Reading Time: 5 minutes

എന്താണ് ഒരു മികച്ച കായികതാരത്തെ സൃഷ്ടിക്കുന്നത്? കളിക്കളത്തില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍, കളിക്കുന്ന ശൈലി, കളിയിലെ മനോഹാരിത. ഇതിലേതെങ്കിലും കൈമുതലാക്കിയ കളിക്കാര്‍ ശ്രദ്ധേയരാവും. എന്നാല്‍, അപൂര്‍വ്വം ചിലരില്‍ മാത്രമാണ് ഈ 3 ഗുണങ്ങളും ഒരുമിക്കുക. ക്രിക്കറ്റില്‍ നമ്മുടെ സ്വന്തം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഫുട്ബാളില്‍ അര്‍ജന്റീനയുടെ ഡീഗോ മാറഡോണ തുടങ്ങിയ പ്രതിഭകള്‍ ഉദാഹരണം. അവരുടെ ഗണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തപ്പെടേണ്ട ഒരാളുണ്ട് -ടെന്നീസില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍.

f1
റോജര്‍ ഫെഡറര്‍ 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമായി

ഒരു ടെന്നീസ് താരമെന്ന നിലയില്‍ ഫെഡറര്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ എടുത്തുപറയേണ്ടതില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല. പീറ്റ് സാംപ്രസിനെപ്പോലൊരു കളിക്കാരനെ മറന്നിട്ടല്ല ഇതു പറയുന്നത്. പക്ഷേ, സാംപ്രസിനു പോലും ഫെഡററുടെ പൂര്‍ണ്ണതയുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ ഒരിക്കല്‍ക്കൂടി കിരീടമണിഞ്ഞിരിക്കുന്നു. 5 സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ കളിക്കളത്തിലെ ചിരവൈരിയായ റാഫേല്‍ നഡാലിനെ 6-4, 3-6, 6-1 3-6, 6-3 എന്ന സ്‌കോറിന് അദ്ദേഹം തോല്‍പ്പിച്ചു. കരിയറിലെ 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം. ചരിത്രത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന റെക്കോഡ് അദ്ദേഹം അരക്കിട്ടുറപ്പിച്ചു. 14 കിരീടങ്ങളുമായി രണ്ടാം സ്ഥാനത്തുള്ള നഡാലിന് ഇതു മറികടക്കുക അത്ര എളുപ്പമാവില്ല.

fed1
റോജര്‍ ഫെഡറര്‍ 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമായി

കൃത്യമായി പറഞ്ഞാല്‍ നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫെഡററുടെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം. അതും 35-ാം വയസ്സില്‍. 2012ലെ വിംബിള്‍ഡണാണ് ഇതിനു മുമ്പ് ഫെഡറര്‍ ജേതാവായ ഗ്രാന്‍ഡ് സ്ലാം. വളരെയധികം കായികക്ഷമത ആവശ്യമുള്ള കളിയാണ് ടെന്നീസ്. സാധാരണനിലയില്‍ പുരുഷ ടെന്നീസ് താരങ്ങള്‍ 29 വയസ്സിനു ശേഷം മികവ് പ്രകടിപ്പിക്കാറില്ല. റാഫേല്‍ നഡാലിനെപ്പോലെ തന്നെ 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള പീറ്റ് സാംപ്രസ് 29 തികഞ്ഞതിനു ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം മാത്രമാണ് നേടിയത് -2002ലെ യു.എസ്. ഓപ്പണ്‍. അതോടെ അദ്ദേഹം വിരമിക്കുകയും ചെയ്തു. അതുപോലെ തന്നെ 29 തികഞ്ഞ ശേഷം നഡാലിന് ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം പോലും നേടാനായിട്ടില്ല. ഫെഡററെക്കാള്‍ 5 വയസ്സിന് നഡാല്‍ ഇളയതാണെങ്കിലും ഒന്നാമനാവുക എളുപ്പമല്ല എന്നു പറഞ്ഞതിന് ഇതു തന്നെയാണ് കാരണം.

ഗ്രാന്‍ഡ് റോജര്‍ സ്ലാം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ -2004, 2006, 2007, 2010, 2017
ഫ്രഞ്ച് ഓപ്പണ്‍ -2009
വിംബിള്‍ഡണ്‍ -2003, 2004, 2005, 2006, 2007, 2009, 2012
യു.എസ്. ഓപ്പണ്‍ -2004, 2005, 2006, 2007, 2008

ഇത്തവണ ഫെഡററുടെ നേട്ടം ഒട്ടും അനായാസമായിരുന്നില്ല എന്നോര്‍ക്കുക. നഡാലിനെതിരായ ഫൈനല്‍ പോലെ സ്റ്റാന്‍ വാവ്രിങ്കയ്‌ക്കെതിരായ സെമി ഫൈനലും 5 സെറ്റ് നീണ്ട മത്സരമായിരുന്നു. കീ നിഷികോരിക്കെതിരായ നാലാം റൗണ്ട് മത്സരവും 5 സെറ്റര്‍ തന്നെ. ഫെഡററെ നമുക്ക് നമിച്ചേ മതിയാകൂ. മെല്‍ബണില്‍ ഫെഡറര്‍ 17-ാം സീഡായിരുന്നു. നഡാലിന്റെ സീഡ് 9. ഫൈനലില്‍ നഡാലിന്റെ ഉയര്‍ന്ന സീഡിങ് ഫെഡറര്‍ക്ക് പ്രശ്‌നമായില്ല. കിരീടത്തിലേക്കുള്ള വഴിയില്‍ ആദ്യ 10 സീഡില്‍പ്പെടുന്ന 4 താരങ്ങളാണ് ഫെഡറര്‍ക്കു മുന്നില്‍ കീഴടങ്ങിയത്. 1982ല്‍ മാറ്റ്‌സ് വിലാന്‍ഡര്‍ക്കു ശേഷം ഒരു താരം ഈ നേട്ടം കൈവരിക്കുന്നത് ആദ്യം.

Tennis - Australian Open - Melbourne Park, Melbourne, Australia
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്രോഫിയില്‍ റോജര്‍ ഫെഡറര്‍ മുത്തമിടുമ്പോള്‍ പരാജിതനായ റാഫേല്‍ നഡാലിന്റെ നിരാശ

കഴിഞ്ഞ 43 വര്‍ഷത്തിനിടെ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമാണ് ഫെഡറര്‍. ഗ്രാന്‍ഡ് സ്ലാം ജേതാക്കളുടെ ഇന്നു വരെയുള്ള പട്ടികയില്‍ ഏറ്റവും പ്രായം ചെന്ന നാലാമത്തെ വിജയി. പട്ടികയില്‍ ആദ്യ 3 സ്ഥാനത്തും ഓസ്‌ട്രേലിയക്കാരനായ കെന്‍ റോസ്‌വാളാണ്. 1970കളുടെ തുടക്കത്തില്‍ 35, 36, 37 വയസ്സ് പ്രായമുള്ളപ്പോള്‍ 3 തവണ അദ്ദേഹം ഗ്രാന്‍ഡ് സ്ലാം കിരീടമണിഞ്ഞു. 1974ല്‍ 39 വയസ്സ് പ്രായമുള്ളപ്പോള്‍ റോസ്‌വാള്‍ 2 ഗ്രാന്‍ഡ് സ്ലാം ടൂര്‍ണ്ണമെന്റുകളുടെ ഫൈനലും കളിച്ചു -വിംബിള്‍ഡണിലും യു.എസ്. ഓപ്പണിലും. പക്ഷേ, ഇത് റോസ്‌വാളിന്റെ കാലമല്ല. മത്സരക്ഷമതയും വീറും വാശിയും സാങ്കേതികത്തികവുമെല്ലാം ഉയര്‍ന്നിരിക്കുന്നു. അവിടെ ഫെഡററെപ്പോലൊരു ‘വയസ്സന്‍’ പിടിച്ചുനില്‍ക്കുന്നു എന്നത് ചില്ലറക്കാര്യമല്ല. പഴക്കം ചെല്ലുന്തോറും വീഞ്ഞിന് വീര്യമേറിയിരിക്കുന്നു!!!

fed 632996276
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ വിജയിച്ച റോജര്‍ ഫെഡററെ പരാജിതനായ റാഫേല്‍ നടാല്‍ ആശ്ലേഷിക്കുന്നു

19 വര്‍ഷം നീണ്ട ഫെഡററുടെ കരിയറില്‍ റാഫേല്‍ നഡാലിനു മാത്രമാണ് കൃത്യതയോടെ തുടര്‍ച്ചയായി അദ്ദേഹത്തെ മെരുക്കാനായിട്ടുള്ളത്. ഇരുവരും മുഖാമുഖം വന്നപ്പോള്‍ നഡാല്‍ 23 തവണ വിജയിച്ചു. ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടമടക്കം ഫെഡറര്‍ക്ക് വിജയം 12 മാത്രം. ഫെഡറര്‍ മഹാനായ കളിക്കാരനാണ്; ഫെഡററുടെ എതിരാളികളില്‍ മഹാന്‍ നഡാലാണ്. അതേസമയം, കളിക്കളത്തിനു പുറത്ത് ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഫെഡറര്‍ പ്ലേസ്റ്റേഷന്‍ ഉപയോഗിക്കുമ്പോള്‍ ഭൂരിഭാഗം അവസരങ്ങളിലും അദ്ദേഹം റാഫേല്‍ നഡാല്‍ എന്നോ ഗെയ്ല്‍ മോംഫിസ് എന്നോ ഉള്ള ഐഡി ആയിരിക്കും ഉപയോഗിക്കുക എന്നത് പരസ്യമായ രഹസ്യം. അപൂര്‍വ്വമായി മാത്രമാണ് സ്വന്തം പേരില്‍ ഫെഡറര്‍ പ്ലേസ്റ്റേഷനില്‍ വരിക.

ടെന്നീസ് കളത്തില്‍ മാന്യതയുടെ പ്രതിരൂപമാണ് ഫെഡറര്‍. കളിക്കളത്തിനു പുറത്തും അങ്ങനെ തന്നെ. അതിനു തെളിവായി പലര്‍ക്കും അറിയാത്ത ഒരു കഥ പറയാം. ടെലിവിഷനില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരം കാണുമ്പോള്‍ ഫെഡറര്‍ക്കു വേണ്ടി ആര്‍ത്തുവിളിക്കുന്ന വൃദ്ധ ദമ്പതികളെ നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഫെഡററുടെ പരിശീലകന്‍ ഇരിക്കുന്നതിനു തൊട്ടടുത്താണ് അവരുടെ സ്ഥാനം. പഴയ സൂപ്പര്‍ താരവും ഫെഡററുടെ പരിശീലകനുമായിരുന്ന സ്റ്റെഫാന്‍ എഡ്ബര്‍ഗിനൊപ്പം 2005 മുതലാണ് ഇവരെ കണ്ടു തുടങ്ങിയത്. ഇക്കുറി പരിശീലകനായ ഇവാന്‍ ല്യുബിസിച്ചിനൊപ്പവും ഇവരെ കണ്ടു. ഞാനും ആദ്യം കരുതിയത് ഫെഡററുടെ അച്ഛനമ്മമാരായിരിക്കും എന്നാണ് -അല്ല. അവര്‍ ബോബ് കാര്‍ട്ടറും ഡയാന കാര്‍ട്ടറുമാണ് -ഫെഡററുടെ ആദ്യ പരിശീലകനായിരുന്ന ഓസ്‌ട്രേലിയക്കാരന്‍ പീറ്റര്‍ കാര്‍ട്ടറുടെ അച്ഛനമ്മമാര്‍.

carter-and-federer
റോജര്‍ ഫെഡറര്‍ പീറ്റര്‍ കാര്‍ട്ടര്‍ക്കൊപ്പം -പഴയകാല ചിത്രം

റോജറിലെ ടെന്നീസ് പ്രതിഭയെ ഒമ്പതാം വയസ്സില്‍ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചത് പീറ്റര്‍ കാര്‍ട്ടറാണ്. റോജറുടെ ആദ്യ പരിശീലകനല്ല പീറ്റര്‍. റോജറില്‍ ഒരു വലിയ താരം ഒളിച്ചിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് അദ്ദേഹമാണ്. പക്ഷേ, റേജര്‍ മഹാനായ താരമായി വളരുന്നതു കാണാന്‍ പ്രിയ ഗുരുവിന് ഭാഗ്യമുണ്ടായില്ല. 2002ല്‍ ഭാര്യയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലം ചെലവിടുന്നതിനിടെ ഉണ്ടായ ഒരു കാറപകടത്തില്‍ 37കാരനായ പീറ്റര്‍ അന്തരിച്ചു. അന്ന് കാനഡയിലെ ടൊറന്റോയിലെ ടൂര്‍ണ്ണമെന്റില്‍ കളിക്കുകയായിരുന്ന 21കാരനായ റോജര്‍ അവിടത്തെ തെരുവുകളിലൂടെ നിലവിളിച്ചുകൊണ്ടോടിയത് ചരിത്രം. അത്രമാത്രം വലിയൊരു പ്രതികരണം ഏതെങ്കിലും വിഷയത്തില്‍ അതിനു മുമ്പോ പിമ്പോ ഫെഡററില്‍ നിന്നുണ്ടായിട്ടില്ല. അത്രയ്ക്കു വലുതായിരുന്നു പീറ്ററുമായുള്ള അദ്ദേഹത്തിന്റെ ബന്ധം.

Bob-diana-carter
ഡയാന കാര്‍ട്ടറും ബോബ് കാര്‍ട്ടറും പീറ്റര്‍ കാര്‍ട്ടറുടെ ചിത്രവുമായി

അഡലെയ്ഡിലാണ് കാര്‍ട്ടര്‍ ദമ്പതികളുടെ താമസം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തുമ്പോഴെല്ലാം ബോബിനെയും ഡയാനയെയും എല്ലാ ചെലവുകളും വഹിച്ച് ഫെഡറര്‍ മെല്‍ബണിലേക്കു കൂട്ടും. ഒന്നാം ക്ലാസ് വിമാനടിക്കറ്റ്, താന്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ താമസം, ഭക്ഷണം, ജേതാവിന്റെ പാര്‍ട്ടിയിലേക്കു ക്ഷണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെഡറര്‍ പങ്കെടുക്കുന്ന വിരുന്നുകളിലും ബോബും ഡയാനയും ഒപ്പമുണ്ടാവും. റോഡ് ലേവര്‍ അരീനയിലെ ബോക്‌സിലിരുന്ന് ഫെഡററെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ബോബും ഡയാനയും കളത്തില്‍ കാണുന്നത് തങ്ങളുടെ മകന്‍ പീറ്ററെ തന്നെയാണ്. ഒരു പക്ഷേ, 2017ല്‍ ഫെഡറര്‍ തന്റെ 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചിട്ടുണ്ടാവുക ഈ വൃദ്ധദമ്പതികള്‍ തന്നെയായിരിക്കും. ഇതു തന്നെയാണ് ഫെഡററുടെ വിജയരഹസ്യം -അദ്ദേഹം കടന്നുവന്ന വഴികള്‍ എന്നും ഓര്‍ക്കുന്നു.

fed 632994570
റോജര്‍ ഫെഡറര്‍ 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമായി

ഒരു കായിക ഇനം മത്സരമാകാം, ദൃശ്യവിരുന്നുമാകാം. ഫെഡറര്‍ കളിക്കാനിറങ്ങുമ്പോള്‍ ഇതു രണ്ടും ഒരുമിച്ചു വരും. മെല്‍ബണിലെ രണ്ടാം റൗണ്ടില്‍ ഫെഡററോടു പരാജിതനായ തോമസ് ബെര്‍ഡിച്ച് പറഞ്ഞത് അതാണ് -‘അദ്ദേഹത്തിനെതിരെ കളിക്കുന്നതിനെക്കാള്‍ ആ കളി ഗ്യാലറിയിലിരുന്ന് കാണുന്നതാണ് എനിക്കിഷ്ടം.’ ഫെഡററുടെ കളിയില്‍ കവിതയുടെ മാധുര്യവും കൊലക്കത്തിയുടെ മൂര്‍ച്ചയും കെട്ടുപിണഞ്ഞുകിടക്കുന്നു.

Previous articleവരൂ… അമേരിക്കന്‍ ചാരനാവാം!!!
Next article5 വര്‍ഷത്തേക്കുള്ള മാറ്റം!!
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS