HomeSOCIETYബലാത്സംഗം എന്...

ബലാത്സംഗം എന്ന ഭീകരപ്രവര്‍ത്തനം

-

Reading Time: 6 minutes

-ബിഹാറിലെ റോത്തസ് ജില്ലയിലെ കാര്‍ഗഹര്‍ പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ 6 വയസ്സുള്ള ഹിന്ദു ബാലികയെ മെറാജ് മിയാന്‍ (27) എന്നയാള്‍ ബലാത്സംഗം ചെയ്തു. ഗ്രാമത്തിലെ തയ്യല്‍ക്കാരനാണ് ഇയാള്‍. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അവളുടെ അമ്മാവനായ ബബന്‍ സിങ് ഓടിയിറങ്ങി ചെന്നപ്പോഴാണ് സമീപത്തെ കുടിലില്‍ നിന്ന് മെറാസ് ഇറങ്ങിവരുന്നതു കണ്ടത്. അവിടെ പെണ്‍കുട്ടി ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു.

-അസമിലെ നഗാവ് ജില്ലയില്‍ 11 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം ചുട്ടുകൊന്നു. തലസ്ഥാനമായ ഗുവാഹതിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ലാലുങ് ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ സക്കീര്‍ ഹുസൈന്‍ (21) എന്നയാളാണ് മുഖ്യപ്രതി. പ്രായപൂര്‍ത്തിയാവാത്ത 2 ആണ്‍കുട്ടികളും കൂട്ടുപ്രതികളാണ്.

മൃദുസംഘി എന്നു ഞാന്‍ വിശേഷിപ്പിക്കുന്ന ഒരു സുഹൃത്ത് വാട്ട്‌സാപ്പിലൂടെ അയച്ചു തന്ന 2 വാര്‍ത്താശകലങ്ങള്‍. ഒപ്പം ഒരു ചോദ്യവും ഉന്നയിച്ചു -ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം പുരുഷന്മാര്‍ പീഡിപ്പിച്ചതിനെ അവഗണിക്കുന്ന ഞാന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ജമ്മുവിലെ കാത്വയില്‍ ഇരയായ മുസ്ലിം പെണ്‍കുട്ടിക്കു വേണ്ടി ‘മുതലക്കണ്ണീര്‍’ ഒഴുക്കുന്നത് വര്‍ഗ്ഗീയ പ്രീണനം അല്ലേ? പള്ളീലച്ചന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയപ്പോള്‍, മദ്രസ അദ്ധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചപ്പോള്‍, കടം വാങ്ങിയ കാശിന്റെ പേരില്‍ ഒരു ഹിന്ദു കുട്ടിയെ ഒരു മുസ്ലിം കൊന്നപ്പോള്‍ -അപ്പോഴൊന്നും വലിയ പ്രതിഷേധവുമായി രംഗത്തിറങ്ങാത്ത മതേതര വിശ്വാസികള്‍ ഈ കേസില്‍ ഇത്രമേല്‍ ബഹളം വെയ്ക്കുന്നത് എന്തുകൊണ്ടാണ്?

കാത്വയിലെ 8 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍

ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ട്. കാത്വയിലെ 8 വയസ്സുകാരിയുടെ പീഡനവും മരണവും എന്തു കൊണ്ട് കൂടുതല്‍ കടുത്ത പ്രതിഷേധത്തിന് കാരണമാവുന്നു എന്നതിന് വ്യക്തമായ, കൃത്യമായ മറുപടിയുണ്ട്. ബലാത്സംഗം ഏതു തലത്തിലായാലും അങ്ങേയറ്റം നികൃഷ്ടമാണ്. അത് അപലപിക്കപ്പെടണം. കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കിട്ടുകയും വേണം. ബിഹാറിലെ റോത്തസിലും അസമിലെ നഗാവിലും നടന്ന ബലാത്സംഗങ്ങളില്‍ കുറ്റക്കാരായവര്‍ ഒരു കാരണവശാലും രക്ഷപ്പെടരുത്. പക്ഷേ, അവിടങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ ബലാത്സംഗം ചെയ്തു എന്ന തലത്തില്‍ വ്യാഖ്യാനിക്കുന്നത് ദുരുപദിഷ്ഠമാണ്. അവിടെ മതം പ്രശ്‌നമായിരുന്നില്ല. വിത്തുകാളകളുടെ കാമപ്പേക്കൂത്തായിരുന്നു.

