ഇത് ഒരു സുഹൃത്തിന്റെ അനുഭവമാണ്. വയനാട്ടില്‍ നിന്ന് അവള്‍ തിരുവനന്തപുരത്തേക്ക് ബസ് കയറിയത് വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഒരു താല്‍ക്കാലിക ജോലി സംഘടിപ്പിക്കണം. അതില്‍ നിന്നു ലഭിക്കുന്ന ചെറിയ ശമ്പളമുപയോഗിച്ച് തിരുവനന്തപുരത്ത് താമസവും ഭക്ഷണവും ഒപ്പിക്കണം. എന്നിട്ട്, ബാക്കിയുള്ള സമയം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കണം. തിരുവനന്തപുരത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും കേരള സര്‍വ്വകലാശാലാ ലൈബ്രറിയുമെല്ലാം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളോട് ചില വീട്ടുകാര്‍ക്കുള്ള പ്രതിലോമ നിലപാട് അവള്‍ക്കും നേരിടേണ്ടി വന്നു. കിട്ടിയ ജോലി വേണ്ടെന്നു വെച്ച് സിവില്‍ സര്‍വ്വീസ് എന്നു പറഞ്ഞു നടക്കുന്നതിനോടായിരുന്നു അവരുടെ എതിര്‍പ്പ്. എങ്കിലും ആത്മവിശ്വാസം അവളെ മുന്നോട്ടു നയിച്ചു. ഒടുവില്‍ അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വീട്ടുകാര്‍ വഴങ്ങി എന്നു പറയാം.
ആദ്യ മാസം പിടിച്ചുനില്‍ക്കാനുള്ള തുക മുമ്പ് ജോലി ചെയ്തിരുന്നപ്പോഴത്തെ സമ്പാദ്യത്തില്‍ നിന്ന് ഒപ്പിച്ചു. വലിയ തുകയൊന്നുമില്ല, കഷ്ടിച്ച് ഒപ്പിക്കാം. ഒരു താമസസൗകര്യമായിരുന്നു തിരുവനന്തപുരത്ത് പ്രശ്‌നം. പെണ്‍കുട്ടികള്‍ക്ക് വിശ്വസിച്ചു പോയി താമസിക്കാവുന്ന ഹോസ്റ്റലുകളില്‍ ഒരിടത്തുപോലും ഒഴിവില്ല. ഒടുവില്‍ പുതിയ തലമുറയുടെ വഴി തന്നെ അവളും തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ തന്നെ ശരണം. QuikrHomesല്‍ ഇഷ്ടം പോലെ പരസ്യമുണ്ട്. നഗരത്തില്‍ തന്നെ പട്ടത്തുള്ള വീട് തിരഞ്ഞെടുത്തു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പേയിങ് ഗസ്റ്റ് സംവിധാനം നടത്തുന്നു. അവിടെ ഒഴിവുണ്ട്. പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ വിളിച്ചു സംസാരിച്ചു. കേട്ടപ്പോള്‍ വലിയ തകരാര്‍ തോന്നിയില്ല. താമസത്തിനും ഭക്ഷണത്തിനും കൂടി മാസം 5,000 രൂപ. തിരികെ ലഭിക്കുന്ന അഡ്വാന്‍സായി 2,000 രൂപ. നേരെ അങ്ങോട്ട് വെച്ചുപിടിച്ചു.
പട്ടം ശ്രീ ചിത്രാ നഗറിലെ 20-ാം നമ്പര്‍ വീടാണ് ലക്ഷ്യ കേന്ദ്രം. വീടിന് പേരില്ല. രണ്ടു നിലയുള്ള വീടാണ്. താഴെ വീട്ടുടമസ്ഥരായ ഭാര്യയും ഭര്‍ത്താവും താമസിക്കുന്നു. അവരാണ് പേയിങ് ഗസ്റ്റ് എന്ന ഓമനപ്പേരുള്ള ഹോസ്റ്റലിന്റെ നടത്തിപ്പുകാര്‍. 2,000 രൂപ അഡ്വാന്‍സ് ആദ്യമേ എണ്ണി വാങ്ങി. ഒരു മാസത്തെ വാടക 5,000 രൂപ മുന്‍കൂറായി ഒപ്പം വാങ്ങി. എന്നിട്ടാണ് മുകളിലേക്കു കടത്തിവിട്ടത്. ഭാര്യയും ഭര്‍ത്താവും വാതില്‍ക്കല്‍ നിറഞ്ഞുനില്‍ക്കുന്നു. വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ 7,000 രൂപ എണ്ണിക്കൊടുത്തു കടന്നുകൂടി.
മുകളിലത്തെ നിലയിലുള്ള ‘പേയിങ് ഗസ്റ്റ്’ സംവിധാനം ചെന്നു നോക്കിയപ്പോഴാണ് ഞെട്ടിയത്. ആകെ 4 മുറികള്‍. 6 കിടക്കകളുള്ള ഒരു വലിയ മുറി. അവിടെയുള്ള 6 പേര്‍ക്കും കൂടി മുറിക്കകത്ത് ഒരു അറ്റാച്ച്ഡ് ബാത്ത്‌റൂം. 4 കിടക്കകള്‍ വീതമുള്ള 3 ചെറിയ മുറികള്‍ വേറെ. ഈ 12 പേര്‍ക്കും കൂടി പുറത്ത് ഒരു കോമണ്‍ ബാത്ത്‌റൂം മാത്രം!! ‘സൗകര്യം കുറവാണല്ലോ’ എന്നു പറഞ്ഞപ്പോള്‍ ‘വേണ്ടെങ്കില്‍ താമസിക്കണ്ട, വേറെ സ്ഥലം നോക്കിക്കൊള്ളൂ’ എന്ന മറുപടി. ഈ മറുപടി പിന്നെയും പലവട്ടം അവിടെ ഒരു മാസം താമസിക്കുന്നതിനിടെ അവള്‍ക്ക് കേള്‍ക്കേണ്ടി വന്നു. പ്രവേശനം കിട്ടിയത് വലിയ മുറിയിലായതിനാല്‍ ബാത്ത്‌റൂമിനായി മറ്റ് 5 പേരോട് അവള്‍ക്ക് മല്ലിട്ടാല്‍ മതിയായിരുന്നു! ചെറിയ മുറികളില്‍ ഒന്നിലായിരുന്നെങ്കില്‍ ബാക്കി 11 പേരുമായി ഗുസ്തി കൂടേണ്ടി വന്നേനെ!!
ബാത്ത്‌റൂം പ്രശ്‌നമാകുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. എല്ലാവരും രാവിലെ ജോലിക്കും പഠനത്തിനും മറ്റുമായി പുറത്തുപോകേണ്ടവര്‍. എന്നാല്‍, താമസക്കാരായ പെണ്‍കുട്ടികള്‍ തമ്മില്‍ അഡ്ജസ്റ്റ് ചെയ്താലും ബാത്ത്‌റൂം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് താമസിയാതെ ബോദ്ധ്യമായി. ഉടമ താമസിക്കുന്ന താഴത്തെ നിലയിലെ ബാത്ത്‌റൂമില്‍ ടാപ്പ് തുറന്നാല്‍ മുകളിലത്തെ നിലയിലെ ‘ഗസ്റ്റു’കള്‍ക്ക് വെള്ളമില്ല! ഉടമയുടെയും ഭാര്യയുടെയും നീരാട്ടിന് മണിക്കൂറുകള്‍ വേണം. പരാതി പറയാന്‍ താഴേക്കു ചെന്നാല്‍ പതിവ് ഡയലോഗ് തന്നെ -‘വേറെ സ്ഥലം നോക്കിക്കൊള്ളൂ.’ ഒരു മാസത്തെ വാടക അഡ്വാന്‍സായി വാങ്ങി കൈയില്‍ വെച്ചിട്ടാണ് ഈ ഭീഷണി. എന്നാല്‍ ശരി പോയേക്കാം എന്നു പറഞ്ഞ് ആരെങ്കിലും ഇറങ്ങിയാല്‍ ബാക്കി വാടക തിരിച്ചുകൊടുക്കില്ലെന്ന് ഉറപ്പ്!! വെള്ളമില്ലാത്തതിനാല്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അവളുടെ ഒപ്പം താമസിച്ചിരുന്ന കുട്ടിയുടെ അനുഭവസാക്ഷ്യം.
പേയിങ് ഗസ്റ്റ് എന്നു കേള്‍ക്കുമ്പോള്‍ മാന്യമായ സംവിധാനമാണെന്ന് ആരും തെറ്റിദ്ധരിക്കും. ഒരു നിയമപരമായ ബാദ്ധ്യതയുമില്ലാത്ത ഹോസ്റ്റല്‍ തന്നെയായിരുന്നു അത്. ഭക്ഷണത്തിനൊന്നും ഒരു നിലവാരവുമില്ല. എല്ലാത്തിനും റേഷനാണ്. രാവിലെ ദോശയോ ഇഡ്ഡലിയോ ആണെങ്കില്‍ 3 എണ്ണം വീതം. പുട്ടാണെങ്കില്‍ 2 കഷ്ണം. ഉപ്പുമാവ് ഒരു തവി. ഉച്ചയ്ക്ക് അല്പം ചോറ്, മോരുകറി അല്ലെങ്കില്‍ രസം, എന്തെങ്കിലുമൊരു തോരന്‍ എന്നിവയാണ് മെനു. രാത്രിയും ചോറ് തന്നെ. ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ കറിയുണ്ടാവും. 2 ദിവസം മീന്‍ കറിയും. കറിയെന്നൊക്കെ പറഞ്ഞാല്‍ വെറുതെ മുളക് കലക്കിവെച്ച ഒരു സാധനം. ആരെങ്കിലും വെജിറ്റേറിയനാണെങ്കില്‍ കുടുങ്ങിയതു തന്നെ. ഉള്ളതു വെച്ച് അഡ്ജസ്റ്റ് ചെയ്‌തോണം. ‘ഗസ്റ്റ്’ നാട്ടില്‍ പോയി വരുന്ന ദിവസം രാവിലെ പട്ടിണിയാണ്. തലേന്ന് ഇല്ലാതിരുന്നതിനാല്‍ അതനുസരിച്ചുള്ള ഭക്ഷണമേ ഉണ്ടാക്കിയുള്ളൂ എന്നു ന്യായീകരണം. ഭക്ഷണം ചോദിച്ചാലും കേട്ട ഭാവമില്ല.
‘ഗസ്റ്റ്’ എന്നാണ് പേരെങ്കിലും ഒരു മുറിയും പൂട്ടി സംരക്ഷിക്കാന്‍ താക്കോല്‍ നല്‍കില്ല. ഒരു ദിവസം അവള്‍ തിരികെ എത്തിയപ്പോള്‍ ബാഗ് തുറന്ന് വലിച്ചുവാരിയിട്ടിരിക്കുന്നു. സഹമുറിയരോട് ചോദിച്ചപ്പോള്‍ അതവിടെ പതിവാണെന്നും വീട്ടുടമസ്ഥയുടെ ‘മൃഗയാ വിനോദം’ ആണെന്നും അറിവായി. അതിനുശേഷം ചെറിയൊരു പൂട്ട് വാങ്ങി ബാഗ് ഭദ്രമാക്കി. 10 ദിവസം കൊണ്ടു തന്നെ അവിടത്തെ താമസം അവള്‍ക്കു മതിയായിരുന്നു. പക്ഷേ, മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. താല്‍ക്കാലിക ജോലിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതും അവളെ സമ്മര്‍ദ്ദത്തിലാക്കി.
മഴക്കാലം തുടങ്ങിയതോടെ അന്തേവാസികളില്‍ പലരും പനിയുടെ പിടിയിലായി. പനിക്കാതിരിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാവണം, അവള്‍ വീട്ടിലൊന്നു പോയി വരാന്‍ തീരുമാനിച്ചു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ, പനിയുടെ പിടിയിലാവുക തന്നെ ചെയ്തു. അത്യാസന്ന നിലയില്‍ ആസ്പത്രിയിലായി. രണ്ടാഴ്ചയോളം ആസ്പത്രിയില്‍ കിടക്കേണ്ടി വന്നു. ഈ സമയമത്രയും വീട്ടുടമയായ സ്ത്രീയുടെ വിളികള്‍ അവളുടെ ഫോണിലേക്കു വന്നുകൊണ്ടിരുന്നു. ആദ്യമൊന്നും എടുത്തില്ല. ഒടുവില്‍ തുടര്‍ച്ചയായി വിളി വന്നപ്പോള്‍ വളരെ ക്ലേശിച്ച് എടുത്തു. അവള്‍ തിരിച്ചെത്താത്തതിനാല്‍ മറ്റൊരാള്‍ക്ക് കിടക്ക കൊടുക്കുകയാണെന്നും സാധനങ്ങള്‍ മാറ്റി വെയ്ക്കുകയാണെന്നും വീട്ടുടമ അറിയിച്ചു. സംസാരിക്കാന്‍ പോലും ശേഷിയില്ലാതിരുന്ന അവള്‍ക്ക് ഒന്നു തര്‍ക്കിക്കാന്‍ പോലുമായില്ല. രണ്ടാം മാസത്തെ വാടക കിട്ടിയില്ല എന്നതായിരുന്നു പ്രശ്‌നം. തിരുവനന്തപുരത്തേക്കു വരുമ്പോള്‍ തരാമെന്നു പറഞ്ഞിട്ടും അവര്‍ക്കു വിശ്വാസം പോരാ. പനി മാറിയെങ്കിലും യാത്ര ചെയ്യാനാവുന്ന അവസ്ഥയിലായിരുന്നില്ല. വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. വീണ്ടും പനി വന്നാല്‍ അപകടമാവുമെന്നു കൂടി പറഞ്ഞതോടെ അവള്‍ വയനാട്ടിലെ വീട്ടില്‍ ഒതുങ്ങിക്കൂടി.
ഇതോടെ തിരുവനന്തപുരത്തെ അതിഥി മന്ദിരം ഉടമ വീണ്ടും വിളിച്ചു. സാധനങ്ങള്‍ ഉടനെ മാറ്റണമെന്നാവശ്യപ്പെട്ടു. നാടു മുഴുവന്‍ പനിയുടെ പിടിയിലായ സമയം. താന്‍ കിടപ്പിലാണെന്നും വയനാട്ടില്‍ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനാവില്ലെന്നും അവള്‍ പറഞ്ഞു. പക്ഷേ, വീട്ടുടമ വഴങ്ങിയില്ല. ഈ ഘട്ടത്തിലാണ് അവള്‍ എന്റെ സഹായം തേടുന്നത്. ‘പേയിങ് ഗസ്റ്റ്’ കേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് എന്റെ വീട്ടില്‍ കൊണ്ടുവെയ്ക്കണം. അവിടെ എത്തിയ സമയത്ത് നല്‍കിയ അഡ്വാന്‍സ് 2,000 രൂപ തിരികെ വാങ്ങണം. ചേതമില്ലാത്ത ഉപകാരമായതിനാല്‍ ഞാന്‍ സമ്മതിച്ചു. ഒരു പെണ്‍കുട്ടിയുടെ സാധനസാമഗ്രികളാണ് എടുക്കാനുള്ളത് എന്നതിനാല്‍ ഭാര്യയെ ഒപ്പം കൂട്ടി.
നഗരത്തിലെ പ്രമുഖന്മാര്‍ താമസിക്കുന്ന മേഖലയിലുള്ള വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. അവളുടെ സാധനസാമഗ്രികള്‍ എടുക്കാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ വീട്ടുടമയായ വനിത ഒരെതിര്‍പ്പും കാണിച്ചില്ല. കോണിപ്പടിക്കടിയിലേക്കു വിരല്‍ ചൂണ്ടി. ഭാര്യയാണ് അങ്ങോട്ടു നീങ്ങിയത്. എല്ലാം വാരിവലിച്ചിട്ടിരിക്കുന്നു. അവിടെയുണ്ടായിരുന്ന ബാഗിലും പെട്ടിയിലും 2 പ്ലാസ്റ്റിക് സഞ്ചിയിലുമായി സാധനങ്ങള്‍ അടുക്കിവെയ്ക്കുന്ന തിരക്കിലേക്ക് ഭാര്യ നീങ്ങിയപ്പോള്‍ ഞാന്‍ വീട്ടുടമയോട് അഡ്വാന്‍സ് 2,000 രൂപയുടെ കാര്യം ചോദിച്ചു. ‘അതു തരാന്‍ പറ്റില്ല’ -കടുപ്പിച്ചുള്ള മറുപടി. ‘അഡ്വാന്‍സ് റീഫണ്ടബിള്‍ എന്നു പറഞ്ഞാല്‍ തിരികെ ലഭിക്കുന്നത് എന്നല്ലേ അര്‍ത്ഥം?’ -എന്റെ സംശയം. ‘ഇത്രയും ദിവസം ബാഗും സാധനങ്ങളും വെച്ചിരുന്നില്ലേ? അതുകൊണ്ട് തരില്ല’ -ബാഗ് സൂക്ഷിക്കുന്നതിന് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് റൂമില്‍ പോലും ഇത്രയും വാടകയില്ലല്ലോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ ചൂടായി. ‘അതൊക്കെ ഞാന്‍ അവളോടു പറഞ്ഞുകൊള്ളാം’ -പെണ്‍കുട്ടി തര്‍ക്കിക്കാന്‍ നില്‍ക്കില്ലെന്ന ആത്മവിശ്വാസം.
അതോടെ ഞാന്‍ നിയമം പറഞ്ഞു. ‘സര്‍ക്കാരിനു നികുതി നല്‍കാതെ സ്ഥാപനം നടത്തുന്നത് നിയമവിരുദ്ധമാണ്. ആരെങ്കിലും പരാതി കൊടുത്താല്‍ വിവരമറിയും. അതിനു പുറമെയാണ് ചൂഷണം’ -ഞാന്‍ പരാതി കൊടുക്കുമെന്നു തന്നെയാണ് ഭീഷണി. അവര്‍ക്കൊരു കൂസലുമില്ല. ഉടനെ ഫോണെടുത്ത് ഏതോ ഒരു വക്കീലിനെ വിളിച്ചു. എന്റെ ശബ്ദമുയര്‍ന്നതു കേട്ട് അവരുടെ ഭര്‍ത്താവ് എന്നു പറയുന്ന വ്യക്തിയും അപ്പോഴേക്കും പുറത്തു വന്നു. ഈ സമയം ആ സ്ത്രീ വക്കീലിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇതിനിടെ അവര്‍ മൊബൈല്‍ ഫോണ്‍ എന്റെ നേര്‍ക്ക് നീട്ടി -‘വക്കീലിനോട് സംസാരിച്ചു നോക്ക്.’ ഞാന്‍ നിരസിച്ചു -‘എനിക്കൊരു വക്കീലിനോടും സംസാരിക്കേണ്ട കാര്യമില്ല.’ അപ്പോഴേക്കും അവളുടെ സാധനസാമഗ്രികള്‍ എടുത്ത് ഭാര്യ കാറിനരികിലേക്കു വന്നു. ഞാന്‍ അവളെ വിളിച്ചു -‘ചേട്ടന്‍ പൊയ്‌ക്കോ, പൈസ കാര്യം ഞാന്‍ പിന്നീട് സംസാരിച്ചോളാം.’
അതോടെ ഞാന്‍ മടങ്ങി. കാര്‍ സ്റ്റാര്‍ട്ടാക്കി പുറപ്പെടും വരെ ആ സ്ത്രീ വിളിച്ചുപറയുന്നുണ്ടായിരുന്നു, അവള്‍ നിമിത്തം നഷ്ടമുണ്ടായതിന്റെ കണക്ക്. 2,000 രൂപ തരില്ലെന്നു മാത്രമല്ല, കണക്ക് ശരിയാക്കാന്‍ 3,000 രൂപ കൂടി അങ്ങോട്ടു കൊടുക്കണമെന്നാണ് ആവശ്യം. ഏതു വകുപ്പിലാണെന്നു മനസ്സിലായില്ല. മുന്‍കൂര്‍ വാങ്ങിയ 5,000 രൂപയുടെ ഒരു മാസ കാലാവധി കഴിഞ്ഞതിന്റെ അടുത്ത ദിവസം കിടക്കയില്‍ വേറെ ആളു വന്നു. ആകെ ചെയ്തത് കോണിപ്പടിക്കു കീഴില്‍ അവളുടെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിരുന്നു എന്നതാണ്. അതിനാണ് 2,000 രൂപ!! അഡ്വാന്‍സ് വേണമെന്നാവശ്യപ്പെട്ട് പിന്നീട് അവള്‍ വിളിച്ചപ്പോഴും വീട്ടുടമ ഇതു തന്നെ പറഞ്ഞു -പെട്ടി സൂക്ഷിക്കാന്‍ 2,000 രൂപ. അവിടെ താമസിക്കാന്‍ ചെല്ലുന്ന ആരുടെയും അഡ്വാന്‍സ് അവര്‍ മടക്കിക്കൊടുക്കാറില്ലെന്ന് പിന്നീടറിഞ്ഞു. ഓരോ കാരണമുണ്ടാക്കി പിടിച്ചെടുക്കും. പെണ്‍കുട്ടികളാവുമ്പോള്‍ വലിയ ബഹളമുണ്ടാക്കില്ലല്ലോ, അതും ‘മാന്യന്മാര്‍’ താമസിക്കുന്ന സമ്പന്ന മേഖലയില്‍!!
കാറില്‍ കയറി മടങ്ങുന്നതിനിടെ ഞാന്‍ ഫോണില്‍ ആ വീടിന്റെ ഒരു ചിത്രം പകര്‍ത്തി. ശരിയായ രീതിയില്‍ ചിത്രം പകര്‍ത്താനുള്ള സൗകര്യം ലഭിച്ചില്ലെന്നത് വേറെ കാര്യം. ആ സ്ത്രീയുടെ ബഹളത്തില്‍ ഭാര്യ ഭയന്നുപോയിരുന്നു. വീടാക്രമിച്ചു എന്നോ മറ്റോ പറഞ്ഞ് പരാതി കൊടുത്താലോ!! വിലാസം മാത്രം കൃത്യമായി കൈയിലുണ്ട്. ആര്‍ക്കും പരിശോധിക്കാം.
ടി.സി. 15/3836
വീട് നമ്പര്‍ 20,
ചിത്രാ നഗര്‍
പട്ടം,
തിരുവനന്തപുരം -695004
ഒരു ചായ കുടിച്ചാല്‍ പോലും ജി.എസ്.ടി. എന്ന ഓമനപ്പേരുള്ള ചരക്കു സേവന നികുതി ഈടാക്കുന്ന നാടാണിത്. അവിടെയാണ് ഒരു അനുമതിയും നികുതിയുമില്ലാതെ ചട്ടവിരുദ്ധമായി ‘പേയിങ് ഗസ്റ്റ്’ എന്ന ഓമനപ്പേരില്‍ ചൂഷണത്തിന്റെ പെണ്‍വീടുകള്‍ നിര്‍ബാധം തഴച്ചുവളരുന്നത്. ഓണ്‍ലൈന്‍ മുഖേന കൃത്യമായ പരസ്യം നല്‍കി അവര്‍ ആളെപ്പിടിക്കുന്നു. നിയമപ്രകാരം ഇതു തെറ്റല്ല. അതിനാല്‍ത്തന്നെ നിരോധിക്കേണ്ട കാര്യവുമില്ല. പക്ഷേ, നിയന്ത്രണം തീര്‍ച്ചയായും വേണം.
എന്റെ സുഹൃത്ത് താമസിച്ചിരുന്ന വീട് തന്നെ നോക്കാം. ഗാര്‍ഹികാവശ്യത്തിനാണ് എന്നു കാട്ടിയാണ് അവര്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് കെട്ടിടനമ്പര്‍ വാങ്ങിയത്. അതിനുശേഷം അവര്‍ അവിടെ നടത്തുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ലാഭമുണ്ടാക്കുന്ന വാണിജ്യസ്ഥാപനം തന്നെയാണ്. അവര്‍ ഒരു മാസം ഇതില്‍ നിന്ന് 90,000 രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. ഭക്ഷണം നല്‍കാന്‍ പരമാവധി 40,000 രൂപ ചെലവു വന്നാലും 50,000 രൂപ ലാഭമാണ്. പക്ഷേ, സര്‍ക്കാരിന്റെ ഒരു കണക്കിലും ഈ പണമില്ല. അതിനാല്‍ നികുതിയില്ല. ഫലത്തില്‍ ഇത് കള്ളപ്പണമാണ്. ഹോസ്റ്റല്‍ എന്ന പേരിലായാല്‍ കോര്‍പ്പറേഷന്റെ അനുമതി അടക്കമുള്ള നൂലാമാലകള്‍ ഉണ്ടാവും. അതൊഴിവാക്കാനാണ് ‘പേയിങ് ഗസ്റ്റ്’ എന്ന ഓമനപ്പേര്. നികുതി രൂപത്തില്‍ മാത്രമല്ല സര്‍ക്കാരിന് വരുമാനം ലഭിക്കേണ്ടത്, വൈദ്യുതി നിരക്കിന്റെ രൂപത്തിലും കിട്ടണം. അവരുടെ വൈദ്യുതി കണക്ഷന്‍ ഉറപ്പായും ഗാര്‍ഹിക വിഭാഗത്തിലായിരിക്കും. എന്നാല്‍, ആ വീട്ടുകാര്‍ ഇപ്പോള്‍ നടത്തുന്നത് പണമുണ്ടാക്കുന്ന വാണിജ്യ സംരംഭമാണ്. അവരുടെ വൈദ്യുതി കണക്ഷന്‍ വാണിജ്യ വിഭാഗത്തിലേക്ക് മാറ്റി ഉയര്‍ന്ന നിരക്ക് ഈടാക്കണം.
നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് പാര്‍പ്പിടമൊരുക്കുക എന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ, അത് അവരെ ചൂഷണം ചെയ്യാനാവരുത്. ഇത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനം വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ ചുമതല നിര്‍വ്വഹിക്കാന്‍ ഏറ്റവും അനുയോജ്യര്‍. ഇത്തരം പാര്‍പ്പിടങ്ങള്‍ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കി വെയ്ക്കാന്‍ പൊലീസിലെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് കഴിയണം. റെസിഡന്റ്‌സ് അസോസിയേഷനുകളും ഇതു നിരീക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ഇത് അനിവാര്യമാണ്. പണമുണ്ടാക്കാന്‍ അതിഥി മന്ദിരം നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ, സര്‍ക്കാരിനും കോര്‍പ്പറേഷനും വൈദ്യുതി ബോര്‍ഡിനുമെല്ലാം കിട്ടേണ്ട തുക കൃത്യമായി ലഭിക്കാനുള്ള സംവിധാനം ഉണ്ടാവുക തന്നെ വേണം. ഒപ്പം, താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയും വേണം.