Reading Time: 5 minutes

പിണറായി വിജയനായ ഞാന്‍ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെയും മനഃസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വ്വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തലത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

പിണറായി വിജയനായ ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയില്‍ എന്റെ പരിഗണനയില്‍ കൊണ്ടുവരുന്നതോ എന്റെ അറിവില്‍ വരുന്നതോ ആയ ഏതെങ്കിലും വിഷയം അങ്ങനെയുള്ള മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങളുടെ മുറപ്രകാരമുള്ള നിര്‍വ്വഹണത്തിന് ആവശ്യമാകുന്നതൊഴികെ ഞാന്‍ ഏതെങ്കിലും ആള്‍ക്കോ ആളുകള്‍ക്കോ നേരിട്ടോ നേരിട്ടല്ലാതെയോ അറിയിച്ചുകൊടുക്കുകയോ വെളിപ്പെടുത്തിക്കൊടുക്കുകയോ ചെയ്യുകയില്ലെന്ന് സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ പിണറായി വിജയന്‍ ചൊല്ലിയ സത്യവാചകം. പ്രതിജ്ഞയുടെ ആദ്യഭാഗത്ത് “കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെയും മനഃസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വ്വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തലത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും” പ്രതിജ്ഞ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി മാത്രമല്ല, ജനാധിപത്യ ഭരണസംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവരും ഈ സത്യവാചകം ചൊല്ലുന്നുണ്ട്. കാരണം അത്രമാത്രം പ്രധാനപ്പെട്ടതാണ് ഈ ഉറപ്പ് -സ്വജനപക്ഷപാതം ഇല്ലാതെ നീതി ചെയ്യുമെന്നുള്ള ഉറപ്പ്.

ഈ ഉറപ്പ് ജനപ്രതിനിധികള്‍ക്കു മാത്രം മതിയോ? ഭരണസംവിധാനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്കു വേണ്ടേ? തീര്‍ച്ചയായും വേണം. ജനപ്രതിനിധിക്കു വേണ്ട നിഷ്പക്ഷതയും നീതിബോധവും സ്വജനപക്ഷപാതമില്ലായ്മയും ഉദ്യോഗസ്ഥരും പിന്തുടര്‍ന്നേ പറ്റൂ. ഉദ്യോഗസ്ഥര്‍ അതു ചെയ്യാതാവുമ്പോള്‍ പൊതുജനത്തിന് നീതി നിഷേധിക്കപ്പെടുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്‍ അസ്വീകാര്യനാവുന്നത് അവിടെയാണ്.

കൊറോണ അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കൊപ്പം

ഈ കൊറോണക്കാലത്തെ ഏറ്റവും വൃത്തികെട്ട ചിത്രം കഴിഞ്ഞദിവസം കണ്ടു. കൊറോണ അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍! മദ്യപിച്ചു ലക്കുകെട്ട് വണ്ടിയോടിച്ച് ഒരു പാവം മനുഷ്യനെ പാതിരാത്രിയില്‍ ഇടിച്ചുകൊന്ന കേസിലെ പ്രതി വീണ്ടും സര്‍ക്കാര്‍ സേവനത്തില്‍. ഒരു കേടുപാടുമില്ലാതെ കൂളായിരുന്ന് വെള്ളം കുടിക്കുന്നു. കേരളത്തിലെ സാധാരണക്കാരുടെ ജനാധിപത്യബോധത്തിന്റെയും പൗരബോധത്തിന്റെയും തലയില്‍ ചുറ്റിക കൊണ്ടുള്ള ശക്തമായ അടി! ആ അടിയേറ്റ വേദനയാല്‍ ഞാന്‍ നന്നായി പുളഞ്ഞു.

താന്‍ ചെയ്ത കുറ്റത്തില്‍ നിന്നു രക്ഷപ്പെടാന്‍ തന്നിലര്‍പ്പിതമായ അധികാരത്തിന്റെ പച്ചയായ ദുര്‍വിനിയോഗമാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയത്. തന്റെ സ്വാധീനമുപയോഗിച്ച് രക്തപരിശോധന വൈകിപ്പിച്ചതു മുതല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അത്യപൂര്‍വ്വ മറവിരോഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതു വരെയുള്ള നിയമലംഘനങ്ങള്‍. ഇത് അയാള്‍ ചെയ്ത യഥാര്‍ത്ഥ കുറ്റമായ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ ഇടിച്ചുകൊന്നു എന്നതിനെക്കാള്‍ എത്രയോ വലുതാണ്.

കെ.എം.ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനു കാരണമായ അപകടമുണ്ടായ ആ നിമിഷം മുതല്‍ നിയമസംവിധാനത്തെ മുഴുവന്‍ വെല്ലുവിളിച്ച് സാധാരണക്കാരനുള്ള നീതിബോധത്തെയും നിയമവാഴ്ചയിലുള്ള വിശ്വാസത്തെയും മുഴുവന്‍ കൊഞ്ഞനം കുത്തിക്കൊണ്ടാണ് എല്ലാ തെളിവുകളും നശിപ്പിച്ച് ശ്രീറാമിനെ രക്ഷിച്ചെടുക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ശ്രമിച്ചത്. ആ നീക്കങ്ങള്‍ക്കുള്ള രാഷ്ട്രീയ പിന്തുണ കൂടിയായി മാറിയിരിക്കുന്നു -പരോക്ഷമായെങ്കിലും -ഇപ്പോള്‍ ശ്രീറാമിന്റെ പുനഃസ്ഥാപനം.

മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായ ഒരു സാധാരണക്കാരന് -അവന്‍ അപകടമുണ്ടാക്കണം എന്നൊന്നുമില്ല -പൊലീസിന്റെ വൈദ്യപരിശോധന ഒഴിവാക്കാനാവുമോ? വൈദ്യപരിശോധനയ്ക്കു സമ്മതിക്കാതിരുന്നത് ശ്രീറാമിന്റെ അവകാശത്തില്‍പ്പെട്ട കാര്യമാണെന്ന് ഡി.സി.പിയെയും പിന്നീട് പൊലീസ് മേധാവിയെയും കൊണ്ടു തന്നെ പറയിപ്പിച്ചത് ഐ.എ.എസ്സുകാരന്‍ എന്ന സ്ഥാനവും അധികാരവുമല്ലേ? സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു പോയി സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അഭിരമിക്കാന്‍ ശ്രീറാമിനെ പ്രാപ്തനാക്കിയതും അയാളുടെ അധികാരമാണ്.

അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെ കുറ്റമേല്‍ക്കാന്‍ പ്രേരിപ്പിച്ചതും മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ചതും ഏതെങ്കിലുമൊരു വക്കീലിന്റെ ബുദ്ധിയല്ല, ശ്രീറാമിന്റെ കുബുദ്ധി തന്നെയാണ്. അതിനു ശേഷം തനിക്ക് retrograde amnesia ആണ് എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചതും ഒടുവില്‍ ഒരു തെളിവുമില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി ഇപ്പോള്‍ തിരികെക്കയറിയതും അധികാരസ്ഥാനങ്ങളിലെ വളച്ചിലിന്റെയും പുളച്ചിലിന്റെയും ഫലം തന്നെയല്ലേ? ഇതു തന്നെയല്ലേ നിര്‍ബന്ധമായും വര്‍ജ്ജിക്കുമെന്ന് മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ തങ്ങളുടെ സത്യപ്രതിജ്ഞയില്‍ എടുത്തുപറയുന്ന അധികാരദുര്‍വിനിയോഗം?

അമിതമായി മദ്യപിച്ചുകൊണ്ട് വാഹനമോടിച്ചത് അങ്ങനെ ചെയ്‌താൽ അപകടം സംഭവിക്കുമെന്നും നിയമവിരുദ്ധമാണെന്നുമൊക്കെ അറിയുന്ന ഒരു ഡോക്ടർ കൂടിയായ ഉദ്യോഗസ്ഥനാണ്. അവിടെ അയാള്‍ ചെയ്തത് കൊടിയ തെറ്റാണ്. നടുറോഡിൽ ഒരു മനുഷ്യനെ വണ്ടിയിടിച്ച് കൊന്നത് പൊടുന്നനെ പറ്റിയ ഒരു അബദ്ധമല്ല എന്നു പറയുന്നത് അതിനാല്‍ത്തന്നെയാണ്.

ഐ.എ.എസ്. -ഐ.പി.എസ്. ഉന്നതന്മാരുടെ അച്ചുതണ്ട് ഈ കേസ് അട്ടിമറിക്കാന്‍ നടത്തിയ കളികള്‍ ഇന്നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇരയായത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ആണെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ കൈമെയ് മറന്നു നടത്തിയ പോരാട്ടമാണ് ശക്തമായൊരു നിലപാട് സ്വീകരിക്കാനും നീതി ഉറപ്പാക്കാനും സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. അങ്ങനെ കൃത്യമായ അന്വേഷണം ഉറപ്പാക്കിയതിന്റെ ഫലമായി ശ്രീറാം മദ്യപിച്ച് അതിവേഗത്തിൽ വണ്ടിയോടിച്ച് ഒരാളെ ഇടിച്ചുകൊന്നു എന്ന കുറ്റപത്രം കോടതിയിലുണ്ട്. അയാൾ കിംസ് ആശുപത്രിയിൽ വെച്ച് വൈദ്യപരിശോധനയ്ക്കു വിസമ്മതിച്ചു എന്ന അവിടത്തെ നഴ്‌സിന്റെ മൊഴി കുറ്റപത്രത്തിൽ ഉണ്ട്. രക്തപരിശോധന നടത്തിയില്ല എന്നതുകൊണ്ടു മാത്രം അയാള്‍ കേസില്‍ നിന്നു രക്ഷപ്പെടില്ല എന്നര്‍ത്ഥം. രക്തപരിശോധനയ്ക്കു വിസമ്മതിച്ചു എന്ന് കോടതിയില്‍ പൊലീസിന് തെളിയിക്കാനായാല്‍ ശ്രീറാം വടിപിടിക്കും.

ഇവിടെയാണ് ശ്രീറാമിന്റെ ഇപ്പോഴത്തെ നിയമനം പ്രശ്നമാകുന്നത്. പൊലീസിന്റെ സഹായത്തോടെ നടത്തിയ തെളിവ് നശിപ്പിക്കലുള്‍പ്പടെയുള്ള അയാളുടെ കൃത്യങ്ങള്‍ക്ക് സാക്ഷികളായത് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണ്. കേസിലെ പ്രധാന സാക്ഷികള്‍ ഇവരാണെന്നിരിക്കെ ഇതേ വകുപ്പിലെ ഉയര്‍ന്ന തസ്തികയില്‍ കേസിലെ മുഖ്യപ്രതി തിരിച്ചെത്തുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനിടയാക്കും. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറി പദവില്‍ നിയമിക്കപ്പെട്ട പ്രതിയുടെ കീഴിലായിരിക്കും സാക്ഷികളായ ഉദ്യോഗസ്ഥരെന്നതിനാല്‍ ഇവര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാകുമെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാം.

അപകടത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഒരു ഡോക്ടര്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ക്ക് നിരക്കാത്ത വിധം രക്തപരിശോധനയില്‍ നിന്ന് രക്ഷപ്പെടുകയും സ്വകാര്യ ആശുപത്രിയിലായിരിക്കെ പ്രാഥമിക രക്തപരിശോധനയ്ക്കു പോലും വിസമ്മതിക്കുകയും ചെയ്ത ശ്രീറാമിനെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല ഏല്പിച്ചു എന്നത് വിരോധാഭാസമല്ലേ? ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട വകുപ്പിന്റെ താക്കോല്‍ സ്ഥാനത്ത് ഒരു കുറ്റവാളിയെ നിയമിക്കുന്നത് ശരിയാണോ? തനിക്ക് retrograde amnesia ആണെന്ന് പറയുന്ന ഒരാളെയാണ് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷാ കൈയേല്പിക്കുന്നത്. കൈ കഴുകാന്‍ മറന്ന് Break The Chain മുറിക്കാതിരുന്നാല്‍ ഭാഗ്യം!

ശ്രീറാമിന് നിയമനം നല്‍കിയ സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് ആരാധകര്‍ എന്ന പേരില്‍ വെട്ടുകിളിക്കൂട്ടം സമൂഹമാധ്യമങ്ങളില്‍ ചാടിയിറങ്ങിയിട്ടുണ്ട്. ശ്രീറാമിന് എന്തോ സവിശേഷ വിദേശ ബിരുദം ഉള്ളതുകൊണ്ട് അയാള്‍ വരുന്നത് ഈ കൊറോണ വിരുദ്ധ പോരാട്ടത്തിന് മുതല്‍ക്കൂട്ടാകും എന്നാണ് ആരാധകരുടെ മൊഴിവചനം. ബിരുദമല്ല, വിവേകമാണ് ഒരു ഭരണാധികാരിക്ക് അഭികാമ്യമെന്ന് പാവങ്ങള്‍ക്കറിയില്ല. വിവേകം തനിക്ക് ലവലേശമില്ലെന്ന് വളരെ നന്നായി തെളിയിച്ചയാളാണ് ശ്രീറാം എന്നോര്‍ക്കണം. മാത്രമല്ല, ഡോക്ടര്‍, സവിശേഷ ബിരുദം എന്നിവയാണ് മാനദണ്ഡമെങ്കില്‍ ശ്രീറാമിനെക്കാള്‍ യോഗ്യരായ എത്രയോ ഐ.എ.എസ്സുകാര്‍ വേറെയുണ്ട് കേരള കേഡറില്‍.

കോവിഡ് 19നെതിരായ പോരാട്ടകാലത്ത് സര്‍ക്കാരിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നവരും ശ്രീറാമിനെ പിന്തുണയ്ക്കാന്‍ എത്തിയിട്ടുണ്ട്. ശ്രീറാമിനുള്ള നല്‍കുന്ന പിന്തുണ സര്‍ക്കാരിനു നല്‍കുന്ന പിന്തുണയുടെ ഭാഗവും ബാദ്ധ്യതയുമാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍, സര്‍ക്കാരിനുള്ള പിന്തുണ സര്‍ക്കാരിന്റെ ശരിയായ നടപടികള്‍ക്കു മാത്രമുള്ള പിന്തുണയാണെന്ന് പലരും സൗകര്യപൂര്‍വ്വം മറന്നു. അവരൊക്കെ ഭക്തജനസംഘത്തിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുന്നു എന്നു തന്നെ പറയേണ്ടി വരും.

ബഷീറിന് നീതിയുറപ്പാക്കാന്‍ ആദ്യം പോരാടിയ കേരള പത്രപ്രവര്‍ത്തക യൂണിയനു പിന്നീട് പറ്റിയ പിഴവുകള്‍ ശ്രീറാമിന്റെ തിരിച്ചുവരവിന് ചരടുവലിച്ചവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നടക്കുന്നത് എന്താണെന്ന് സമയാസമയം മാധ്യമസമൂഹത്തെ അറിയിക്കുന്നതിലെങ്കിലും യൂണിയന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ശ്രീറാമിന്റെ കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് കെ.യു.ഡബ്ല്യു.ജെ. നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അറിയിച്ചിരുന്നു. ഇത് യൂണിയന്‍ നേതാക്കള്‍ തന്നെ പിന്നീട് പറഞ്ഞറിഞ്ഞതാണ്. ശ്രീറാമിന് നിയമനം നല്‍കുന്നത്തില്‍ തങ്ങള്‍ക്കുളള വിയോജിപ്പ് രേഖപ്പെടുത്തിയെന്നും ഉത്തരവിറങ്ങിയ ശേഷം അവര്‍ വെളിപ്പെടുത്തി.

എന്നാല്‍, ഇത്തരത്തില്‍ കൂടിക്കാഴ്ച നടന്നതും വിയോജിപ്പ് രേഖപ്പെടുത്തിയതും മാധ്യമപ്രവര്‍ത്തക സമൂഹത്തെ യൂണിയന്‍ നേതാക്കള്‍ തത്സമയം അറിയിച്ചില്ല. നാലു ദിവസം കഴിഞ്ഞപ്പോള്‍ ശ്രീറാമിന്റെ നിയമന ഉത്തരവ് ഇറങ്ങി. ഉത്തരവ് മുഖ്യമന്ത്രി അംഗീകരിക്കുകയും യൂണിയനുമായുള്ള ധാരണയിലാണ് നടപടിയെന്നു വ്യക്തമാക്കുകയും ചെയ്ത ശേഷം പ്രതിഷേധക്കുറിപ്പുമായി യൂണിയന്‍ രംഗത്തെത്തി. തങ്ങളുടെ വിയോജിപ്പ് സര്‍ക്കാര്‍ അംഗീകരിച്ചു എന്ന മിഥ്യാധാരണയായിരിക്കാം ഒരു പക്ഷേ, നേതാക്കളെ അബദ്ധത്തില്‍ ചാടിച്ചത്. അപ്പോഴും നിര്‍ണ്ണായകമായ ആ നാലു ദിവസങ്ങളില്‍ പുലര്‍ത്തിയ മൗനം കുറ്റകരം തന്നെയാണ്. കൈയിലിരുന്ന വടി ശത്രുവിന് എറിഞ്ഞുകൊടുത്ത ശേഷം അതെടുത്ത് അവന്‍ തിരിച്ചടിക്കുമ്പോള്‍ “അയ്യോ” എന്നു നിലവിളിച്ചിട്ട് എന്തു കാര്യം!

എന്തായാലും ഈ കൊലപാതകിയെ ചട്ടങ്ങളും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി സര്‍വ്വീസിലേക്കു തിരിച്ചുകൊണ്ടുവന്നത് വിഷയത്തില്‍ ഇതുവരെ സര്‍ക്കാര്‍ പുലര്‍ത്തിയതായി പറയപ്പെടുന്ന ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതാണ്. ഈ നടപടിക്ക് ഒരു മഹാമാരിയെ മറയാക്കിയത് സംശയം ഇരട്ടിപ്പിക്കുന്നു. കാരണം, നടപടിക്രമങ്ങള്‍ പാലിക്കാന്‍ ശ്രീറാമിന്റെ കാര്യത്തില്‍ കാണിച്ച ഉത്സാഹം രാജു നാരായണസ്വാമി എന്ന ഐ.എ.എസ്സുകാരന്റെ കാര്യത്തിലും ടി.പി.സെന്‍കുമാര്‍, ജേക്കബ്ബ് തോമസ് തുടങ്ങിയ ഐ.പി.എസ്സുകാരുടെ കാര്യത്തിലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല.

ശ്രീറാം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂലവിധി നേടിയതനുസരിച്ചാണ് നിയമനമെങ്കില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വകുപ്പുണ്ടാവുമായിരുന്നില്ല. എന്നാല്‍, കേന്ദ്ര ട്രിബ്യൂണലിലെ കേസിനെ ഭയപ്പെടുന്നു എന്നു വ്യാജേന തിടുക്കപ്പെട്ടതിലും അതിന് കോവിഡ് 19നെ മറയാക്കിയതിലും ആരുടെ താല്പര്യമാണ് നിഴലിച്ചത് എന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.

തങ്ങള്‍ക്കനഭിമതനായ, കുറ്റം ചെയ്തുവെന്ന് ഉറപ്പുള്ള -പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതിയിലുണ്ട് -ഒരുദ്യോഗസ്ഥനെ നിലയ്ക്കു നിര്‍ത്താനാവാത്ത നിയമക്കുരുക്കിലാണ് എന്നു സ്വയം വിശ്വസിച്ച് തെറ്റിന് വഴങ്ങുന്ന സര്‍ക്കാരിന്റെ കര്‍മ്മശേഷിയാണ് ഇവിടെ സംശയത്തിലാകുന്നത്. ഉദ്യോഗസ്ഥരുടെ കൈകളില്‍ അമ്മാനമാടുന്ന ഒരു പാവഭരണകൂടമല്ല ഇവിടെയുള്ളത് എന്നു വിശ്വസിക്കാനാണ് ഇഷ്ടം. ദയവായി അങ്ങനെയാവരുത്.

Previous articleവൈറസിനെ പിടിക്കാന്‍ കേരളത്തില്‍ റാപിഡ് ടെസ്റ്റ്
Next articleലാപ്ടോപ്പില്‍ ഇന്റര്‍നെറ്റ് വലിയുന്നുണ്ടോ?
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS