ് ദീപു തിരിച്ചെത്തിയപ്പോള്‍ നിയമം ലംഘിച്ചതിന് പിഴയൊടുക്കണമെന്ന് ആവശ്യപ്പെടുന്ന സ്റ്റിക്കര്‍ കാറില്‍ പതിച്ചിരിക്കുന്നത് കണ്ടു. അത് പതിച്ച പൊലീസുകാരനും സമീപത്തു തന്നെ നില്‍ക്കുന്നുണ്ടായിരുന്നു, അടുത്ത ഇരയെത്തേടി.

ദീപു നേരെ ആ പൊലീസുകാരനരികിലെത്തി. എസ്.ഐ. ആണ്. വി.കെ.സതീഷ് കുമാര്‍ എന്നാണ് പേര്. വളരെ ‘ബഹുമാനത്തോടെ’ തന്നെ ചോദിച്ചു -‘സാറെ, എന്തിനാ സാറെ ഈ ടിക്കറ്റ്? നിയമലംഘനം എന്താണ് എന്നൊന്നു പറഞ്ഞുതരാമോ?’ മൂലയില്‍ കിടക്കുന്ന ഒരു കാര്‍, അതും ഒരു സി.ആര്‍.പി.എഫ്. വാഹനത്തിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ എങ്ങനെയാണ് നിയമം ലംഘിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികം. ഇതിനോട് എസ്.ഐയുടെ ആദ്യ കമന്‍് -‘ഓരോ നാറികള് രാവിലെ വന്നോളും.’ സ്വാഭാവികമായും ആര്‍ക്കും ദേഷ്യം വരും. ‘സര്‍’ എന്ന് അഭിസംബോധന ചെയ്ത് വളരെ മാന്യമായിട്ടാണ് സതീഷ് കുമാറിനോട് ദീപു സംസാരിച്ചത്. എന്നാല്‍ മറുപടിയായുള്ള എസ്.ഐയുടെ പുലയാട്ട് ദീപുവിനെ ക്ഷുഭിതനാക്കി -‘ഈ റോഡില്‍ അങ്ങോളമിങ്ങോളം ഒരിടത്തും നോ പാര്‍ക്കിങ് ബോര്‍ഡ് ഇല്ല. പിന്നെന്തിനാ നിങ്ങള്‍ എനിക്ക് പാര്‍ക്കിങ് ടിക്കറ്റ് അടിച്ചത് എന്നെനിക്കറിയണം’. അപ്പോള്‍ എസ്.ഐയുടെ മറുപടി -‘എന്റെ മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് പിഴ ഈടാക്കാനുള്ള ടിക്കറ്റ് ഒട്ടിച്ചത്.’

honda (3)
കണ്‍ട്രോള്‍ റൂമിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് സന്ദേശം നല്‍കുന്ന എസ്.ഐ. വി.കെ.സതീഷ് കുമാര്‍

ഇതോടെ ദീപു മുഴുവന്‍ സംഗതികളും മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി. പൊലീസിന്റെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചും നിയമലംഘനത്തെക്കുറിച്ചും പരാതി നല്‍കുമെന്നും വ്യക്തമാക്കി. ഇതോടെ എസ്.ഐ. വയര്‍ലെസ് കൈയിലെടുത്തു -‘പവര്‍ ഹൗസ് റോഡില്‍ പാര്‍ക്കിങ് ടിക്കറ്റ് അടിച്ചതിന് ഒരുവന്‍ എന്നോട് തട്ടിക്കയറുന്നു. എന്നെ അധിക്ഷേപിക്കുന്നു. ആവശ്യമായ നടപടി സ്വീകരിക്കണം.’ എസ്.ഐയുടെ ഈ സന്ദേശം കേട്ടതോടെ ഈ തര്‍ക്കമെല്ലാം കണ്ട് അവിടെ കൂടി നിന്ന ജനങ്ങള്‍ ഇളകി. ‘കളക്ടറുടെ അനുമതിയുള്ള 3 വാഹനങ്ങള്‍ മാത്രമേ ഈ വഴിയില്‍ നിര്‍ത്താന്‍ പറ്റൂ. ബാക്കിയെല്ലാം നിയമവിരുദ്ധം’ -എസ്.ഐയുടെ വാദം. അപ്പോള്‍ ദീപു ചോദിച്ചു -‘അതെങ്ങനാ സാറേ? ഈ പൊലീസ് വണ്ടിക്കിട്ട് സാറ് ഫൈനടിക്കുമോ?’

എസ്.ഐ. ഏമാന്‍ നാട്ടുകാരുമായുള്ള തര്‍ക്കം തുടര്‍ന്നു. ഇടയ്ക്ക് ഒരു ഡയലോഗ് ആ വായില്‍ നിന്നു വീണു, ഒരു ബലത്തിന് -‘ഡി.സി.പിയെ വിളിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്, ഈ വണ്ടിയെടുത്തു മാറ്റണമെന്ന്.’ ‘ഏട്ട് മൂത്ത് എസ്.ഐ’ ആയ സാദാ പൊലീസുകാരന്‍ ഐ.പി.എസ്സുകാരനായ ഡി.സി.പിക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന്!! ഡി.സി.പി. ഡോ.അരുള്‍ ആര്‍.ബി.കൃഷ്ണ വിഷയം അറിഞ്ഞു എന്നത് ശരിയാണ്. സതീഷ് കുമാര്‍ വയര്‍ലെസ്സിലൂടെ കൊടുത്ത സന്ദേശം ഡി.സി.പി. കേട്ടിരുന്നു. ആ സമയം അദ്ദേഹം പവര്‍ ഹൗസ് റോഡിലൂടെ പോയി എന്നും പറയപ്പെടുന്നു. ഏതായാലും കേട്ട പാതി കേള്‍ക്കാത്ത പാതി ഡി.സി.പി. നിര്‍ദ്ദേശം നല്‍കി, കാര്‍ കെട്ടിവലിച്ച് ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തിക്കാന്‍. ഡി.സി.പി. ഇത്തരത്തില്‍ വയര്‍ലെസ്സിലൂടെ നിര്‍ദ്ദേശം നല്‍കിയ കാര്യം പൊലീസിലെ മറ്റു സുഹൃത്തുക്കളില്‍ നിന്ന് ഉറപ്പാക്കിയിട്ടുണ്ട്.

എപ്പോഴാണ് ഒരു വാഹനം കെട്ടിവലിച്ചു നീക്കാന്‍ പൊലീസ് തീരുമാനിക്കുന്നത്? ഗതാഗത തടസ്സമുണ്ടാക്കും വിധം വാഹനം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയും വാഹന ഉടമ അടുത്തില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. വാഹനം അപകടത്തില്‍പ്പെട്ട സാഹചര്യത്തില്‍. വാഹനം ഒരാള്‍ക്ക് ഓടിച്ചുനീക്കാനാവാത്ത വിധം തകരാറിലായ സാഹചര്യത്തില്‍. ഇവിടെ ഒരു സാദാ പെറ്റി കേസിന് ചീട്ടു വാങ്ങി നില്‍ക്കുന്ന സാധാരണക്കാരനാണ് ദീപു എന്ന വാഹന ഉടമ, കൊലപാതകിയോ ഗുണ്ടയോ ഒന്നുമല്ല. അദ്ദേഹം വാഹനത്തിനടുത്തു തന്നെ നില്പുണ്ട്. ഉടമയെക്കൊണ്ട് വാഹനം എടുപ്പിക്കാം. കാറുമെടുത്ത് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവാന്‍ പറഞ്ഞാല്‍ മതി. അങ്ങനെ ഹാജരാവാതെ കാറുടമ വെട്ടിച്ചുപോകുകയാണെങ്കില്‍ തന്നെ പിടികൂടാന്‍ പൊലീസിന് വേറെ സംവിധാനമുണ്ട്. എന്നാല്‍, പൊലീസിന്റെ അധികാരഗര്‍വ്വം പ്രകടിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ചെറുപ്പത്തിന്റെ ചോരത്തിളപ്പിലുള്ള ഡി.സി.പിയുടെ നിര്‍ദ്ദേശത്തിനു പിന്നില്‍. അവിടെ നിയമവും നിയമലംഘനവുമൊന്നും പരിഗണനാവിഷയമായില്ല. അതോ നിയമങ്ങളെക്കുറിച്ച് ഈ ഉദ്യോഗസ്ഥന് വ്യക്തമായ ധാരണയില്ലാത്തതാണോ? ദീപുവിന്റെ കാര്‍ കെട്ടിവലിച്ചുകൊണ്ടു പോകാനെത്തിയ പൊലീസുകാരനും വ്യക്തമായി പറഞ്ഞു ഡി.സി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങളെത്തിയതെന്ന്!!