കാത്വ പീഡന കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഹിന്ദു ഏകതാ മഞ്ച് പ്രവര്‍ത്തകര്‍ ദേശീയ പതാകയുമേന്തി ഫെബ്രുവരി 15ന് ജമ്മുവില്‍ നടത്തിയ പ്രകടനം

ഈ 2 കേസുകളിലും പ്രതികളെ പിടികൂടിയത് ജനങ്ങള്‍ കൂട്ടത്തോടെ ഇടപെട്ടിട്ടാണ്. ആ ജനക്കൂട്ടത്തില്‍ ഹൈന്ദവനും ഇസ്ലാമും ക്രിസ്ത്യാനിയുമെല്ലാം ഉണ്ടായിരുന്നു. പ്രതികളെ മതാടിസ്ഥാനത്തില്‍ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല എന്നര്‍ത്ഥം. എന്നാല്‍, കാത്വയില്‍ അങ്ങനെ ആണോ? അല്ല തന്നെ. അവിടെ കാമത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. അവിടെ ബലാത്സംഗം ചെയ്തത് മതമാണ്. കൊന്നത് മതമാണ്. മതം മാത്രമാണ്. എന്നിട്ട് പ്രതികളെ രക്ഷിക്കാന്‍ മതം രംഗത്തിറങ്ങി. രാഷ്ട്രീയ നേതൃത്വം അതിനു മുന്നില്‍ നിന്നു. ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി. പ്രതിനിധികളായ ചന്ദ്രപ്രകാശ് ഗംഗയും ചൗധരി ലാല്‍ സിങ്ങുമായിരുന്നു എല്ലാത്തിനും മുന്നില്‍. ദേശീയ പതാകയുമേന്തിയായിരുന്നു പ്രകടനം. ഒടുവില്‍ ഈ ഭ്രാന്തന്മാര്‍ക്ക് മന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്നത് ചരിത്രം.

കശ്മീരിലെ ബി.ജെ.പി. മന്ത്രിയായിരുന്ന ചന്ദ്രപ്രകാശ് ഗംഗ

ലൈംഗികാസക്തിയേക്കാള്‍ ഭീകരമായ മാനസികാവസ്ഥയാണ് മതവെറുപ്പിന്റെ ഭാഗമായി തങ്ങളുടെ വിശ്വാസ കേന്ദ്രത്തിനുള്ളില്‍ അനുഷ്ഠാനപൂര്‍വ്വം നിര്‍വ്വഹിച്ച അതിനീചമായ ഈ കുരുതി. കുരുതിക്കിടെ അവര്‍ പല പൂജകളും നടത്തി. തങ്ങളുടെ വംശീയാധിപത്യം നിലനിര്‍ത്താന്‍ മറുഭാഗത്തു നിന്ന് ഒരു കുരുന്നു പെണ്‍കുട്ടിയെ തിരഞ്ഞെടുത്ത് പ്രതീകാത്മകമായി 7 ദിവസം പട്ടിണിക്കിട്ട് ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തുന്നത് തീര്‍ച്ചയായും വേറിട്ടു നില്‍ക്കുന്ന ക്രൂരമായ കുറ്റകൃത്യമാണ്.

കശ്മീരിലെ ബി.ജെ.പി. മന്ത്രിയായിരുന്ന ചൗധരി ലാല്‍ സിങ്‌

പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബകര്‍വാള്‍ എന്ന മുസ്ലിം നാടോടി വിഭാഗം കാത്വയില്‍ നിന്നു പേടിച്ചോടണമെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒന്നാണ് ഈ കൂട്ടബലാത്സംഗം. കാമവികാരത്തേക്കാള്‍ വംശീയ -രാഷ്ട്രീയ വെറിയാണ് ഈ ക്രൂരകൃത്യത്തിന് കാരണമായതെന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രം പരിശോധിച്ചാല്‍ വ്യക്തമാവും. കൃത്യമായ രാഷ്ട്രീയ അജന്‍ഡയോടെ, ആസൂത്രണത്തോടെ, പൊലീസിന്റേതടക്കമുള്ള പിന്തുണയോടെ നടപ്പാക്കിയ കുറ്റകൃത്യം.

രസാന ഗ്രാമത്തില്‍ കുറ്റകൃത്യം നടന്ന ബാബ കാളിവീര്‍ മന്ദിറിന്റെ ഉള്‍ഭാഗം

ജമ്മുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കാത്വ ജില്ലയിലെ ഹിരാ നഗര്‍ താലൂക്കിലെ രസാന എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ബാബ കാളിവീര്‍ മന്ദിര്‍ എന്ന ക്ഷേത്രത്തില്‍ വെച്ചാണ് 8 വയസ്സുകാരി ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് വിധേയയായത്. ഓരോ തവണ ബലാല്‍സംഗം ചെയ്ത ശേഷവും മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ 2 പ്ലാസ്റ്റിക് പായകളിലായി കിടത്തി 2 പരുത്തി ചവിട്ടികള്‍ കൊണ്ട് മറച്ച ശേഷം മേശക്കടിയില്‍ ഒളിപ്പിച്ചു വെച്ചതും ഈ ക്ഷേത്രത്തിനകത്താണ്. കുതിരകളും കന്നുകാലികളും മേഞ്ഞു നടക്കുന്ന, ഇടതൂര്‍ന്ന വനത്തിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സാഞ്ചി റാം

രസാന ഗ്രാമത്തില്‍ നിന്ന് ഏകദേശം 1 കിലോമീറ്റര്‍ ദൂരമുണ്ട് ഈ മലമുകളിലേക്ക്. 3 കവാടങ്ങളുള്ള ഈ ഒറ്റനില കെട്ടിടത്തിനകത്തു വെച്ച്് ആ കാപാലികര്‍ അവളെ കടിച്ചുകീറി. ഈ 3 വാതിലുകള്‍ക്കുമായി 4 താക്കോലുകളാണ് ഉള്ളത്. അവയില്‍ 3 താക്കോലുകള്‍ രസാന ഗ്രാമത്തിലുള്ള 13 വീടുകളില്‍ മാറി മാറിയാണ് സൂക്ഷിക്കുന്നത്. ഇതു കൂടാതെ നാലാമത്തെ താക്കോല്‍ പാട്ടാ എന്ന ഗ്രാമത്തില്‍ സൂക്ഷിക്കുന്നു. ഈ ഗ്രാമത്തില്‍ മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

ദീപക് ഖജുരിയ

രാജാ മണ്ഡലിക്, ബാബ സുര്‍ഗല്‍, മാതാ മല്‍, ബാബ ബിര്‍ഫാനാഥ്, ബാബ കാളിവീര്‍ എന്നീ കുലദേവതകളെയാണ് ഈ ക്ഷേത്രത്തില്‍ പൂജിക്കുന്നത്. ഡോംഗ്രി ഭാഷ സംസാരിക്കുന്ന ഇവിടത്തെ പ്രദേശവാസികള്‍ക്കിടയില്‍ ഈ കുലദേവതകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. രാവിലെ 6 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 6 മുതല്‍ 8 മണി വരെയും ഭക്തജനങ്ങള്‍ ദീപാരാധന നടത്തും. ക്ഷേത്രത്തില്‍ നിന്ന് മലയിറങ്ങി ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോള്‍ മാത്രമാണ് ഈ കേസിലെ മുഖ്യപ്രതി സാഞ്ചി റാമിന്റേത് ഉള്‍പ്പെടെ ചില വീടുകളുള്ളത്. ഈ വഴിയിലാണ് ജനുവരി 17ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതും. ദേവീസ്ഥാനിന്റെ പരിപൂര്‍ണ ചുമതല സാഞ്ചി റാമിന് ആയതിനാല്‍ ഇവിടേക്ക് മറ്റാര്‍ക്കും അനുവാദം കൂടാതെ പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല.

മുഖ്യപ്രതി സാഞ്ചി റാമിന്റെ കണ്ണില്‍ ഇതാണ് സംഭവിച്ചത്

-ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു
-ആ പെണ്‍കുട്ടി ഒരു 8 വയസ്സുകാരിയാണ്
-മകനെയും പ്രായപൂര്‍ത്തിയാവാത്ത അനന്തിരവനെയും ചുമതലയേല്‍പ്പിക്കുന്നു
-മീററ്റില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തുന്നു -‘വരൂ.. വന്ന് കാമപൂര്‍ത്തി നേടൂ..’
-നിയമപാലകരായ 2 സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരെ കൃത്യത്തിന്റെ ഭാഗമാക്കുന്നു
-മയക്കിയ പെണ്‍കുട്ടിയെ ദേവിസ്ഥാനില്‍ അടച്ചിടുന്നു
-അവളെ ബലാത്സംഗം ചെയ്യും മുമ്പ് ‘കര്‍മ്മങ്ങള്‍’ അനുഷ്ഠിക്കുന്നു
-തുടര്‍ച്ചായി 7 ദിവസം മയക്കുമരുന്നു നല്‍കി ബലാത്സംഗം തുടരുന്നു
-ഒടുവില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കും മുമ്പ് സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്യണമെന്ന് താല്പര്യപ്പെടുന്നു, ചെയ്യുന്നു
-തെളിവു നശിപ്പിക്കുന്നതിനും മിണ്ടാതിരിക്കുന്നതിനും പൊലീസുകാര്‍ക്ക് 1.5 ലക്ഷം രൂപ നല്‍കുന്നു
-കുറ്റകൃത്യത്തില്‍ പങ്കാളിയായ അനന്തിരവന്റെ അമ്മയെ -സ്വന്തം പെങ്ങളെ -പൊലീസുകാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ പറഞ്ഞുവിടുന്നു
-അതിനു ശേഷം 2 ബി.ജെ.പി. മന്ത്രിമാരുടെ പിന്തുണയോടെ ഹിന്ദു ഏകതാ മഞ്ചിന് രൂപം നല്‍കുന്നു
-കേസ് റദ്ദാക്കാന്‍ അഭിഭാഷകരുടെ പിന്തുണ ഉറപ്പാക്കുന്നു

സാഞ്ചി റാമാണ് ഈ ബലാത്സംഗവും കൊലപാതകവും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിനു തൊട്ടു മുമ്പടക്കം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തയാളാണ് സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയ. മറ്റൊരു സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ്മ, സാഞ്ചി റാമിന്റെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്ന മന്നു, സാഞ്ചി റാമിന്റെ അനന്തിരവനായ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി, സാഞ്ചി റാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര എന്ന ഷമ്മ എന്നിവരാണ് പെണ്‍കുട്ടിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും നേരിട്ടു പങ്കാളികളായ മറ്റു പ്രതികള്‍.

വിശാല്‍ ജംഗോത്ര

കേസ് ആദ്യം അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പ്രതികളായുണ്ട്. സാഞ്ചി റാമില്‍ നിന്ന് മൊത്തം 4 ലക്ഷം രൂപ സ്വീകരിച്ച ഇവര്‍ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു. പക്ഷേ, ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം പ്രതികളെ അക്ഷരാര്‍ത്ഥത്തില്‍ പൂട്ടിയിട്ടുണ്ട്. 8 പ്രതികളും നല്‍കിയ മൊഴികള്‍ വിലയിരുത്തി അത് അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ ക്രോഢീകരിക്കുകയാണ് ആദ്യം ചെയ്തത്. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിലയിരുത്തി അവര്‍ കുറ്റകൃത്യം നടന്ന സമയത്ത് അതു നടന്ന സ്ഥാനത്തുണ്ടായിരുന്നു എന്നുറപ്പാക്കി.

തിലക് രാജ്‌

ഇതോടൊപ്പം ഇരയുടെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ചോര പുരണ്ട വടികള്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട വസ്തുവകകളും പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തെളിവിന്റെ ഭാഗമാക്കി. കുറ്റകൃത്യം നടന്ന ദേവിസ്ഥാനില്‍ നിന്നു ശേഖരിച്ച ഡി.എന്‍.എ. സാമ്പിളുകളും കേസ് തെളിയിക്കുന്നതിന് നിര്‍ണ്ണായമായിട്ടുണ്ട്. കാത്വയിലെ ഇരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ ഫലമാണ് മറ്റൊരു നിര്‍ണ്ണായക തെളിവ്. പരിശോധനാ ഫലവും രക്തസാമ്പിളുകളും കൈകാര്യം ചെയ്ത രീതിയില്‍ നിന്ന് കേസ് അട്ടിമറിക്കാന്‍ ആനന്ദ് ദത്ത കൂട്ടുനിന്നതിന്റെ തെളിവുകള്‍ കിട്ടി.

തെളിവുകള്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി, വിശാല്‍ ജംഗോത്ര, പര്‍വേഷ് കുമാര്‍ എന്നിവരുടെ ലൈംഗിക ശേഷിയും പരിശോധിച്ചു. ദീപക് ഖജുരിയയുടെ ലൈംഗിക ശേഷി പരിശോധിക്കുന്നതിന് അനുവദിക്കാന്‍ അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശേഷിയില്ലെന്ന കാരണം പറഞ്ഞ് ഭാവിയില്‍ പ്രതികളിലാരെങ്കിലും രക്ഷപ്പെടാതിരിക്കാനായിരുന്നു ഈ നടപടി. വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് ജമ്മു കശ്മീരില്‍ സൗകര്യമില്ലാത്തതിനാല്‍ ഡല്‍ഹി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫോറന്‍സിക് ലാബിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയത്.

കാത്വയില്‍ നടന്നത് ഒരു ബാലികയുടെ ബലാത്സംഗമോ കൊലയോ അല്ല. മറിച്ച്, നീചമായ ഈ 2 കുറ്റകൃത്യങ്ങളെയും വലിയ രാഷ്ട്രീയ -വംശീയ ലക്ഷ്യങ്ങള്‍ക്കായി പ്രതീകാത്മകമായി ഉപയോഗിച്ച ഭീകരപ്രവര്‍ത്തനമായിരുന്നു. ബലാത്സംഗത്തെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നത് ലോകമെമ്പാടും ഭീകരരുടെ രീതിയാണ്. അതു തന്നെയാണ് കാത്വയില്‍ സംഭവിച്ചത്. രാഷ്ട്രീയമോ മതപരമോ ആയ പരോക്ഷലക്ഷ്യങ്ങള്‍ക്കായി അക്രമമോ അക്രമഭീഷണിയോ പ്രയോഗിക്കുന്നതിനെയാണ് ഭീകരവാദം എന്ന് പറയുന്നത്.

കാത്വയിലെ ദുരന്തം പ്രത്യേക ശ്രദ്ധ നേടുന്നത് അത് ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായ ബലാത്സംഗം ആയതിനാലാണ്. ദേശീയത ഛര്‍ദ്ദിച്ചതുകൊണ്ടോ ത്രിവര്‍ണ്ണ പതാക ഉയരത്തില്‍ വീശിയതുകൊണ്ടോ ഭീകരപ്രവര്‍ത്തനം മൂടിവെയ്ക്കപ്പെടുന്നില്ല. ഭീകരപ്രവര്‍ത്തനം ഒരു പ്രത്യേക മതത്തോടു ചേര്‍ന്നു നില്‍ക്കുന്നതല്ല, അങ്ങനെ ആരോപിക്കേണ്ടതല്ല. അത് വ്യക്തിയുടെയോ വ്യക്തികളുടെയോ പ്രവൃത്തിയോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഏതു മതത്തില്‍പ്പെട്ടവര്‍ ചെയ്താലും ഭീകരപ്രവര്‍ത്തനം എന്നത് ഭീകരപ്രവര്‍ത്തനം തന്നെയാണ്. അത് ദേശസ്‌നേഹമാവില്ല.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks