Reading Time: 4 minutes

ചില ധാരണകള്‍ തിരുത്താനാവില്ല.
ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്നെയാവണം.
ഓട്ടോറിക്ഷാ ഡ്രൈവര്‍ ഐ.ടി. കമ്പനി മുതലാളിയാവാമോ?
ഹേയ് പാടില്ല! അങ്ങനെ സംഭവിച്ചാല്‍ അത് വന്‍ അഴിമതിയാണ്, ബിനാമിയാണ്.
വി.ഡി.സതീശന്‍ എം.എല്‍.എ. ഉയര്‍ത്തുന്ന വാദമുഖങ്ങളാണ്.

സഫില്‍ സണ്ണി

സഫില്‍ സണ്ണി എന്നൊരു ചെറുപ്പക്കാരന്‍.
ബി.ടെക് പഠനം കഴിഞ്ഞ് സ്വദേശത്തും വിദേശത്തും കുറച്ചു കാലം ജോലി ചെയ്തു.
ആഗോളഭീമനായ MICROSOFT ഇതില്‍ ഉള്‍പ്പെടുന്നു.
അപ്പോഴാണ് പുതിയൊരു സംരംഭം സ്വന്തമായി തുടങ്ങിയാലോ എന്ന ചിന്ത വന്നത്.
കൂട്ടുകാര്‍ക്കൊപ്പം തുടങ്ങി ഒരു സ്റ്റാര്‍ട്ട് അപ്.
TRANZMEO എന്നാണ് പേര്.

NASSCOM ഇന്‍കുബേഷന്‍ പദ്ധതി വഴി വന്ന കമ്പനിയാണ് TRANZMEO.
TRANZMEO എന്നത് IoT അഥവാ Internet of Things സങ്കേതം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
IoT is a system of interrelated computing devices, mechanical and digital machines provided with unique identifiers (UIDs) and the ability to transfer data over a network without requiring human-to-human or human-to-computer interaction.
ഈ വിശദീകരണം മലയാളത്തിലാക്കിയാല്‍ ഒന്നും മനസ്സിലാവില്ല എന്നതിനാല്‍ അങ്ങനെ തന്നെ വിടുന്നു.
മറ്റുള്ളവര്‍ക്കു മനസ്സിലാകുന്ന വിധം മലയാളത്തിലാക്കാന്‍ അറിയില്ല എന്നു പറഞ്ഞാലും തെറ്റില്ല.

പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ടാണ് TRANZMEO പ്രവര്‍ത്തനം.
ഇന്‍കുബേഷന്‍ കാലാവധിയില്‍ തന്നെ ഭാരത് പെട്രോളിയത്തിന്റെ ചില ഇടപാടുകള്‍ അവര്‍ നേടി.
ആ സമയത്തു തന്നെ -2018ല്‍ -സമാന്തരമായി അവര്‍ക്ക് ഒരു ടെലിമെഡിസിന്‍ പദ്ധതിയും തയ്യാറാക്കി.
അതാണ് QuikDr.

ഒരു സ്റ്റാര്‍ട്ടപ്പിന് രണ്ട് പദ്ധതികളില്‍ സമാന്തരമായി പ്രവര്‍ത്തിക്കാന്‍ വലിയ പ്രയാസമാണ്.
സ്റ്റാര്‍ട്ടപ്പ് മെന്റര്‍മാരായി വന്ന വിദഗ്ദ്ധര്‍ ഇതു രണ്ടും വേര്‍തിരിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഒരേ കമ്പനി രണ്ട് ഉത്പന്നങ്ങളില്‍ ഒരേ സമയം ശ്രദ്ധിച്ചാല്‍ ലക്ഷ്യം പാളിപ്പോകും.
അങ്ങനെ QuikDr. വേറൊരു സ്ഥാപനമാക്കാന്‍ തീരുമാനിച്ചു.

നമുക്ക് സ്വന്തമായ ഒരു വസ്തു എന്തെങ്കിലും കാരണവശാല്‍ കൈയൊഴിയേണ്ടി വന്നു എന്നു കരുതുക.
അതു നമുക്ക് നഷ്ടമാകാതെ നോക്കുകയും വേണം.
അങ്ങനെയെങ്കില്‍ എന്തു ചെയ്യും?
സ്വാഭാവികമായും നമ്മുടെ ഉറ്റവരെ ആരെയെങ്കിലും അതേല്പിക്കും.
ഇവിടെ, സഫില്‍ തിരഞ്ഞെടുത്തത് അച്ഛന്‍ സി.എ.സണ്ണിയെയും അമ്മാവന്‍ ലാലന്‍ വര്‍ഗ്ഗീസിനെയുമാണ്.
ഇവര്‍ ഡയറക്ടര്‍മാരായി QuickDr. Healthcare Private Limited എന്ന കമ്പനി നിലവില്‍ വരുന്നത് അങ്ങനെയാണ്.
ആരോഗ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കാനും പ്രത്യേക കമ്പനി ആവശ്യമായിരുന്നു.

സഫില്‍ TRANZMEO കമ്പനിയുടെ CEO ആണ്.
വ്യക്തിപരമായി സഫിലിന് പുതിയ കമ്പനിയില്‍ പങ്കില്ല.
അതിനാല്‍ QuikDr. കാര്യങ്ങള്‍ നോക്കാന്‍ CMO തസ്തികയില്‍ ശമ്പളം കൊടുത്ത് വേറെ ആളിനെ നിയമിച്ചു.
സഫിലിന്റെ അച്ഛനും അമ്മാവനും പുതിയ കമ്പനിയില്‍ അദ്ദേഹത്തിന്‍റെ പ്രതിനിധികള്‍!
ഫലത്തില്‍ സഫില്‍ തന്നെയാണ് ഉടമ.
QuikDr. സാങ്കേതികകാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു പക്ഷേ ip address അടക്കം കൈകാര്യം ചെയ്യുന്നത് TRANZMEO ആയരിക്കും.

ഈ QuikDr. ആണ് ഇപ്പോള്‍ സതീശന്‍ വിവാദമാക്കിയിരിക്കുന്നത്.
അദ്ദേഹം പറയുന്നതു പോലെ വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയ കമ്പനി അല്ലിത്.
6 വര്‍ഷമായി സഫിലും കൂട്ടുകാരും ശ്രമിക്കുന്നു.
കൃത്യമായി പറഞ്ഞാല്‍ 2014 ജനുവരി 1 മുതല്‍.
ഇപ്പോള്‍ പ്രവര്‍ത്തനം കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് 2 ജ്യോതിര്‍മയയിലാണ്.
വിജയം എന്നത് തൊട്ടു തൊട്ടില്ല എന്ന അകലത്തില്‍ നില്‍ക്കുന്നു.
അതിന്റെ ഭാഗമായി ചെറിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്.

QuikDr. പുതിയ കമ്പനിയായി വന്ന ഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനാവശ്യമായ സാങ്കേതികവിദ്യ വല്ലതും കൈയിലുണ്ടോ എന്ന് വിവിധ കമ്പനികളോട് സര്‍ക്കാരില്‍ നിന്ന് അന്വേഷണം വരുന്നത്.
തങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഐ.ടി. കമ്പനികളോടും സര്‍ക്കാര്‍ ഈ ചോദ്യം -എങ്ങനെ കേരളത്തെ സഹായിക്കാനാവും -ചോദിച്ചിരുന്നു.
#FUTURECONNECT വഴി കേരളവുമായി ബന്ധപ്പെട്ട സ്പ്രിങ്ക്ളറിനോട് സര്‍ക്കാര്‍ ചോദിച്ചതും ഇതു തന്നെ.
പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിനു താങ്ങാവാന്‍ രാജി തോമസ് തീരുമാനിച്ച പോലെ തന്നെ സഫിലും തീരുമാനിച്ചു.
QuikDr. ആപ്പിന്റെ സേവനം സൗജന്യമായി സര്‍ക്കാരിന് സഫില്‍ കൈമാറി.
ഇതാണ് സത്യം.
ഇതു മാത്രമാണ് സത്യം.

മകന്‍റെ നേട്ടം അച്ഛന്റെ കൂടി വിയര്‍പ്പിന്റെ ഫലമല്ലേ?
സഫിലിന്റെ അച്ഛന്‍ സണ്ണിയാണ് സതീശന്‍ പറയുന്ന, അല്ലെങ്കില്‍ പുച്ഛിക്കുന്ന ഓട്ടോക്കാരന്‍.
ഓട്ടോക്കാരനെ സ്പ്രിങ്ക്ളറിന്റെ ബിനാമിയുമാക്കിയിട്ടുണ്ട് സതീശന്‍.
സ്പ്രിങ്ക്ളറിനെയോ രാജി തോമസിനെയോ കുറിച്ച് സതിശന് ശരിക്ക് അറിയാത്തതിനാലാണ്.
കോണ്‍ഗ്രസ് കുടുംബത്തിലെ ഏറ്റവും വലിയ കച്ചവടക്കാരനായ റോബര്‍ട്ട് വദ്രയെപ്പോലും ബിനാമിയായി രാജി തിരഞ്ഞെടുക്കില്ല.
പിന്നല്ലേ, സതീശന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ “വെറുമൊരു” ഓട്ടോക്കാരന്‍!
ബിനാമി എന്താണെന്ന് അറിയാത്തയാളാണോ “പ്രമുഖ” വക്കീലായ സതീശന്‍.

ഓട്ടോക്കാരന്റെ കമ്പനി എന്ന പ്രയോഗത്തില്‍ പലതുമുണ്ട്.
അതില്‍ ജാതീയതയുണ്ട്.
അതില്‍ സവര്‍ണ്ണ ജീര്‍ണ്ണതയുണ്ട്.
അതില്‍ സഹജീവിയോടുള്ള പുച്ഛമുണ്ട്.
എന്തെല്ലാം ഉണ്ടാവാന്‍ പാടില്ലയോ, അതെല്ലാമുണ്ട്.

സഫില്‍ മൈക്രോസോഫ്റ്റ് ഓഫീസിനു മുന്നില്‍

വി.ഡി.സതീശന്‍ എല്ലായ്പ്പോഴും ഇങ്ങനെയാണ്.
പുകമറ സൃഷ്ടിക്കുന്ന വക്കീല്‍ ബുദ്ധി.
ലോട്ടറി അഴിമതി എന്നു പറഞ്ഞ് സതീശന്‍ അവതരിപ്പിച്ച കാര്യങ്ങള്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്ന ചോദ്യം മാത്രം മതി പുറംപൂച്ച് പൊളിയാന്‍.
എങ്കിലും യു.ഡി.എഫില്‍ തലയ്ക്കകത്ത് അല്പം ആള്‍താമസം ഉള്ളയാള്‍ എന്ന പ്രതീതി ജനിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
അത് വെറും പ്രതീതി മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
പറയുന്ന കള്ളം വൃത്തിയായി പറയാനുള്ള കഴിവു മാത്രമാണെന്നു തിരിച്ചറിയുന്നു.

2020 ഫെബ്രുവരി 19നാണ് QuikDr. Healthcare Private Limited എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് 19 വ്യാപനമുണ്ടായതാവട്ടെ മാര്‍ച്ചിലും.
മഹാമാരി വ്യാപിക്കുമെന്ന ജ്യോതിഷ പ്രവചനം ആധാരമാക്കി QuikDr. എന്ന ബിനാമി കമ്പനിയെ സ്പ്രിങ്ക്ളര്‍ സൃഷ്ടിച്ചുവെന്നൊക്കെ പറയുന്ന വി.ഡി.സതീശന് എന്താണ് മറുപടി നല്‍കുക?
മാത്രമല്ല, കോവിഡ് വരുമെന്നും അപ്പോള്‍ കേരള സര്‍ക്കാര്‍ തന്നെ വിളിക്കുമെന്നും കൃത്യമായി പ്രവചിച്ചിക്കാനായ രാജി തോമസ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു വിജയിക്കുമെന്നു കൂടി കൃത്യമായി പ്രവചിച്ചാല്‍ ഇപ്പോഴുള്ള പ്രശ്നങ്ങളൊക്കെ തീരുമല്ലോ!!

അടിസ്ഥാന വര്‍ഗ്ഗം എന്നും അടിസ്ഥാന വര്‍ഗ്ഗമായിരിക്കണം എന്നാണ് സതീശനെപ്പോലുള്ളവരുടെ മുദ്രാവാക്യം.
തേങ്ങാവെട്ടുകാരന്റെ മകന്‍ പഠിച്ച് ഡോക്ടറായാല്‍ പിന്നെ തേങ്ങ വെട്ടാന്‍ ആളു വേണ്ടേ?
ഓട്ടോക്കാരന്‍റെ ഐ.ടി. കമ്പനിയില്‍ അത്ഭുതം വരുന്നത് ഈ ചിന്താഗതിയില്‍ നിന്നാണ്.
ഇത്തരം സവര്‍ണ്ണ ഫാസിസത്തിന് ഒരു സവിശേഷതയുണ്ട്.
എത്ര ഇരുമ്പുമറയിട്ടു മൂടിവെച്ചാലും അതു പുറത്തുചാടും.
നമ്മുടെ നേര്‍ക്ക് പല്ലിളിക്കും.
ഇടയ്ക്ക് ഹാലിളകും.
ഒടുവില്‍ നാണംകെട്ട് തോറ്റു പിന്മാറി മാളത്തിലൊളിക്കും.
ഈ കേസിലും അതു തന്നെയാണ് സതീശനെ കാത്തിരിക്കുന്നത്, ഉറപ്പ്.
പഴയ ലോട്ടറി കേസുപോലെ.

വികസനത്തിന്റെ ലാസ്റ്റ് ബസ് നഷ്ടപ്പെടാതിരിക്കാന്‍ നാട്ടുകാരെ വിളിച്ചു കയറ്റാന്‍ ശ്രമിച്ച ടീംസാ..
പരിതാപം പോലും ഇവര്‍ക്ക് അധികമാണ്!!

Previous articleADDIO! ARRIVEDERCI!!
Next articleകള്ളം കള്ളം സര്‍വ്വത്ര
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here