Reading Time: 5 minutes

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. സോഷ്യല്‍ മീഡിയ വൊളന്റിയര്‍മാരുടെ യോഗം കോട്ടയില്‍ അമിത് ഷാ വിളിച്ചു ചേര്‍ത്തതിന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടു. ചര്‍ച്ച ചെയ്തു. അത്രമാത്രം എന്താണ് ആ വീഡിയോയില്‍ ഉള്ളത് എന്ന സംശയം അതു കാണാത്ത ഒരാള്‍ക്ക് സ്വാഭാവികമായും ഉണ്ടാകും. ജനാധിപത്യത്തിന് സാങ്കേതികവിദ്യ ഭീഷണിയാകുമോ എന്ന വലിയ ചോദ്യത്തിന് ‘അതെ’ എന്ന് അനായാസം മറുപടി പറയാന്‍ പ്രേരിപ്പിക്കുന്നതാണ് അമിത് ഷായുടെ പ്രസംഗം.

അമിത് ഷാ പ്രസംഗിച്ചത് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘സോഷ്യല്‍ മീഡിയ അതീവ പ്രധാനമാണ്. നമ്മള്‍ ഇതുപയോഗിച്ച് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ പ്രചരിപ്പിക്കലാണ് പ്രധാനം. ഉത്തര്‍പ്രദേശില്‍ 32 ലക്ഷം പേര്‍ അംഗമായ വാട്സ് ആപ് ഗ്രൂപ്പുണ്ട് നമുക്ക്. ദിവസവും രാവിലെ എട്ടു മണിക്ക് നമ്മുടെ സന്ദേശമെത്തും. ഒരിക്കല്‍ അതിലൊരു വാര്‍ത്ത വന്നു അഖിലേഷ് യാദവ് മുലായം സിങ്ങിനെ തല്ലിയെന്ന്. കാട്ടു തീ പോലെ പടര്‍ന്നു അത്. സംഭവം ഉള്ളതൊന്നുമല്ല. ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടല്ലോ. ശരിയായ വാര്‍ത്ത, നമ്മള്‍ സൃഷ്ടിച്ചെടുത്ത നുണ എന്നൊന്നുമില്ല, വേണ്ടത് വൈറല്‍ ആക്കുക. അതാണ് നിങ്ങളുടെ ഉത്തരവാദിത്തം.’ -അമിത് ഷായുടെ ഈ വാക്കുകളില്‍ എല്ലാമുണ്ട്.

സംഭവം ശരിയാണ്. അച്ഛനെ തല്ലുന്ന മകനെ എങ്ങനെ വിശ്വസിക്കും എന്നതാണ് ഉത്തര്‍ പ്രദേശ് മുഴുവന്‍ ആ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തത്. മുലായവും അഖിലേഷും തമ്മില്‍ രാഷ്ട്രീയമായ ഭിന്നതയുണ്ടായിരുന്നു എന്നത് ശരി തന്നെ. ആ ഭിന്നത അച്ഛനെ മകന്‍ തല്ലിയെന്ന പെരുംനുണയാക്കി ബി.ജെ.പി. മാറ്റിയെന്നതാണ് പ്രധാനം. അച്ഛനെ തല്ലിയില്ലെന്നതു പോകട്ടെ, തല്ലുന്ന കാര്യം അഖിലേഷിന്റെ വിദൂരചിന്തകളില്‍ പോലുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

സംഘികളെ ട്രോളിയിട്ട് കാര്യമില്ല. ചിലപ്പോള്‍ അവര്‍ പടച്ചുവിടുന്നത് ആനമണ്ടത്തരമായിരിക്കും. അത് മനഃപൂര്‍വ്വവുമായിരിക്കും. ശബരിമല കേസില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ വിധിയെഴുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്നു പോയി എന്നു പറഞ്ഞ് അവര്‍ പ്രചരിപ്പിച്ചത് വിഖ്യാതനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ചിത്രമാണ്. വിവരമുള്ളവരുടെ മുന്നില്‍ ഇത് മണ്ടത്തരം ആണെങ്കിലും ആ പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്നതെല്ലാം ആസൂത്രിതമാണ്. സ്റ്റീഫന്‍ ഹോക്കിങ്ങിനെ അറിയാത്ത വലിയൊരു വിഭാഗം ഇവിടുണ്ട്. അവര്‍ വിശ്വസിക്കുന്നത് ശരീരം തളര്‍ന്നത് ദീപക് മിശ്രയുടേതാണ് എന്നാണ്.

മണ്ടത്തരങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന മണ്ടന്മാര്‍ നമ്മുടെ കൂട്ടത്തില്‍ ഉള്ളിടത്തോളം ഈ അപകടം നമ്മെ ചൂഴ്ന്നു നില്‍ക്കും. ഇത്തരം നുണകള്‍ കേരളത്തിലും സംഘികള്‍ കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു നുണ വലിയ തോതില്‍ അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ട് നമ്മള്‍ പ്രളയത്തെ നേരിട്ടപ്പോഴാണ്. സുരേഷ് കൊച്ചാട്ടില്‍ എന്ന പേരായിരുന്നു ഈ ചര്‍ച്ചയുടെ പ്രഭവകേന്ദ്രം. ദൗര്‍ഭാഗ്യവശാല്‍ അതൊരു മലയാളിയാണ്! മുമ്പ് നിഷ്പക്ഷരായിരുന്നവര്‍ പോലും ഇപ്പോള്‍ ബി.ജെ.പിയുടെ എതിര്‍പക്ഷത്തായി എങ്കില്‍ അതിനു കാരണം കൊച്ചാട്ടിലിന്റെ വിഷലിപ്തമായ ഈ നുണപ്രചരണമാണ്.

കേരളത്തിനെതിരായ നീക്കത്തിന് സുരേഷ് കൊച്ചാട്ടില്‍ തന്നെ ചുക്കാന്‍ പിടിച്ചതിന് പ്രത്യേക കാരണമുണ്ട്. ആ പ്രചാരണം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമുള്ളതായിരുന്നു. അത് അങ്ങേയറ്റം അപകടകരമായൊരു ചിന്താഗതിയുടെ ഭാഗവുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളം നശിച്ചുപോകട്ടെ എന്ന ചിന്താഗതി. ‘ബെടക്കാക്കി തനിക്കാക്കുക’ എന്നൊരു ചൊല്ലുണ്ടല്ലോ. പ്രളയത്തിനു ശേഷമുള്ള പുനര്‍നിര്‍മ്മാണത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജനം അവരെ തള്ളിപ്പറയും. ആ വഴിയിലൂടെ തങ്ങളുടെ രാഷ്ട്രീയ വിജയരഥത്തിന് കടന്നുകയറാമെന്ന് ബി.ജെ.പിയുടെ ബുദ്ധികേന്ദ്രങ്ങള്‍ കണക്കുകൂട്ടി. 2013ലെ പ്രളയത്തിനു ശേഷം ഉത്തരാഖണ്ഡിലുണ്ടായ സംഭവവികാസങ്ങള്‍ അവര്‍ കേരളത്തിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചു.

കേരളത്തെ വിഴുങ്ങിയ വിപത്തിനെ ഒറ്റക്കെട്ടായി കൈമെയ് മറന്ന്, ജീവന്‍ പണയം വെച്ചാണ് നേരിട്ടത്. നാട്ടിലുള്ളവര്‍ മാത്രമല്ല, അകലെയുള്ളവര്‍ പോലും കഴിയാവുന്ന രീതിയില്‍ ഇതില്‍ ഭാഗഭാഗാക്കായി. ഉറക്കമിളച്ചിരുന്ന് കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയുമൊക്കെ മുന്നില്‍ നിന്നു മാറാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരും നേരിട്ട് വെള്ളത്തിലേക്ക് എടുത്തുചാടിയവരും തെരുവിലിറങ്ങി സഹജീവികള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി വിതരണം ചെയ്തവരുമെല്ലാം ഇതിലുണ്ട്. ഒറ്റക്കെട്ടായ ഈ പ്രയത്‌നത്തില്‍ പങ്കാളിയാവാതെ വേറിട്ടുനില്‍ക്കാന്‍ ശ്രമിച്ചത് ബി.ജെ.പി. മാത്രമാണ്. ‘കേരളത്തിലെ ജനങ്ങള്‍ ധനികരാണ്. അവര്‍ക്കിതിന്റെ ആവശ്യം ഇല്ല. നിങ്ങളെ അവര്‍ കബളിപ്പിക്കുകയാണ്’ -കേരളത്തിന് സഹായം നല്‍കരുത് എന്ന നിര്‍ദ്ദേശവുമായി ബി.ജെ.പിയുടെ ബുദ്ധികേന്ദ്രങ്ങല്‍ രാജ്യവ്യാപകമായി പ്രചരിപ്പിച്ചത് ഈ സന്ദേശമായിരുന്നു. ഇത് പ്രചരിപ്പിക്കാന്‍ അവര്‍ ഉപയോഗിച്ചത് സുരേഷ് കൊച്ചാട്ടില്‍ പച്ചക്കള്ളങ്ങള്‍ ‘അക്കമിട്ട്’ വിളമ്പുന്ന ശബ്ദസന്ദേശമായിരുന്നു.

കേരളത്തിനെതിരെ വിഷം വമിപ്പിച്ച് സുരേഷ് കൊച്ചാട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിനു ലഭിക്കുമായിരുന്ന സഹായങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ മുരട്ടുന്യായങ്ങള്‍ പറഞ്ഞു മുടക്കിയതും ഈ പശ്ചാത്തതലത്തിലാണ്. കേരളത്തെ സഹായിക്കണമെന്ന് താല്പര്യമുള്ളവരെല്ലാം അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരടക്കം ധാരാളം പേര്‍ പ്രധാനമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. അതു മുഴുവന്‍ ‘സ്വാഹാ’ ആവുന്ന നിലയാണ് ഇപ്പോഴുള്ളത്. കേരളത്തിനുള്ള സഹായമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര പണം വന്നുവെന്ന് അടുത്തിടെ വിവരാവകാശ നിയമം അനുസരിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ കണക്ക് വെളിപ്പെടുത്താനാവില്ല എന്നാണ് മറുപടി വന്നത്. കണക്കില്ല, അതിനാല്‍ത്തന്നെ ഒന്നും കിട്ടില്ല എന്നര്‍ത്ഥം.

സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒരു ജനതയെ ആകെ നാശത്തിലേക്കു തള്ളി വിടാന്‍ മടിയില്ലാത്തവര്‍ ജനനേതാക്കളായി അഭിനയിക്കുന്നു. ഇങ്ങനെ നാശത്തിലേക്കു തള്ളപ്പെടുന്നവരില്‍ സ്വന്തം കൂട്ടരുമുണ്ട് എന്നതൊന്നും അവര്‍ക്കു പ്രശ്‌നമായില്ല. പ്രളയം ബാധിച്ചത് കമ്മ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസ്സുകാരെയും മാത്രമല്ലല്ലോ? ബി.ജെ.പിക്കാരെയും ബാധിച്ചില്ലേ? എന്തായാലും ബി.ജെ.പിയുടെ തനിനിറം മലയാളികള്‍ക്കു മുന്നില്‍ വെളിപ്പെടുന്നതിന് പ്രളയം കാരണമായി. അതിന്റെ ഫലമായി വലിയൊരു വിഭാഗം ബി.ജെ.പിയുടെ എതിര്‍പക്ഷത്തുമായി. അതോടൊപ്പം ഏതു മലയാളിക്കും അറിയാവുന്ന പേരായി സുരേഷ് കൊച്ചാട്ടില്‍ മാറി.

ആരാണ് സുരേഷ് കൊച്ചാട്ടില്‍? ചില്ലറക്കാരനല്ല ഈ കക്ഷി. കൊച്ചാട്ടില്‍ കേരളത്തിനെതിരെ നേരിട്ട് രംഗത്തിറങ്ങി എന്നു പറഞ്ഞാല്‍ അതു തീരുമാനിച്ചത് നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്നാണെന്ന് അര്‍ത്ഥം. അത്രമാത്രം സ്വാധീനം ഈ മലയാളിക്ക് അവരുടെ മേലുണ്ട്. ഗുജറാത്തില്‍ ഒതുങ്ങി നിന്നിരുന്ന നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിനെ ‘നമോ’ എന്ന ബ്രാന്‍ഡാക്കി ദേശീയ തലത്തില്‍ അവതരിപ്പിച്ചത് കൊച്ചാട്ടിലിന്റെ ബുദ്ധിയാണ്. നമോയുടെ വരവിനെ നിര്‍മ എന്ന പ്രശസ്തമായ അലക്കുപൊടിയുടെ വരവുമായാണ് അദ്ദേഹം തന്നെ താരതമ്യം ചെയ്യുന്നത്. നിര്‍മയുടെ തുടക്കം ഗുജറാത്തില്‍ നിന്നായിരുന്നു. പിന്നീടത് ദേശീയതലത്തില്‍ വന്‍ വിജയം നേടിയ ബ്രാന്‍ഡായി വളര്‍ന്നു. മോദിയും അതുപോലെ തന്നെ.

നമോ എന്ന ബ്രാന്‍ഡ് രൂപപ്പെടുത്തുന്നതിന് പരസ്യ ലോകത്തെ മുടിചൂടാ മന്നന്മാരെയാണ് സുരേഷ് കൊച്ചാട്ടില്‍ നിയോഗിച്ചത്. ഒഗില്‍വി ആന്‍ഡ് മാത്തറിലെ പീയുഷ് പാണ്ഡെ, മക്-കാന്‍ വേള്‍ഡ് ഗ്രൂപ്പിലെ പ്രസൂണ്‍ ജോഷി, മാഡിസണ്‍ വേള്‍ഡിലെ സാം ബല്‍സാര എന്നിവര്‍ക്കൊപ്പം സോഹോ സ്‌ക്വയറിലെ മൂവര്‍ സംഘം -സതീഷ് ദേസ, അനുരാഗ് ഖണ്ഡേല്‍വാള്‍, സമ്രാട്ട് ബേദി എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ ബുദ്ധികേന്ദ്രമായി. ഇവരാണ് ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ -ഇത്തവണ മോദി സര്‍ക്കാര്‍, ‘ജന്‍താ മാഫ് നഹി കരേഗി’ -ജനങ്ങള്‍ മാപ്പു നല്‍കില്ല, ‘അച്ഛെ ദിന്‍ ആനേ വാലേ ഹൈ’ -നല്ല നാളുകള്‍ വരാന്‍ പോവുകയാണ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കിയത്.

ഹൈദരാബാദിലെ തന്ത്രമുറിയിൽ സഹപ്രവർത്തകർക്കൊപ്പം സുരേഷ് കൊച്ചാട്ടിൽ

പരസ്യ രംഗത്തെ വേന്ദ്രന്മാര്‍ക്കൊപ്പം ബി.ജെ.പിയില്‍ നിന്ന് പീയുഷ് ഗോയല്‍, അജയ് സിങ് എന്നിവരും സാക്ഷാല്‍ നരേന്ദ്ര മോദിയും ആസൂത്രണത്തില്‍ പങ്കാളികളായി. 15 കോടി പുതിയ വോട്ടര്‍മാരായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഈ വിഭാഗത്തില്‍ നിന്ന് 70 ശതമാനത്തോളം വോട്ട് നേടാനായെന്ന് പിന്നീട് ബി.ജെ.പി. തന്നെ കണക്കുകൂട്ടിയിട്ടുണ്ട്. ഈ ചെറുപ്പക്കാരില്‍ മഹാഭൂരിപക്ഷവും സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു. ഇവരെ പിടിക്കാന്‍ കൊച്ചാട്ടിലിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം രാവും പകലും ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചു. ഇവര്‍ക്കു കീഴില്‍ അമേരിക്കയിലും ബ്രിട്ടനിലുമടക്കം പ്രവര്‍ത്തകരുണ്ടായി. മോദിക്കെതിരെ വരുന്ന പോസ്റ്റുകള്‍ക്ക് തല്‍ക്ഷണം മറുപടി നല്‍കുക എന്നതായിരുന്നു അവരുടെ പ്രധാന പരിപാടി.

തത്സമയ തന്ത്രങ്ങളുടെ ആശാനാണ് സുരേഷ് കൊച്ചാട്ടില്‍. പ്രളയകാലത്ത് വന്ന ഓഡിയോ ക്ലിപ്പ് അത്തരമൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. കേരളത്തിനുള്ളില്‍ അത് ബി.ജെ.പിക്ക് വന്‍ തിരിച്ചടി ആയെങ്കിലും പുറത്ത് അത് സാമാന്യം നല്ല വിജയമായിരുന്നു എന്നു തന്നെ പറയേണ്ടി വരും. 2014ല്‍ മോദിയുടെ ‘ചായ് പേ ചര്‍ച്ച’ എന്ന പരിപാടി വന്നതും ഇതുപോലെ തത്സമയ തന്ത്രത്തിന്റെ ഭാഗമായാണ്. കോണ്‍ഗ്രസ് നേതാവ് മണിശങ്കരയ്യരുടെ ഒരു പ്രസ്താവനയില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം -‘കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചായ വില്‍ക്കാന്‍ മോദിയെ അനുവദിക്കാം’. കൊച്ചാട്ടിലും സംഘവും ഇത് ചാടിപ്പിടിക്കുകയും മോദിക്കൊപ്പം ‘ചായ് പേ ചര്‍ച്ച’ പരിപാടി രൂപമെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ 4,000 ചര്‍ച്ചകളാണ് ബി.ജെ.പി. സംഘടിപ്പിച്ചത്. സാധാരണക്കാര്‍ക്കിടയില്‍ ഇത് വന്‍ വിജയമായി.

സുരേഷ് കൊച്ചാട്ടിൽ പുതിയ പ്രചാരണ മുദ്രാവാക്യവുമായി

ഇത്തവണയും സുരേഷ് കൊച്ചാട്ടില്‍ ഇറങ്ങിയിട്ടുണ്ട് പുതിയ തന്ത്രങ്ങളുമായി. ‘മോദി വണ്‍സ് മോര്‍’ -മോദി ഒരിക്കല്‍ക്കൂടി എന്നാണ് ഇത്തവണത്തെ പ്രചാരണ മുദ്രാവാക്യം. പക്ഷേ, 2014ലെപ്പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. ഫേസ്ബുക്കും വാട്ട്‌സാപ്പും അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അന്നില്ലാതിരുന്ന ഒട്ടേറെ നിയന്ത്രണങ്ങള്‍ ഇന്നുണ്ട്. ‘പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല’ എന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ തവണ മോദിയെ അവതരിപ്പിച്ചത് വികസനപ്രതീക്ഷയായിട്ടാണ്. ഇക്കുറി അത്തരം മേനി നടിക്കാന്‍ അദ്ദേഹത്തിനാവില്ല. അച്ഛെ ദിന്‍ -നല്ല നാളുകള്‍ എവിടെയെന്ന് 5 വര്‍ഷത്തിനിപ്പുറവും നമ്മള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു.

എന്തായാലും പ്രതിസന്ധി ഘട്ടത്തില്‍ ബി.ജെ.പിക്കാര്‍ പിന്നില്‍ നിന്നു കുത്തി എന്ന ചിന്താഗതിക്ക് മലയാളി മനസ്സില്‍ വ്യാപക വേരോട്ടമുണ്ട്. ആ പരിക്ക് തീര്‍ക്കാനും കൂടിയാണ് ശബരിമല വിഷയവും പൊക്കിപ്പിടിച്ച് അവരിറങ്ങിയത്. കൊച്ചാട്ടിലിന്റെ ശബ്ദസന്ദേശം ബി.ജെ.പിക്ക് ആഴത്തിലേല്പിച്ച മുറിവുണക്കാന്‍ നാമജപ ബഹളത്തിന് എത്രമാത്രം കഴിഞ്ഞുവെന്നത് കാത്തിരുന്ന് തന്നെ കാണണം.

Previous articleചൈത്രയോ വാർത്തയോ പ്രതി?
Next articleമാമാങ്കം എന്ന ചാവേര്‍കഥ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. നന്നായിട്ടുണ്ട്. ഈ കൊച്ചാട്ടിലിന്റെ വേരുകൾ
    കൂടി അന്വേഷിച്ച് ഒരു രണ്ടാം ഭാഗം കൂടി വേണം 😐

LEAVE A REPLY

Please enter your comment!
Please enter your name here