Reading Time: 4 minutes

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 23-ാം അദ്ധ്യായത്തിന് തിരശ്ശീല ഉയരുകയായി. പതിവു പോലെ ഒരു തീര്‍ത്ഥാടകനായി ഈയുള്ളവനുണ്ട്. 1997 മുതല്‍ ഒരു മേള പോലും മുടക്കിയിട്ടില്ല. ഒരുപാട് കാലം മേള റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിങ് ജോലി ഇല്ലാത്തപ്പോള്‍ കാഴ്ചക്കാരന്‍ മാത്രമായി പാറി നടന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി.സംഘാടക സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മേളയുടെ സംഘാടനം പൂര്‍ണ്ണമായ തോതില്‍ സന്നദ്ധപ്രവര്‍ത്തനമായി മാറിയിരിക്കുന്ന ഇക്കുറിയും അത്തരം ഉത്തരവാദിത്വം തന്നെ.

ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പാസ് വേണം. വളഞ്ഞ വഴിയില്ലാത്തതിനാല്‍ നേരായ മാര്‍ഗ്ഗത്തിലൂടെ രജിസ്റ്റര്‍ ചെയ്തു തന്നെ അതു സംഘടിപ്പിക്കണം. ഇത്തരത്തില്‍ പാസ് എടുക്കുന്നവര്‍ക്കെല്ലാം ആവശ്യമായ 2 സംഗതികളുണ്ട് -ചലച്ചിത്രങ്ങളുടെ സമയക്രമമുള്ള ഷെഡ്യൂളും ചിത്രങ്ങളെക്കുറിച്ചുള്ള ലഘു വിവരണമുള്ള ഹാന്‍ഡ്ബുക്കും. പാസിനൊപ്പം തുണി സഞ്ചിയിലാക്കി ഇതു കൊടുക്കും. എന്നാല്‍, ചിലര്‍ക്കെങ്കിലും ഷെഡ്യൂളും ഹാന്‍ഡ്ബുക്കും ഒരെണ്ണം വീതം കിട്ടിയാല്‍ പോരാ. അവര്‍ വീണ്ടും വരും. ചില വിരുതന്മാര്‍ ആദ്യ ദിവസം കിട്ടുന്ന ഷെഡ്യൂളും ഹാന്‍ഡ്ബുക്കും വീട്ടില്‍ വെച്ചിട്ട് അടുത്ത ദിവസം വീണ്ടും വരും -പുതിയതൊരെണ്ണം ഒപ്പിക്കാന്‍.

സംഘാടകസമിതി അംഗത്വം ബാദ്ധ്യതയാവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ചിലര്‍ പരിചയം ചൂഷണം ചെയ്യും. ചിലര്‍ അവകാശം പോലെ പിടിച്ചുവാങ്ങാന്‍ ശ്രമിക്കും. എണ്ണിച്ചുട്ട അപ്പം പോലെയാണ് മീഡിയാ സെല്ലില്‍ ഷെഡ്യൂളും ഹാന്‍ഡ്ബുക്കും വരിക. എല്ലാവര്‍ക്കും ഓരോന്നു വീതം കൊടുക്കാനേ കിട്ടാറുള്ളൂ. അതിനുപുറമെയാണ് ഈ കടന്നുകയറ്റം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കലായതിനാല്‍ ഇക്കുറി നിയന്ത്രണം കുറച്ചുകൂടി കടുക്കുമെന്ന് സാരം. ഈ തലവേദന എങ്ങനെ ഒഴിവാക്കും എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് സുഹൃത്ത് ഡേവിസിന്റെ സന്ദേശം ലഭിക്കുന്നത്. അതു കണ്ടതോടെ എന്റെ തലവേദന പെട്ടെന്നു തന്നെ ഇല്ലാതായി. വല്ലാത്തൊരു ശാന്തത കൈവരിച്ചു. കാരണം ഹാന്‍ഡ്ബുക്കിന്റെയും ഷെഡ്യൂളിന്റെയും പേരില്‍ രൂപമെടുക്കാന്‍ സാദ്ധ്യതയുള്ള പ്രതിസന്ധിക്കുള്ള പരിഹാരമായിരുന്നു ഡേവിസിന്റെ സന്ദേശം.

ഡേവിസ് ടോം

ഡേവിസ് ടോം -ഈ ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെട്ടിട്ട് അധികകാലമായിട്ടില്ല. ഞങ്ങളെല്ലാവരും കൂടി സംഘടിപ്പിച്ച വി, ദ പീപ്പിള്‍ പരിപാടിയിലൂടെയാണ് ഡേവിസിനെ കിട്ടിയത്. ടെക്‌നോപാര്‍ക്കിലെ ഫൗണ്ടിങ് മൈന്‍ഡ്‌സ്‌ എന്ന സ്ഥാപനത്തില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍. വി, ദ പീപ്പിളിന്റെ ഏറ്റവും പ്രധാന ഭാഗമായ ധനകാര്യ വിഭാഗത്തില്‍ കണക്കുകള്‍ ക്രോഢീകരിച്ചു സൂക്ഷിക്കുന്നതിനും കൃത്യമായി അത് പ്രസിദ്ധീകരിക്കുന്നതിനും നേതൃത്വപരമായ പങ്കുവഹിക്കുക വഴി എല്ലാവരുടെയും സ്‌നഹത്തിനും ബഹുമാനത്തിനും പാത്രീഭവിച്ചവന്‍. ഈ ഡേവിസും 3 കൂട്ടുകാരും കൂടി ഫിലിം ഫെസ്റ്റിവലിനെ ‘ആപ്പി’ലാക്കി! എന്നു വെച്ചാല്‍ ചലച്ചിത്രമേളയ്ക്കായി ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയെന്നര്‍ത്ഥം. അതാണ് Fest 4 You.

നിള തിയേറ്ററില്‍ രാവിലെ 9.30ന് സ്‌ക്രൂഡ്രൈവര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ കൈരളിയില്‍ അതേ സമയം ഏത് ചിത്രമായിരിക്കും? ഇതില്‍ ഏതു സിനിമയാണ് ഏറ്റവും മികച്ചത്? IMDB റേറ്റിങ്ങില്‍ മുമ്പില്‍ നില്‍ക്കുന്നത് ഏതു ചിത്രമാണ്? അതിന്റെ ട്രെയ്‌ലര്‍ കണ്ടോ? ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ഇത്തരം ചോദ്യങ്ങളുണ്ടായിരിക്കും. ഷെഡ്യൂളും ഹാന്‍ഡ്ബുക്കും ഉണ്ടായിരുന്നാലും ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അല്പം മെനക്കെടണം. തീരുമാനമെടുക്കാനുള്ള ഈ മെനക്കേട് ഉണ്ടാക്കുന്ന സമയനഷ്ടം ഒരു പക്ഷേ, തിയേറ്ററിലെ സീറ്റ് നഷ്ടപ്പെടുത്തിയേക്കാം. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അക്ഷരാര്‍ത്ഥത്തില്‍ വിരല്‍ത്തുമ്പിലാക്കി തന്നിരിക്കുകയാണ് ഡേവിസും കൂട്ടുകാരായ എന്‍.കെ.ശരത്, കെ.പി.രതീഷ് കുമാര്‍, ഗണേഷ് പയ്യന്നൂര്‍ എന്നിവരും ചേര്‍ന്ന്.

എന്‍.കെ.ശരത്

എല്ലാത്തിനും മറുപടിയാണ് Fest 4 You ആപ്ലിക്കേഷന്‍. ഇത്തവണത്തെ ചലച്ചിത്ര മേളയിലെ മുഴുവന്‍ ചിത്രങ്ങളെയും പ്രദര്‍ശന തീയതി, സമയം, തിയേറ്റര്‍, പ്രദര്‍ശിപ്പിക്കപ്പെട്ടുന്ന വിഭാഗം എന്നിങ്ങനെ വിശദമായി തരംതിരിച്ചിട്ടുണ്ട്. സിനിമയ്ക്ക് IMDB നല്‍കിയിരിക്കുന്ന റേറ്റിങ്, സിനിമയെകുറിച്ചുള്ള ലഘു വിവരണം, സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും, ട്രെയ്‌ലറുണ്ടെങ്കില്‍ അത് എന്നു വേണ്ട ഒരു ചലച്ചിത്രത്തെക്കുറിച്ച് അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ വെറുമൊരു ക്ലിക്കിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ തെളിയും.

കെ.പി.രതീഷ് കുമാര്‍

ഓരോ ഉപയോക്താവിനും അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യമനുസരിച്ച് ഈ ആപ്പ് ക്രമീകരിക്കാനാവും. അതായത് കാണേണ്ട സിനിമകള്‍ മുന്‍കൂട്ടി നിശ്ചയിച്ച് സ്വന്തം ഷെഡ്യൂള്‍ തയ്യാറാക്കി വെയ്ക്കാം. അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍, രാജ്യം, ഭാഷ എന്നിങ്ങനെ ഏതു വിശദാംശം വെച്ചും ആപ്പിനുള്ളില്‍ ബന്ധപ്പെട്ട ചിത്രം പരതിയെടുക്കാം. ചലച്ചിത്രമേളയെ സംബന്ധിച്ച അറിയിപ്പുകളും ഈ ആപ്പിലൂടെ ലഭിക്കും.

ഗണേഷ് പയ്യന്നൂർ

വെറും രണ്ടാഴ്ച കൊണ്ടാണ് നാല്‍വര്‍ സംഘം ഈ ആപ്പ് രൂപപ്പെടുത്തിയത്. കഴിഞ്ഞ അന്താരാഷ്ട്ര ഡോക്യുമെന്ററി -ഹ്രസ്വചിത്ര മേളയിലൂടയാണ് ഡേവിസ് ആദ്യമായി ഒരു ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. മേളയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു ആപ്പ് ഉണ്ടെങ്കില്‍ എത്ര നന്നായേനെ എന്ന് അദ്ദേഹത്തിന് തോന്നി. ഇക്കഴിഞ്ഞ നവംബര്‍ 23ന് ആ ആശയം സംഘത്തിലെ മറ്റു 3 പേരുമായി പങ്കുവെച്ചു. ഇത്തവണ ചലച്ചിത്ര അക്കാദമിക്ക് ആപ്പ് ഉണ്ടോ എന്നു നോക്കാനും ഇല്ലെങ്കില്‍ അവര്‍ തന്നെ ഒരെണ്ണം തയ്യാറാക്കാനും നിശ്ചയിച്ചു.

പിന്നെ അന്വേഷണമായി. ചലച്ചിത്ര അക്കാദമിയെ ബന്ധപ്പെട്ടു. ഔദ്യോഗികമായി ഷെഡ്യൂള്‍ ആപ്പ് ഇല്ല എന്നുറപ്പാക്കി. വിവരങ്ങള്‍ തരാം, നിങ്ങള്‍ ആപ്പ് തയ്യാറാക്കൂ എന്ന് അക്കാദമി. അതോടെ പണി തുടങ്ങി. ആപ്പിന്റെ രൂപകല്പനയും ചലച്ചിത്രങ്ങളെക്കുറിച്ച് അക്കാദമി തരാത്ത വിവരങ്ങളുടെ ക്രോഢീകരണവുമായിരുന്നു പ്രധാന ജോലി. ഡേവിസിനൊപ്പം ശരത്തും രതീഷും ഫൗണ്ടിങ് മൈന്‍ഡ്‌സില്‍ തന്നെയാണ്. നേരത്തേ ഇവര്‍ക്കൊപ്പമായിരുന്ന ഗണേഷ് ഇപ്പോള്‍ കോഴിക്കോട് ക്യു ബേഴ്‌സ്റ്റ് എന്ന കമ്പനിയിലാണ്. ഓഫീസ് സമയത്തിനു ശേഷവും വാരാന്ത്യത്തിലുമായിരുന്നു ആപ്പ് ഡെവലപ്‌മെന്റ്. ആദ്യാലോചനയില്‍ നിന്ന് പ്ലേ സ്റ്റോറിലെ Fest 4 You ആപ്പിലേക്ക് 12 ദിവസം കൊണ്ട് വികാസം പൂര്‍ത്തിയായി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മുമ്പ് സൃഷ്ടിച്ചിട്ടിരുന്ന ഇന്നൊവേവ്‌സ് എന്ന അക്കൗണ്ട് മുഖേന പ്രസിദ്ധീകരിക്കുകയും ചെയ്തു. ഐ.ഒ.എസ്. ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇത് അംഗീകാരത്തിനായി ആപ്പിളിന് സമര്‍പ്പിച്ചിരിക്കുകയാണ്.

ഐ.എഫ്.എഫ്.കെ. മാത്രമല്ല, വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ഏതു ചലച്ചിത്ര മേളയുടെ വിവരങ്ങളും ഉള്‍പ്പെടുത്താവുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ ആപ്പില്‍ തങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി മറ്റു ചലച്ചിത്രമേളകളും സമീപിക്കുമെന്ന് ഡേവിസും കൂട്ടുകാരും വിശ്വസിക്കുന്നു. ഒരു കൗതുകത്തിന്റെ പേരില്‍ ചെയ്തതാണ് എന്നതിനാല്‍ ഈ ആപ്പില്‍ നിന്ന് സാമ്പത്തികലാഭമൊന്നും നാല്‍വര്‍ സംഘം പ്രതീക്ഷിക്കുന്നില്ല. ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ ഇത് ഉപയോഗിച്ചു നോക്കുക, വിലയിരുത്തുക. അങ്ങനെ ഉണ്ടാവുന്ന അഭിപ്രായങ്ങള്‍ ഈ ചെറുപ്പക്കാര്‍ക്ക് വലിയ പ്രചോദനമാകും.

 


ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Fest 4 You GOOGLE PLAY

Fest 4 You ITUNES

Previous articleകുമ്മനം ട്രോളിന് അതീതനോ?
Next articleപ്രിയങ്കയെ വെട്ടിയ പ്രിയ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here