അനില്‍ അംബാനിക്ക് നികുതിയിളവ് ലഭിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് ഫ്രഞ്ച് പത്രം Le Monde പരതിയത്. അംബാനിയെ സംബന്ധിച്ച വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വായനയ്ക്കുള്ള നിര്‍ദ്ദേശമായി അതു കടന്നുവന്നു -ബ്രസീലിലെ ഒരു വലിയ കോടിശ്വരനെക്കുറിച്ചുള്ള വാര്‍ത്ത. അല്പം പഴയതാണ്. പക്ഷേ, അതു വായിക്കാതിരിക്കാനായില്ല. ഒരു കാറിന്റെ ശവസംസ്‌കാരത്തെക്കുറിച്ചായിരുന്നു ആ വാര്‍ത്ത.
താനെ ചിക്വീനോ സ്‌കാര്‍പ്പയാണ് കഥയിലെ നായകന്‍. സമൂഹമാധ്യമങ്ങളുടെ കാലമാണിത്. പ്രസ്താവനകളും പോസ്റ്റുകളും ട്രോളുകളും പടച്ചുവിട്ട് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരില്‍ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ല. പക്ഷേ, സ്‌കാര്‍പ്പയുടെ ഒരു പോസ്റ്റ് വലിയ പ്രകമ്പനം സൃഷ്ടിച്ചു. ആ പ്രകമ്പനമാണ് ശ്രദ്ധേയമായൊരു വാര്‍ത്തയായി മാറിയത്.
ആരാണ് ഈ താനെ ചിക്വീനോ സ്‌കാര്‍പ്പ? ബ്രസീലിലെ ഏറ്റവും വലിയ പണക്കാരിലൊരാളും വളരെ സ്വാധീനമുള്ളയാളുമാണ്. അദ്ദേഹത്തിനൊരു മോഹം. പരലോകത്തും ഇപ്പോഴുള്ള പോലെ കാറൊക്കെയോടിച്ച് അടിച്ചുപൊളിച്ച് നടക്കണം. ഈജിപ്തില്‍ നടത്തിയ സന്ദര്‍ശന വേളയില്‍ കണ്ട പിരമിഡുകളും അവിടത്തെ ഫറോവമാരുടെ കഥയുമൊക്കെയായിരുന്നു പ്രചോദനം.
തീരുമാനം സ്‌കാര്‍പ്പ പ്രഖ്യാപിച്ചത് ഫേസ്ബുക്കിലൂടെയാണ്. തന്റെ ബെന്റ്‌ലി ഫ്‌ളൈയിങ് സ്പറിനു സമീപത്തു നിന്നൊരു ഫോട്ടോയെടുത്തു. എന്നിട്ടത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു -‘ഫറോവമാരെ അനുകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ പ്രിയപ്പെട്ട കാറായ ബെന്റ്‌ലിയെ ഈയാഴ്ച വീട്ടിലെ പൂന്തോട്ടത്തില്‍ അടക്കം ചെയ്യും.’
ഫേസ്ബുക്കില്‍ പൊങ്കാല തുടങ്ങാന്‍ വൈകിയില്ല. 10 ലക്ഷം ഡോളര്‍, നമ്മുടെ 7 കോടി രൂപ വിലയുള്ള കാര്‍ കുഴിച്ചിടുന്നതിനെ വിമര്‍ശിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! സ്‌കാര്‍പ്പയുടെ ചെയ്തി അധാര്‍മ്മികവും ധൂര്‍ത്തുമാണെന്നായിരുന്നു പ്രധാന വിമര്‍ശനം. ഭ്രാന്താണോ എന്നു ചോദിച്ചവരുമുണ്ട്. നികുതി വെട്ടിക്കാനല്ലേ ഈ കാര്‍ കുഴിച്ചുമൂടുന്നത് എന്നും ചില ‘വിദഗ്ദ്ധന്മാര്‍’ ചോദിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ കാര്‍ ദാനം ചെയ്യണമെന്ന് വേറെ ചിലര്‍ ആവശ്യപ്പെട്ടു.
പൊങ്കാലയൊന്നും സ്‌കാര്‍പ്പയെ ബാധിച്ചില്ല. കോട്ടയത്തെ നാഗമ്പടം പാലം പോലെ ഉറച്ചങ്ങനെ നിന്നു. കാറിന്റെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയി. ശവസംസ്‌കാര പാര്‍ട്ടിക്ക് പ്രമുഖരെ ക്ഷണിക്കുക പോലും ചെയ്തു. വിവാദങ്ങള്‍ സ്‌കാര്‍പ്പയ്ക്ക് പുത്തരിയല്ല. തന്റെ മുന്‍ ഭാര്യമാരുമായി ബന്ധപ്പെട്ടൊക്കെ എത്രയോ വിവാദങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. പക്ഷേ, അതുമാതിരിയല്ല ഇത്തവണത്തെ ചെയ്തിയെന്ന് ആരുമറിഞ്ഞില്ല.
തന്റെ മരണാനന്തര ജീവിതത്തില്‍ ബെന്റ്‌ലി ഉപയോഗിക്കാനാവുമെന്ന് ശരിക്കും സ്‌കാര്‍പ്പ കരുതിയിരുന്നോ? ആ ചോദ്യത്തിന് ഉത്തരം സ്‌കാര്‍പ്പയ്ക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. സ്‌കാര്‍പ്പയെ പിന്തിരിപ്പിക്കാന്‍ പലരും നടത്തിയ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. ഒടുവില്‍ കാറിന്റെ ശവസംസ്‌കാരം നിശ്ചയിക്കപ്പെട്ട ദിനമെത്തി. ആ ശതകോടീശ്വരന്റെ കൊട്ടാരസദൃശമായ വീട്ടുമുറ്റത്ത് വലിയൊരു കുഴിയാണ് അതിഥികളെ വരവേറ്റത്. അതിന്റെ ഒരരികത്ത് നിശ്ചയദാര്‍ഢ്യവുമായി സ്‌കാര്‍പ്പയുമുണ്ടായിരുന്നു.
ആ നിമിഷം വന്നെത്തി. വെട്ടിത്തിളങ്ങുന്ന ബെന്റ്‌ലി കാര്‍ പതിയെ കുഴിയിലേക്കിറക്കിത്തുടങ്ങി. ആ കാഴ്ച കണ്ട് പലരും നെടുവീര്‍പ്പിട്ടു. കാറിന്റെ മുക്കാല്‍ ഭാഗവും കുഴിയിലായപ്പോള്‍ സ്‌കാര്‍പ്പ അലറി -‘നിര്‍ത്തൂ.’ എല്ലാവരും അത്ഭുതത്തോടെ നോക്കി, വട്ട് പെട്ടെന്ന് മാറിയോ എന്ന അര്‍ത്ഥത്തില്‍. പിന്നീട് സ്‌കാര്‍പ്പ പറഞ്ഞ കാര്യങ്ങള്‍ അവിടെക്കൂടി നിന്നവരെ മുഴുവന്‍ സ്തബ്ധരാക്കി. കാര്‍ കുഴിയിലേക്കിറക്കുന്നത് തടഞ്ഞ ശേഷം സ്‌കാര്‍പ്പ പറഞ്ഞു -’10 ലക്ഷം ഡോളര്‍ വിലയുള്ള ബെന്റ്‌ലി കുഴിച്ചിടാന്‍ പോകുന്നുവെന്നു പറഞ്ഞ് എല്ലാവരും എന്നെ തെറി പറഞ്ഞു. പക്ഷേ, ഈ കുറ്റം പറഞ്ഞവരെല്ലാം എന്റെ കാറിനെക്കാള്‍ വിലയുള്ള വസ്തുക്കള്‍ കുഴിച്ചിടുന്നവരാണ് എന്നറിയാമോ?’
എല്ലാവരും മുഖത്തോടു മുഖം നോക്കി. അവര്‍ക്കൊന്നും മനസ്സിലായില്ല. ഈ കാറിനെക്കാള്‍ വിലയുള്ള എന്താണ് തങ്ങളോരോരുത്തരും കുഴിച്ചിടുന്നതെന്നു മനസ്സിലാവാതെ അവര്‍ നിന്നു. അപ്പോള്‍ സ്‌കാര്‍പ്പ തുടര്‍ന്നു -‘നിങ്ങള്‍ ഹൃദയങ്ങള്‍, കരളുകള്‍, ശ്വാസകോശങ്ങള്‍, കണ്ണുകള്‍, വൃക്കകള്‍ എന്നിവയെല്ലാം കുഴിച്ചിടുന്നില്ലേ? ഇത് ശുദ്ധ അസംബന്ധമല്ലേ? ഈ അവയവങ്ങള്‍ക്കു വേണ്ടി എത്ര പേര്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന് അറിയാമോ? ഒട്ടേറെപ്പേരുടെ ജീവിതത്തിന് പ്രകാശമേകാന്‍ ഉപകരിക്കുന്ന ആരോഗ്യമുള്ള അവയവങ്ങള്‍ വെറുതെ മണ്ണില്‍ കുഴിച്ചുമൂടുന്നു. ലോകത്തെ ഏറ്റവും വലിയ പാഴ് ഇതാണ്. ജീവന്‍ നല്‍കുന്ന അവയവങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്റെ ബെന്റ്‌ലിയുടെ വില എത്രയോ തുച്ഛം!’
സ്‌കാര്‍പ്പ തന്നെയാണോ ഇതു പറയുന്നതെന്ന് കേട്ടുനിന്നവര്‍ അത്ഭുതപ്പെട്ടു. അവര്‍ ശരിക്കുമൊരു സ്വപ്‌നലോകത്തായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും അവരുടെ കൈകള്‍ കൂട്ടിമുട്ടി. നീണ്ടൊരു കരഘോഷമായി അതു മാറാന്‍ ഏറെ താമസമുണ്ടായില്ല. തന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കിയതായി കൂടി സ്‌കാര്‍പ്പ അവിടെ പ്രഖ്യാപിച്ചു. എല്ലാവരും ഈ സത്കര്‍മ്മം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചെറിയൊരു വട്ടിലൂടെ വലിയൊരു സാമൂഹിക മാറ്റത്തിനു കാരണമാവുന്ന സന്ദേശമാണ് ഈ ‘വേദനിക്കുന്ന’ കോടീശ്വരന്‍ നല്‍കിയത്.
വികസിത രാജ്യമായ അമേരിക്കയില്‍ മാത്രം മാറ്റിവെയ്ക്കാന്‍ ആവശ്യത്തിന് അവയവങ്ങള്‍ കിട്ടാത്തതു കാരണം ഒരു ദിവസം 21 രോഗികള്‍ മരിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ കണക്ക് ഇതിലുമെത്രയോ വലുതാണ്. മാറ്റിവെയ്ക്കാന്‍ അവയവങ്ങള്‍ കിട്ടാതെ പ്രതിവര്‍ഷം 5 ലക്ഷം പേരാണ് ഇന്ത്യയില്‍ മരിക്കുന്നത്. ഒരു വര്‍ഷം വൃക്ക മാറ്റിവെയ്ക്കുന്നതിനായി മാത്രം ഇന്ത്യയില്‍ കാത്തിരിക്കുന്നത് 1.5 ലക്ഷം പേരാണ്. പക്ഷേ, ഇവരില്‍ അതു ലഭിക്കാന്‍ ഭാഗ്യമുണ്ടാവാറുള്ളത് 5,000 പേര്‍ക്കു മാത്രം. ഇതിനെല്ലാമപ്പുറം മരണം സംഭവിച്ചവരില്‍ നിന്ന് അവയങ്ങള്‍ സ്വീകരിക്കപ്പെടുന്ന കേസുകള്‍ 1,000ല്‍ താഴെ മാത്രമാണ് ഇന്ത്യയില്‍.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കണക്കുകള്‍ ഇതിലും ഭീകരമാണ്. ഈ സാഹചര്യത്തിലാണ് സ്‌കാര്‍പ്പയുടെ ചെയ്തിക്ക് പ്രാധാന്യം കൈവരുന്നത്. ഏതായാലും അന്നുവരെയുള്ള ചീത്തപ്പേരെല്ലാം താനെ ചിക്വീനോ സ്‌കാര്‍പ്പ ഒറ്റയടിക്ക് മായ്ച്ചുകളഞ്ഞു. സ്‌കാര്‍പ്പ ശരിക്കും വൈറലായി!!