ഇതിനിടെ സി.ആര്‍.പി.എഫ്. വാഹനത്തിന് പെറ്റിയടിക്കാത്തത് എന്തെന്നും ചോദ്യമുയര്‍ന്നു. തന്റെ ഓഫീസില്‍ നിന്ന് സി.ആര്‍.പി.എഫിന്റെ ഓഫീസിലേക്ക് അറിയിപ്പു പൊയ്‌ക്കൊള്ളുമെന്നായിരുന്നു എസ്.ഐയുടെ മറുപടി. ‘നടപ്പുള്ള കാര്യം വല്ലതുമുണ്ടേല്‍ പറ’ എന്നു പറഞ്ഞ് നാട്ടുകാരില്‍ ചിലര്‍ കളിയാക്കി. അതോടെ എസ്.ഐ. പെട്ടെന്ന് ചെന്ന് സി.ആര്‍.പി.എഫ്. ബസ്സിനു മുകളിലും പാര്‍ക്കിങ് ടിക്കറ്റ് പതിച്ചു. ജനങ്ങളുടെ കൂട്ടച്ചിരി ഫലം. അപ്പോഴേക്കും ദീപുവിന്റെ കാര്‍ കൊണ്ടുപോകാനുള്ള നടപടിയായി. അപകടമൊക്കെ ഉണ്ടാവുമ്പോള്‍ തകരുന്ന വാഹനങ്ങള്‍ കെട്ടിവലിക്കുന്ന രീതിയിലുള്ള പഴഞ്ചന്‍ ക്രെയ്‌നാണ് കാര്‍ നീക്കാന്‍ എത്തിച്ചത്. അതുപയോഗിച്ച് കെട്ടി വലിച്ചാല്‍ അത്യാധുനിക കാറിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ഏതു കൊച്ചുകുഞ്ഞിനും മനസ്സിലാവും. എന്നാല്‍ തങ്ങളുടെ അപ്രമാദിത്തം തെളിയിക്കാനുള്ള വ്യഗ്രതയില്‍ പൊലീസുകാര്‍ അതൊന്നും പരിഗണിച്ചില്ല. ക്രെയ്‌നിനൊപ്പം ഒരു ജീപ്പ് പൊലീസുകാരും അവിടെയെത്തി ചാടിയിറങ്ങി ‘വിരട്ടിഫിക്കേഷന്‍’ നടപടികള്‍ തുടങ്ങി. ഇതെല്ലാം കണ്ടു നിന്ന നാട്ടുകാരും ക്ഷുഭിതരായി. തന്റെ ഭാഗത്തു തന്നെയാണ് ന്യായമെന്ന് ദീപു വാദിച്ചു -‘ഇവിടെ നോ പാര്‍ക്കിങ് ബോര്‍ഡ് എവിടെ? പിന്നെങ്ങനെ നിയമലംഘനമാവും?’ സിറ്റി പൊലീസ് കമ്മീഷണറെക്കാള്‍ പവറില്‍ ഒരു ഹോം ഗാര്‍ഡാണ് അതിനു മറുപടി നല്‍കിയത് -‘ഇവിടെ പാര്‍ക്കിങ് ബോര്‍ഡുണ്ടോ? ഇല്ലല്ലോ? പിന്നവിടെ മര്യാദയ്ക്കിരി.’ കേരളത്തിലെമ്പാടും വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളിടത്ത് പൊലീസ് പാര്‍ക്കിങ് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെന്നത് ദീപുവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പുതിയ അറിവായിരുന്നു!

ജീപ്പിലെത്തിയ പൊലീസുകാര്‍ ദീപുവിനെ ഭീഷണിപ്പെടുത്തി. പേടിപ്പിക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ സാധാരണക്കാര്‍ ഒതുങ്ങുമല്ലോ. എന്നാല്‍, അവിടെയുണ്ടായിരുന്ന ഒരു അഭിഭാഷകനും മറ്റു നാട്ടുകാരും നിയമവശങ്ങള്‍ പറഞ്ഞു ദീപുവിന്റെ വശം ചേര്‍ന്നതോടെ പൊലീസുകാര്‍ ഒരടി പിന്നോട്ടായി. കാരണം നിയമപരമായി പൊലീസ് ചെയ്യുന്നതു മുഴുവന്‍ തെറ്റായിരുന്നു. അവിടെ നോ പാര്‍ക്കിങ് ബോര്‍ഡ് വെച്ചിട്ട് ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കൂ എന്ന് കഴിഞ്ഞ ദിവസം തന്നെ എസ്.ഐയോട് പറഞ്ഞതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നോ പാര്‍ക്കിങ് ബോര്‍ഡില്ലെങ്കില്‍ റെയില്‍വേ സ്‌റ്റേഷനു മുന്നിലെ വിശാലമായ റോഡില്‍ പാര്‍ക്കിങ് അനുമതിയുണ്ടെന്നു തന്നെയാണ് ആരും ധരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

honda (6)
ദീപുവിന്റെ കാര്‍ പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനു മുന്നില്‍

‘ഇതൊരു പെറ്റിക്കേസ് മാത്രമാണ്. പൈസ ഇപ്പോള്‍ അടയ്ക്കുകയും വേണ്ട. എന്തിനാണ് വാഹനം കെട്ടിവലിക്കുന്നത്?’ -അഭിഭാഷകന്റെ നിയമവശം. പക്ഷേ, വന്ന പൊലീസുകാര്‍ക്ക് വണ്ടി കെട്ടിവലിച്ചു കൊണ്ടുപോയേ പറ്റൂ. താക്കോല്‍ ദീപു പൊലീസുകാര്‍ക്ക് കൊടുത്തു. ഓടിക്കില്ല, കെട്ടിവലിക്കുക തന്നെ വേണം എന്ന വാശിക്കു മുന്നില്‍ അതിനും ഫലമുണ്ടായില്ല. 3 മാസം മാത്രം പ്രായമുള്ള ഹോണ്ടയുടെ പുതിയ ഓട്ടോമാറ്റിക് കാറിനു മുന്നില്‍ ചെയിന്‍ കൊണ്ടു കെട്ടി വലിച്ചങ്ങ് പൊക്കി. അപ്പോള്‍ത്തന്നെ ഷാസി വളഞ്ഞ് എയര്‍കണ്ടീഷണറിന്റെ കണ്ടന്‍സര്‍ പൊട്ടി. പിന്നീട് ദീപു കാര്‍ കാണുന്നത് പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനു മുന്നില്‍ കോലം തിരിഞ്ഞുകിടക്കുന്ന നിലയിലാണ്. ക്രെയിന്‍ വലിച്ചുകൊണ്ടു വന്ന കാര്‍ പട്ടത്ത് വാഹനങ്ങള്‍ യു-ടേണ്‍ എടുക്കുന്നിടത്ത് റോഡിനു നടുവില്‍ തള്ളിയിട്ടു പോയിരിക്കുന്നു. ‘നെഞ്ചുപൊട്ടിപ്പോയി’ എന്നാണ് ദീപു ഇതിനെക്കുറിച്ച് എന്നോടു പറഞ്ഞത്.

honda (2)
എയര്‍ കണ്ടീഷണറിന്റെ തകര്‍ന്ന കംപ്രസ്സര്‍

സ്‌റ്റേഷനകത്തേക്ക് കടന്നുചെന്ന ദീപുവിനോട് പൊലീസ് പറയുന്നത് ‘എഫ്.ഐ.ആര്‍. എടുത്തു, താങ്കളെ അറസ്റ്റു ചെയ്യുന്നു’ എന്നാണ്. രണ്ട് ആള്‍ജാമ്യം വേണം. ദീപു അച്ഛനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി. കാര്‍ കെട്ടിവലിച്ചതിന് 600 രൂപ ഫീസടയ്ക്കണമെന്നായിരുന്നു അടുത്ത ആവശ്യം. എസ്.ഐ. സതീഷ് കുമാര്‍ നല്‍കിയ 100 രൂപയുടെ പെറ്റി ഇനി കോടതിയിലേ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. കേസ് രജിസ്റ്റര്‍ ചെയ്താല്‍ കോടതി വരാന്ത നിരങ്ങുക തന്നെ വേണം എന്നാണല്ലോ ചട്ടം. ചട്ടപ്രകാരം പൗരനുള്ള അവകാശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ഒരു കേസ് രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ എഫ്.ഐ.ആര്‍. 24 മണിക്കൂറിനകം പൊലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. പക്ഷേ, ദീപുവിന്റെ കേസില്‍ അത് പാലിക്കപ്പെട്ടിട്ടില്ല. കേസില്‍ പ്രതിയായി, 600 രൂപ പിഴയൊടുക്കി. എന്നിട്ട് പുത്തന്‍ കാറിന് 25,000 രൂപയുടെ അറ്റകുറ്റപ്പണിയും. ഇത് കേള്‍ക്കുമ്പോള്‍ 100 രൂപയ്ക്കു പകരം 25,000 രൂപ കളഞ്ഞ മണ്ടന്‍ എന്നു ദീപുവിനെ പലരും കളിയാക്കുമായിരിക്കാം. പക്ഷേ, ദീപു ചെയ്തതാണ് ശരിയെന്നു ഞാന്‍ പറയും. തെറ്റു ചെയ്തില്ല എന്ന ഉത്തമബോദ്ധ്യമുള്ളപ്പോള്‍ എന്തിന് പെറ്റി അടയ്ക്കണം?

honda (1)
പുതിയ ഹോണ്ട ഓട്ടോമാറ്റിക് കാര്‍ പൊലീസുകാര്‍ കെട്ടി വലിച്ച് കേടാക്കിയ നിലയില്‍

ദീപു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം തന്നെയാണ് ഇക്കാര്യങ്ങള്‍ എഴുതാനിരുന്നത്. ഈ കശപിശ നടന്നതിനു സമീപത്തുള്ള ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തുണ്ട്. അവനോട് കാര്യങ്ങള്‍ തിരക്കി. എന്റെ ഭാഗ്യത്തിന് ഇക്കാര്യങ്ങള്‍ക്കെല്ലാം അവനും സാക്ഷി. ദീപു പറഞ്ഞ കാര്യങ്ങള്‍ അവനും ആവര്‍ത്തിച്ചു. ദീപു പറയാത്ത ചില കാര്യങ്ങള്‍ കൂടി അവന്‍ പറഞ്ഞു. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ‘പുത്തരിക്കണ്ടത്തിനരികില്‍ ഒരു പേ ആന്‍ഡ് പാര്‍ക്ക് സംവിധാനമുണ്ട്. പവര്‍ ഹൗസ് റോഡ് വീതികൂട്ടി വൃത്തിയാക്കിയതോടെ അവിടെ ഇഷ്ടം പോലെ സ്ഥലമായി. ഇപ്പോള്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഉപയോഗിക്കുന്നതിനു പകരം ആളുകള്‍ വീതിയുള്ള റോഡരികില്‍ തന്നെ വാഹനം നിര്‍ത്തി പോകുകയാണ് പതിവ്. ഇത് പാര്‍ക്കിങ് കരാറുകാരന് വന്‍ നഷ്ടമുണ്ടാക്കുന്നു. അവന്റെ താല്പര്യപ്രകാരമാണ് നോ പാര്‍ക്കിങ് ബോര്‍ഡ് ഇല്ലാത്തിടത്തും പെറ്റി അടിക്കാന്‍ എസ്.ഐ. ഏമാന് ശുഷ്‌കാന്തിയുണ്ടായത്. പെറ്റിയടിക്കുമ്പോള്‍ പേടിച്ച് ആളുകള്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനമുപയോഗിക്കും! കമ്മീഷന്‍ തന്നെയാണ് ഏമാന്റെ ലക്ഷ്യം.’

ഇവിടെ വി.കെ.സതീഷ് കുമാര്‍ എന്ന എസ്.ഐയുടെ നിലപാടല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മറിച്ച് ഡോ.അരുള്‍ ആര്‍.ബി.കൃഷ്ണ എന്ന ഡി.സി.പിയുടെ നിലപാടാണ്. തിരുവനന്തപുരം എന്ന തലസ്ഥാന നഗരത്തിന്റെ ക്രമസമാധാനപാലന ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥരില്‍ അധികാരം കൊണ്ട് രണ്ടാം സ്ഥാനത്താണ് ഈ ചെറുപ്പക്കാരന്‍. ഏതൊരു വിഷയവും സംബന്ധിച്ച് എല്ലാ വശവും പരിശോധിച്ച് വിലയിരുത്തി മാത്രമേ അദ്ദേഹം തീരുമാനമെടുക്കാവൂ. അങ്ങനെ തീരുമാനമെടുക്കുമ്പോള്‍ തന്നെ അതിന്റെ അനന്തരഫലമെന്താവുമെന്നു ചിന്തിക്കാനും അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്. എന്നാല്‍, ദീപുവിന്റെ കാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതെന്തെങ്കിലും ഡി.സി.പി. ചെയ്‌തോ? എസ്.ഐ. പറഞ്ഞ പരാതി കേട്ട പാതി കേള്‍ക്കാത്ത പാതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരു വിഭാഗം ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്ന സ്ഥലത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ചുമതല ഇത്തരമൊരുദ്യോഗസ്ഥനാണ് ലഭിക്കുന്നതെങ്കില്‍ ചിന്തിച്ചുനോക്കൂ, നാട് കുട്ടിച്ചോറായതു തന്നെ. ഇത്തരം നിലപാടുകളും നടപടികളുമായി മുന്നോട്ടു നീങ്ങുകയാണെങ്കില്‍ തീര്‍ത്തുപറയാം, ഡോ.അരുള്‍ കൃഷ്ണയെ പൊലീസ് പണിക്കു കൊള്ളില്ല. വല്ല ചകിരിച്ചോറ് കോര്‍പ്പറേഷന്റെയും മാനേജിങ് ഡയറക്ടറാക്കാന്‍ കൊള്ളാം.

satheesh kumar
എസ്.ഐ. വി.കെ.സതീഷ് കുമാര്‍

ഐ.പി.എസ്. എന്ന മൂന്നക്ഷരം പകരുന്ന വലിയ ഉത്തരവാദിത്വങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ജനങ്ങളോടു മാന്യമായി പെരുമാറുക എന്നതും അവര്‍ക്ക് ഹിതകരമായത് ചെയ്യുക എന്നതും തന്നെയാണ്. അരുള്‍ കൃഷ്ണ ഇക്കാര്യം പഠിക്കേണ്ടിയിരിക്കുന്നു. പെരുമാറ്റസംഹിത അദ്ദേഹം പഠിക്കേണ്ടത് മറ്റാരില്‍ നിന്നുമല്ല, ഡി.ജി.പി. ലോക്‌നാഥ്‌ ബെഹറയില്‍ നിന്നു തന്നെയാണ്. അടുത്തിടെ ഒരു കേസുമായി ബന്ധപ്പെട്ട് ബെഹറയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനിടയായ അനുഭവം വെച്ചാണ് ഇതു പറയുന്നത്. എന്റെ സുഹൃത്ത് അന്നയുടെ മകന്‍ സാമിനെ വിദേശിയായ ഭര്‍ത്താവ് ടോം നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയതായിരുന്നു കേസ്. ടോമിനെയും സാമിനെയും കൊച്ചിയില്‍ നിന്നു കാണാതായ സാഹചര്യത്തിലാണ് ഞാനും അന്നയും ആദ്യമായി ഡി.ജി.പിക്കു മുന്നിലെത്തുന്നത്. അന്ന് അന്ന സമര്‍പ്പിച്ച അപേക്ഷ വളരെ ഗൗരവത്തോടെ കാണുകയും തന്റെ ടീമിലെ തന്നെ പ്രത്യേക സംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ഡി.ജി.പി. ഓഫീസ് തന്നെയായിരുന്നു ഞങ്ങളുടെ ആശ്രയകേന്ദ്രം. ഓരോ തവണയും ബെഹറയെ കണ്ടിട്ട് പുറത്തിറങ്ങുമ്പോള്‍ പ്രതീക്ഷയുടെ നാളം അന്നയുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് എനിക്ക് കാണാനാവുമായിരുന്നു. പിന്നീട് ടോം കുട്ടിയെയും കൊണ്ട് നേപ്പാളിലെത്തിയപ്പോഴും അവിടെ നിന്നു ലണ്ടനിലേക്കു കടന്നപ്പോഴുമെല്ലാം അന്നയ്ക്ക് ആത്മവിശ്വാസം പകര്‍ന്നത് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ പെരുമാറിയ ബെഹറയാണ്.

arulrbkrishnaips
തിരുവനന്തപുരം ഡി.സി.പി. ഡോ.അരുള്‍ ആര്‍.ബി.കൃഷ്ണ

ഒരു ദിവസം രാവിലെ മുതല്‍ കേസ് സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളില്‍ കറങ്ങി നടന്ന ഞാനും അന്നയും വൈകുന്നേരത്തോടെയാണ് ഡി.ജി.പി. ഓഫീസിലെത്തിയത്. വളരെ ക്ഷീണിതരായ ഞങ്ങള്‍ അന്നേ ദിവസം ഒന്നും കഴിച്ചിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ബെഹറയ്ക്കു മനസ്സിലായി. നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ മുന്നില്‍ ഭക്ഷണമെത്തി. കഴിക്കാന്‍ ഡി.ജി.പിയുടെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധവും. സംസ്ഥാന പൊലീസിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥനില്‍ നിന്ന് തീര്‍ത്തും പുതിയൊരനുഭവമായിരുന്നു അത്. ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ സാഹചര്യമാണ് അപ്പോള്‍ എനിക്കോര്‍മ്മ വന്നത്. എന്തൊരു വിരോധാഭാസം!! അന്നയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ തന്റെ ബന്ധങ്ങളുപയോഗിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായും ഇന്റര്‍പോള്‍ പ്രതിനിധിയുമായെല്ലാം ബെഹറ നേരിട്ടു സംസാരിച്ചു. സി.ബി.ഐയിലെ ഉദ്യോഗസ്ഥരെ അന്നയ്ക്കു നേരിട്ട് ബന്ധപ്പെടുത്തിക്കൊടുത്തു. ബരാക് ഒബാമയുടെ സഹപാഠിയായ അഭിഭാഷകനെയും പരിചയപ്പെടുത്തി. ഇതെല്ലാം അന്നയ്ക്ക് പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. കുഞ്ഞിനെ ലഭിക്കണമെങ്കില്‍ അന്ന ലണ്ടനിലേക്കു പോകണമെന്നു പറഞ്ഞ് യാത്രയ്ക്ക് പ്രേരിപ്പിച്ചതും ബെഹറ തന്നെ. ആ വാക്കുകള്‍ വിശ്വസിച്ച അന്നയ്ക്കു പിഴച്ചില്ല. ലണ്ടനിലെ കോടതിയിലെ നിയമപോരാട്ടത്തില്‍ വിജയിച്ച് സാമുമായി അവള്‍ കുറച്ചുദിവസം മുമ്പ് മടങ്ങിയെത്തി. ഇന്ന് അന്നയുടെയും സാമിന്റെയും പ്രാര്‍ത്ഥനകളില്‍ ബെഹറയ്ക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. അതാണ് പറഞ്ഞത്, അരുള്‍ കൃഷ്ണയ്ക്ക് ലോക്‌നാഥ്‌ ബെഹറയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന്.

behera
ഡി.ജി.പി. ലോക്‌നാഥ്‌ ബെഹറ

മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഉപദേശിയോ ഡി.ജി.പിയോ വിചാരിച്ചാല്‍ കേരളത്തിലെ പൊലീസുകാരെ നന്നാക്കാനാവില്ല. തെറ്റു കണ്ടാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കണം. ഇവിടെ, തത്ത്വദീക്ഷയില്ലാത്ത തീരുമാനത്തിലൂടെ ഒരു സാധാരണ പൗരന്റെ സ്വത്തു നശിപ്പിച്ച് കനത്ത സാമ്പത്തികനഷ്ടം വരുത്തിയ തിരുവനന്തപുരം ഡി.സി.പിക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണം. എസ്.ഐ. അഴിമതിക്കാരനാണെങ്കില്‍ അയാള്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിക്കണം. യുവാവായ ഐ.പി.എസ്. ഓഫീസറെ ഇപ്പോള്‍ത്തന്നെ തിരുത്തല്‍നടപടിക്കു വിധേയനാക്കിയില്ലെങ്കില്‍ ഭാവിയില്‍ അയാള്‍ ഈ നാടിന്റെ ശാപമായി മാറും, സര്‍ക്കാരിന്റെയും.

എസ്.ഐയുടെ വഴിവിട്ട നടപടികള്‍ വ്യക്തമാക്കാന്‍ ദീപു ദിവാകര്‍ തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks