Reading Time: 6 minutes

ചൈത്ര തെരേസ ജോണ്‍ ആണ് ഇപ്പോഴത്തെ താരം. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ വിവാദ നായികയായ പൊലീസുദ്യോഗസ്ഥ. അവരുടെ നടപടികളുടെ ശരിതെറ്റുകള്‍ വിലയിരുത്തുന്ന വിനോദത്തിലേര്‍പ്പെട്ടിരിക്കുകയാണ് എല്ലാവരും. തിരുവനന്തപുരം ഡി.സി.പിയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന എസ്.പിയുടെ നടപടി സംബന്ധിച്ച് ഉത്തരവാദപ്പെട്ടവരുടെ പരിശോധനയും നടക്കുന്നുണ്ട്. അതിന്റെ ഫലം വന്നാലും ഇപ്പോഴത്തെ നിലയില്‍ ചര്‍ച്ച തുടരും, അടുത്ത വിഷയം കിട്ടുന്നതു വരെ.

ചൈത്ര തെരേസ ജോണ്‍

ചൈത്രയുടെ നടപടിയിലെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യും മുമ്പ് ചൈത്രയെ വിവാദതാരമാക്കിയ വാര്‍ത്തയുടെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യണമെന്ന പക്ഷത്താണ് ഈ വിഷയം സംബന്ധിച്ച പരിശോധനയ്ക്കു ശേഷം ഞാനെത്തി നില്‍ക്കുന്നത്. മനോരമയിലാണ് ആ വാര്‍ത്ത വന്നത്. ആ വാര്‍ത്തയില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ ആദ്യ വായനയില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. വിഷയം ചര്‍ച്ചയായപ്പോള്‍ കൂടുതല്‍ പരിശോധിച്ചു. ഒപ്പം, സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ചു വെച്ചു. കാരണം, ഈ വാര്‍ത്ത അവലോകനം ചെയ്താല്‍ മാത്രം മതി നെല്ലും പതിരും തിരിച്ചറിയാന്‍.

സി.പി.എം. ഓഫീസ് റെയ്ഡ് ചെയ്ത വനിതാ ഡി.സി.പിയെ മണിക്കൂറുകള്‍ക്കകം തെറിപ്പിച്ച വാര്‍ത്ത ഞാന്‍ വായിച്ചത് ജനുവരി 26ന് ഉച്ചയ്ക്കാണ്. ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്ന സമയം അന്നു രാവിലെ 11.49ന്. ഈ സമയം കൃത്യമായി നോക്കി വെയ്ക്കുക. പിന്നിടുള്ള വിലയിരുത്തലില്‍ ആവശ്യം വരും. ആ വാര്‍ത്ത അതേപടി പകര്‍ത്തുന്നു. (c)manoramaonline

സിപിഎം ഓഫിസ് റെയ്ഡ് ചെയ്തു; വനിതാ ഡിസിപിയെ മണിക്കൂറുകള്‍ക്കകം തെറിപ്പിച്ചു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ്)യെ മണിക്കൂറുകള്‍ക്കകം മാറ്റി. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈ എഫ്‌ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണു ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. അപ്രതീക്ഷിതമായി പൊലീസ് എത്തിയപ്പോള്‍ നേതാക്കളും അണികളും ഞെട്ടിയെങ്കിലും കൂടുതല്‍ ആളുകളെ വരുത്തി പൊലീസ് സംഘത്തെ തടഞ്ഞു.

പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണു പൊലീസിനു പിന്നീടു ലഭിച്ച വിവരം. റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചു.

പോക്‌സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ പിടിക്കാതെ മെഡിക്കല്‍ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നല്‍കി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

റെയ്ഡ് തടയാനും ഡിസിപിയെ പിന്തിരിപ്പിക്കാനും കീഴുദ്യോഗസ്ഥരില്‍ പലരും ശ്രമിച്ചെങ്കിലും ചൈത്ര നിലപാടില്‍ ഉറച്ചുനിന്നു. അതോടെ ഗത്യന്തരമില്ലാതെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടക്കം ഒപ്പം ചേര്‍ന്നു. അതിനിടെ റെയ്ഡിനെ കുറിച്ചു ചില ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്കു വിവരം ചോര്‍ത്തി നല്‍കിയെന്നും ഉന്നതര്‍ സംശയിക്കുന്നു. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.

ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.

ആകെ 6 ഖണ്ഡികകളാണ് ഈ വാര്‍ത്തയ്ക്കുള്ളത്. ഒന്നാം ഖണ്ഡികയും അവസാനത്തെ ആറാം ഖണ്ഡികയും ഒരുമിച്ചു ചേര്‍ത്തു വായിച്ചാല്‍ അത് ഇങ്ങനെയിരിക്കും.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ്)യെ മണിക്കൂറുകള്‍ക്കകം മാറ്റി. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം ഡി.സി.പി. ആര്‍.ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയ സാഹചര്യത്തിലാണ് വനിതാ സെല്‍ എസ്.പിയായ ചൈത്ര തെരേസ ജോണിന് ആ ചുമതല നല്‍കിയിരുന്നത്. ആദിത്യയുടെ ശബരിമല ഡ്യൂട്ടി ജനുവരി 21ന് അവസാനിച്ചു. അതിനു ശേഷം അദ്ദേഹം 4 ദിവസത്തെ മെഡിക്കല്‍ ലീവ് കൂടി എടുത്തു. അതായത് 22, 23, 24, 25 തീയതികളില്‍ കൂടി ചൈത്രയ്ക്കു ചുമതല. ആദിത്യ തിരുവനന്തപുരം ഡി.സി.പിയായി വീണ്ടും ചുമതലയേല്‍ക്കേണ്ടത് ജനുവരി 26ന്. ചൈത്രയെ ഡി.സി.പി. സ്ഥാനത്തു നിന്ന് മണിക്കൂറുകള്‍ക്കകം മാറ്റി എന്നു പറയുന്ന വാര്‍ത്ത വന്ന തീയതി ശ്രദ്ധിക്കണമെന്ന് ഞാന്‍ പറഞ്ഞത് ഇതിനാലാണ് -ജനുവരി 26. താല്‍ക്കാലിക ചുമതല ജനുവരി 26ന് ഒഴിയുമെന്ന് നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടിരുന്ന ചൈത്രയെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടേണ്ട കാര്യമുണ്ടോ? വാര്‍ത്തയ്‌ക്കൊരു ‘ഗും’ വരാന്‍ ലേഖകന്‍ ആവേശം കാട്ടിയതല്ലേ? സ്വന്തം ലാവണത്തിലേക്കുള്ള ചൈത്രയുടെ സാധാരണ തിരിച്ചുപോക്കിനെയാണ് അന്നേ ദിവസം തന്നെയുള്ള മനോരമ വാര്‍ത്തയില്‍ കസേരയിലേക്കു മടക്കിയത്.

വാര്‍ത്തയുടെ 2, 3, 5 ഖണ്ഡികകളിലെ വാക്യങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ അത് ഇങ്ങനെയിരിക്കും.

അപ്രതീക്ഷിതമായി പൊലീസ് എത്തിയപ്പോള്‍ നേതാക്കളും അണികളും ഞെട്ടിയെങ്കിലും കൂടുതല്‍ ആളുകളെ വരുത്തി പൊലീസ് സംഘത്തെ തടഞ്ഞു.

പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണു പൊലീസിനു പിന്നീടു ലഭിച്ച വിവരം.

അതിനിടെ റെയ്ഡിനെ കുറിച്ചു ചില ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്കു വിവരം ചോര്‍ത്തി നല്‍കിയെന്നും ഉന്നതര്‍ സംശയിക്കുന്നു.

കൂടുതല്‍ ആളുകളെ വരുത്തി പൊലീസ് സംഘത്തെ തടയുന്നത് പിന്നീട് പുറത്തുവന്ന സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ എല്ലാവരും കണ്ടതാണ്!! ഡി.സി.പിയെയും സംഘത്തെയും തടയാന്‍ അവിടൊരു പൂച്ചക്കുഞ്ഞും ഉണ്ടായിരുന്നില്ല. ഇനിയാണ് പ്രധാന ചോദ്യം -റെയ്ഡ് വിവരം നേരത്തേ ലഭിച്ചിട്ടും പ്രതികളെ പാര്‍ട്ടി ഓഫീസില്‍ തന്നെ നിര്‍ത്തിയിരുന്നോ? എന്നിട്ട് പൊലീസ് വന്ന ശേഷം അവരെ തടഞ്ഞ് പ്രതികളെ മറ്റൊരു വഴിയിലൂടെ പുറത്തേക്കയച്ചതെന്തിന്? റെയ്ഡിനു ശേഷം ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസിന് അതിനു മുമ്പ് ഇടപെടാന്‍ കഴിയുമായിരുന്നില്ലേ?

സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടക്കുന്ന വേളയിലെ സി.സി.ടി.വി. ദൃശ്യത്തിൽ നിന്ന്

സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ഇരിക്കുന്ന സ്ഥാനം വാര്‍ത്തയെഴുതിയ ലേഖകന്‍ പരിഗണിച്ചില്ല എന്നതും പ്രശ്‌നമാണ്. ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളയാള്‍ ഈ വിഡ്ഡിത്തം എഴുതിവെയ്ക്കില്ല. മേട്ടുക്കടയിലാണ് ആ ഓഫീസ്. അവിടെ മുന്നിലൂടെ മാത്രമേ അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും കഴിയുകയുള്ളൂ. ആ വളപ്പ് നിറയെ കെട്ടിടമാണ്. പിന്‍വാതിലിലൂടെ എവിടേക്കെങ്കിലും ഇറങ്ങി രക്ഷപ്പെടാനുള്ള സാഹചര്യം അവിടെയില്ല തന്നെ. രക്ഷപ്പെടാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അതു മുന്നിലൂടെ മാത്രമേ പറ്റുകയുള്ളൂ എന്നര്‍ത്ഥം.

ഇനി, മനോരമ വാര്‍ത്തയില്‍ സംശയം പ്രകടിപ്പിക്കുമ്പോലെ റെയ്ഡ് വിവരം ചോര്‍ന്നതാണെങ്കിലോ? അങ്ങനെയെങ്കില്‍ സി.പി.എം. ഓഫീസിന്റെ എഴയലത്തുപോലും ചൈത്ര തെരേസ ജോണ്‍ എത്തുമായിരുന്നില്ല എന്നുറപ്പല്ലേ! ഡി.സി.പിയെ തടയാന്‍ ഡി.ജി.പി. -ലോകനാഥ് ബെഹ്‌റ തന്നെ ഹാജരുണ്ടാവുമായിരുന്നു. എന്താ സംശയമുണ്ടോ?

ചുരുക്കത്തില്‍, വാര്‍ത്തയുടെ ആറാം ഖണ്ഡികയുമായി ഒത്തു നോക്കുമ്പോള്‍ പ്രധാന വിവരമുള്‍ക്കൊള്ളുന്ന ലീഡ് ആയ ഒന്നാം ഖണ്ഡിക അപ്രസക്തമായി. പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തെ ആരും തടഞ്ഞില്ല എന്നതില്‍ നിന്നു തന്നെ വാര്‍ത്തയുടെ 2, 3, 5 ഖണ്ഡികകള്‍ വെടിതീര്‍ന്നു. പിന്നെ ആകെ നിലനില്‍ക്കുന്ന നാലാം ഖണ്ഡിക മാത്രമാണ്. അത് ഇതാണ്!!

പോക്‌സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ പിടിക്കാതെ മെഡിക്കല്‍ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നല്‍കി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ഇനി ഈ ‘പോക്‌സോ’ കേസ് എന്താണെന്നു നോക്കാം. കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുവെ പോക്‌സോ ആഘോഷിക്കുന്നത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെയുള്ള ലൈംഗിക പീഡനം എന്ന നിലയിലാണ്. ഇവിടെ പോക്‌സോ കേസില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റിലായി എന്നു കേള്‍ക്കുമ്പോഴും ഏതോ പീഡനവീരന്മാര്‍ അറസ്റ്റിലായി എന്ന ധാരണയുണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍, ഈ കേസില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് ലൈംഗിക പീഡനമല്ല. അറസ്റ്റിലായവര്‍ക്ക് ഡി.വൈ.എഫ്.ഐ. ബന്ധമുള്ളതായി മനോരമ വാര്‍ത്തയല്ലാതെ മറ്റു സൂചനയൊന്നും പൊലീസ് നല്‍കുന്നുമില്ല.

ജനുവരി 23ന് കടകംപള്ളിയിലെ ഒരു ചെറിയ ക്ഷേത്രത്തില്‍ നടന്ന അന്നദാനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിനാധാരമായത്. അയല്‍ക്കാരായ ഒരു പെണ്‍കുട്ടിയും കുറച്ച് ചെറുപ്പക്കാരും തമ്മിലുള്ള തര്‍ക്കം ചീത്തവിളിയില്‍ കലാശിച്ചു. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. പരാതിക്കാരിക്ക് 17 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു എന്നതിനാല്‍ കേസ് പോക്‌സോ ആയി. 2 യുവാക്കളെ അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസുമെടുത്തു.

കണ്ടാലറിയാവുന്നവര്‍ ആ മേഖലയിലെ ഡി.വൈ.എഫ്.ഐക്കാര്‍ ആയിരുന്നുവെന്നും കേസിലെ പ്രതികളാരെന്നറിയാന്‍ അവര്‍ ഡി.വൈ.എഫ്.ഐ. നേതൃത്വത്തെ സമീപിച്ചുവെന്നും പറയപ്പെടുന്നു. അതനുസരിച്ച് ഡി.വൈ.എഫ്.ഐ. മേഖലാ ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിയും എസ്.ഐയെ കാണാന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തി. ഏറെ നേരം കാത്തുനിന്നിട്ടും അകത്തു കടത്താന്‍ പാറാവുകാരന്‍ തയ്യാറായില്ല. ഈ തര്‍ക്കമാണ് ഒടുവില്‍ കല്ലേറിലും പൊലീസ്റ്റ് സ്റ്റേഷന്റെ ജനാലച്ചില്ല് പൊട്ടുന്നതിലുമൊക്കെ എത്തിയത്.

എന്നാല്‍, ഇക്കാര്യം പോലും ഡി.വൈ.എഫ്.ഐ. നേതൃത്വം അംഗീകരിക്കുന്നില്ല. മെഡിക്കല്‍ കോളേജ് കാഷ്വല്‍റ്റിക്കു മുന്നില്‍ തലേദിവസം ഉണ്ടായ ഒരു കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് ബ്ലോക്ക് സെക്രട്ടറി എത്തിയതെന്നാണ് അവര്‍ പറയുന്നത്. അവിടെ കുഴപ്പക്കാരനായ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്പിച്ചുവെന്നും അയാളെ പൊലീസുകാര്‍ പിന്നീട് രക്ഷപ്പെടുത്തിയെന്നുമാണ് ആക്ഷേപം. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ബ്ലോക്ക് സെക്രട്ടറി എത്തിയതെന്നും പാറാവുകാരന്റെ പെരുമാറ്റമാണ് പ്രശ്‌നമായതെന്നും അവരുടെ വാദം. എന്തായാലും കല്ലേറിന് ഒരു ന്യായീകരണവുമില്ല.

കല്ലേറിനെ തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പാറാവുകാരന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പുണ്ടായപ്പോഴാണ് ഡി.വൈ.എഫ്.ഐക്കാര്‍ പിരിഞ്ഞുപോയത്. ജനാലച്ചില്ല് പൊട്ടിയതിന്റെ പേരില്‍ അവിടെ വന്ന മുഴുവനാളുകള്‍ക്കുമെതിരെ പൊതുമുതല്‍ നശീകരണ നിരോധന നിയമപ്രകാരം കേസും വന്നു. ഈ കേസിലെ പ്രതികളെ തപ്പിയാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറിയത്.

ചൈത്രയുടെ പരിശോധന നീതി നിര്‍വ്വഹിക്കാനുള്ള സത്യസന്ധയായ ഒരുദ്യോഗസ്ഥയുടെ ശ്രമം ആയിരുന്നു. അത്തരത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നിന്നു ലഭിക്കുന്ന പിന്തുണ തന്നെയായിരുന്നു അവരുടെ പ്രചോദനം. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയുടെ തലസ്ഥാന ജില്ലയിലെ ഓഫീസില്‍ കയറി പരിശോധിക്കാന്‍ ആവേശപൂര്‍വ്വം തീരുമാനിക്കുമ്പോള്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനെയെങ്കിലും ചൈത്ര അറിയിക്കേണ്ടതല്ലേ?

അങ്ങനെ മേലുദ്യോഗസ്ഥനെ അറിയിക്കാതെ പരിശോധന നടത്തിക്കൂടെ എന്നു ചോദ്യം സ്വാഭാവികമായും വരാം. വേണമെങ്കില്‍ അറിയിച്ചാല്‍ മതി. പക്ഷേ, അതിന് ചൈത്ര മുഴുവന്‍ സമയ ഡി.സി.പി. ആകണം. ചൈത്രയ്ക്ക് ഡി.സി.പിയുടെ താല്‍ക്കാലിക ചുമതല മാത്രമാണുണ്ടായിരുന്നത്. അടുത്ത ദിവസം ചുമതലയുടെ കാലാവധി കഴിയുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ മറ്റാരെയും അറിയിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം തൊട്ടുമുകളിലുള്ള കമ്മീഷണറെയെങ്കിലും അറിയിക്കുക തന്നെ വേണം. കാരണം ചൈത്രയുടെ നടപടികളുടെ ഉത്തരവാദി കമ്മീഷണറാണ്.

കമ്മീഷണറെ അറിയിച്ചാല്‍ റെയ്ഡ് വിവരം ചോരുമെന്ന് ചൈത്ര ഭയപ്പെട്ടിരുന്നോ? അതോ കമ്മീഷണര്‍ റെയ്ഡ് തടയുമെന്നായിരുന്നോ ഭയം? കമ്മീഷണര്‍ സുരേന്ദ്രന്‍ അത്രയ്ക്കു മോശക്കാരനാണോ? ചൈത്രയെ വാനോളം പുകഴ്ത്തുന്നവര്‍ ഈ ചോദ്യങ്ങള്‍ കാണാതെ പോകുന്നുണ്ട്. ചൈത്രയുടെ നടപടിയില്‍ തെറ്റില്ലെങ്കിലും ജാഗ്രതക്കുറവുണ്ടായി എന്ന വിലയിരുത്തല്‍ ഉണ്ടായത് ഈ സാഹചര്യത്തിലാണ്. നിയമസഭ തുടങ്ങുന്നതിന്റെ തലേന്നാള്‍ പ്രധാന ഭരണകക്ഷിയുടെ ഓഫീസ് റെയ്ഡ് ചെയ്യുമ്പോള്‍ അത് വിവാദമാകുന്നത് സ്വാഭാവികം മാത്രം.

സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നു പ്രതികളെ പിടിച്ചിരുന്നുവെങ്കില്‍ ചൈത്രയ്ക്ക് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാനാവുമായിരുന്നു എന്നത് വേറെ കാര്യം. അവരുടെ നടപടി ആരും സംശയിക്കുമായിരുന്നില്ല. മേലുദ്യോഗസ്ഥരെ അറിയിച്ച ശേഷം അവരുടെ അനുമതിയോടെ ആയിരുന്നു റെയ്‌ഡെങ്കിലും പ്രശ്‌നമില്ലായിരുന്നു. താനൊഴികെ ആരറിഞ്ഞാലും റെയ്ഡ് വിവരം ചോരുമെന്ന് ചൈത്ര ധരിച്ചുവെങ്കില്‍ ആ ധാരണയെ വിശേഷിപ്പിക്കാന്‍ താന്‍പോരിമ എന്ന വാക്ക് പ്രയോഗിക്കേണ്ടിവരുന്നു.

ചൈത്രയെപ്പോലുള്ള ഉദ്യോഗസ്ഥര്‍ സത്യസന്ധമായി തന്നെ പ്രവര്‍ത്തിക്കണം. നിര്‍ഭയമായി തന്നെ പ്രവര്‍ത്തിക്കണം. അങ്ങനെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് ചട്ടക്കൂടുകള്‍ മാനിക്കുക എന്നത്. ചൈത്രയുടെ നേരെ എവിടെ നിന്നെങ്കിലും വിമര്‍ശനമുയരുന്നുവെങ്കില്‍ അത് അവര്‍ ചട്ടക്കൂടിനു പുറത്തു ചാടി എന്നതിനാല്‍ത്തന്നെയാണ്. ചൈത്രയുടെ നടപടിയെക്കാള്‍ വിവാദം സൃഷ്ടിച്ചത് ചൈത്രയെ വിവാദനായികയാക്കാന്‍ വെമ്പല്‍കൊണ്ട് എഴുതിയ കാമ്പില്ലാത്ത വാര്‍ത്തയാണ്. ചൈത്രയെ വിമര്‍ശിക്കുന്നതിനു മുമ്പ് വിമര്‍ശിക്കേണ്ടത് വാര്‍ത്തയെയും അതു വന്ന മാധ്യമത്തെയുമാണെന്നര്‍ത്ഥം.

Previous articleനങ്ങേലിയുടെ കറ
Next articleഭാജപായെ ട്രോളുന്നു, എന്തുകൊണ്ട്?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here