Reading Time: 3 minutes

2014ലാണെന്നു തോന്നുന്നു, എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ക്ലാസ്സില്‍ ഈ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു –‘മുല്ലവള്ളികള്‍ക്കും തേന്മാവിനുമിടയില്‍ ആരാണാവോ ഈ ജാതിതൈകള്‍ കൊണ്ടു നട്ടത്?’ വളരെ നിര്‍ദോഷമെന്നു തോന്നാമെങ്കിലും വലിയ അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍. മഹാരാജാസിലെ ചുമരെഴുത്തുകള്‍ വേണുന്നതും വേണ്ടാത്തതുമായ കാരണങ്ങളാല്‍ പലപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. എന്നാല്‍, എഴുതപ്പെട്ടപ്പോള്‍ വലിയ തോതില്‍ ചര്‍ച്ചാവിഷയമാകാതിരുന്ന ഈ ചുമരെഴുത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. കാരണം ഈ ചുമരെഴുത്തിനെ അടിസ്ഥാനമാക്കി ഒരു കുട്ടിസിനിമ രൂപമെടുത്തിരിക്കുന്നു. യു ട്യൂബില്‍ ഇതിനകം ഹിറ്റായി മാറിയ ‘മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍’.

ഗോകുല്‍ ശിവ, അരുണ്‍ ശിവദാസ്, ജിനോ ജോണ്‍

മഹാരാജാസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അരുണ്‍ ശിവദാസാണ് പഠനകാലത്ത് മനസ്സില്‍ പതിഞ്ഞ ചുമരെഴുത്ത് തിരനാടക രൂപത്തില്‍ ആദ്യം കടലാസിലും പിന്നെ ചെറുസ്‌ക്രീനിലും പകര്‍ത്തിയത്. അരുണിന്റെ ആദ്യ ഹ്രസ്വചിത്രം. സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗീയതയും ജാതീയതയുമാണ് പ്രതിപാദ്യ വിഷയം. ഈ ഹ്രസ്വചിത്രത്തില്‍ 2 കഥാപാത്രങ്ങള്‍ മാത്രം. മഹേഷിന്റെ പ്രതികാരം, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനും കമോണ്‍ട്രാ ജിനോ എന്ന പേരില്‍ പ്രശസ്തനുമായ ജിനോ ജോണ്‍ ആണ് ഒരാള്‍. രണ്ടാമന്‍ ഗോകുല്‍ ശിവ. ഇരുവരും സ്വന്തം പേരുകള്‍ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ആകെ ദൈര്‍ഘ്യം 12 മിനിറ്റ് 15 സെക്കന്‍ഡ് മാത്രം.

പഴയകാല സിനിമകള്‍ തുടങ്ങുമ്പോള്‍ പശ്ചാത്തലത്തിലുള്ള കടുകുവറക്കല്‍ ശബ്ദവും, മിന്നി മിന്നി നില്‍ക്കുന്ന സ്‌ക്രീനും, പിക്‌സലടിച്ച് വെട്ട് വീണ സ്‌ക്രീനും കാണിച്ചുള്ള തുടക്കം മുതല്‍ സംവിധായകന്റെ പേര് എഴുതിക്കാണിക്കുന്ന ഒടുക്കം വരെ വ്യത്യസ്തത പുലര്‍ത്താന്‍ ഈ ഹ്രസ്വചിത്രം ശ്രമിച്ചിട്ടുണ്ട്. ‘ഈ ചിത്രത്തില്‍ പറയുന്ന കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃച്ഛികമല്ല. അവരെയെല്ലാം ആലോചിച്ചു തന്നെയാണ് ഞങ്ങള്‍ ഈ കഥ എഴുതിയിരിക്കുന്നത്’ എന്ന മുന്നറിയിപ്പ് ചിത്രത്തിന്റെ ആശയത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്.

ഹ്രസ്വചിത്ര മേളയ്ക്കായി ജാതിയെക്കുറിച്ച് ഒരു ചിത്രം ചെയ്യുന്നതിനെക്കുറിച്ച് 2 സുഹൃത്തുക്കളുടെ കൂടിയാലോചനയാണ് ഇതിന്റെ പ്രമേയം. ഈ സുഹൃത്തുക്കളുടെ വാക്കുകളിലൂടെയാണ് രൂക്ഷമായ സാമൂഹികവിമര്‍ശം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. മുല്ലപ്പന്തലിനു കീഴിലിരുന്ന് ജാതിയെക്കുറിച്ച് എഴുതുമ്പോള്‍ ‘മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍’ എന്ന പേര് പിറക്കുന്നു. മനുഷ്യര്‍ മുല്ലവള്ളികള്‍ പോലെയാണ്. മൊട്ടിടാനും വിരിയാനും സുഗന്ധം പരത്താനും മാത്രമേ മനുഷ്യര്‍ക്കറിയുമായിരുന്നുള്ളൂ. പണ്ടെങ്ങാണ്ട് ആരോ മുല്ലവള്ളികള്‍ക്കിടയില്‍ ഒരു ജാതിയുടെ തൈ കൊണ്ടു നട്ടു. ഇപ്പോള്‍ ആ ജാതി മരത്തിലാണ് മുല്ലവള്ളി പടര്‍ന്നു കിടക്കുന്നത്. ജാതിമരം വെട്ടിക്കളയാമെന്നു വെച്ചാല്‍ മുല്ലവള്ളി കരിഞ്ഞുപോകും!! ബിംബങ്ങളുടെ ഉപയോഗത്തിലെ അപാരസാദ്ധ്യത പ്രകടം!!!

ഒട്ടേറെ ചോദ്യങ്ങള്‍ ഈ ചെറുചിത്രം മുന്നോട്ടുവെയ്ക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ജാതിയും മതവുമില്ലാത്ത പച്ചയായ മനുഷ്യരാണോ? നമ്പൂതിരിപ്പാട് എന്ന വാല് ചുമന്ന സഖാവ് ഇ.എം.ശങ്കരനും പിള്ളയെ ചുമന്ന സഖാവ് പി.കൃഷ്ണനും മേനോനെ ചുമന്ന സഖാവ് സി.അച്യുതനുമെല്ലാം നല്ല ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്ന മറുപടിയില്‍ എല്ലാമടങ്ങിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല കോണ്‍ഗ്രസ്സുകാരും ബി.ജെ.പിക്കാരുമെല്ലാം കേരളത്തില്‍ ജാതിരാഷ്ട്രീയമാണ് പ്രാവര്‍ത്തികമാക്കുന്നത്. ജാതിയടിസ്ഥാനത്തില്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്ന ഉദാഹരണം കൂടിയാവുമ്പോള്‍ വാദങ്ങളോട് യോജിക്കാന്‍ പ്രേക്ഷകന്‍ നിര്‍ബന്ധിതനാവുന്നു. യു.പിയിലെ പോലെ കേരളത്തില്‍ എപ്പോഴാണാവോ ഒരു സ്വാമി മുഖ്യമന്ത്രിയാവാന്‍ പോവുന്നത് എന്ന ആശങ്ക ജിനോ പങ്കുവെയ്ക്കുമ്പോള്‍ ഉടനെയൊന്നുമില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടമെങ്കിലും നമ്മുടെ ചിന്തയില്‍ ഒരിളക്കം തട്ടുന്നുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ചിത്രം വെച്ച് വിളക്കുകത്തിച്ച ശേഷം കള്ളുകച്ചവടം നടത്തുന്നതും പെണ്ണ്കച്ചവടം നടത്തി പണമുണ്ടാക്കി അതുപയോഗിച്ച് മാന്യത വിലയ്ക്കു വാങ്ങുന്നതുമടക്കമുള്ള വിഷയങ്ങള്‍ ഈ ചിത്രത്തില്‍ വിമര്‍ശനവിധേയം. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും കടിക്കുന്ന കൊതുകാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യലിസ്‌റ്റെന്ന വരി അരുണ്‍ ശിവദാസ് എഴുതിയിട്ടപ്പോള്‍ ആക്ഷേപഹാസ്യം അതിന്റെ പരകോടിയിലാണ്. ഒടുവില്‍, തങ്ങളുടെ സിനിമ ജാതിയില്ലാത്ത ആരിലെങ്കിലും ജാതിചിന്ത ഉണര്‍ത്തിയാലോ എന്നു കരുതി 2 കഥാപാത്രങ്ങളും ആ ആശയം തന്നെ ഉപേക്ഷിക്കുന്നിടത്ത് ക്ലൈമാക്‌സ്. ഗോകുല്‍ നായര്‍ ഫേസ്ബുക്കിലെ പേരില്‍ നായര്‍ വെട്ടി എന്നത് ജിനോ ചൂണ്ടിക്കാണിക്കുന്നിടത്ത് അര്‍ദ്ധവിരാമം. എന്‍ഡ് ക്രഡിറ്റില്‍ സംവിധായകന്റെ പേര് അരുണ്‍ എസ്.നായരില്‍ നിന്ന് അരുണ്‍ ശിവദാസായി മാറുന്നിടത്ത് പൂര്‍ണ്ണവിരാമം.

തിരക്കഥാകൃത്തും സംവിധായകനുമായ അരുണ്‍ ശിവദാസ് തന്നെയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗ്യാങ്‌സ് ഓഫ് മഹാരാജാസിന്റെ ബാനറില്‍ ഈ ചെറുചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോളേജ് പഠനകാലത്തെ കൂട്ട് ഇന്നും അവര്‍ സജീവമായി നിലനിര്‍ത്തുന്നു. സൂപ്പര്‍ ഹിറ്റായ അങ്കമാലി ഡയറീസിലെ നായകന്‍ ആന്റണി വര്‍ഗ്ഗീസ് അടക്കമുള്ളവര്‍ ഈ കൂട്ടിന്റെ ഭാഗമാണ്. ഛായാഗ്രഹണം സാജിദ് നാസര്‍, ചിത്രസംയോജനം സനത് ശിവരാജ്, പശ്ചാത്തല സംഗീതം വൈശാഖ് ബിജോയ്, കളറിങ് അമര്‍നാഥ്, ശബ്ദമിശ്രണം നിതിന്‍ ലൂക്കോസ്, ശബ്ദലേഖനം പ്രശാന്ത്, പരസ്യകല അനന്തു അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ ശില്പികള്‍.

സംവിധായകന്‍ അരുണ്‍ ശിവദാസിന്റെ നേതൃത്വത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

വെറും ഒരു ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍’ പ്രശസ്തരായ മ്യൂസിക്247 ആണ് ഓണ്‍ലൈനില്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ഇഷ്ടപ്പെട്ട കമ്പനി അരുണിനെ സമീപിക്കുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി കൈമാറിയപ്പോള്‍ ചിത്രം മ്യൂസിക് 247 അംഗീകരിക്കുകയും അവര്‍ പുറത്തിറക്കുകയും ചെയ്തു.

Previous article2,000 രൂപയുടെ ‘ജന്മി’?!
Next articleമഞ്ചലുമായി മരണം മുന്നില്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

3 COMMENTS

  • എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് എഴുതി.
   ഇഷ്ടമായില്ലെങ്കില്‍ ഒരിക്കലും എഴുതമായിരുന്നില്ല.
   അഭിനന്ദനങ്ങള്‍.
   ആശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here