ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്താണ്? മതമാണ് ഏറ്റവും വലിയ പ്രശ്‌നം. അത് മതത്തിന്റെ കുഴപ്പമല്ല. മതത്തിന്റെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ മതത്തെക്കുറിച്ച് വിവരമില്ല എന്നതാണ് പ്രശ്‌നം. മതങ്ങള്‍ മനുഷ്യരെ സ്‌നേഹം പഠിപ്പിക്കുമ്പോള്‍ മനുഷ്യര്‍ മതങ്ങളെ കൊല്ലാനുള്ള ഉപകരണമാക്കി മാറ്റിയെടുക്കുന്നു. ഓരോരുത്തരും അവനവന്റെ മതത്തെക്കുറിച്ച് ശരിയാംവണ്ണം മനസ്സിലാക്കിയാല്‍ ഈ നാട്ടില്‍ ഒരു ക്രൂരതയും നടമാടില്ല.
തത്വമസി എന്നതാണ് ഹിന്ദുവിന്റെ ആപ്തവാക്യം -അതു നീ തന്നെയാകുന്നു എന്നര്‍ത്ഥം. എല്ലാവരിലും എല്ലാത്തിലും ഈശ്വരസ്വരൂപം കാണുന്ന മഹത്തായ ആശയം. ഹിന്ദുത്വക്കാര്‍ ഇതാണോ ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്? ഖുറാന്‍ എന്ന വാക്കിനര്‍ത്ഥം സമാധാനം എന്നാണ്. ജിഹാദികള്‍ക്ക് എന്ത് സമാധാനം! സ്‌നേഹമില്ലെങ്കില്‍ ഒന്നുമില്ല എന്ന് ബൈബിള്‍. എല്ലാ സഹജീവികളെയും സ്‌നേഹിക്കുന്ന എത്ര ക്രൈസ്തവരുണ്ട്? ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ ശരിയായ അര്‍ത്ഥത്തില്‍ അവകാശപ്പെടാന്‍ സാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ.
കാത്വയിലെ ആ പെണ്‍കുട്ടി ദാരുണമായി പീഡിപ്പിച്ച് കൊല ചെയ്യപ്പെട്ടത് മതത്തിന്റെ പേരിലാണ്. മുസ്ലിമിനു മേല്‍ ഹിന്ദുത്വയുടെ ആക്രോശം. മതം -അല്ല മദം -അവരെ അന്ധരാക്കി. മറുഭാഗത്ത്, ആ ദുരന്തത്തിനെതിരായ പ്രതിഷേധത്തിന് മതത്തിന്റെ ഛായ വന്നത് എത്ര പെട്ടെന്നാണ്! കാത്വയിലെ ആ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നതിനെതിരെ നാടൊട്ടുക്ക് വികാരമുണ്ടായത് അതിന്റെ മതം നോക്കിയിട്ടല്ല. എന്നാല്‍, ചിലര്‍ ആസൂത്രിതമായി പ്രതിഷേധിക്കാനിറങ്ങിയത് മതം നോക്കിയിട്ടാണ്. മതത്തിനു വേണ്ടി മാത്രമാണ്.
കേരളത്തില്‍ പ്രതിഷേധ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ആര് എന്ന തര്‍ക്കം ഇപ്പോള്‍ നടക്കുന്നുണ്ട്. ആര് ആഹ്വാനം ചെയ്തതായാലും ഹര്‍ത്താലിന്റെ പേരില്‍ മുസ്ലിം സമൂദായത്തില്‍പ്പെട്ട ചിലര്‍ അക്രമം അഴിച്ചുവിട്ടത് മുതലെടുപ്പിനാണ്. അവര്‍ മറന്നുപോയ ഒരു പ്രധാന കാര്യമുണ്ട്. ക്രൂരമായി കടിച്ചുകീറപ്പെട്ട ആ മുസ്ലിം പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ മുന്നില്‍ നിന്നു പൊരുതുന്നതില്‍ രണ്ടു പേര്‍ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളാണ് എന്ന കാര്യം. മതത്തിലും ജാതിയിലുമൊന്നും വലിയ കാര്യമില്ലെന്ന് ഈ ‘കപട’പ്രതിഷേധക്കാര്‍ മനസ്സിലാക്കുന്നില്ല.
സംസ്ഥാനം ഭരിക്കുന്ന 2 മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചിട്ടും കേസന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി പുറം ലോകത്തിനു മുന്നില്‍ നിര്‍ത്തിയ പൊലീസ് ഓഫീസര്‍ ആ പെണ്‍കുട്ടിയുടെ മതവിശ്വാസി ആയിരുന്നില്ല. അവള്‍ക്കായി വാദിക്കാന്‍ തയ്യാറായ, അതിന്റെ പേരില്‍ ഭീഷണി നേരിടുന്ന അഭിഭാഷകയും ആ മതവിശ്വാസി ആയിരുന്നില്ല. പെണ്‍കുട്ടിയുടെ ദുരന്തം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകര്‍ ഭൂരിഭാഗവും അവളുടെ മതക്കാരായിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളും പ്രതികരണങ്ങളും ഹാഷ് ടാഗുകളും നിറച്ച് ആ ദാരുണ സംഭവത്തെ രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയാക്കിയവരിലും അവളുടെ മതക്കാര്‍ അല്ലാത്തവരായിരുന്നു ഭൂരിപക്ഷം.
മതത്തിന്റെ പേരില്‍ നടന്ന ബലാത്സംഗത്തെയും കൊലപാതകത്തെയും മതത്തിന്റെ പേരില്‍ തന്നെ ഒരുവന്‍ ന്യായീകരിച്ചു. അവനെ എതിര്‍ത്ത് പൊങ്കാലയിടാനും അവന്റെ ജോലി കളയിക്കാനും ശ്രമിക്കുകയും വിജയിക്കുകയും ചെയ്തത് ആ പെണ്‍കുട്ടിയുടെ മതക്കാര്‍ മാത്രമായിരുന്നില്ല. സ്വന്തം കുഞ്ഞിന് മരിച്ചവളുടെ പേരിട്ട് ലോകത്തിനു മാതൃക ആയതും –രജിത് റാം, അവനൊരു മാധ്യമപ്രവര്‍ത്തകനാണ് -ആ മത വിശ്വാസി ആയിരുന്നില്ല. എന്റെ മകളായിരുന്നെങ്കിലോ എന്ന നെഞ്ച് പിടച്ചിലില്‍ ആ കുരുന്നിനായി രാഷ്ട്രീയവും മതവും നോക്കാതെ മനുഷ്യരായിപ്പിറന്നവര്‍ ഒരുമിച്ചു നിന്നു.
ഇതിനെയെല്ലാം അവഗണിച്ചാണ് ആ പെണ്‍കുട്ടിയുടെ ദുരന്തത്തെ ഒരു മതത്തിന്റെ നുകത്തില്‍ കൊണ്ടു കെട്ടാന്‍ ശ്രമിച്ചത്. അക്രമം നടത്തിയത്. അവളുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി -‘മതമെന്താണെന്ന് തിരിച്ചറിയാനുള്ള പ്രായം പോലും അവള്‍ക്കില്ലായിരുന്നല്ലോ?’ വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ ഹിന്ദു നാമധാരികളാണ് എന്ന പേരില്‍ മാത്രം പലരും അക്രമിക്കപ്പെട്ടു. ചില മരയൂളകളുടെ ചെയ്തികള്‍ തള്ളിപ്പറയാന്‍ ബോധമുള്ള മുസ്ലിങ്ങള്‍ മുന്നോട്ടു വന്നു എന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. ഹര്‍ത്താല്‍ ആക്രമണത്തിന്റെ മറവില്‍ ഹിന്ദുക്കളുടെ സ്ഥാപനങ്ങളില്‍ അരങ്ങേറിയ കൊള്ളയ്ക്കും കൊള്ളിവെയ്പിനും നഷ്ടപരിഹാരം നല്‍കാന്‍ മുസ്ലിങ്ങള്‍ തന്നെ പണപ്പിരിവ് നടത്തുന്നതും കണ്ടു. വളരെ സന്തോഷമുണ്ട്, പ്രതീക്ഷ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ല.
ബലാത്സംഗത്തെ ന്യായീകരിക്കുന്ന സംഘിയും അക്രമത്തില്‍ സഹജീവിയുടെ കണ്ണു കളയുന്നതിനെ ന്യായീകരിക്കുന്ന സുഡാപ്പിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇസ്ലാമോഫോബിയ തന്നെയാണ് ആര്‍.എസ്.എസ്സിനെ വളര്‍ത്തുന്നത്. ആ ഫോബിയ ഉണ്ടാകുന്നത് സുഡാപ്പികള്‍ ഇപ്പോള്‍ പുലര്‍ത്തുന്നതു പോലുള്ള നിലപാടുകളില്‍ നിന്നാണ്. ഫലത്തില്‍ സുഡാപ്പികള്‍ തന്നെയാണ് സംഘികളെ വളര്‍ത്തുന്നത്. അതുപോലെ സംഘികള്‍ തന്നെയാണ് സുഡാപ്പികളെ വളര്‍ത്തുന്നത്. ഇരു കൂട്ടരും പരസ്പരപൂരകങ്ങളാണ്.
ഇന്ത്യയില്‍ ആര്‍.എസ്.എസ്സിന് ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനം കേരളമാണ്. ഉത്തര്‍ പ്രദേശില്‍ പോലും അവര്‍ക്ക് ഇത്രയും ശാഖകളില്ല. എന്നിട്ടും കേരളത്തില്‍ ആര്‍.എസ്.എസ്. വേരുറപ്പിച്ചിട്ടില്ല. അവര്‍ക്ക് അല്പമെങ്കിലും ഉണര്‍വ് ലഭിക്കുന്നത് എതിര്‍ഭാഗത്തു നിന്നുള്ള പ്രോത്സാഹനത്തില്‍ നിന്നാണ്. 1990കളുടെ തുടക്കത്തില്‍ എന്റെ കോളേജ് പഠനകാലത്തെ അനുഭവം പറയാം. അക്കാലത്ത് ഏതാണ്ട് മന്ദിപ്പിലായിരുന്ന ആര്‍.എസ്.എസ്സിന് പുത്തനുണര്‍വ്വ് നല്‍കിയത് അബ്ദുള്‍ നാസര്‍ മഅദനി രൂപം നല്‍കിയ ബദലായ ഐ.എസ്.എസ്. ആണ്. രാഷ്ട്രീയ സ്വയംസേവക് സംഘിനെപ്പോലെ ഇസ്ലാമിക് സേവാ സംഘ്!! ആര്‍.എസ്.എസ്സും ഐ.എസ്.എസ്സും പരസ്പര പൂരകമായി വളര്‍ന്നു. മഅദനിയുടെ ഐ.എസ്.എസ്. പിന്നീട് പി.ഡി.പി. എന്ന രാഷ്ട്രീയ കക്ഷി ആയി രൂപം മാറിയതൊക്കെ ശരി തന്നെ. പക്ഷേ, കേരളത്തിലെ സാമൂഹിക മണ്ഡലത്തില്‍ അവര്‍ സൃഷ്ടിച്ച മുറിവ് വളരെ വലുതാണ്. ഇവിടെ ആര്‍.എസ്.എസ്സിനെ വളര്‍ത്താന്‍ അന്ന് ഐ.എസ്.എസ്. വഹിച്ച പോലുള്ള റോള്‍ ആണ് ഇപ്പോള്‍ സുഡാപ്പികള്‍ ഏറ്റെടുത്തിരിക്കുന്നത്.
ആര് ആഹ്വാനം ചെയ്തിട്ടായാലും പാര്‍ട്ടി ഇല്ലാതെ നടത്തിയ ഹര്‍ത്താല്‍ പാര്‍ട്ടി രഹിതം ആയിരുന്നില്ല എന്ന് പകല്‍ പോലെ വ്യക്തം. മതസ്പര്‍ദ്ധ വളര്‍ത്താന്‍ നടത്തിയ ആസൂത്രിത ശ്രമം. മതം എന്നു പറയുന്നത് ഒരു നൂല്‍പ്പാലമാണ്. അതിലൂടെ നടക്കുന്നയാള്‍ എങ്ങോട്ടു വേണമെങ്കിലും വീഴാം. വീശാല കാഴ്ചപ്പാടുള്ള ലോകത്തേക്കു വീഴാം. സംഘി ലോകത്തേക്കും വീഴാം. ഒരു സാദാ മതവിശ്വാസിയായ ഹിന്ദുവിനെ നൂല്‍പ്പാലത്തില്‍ നിന്ന് സംഘിലോകത്തേക്ക് തള്ളിയിടുന്നവരെ എന്തു പറയണം? ഹിന്ദുക്കളെയും ഹിന്ദുക്കളുടെ സ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ചു, അത് ചെറുക്കാന്‍ ഹിന്ദുക്കള്‍ സംഘടിക്കണം എന്നായിരുന്നു ആ ദിവസങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പ്രചാരണം. സുഡാപ്പികള്‍ ഫലത്തില്‍ സംഘികള്‍ക്ക് ഊര്‍ജ്ജം പകരുകയായിരുന്നു. സംഘികള്‍ 2 തരമുണ്ട് -ജന്മനാ സംഘിയും പരിവര്‍ത്തിത സംഘിയും. ജന്മനാ സംഘികളെ നിയന്ത്രിക്കാന്‍ സാധിക്കില്ല. സംഘികളായുള്ള പരിവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയും. പക്ഷേ, ഒരിക്കല്‍ സംഘിയായി കഴിഞ്ഞാല്‍ ജന്മനായും പരിവര്‍ത്തിതയുമൊക്കെ കണക്കു തന്നെ.
‘രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കോടതികളിലെ ജഡ്ജിമാരുമെല്ലാം ഇപ്പോള്‍ ഹിന്ദുത്വക്കാരാണ്. അവരുടെ ദുഷ്‌ചെയ്തികളെ എതിര്‍ക്കാത്തവര്‍ ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ ന്യായമായ സംഘടിത പ്രതിഷേധത്തെ എതിര്‍ക്കുന്നത് വര്‍ഗ്ഗീയത കൊണ്ടാണ്’ -സുഡാപ്പികളില്‍ ചിലരുടെ ന്യായീകരണം. അവരുടെ കണ്ണില്‍ ഹിന്ദുക്കള്‍ മുഴുവന്‍ എതിര്‍ക്കപ്പെടേണ്ടവരാണ്. അവര്‍ക്ക് അറിയാത്ത ഒരു പ്രധാന വസ്തുതയുണ്ട്. ഹിന്ദുവും ഹിന്ദുത്വയും ഒന്നല്ല. ഹിന്ദുക്കളെ മുഴുവന്‍ ഹിന്ദുത്വക്കാരാക്കാനാണ് ആര്‍.എസ്.എസ്. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ 50 ശതമാനം പോലും അവര്‍ക്ക് വിജയിക്കാനായിട്ടില്ല എന്നതാണ് വാസ്തവം.
2014ല്‍ ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ഹിന്ദുത്വക്കാര്‍ സമസ്തമേഖലകളിലും പിടിമുറുക്കി എന്നാണ് സുഡാപ്പികള്‍ ഉന്നയിക്കുന്ന വാദം. വോട്ടിലെ കണക്കുകളാണല്ലോ എല്ലാതിനും അടിയാധാരം. സുഡാപ്പികളുടെ വാദം ശരിയാണോ എന്നറിയാന്‍ വോട്ടു കണക്കുകള്‍ വിശദമായിത്തന്നെ പരിശോധിക്കാം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 83.41 കോടി വോട്ടര്‍മരാണുണ്ടായിരുന്നത്. അതായത്, 121 കോടി ജനങ്ങള്‍ ഉള്ളതില്‍ 68.93 ശതമാനത്തിന് വോട്ടവകാശം. ലോക്‌സഭയിലേക്ക് 55.38 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി -66.40 ശതമാനം പോളിങ്. ഇതിലൂടെ ഭരണത്തിലേറിയ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏല്ലാ കക്ഷികള്‍ക്കും കൂടി കിട്ടിയത് 21,34,65,913 വോട്ട് -38.56 ശതമാനം മാത്രം.
ഭാരതീയ ജനതാ പാര്‍ട്ടിക്ക് 17,16,57,549 വോട്ട് (31 ശതമാനം)
തെലുങ്കുദേശത്തിന് 1,40,94,545 വോട്ട് (2.55 ശതമാനം)
ശിവസേനയ്ക്ക് 1,02,62,982 വോട്ട് (1.85 ശതമാനം)
ശിരോമണി അകാലി ദളിന് 36,36,148 വോട്ട് (0.66 ശതമാനം)
ലോക് ജനശക്തി പാര്‍ട്ടിക്ക് 22,95,929 വോട്ട് (0.41 ശതമാനം)
ദേശീയ മൂര്‍പോക്ക് ദ്രാവിഡ കഴകത്തിന് 20,79,392 വോട്ട് (0.38 ശതമാനം)
പാട്ടാളി മക്കള്‍ കച്ചിക്ക് 18,27,566 വോട്ട് (0.33 ശതമാനം)
മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന് 14,17,535 വോട്ട് (0.26 ശതമാനം)
സ്വാഭിമാനി പക്ഷയ്ക്ക് 11,05,073 വോട്ട് (0.20 ശതമാനം)
രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിക്ക് 10,78,473 വോട്ട് (0.19 ശതമാനം)
നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് 9,94,505 വോട്ട് (0.18 ശതമാനം)
അപ്‌നാ ദളിന് 8,21,820 വോട്ട് (0.15 ശതമാനം)
ഹരിയാണ ജനഹിത് കോണ്‍ഗ്രസ് -ഭജന്‍ ലാലിന് 7,03,698 വോട്ട് (0.13 ശതമാനം)
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 5,76,444 വോട്ട് (0.10 ശതമാനം)
രാഷ്ട്രീയ സമാജ് പക്ഷയ്ക്ക് 4,58,580 വോട്ട് (0.08 ശതമാനം)
ആള്‍ ഇന്ത്യാ എന്‍.ആര്‍. കോണ്‍ഗ്രസ്സിന് 2,55,826 വോട്ട് (0.05 ശതമാനം)
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ -അതാവ്‌ലെയ്ക്ക് 1,99,848 വോട്ട് (0.04 ശതമാനം)
ഇതില്‍ ഹിന്ദുത്വ പാര്‍ട്ടികളായ ബി.ജെ.പിക്കും ശിവസേനയ്ക്കും കിട്ടിയ മുഴുവന്‍ വോട്ടുകളും ഹിന്ദുക്കളുടേതാണ് എന്നു വേണമെങ്കില്‍ കണക്കാക്കാം -യഥാര്‍ത്ഥത്തില്‍ അതു ശരിയല്ലെങ്കിലും.
അങ്ങനെ, ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് കിട്ടിയത് 18,19,20,531 വോട്ട്.
ഒടുവിലത്തെ ജനസംഖ്യാ കണക്കു പ്രകാരം രാജ്യത്ത് ആകെയുള്ളത് 96,63,78,868 ഹിന്ദുക്കള്‍.
വോട്ടവകാശം 68.93 ശതമാനം എന്ന ദേശീയ ശരാശരി വെച്ചു നോക്കിയാല്‍ 66,61,24,954 ഹിന്ദുക്കള്‍ക്ക്.
വോട്ട് രേഖപ്പെടുത്തിയ 66.4 ശതമാനം കണക്കാക്കുമ്പോള്‍ 44,23,06,969 ഹിന്ദുക്കള്‍.
ഹിന്ദുത്വയെ അനുകൂലിക്കുന്നവരെ മാറ്റിയാല്‍ ബാക്കിയുള്ള 26,03,86,438 ഹിന്ദുക്കള്‍ എതിര്‍ചേരിയില്‍.
വിശാല ഹിന്ദു സമൂഹത്തിലെ വിടവ് ഇതിലും വലുതാണ്.
ഹിന്ദുത്വയ്ക്ക് വോട്ടു ചെയ്യാത്ത മുഴുവന്‍ ഹിന്ദുക്കളെയും അവരുടെ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരായി കണക്കാക്കാം.
കാരണം, ഹിന്ദുത്വയോടു താല്പര്യമുള്ളവര്‍ ഉറപ്പായും പോയി അവര്‍ക്കനുകൂലമായി വോട്ടു ചെയ്യും.
അങ്ങനെ വരുമ്പോള്‍ ഹിന്ദുത്വയുടെ എതിര്‍ ചേരിയില്‍ വോട്ടവകാശമുള്ള 48,42,04,423 ഹിന്ദുക്കളുണ്ട്.
ഹിന്ദുത്വയെ അനുകൂലിക്കുന്ന 18 കോടി എവിടെക്കിടക്കുന്നു, എതിര്‍ക്കുന്ന 48 കോടി എവിടെക്കിടക്കുന്നു!!!
ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരും കൂടി ‘ഒരുമിച്ചു’ നിന്നാല്‍ ഹിന്ദുത്വയെ ചെവിയില്‍ തൂക്കിയെടുത്ത് കടലിലെറിയാം. സുഡാപ്പികളും ജിഹാദികളും പറയുന്നതു പോലെ എല്ലാം പോയി, ഇനി കലാപം മാത്രമാണ് രക്ഷ എന്നത് സത്യമല്ല എന്നര്‍ത്ഥം. പക്ഷേ, ‘ഒരുമിച്ചു’ നില്‍ക്കുക എന്നാണല്ലോ ഏറ്റവും വലിയ പ്രശ്‌നം. 121 കോടിയില്‍ വെറും 17 കോടിയുടെ മാത്രം പിന്തുണയുള്ള പാര്‍ട്ടിക്ക് ബഹുഭൂരിഭാഗം ലോക്‌സഭാ സീറ്റുകളും 2014ല്‍ ലഭിച്ചത് മറ്റുള്ളവര്‍ വിഘടിച്ചു നിന്നതിനാലല്ലേ? 2019ല്‍ ഹിന്ദുത്വയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുന്നുണ്ടെങ്കില്‍ അതവരുടെ മേന്മ കൊണ്ടാവില്ല, മറിച്ച് എതിര്‍ചേരിയിലെ ഭിന്നത കൊണ്ടാവും എന്നതുറപ്പ്.
ഹിന്ദുത്വയെ എതിര്‍ക്കുന്ന ഹിന്ദുക്കളിലെ 48 കോടി വോട്ടുകളിലേക്ക് കടന്നുകയറി സിംഹഭാഗത്തെയും വരുതിയിലാക്കാനാണ് ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള പരിവാരങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍, അങ്ങേയറ്റം ജനാധിപത്യവാദികളായ യഥാര്‍ത്ഥ ഹിന്ദുക്കള്‍ അതിനു വഴങ്ങാത്തിടത്തോളം ഇന്ത്യയില്‍ പ്രതീക്ഷയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദു മതം അനുവദിച്ചു തരുന്ന ബഹുസ്വരത മനസ്സിലാക്കാത്തവരാണ് ഹിന്ദുത്വ ഉയര്‍ത്തിക്കാട്ടി കലാപത്തിനൊരുങ്ങുന്നത്. മറ്റു മതങ്ങള്‍ക്കില്ലാത്ത ജനാധിപത്യം ഹിന്ദു മതത്തിനുണ്ടെന്ന് പറയുന്നത് തെറ്റാവില്ല. ഒരു ദൈവത്തെക്കാള്‍ ജനാധിപത്യപരമല്ലേ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കുള്ള സാദ്ധ്യത? മറ്റു മതങ്ങള്‍ ഇവിടേക്കു വന്നത് ഈ ജനാധിപത്യത്തിന്റെ വിജയമാണ്. അവിടെ ആര്‍ക്കും ദൈവമാകാം -ക്രിസ്തുവിനും മുഹമ്മദിനുമെല്ലാം. ഒരാള്‍ക്ക് തനിക്ക് ഇഷ്ടമുള്ള ഒരു ദൈവത്തെ മാത്രം ആരാധിക്കാം. ഒട്ടേറെ ദൈവങ്ങളെ വേണമെങ്കിലും ആരാധിക്കാം. ക്രിസ്തുവിനെയും മുഹമ്മദിനെയുമൊക്കെ പരിവര്‍ത്തനത്തിലൂടെ സ്വന്തമാക്കിയത് ഹിന്ദുക്കളാണല്ലോ.
ഹിന്ദു മതം സാദ്ധ്യമാക്കുന്ന ഈ ജനാധിപത്യത്തിനെതിരെയുള്ള പ്രസ്ഥാനമാണ് ഹിന്ദുത്വ. അതാണ് ഹിന്ദു മതത്തിനെതിരെയുള്ള യഥാര്‍ത്ഥ ഭീഷണി. കാത്വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലാന്‍ എന്തുകൊണ്ടാണ് അവര്‍ ക്ഷേത്രം തിരഞ്ഞെടുത്തത്? വെറെ സ്ഥലമില്ലാത്തതിനല്ല എന്നത് ഉറപ്പാണ്. ആ ക്രൂരതയ്ക്കു നേരെ സ്വാഭാവികമായും പ്രതിഷേധമുയരും എന്ന് ഹിന്ദുത്വക്കാര്‍ക്ക് അറിയാം. അങ്ങനെ ഉയരുന്ന ഓരോ പ്രതിഷേധവും ക്ഷേത്രത്തിനും അതുവഴി ഹിന്ദു മതത്തിനും എതിരാണെന്നു വരുത്താനുള്ള കെണിയായിരുന്നു അത്. ആ കുഞ്ഞിനു നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെല്ലാം ക്ഷേത്രത്തിനെതിരെയുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കാന്‍ പരിവാറുകാര്‍ നടത്തിയ ആസൂത്രിത ശ്രമം ഇതു തന്നെയാണ് വ്യക്തമാക്കിയത്. ഒരുപാട് പേര്‍ ആ കെണിയില്‍ വീണിട്ടുണ്ട് എന്നു ഞാന്‍ ഭയക്കുന്നു.
ക്ഷേത്രത്തിനുള്ളിലെ ബലാത്സംഗവും കൊലയും മുസ്ലിമിനെതിരായ ആക്രമണമായിരുന്നു. എന്നാല്‍, അതിനെക്കാളുപരി ആ ക്രൂരത ഹിന്ദുക്കള്‍ക്കെതിരായ കടന്നുകയറ്റമാണ് -ഹിന്ദുത്വയുടെ ഭാഗമാവാത്ത യഥാര്‍ത്ഥ ഹിന്ദുക്കള്‍ക്കു നേരെയുള്ള ആക്രമണം. മത -വര്‍ഗീയ ഫാസിസത്തിന് വിശ്വാസപരമായതോ അനുഭൂതിപരമായതോ ആയ മതവുമായി ഒരു ബന്ധവുമില്ല. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിച്ചതിന് ഇന്ത്യയിലെ ഏറ്റവും വലിയ ഉദാഹരണങ്ങളായ മുഹമ്മദാലി ജിന്നയും വിനായക് ദാമോദര്‍ സവര്‍ക്കറും നാസ്തികരായിരുന്നു എന്നത് അത്ഭുതകരമായ സാമ്യമാണ്! അതെ, ദൈവത്തെ സംരക്ഷിക്കാന്‍ വാളെടുക്കുന്ന ആര്‍.എസ്.എസ്സിന്റെ തലതൊട്ടപ്പനായ സവര്‍ക്കര്‍ ഒന്നാന്തരം ദൈവനിഷേധി ആയിരുന്നു!! സവര്‍ക്കറുടെ ഹിന്ദുത്വത്തിന് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല.
ഞാന്‍ ഒരു ഹിന്ദുവാണ്.
ഞാന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു.
ഞാന്‍ പുരാണങ്ങള്‍ ഉദ്ധരിക്കാറുണ്ട്.
ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്.
ഞാന്‍ രാജ്യസ്നേഹിയുമാണ്.
പക്ഷേ, ഞാന്‍ സംഘിയല്ല.
എന്നാല്‍, പാരമ്പര്യത്തില്‍ അഭിമാനിച്ചാല്‍ ഉടനെ ചിലര്‍ സംഘിയാക്കും. പുരാണങ്ങള്‍ ഉദ്ധരിച്ചാല്‍ ഉടനെ സംഘിയാക്കും. ക്ഷേത്രത്തില്‍ പോയാല്‍ ഉടനെ സംഘിയാക്കും. രാജ്യസ്നേഹം പറഞ്ഞാല്‍ ഉടനെ സംഘിയാക്കും. യഥാര്‍ത്ഥ്യത്തില്‍ രാജ്യസ്നേഹവും പാരമ്പര്യവും പുരാണവും ക്ഷേത്രവുമൊന്നും സംഘിയുടേതല്ല. എന്തിന്, ചുവന്ന കുറിയും കൈയിലെ രാഖിച്ചരടും പോലും അവരുടേതല്ല. ഹിന്ദു മതത്തിന്റെ സ്വന്തമല്ലാത്ത ഹിന്ദുത്വയ്ക്ക് നമ്മുടെ മതചിഹ്നങ്ങള്‍ എങ്ങനെയാണ് അവകാശപ്പെടാനാവുക? നമ്മളില്‍ ചിലര്‍ തന്നെ എല്ലാം അവര്‍ക്കു ചാര്‍ത്തിക്കൊടുക്കുന്നു. അവരെ പെരുപ്പിച്ചു കാട്ടുന്നു.
കാത്വയിലെ സംഭവത്തിന്റെ പേരില്‍ ഹിന്ദുവായ എന്റെ തല കുനിയുന്നില്ല. കാരണം, ഹിന്ദുവല്ല ആ നികൃഷ്ട പ്രവൃത്തി ചെയ്തത്, ഹിന്ദുത്വയാണ്. രണ്ടും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിക്കേണ്ട വിശ്വാസധാര തന്നെയാണ് ഹിന്ദുവിന്റേത്. ലോകത്തെ ഏറ്റവും സഹിഷ്ണുതയുള്ള മതം ഹിന്ദുമതമല്ലേ? ക്രിസ്തുമതവും ഇസ്ലാമും ഇന്ത്യയില്‍ വേരുറപ്പിച്ചത് ഹിന്ദുവിന്റെ പിന്തുണയോടെ തന്നെയാണ്. സാതന്ത്ര്യത്തിന്റെ ഭാഗമായ വിഭജനത്തിന്റെ ഫലമായി പാകിസ്താന്‍ എന്ന ഇസ്ലാമിക രാഷ്ട്രം പിറന്നപ്പോള്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാവാതെ നിന്നത് ഇവിടത്തെ ഹിന്ദുക്കളുടെ വിജയമാണ്. ലോകത്തിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന മതേതര ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുത്തതില്‍ ഇവിടത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ വഹിച്ച, വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.
മറുഭാഗത്ത്, ഇന്ത്യയെ ഒരു ഹിന്ദു മത രാഷ്ട്രമാക്കി മാറ്റാന്‍ സ്വാതന്ത്ര്യം ലഭിച്ച അന്നു മുതല്‍ ന്യൂനപക്ഷ ഹിന്ദുത്വക്കാര്‍ ശ്രമിക്കുന്നു. ഇതിനെ ഇന്നുവരെ പ്രതിരോധിച്ചത് ഇവിടത്തെ ഭൂരിപക്ഷ ഹിന്ദുക്കളാണ്. നാളെയും പ്രതിരോധിക്കുക ഹിന്ദുക്കള്‍ തന്നെയാവും. ആര്‍.എസ്.എസ്സിനെപ്പോലുള്ള പരിവാര സംഘടനകളെ ചൊടിപ്പിക്കുന്നതും അതു തന്നെയാണ്. ചെറിയൊരു ഉദാഹരണം മാത്രം പറയാം. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ആര്‍.എസ്.എസ്സിന്റെ കൊലക്കത്തിക്കിരയായവരില്‍ അഹിന്ദുക്കള്‍ എത്ര പേരുണ്ടാവും എന്നു പറയാമോ? ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്ന 99 ശതമാനം രാഷ്ട്രീയ എതിരാളികളും ഹിന്ദുക്കള്‍ തന്നെയാണ്!! ഹിന്ദുക്കളെ മുഴുവന്‍ ശത്രുക്കളായി കാണുന്ന സുഡാപ്പികള്‍ മനസ്സിലാക്കാതെ പോകുന്നതും ഈ സത്യമാണ്.
എല്ലാ ഹിന്ദുക്കളെയും കൊന്നൊടുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന മലയാളി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ ശബ്ദസന്ദേശം കേട്ടു. അയാള്‍ പറയുന്ന പോലെ ഹിന്ദുത്വക്കാരുടെ വിഷപ്രചാരണത്തിന് ഇവിടത്തെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ചെവി കൊടുത്തിരുന്നുവെങ്കില്‍ ഇന്ത്യ എന്നേ ഹിന്ദുത്വ രാഷ്ട്രമായി മാറുമായിരുന്നു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിച്ചുനിര്‍ത്തുന്ന ആ ബഹുഭൂരിപക്ഷം ഹിന്ദുക്കളെയാണ് ഇപ്പോള്‍ സുഡാപ്പികളും എങ്ങോ നിന്ന് ശബ്ദസന്ദേശങ്ങളയയ്ക്കുന്ന ജിഹാദികളും ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്. മതത്തിന്റെ പേരില്‍ വെട്ടാനും കൊല്ലാനുമിറങ്ങുന്ന എല്ലാവരെയും -അത് ഹിന്ദുത്വവാദി ആയാലും ശരി സുഡാപ്പി ആയാലും ശരി -ഒരേ രീതിയില്‍ തന്നെ എതിര്‍ക്കും. മതഭീകരത ഹിന്ദുവിനും ഇസ്ലാമിനും ഒരേപോലെ ബാധകമാണ്. അതിനാല്‍ത്തന്നെ, കാത്വ സംഭവത്തിന് മുസ്ലിം മതസംഘടനകള്‍ നല്‍കുന്ന മതപരമായ നിറം കൃത്യമായി അപലപിക്കാന്‍ മതനിരപേക്ഷരായവര്‍ക്ക് കഴിയണം.
ഹിന്ദു മതം, ഒട്ടേറെ വിമോചന ധാരകളുള്ള ഒരു പുരാണ മതമാണ്. ഹിന്ദുത്വ ആകട്ടെ തികച്ചും ആധുനികമായ ‘ഭാരതീയം’ പോലുമല്ലാത്ത ഒരു ആധുനിക തത്വശാസ്ത്രം മാത്രം. ഈ വ്യത്യാസമാണ് മനസ്സിലാക്കപ്പെടാതെ കിടക്കുന്നത്. ഹിന്ദു മതത്തിന് ഒരു ശക്തിയുണ്ട്. എല്ലാത്തിനെയും ഉള്‍ക്കൊണ്ട് ശാന്തിയും സമാധാനവും ഉറപ്പുവരുത്താനുള്ള ശക്തി. വര്‍ഗ്ഗീയ ഫാസിസത്തിന്റെ ഏറ്റവും വലിയ ശത്രു ഭക്തിപ്രസ്ഥാനം മുന്നോട്ടു വെച്ച സാംസ്‌കാരികധാരയാണ്. അതുകൊണ്ടു തന്നെ ഭക്തിപ്രസ്ഥാനം വര്‍ഗ്ഗീയവിരുദ്ധതയുടെ പ്രധാന മുഖമാണ്. ഹിന്ദുത്വയെ പ്രതിരോധിക്കേണ്ടത് വിശ്വാസികള്‍ അമ്പലത്തിന് പുറത്ത് നിന്നു കൊണ്ടല്ല, മറിച്ച് സംഘപരിവാറിനെ അമ്പലങ്ങളില്‍ നിന്നും ഹിന്ദു മത പരിസരങ്ങളില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ്.
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഒരുങ്ങിയിരിക്കുന്നവര്‍ എല്ലാ മതത്തിലും ഉണ്ട്. അവര്‍ക്ക് മനുഷ്യത്വമല്ല, മതമാണ് വലുത്. അതിനുവേണ്ടി അവര്‍ എന്തും പറയും, ചെയ്യും. മുസ്ലിം ആയതുകൊണ്ടു മാത്രം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെയും മുസ്ലിം ആയതുകൊണ്ടു മാത്രം പ്രതിഷേധിക്കുന്നവരെയും ഒറ്റപ്പെടുത്തുക.