അത്തം പത്തിന് പൊന്നോണം. പൊന്നിന്‍ ചിങ്ങ മാസത്തിലെ അത്തം പിറന്നാല്‍ പത്താം നാള്‍ തിരുവോണം എന്നര്‍ത്ഥം. അതായത് അത്തം നാള്‍ മുതല്‍ ഓണത്തിന് തുടക്കമാവുകയാണ്. അന്നാണല്ലോ പൂക്കളമിടുക. മുറ്റത്തെ പൂക്കളം കാണുമ്പോള്‍ അറിയുക, ഓണം വരവായി.
തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചിരുത്താന്‍ പൂക്കളമൊരുക്കുന്നു എന്നാണ് സങ്കല്പം. തന്നെ വന്നു കണ്ട് പൂജിക്കാന്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ തൃക്കാക്കരയപ്പന്‍ തന്നെ ഏര്‍പ്പെടുത്തിയതാണ് ഈ പൂക്കളം പരിപാടി. മുറ്റത്ത് പൂക്കളം സൃഷ്ടിച്ച് അതില്‍ തൃക്കാക്കരയപ്പനെ കുടിയിരുത്തി ആര്‍ക്കും പൂജിക്കാം, ജാതി മത വര്‍ണ്ണ ഭാഷാ വ്യത്യാസമില്ലാതെ.
പൂക്കളത്തിന് ശാസ്ത്രമുണ്ട്. അതാരും ഇപ്പോള്‍ നോക്കാറില്ല. അറിയില്ല എന്നും പറയാം. കുട്ടിക്കാലത്ത് പാടത്തും പറമ്പിലും പൂ പറിക്കാന്‍ പോകുമ്പോള്‍ മുതിര്‍ന്നവര്‍ അതിന്റെ ശാസ്ത്രം പറഞ്ഞാണ് വിടുക. ആ ദിവസം ആ പ്രത്യേക പൂവ് കൊണ്ടുവരണം എന്ന്. ഓരോ നാട്ടിലും ഓരോ രീതിയാണ്. ഞങ്ങളുടെ രീതി പറയാം.
അത്തം നാളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. വട്ടത്തില്‍ ഒരു നിരയേ പാടുള്ളൂ. ചിത്തിരയായ രണ്ടാം ദിവസം രണ്ടിനം പൂക്കളും 2 നിരയും. ചോതിയായ മൂന്നാം ദിവസം മൂന്നിനം പൂക്കളും 3 നിരയും. ചോതി നാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് അല്ലെങ്കില്‍ ചുവന്ന പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ.
ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരും. പത്താം ദിവസം ആകുമ്പോള്‍ 10 നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് 10 നിരകളുള്ള പൂക്കളം ഒരുക്കുന്നു. ഉത്രാട ദിനത്തിലാണ് പൂക്കളം ഏറ്റവും വലിപ്പത്തില്‍ ഒരുക്കിയിരുന്നത്. 9 ദിവസങ്ങളിലും പൂക്കളം വട്ടത്തിലായിരിക്കും. എന്നാല്‍, മൂലം നാളില്‍ മാത്രം പൂക്കളം ചതുരാകൃതിയിലാവും.
ഇപ്പോള്‍ പൂക്കളങ്ങള്‍ റോഡിലാണ്. ചെറുപ്പക്കാരുടെ വിവിധ സംഘടനകള്‍ അത്തം മുതല്‍ ഓരോ ദിവസവും മത്സരിച്ച് പൂക്കളമിടും. പൂക്കളം എന്നതിനെക്കാള്‍ പൂച്ചിത്രം എന്നു പറയുന്നതാണ് നല്ലത്. ശ്രീകൃഷ്ണന്റെയും യേശുക്രിസ്തുവിന്റെയുമൊക്കെ ചിത്രം വരെ ഇപ്പോള്‍ പൂക്കളമാകുന്നു.
പാടവും പറമ്പും പോയി എല്ലാം നഗരമായതോടെ പഴയ പൂക്കളങ്ങള്‍ ഓര്‍മ്മയില്‍ മാത്രം. ശാസ്ത്രമില്ലെങ്കിലും ഉള്ള പൂവുകൊണ്ട് കളമിടുന്ന പതിവ് നിര്‍ത്തിയിട്ടില്ല. ചെമ്പരത്തിപ്പൂവൊക്കെ ആദ്യ ദിനം തന്നെ കളത്തിലെത്തും. തുമ്പ കിട്ടുന്നത് അപൂര്‍വ്വം. ഉള്ളതുകൊണ്ട് ഓണം പോലെ എന്നാണല്ലോ ശാസ്ത്രം.
പക്ഷേ, ഇത്തവണ പതിവ് പൂക്കളത്തിനു പുറമെ വീട്ടില്‍ സവിശേഷമായൊരു പൂക്കളമിട്ടു. ഞങ്ങളുടെ വീട്ടിലെ 3 പ്രധാന പൂക്കളുപയോഗിച്ച് -അമ്മു, കണ്ണന്‍, വാവ. ഞങ്ങളുടെ ആഹ്ലാദപ്പൂക്കളം!!