HomeINTERNATIONALഇന്ത്യ -യു.എസ...

ഇന്ത്യ -യു.എസ്. ബന്ധം മാറുകയാണോ?

-

Reading Time: 4 minutes

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്കു കടക്കുകയാണ്. ഇന്ത്യയുമായി കൂടുതല്‍ സൗഹൃദപരമായ ഒരു ബന്ധത്തിന് ഇനി അമേരിക്ക തയ്യാറായേക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനത്തില്‍ തന്നെ ഇതിനു തുടക്കമാവാനുമിടയുണ്ട്. ഇതു മോദിയുടെ കഴിവുകൊണ്ടാണ് എന്ന പ്രചാരണം ഉടനെ തന്നെ ഉണ്ടാവുകയും ചെയ്യും. അതൊന്നുമല്ല കാര്യം. ഇപ്പോള്‍ അമേരിക്കയ്ക്കു ഗുണം ഇന്ത്യയുമായി ചേരുക എന്നതാണ്. അഫ്ഗാനിസ്ഥാനിലെ ദൗത്യം ‘പൂര്‍ത്തി’യായതോടെ പാകിസ്താനെക്കൊണ്ടുള്ള ആവശ്യം അവര്‍ക്കിനിയില്ല.

1979ല്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് അധിനിവേശമുണ്ടായ അന്നുമുതല്‍ അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ മേഖലയില്‍ അമേരിക്ക നേരിട്ടു നടത്തിയിരുന്ന ഇടപെടല്‍ അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ നാലു ദശകത്തിലും ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തില്‍ പാകിസ്താനുമായുള്ള ഈ ഇടപെടല്‍ ചെലുത്തിയ പ്രതിലോമ സ്വാധീനം ചെറുതല്ല. ഇതില്‍ ചെറിയൊരു മാറ്റമുണ്ടായത് 2011 മെയില്‍ അബ്ബട്ടാബാദിലെ പാക് സൈനിക കന്റോണ്‍മെന്റിനു സമീപത്ത് അല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ യു.എസ്. സൈനികര്‍ വകവരുത്തിയ സംഭവമുണ്ടായപ്പോള്‍ മാത്രമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെയും സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിനു ശേഷം അല്‍ ഖ്വെയ്ദ, താലിബാന്‍ എന്നിവരെയും നേരിടാന്‍ അമേരിക്കയ്ക്ക് റാവല്‍പിണ്ടിയുടെ പിന്തുണ വേണമായിരുന്നു. ഇന്ത്യയുമായുള്ള അവരുടെ ബന്ധം വലിയൊരളവു വരെ നിയന്ത്രിച്ചിരുന്നത് ഈ കെട്ടുപാടാണ്. ഇന്ത്യയെ എല്ലായ്പ്പോഴും ഈ കണ്ണിലൂടെ നോക്കിയതിനാല്‍ അമേരിക്കയിലെ ബുദ്ധികേന്ദ്രങ്ങള്‍ എപ്പോഴും റാവല്‍പിണ്ടി സൈനികാസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു മുന്‍തൂക്കം നല്‍കി.

2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ആക്രമണമുണ്ടായപ്പോഴും 2002 മെയില്‍ ജമ്മു കശ്മീരിലെ കാലുചക്കിലുള്ള കരസേനാ കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായപ്പോഴും അമേരിക്കയുടെ ഈ ദുഃസ്വാധീനം നമ്മള്‍ കണ്ടു. പാകിസ്താനെ ആക്രമിക്കരുതെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഭരണകൂടം അന്നത്തെ വാജ്പേയി സര്‍ക്കാരിനുമേല്‍ ചെലുത്തിയ സമ്മര്‍ദ്ദം വളരെ കനത്തതായിരുന്നു. ഭീകരവിരുദ്ധ പോരാട്ടം എന്ന പേരില്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും യു.എസ്. സൈനികരെ വിന്യസിച്ചിരിക്കുന്നു എന്നതായിരുന്നു കാരണം. ഭീകരസംഘടനകളെ നിരോധിക്കാന്‍ ജനറല്‍ പര്‍വേസ് മുഷറഫിനോട് ആവശ്യപ്പെടുക മാത്രമാണ് അന്ന് അമേരിക്ക ചെയ്തത്. മറുഭാഗത്ത് കാലുചക്കില്‍ 10 കുട്ടികളെ ഭീകരര്‍ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാതെ സംയമനം പാലിക്കണമെന്നായിരുന്നു ഇന്ത്യയോടുള്ള ആവശ്യം, സമ്മര്‍ദ്ദവും.

ആണവയുദ്ധം ഒഴിവാക്കണം എന്ന കാരണം പറഞ്ഞാണ് അമേരിക്ക എല്ലായ്പ്പോഴും ഇന്ത്യയെ തടഞ്ഞത്. എന്നാല്‍, മറുഭാഗത്ത് പാകിസ്താന്‍ നേരിട്ടായിരുന്നാലും ഭീകര സംഘങ്ങളെ ഉപയോഗിച്ചായിരുന്നാലും ആക്രമണം സുഗമമായി നടത്തിപ്പോന്നു. ഇന്ത്യ പാകിസ്താനെ ആക്രമിച്ചാല്‍ ആണവയുദ്ധം, പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ കുഴപ്പമില്ല എന്ന നിലപാടിലെ ഇരട്ടത്താപ്പ് പറയേണ്ടതില്ലല്ലോ. 1999ലെ കാര്‍ഗില്‍ യുദ്ധം തന്നെ ഏറ്റവും വലിയ ഉദാഹരണം. കശ്മീര്‍ പിടിച്ചടക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഷറഫിനു കീഴില്‍ ബറ്റാലിക് മുതല്‍ മുഷ്കോ താഴ്വര വരെ പാകിസ്താന്‍ കടന്നുകയറിയെങ്കിലും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ അവര്‍ക്കൊന്നും സംഭവിച്ചില്ല. അമേരിക്കയുടെ പരോക്ഷ പിന്തുണ തന്നെയായിരുന്നു കാരണം. സമാനരീതിയില്‍ കുവൈറ്റില്‍ ഇറാഖ് കടന്നുകയറിയപ്പോള്‍ അമേരിക്ക എങ്ങനെയാണ് പ്രതികരിച്ചതെന്ന് ലോകം കണ്ടതാണല്ലോ.

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള ചര്‍ച്ചയ്ക്കിടെ

പാകിസ്താന്റെ ആണവ -മിസൈല്‍ വ്യാപന പദ്ധതി, ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനം എന്നിവയ്ക്കു നേരെ മാറിമാറി വന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഇത്രയുംകാലം കണ്ണടച്ചത് മേഖലയിലെ സൈനികതാല്പര്യങ്ങളുടെ പേരില്‍ തന്നെയായിരുന്നു. ഇന്ത്യക്കൊരു സൂചന പോലും നല്‍കാതെ 2003ല്‍ പാകിസ്താന് സുപ്രധാനമായ നോണ്‍-നാറ്റോ പദവി നല്‍കുക പോലും ചെയ്തു. അമേരിക്കന്‍ ഭരണകൂടം പലപ്പോഴും കശ്മീരിന്റെ പേരില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിച്ച പാകിസ്താന്റെ നടപടികള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു. ആണവവ്യാപനത്തിന്റെ പേരില്‍ ഉത്തര കൊറിയയ്ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ അതേ കുറ്റം ചെയ്ത പാകിസ്താനു ലഭിച്ചത് പ്രോത്സാഹനമാണ്. പാകിസ്താന്റെ ആണവപരിപാടിയെക്കുറിച്ചുള്ള അബ്ദുള്‍ ഖദീര്‍ ഖാന്‍ ഫയലുകള്‍ മുഴുവന്‍ സി.ഐ.എയുടെ പക്കലുള്ളപ്പോഴാണ് ഇതെന്നോര്‍ക്കണം.

കഴിഞ്ഞ നാലു ദശകങ്ങളില്‍ പാകിസ്താന്‍ കാണിച്ചുകൂട്ടിയ തോന്ന്യാസങ്ങള്‍ അമേരിക്ക മാത്രമല്ല കണ്ടില്ലെന്നു നടിച്ചത്. അന്താരാഷ്ട്ര സമൂഹത്തെയും തങ്ങളുടെ നിലപാട് പിന്തുടരാന്‍ അമേരിക്ക നിര്‍ബന്ധിതരാക്കി. മാത്രമല്ല, ഭീകര വിരുദ്ധ പോരാട്ടം എന്ന പേരില്‍ ഏറ്റവും പുതിയ പടക്കോപ്പുകളും കോടിക്കണക്കിന് ഡോളറിന്റെ സഹായധനവും പാക് ഭണ്ഡാരപ്പുരകളില്‍ അവര്‍ നിറച്ചു. അമേരിക്കയുടെ പാത യൂറോപ്യന്‍ യൂണിയനും പിന്തുടര്‍ന്നു. താലിബാന്റെയും അല്‍ ഖ്വെയ്ദയുടെയും നേതാക്കളെ സംരക്ഷിക്കുന്നത് റാവല്‍പ്പിണ്ടിയാണെന്ന് അറിയാതെയല്ല ഈ നടപടി. ഇത്തരത്തില്‍ ലഭിച്ച ആയുധങ്ങള്‍ പാകിസ്താന്‍ ഉപയോഗിച്ചത് ഇന്ത്യക്കെതിരെയാണ്. 2019 ഫെബ്രുവരി 27ന് ബാലാകോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ നടത്തിയ ശ്രമത്തെ പാകിസ്താന്‍ പ്രതിരോധിച്ചത് അമേരിക്ക നല്‍കിയ എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണെന്ന് ആര്‍ക്കാണറിയാത്തത്! പക്ഷേ, അതിന്റെ പേരില്‍ ഒരു നടപടിയും അമേരിക്ക സ്വീകരിച്ചില്ല.

2021 ഓഗസ്റ്റ് 15ന് ഈ സ്ഥിതി പാടേ മാറി. ഐ.എസ്.ഐയുടെ ഗ്രൗണ്ട് വര്‍ക്കിന്റെയും ചൈനീസ് ഡ്രോണ്‍ ഫുട്ടേജ് നല്‍കിയ സാങ്കേതിക പിന്തുണയുടെയും ഉപഗ്രഹ ചിത്രങ്ങളുടെയും പിന്തുണയോടെ ഭീകരതയുടെ രാജകുമാരന്‍ സിറാജുദ്ദീന്‍ ഹഖാനി അന്നാണ് കാബൂള്‍ കീഴടക്കിയത്. അതിനു പിന്നാലെ അമേരിക്കയുടെയും ബ്രിട്ടന്‍ അടക്കമുള്ള സഖ്യകക്ഷികളുടെയും സൈനികര്‍ പൂര്‍ണ്ണമായി അവിടെ നിന്നു പിന്മാറി. ഇന്ന് മേഖലയിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തില്‍ മാത്രമായി അമേരിക്കയുടെ താല്പര്യം പരിമിതപ്പെട്ടിരിക്കുന്നു. ചൈനയുടെ ആശ്രിതത്വത്തിലാണ് ഇപ്പോള്‍ പാകിസ്താന്‍. അമേരിക്കയുമായി തന്ത്രപരമായ മത്സരത്തിലാണ് ചൈന. സമാനമായ രീതിയില്‍ അല്ലെങ്കിലും ചൈനയുമായി ഇന്ത്യക്കും പ്രശ്നങ്ങളുണ്ട്. നെറികെട്ട ഇസ്ലാമിക ഭീകരന്മാരായ താലിബാനാണ് കാബൂളില്‍ അധികാരത്തില്‍. ലോകത്തെ തന്നെ ഇസ്ലാമിക ഖിലാഫത്താക്കാന്‍ സ്വപ്നം കാണുന്ന അക്കൂട്ടര്‍ ഡ്യുറണ്ട് ലൈനിനെ മാനിക്കും എന്നു കരുതാനാവില്ലല്ലോ.

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍

ഇതെല്ലാം നോക്കുമ്പോള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പാകിസ്താന്‍ എന്ന ഘടകം പ്രതിസന്ധിയാവാത്ത അവസ്ഥ ആദ്യമായിട്ടാണ്. മേഖലയില്‍ പുതിയ തീരുമാനങ്ങളെടുക്കേണ്ട സമയമാണ് ഇനി അമേരിക്കയ്ക്ക്. ആ തീരുമാനങ്ങള്‍ ഇന്ത്യയെ കൂടെക്കൂട്ടാതെ എടുക്കാന്‍ അമേരിക്കയ്ക്ക് ആവില്ല തന്നെ. 2002 മെയിലുണ്ടായ കാലുചക്ക് ഭീകരാക്രമണത്തിന് ഒരു മാസത്തിനു ശേഷം ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് അന്നത്തെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനോട് ഒരു കാര്യം പറഞ്ഞിരുന്നു -പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധം താല‍്ക്കാലികമാണ്, തന്ത്രപരമായി പ്രാധാന്യമുള്ള ശാശ്വത പങ്കാളിയായാണ് ഇന്ത്യയെ അമേരിക്ക കാണുന്നത്. റംസ്ഫെല്‍ഡ് അന്നു പറഞ്ഞത് നടപ്പാകാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയ്ക്കൊപ്പം ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനം കാരണമാവും എന്നുറപ്പാണ്. ഇതു സംഭവിച്ചാല്‍ സെപ്റ്റംബര്‍ 4ന് നെഞ്ചുവിരിച്ച് കാബൂളിലേക്കു ചെന്ന ഐ.എസ്.ഐ. മേധാവി ലെഫ്. ജനറല്‍ ഫയാസ് ഹമീദിന്റെ മുഖത്ത് ഇപ്പോഴുള്ള ചിരി മായും. പക്ഷേ, ഇത് ഇന്ത്യയുടെ വിജയമല്ല, അമേരിക്കയുടെ താല്പര്യം മാത്രമാണ്. ആ താല്പര്യം തല്ക്കാലം മാറാനിടയില്ല എന്നുള്ളതിലാണ് ഇന്ത്യയുടെ പിടിവള്ളി.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights