HomeLIFEജടായുമംഗലം

ജടായുമംഗലം

-

Reading Time: 5 minutes

കരച്ചില്‍ കേള്‍ക്കുന്നോ? അതും ആകാശത്തോ? ജടായു ശ്രദ്ധിച്ചു. അതെ, ആ പക്ഷിശ്രേഷ്ഠന്‍ പറന്നു പൊങ്ങി. അപ്പോള്‍ ഒന്നു കാണുമാറായി. ഒരു തേര് അതിവേഗം പോകുന്നുണ്ട്. അതിലുണ്ട് രാവണനും സീതയും! ജടായുവിനു കാര്യം മനസ്സിലായി. രാവണന്‍ സീതയെ കട്ടുകൊണ്ടു പോകുകയാണ് -യാഗശാലയില്‍ നിന്നു നായ് ഹോമദ്രവ്യം കട്ടുകൊണ്ടു പോകുന്നതുപോലെ! സീതയെ രക്ഷിച്ചേ തീരു!

ചിറകുള്ള മല പോലെ ജടായു പറന്നടുത്തു. പക്ഷിശ്രേഷ്ഠനും രാക്ഷസരാജാവും തമ്മില്‍ യുദ്ധവുമായി. ജടായു കൊക്കുകൊണ്ടു തേര്‍ത്തടം തകര്‍ത്തു. നഖങ്ങള്‍ കൊണ്ടു കുതിരകളെ കൊന്നുവീഴ്ത്തി. രാവണന്റെ വില്ലു പൊട്ടിച്ചു. മുഖങ്ങളും കൊത്തിമുറിച്ചു തുടങ്ങി. ഒരു പക്ഷി വന്ന് യാത്ര മുടക്കുകയോ? രാവണന്‍ പരിഭ്രമത്തോടെ മറ്റൊരു തേരിലേറി.

ജടായുവുണ്ടോ വിടുന്നു. പൊറുതി മുട്ടിയ രാവണന്‍ പെട്ടെന്നു ചന്ദ്രഹാസം വലിച്ചൂരി ഓങ്ങിവെട്ടി. ആ വെട്ടുതടുക്കാന്‍ ജടായുവിനു സാധിച്ചില്ല. ആ പക്ഷിശ്രേഷ്ഠന്‍ ചിറകറ്റു ഭൂമിയില്‍ വീണു. രാവണന്റെ തടസ്സം നീങ്ങി. അയാള്‍ സീതയെയും കൊണ്ടു യാത്ര തുടര്‍ന്നു.

രക്ഷിക്കാന്‍ വന്ന പക്ഷി വെട്ടേറ്റു വീണു! സീത വല്ലാതെ ദുഃഖിച്ചുപോയി. തന്നെ അന്വേഷിച്ച് ശ്രീരാമന്‍ വരും. രാവണന്‍ കട്ടുകൊണ്ടുപോയെന്ന് ആ പക്ഷി പറഞ്ഞാലേ ശ്രീരാമന്‍ അറിയൂ. ആ പതിവ്രത ഒരു വരം നല്‍കി -ശ്രീരാമനെ കാണും വരെ ജടായു ജീവിച്ചിരിക്കും.

സീതയുടെ വരം ഫലിക്ക തന്നെ ചെയ്തു. സകലവിവരവും ശ്രീരാമനെ അറിയിക്കുന്നതു വരെ ജടായു ജീവിച്ചിരുന്നു. എന്തൊരു മഹാഭാഗ്യം! ശ്രീരാമന്‍ ജടായുവിന്റെ തല മടിയില്‍ വെച്ചു. സ്‌നേഹത്തോടെ മൃദുവായി തലോടി. അങ്ങനെ ജടായുവിന്റെ ആത്മാവിനു മോക്ഷം കിട്ടി.


കുട്ടിക്കാലത്ത് വായിച്ച കഥയില്‍ നിന്നെടുത്തതാണ്. പ്രശസ്ത ബാലസാഹിത്യകാരന്‍ മാലി എന്ന വി.മാധവന്‍ നായര്‍ എഴുതിയ ‘മാലിരാമായണം‘. ഇപ്പോഴും ഭദ്രമായി വീട്ടിലുണ്ട്. ജടായു രാവണനോട് പൊരുതിവീണ സ്ഥലം ജടായുമംഗലം എന്നറിയപ്പെടുന്നു എന്ന് പിന്നീടെവിടെയോ വായിച്ചു.

*    *    *

2004 സെപ്തംബറിലായിരുന്നു എന്റെ വിവാഹം. കൊട്ടാരക്കര ദേശത്തേക്കുള്ള എന്റെ ആദ്യ കാര്‍ യാത്ര അതിനു ശേഷമാണ്. കൊട്ടാരക്കരയിലും പൂവറ്റൂരിലുമൊക്കെയുള്ള ഭാര്യാബന്ധുക്കളെ സന്ദര്‍ശിക്കാനും ഇടയ്‌ക്കൊക്കെ കൊട്ടാരക്കര മഹാഗണപതിയെ മുഖം കാണിക്കാനും ഉണ്ണിയപ്പം തട്ടാനുമൊക്കെയുള്ള യാത്രകള്‍. ഈ യാത്രകള്‍ക്കിടെ ചടയമംഗലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്ത് തട്ടുകടയില്‍ ഒരു ചായകുടിയും കടിയും പതിവുണ്ട്. അത്തരമൊരു ചായകുടിക്കിടെയാണ് ജടായുപ്പാറ എന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അതിനു മുമ്പ് പലവട്ടം കേട്ടിട്ടുണ്ടെങ്കിലും കാര്യമാക്കിയിരുന്നില്ല.

രാവണന്റെ വെട്ടേറ്റ് ജടായു വീണ സ്ഥലമാണ് ജടായുപ്പാറ. രാവണനുമായിട്ടുള്ള പോരാട്ടത്തിനിടെ ജടായുവിന്റെ കൊക്കു കൊണ്ടതിനെത്തുടര്‍ന്നുണ്ടായ കുളവും -ഇതില്‍ വെള്ളം വറ്റാറില്ല -ശ്രീരാമന്റെ പാദമുദ്രയും ഇവിടെ ഉണ്ട്. രാമക്ഷേത്രവുമുണ്ട്. അപ്പോള്‍ ജടായുമംഗലത്താണ് ജടായു പൊരുതി വീണത് എന്നു ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളത് തെറ്റാണോ? അതു തെറ്റല്ല. ജടായുമംഗലം തന്നെയാണ് ഇന്നത്തെ ചടയമംഗലം! ജടായുപ്പാറയില്‍ വലിയൊരു പദ്ധതി വരുന്നു എന്ന് ആദ്യമായി കേട്ടത് അന്നത്തെ ചര്‍ച്ചയിലാണ്. ഏതാണ്ട് 14 വര്‍ഷം മുമ്പ്. ആ കേട്ടതിന് പദ്ധതിയുടെ രൂപം വരാന്‍ പിന്നെയും ഏറെക്കാലമെടുത്തു. ഇപ്പോള്‍ അത് പൂര്‍ത്തിയാവുന്നു, നമുക്കെല്ലാം പ്രവേശനം ലഭിക്കുന്നു എന്നറിഞ്ഞതില്‍ നിറയെ സന്തോഷം. ഇടയ്ക്ക് അവിടെപ്പോയി പണികള്‍ പുരോഗമിക്കുന്നതിന്റെ ചിത്രം പകര്‍ത്തി മടങ്ങിയതു മാത്രമാണ് എനിക്ക് ഇതുവരെയുള്ള അനുഭവം. ഇനിയൊന്നു പോയി നോക്കണം.

വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന വേളയില്‍ 2007ലാണ് പൊതു-സ്വകാര്യ സംരംഭമായി Build Operate Transfer വ്യവസ്ഥയില്‍ ജടായുപ്പാറ ടൂറിസം വികസന പദ്ധതി ആസൂത്രണം ചെയ്യപ്പെടുന്നത്. പ്രശസ്ത ചലച്ചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചലിനെയാണ് പദ്ധതിയുടെ ചുമതലക്കാരനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ജടായു എര്‍ത്ത്‌സ് സെന്ററിന്റെ ചെയര്‍മാനും മാനേജിങ് ഡയറ്കറുമാണ് അദ്ദേഹമിന്ന്. പല ഘട്ടങ്ങളിലായി 100 കോടി രൂപ മുതല്‍മുടക്കിയിരിക്കുന്നത് രാജീവ് അഞ്ചലിന്റെ ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡും 150 ഓളം വിദേശ മലയാളികളും ചേര്‍ന്ന്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു ശേഷം പ്രവാസി നിക്ഷേപത്തിലൂടെ വരുന്ന മറ്റൊരു വന്‍കിട വികസന പദ്ധതി.

ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ട സപര്യയിലൂടെ രാജീവ് അഞ്ചല്‍ തന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1,000 അടി ഉയരത്തിലാണ് ജടായുപ്പാറയിലെ ഭീമന്‍ ജടായു ശില്പം. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പമാണ്. 61 മീറ്റര്‍ നീളമുണ്ടിതിന്. 46 മീറ്റര്‍ വീതിയും 21 മീറ്റര്‍ ഉയരവുമുണ്ട്. ഈ ഭീമന്‍ ജടായുവിന്റെ തറവിസ്തൃതി മാത്രം 15,000 ചതുരശ്രയടിയാണ്. ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഈ ജടായുവും ചടയമംഗലവും ഇടം നേടുമെന്നുറപ്പ്. ഇതിനകം ഇടം നേടിക്കഴിഞ്ഞു എന്നും പറയാം.

ചൈനയിലെ ചെങ് ദുവിലുള്ള മെങ് ഡിങ് മലനിരകളിലെ ടീ ഗാര്‍ഡനിലേക്ക് 2009ല്‍ കേബിള്‍ കാറില്‍ സഞ്ചരിച്ചപ്പോള്‍ പകര്‍ത്തിയത്

ജടായുപ്പാറയിലെ മഹാശില്പത്തിനു സമീപത്തേക്ക് എത്തിച്ചേരേണ്ടത് കേബിള്‍ കാറില്‍! ഇത്രയും ഉയരത്തിലേക്ക് കേബിള്‍ കാറില്‍ സഞ്ചരിക്കുന്നത് തന്നെ വിസ്മയകരമായ അനുഭവമായിരിക്കും. 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി സംഘാംഗം എന്ന നിലയില്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ചെങ് ദുവിലെ മെങ് ഡിങ് മലനിരകളിലുള്ള ടീ ഗാര്‍ഡനിലേക്ക് ഞാന്‍ കേബിള്‍ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. ഒരിക്കല്‍ക്കൂടി അതില്‍ കയറണമെന്ന് മോഹമുണ്ടെങ്കിലും സാധിക്കില്ലെന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ അതു സാധിക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നു. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച ഈ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനം വിളിപ്പാടകലെ ജടായുപ്പാറയിലെത്തുമ്പോള്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് മടിക്കുന്നതെന്തിന്?

ജടായു പാര്‍ക്കിലെ കേബിള്‍ കാര്‍

ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിങ്ങിനുള്ള സൗകര്യവും ജടായുപ്പാറയില്‍ ലഭ്യമാക്കിയിട്ടുണ്ട്. 2 ഹെലികോപ്റ്ററുകള്‍ക്കുള്ള ഹെലിപ്പാഡും അനുബന്ധസൗകര്യങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്. വിവിധ ടൂറിസം കേന്ദ്രങ്ങളെ ജടായുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വീസ് സൗകര്യം പിന്നീട് ഏര്‍പ്പെടുത്തുമെന്ന് ടൂറിസം വകുപ്പ് പറയുന്നു.

ചടയമംഗലത്തെ പാറക്കെട്ടുകളുടെ സ്വാഭാവികത ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. ജടായു അഡ്വഞ്ചര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം കഴിഞ്ഞ ഡിസംബര്‍ 5ന് ആരംഭിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് റോക്ക് തീം പാര്‍ക്ക്, കേബിള്‍ കാര്‍ സര്‍വ്വീസ്, ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിങ് എന്നിവ വരുന്ന ജൂലൈ 4ന് തുറക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുന്ന ഒരു പുതിയ വിനോദസഞ്ചാര കേന്ദ്രം രാജ്യത്ത് നിലവില്‍ വരികയായി.

രാജീവ് അഞ്ചല്‍

സ്ത്രീ സംരക്ഷണത്തിന്റെ പ്രതീകമായ ജടായുവെന്ന ഭീമന്‍ പക്ഷിയുടെ ശില്പമുള്‍ക്കൊളളുന്ന ഈ ടൂറിസം പദ്ധതി 3.5 കിലോമീറ്റര്‍ ചുറ്റളവില്‍ 65 ഏക്കര്‍ വിസ്തൃതിയിലാണ് സ്ഥിതിചെയ്യുന്നത്. പൂര്‍ണമായും മതില്‍ക്കെട്ടിനുള്ളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ വിനോദസഞ്ചാരികള്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പദ്ധതി. കേരളം പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്വ ടൂറിസത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍. സാസ്‌കാരിക ടൂറിസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കലാവിരുന്നുകളും ജടായു ശില്പത്തിന് സമീപത്തൊരുക്കും.

പ്രദേശവാസികള്‍ക്ക് പങ്കാളിത്തവും തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നു എന്ന നിലയിലും പദ്ധതിക്ക് വലിയ സ്വീകാര്യതയുണ്ട്. ഇടയ്ക്ക് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് വീണ്ടും ഇതിന് വേഗം വെച്ചു. ജടായു എര്‍ത്ത്‌സ് സെന്ററിന് വേണ്ട അനുമതികളെല്ലാം യുദ്ധകാല അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നല്‍കിയത്. 1.75 കോടി രൂപ ചെലവഴിച്ച് പദ്ധതി പ്രവര്‍ത്തനത്തിന് അനിവാര്യമായ എ.ബി.സി ലൈനും, 8.5 കോടി രൂപ ചെലവഴിച്ച് ഇവിടെ ഫുട്പാത്തുകള്‍ അടക്കം അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡും സര്‍ക്കാര്‍ നിര്‍മ്മിച്ചത് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് വേഗത്തിലാക്കി.

കേബിള്‍ കാര്‍ യാത്രയ്ക്ക് 250 രൂപയും പ്രവേശന ഫീസായി 150 രൂപയും ഉള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപ വീതം മാത്രമാണ് തുടക്കത്തില്‍ നിശ്ചിത കാലത്തേക്ക് ഈടാക്കുക. പദ്ധതി പൂര്‍ണ്ണതോതിലാവുന്ന മുറയ്ക്ക് ഇത് പരിഷ്‌കരിച്ചേക്കും. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണവും ഉള്‍പ്പെടെയുള്ള പാക്കേജിന് 2,500 രൂപയാണ് നിരക്ക്. സാഹസിക വിനോദത്തിന് സംഘമായി എത്തുന്നവരെയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് പ്രവേശിപ്പിക്കുക.

ജടായു ശില്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6-ഡി തീയേറ്ററും വരുന്ന നവംബറോടെ സജ്ജമാകും. അതോടെയാണ് പദ്ധതി പൂര്‍ണ്ണതോതിലാവുക. പാറക്കെട്ടുകളുടെ ഇടയിലുള്ള ഗുഹാസങ്കേതത്തില്‍ ഒരുക്കുന്ന ആയുര്‍വേദ-സിദ്ധ ചികിത്സയും നവംബറില്‍ ആരംഭിക്കും. ചടയമംഗലം എന്ന ഗ്രാമവും പൗരാണിക പ്രാധാന്യമുള്ള ജടായുപ്പാറയും ഇനി ലോക ടൂറിസം ഭൂപടത്തില്‍.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks