HomeENTERTAINMENTമാമാങ്കം എന്ന...

മാമാങ്കം എന്ന ചാവേര്‍കഥ

-

Reading Time: 22 minutes

മാമാങ്കം ചാവേറുകളുടെ കഥയാണ്. മാമാങ്കം നടത്താനുള്ള അധികാരം തിരിച്ചുപിടിച്ച് വള്ളുവക്കോനാതിരിയുടെ ആഭിജാത്യം വീണ്ടെടുക്കുന്നതിന് സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുന്ന യോദ്ധാക്കളുടെ കഥ. ആ മാമാങ്കത്തിന്റെ കഥ സിനിമയാകുമ്പോള്‍ അതില്‍ വീര്യവും പോരാട്ടവും ത്യാഗവും കണ്ണുനീരുമെല്ലാം ഉണ്ടാവുക സ്വാഭാവികം. മാമാങ്കം എന്ന ബിഗ് ബജറ്റ് സിനിമ ഒരുങ്ങുമ്പോള്‍ ഇതെല്ലാമുണ്ട്, സിനിമയ്ക്ക് പുറത്താണെന്നു മാത്രം. സ്വയമെഴുതിയ കഥ അറംപറ്റിയതു പോലെ സംവിധായകന്‍ സജീവ് പിള്ളയ്ക്ക് ചാവേറാവേണ്ടി വന്നിരിക്കുന്നു. പോരാട്ടവും വീര്യവും ത്യാഗവും കൈമുതലാക്കി അദ്ദേഹം വീഴുമ്പോള്‍ കണ്ണീര്‍ ബാക്കിയാണ്. സാമൂതിരിയുടെ ധാര്‍ഷ്ട്യവുമായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും പരിവാരങ്ങളും മറുഭാഗത്തുണ്ട്.

സജീവ് പിള്ള

1755ലെ അവസാന മാമാങ്കത്തില്‍ സാമൂതിരിയെ കൊല്ലുന്നതിന് തൊട്ടടുത്തെത്തിയ ചന്ത്രത്തില്‍ ചന്തുണ്ണി എന്ന 16കാരന്‍ ചാവേറിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്ന് ചന്തുണ്ണിയുടെ വെട്ട് മുഖ്യ അകമ്പടിക്കാരന്‍ നിലവിളക്കുകൊണ്ട് തടഞ്ഞതിനാലാണ് സാമൂതിരി രക്ഷപ്പെട്ടത് എന്നാണ് കഥ. ഇന്ന് വേണു കുന്നപ്പിള്ളി എന്ന സാമൂതിരിയെ രക്ഷിക്കാനുള്ള അകമ്പടിക്കാരന്റെ റോളില്‍ എം.പത്മകുമാറാണ്. ചന്ത്രത്തില്‍ ചന്തുണ്ണിയുടെ പോരാട്ടവീര്യത്തോടെ സജീവ് പിള്ള നില്‍ക്കുന്നു.

വേണു കുന്നപ്പിള്ളി

പോരാട്ടം മുറുകുകയാണ്. പത്രസമ്മേളനങ്ങളിലാണ് ഉറുമി ചുഴറ്റലിന്റെ മുഴക്കം. സജീവിനെ പുറത്താക്കുന്നതായി അറിയിച്ച് വേണു ആദ്യം കൊച്ചിയില്‍ പത്രസമ്മേളനം നടത്തി. തനിക്കെതിരായി വേണു ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി പറഞ്ഞ് പഴുതടച്ച് തിരുവനന്തപുരത്ത് സജീവിന്റെ പത്രസമ്മേളനം. ഇരുപക്ഷവും പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടണം. വേണുവുന്നയിച്ച ആക്ഷേപങ്ങളും സജീവ് നല്‍കിയ മറുപടികളും ഒരുമിച്ച് പരിശോധിക്കണം. എന്നിട്ട് തീരുമാനത്തിലെത്തണം. അവിടെ നെല്ലും പതിരും തിരിച്ചറിയാം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ മാമാങ്കം സിനിമയെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ കൂടി നടക്കുന്ന അസത്യപ്രചരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനറായ വിവേക് രാമദേവന്‍ വഴിയാണ് 2017 ജനുവരിയില്‍ സിനിമയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി സജീവ് പിള്ള എന്നെ സമീപിക്കുന്നത്. വിവേകിന്റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്താണ് സജീവ് എന്നും സജീവിന്റെ കഥയെക്കുറിച്ചും അറിയുന്നത്.

ഇത്തരമൊരു കഥ പറയേണ്ട പശ്ചാത്തലം നൂറ്റാണ്ടുകള്‍ക്ക് പിന്നിലായതുകൊണ്ടും നിര്‍മ്മാണത്തിന് വലിയ മുടക്കുമുതല്‍ ആവശ്യം വരുമെന്ന് അറിയാവുന്നത് കൊണ്ടും ഒരു തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാന്‍ ആദ്യം മനസ്സ് വന്നില്ലെങ്കിലും, താന്‍ പല മുന്‍നിര സംവിധായകരുടെയും അസോസിയേറ്റ് ആയും ചെറിയ ചില സിനിമകള്‍ സ്വതന്ത്രമായും എടുത്തിട്ടുണ്ടെന്ന സജീവ് പിള്ളയുടെ വാക്കുകളെ വിശ്വസിച്ചു കൊണ്ടും ആത്മവിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുമാണ് ചില വ്യവസ്ഥകളോടെ സിനിമ ആരംഭിക്കാന്‍ തയ്യാറായത്. കഥയുമായി ബന്ധപ്പെട്ട പല ചര്‍ച്ചകള്‍ക്കിടയിലും സജീവ് മുന്‍പ് ചെയ്ത സിനിമകള്‍ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് അദ്ദേഹം ബോധപൂര്‍വം നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്.

മാമാങ്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നു. എന്നോട് പലരും പലതും ചോദിച്ചുവെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇതുവരെ പരസ്യമായി ചര്‍ച്ച ചെയ്തിട്ടില്ല. ധ്രുവന്‍ എന്ന നടനെയും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചവരില്‍പ്പെടുന്ന സാങ്കേതിക വിദഗ്ദ്ധരുടെ വലിയ നിരയെയും പുറത്താക്കിയത് അടക്കമുള്ള വിഷയങ്ങളില്‍ എന്റെ നേര്‍ക്കു വന്ന ചില ചോദ്യങ്ങള്ക്ക് ‘അറിയില്ല’ എന്ന മറുപടി പറഞ്ഞത് ചര്‍ച്ചായവിഷയമായി എന്നത് ശരിയാണ്. ‘അറിയില്ല’ എന്നു പറഞ്ഞത് ശരിക്കും എനിക്ക് ആ കാര്യത്തെപ്പറ്റി അറിവില്ലാത്തതുകൊണ്ട് മാത്രമാണ്.

എന്നാല്‍, എനിക്കെതിരെ നിറയെ ആരോപണങ്ങളുമായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പരസ്യമായി രംഗത്തുവന്നു. ഈ സാഹചര്യത്തില്‍ ഇനിയും എന്റെ ഭാഗം പറയാതിരിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്നുള്ളതിനാലാണ് ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് എന്റെ അഭ്യര്‍ത്ഥന.

മാമാങ്കം ഒരുക്കാന്‍ ഞാനെത്തുന്നത് മലയാള സിനിമയില്‍ ഏകദേശം 2 പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയവുമായാണ്. എന്നും സിനിമാ വിദ്യാര്‍ത്ഥി എന്നു പരിചയപ്പെടുത്താനാണ് ആഗ്രഹം. എന്നാല്‍, ഗുരുതരമായ ആരോപണവുമായി പ്രബലമായ ഒരു ശക്തി കടന്നാക്രമിക്കാന്‍ നില്ക്കുന്നതുകൊണ്ട് പറയട്ടെ, സിനിമയെന്താണെന്നും അതിന്റെ സങ്കേതങ്ങള്‍ എന്താണെന്നും എനിക്കു വ്യക്തമായി അറിയാം. വിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. നിഴല്‍ക്കുത്തില്‍ മുഖ്യസംവിധാന സഹായിയായിയും അദ്ദേഹത്തിന്റെ മറ്റ് 4 ഡോക്യുമെന്ററികളില്‍ (കലാമണ്ഡലം ഗോപി, Dance of An Enchantress, രാമന്‍കുട്ടിനായര്‍, കൂടിയാട്ടം) സംവിധാന സഹായിയായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചു.

അടൂർ ഗോപാലകൃഷ്ണനൊപ്പം സജീവ് പിള്ള

ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പലതും മധ്യകാല കേരളത്തെയും കളരിപാരമ്പര്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെയും ഭാഗമായിരുന്നു. കേരളത്തിലെ പ്രമുഖമായ 4 പുതിയ മ്യൂസിയങ്ങളില്‍ അവ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. സംസ്ഥാന, ദേശിയ ഏജന്‍സികള്‍ക്കു വേണ്ടി ചെയ്തിട്ടുള്ള നിരവധി ഡോക്യുമെന്ററികളും ഉണ്ട്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധര്‍ അവയുടെ ഭാഗമായിരുന്നു. എസ്.കുമാര്‍, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാര്‍, പ്രമോദ് തോമസ്, അരുണ്‍കുമാര്‍ അരവിന്ദ്, ബി.അജീത് കുമാര്‍, കെ.എസ്.സുനില്‍ തുടങ്ങി പലരും എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരാരും എനിക്കു സംവിധാനമറിയില്ല എന്നു പറഞ്ഞതായി അറിവില്ല. കൂടാതെ എന്നിലെ സംവിധായകനില്‍ വിശ്വസിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ നിക്ഷേപത്തില്‍ നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിമിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. മറ്റൊരു സ്‌കെയിലിലും സ്വഭാവത്തിലുമുള്ള ചിത്രമാകയാല്‍, ഈ വലിയ സിനിമ പുറത്ത് വരാതെ അത് പുറത്തിറക്കരുതെന്ന മാമാങ്കം നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അതിന്റെ പൂര്‍ത്തീകരണം താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നെക്കുറിച്ച് ഒന്നും തിരക്കാതെയും അറിയാതെയും ഇത്രയും കുശാഗ്രബുദ്ധിയും നിര്‍ബന്ധങ്ങളുമുള്ള ഒരു നിര്‍മ്മാതാവ് വലിയ ഒരു സിനിമയുടെ സംവിധായകനായി എന്നെ അംഗീകരിക്കുമോ? എന്നിലെ സംവിധായകന്റെ കഴിവ് പല തരത്തില്‍ പല പ്രാവശ്യം കണ്ടും അറിഞ്ഞും പൂര്‍ണ്ണമായും ബോധ്യപ്പെട്ട ശേഷം മാത്രമാണ് മാമാങ്കത്തിന്റെ സംവിധായകനായി എന്നെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നത് എന്നതാണ് വാസ്തവം. ഇപ്പോള്‍ അതെല്ലാം മാറ്റി പറയുന്നു എന്നേയുള്ളൂ. വേണു കുന്നപ്പിള്ളിയുടെ ഇപ്പോഴത്തെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകും. കൃത്യമായ വിലയിരുത്തലിലൂടെ നിരവധി നവാഗതരുടെ പ്രതിഭ തിരിച്ചറിഞ്ഞ്, അവരെ സംവിധായകരായി കൈപിടിച്ചുയര്‍ത്തി മലയാളത്തിനു സമ്മാനിച്ച ഇന്ത്യയിലെ ഏറ്റവും ആദരണീയനായ അഭിനേതാവ് അങ്ങനെയെങ്കില്‍ എന്നെ സംവിധായകനായി നിശ്ചയിച്ച് മാമങ്കത്തിനു ഡേറ്റ് തരുമോ? മാമാങ്കം സിനിമ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്നതല്ല, ഞാന്‍ സംവിധാനം ചെയ്യുന്നതാണ് മമ്മൂക്ക ആദ്യം സമ്മതിച്ചത് എന്നോര്‍ക്കണം. അതിന് എത്രയോ കാലത്തിനു ശേഷമാണ് വേണു ഈ പ്രോജക്ടിലേക്കു വരുന്നത്.

സജീവ് പിള്ള പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുത്തുകൊണ്ട് പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഒരു എഗ്രിമെന്റ് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെന്നു പറഞ്ഞ 2 തിരുത്തലുകള്‍ക്ക് ശേഷം 2017 സെപ്റ്റംബര്‍ 13ന് ഇരു കക്ഷികളും 3 സാക്ഷികള്‍ മുമ്പാകെ മുദ്രപത്രത്തില്‍ ഈ എഗ്രിമെന്റ് ഒപ്പിട്ടു കൈമാറുകയുണ്ടായി. എഗ്രിമെന്റ് പ്രകാരം 3 ലക്ഷം രൂപ സ്‌ക്രിപ്റ്റിന്റെ പ്രതിഫലമായും 20 ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സ്‌ക്രിപ്റ്റിന്റെ 3 മൂന്ന് ലക്ഷം രൂപ അടക്കം വരുന്ന 23 ലക്ഷത്തില്‍ 21,75,000 രൂപയും ഇതുവരെ കൊടുത്തിട്ടുള്ളതാണ്. എഗ്രിമെന്റിലെ മൂന്നാം പേജിലെ D clause പ്രകാരം 3 ലക്ഷം പ്രതിഫലം വാങ്ങി സ്‌ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കണ്‍സപ്റ്റ് എല്ലാ വിധത്തിലുമുള്ള പകര്‍പ്പവകാശവും സംവിധായകന്‍ നിര്‍മ്മാതാവിന് കൊടുത്തിട്ടുള്ളതാണ്.

1999ല്‍ ആണ് ഈ സിനിമയുടെ അടിസ്ഥാനമായ മധ്യകാലകേരളത്തിലെ ഇമേജുകളിലേക്കും അതുമായ ബന്ധപ്പെട്ട ആശയരൂപീകരണത്തിലേക്കും കടക്കുന്നത്. നിരവധി യാത്രകളും അലച്ചിലുകളും ഗവേഷണവുമായി ചെലവഴിച്ച കാലം ഒട്ടും ചെറുതല്ല. 2010ല്‍ ആദ്യ ഡ്രാഫ്റ്റ് രജിസ്റ്റര്‍ ചെയ്തു. ശേഷവും വലിയൊരു ആഖ്യായിക എന്ന നിലയില്‍ അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 2011ഓടെ മമ്മൂട്ടി സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ഭാരിച്ച മുതല്‍മുടക്ക് ഉള്ള ചിത്രത്തിന് മൂലധനം കണ്ടെത്തുക എളുപ്പമായിരുന്നില്ല. 2015 ആയപ്പോഴേക്കും കുറേക്കൂടി നിക്ഷേപ സാദ്ധ്യതകളായി. പല അന്വേഷണങ്ങളും നടക്കുന്നതിനിടയില്‍, 2017ഓടു കൂടി വേണു കുന്നപ്പിള്ളി ഈ പ്രോജക്ടിലേക്കെത്തി. വലിയ ചിത്രങ്ങള്‍ക്കായി മലയാള സിനിമ ഒരുങ്ങുന്ന കാലം കൂടി ആയിരുന്നു അത്.


കര്‍ണ്ണന്റെ സ്‌ക്രിപ്റ്റ് ചര്‍ച്ചാവേളയില്‍ പൃഥ്വിരാജ്, വേണു കുന്നപ്പിള്ളി, ആര്‍.എസ്.വിമല്‍ എന്നിവര്‍. ഇതില്‍ സംവിധായകന്‍ വിമല്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്രൊജക്ടിലുള്ളത്. പൃഥ്വി പിന്മാറി, വേണു പുറത്തായി

വേണു തന്നെ ആദ്യം പ്രഖ്യാപിച്ച വലിയ ചിത്രമായ കര്‍ണ്ണന്‍ സംവിധായകനുമായുണ്ടായ അഭിപ്രായഭിന്നത മൂലം പ്രതിസന്ധിയിലായ ഘട്ടമായിരുന്നു അത്. നിര്‍മ്മാതാവിന്റെ ‘കരാര്‍ തന്ത്രം’ പാളിയതാണെന്ന് ആ പ്രൊജക്ട് പൊളിയാന്‍ കാരണമെന്ന് പിന്നീട് പറഞ്ഞുകേട്ടു. വലിയ മുതല്‍മുടക്കിനായി കഥകള്‍ കേട്ട അദ്ദേഹം കേട്ടതില്‍ എറ്റവും പെര്‍ഫെക്ട് ആയ സ്‌ക്രിപ്റ്റ് എന്നു പരസ്യമായി അറിയിച്ച് പണം മുടക്കാന്‍ തിരഞ്ഞെടുത്തത് മാമാങ്കം എന്ന പ്രോജക്ട് ആയിരുന്നു. ഈ തിരക്കഥയെ അദ്ദേഹം വാനോളം പുകഴ്ത്തുന്ന വീഡിയോ ഇപ്പോഴും ലഭ്യമാണ്. ഈ ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് മമ്മൂക്ക തന്നെ outstanding എന്ന് അഭിപ്രായപ്പെട്ടതും ഈ സമയത്താണ്.

സര്‍വ്വസാധാരണമായ ഒന്നാണെന്നും നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ വെറും ഫോര്‍മാലിറ്റിക്ക് വേണ്ടിയാണെന്നും എന്നെ വിശ്വസിപ്പിച്ചാണ് ഒരു കരാറില്‍ തിരക്ക് പിടിച്ച് ആ സമയത്ത് ഒപ്പിടുവിക്കുന്നത്. ഒരു വശത്ത് സ്‌നേഹപ്രകടനവും മറുവശത്ത് ഒപ്പിടാതെ പണം മുടക്കില്ല എന്ന സമ്മര്‍ദ്ദവും കൊണ്ട് വല്ലാത്ത മാനസികാവസ്ഥയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അദ്ദേഹം അതു സാദ്ധ്യമാക്കിയത്. കരാറിനെക്കുറിച്ചുള്ള ചെറിയ ചോദ്യം പോലും നിര്‍മ്മാതാവിനെ അസ്വസ്ഥനാക്കി. കരാര്‍ വെറും ഫോര്‍മാലിറ്റി എന്നു പറഞ്ഞിട്ടും സംശയങ്ങള്‍ ഉന്നയിക്കുന്നത് അവിശ്വാസം കൊണ്ടാണെന്നാണ് അദ്ദേഹം സ്വരം മാറ്റി സംസാരിക്കുകയും ചെയ്തു. ആ തിടുക്കത്തില്‍ നിയമപരിജ്ഞാനമുള്ള ഒരാളുമായി ചര്‍ച്ച ചെയ്യാന്‍ പോലും പറ്റുന്ന സാഹചര്യമായിരുന്നില്ല. എന്നാല്‍, അപ്പെക്സ് ബോഡിയായ ഫിലിം ചേംബര്‍ ഈ കരാറിനെ അംഗീകരിച്ചില്ല എന്നതാണ് വാസ്തവം. അത്രയധികം ഏകപക്ഷീയമാണ് ഈ കരാര്‍. ചേംബറിന് വേണ്ടി മറ്റൊരു കരാറാണ് വെച്ചത്. അതില്‍ സിനിമയുടെ രചനയിലും സംവിധാനത്തിലുമുള്ള എന്റെ അവകാശം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സാധാരണയായി ഫെഫ്കയും മറ്റ് സംഘടനകളും അംഗീകരിക്കുന്നത് ഫിലിം ചേംബറിലെ വ്യവസ്ഥകള്‍ മാത്രമാണ്. ആദ്യഘട്ടത്തില്‍ ആ നിലപാടില്‍ തന്നെയാണ് ഫെഫ്ക നിന്നതും. കരാറിലെ പല വ്യവസ്ഥകളും അവിശ്വസനീയമാണ്. രണ്ടാം ഷെഡ്യൂളിന് ശേഷം പ്രശ്നങ്ങള്‍ ഏറ്റവും രൂക്ഷമായപ്പോഴാണ്, ഫെഫ്കയുടെ കൂടി നിര്‍ദ്ദേശപ്രകാരം ഒരു വക്കീലിനെ കാണുന്നത്. അപ്പോഴാണ് ഈ കരാറിന്റെ ചതിക്കുഴികളെ കുറിച്ച് ബോധവാനാകുന്നത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നും ഏറ്റവും മികച്ചതിലൊന്നെന്നും മമ്മൂട്ടി വിശേഷിപ്പിച്ച തിരക്കഥ കേവലം 3 ലക്ഷം രൂപയ്ക്കാണ് നിര്‍മ്മാതാവ് കൈവശപ്പെടുത്തി എന്ന് അവകാശപ്പെടുന്നത്. തിരക്കഥയ്ക്കു മാത്രമായി 12 വര്‍ഷത്തെ അദ്ധ്വാനം എന്നുള്ളത് ഒഴിവാക്കിയാല്‍ തന്നെയും ഇതിനായി വേണ്ടിവന്ന യാത്രകള്‍ക്കും മറ്റു ചെലവുകള്‍ക്കും തന്നെ ഇതിന്റെ എത്രയോ ഇരട്ടി ആയിട്ടുണ്ടാകും. ഇത് ഒരു പ്രൊജക്ട് ആയി രൂപപ്പെടുത്താനുള്ള 6 വര്‍ഷത്തെ സമയവും പ്രയത്നവും ചെലവുകളും വേറെയും. അങ്ങനെ പൂര്‍ണ്ണമായി രൂപം കൊണ്ട ഒരു പ്രൊജക്ട് എന്തിന് 3 ലക്ഷം രൂപക്ക് കൊടുക്കണം? ഞാന്‍ തന്നെ സംവീധാനം ചെയ്യുമെന്നും സംവിധാനത്തിനായി 20 ലക്ഷം രൂപയും അതിന്റെ പൂര്‍ത്തീകരണത്തിന് ശേഷം ലാഭവിഹിതം ഉള്‍പ്പെടെ പങ്കിടാമെന്നും സംശയമില്ലാത്ത ഉറപ്പിന്മേവല്‍ മാത്രമാണ് 3 ലക്ഷം രൂപ സമ്മതിക്കുന്നത്. പ്രൊജക്ടിന്റെ വലിപ്പവും അതിനായുള്ള എന്റെ വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനവും കണക്കിലെടുക്കുമ്പോള്‍ ഇന്‍ഡസ്ട്രി വഴക്കമനുസരിച്ചു പോലും 20 ലക്ഷവും 3 ലക്ഷവും തുച്ഛമായ തുകയാണ്. അല്ലാതെ, 3 ലക്ഷം രൂപ സമ്മതിച്ചതോടുകൂടി സ്‌ക്രിപ്റ്റും പ്രോജക്ടും തന്റേതായി എന്ന് നിര്‍മ്മാതാവ് വാദിക്കുന്നത് എത് യുക്തിയിലാണ്?

സംവിധായകന്റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബോധ്യം വന്നതിനാല്‍ 10 ദിവസം മാത്രമുള്ള ഒരു ടെസ്റ്റ് ഷെഡ്യൂള്‍ ആയാണ് ഒരു നിശ്ചിത ബജറ്റില്‍ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പ്ലാന്‍ ചെയ്തത്. എന്നാല്‍ പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചെലവായി. സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റുന്നവണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളിറ്റിയെ കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എന്നാല്‍ ഷൂട്ടിന്റെ ഇടയില്‍ തന്നെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും സംവിധായകന്റെ പരിചയക്കുറവ് ചര്‍ച്ചയായിരുന്നു. ഏതാണ്ട് 4 സിനിമയ്ക്കുള്ള ഫുട്ടേജ് ആണ് വളരെ ചെറിയ ഷെഡ്യൂളില്‍ ആത്മവിശ്വാസക്കുറവ് കാരണം ഈ സംവിധായകന്‍ എടുത്ത് കൂട്ടിയത്.

ഇതിനെത്തുടര്‍ന്ന് സംവിധായകന്‍ സജീവ് പിള്ള തന്റെ കുറവുകള്‍ ഏറ്റുപറയുകയും പരിചയസമ്പത്തുള്ള 2 അസോസിയേറ്റ് ഡയറക്ടര്‍മാരെ ആവശ്യപ്പെടുകയും ചെയ്തു. തെറ്റ് തിരുത്തി മുന്നോട്ടു പോകാമെന്നുള്ള സജീവിന്റെ ഉറപ്പിലാണ് ആവശ്യപ്പെട്ട പരിചയ സമ്പന്നരായ 2 അസോസിയേറ്റ്‌സിനെ ഉള്‍പ്പെടുത്തി രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ആരംഭിച്ചത്.

സൂക്ഷ്മമായ മുന്നൊരുക്കത്തോടെയാണ് ആദ്യ ഷെഡ്യൂളിലേക്ക് പോകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയവ എന്നു വിലയിരുത്തപ്പെടുന്ന സിനമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടെക്‌നീഷ്യന്‍മാരായിരുന്നു കൂടെയുള്ളത്. മലയാള സിനിമയിലെ പരിചയ സമ്പന്നരായ സംവിധാന സഹായികളുടെ ഒരു നിര ഒപ്പം ഉണ്ടായിരുന്നു. 15 ദിവസങ്ങള്‍ വേണ്ടിയിരുന്ന ആദ്യ ഷെഡ്യൂള്‍ നിര്‍മ്മാതാവിന്റെ നിര്‍ബന്ധപ്രകാരം 9 ദിവസങ്ങളായി വെട്ടിക്കുറച്ചപ്പോള്‍ ടീമിനാകെ രാപകല്‍ അമിതാദ്ധ്വാനം ചെയ്യേണ്ടി വന്നു. ആ 9 ദിവസത്തില്‍ 3 ആക്ഷന്‍ രംഗങ്ങളും സുദീര്‍ഘമായ രാത്രി സീക്വന്‍സുകളും ഉള്‍പ്പെടുന്നു. സാധാരണഗതിയില്‍ 3 ഫൈറ്റുകള്‍ക്ക് എത്ര ദിവസം വേണ്ടി വരും?

പറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടും എന്തുകൊണ്ടാണ് ബജറ്റ് ഉയര്‍ന്നത്? സാധാരണ സിനിമയിലെ പ്രൊഡക്ഷന്‍ സംവിധാനത്തിനുപരിയായി പ്രവര്‍ത്തിച്ച നിര്‍മ്മാതാവിന്റെ പ്രായോഗിക പരിചയമില്ലാത്ത ടീമിന്റെ കൈകടത്തലുകളും അനുഭവക്കുറവും ആയിരുന്നു ബജറ്റ് ഉയര്‍ത്തിയത്. ഇത്രയും വലിയ ഒരു പ്രൊജക്ടിന് ആവശ്യമായ പ്രൊഡക്ഷന്‍ പ്ലാനിങ്ങും മുന്‍കരുതലുകളും എടുക്കേണ്ടതായിരുന്നില്ലേ? ഷൂട്ടിന്റെ തലേ ദിവസമാണ് നിര്‍മ്മാതാവിന്റെ തന്നെ സ്വന്തം പ്രൊഡക്ഷന്‍ എക്‌സ്പര്‍ട്ടിനെയും ടീമിനെയും മാറ്റുന്നത്. നിര്‍മ്മാണത്തില്‍ ഏകോപനവും അച്ചടക്കവും ഇല്ലാതെ, സംവിധായകന്റെ തലയില്‍ ഉത്തരവാദിത്വം വെച്ചുകെട്ടുന്നതില്‍ എന്താണ് അര്‍ത്ഥം? 3 കോടിയുടെ മൂന്നിലൊന്ന് എന്ന് പറഞ്ഞാല്‍ 1 കോടിയല്ലേ? ഈ 1 കോടിയിലാണോ കെച്ചയുടേയും ടീമിന്റേയും കളരിക്കാരുടേയും ഫൈറ്റ് മാസ്റ്റേഴ്സിന്റെയും ഒപ്പം സെറ്റിന്റേയും ഒക്കെ ചെലവുകള്‍ കൂട്ടിയിരുന്നത്? സെറ്റിന്റെ തന്നെ ബജറ്റ് എത്രയായിരുന്നു? കൂടാതെ 9 ദിവസത്തെ ഷൂട്ടിങ് കോസ്റ്റും 4 ദിവസത്തെ റിഹേഴ്സലിന്റെ ചെലവുകളും?

ടീം മാമാങ്കം മംഗലാപുരത്തെ ഒന്നാം ഷെഡ്യൂളിനിടെ. സംവിധായകൻ സജീവ് പിള്ളയടക്കം ഈ ടീമിലെ ഒട്ടേറെ പ്രമുഖർ ഇപ്പോൾ പുറത്തായിരിക്കുന്നു

നിര്‍മ്മാതാവിന്റെ ആജ്ഞാനുവര്‍ത്തിയായി നില്ക്കാത്തതിനാലാണ് ആദ്യ ഷെഡ്യൂളിലെ അസോസിയേറ്റ് ഡയറക്ടര്‍മാരുള്‍പ്പെടെ എന്റെ ടീമിലെ 8 പേരെ ഒഴിവാക്കിയത്. മലയാള സിനിമയിലെ തന്നെ അസാധാരണ നടപടിക്കെതിരെ, പരാതിയുമായി പോയ അവരെ ഫെഫ്ക നേതൃത്വം സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി എന്നാണ് എന്റെ അറിവ്. പകരം നിര്‍മ്മാതാവിനോട് മാത്രം ആശയവിനിമയം നടത്താന്‍ ചട്ടം കെട്ടിയ 2 അസോസിയേറ്റുകള്‍ കേരളത്തിന് പുറത്ത് നിന്ന് എത്തുകയായിരുന്നു.

10 ദിവസം കൊണ്ട് 4 സിനിമയ്ക്കുള്ള, അതും ചരിത്ര സിനിമയ്ക്കുള്ള ഫുട്ടേജ് ഉണ്ടാക്കുക എന്നത് അമാനുഷിക കഴിവ് ഉള്ളവര്‍ക്കേ പറ്റൂ. സോഴ്സ് ലൈറ്റിങ് ആണ് ഉപയോഗിക്കുന്നത്. ഒരു ഷോട്ട് കഴിഞ്ഞ് മറ്റൊന്നിലേക്ക് ലൈറ്റ് അപ് ചെയ്യാന്‍ തന്നെ നല്ല സമയമെടുക്കും. എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. ആദ്യ ഷെഡ്യൂളിന്റെ അസംബിള്‍ഡ് ഫുട്ടേജ് 30 മിനിറ്റോളം ആണുള്ളത്. റഫ് കട്ടില്‍ അത് 18 മിനിറ്റാണ്. അതെങ്ങനെയാണ് 4 സിനിമയ്ക്കുള്ള ഫുട്ടേജാകുന്നത്? നിശ്ചിത സമയത്തിനുള്ളില്‍ ഒന്നാ ംതരം സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് കൂടുതല്‍ ഫൂട്ടേജ് ഉണ്ടാക്കുന്നത് എങ്ങനെയാണ് പരാജയം ആകുന്നത്? അല്ലെങ്കില്‍ പോരായ്മ ആകുന്നത്?

45 ദിവസം പ്ലാന്‍ ചെയ്ത സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചതിനു ശേഷം മുന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പുതിയ 2 അസോസിയേറ്റ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തുവാനോ മുതിര്‍ന്ന അഭിനേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പോലും ചെവിക്കൊള്ളാതെ കര്‍ക്കശ സ്വഭാവം കാണിക്കുകയും ചെയ്തു. ആദ്യ ഷെഡ്യൂള്‍ പോലെ തന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇരുപത്തിയേഴാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ചു.

സിനിമയുടെ ബജറ്റ് നിജപ്പെടുത്തിയിരിക്കുന്നത് എഗ്രിമെന്റ് clause: 1-1.2. കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ സിനിമയുടെ ആകെ ചെയ്ത 37 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ബജറ്റ് തുകയുടെ 70 ശതമാനത്തോളം ചെലവാകുകയും ഡാന്‍സ് -ഫൈറ്റ് മാസ്‌റ്റേഴ്‌സ് ചെയ്ത 2 ഡാന്‍സുകളും 1 ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇക്കാര്യം മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും കണ്ട് ബോധ്യപ്പെട്ടതാണ്.

45 ദിവസമായിരുന്നു രണ്ടാം ഷെഡ്യൂള്‍ എന്നത് വാസ്തവവിരുദ്ധമാണ്. സിനിമയ്ക്കുള്ളിലെ ഒരു പ്രധാന ലൊക്കേഷനും അനുബന്ധ പരിസരവുമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. 30 ദിവസം പ്ലാന്‍ ചെയ്തിരുന്ന ഷൂട്ടില്‍ മഴ കാരണം 4 ദിവസത്തെ ഔട്ട്ഡോര്‍ ഷൂട്ട് മാറ്റിവച്ചത് ഒഴിച്ചാല്‍ പ്രധാന ലൊക്കേഷനിലെ ഷൂട്ട് 26 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയായിരുന്നു. അവിടെ ഷൂട്ട് ചെയ്യേണ്ട എന്ന് കരുതിയ ചില സീനുകള്‍ അധികമായി അവിടെ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ തികച്ചും അമച്വറിഷ് ആയ ഒരു പ്രൊഡക്ഷന്‍ ടീം നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയും എന്നെ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. വേണ്ടത്ര ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയോ സിനിമയ്ക്ക് ആവശ്യമായ മറ്റ് അനുബന്ധ സൗകര്യങ്ങളോ നല്‍കാതെ വലിയ സെറ്റ് മാത്രമായി ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമായി പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ തന്നെ ഉണ്ടായി. ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടായി. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉടലെടുത്തു. എങ്കിലും ഒരു വിധേന ഷൂട്ടിങ് പൂര്‍ത്തിയാക്കി.

സജീവ് പിള്ള മോഹൻലാലിനൊപ്പം പരസ്യ ചിത്രീകരണത്തിനിടെ

ക്രിയേറ്റീവ് ആയ കാര്യങ്ങളിലുള്ള സംവിധായകന്റെ നിലപാടുകളാണ് അഹങ്കാരമായി പറഞ്ഞു നടക്കുന്നത്. ക്രിയേറ്റീവ് ആയ വിയോജിപ്പുകള്‍ സ്വാഭാവികമാണ്. അത് സമഞ്ജസമായി പരിഹരിച്ചാണ് സര്‍ഗ്ഗപ്രക്രിയ മുന്നോട്ടുപോകുന്നത്. അതാണ് അമിതാദ്ധ്വാനമുണ്ടായിട്ടും പരാതികളില്ലാതെ അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ഒപ്പം നിന്ന് ഊഷ്മളതയോടെ മുന്നോട്ട് പോയത്. മമ്മൂക്കയുടെ ആത്മസമര്‍പ്പണം ഇതില്‍ എടുത്ത് പറയേണ്ടതാണ്. പല ദിവസങ്ങളിലും അതിരാവിലെ മണിക്കൂറുകളോളം യാത്ര ചെയ്ത് 5 മണി കഴിയുമ്പോഴേക്കും ലോക്കേഷനില്‍ എത്തുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയതാണ്. അതുപോലെ രാത്രി ഏറെ വൈകി 3 വരെയും ഷൂട്ടിന് നിന്നിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ ഒറിജിനല്‍ ആയുധങ്ങള്‍ ഉപയോഗിച്ചു പരിക്ക് പറ്റിയിട്ടും വിശ്രമിക്കാന്‍ പോലും നില്ക്കാതെ അഭിനയം തുടര്‍ന്നുതും എല്ലാവരേയും ആവേശത്തിലാക്കിയിട്ടുണ്ട്. മമ്മൂക്കയുടെ career best performance എന്ന് ഫൂട്ടേജ് കണ്ട പലരും വിലയിരുത്തി. ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം മമ്മൂക്ക തന്ന പിന്തുണയും വാക്കുകളും സന്ദേശങ്ങളും എനിക്ക് ശിഷ്ടകാലത്തേക്കു കൂടിയുള്ള ഊര്‍ജ്ജമാണ്.

ഒന്നാം ഷെഡ്യൂളിന് ശേഷമാണ് സ്‌ക്രിപ്റ്റ് മാറ്റണമെന്ന ആവശ്യം വില്ലനായി വരുന്നത്. ക്ലൈമാക്സ് മാറ്റണമെന്നും വലിയ സ്‌കെയിലിലുള്ള പല സീനുകളും മാറ്റണമെന്നതും ആയിരുന്നു നിര്‍മ്മാതാവിന്റെ നിര്‍ബന്ധം. ഇത്രയേറെ പ്രശംസിക്കപ്പെട്ട സ്‌ക്രിപ്റ്റില്‍ തോന്നുമ്പോലെ കൈകടത്താന്‍ പറ്റില്ലെന്ന നിലപാടില്‍ ഞാനും ഉറച്ചുനിന്നു. നിര്‍മ്മാതാവ് പറഞ്ഞ പ്രകാരമുള്ള സീനുകള്‍ ഉള്‍പ്പെടുത്തിയാല്‍ സര്‍വ്വസാധാരണമായ, നിരന്തരം കണ്ടുമടുത്ത യുക്തിക്ക് നിരക്കാത്ത ഒരു സിനിമയായി മാറും. കൂടാതെ ഹൈന്ദവവത്കരണം എന്ന ആക്ഷേപവും കേള്‍ക്കുമെന്നും അത് ദോഷമാവുമെന്നും ഞാന്‍ പറഞ്ഞു. താന്‍ പറയുന്നത് പോലെ തന്നെ എല്ലാം വേണം എന്നായിരുന്നു നിര്‍മ്മാതാവിന്റെ നിലപാട്. നല്ല സിനിമ എന്നതില്‍ നിന്നും തെലുങ്ക് സിനിമ എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി.

മാമാങ്കം രണ്ടാം ഷെഡ്യൂളിന് എറണാകുളത്ത് വേണു കുന്നപ്പിള്ളി തുടക്കം കുറിച്ചപ്പോൾ

രണ്ടാം ഷെഡ്യൂളിന് ശേഷമുണ്ടായ 72 മിനിട്ട് റഫ് കട്ടില്‍ നിന്ന് 60 മിനിറ്റെങ്കിലും ഉപയോഗിക്കണമെന്നും ബാക്കി വരുന്ന ഒന്നര മണിക്കൂര്‍ സ്‌ക്രിപ്റ്റില്‍ എന്തൊക്കെ വേണമെന്നതുമായി നിര്‍മ്മാതാവിന്റെ തര്‍ക്കം. വിശ്വചരിത്രത്തിന്റെ സംഭവബഹുലമായ പശ്ചാത്തലത്തില്‍ നമ്മുടെ സ്വന്തം നാടിന്റെ സവിശേഷമായ കഥയാണ് എന്റെ മനസ്സില്‍ ഈ സിനിമ. അതും പാശ്ചാത്യ വ്യാപാര കമ്പനികള്‍ കൊളോണിയല്‍ ശക്തികളായി ലോകം കൈക്കലാക്കാന്‍ തുടങ്ങുന്ന സമയത്തെ ഒരു വലിയ കഥ. ലോകം തന്നെ ഒരു സംക്രമദിശയിലായ കാലം. അല്ലാതെ കേവലമൊരു ഹൈന്ദവ രാജചരിത്രം അല്ല. അതുകൊണ്ട് തന്നെ കഥാഗതിയിലും കഥാപാത്രങ്ങളിലും വരുത്താന്‍ നിര്‍ദ്ദേശിച്ച മാറ്റം ഞാന്‍ നിരാകരിച്ചു. എന്നാല്‍ ദൈര്‍ഘ്യം വളരെയേറെ കുറയ്ക്കുകയും മൂന്നേകാല്‍ മണിക്കൂര്‍ എന്ന സങ്കല്പത്തില്‍ നിന്ന് രണ്ടര മണിക്കൂറായി ഞാന്‍ തന്നെ ചുരുക്കുകയും ചെയ്തു. ഇതിനെത്തുടര്ന്ന്, പ്രമുഖ താരത്തിന്റെ മുന്നില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം നിര്‍മ്മാതാവിനെ വല്ലാതെ ക്ഷുഭിതനാക്കി. അന്ന് മുതല്‍ അദ്ദേഹം പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു അത് സംഭവിച്ചത്. അപ്പോഴാണ് പ്രൊജക്ട് അദ്ദേഹത്തിന്റേതാണ്, എന്റേതല്ല എന്നും നോക്കിക്കോളൂ എന്നും പറയുന്നത്. അത് ഈ നിലയിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയതല്ല.

ഇത് കേരളത്തിന്റെ മണ്ണില്‍ നില്ക്കുന്ന സിനിമയാണെങ്കിലും ആന്ധ്രാ പ്രദേശില്‍ നിന്ന് വന്ന എഴുത്തുകാരന്റെ നേതൃത്വത്തില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ തിരക്കഥ മാറ്റി മറിച്ചു. കഥാഗതിയെ കുഴിച്ചുമൂടുന്നതും പാത്രബന്ധങ്ങളെ കൊന്നുതള്ളുന്നതും ഒക്കെ ഞാനറിഞ്ഞു. തിരക്കഥയ്ക്ക് ഒരു വലിയ ആഖ്യായിക അടിത്തറ ആയി കിടന്നതു കൊണ്ട് എനിക്ക് നീട്ടലും കുറുക്കലും ഒക്കെ അനായാസമായിരുന്നു. എന്നിട്ടും, ചര്‍ച്ചകളിലേക്ക് പോലും എന്നെ പ്രവേശിപ്പിച്ചില്ല. ഒക്കെയും സാധൂകരിക്കുന്നതിന്, വളരെ ശേഷം, സിനിമാ സംഘടനകളുടെ ഒത്താശയോടെ മലയാളത്തിലെ ചില തിരക്കഥാകൃത്തുകളെ ഇടപെടുത്തിയതായും ഞാന്‍ അറിഞ്ഞു. എന്താണ് ഇപ്പോഴത്തെ തിരക്കഥ എന്ന് എന്നെ ഇപ്പോഴും അറിയിച്ചിട്ടില്ല. അതിന് തയ്യാറല്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

സജീവ് പിള്ളയും മോഹൻലാലും പരസ്യ ചിത്രീകരണത്തിനിടെ

ഉപയോഗിക്കാന്‍ ആവാത്തവിധം മോശമാണ് ഫുട്ടേജ് എന്ന് എഡിറ്റര്‍ പറഞ്ഞുവെന്നാണ് പ്രചരിപ്പിക്കുന്നത്. അദ്ദേഹം അങ്ങനെ പറഞ്ഞില്ലായെന്ന് മാത്രവുമല്ല, സംവിധായകനെ വരുതിക്ക് നിറുത്താന്‍ ശ്രീകര്‍ പ്രസാദ് സാറിന്റെ പേര് ഉപയോഗിച്ചുവെന്നത് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ക്ഷമാപണത്തോടെ അദ്ദേഹത്തോട് സമ്മതിച്ചത് എനിക്ക് അറിവുള്ളതാണ്. എന്ന് മാത്രവുമല്ല, ഈ ഡയറക്ടറെ മാറ്റുകയാണെങ്കില്‍ ഈ പ്രൊജക്ടില്‍ ഉണ്ടാവില്ലായെന്ന് അദ്ദേഹം തന്നെ പ്രൊഡക്ഷനെയും സഹപ്രവര്‍ത്തകരെയും പല പ്രാവശ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നല്ല സിനിമ എന്ന നിലയില്‍ തുടങ്ങി തെലുങ്ക് സിനിമയുടെ ശൈലി എന്നൊക്കെ പറഞ്ഞതും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കി.

ഒരു non-linear ആയ ഹിസ്റ്റോറിക്കല്‍ ത്രില്ലറിന്റെ ചില ഭാഗങ്ങളാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. അതും വളരെ VFX oriented ആണ്. നിങ്ങള്‍ ഏതെങ്കിലും സിനിമയുടെ മേക്കിങ്ങ് വീഡിയോ കാണുകയാണെങ്കില്‍, അറിയാം ബ്ലൂ സ്‌ക്രീനില്‍ ഷൂട്ട് ചെയ്ത സിനിമയും അതിന്റെ ഫൈനല്‍ വേര്‍ഷനും അജഗജാന്തരമാണ്. സംവിധായകന്റെ അറിവോ സമ്മതമോ ഇല്ലാതെ, അതിന്റെ അവസാന രൂപത്തെ കുറിച്ച്, ഘടനയെ കുറിച്ച് വിവരിക്കാതെ ആരെയെങ്കിലുമൊക്കെ വിളിച്ച് കാണിച്ച് ‘അയ്യേ എത്ര മോശം’ എന്ന് പറയിപ്പിക്കുന്നത് ദുഷ്‌കരമാകണമെന്നില്ല. ആദ്യ ഷെഡ്യൂളാകട്ടെ ഓരോ ഫ്രെയിമും പലതരം, പ്രത്യേകിച്ചും set extension പോലെയുള്ള, VFX ഒരുപാടുള്ളതാണ്. ഞാന്‍ ഒറ്റയ്ക്കല്ല ഷൂട്ട് ചെയ്യുന്നത്. ക്യാമറാമാന്‍ ഗണേഷ് രാജവേലുവും മമ്മൂട്ടിയടക്കമുള്ള അഭിനേതാക്കളും ഒക്കെ ഉണ്ട്. കൂടാതെ മുഴുവന്‍സമയ VFX സൂപ്പര്‍വൈസര്‍ കമലാ കണ്ണനും ഉണ്ട്. കലാസംവിധായകന്‍ സുനില്‍ ബാബുവും കോസ്റ്റ്യൂം ഡിസൈനര്‍ അനുവര്‍ദ്ധനുമുണ്ട്. തന്റെ ജീവിതത്തിലെ നാഴികക്കല്ലാകുന്ന ഏറ്റവും പ്രധാന വര്‍ക്കെന്നാണ് ക്യാമറാമാന്‍ ആവര്‍ത്തിച്ചത്, ആവര്‍ത്തിക്കുന്നത്. അത് പോലെ തന്നെ അഭിമാനത്തോടെയാണ് കലാസംവിധായകനും മറ്റ് ടെക്നീഷ്യന്മാരും പറഞ്ഞത്. നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശത്തോടെ, കൂടിയാലോചനയിലൂടെ ആണ് എല്ലാവരെയും ഉറപ്പിച്ചത്. വമ്പന്‍ കച്ചവട സിനിമകള്‍ ചെയ്തിട്ടുള്ളവരാണ് എല്ലാവരും. അപ്പോള്‍ ഇത്രയും പേര്‍ ഒരുമിച്ച് നിന്ന് ആവേശത്തോടെ അങ്ങേയറ്റം കൊള്ളാത്ത ഫുട്ടേജ് ഉണ്ടാക്കി എന്നത് യുക്തിക്ക് നിരക്കുന്നതാണോ? മമ്മൂട്ടി ഇതിന് സമ്മതിക്കുമോ?

ഈ ഫൂട്ടേജ് അതിന്റെ സമസ്ത ഘടകങ്ങളിലും പരാജയമോണോ? അതോ ഏതെങ്കിലും ഒരു ഘടകം മാത്രമാണോ? അങ്ങനെയെങ്കില്‍ അത് തിരിച്ചറിഞ്ഞ് അത് ശരിയാക്കുകയല്ലേ വേണ്ടത്? മറിച്ച് ഞങ്ങള്‍ സാങ്കേതികപ്രവര്‍ത്തകര്‍ എല്ലാവരേയും മാറ്റിയിട്ടുണ്ട്. ധ്രുവനൊഴികെ ഒട്ടുമിക്ക അഭിനേതാക്കളേയും നിലനിര്‍ത്തിയിട്ടുമുണ്ട്. അപ്പോള്‍ എവിടെയാണ് പ്രശ്നം? ഇന്ത്യയിലെ ഏറ്റവും മികച്ച ചില ടെക്നീഷ്യന്മാരെ ഞാന്‍ ഈ ഫൂട്ടേജ് കാണിച്ചിട്ടുണ്ട്. ഒരാള്‍ ലോകപ്രശസ്തനുമാണ്. ഫെഫ്കയുടെ നേതൃനിരയിലെ ചിലരും കണ്ടിട്ടുണ്ട്. എല്ലാവരും എന്നോട് വളരെ പ്രശംസനീയമെന്നാണ് പറഞ്ഞത്.

പുറത്ത് സിനിമ ആവശ്യപ്പെടുന്ന ബജറ്റ് എന്ന് പറയുകയും ചേംബറില്‍ കൊടുത്ത സാക്ഷ്യപത്രത്തില്‍ 29 കോടിയില്‍പരം എന്ന് കാണിക്കുകയും ഞാനുമായുള്ള കരാറില്‍ 18 കോടി എന്ന് വെയ്ക്കുകയും ചെയ്തു. മാധ്യമങ്ങളോട് 45, 40, 35 എന്നിങ്ങനെ പലപ്പോഴായി പല കണക്കുകള്‍ പറഞ്ഞു. നിര്‍മ്മാതാവ് ഇപ്പോള്‍ അവകാശപ്പെടുന്നത് ബജറ്റിന്റെ 70 ശതമാനം ഇതിനകം കഴിഞ്ഞു എന്നതാണ്. അത് 13 കോടിയാണെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ഈ പടത്തിന്റെ യതാര്‍ത്ഥ ബജറ്റെത്രയാണ്? എല്ലാ ചര്‍ച്ചകളും കണക്കുക്കൂട്ടലുകളും മാര്‍ജിനില്ലാതെ 30 കോടി എന്ന രീതിയിലാണ് പോയിട്ടുള്ളത്. അതാണ് എന്നെ ബോധ്യപ്പെടുത്തിയിട്ടുള്ളതും. ഇപ്പോള്‍ 35 ശതമാനം പൂര്‍ത്തിയായ ഈ പദ്ധതിയില്‍ 10 കോടിയിലേറെ സിനിമയ്ക്കായി ചെലവഴിച്ചിട്ടുണ്ടാകാം. അതെങ്ങനെയാണ് ബജറ്റിന് മുകളിലേക്ക് പോകുന്നത്?

സജീവ് പിള്ളയ്ക്കൊപ്പം ക്യാമറാമാൻ എസ്.കുമാർ

ഈ സിനിമ മുന്നോട്ടു കൊണ്ടുപോകാനായി മുതിര്‍ന്ന അഭിനേതാവിന്റെ മധ്യസ്ഥതയില്‍ പ്രധാനപ്പെട്ട എല്ലാവരും ചേര്‍ന്ന് ഒരു മീറ്റിങ് നടത്തുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെ വെച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു പിരിയുകയും ചെയ്തു. എന്നാല്‍ ഡയറക്ടര്‍ ഏകപക്ഷീയമായി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞു. ഇതിനു ശേഷം ഒന്നും സംഭവിച്ചതായി ഭാവിക്കാതെ, പിന്നീട് കോടതിയില്‍ ഉപയോഗിക്കാനാണെന്ന് വ്യക്തമാകുന്ന വിധത്തില്‍ ജൂലൈ 13, ഒക്ടോബര്‍ 7 എന്നീ ദിവസങ്ങളില്‍ ഞാന്‍ ഭംഗിയായി ഷൂട്ട് ചെയ്‌തെന്നും ഇനിയെന്നാണ് അടുത്ത ഷൂട്ടിങ് എന്നെല്ലാം ചോദിച്ചു കൊണ്ട് ഡയറക്ടര്‍ ഇ-മെയില്‍ സന്ദേശം അയച്ചു. ഇതില്‍ നിന്ന് ഇദ്ദേഹവുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ 2017 സെബ്പ്റ്റംബര്‍ 13ലെ എഗ്രിമെന്റിലെ clause 7-2.5 അനുസരിച്ച് 2018 ഒക്ടോബര്‍ 10ന് ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഫെഫ്ക പ്രതിനിധികളുമായി നിര്‍മ്മാതാവ് മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍, അതിന്‍ പ്രകാരം ഉരുത്തിരിഞ്ഞ നിലപാടുകള്‍ അംഗീകരിക്കാന്‍ നിര്‍മ്മാതാവ് തയാറായില്ല. എന്ന് മാത്രവുമല്ല, നിയമനടപടികളുമായി പോവുകയും ചെയ്തു. അതിന് ശേഷം ഞാന്‍ വീണ്ടും അദ്ദേഹത്തോട് താഴ്മയായി ഏതുവിധേനയും ഇത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു ദിര്‍ഘമായ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പുതിയ എഗ്രിമെന്റ് ഒപ്പിടണമെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാന്‍ അതിന് തയാറായി വക്കീലാഫീസില്‍ പോയപ്പോള്‍ എന്നോട് പറഞ്ഞതിന് കടകവിരുദ്ധമായ വ്യവസ്ഥകള്‍ ആയിരുന്നു ഒക്കെയും. കൂടാതെ ഭീഷണിയും. എനിക്ക് അത് ഒപ്പിടാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മുഖ്യനടന്‍ ഇടപെടുന്നത്.

സ്‌ക്രിപ്റ്റിനെ പൊളിച്ചടുക്കാതെ ഷൂട്ടിങ്ങുമായി മുന്നോട്ട് പോകില്ലെന്നായി നിര്‍മ്മാതാവ്. ഒപ്പം പൂര്‍ണ്ണമായും വരുതിക്ക് നിന്ന് പ്രവൃത്തിക്കണമെന്ന നിര്‍ബന്ധവും. തുടര്‍ന്ന് പ്രധാന നടന്റെ വീട്ടില്‍ വച്ച് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. നിലവിലുള്ള, അന്യനാട്ടുകാരായ അസോസിയേറ്റുകളെ ഒഴിവാക്കണമെന്നും മലയാളം ഇന്‍ഡസ്ട്രിയില്‍ തഴക്കമുള്ള അസോസിയേറ്റുകളെ വെയ്ക്കണമെന്നുമുള്ള നിര്‍ദ്ദേശം ഉണ്ടായി. ഒരു സിനിമ ചെയ്ത ഒരാളിനെ പോലും അസോസിയേറ്റ് ആയി വെയ്ക്കേണ്ട എന്നായിരുന്നു മമ്മൂക്കയുടെ നിലപാട്. നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശമനിസരിച്ച് ഞാന്‍ ചില സീനുകള്‍ അധികമായി തിരക്കഥയില്‍ ഉള്‍പ്പെടുത്തിക കൂടി ചെയ്തു.

എന്നാല്‍ നിര്‍മ്മാതാവ് വഴങ്ങിയില്ല. എന്നിട്ടും ഇരുപത്തഞ്ചും മുപ്പതും കോടിയൊക്കെ പോയാലും സജീവിനെ തീര്‍ക്കും എന്ന് നിര്‍മ്മാതാവ് പറയുന്നത് ഉത്തരവാദപ്പെട്ട പലരും എന്നോട് പറയുകയും ചെയ്തു. സംവിധായകനെ നിയന്ത്രിക്കാന്‍ സീനിയറായ ഒരാളെ കൊണ്ടുവരണമെന്ന് ശാഠ്യം പിടിച്ചു. ആദ്യത്തെ സിനിമയിലെ പരാജയം ഇവിടെ തീര്‍ക്കണം എന്നുള്ളതായിരുന്നു. എനിക്ക് ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചു. അങ്ങനെ മുഖ്യനടന്റെ വീട്ടില്‍ വച്ച് ഉണ്ടായ ധാരണയും പാലിക്കപ്പെട്ടില്ല. അധികം വൈകാതെ നിര്‍മ്മാതാവ് രണ്ടാം ഷെഡ്യൂളില്‍ അദ്ദേഹം കൊണ്ടുവന്ന, തെലുങ്ക് സിനിമാ പശ്ചാത്തലമുള്ള അസോസിയേറ്റിനെ വെച്ച് ഒരു ഷൂട്ട് പ്ലാന്‍ ചെയ്ത് മുന്നോട്ട് പോയി. ഫെഫ്കയുടേയും മുഖ്യനടന്റെയും ഇടപെടല്‍ മൂലം അത് നടന്നില്ല. മമ്മൂക്കയൂടെ പേര് ഈ വിഷയത്തിലേക്ക് നിര്‍മ്മാതാവ് പത്രസമ്മേളനം നടത്തി വലിച്ചിഴച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ഞാന്‍ പ്രതികരിച്ചത്.

2018 ഒക്ടോബര്‍ 10ന് ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചുവെങ്കിലും 2018 നവംബര്‍ 12ന് ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്നൊരു മീറ്റിങ് സംഘടിപ്പിച്ചു. അതില്‍ ഡയറക്ടറും പ്രൊഡ്യൂസറും കൂടാതെ 10 യൂണിയന്‍ പ്രതിനിധികളും ഉണ്ടായിരുന്നു. പ്രസ്തുത മീറ്റിങ്ങില്‍ വിഷയം എങ്ങനെ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന അസോസിയേഷനുകളുടെ ചോദ്യത്തിന് ഞാന്‍ ചില ഓപ്ഷന്‍സ് പറയുകയുണ്ടായി.

സജീവ് പിള്ള മറ്റേതെങ്കിലുമൊരു നിര്‍മാതാവുമായി വന്നാല്‍ ചിലവായ തുകയ്ക്ക് പകരമായി ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം മുഴുവന്‍ അവകാശങ്ങളും ഇതുവരെ ഷൂട്ട് ചെയ്ത ഫുട്ടേജും കൊടുക്കാന്‍ തയ്യാറാണ് എന്നതായിരുന്നു. ഈ സംവിധായകനെ വെച്ചു കൂടുതല്‍ നഷ്ടം വരുത്താന്‍ ഇനിയും കഴിയാത്തതിനാല്‍ സിനിമ ഇവിടെ വച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതനാവുകയാണ്. 2017 സെപ്റ്റംബര്‍ 13ന് ഒപ്പുവച്ച എഗ്രിമെന്റ് പ്രകാരം സംവിധായകനെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം നിര്‍മാതാവിന് ഉണ്ടായിരിക്കും.

എന്നാല്‍ മറ്റൊരു നിര്‍മാതാവിനെ കൊണ്ടുവരാന്‍ തനിക്കാവില്ലെന്ന് സജീവ് പിള്ള തുറന്നു സമ്മതിച്ചു. ഇത്രയധികം ചെലവ് ചെയ്ത ശേഷം സിനിമ നിര്‍ത്തി പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും, എന്നാല്‍ സംവിധായകനെ മാറ്റുന്നത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ആയതിനാല്‍ മറ്റൊരു സീനിയര്‍ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂര്‍ത്തിയാക്കണം എന്നും അസോസിയേഷന്‍സ് അഭിപ്രായപ്പെട്ടു. അങ്ങനെ എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാന പ്രകാരം ഒരു സീനിയര്‍ സംവിധായകനെ വെച്ച് സിനിമയുടെ ഷൂട്ടിങ്ങും അനുബന്ധ ജോലികളും മുഴുമിപ്പിക്കാന്‍ തീരുമാനിച്ചു. പുതിയ സംവിധായകനെ തീരുമാനിക്കാനുള്ള അവകാശം പ്രൊഡ്യൂസറെ ഏല്‍പ്പിക്കുകയും ഇത് അസോസിയേഷന്‍ ഭാരവാഹികളും പ്രൊഡ്യൂസറും ഡയറക്ടറും മീറ്റിങ് മിനുട്ട്‌സാക്കി ഒപ്പിട്ടിട്ടുള്ളതാണ്.

ഇതേത്തുടര്‍ന്ന് നിര്‍മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സീനിയര്‍ സംവിധായകനായ എം.പത്മകുമാറിന്റെ പേര് പരാമര്‍ശിക്കുകയും, അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍, പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ചിത്രം ചെയ്യാന്‍ താല്പര്യക്കുറവുണ്ടെന്നും തന്നെ ഒഴിവാക്കി തരണമെന്നും പത്മകുമാര്‍ ഫെഫ്കയോടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനനോടും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ 2 അസോസിയേഷനുകളുടെയും ശക്തമായ ആവശ്യ പ്രകാരമാണ് പത്മകുമാര്‍ ഈ പ്രോജക്ട് ഏറ്റെടുത്തിട്ടുള്ളത്.

ഏറ്റെടുക്കുന്നതിനു മുന്‍പ് മുന്‍ സംവിധായകന്‍ സജീവ് പിള്ളയുമായി അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം പത്മകുമാര്‍ സംസാരിച്ചു. സജീവ് പിള്ള സഹകരിക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പത്മകുമാര്‍ ഈ സിനിമ ചെയ്യാന്‍ സമ്മതം അറിയിച്ചത്. തുടര്‍ന്ന് പത്മകുമാറിനെ വെച്ച് സിനിമ പൂര്‍ത്തിയാക്കുവാനും കാര്യങ്ങള്‍ സുഗമമായി നടത്താനുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്ന് രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പ്രശ്നങ്ങള്‍ രൂക്ഷമായതിന് ശേഷം, ഞാന്‍ ഫെഫ്കയ്ക്ക് ഒരു കത്ത് കൊടുത്തു. വസ്തുതകള്‍ വിശദീകരിച്ച് കൊണ്ടും അതിലുപരി ഒരു വിദഗ്ദ്ധ സമിതിയെ വെച്ച് ഫുട്ടേജ് വിലയിരുത്തണമെന്നും, ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ എന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചു. നാളിതുവരെയും യൂണിയന്‍ അതിന് തയാറായിട്ടില്ല. നിയമപരമായി നീങ്ങണമെന്ന് ഫെഫ്കയുടെ നേതാക്കള്‍ പല തവണ എന്നോട് ആവര്‍ത്തിച്ചിരുന്നു. എന്റെ ഭാഗത്താണ് ശരിയും നീതിയും എന്ന് അവര്‍ എന്നോട് പറയുകയും ചെയ്തിരുന്നു. ഞാന്‍ ഫെഫ്കയെ പൂര്‍ണ്ണമായും വിശ്വസിച്ചു. നിയമപരമായ ചതിക്കുഴികളെ സംഘടനാ ശക്തികൊണ്ട് നേരിടാമെന്ന് മറ്റ് തൊഴിലാളി യൂണിയനുകളെപ്പോലെ ഫെഫ്കയ്ക്കും ഉറപ്പുമൂണ്ടായിരുന്നു.

എം.പത്മകുമാർ

ഫെഫ്കയിലുള്ള വിശ്വാസത്തിലും നിതിയും ശരിയും എന്റെ ഭാഗത്താണ് എന്ന് ഉറപ്പിലുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള യോഗത്തിന് പോയത്. കാര്യകാരണ സഹിതം ചര്‍ച്ചയും പരിഹാര നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ച് വന്ന ഏതൊരാളിനേയും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതായി ആ അനുഭവം. അവിടെ ചെന്നപ്പോള്‍ സ്ഥിതിഗതികള്‍ അവിശ്വസനീയമായിരുന്നു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിര്‍മ്മാതാവും എല്ലാം ഒരേ സ്വരത്തില്‍ എന്നോട് പറയുന്നു, നീ ശരിയല്ല. നിനക്ക് വര്‍ക്ക് അറിയില്ല. വേറൊരാളിനെ ഒപ്പം വെയ്ക്കേണ്ടി വരും എന്നൊക്കെ. അവരുടെ ഏകപക്ഷീയമായ ആജ്ഞകള്‍ അനുസരിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ മീറ്റിങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തി ഫെഫ്കയുടെ പ്രതിനിധികള്‍ എനിക്കൊരു ഉറപ്പ് നല്കി, വരുന്നത് ഫെഫ്കയുടെ ആളായിരിക്കും. ഞാനുമായി സഹകരിച്ച് പോകുമെന്നും എനിക്ക് സഹായത്തിനായി മാത്രമാണ് ആള്‍ വരുന്നതെന്നും അയാള്‍ ഒരു ഘട്ടം കഴിയുമ്പൊള്‍ പിന്മാറി പൊയ്ക്കൊളുമെന്നും പറഞ്ഞു. വല്ലാതെ അഭ്യര്‍ത്ഥിക്കുന്ന തരത്തിലായിരുന്നു അത്. അത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഫെഫ്ക പ്രതിനിധികള്‍ പരിശോധിച്ച്, തയാറാക്കിയ മിനുട്ട്സില്‍ ഒപ്പിടുവാന്‍ നിര്‍ബന്ധിതനായി. ആ മിനുട്ട്സില്‍ എനിക്ക് തന്ന ഉറപ്പുകള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നു മാത്രവുമല്ല എല്ലാത്തിന്റെയും ഉത്തരവാദിത്വം പ്രൊഡ്യൂസറെ ഏല്പിച്ചിരിക്കുകയും ചെയ്യുന്നു. ഇത് ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനി ഒരു കരാര്‍ ഉണ്ടാക്കുമെന്നും അതില്‍ സര്‍വ്വതും ഉള്‍പ്പെടുത്തുമെന്നും ഇത് കാര്യമാക്കേണ്ടയെന്നും ഉറപ്പ് നല്കി. പക്ഷേ നാളിതുവരെ ആ കരാര്‍ ഉണ്ടായിട്ടില്ല. അതോടെ എനിക്ക് നില തെറ്റി. എന്റെ നിലപാടുകള്‍ ഇനി സാധൂകരിക്കപ്പെടില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

എങ്കിലും സിനിമ നടക്കട്ടേ എന്ന് കരുതി ഞാന്‍ ഒരു തടസ്സവും പറയാതെ മുന്നോട്ട് പോയി. അതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു. അസോസിയേറ്റ് ആയി വരാന്‍ പോകുന്ന പത്മകുമാര്‍ എന്നെ വ്യക്തിപരമായി കണ്ട്, ചില ഉറപ്പുകള്‍ നല്കി. ഈ പ്രൊജക്ട് തുടങ്ങിക്കിട്ടുന്നതിന് മാത്രമാണ് അദ്ദേഹം ഇടപെടുന്നത്. തുടങ്ങി കുറച്ചു നാളുകള്‍ക്കകം ഇത് ഒഴിവാക്കി തന്റെ സ്വന്തം പ്രൊജക്ടുകളുമായി പോകും. അതുമാത്രവുമല്ല ഞാനുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കില്ലായെന്നും പറഞ്ഞു. ഞാന്‍ അതെല്ലാം വിശ്വസിച്ചു. പിന്നെ ഞാന്‍ കാണുന്നത് എല്ലാം എന്റെ കൈവിട്ടു പോകുന്നതാണ്. എന്റെ പ്രൊജക്ടില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായും പുറത്താകുന്ന ഒരു പ്രക്രിയ. ഞാനറിയാതെ തീരുമാനങ്ങള്‍ വന്നു തുടങ്ങി. മീറ്റിങ്ങുകളിലേക്കൊന്നും എന്നെ വിളിച്ചില്ല. ഫെഫ്കയുടെ അടുത്ത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. അടുത്ത ദിവസം നിര്‍മ്മാ താവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതാക്കളും എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെ നിരവധി ഭീഷണികള്‍ ഉണ്ടായെങ്കിലും ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ഞാന്‍ തയാറായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്കു കത്തയച്ചപ്പോള്‍ ബി.ഉണ്ണിക്കൃഷ്ണനും രഞ്ജി പണിക്കരും എന്നെ വിളിപ്പിച്ചു. കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിന് പത്മകുമാറുമായി ധാരണ ഉണ്ടാക്കാനുള്ള കൂടിക്കാഴ്ച എന്നാണ് പറഞ്ഞതെങ്കിലും അവിടെ നടന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധിക്ക്, ഞാന്‍ എല്ലാത്തിനും വഴങ്ങുമെന്ന് ഉറപ്പ് കൊടുപ്പിക്കാനുള്ള ശ്രമം ആയിരുന്നു. ഞാന്‍ ഒരു തരത്തിലും ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ നിര്‍മ്മാതാവ് പറയുന്നത് എല്ലാം അനുസരിച്ച് നില്ക്കണം എന്നും അല്ലായെങ്കില്‍ ഫെഫ്ക തന്നെ എന്നെ ഈ പ്രൊജക്ടില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കും എന്നുമുള്ളതായിരുന്നു അവരുടെ നിലപാട്. എനിക്കാകെ ചെയ്യാവുന്നത് ഷൂട്ടിങ് നടക്കുന്ന ലോക്കേഷന്‍ സന്ദര്‍ശിക്കുക എന്നത് മാത്രമാണ്. എന്റെ അഭിപ്രായമോ വിശദീകരണമോ ചോദിച്ചില്ലായെന്ന് മാത്രവുമല്ല, എനിക്കങ്ങനെ എന്തെങ്കിലും ഉള്ളതായി പോലും അംഗികരിക്കുന്നില്ല എന്നതായിരുന്നു പെരുമാറ്റം. നിര്‍മ്മാ താവിനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പത്മകുമാറിനും കാര്യങ്ങളെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു താനും. പത്മകുമാറാണ് ഡയറക്ടറെന്നും എനിക്ക് അവിടെ വേണമെങ്കില്‍ ചെല്ലാമെന്നും എന്നാല്‍ എന്റെ വാക്കുകളോ അഭിപ്രായങ്ങളോ ഒരു തരത്തിലും മാനിക്കപ്പെടില്ലായെന്നും അതിന്റെ ആവശ്യം പോലും ഇല്ലായെന്നും അവര്‍ പലതവണ വ്യക്തമാക്കി.

മാമാങ്കം മൂന്നാം ഷെഡ്യൂളിന് കണ്ണവം വനത്തിൽ പകരക്കാരൻ സംവിധായകൻ പത്മകുമാറിന്റെ നേതൃത്വത്തിൽ തുടക്കമായപ്പോൾ

ടെക്നീഷ്യന്‍സിനേയും അഭിനേതാക്കളെയും മാറ്റുന്നതും പുതിയവരെ കൊണ്ടുവരുന്നതും ഒന്നും തന്നെ അറിയിക്കുന്നത് പോലും ഉണ്ടായിരുന്നില്ല. ലൊക്കേഷനൊക്കെ അവര്‍ തന്നെ ഉറപ്പിച്ചു. തിരക്കഥ അവരുടെ ഇഷ്ടത്തിന് അഴിച്ചുപണിഞ്ഞതായി ഞാന്‍ അറിഞ്ഞു. എനിക്ക് വായിക്കാന്‍ പോലും കിട്ടിയില്ല. ഫെഫ്കയുടേതാണ് എല്ലാ സാങ്കേതിക പ്രവര്‍ത്തകരും. ഒരാളും ഇതുവരേയും ഞാനുമായി ഒന്ന് സംസാരിച്ചിട്ട് പോലുമില്ല. കഥയും തിരക്കഥയും അറിയാതെ ലൊക്കേഷനും അഭിനേതാക്കളെയും അറിയാതെ സാങ്കേതിക വിദഗ്ദ്ധരെ ഒരിക്കല്‍ പോലും കണ്ട് സംസാരിക്കുക പോലും ചെയ്യാതെ ഒരു സംവിധായകന്‍ എങ്ങനെയാണ് സംവിധാന സ്ഥാനത്തെന്ന് ഫെഫ്ക പറയുന്നത്? പണിയറിയാത്ത, നിരക്ഷരനും നീചനുമായ ഒരാളാണ് സംവിധായകനെങ്കില്‍ പോലും മിനിമം തൊഴില്‍മര്യാദകളെങ്കിലും അയാള്‍ക്ക് കിട്ടേണ്ടേ? അതൊന്നുമില്ലാതെ ആണോ ഒരു സംവിധായകന്‍ പ്രവര്‍ത്തിക്കേണ്ടത്? അതോ ഒരാള്‍ സംവിധാനം ചെയ്യുന്നത് നോക്കി, ജീവച്ഛവമായി നിന്ന് സംവിധാന പട്ടം കെട്ടുകയാണോ വേണ്ടത്?

സംഘടനകളുടെ ഉറപ്പിനെ തുടര്‍ന്ന് നാലിടത്തായി സെറ്റ് വര്‍ക്കുകള്‍ വീണ്ടും ആരംഭിക്കുകയും മുന്നൂറോളം തൊഴിലാളികള്‍ പ്രത്യക്ഷത്തിലും അറുന്നൂറോളം പേര്‍ പരോക്ഷമായും പണിയെടുത്തു കൊണ്ട് 3 കോടിയോളം ഇപ്പോള്‍ തന്നെ ചെലവാക്കി മൂന്നാം ഷെഡ്യൂള്‍ സെറ്റ് വര്‍ക്ക് അവസാന ഘട്ടത്തിലെത്തുകയും, ജനുവരി 25ന് ഷൂട്ട് പ്ലാന്‍ ചെയ്ത് മുന്നോട്ടു പോകുകയും ചെയ്യുമ്പോഴാണ് ജനുവരി 16ന് സജീവ് പിള്ളയുടെ വക്കീല്‍ നോട്ടീസ് എനിക്ക് കിട്ടുന്നത്.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ഭീഷണി സ്വരത്തിലായിരുന്നു ഈ നോട്ടീസ്. ഇതുവരെയായി നിര്‍മാതാവ് സംവിധായകന് തുക ഒന്നും തന്നെ കൊടുത്തിട്ടില്ലെന്നും മറ്റുമുള്ള പച്ച കള്ളങ്ങളായിരുന്നു ഈ നോട്ടീസില്‍. 25ന് നിശ്ചയിച്ച ഷൂട്ടിങ് മുടക്കുവാനായി അദ്ദേഹമയച്ച വക്കീല്‍ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ വിലാസം ഉറപ്പു വരുത്തിയതിനു ശേഷമാണ് മറുപടി അയച്ചത്.

എനിക്ക് പണമൊന്നും തന്നിട്ടില്ല എന്ന് എവിടെയാണ് ഞാന്‍ പറഞ്ഞതെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കണം. അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണെന്നും ചതിക്കപ്പെടുകയാണെന്നും തിരിച്ചറിഞ്ഞ സമയത്താണ്, നിയമപരമായി വീണ്ടും കുടുക്കിലായെന്ന് എനിക്ക് മനസ്സിലായത്. അതില്‍ നിന്ന് എന്റെ നിയമപരമായ പരിരക്ഷ എങ്കിലും ഉറപ്പിക്കാനായാണ്, നിര്‍മ്മാതാവ് നേരത്തേ അയച്ച വക്കീല്‍ നോട്ടീസിന് പുതിയ സാഹചര്യത്തില്‍ മറുപടി നല്‍കിയത്. അല്ലാതെ നിയമപരമായ ഒരു നടപടിക്കും മുതിര്‍ന്നിട്ടില്ല. എന്നു മാത്രവുമല്ല, അതിനകം നിര്‍മ്മാതാവ് എന്നെ നേരത്തെ തന്നെ പുറത്താക്കിയതാണെന്നും ഇനി ഒരുതരം ആശയവിനിമയവും നടത്തരുതെന്നും എന്നെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഞാനുമായി സംസാരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കാതെ മുന്നോട്ട് പോകരുതെന്ന് ഡയറക്ടേഴ്‌സ് യൂണിയനോട് ആവശ്യപ്പെട്ടു. അത് ചെവിക്കൊള്ളാതെ നിങ്ങള്‍ ലോക്കേഷനിലേക്ക് പൊയക്കോളൂ എന്നാണ് എന്നോടവര്‍ പറഞ്ഞത്.

24 എന്ന് തീയതി രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു ലീഗല്‍ നോട്ടീസില്‍ നിര്‍മ്മാതാവ് ഞാന്‍ ഒരു തരത്തിലും ഷൂട്ടിങ്ങിനു തടസ്സമുണ്ടാക്കരുതെന്നും അവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് നഷ്ടമായ 13 കോടി രൂപ 30 ദിവസത്തിനകവും അദ്ദേഹത്തിനുണ്ടായ മാനസിക വ്യഥയ്ക്ക് 5 കോടി രൂപ 15 ദിവസത്തിനകവും 21.75 ലക്ഷം രൂപ 24 ശതമാനം പലിശ സഹിതം 30 ദിവസത്തിനകവും നല്‍കണമെന്നും അവശ്യപ്പെടുന്നുണ്ട്. ഈ സമയത്താണ് എറണാകുളത്ത് നിന്ന് ഇന്നോവയില്‍ സംഘം വീട് തിരക്കി വരികയും പരിഭ്രാന്തി പടര്‍ത്തുകയും ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ എന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വന്നവര്‍ പറഞ്ഞു. പ്രൊഡ്യൂസര്‍ പറയുന്നത്, എന്റെ വിലാസം ഉറപ്പിക്കാനായാണെന്നാണ്. തൊട്ടുമുന്നിലെ ആഴ്ചയും നിര്‍മ്മാതാവിന്റെ വക്കീല്‍ അയച്ച കത്തുകള്‍ ഞാന്‍ കൈപ്പറ്റിയിരുന്നു. പ്രൊഡക്ഷനിലെ, നിര്‍മ്മാതാവിനോട് ഏറ്റവും അടുത്ത പലര്‍ക്കും എന്റെ വീട് അറിയാം. അപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോഴും പറയുന്നത്. നിജസ്ഥിതിയെ കുറിച്ച് അന്വേഷണം ഇപ്പോഴും നടക്കുന്നതേ ഉള്ളൂ.

സജീവ് കമ്പനിക്ക് വരുത്തി വെച്ച ഭീകര നഷ്ടങ്ങള്‍ക്കും കമ്പനിയുടെ സല്‌പേര് ഇല്ലാതാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങള്‍ക്കും എഗ്രിമെന്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ സിനിമയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്തു കൊണ്ട് നിയമപരമായി തന്നെ നഷ്ട പരിഹാരം ഈടാക്കുന്നതിനായി വേണ്ടി വരുന്ന നിയമ നടപടികളിലേക്കും കമ്പനി കടക്കുകയാണ്. മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. മാമാങ്കം സിനിമയുടെ പേരില്‍ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകള്‍ നടത്തിയാല്‍ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ല.

ഓരോ ഷെഡ്യൂളിനും ഓരോ സ്വഭാവവും സ്‌കെയിലുമാണ്. ഒന്നാം ഘട്ടത്തിലേതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രതിദിന ചെലവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ബജറ്റ് വളരെ ഉയരുകയും ചെയ്തു. കാരണം കലാസംവിധാനത്തിന് വേണ്ടി വന്ന ഭീമമായ തുകയാണ്. അതിന് ഞാന്‍ ഒരു വിധേനയും ഉത്തരവാദി അല്ല. ഒട്ടും അനുയോജ്യമല്ലായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ, വെള്ളക്കെട്ടും തണ്ണീര്‍ത്തടവും നിറഞ്ഞ സ്ഥലത്ത് സെറ്റിട്ടേ മതിയാവൂ എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചു. ചെറുത്ത് നിന്നെങ്കിലും നിവൃത്തിയില്ലാതെ എനിക്ക് വഴങ്ങേണ്ടി വന്നു. അതാണ് ചെലവ് കൂടാനുള്ള കാരണം. മണ്ണിട്ട് മൂടി തറയൊരുക്കാന്‍ തന്നെ കൂറ്റന്‍ തുക ആയിട്ടുണ്ട്. ഇതു സിനിമയ്ക്കുള്ള നിക്ഷേപമായി കൂട്ടണമോ എന്നും ചോദ്യമുണ്ട്. നിര്‍മ്മാതാവിന്റെ സിനിമാബാഹ്യമായ ബിസിനസ് താല്പര്യങ്ങളുടെ ചെലവുകളും സിനിമയുടെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല.

നിര്‍മ്മാതാവിന്റെ ടീമുമായുള്ള ഈഗോ പ്രശ്നത്തിന്റെ മാത്രം കാരണം കൊണ്ടാണ് ധ്രുവന്‍ എന്ന നടനെ മാറ്റിയത്. അസാധാരാണമായ സമര്‍പ്പണവും വൈഭവവും കണ്ട് അയാളെ എല്ലാവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു. നിര്‍മ്മാണ കമ്പനിയുടെ രേഖാമൂലമുള്ള അനുമതിയോടെ ആണ് ധ്രുവന്‍ മറ്റൊരു ചിത്രത്തിലേക്ക് പോയത്. നിര്‍മ്മാണച്ചുമതലയില്‍ ഉള്ള ചിലരുടെ ആജ്ഞാനുവര്‍ത്തി ആയില്ലെങ്കില്‍ കരിയര്‍ തന്നെ നശിപ്പിക്കുമെന്ന് ഭീഷണി ഉണ്ടായെങ്കിലും അത് അയാളെ മാറ്റുന്ന രൂക്ഷതയിലേക്ക് വരുമെന്ന് കരുതിയില്ല. അയാളെ മാറ്റുക വഴി, ആകെ ഷൂട്ട് ചെയ്തതിന്റെ 70 ശതമാനമെങ്കിലും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരും. ഈ 2 കാര്യങ്ങള്‍ക്കും സംവിധായകന്‍ എങ്ങനെയാണ് ഉത്തരവാദി ആകുന്നത്?

ഏതാണ്ട് 2 പതിറ്റാണ്ടായി ഞാന്‍ പ്രയത്‌നിച്ചുണ്ടാക്കി, സഫലീകരണത്തിലേക്കും പൂര്‍ത്തീകരണത്തിലേക്കും പോകുന്ന സ്വപ്നപദ്ധതിയാണ് മാമാങ്കം. അതില്‍ ലാഭം ഉറപ്പുവരുത്തി പണം മുടക്കാന്‍ വന്നു ചേര്‍ന്ന ഒരാള്‍ പണാധികാരവും സ്വാധീനവും കൊണ്ട് പെട്ടെന്ന് തീരുമാനിച്ചാല്‍ നിയമപരമായോ യുക്തിപരമായോ ധാര്‍മ്മികമായോ അവസാനിക്കുന്നതാണോ ഈ സിനിമയുമായുള്ള എന്റെ ബന്ധം? ഏകപക്ഷീയമായി അദ്ദേഹം ചമച്ച് നിര്‍ബന്ധിത സാഹചര്യത്തില്‍ എനിക്ക് ഒപ്പിടേണ്ടി വന്ന കരാര്‍ പ്രകാരം പോലും എന്റെ ബന്ധം അവസാനിച്ചു എന്ന് പറയുന്നത് അങ്ങേയറ്റം വാസ്തവവിരുദ്ധവും നിയമലംഘനവും ആണ്. സാമ്പത്തികമായും നിയമപരമായും എന്നെ വഞ്ചിക്കാനുള്ള നീക്കത്തിന്റെ ഭാഗവും ആണ്.

എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് ഭിന്നതയ്ക്കുള്ള കാരണമെന്ന്. അതിനുള്ള കാരണങ്ങള്‍ വ്യക്തമായി തന്നെ പറയാം. എന്റെ താല്പര്യം സിനിമ മാത്രമാണ്. സിനിമ വിജയിക്കണം, സിനിമ ജനത്തിന്റെ അംഗീകാരം നേടി നിര്‍മ്മാതാവിന് മുടക്കുമുതലിനപ്പുറം ലാഭം കിട്ടണം, സിനിമ കലാപരമായി മികച്ചതെന്നു പറയണം- ഇതൊക്കെയാണ് എന്റെ ലക്ഷ്യത്തിലുള്ളത്. എന്നാല്‍ നിര്‍മ്മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹത്തിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതുവരെ കാര്യങ്ങളെ എത്തിച്ചത്.

സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിങ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത്. ഒന്നുകില്‍ വലിയ സ്റ്റുഡിയോയില്‍, അല്ലെങ്കില്‍ സമാനമായ ആര്‍ക്കിടെക്ചറും ലാന്‍ഡ്‌സ്‌കേപ്പും ഉള്ള മംഗലാപുരം മേഖലയില്‍, അതുമല്ലെങ്കില്‍ മാമാങ്കവുമായി ചരിത്രപരമായി ബന്ധമുള്ള തിരുനാവായ മേഖലയില്‍ സെറ്റിട്ടു കൊണ്ട് -ഇതൊക്കെയായിരുന്നു എന്റെ നിര്‍ദ്ദേശങ്ങള്‍. എന്നാല്‍, നിര്‍മ്മാതാവിന് ഷൂട്ടിങ് എറണാകുളത്ത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് സെറ്റിട്ടാല്‍ മതി എന്നായി. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നതിനിടയാക്കും എന്ന് ഞാന്‍ മുന്നറിയിപ്പ് നല്കിയയെങ്കിലും സ്വന്തം നിലയ്ക്ക് അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോയി.

സെറ്റ് നിര്‍മ്മിക്കാന്‍ വേണ്ടി തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ ചില അപകടങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടി വന്നത്. അതു ചോദിച്ചപ്പോള്‍ ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഷൂട്ടിങ് കഴിഞ്ഞാല്‍ സ്ഥലം വീണ്ടും തണ്ണീര്‍ത്തടമാകും എന്ന ഉറപ്പും പറഞ്ഞു. കേരളത്തില്‍ നികത്തിയെടുത്ത വയലുകളോ തണ്ണീര്‍ത്തടങ്ങളോ പിന്നെ പൂര്‍വ്വസ്ഥിതിയിലേക്കു തിരിച്ചുവന്നിട്ടില്ല എന്ന ഉത്കണ്ഠ ഞാന്‍ പങ്കുവച്ചു. അപ്പോഴാണ്, ഇതു സംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നു പറഞ്ഞ നിര്‍മ്മാതാവ്, സംവിധായകനെ മാറ്റാനുള്ള അധികാരത്തെപ്പറ്റി ആദ്യമായി എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ഭീഷണി അവിടെയാണ് തുടങ്ങുന്നത്. എറണാകുളത്തെ ചില ഉന്നത രാഷ്ട്രീയനേതാക്കള്‍ അദ്ദേഹവുമായി അടുപ്പമുള്ളവരാണ്. അവര്‍ മുഖേന അഖിലേന്ത്യാ ഭരണ തലത്തില്‍ തന്നെ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്.

സിനിമാ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് തിരക്കഥയെ വലിയ രീതിയില്‍ പുകഴ്ത്തിയ നിര്‍മ്മാതാവ് ഒരു ഘട്ടമായപ്പോള്‍ അതില്‍ ചില തിരുത്തലുകള്‍ വേണമെന്ന് വാശി പിടിക്കാന്‍ തുടങ്ങിയിടത്താണ് തര്‍ക്കം അടുത്ത ഘട്ടത്തിലേക്കു കടന്നത്. താന്‍ ഒരു കഥാകൃത്താണെന്നും തിരക്കഥ തന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റി എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്ക് സമ്മതിക്കാനാകാത്ത വിധമുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തിരക്കഥയിലുള്‍പ്പെടുത്തിയാല്‍ അത് പുനരുത്ഥാനപരവും സാമൂഹികവിരുദ്ധവുമായ ഒരു സന്ദേശം നല്കുന്ന സിനിമയാകും. ഞാനെഴുതിയതും അവര്‍ അംഗീകരിച്ചതുമായ തിരക്കഥയ്ക്ക് നേരെ വിപരീതമായ ഒരു ചിത്രമായി അതു മാറും. ഒരു കലാകാരനും അംഗീകരിക്കാനാവാത്ത ഈ പിടിവാശിയുടെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ സംസാരമുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തിന് എന്നോടുള്ള പകയാവുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

എം.പത്മകുമാര്‍ എന്ന മികച്ച സംവിധായകന്റെ ക്രാഫ്റ്റിങ് മികവിനൊപ്പം ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധര്‍ കൂടി ചേരുമ്പോള്‍ മലയാളത്തില്‍ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ചലച്ചിത്രം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.ഏവരുടെയും സഹായ സഹകരണങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

ഞാനെന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗം കൊടുത്ത പ്രൊജക്ട് എന്റെ ജീവതത്തെ തകര്‍ത്ത് തന്നെ പോകുന്നു എന്ന് മാത്രമല്ല, പണി അറിഞ്ഞുകൂടാത്ത ആള്‍, ഫ്രോഡ് തുടങ്ങി എല്ലായിടത്തും പറഞ്ഞ് പരത്തിയിട്ടുമുണ്ട്. അപവാദങ്ങളെ അക്ഷരം പ്രതി പിന്തുണയ്ക്കുന്ന നിലപാടാണ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിനും. ഇനി ഒരിക്കലും മലയാളത്തില്‍ ഒരു പടം ചെയ്യില്ലായെന്ന് നിര്‍മ്മാതാക്കളുടെ സംഘടന എന്നോട് ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഞാന്‍ എല്ലാ തരത്തിലും പുറത്താക്കപ്പെട്ടിരിക്കുന്നു. ഒരു വിശദീകരണത്തിനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല.

നമ്മുടെ സിനിമാ ഇന്‍ഡസ്ട്രി പോലെ അപവാദശാലകള്‍ ഇത്ര വ്യാപകവും സമര്‍ത്ഥവും ആയി പണിയെടുക്കുന്നെതെവിടെയാണ്? പലരും പറഞ്ഞു, നിശ്ശബ്ദമായി ഒഴിഞ്ഞ് പോയ്‌ക്കോ! മാനം എങ്കിലും ഉണ്ടാവും! എന്നു വച്ചാല്‍ അധികം ആളുകളിലേക്ക് അവപവാദങ്ങള്‍ എത്തില്ല! നിനക്കറിയില്ലേ, ഈ രംഗത്ത് ചില കുറുമത്സരങ്ങള്‍ ഒഴികെ 2 ചേരികള്‍ പോലും ഉണ്ടാകില്ല. പ്രബലരുടെയും മൂലധനത്തിന്റെയും ഒറ്റ ചേരി മാത്രമേ ഉള്ളൂ. അത് അടിപടലം വ്യാപിച്ച് നില്‍ക്കുന്നു. എതിര്‍ ശബ്ദങ്ങള്‍ ഉണ്ടാവില്ല. നിലപാടില്‍ നില്‍ക്കുന്നവര്‍ നിലയില്ലാതെ ചവിട്ടി താഴ്ത്തപ്പെടും. എന്നെന്നേക്കുമായി പുറത്താകും. നിശബ്ദരാക്കപ്പെടും. നീതി നിഷേധിക്കപ്പെട്ടവര്‍ സമ്പൂര്‍ണ്ണമായ വ്യക്തിഹത്യയ്ക്കും വിധേയമാക്കപ്പെടും. നിരന്തരം ബന്ധപ്പെട്ടിരുന്നവര്‍ പിന്നെ ഫോണ്‍ പോലും എടുക്കില്ല.

പിന്നെ എന്തിനാണ് ഞാന്‍ പരസ്യമായി ഈ ചതികളെ എതിര്‍ത്ത് പൊതുജന മധ്യത്തിലും നശിപ്പിക്കപ്പെടുന്നത്? എന്താണ് നേട്ടം? ഈ വ്യവസായത്തിലെ വ്യവസ്ഥാപിതമായ സംഘങ്ങളൊക്കെയും ഒറ്റക്കെട്ടായി എതിരെ നില്‍ക്കുമ്പോള്‍, അനുതാപവും പിന്തുണയും ഉള്ളവര്‍ പോലും പതുങ്ങി നിശബ്ദരാകുന്ന ഒരു അന്തരീക്ഷം പിടിച്ച് നില്‍ക്കാന്‍ ആവുന്നതല്ല. ആരേയും കുറ്റപ്പെടുത്താന്‍ പറ്റില്ല, ഡേറ്റും പണവും ആണ് അസ്തിത്വം നിര്‍ണ്ണയിക്കുന്നത്. ഇനി വരുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുത്. ചോദ്യങ്ങള്‍ എങ്കിലും ഉയരും എന്ന് എല്ലാവര്‍ക്കും തോന്നണം. അത്രയേ കരുതുന്നുള്ളൂ.

സജീവ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ പത്രസമ്മേളനത്തിനിടെ

ഈ വിവാദത്തിനൊടുവില്‍ സ്വാഭാവികമായും സംശയത്തിന്റെ നിഴലിലാവുന്നത് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി തന്നെയാണ്. അദ്ദേഹം പറയുന്ന പല കാര്യങ്ങളിലും പൊരുത്തക്കേടുകളുണ്ട്. സജീവിന്റെ മാമാങ്കത്തിലേക്ക് താന്‍ എത്തിയതു സംബന്ധിച്ചും ഈ പ്രൊജക്ടിന്റെയും സംവിധായകന്റെയും മികവിനെക്കുറിച്ചും വേണു തന്നെ നേരത്തേ പറഞ്ഞിരുന്നതിനു തീര്‍ത്തും കടകവിരുദ്ധമാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. മാത്രമല്ല വേണുവില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടാവുന്നത് ആദ്യമായല്ല താനും. പൃഥ്വിരാജിനെ നായകനായി വളരെയേറെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട കര്‍ണ്ണന്‍ എന്ന പ്രൊജക്ടില്‍ നിന്ന് അദ്ദേഹത്തിന്റെ ദുഷ്‌ചെയ്തികള്‍ നിമിത്തം പുറത്തുപോകേണ്ടി വന്നത് മലയാള സിനിമ കണ്ടതാണ്. ‘ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ’ എന്ന പ്രമാണമനുസരിച്ച് വേണുവിലേക്ക് സംശയം നീളുന്നത് സ്വാഭാവികം.

സജീവിനെ മാത്രമല്ല മാമാങ്കത്തില്‍ നിന്ന് മാറ്റിയത്. ക്യാമറാമാനായി ഗണേഷ് രാജവേലുവിന്റെ സ്ഥാനത്ത് മനോജ് പിള്ള വന്നു. ജില്ല, ആദവന്‍, കാസനോവ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയെല്ലാം ക്യാമറ ചലിപ്പിച്ച രാജവേലു പുറത്താക്കലിനെതിരെ സതേണ്‍ ഇന്ത്യ സിനിമാട്ടോഗ്രഫേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്. ആമിര്‍ ഖാന്റെ ഗജീനി, എം.എസ്.ധോണി, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ എന്നിവയുടെയെല്ലാം കലാസംവിധായകന്‍ സുനില്‍ ബാബുവാണ് മാമാങ്കത്തില്‍ നിന്നു പുറത്തായ മറ്റൊരാള്‍. മോഹന്‍ദാസാണ് പകരക്കാരന്‍. ദേശീയ തലത്തില്‍ പ്രശസ്തയായ കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധനെയും മാമാങ്കം ടീമില്‍ നിന്നു പുറന്തള്ളി. വിശ്വാസം, വിവേകം, കബാലി, ബില്ല എന്നിവയിലൂടെയെല്ലാം ശ്രദ്ധേയയായ അനുവിനു പകരമെത്തിയത് എസ്.പി.സതീഷ്. സജിത മഠത്തിൽ ഉൾപ്പെടെ അഭിനേതാക്കളിൽ ചിലർ പുറത്തായി എന്നും സൂചനയുണ്ട്. മൂന്നാം ഷെഡ്യൂളിൽ ജോലി ചെയ്യേണ്ടിയിരുന്ന സജിതയുൾപ്പെടെ പലരെയും വിളിച്ചിട്ടില്ല. ഇതെല്ലാം സംവിധായകന്റെ കുഴപ്പമാണോ അതോ നിര്‍മ്മാതാവിന്റെയോ?

നിര്‍മ്മാതാവിന്റെ ചെയ്തികള്‍ യഥാര്‍ത്ഥത്തില്‍ നഷ്ടം വരുത്തിയിരിക്കുന്നത് മമ്മൂട്ടിക്കാണ്. മമ്മൂട്ടി ഡേറ്റ് കൊടുത്തത് നിര്‍മ്മാതാവായ വേണുവിനല്ല, സജീവ് എന്ന സംവിധായകനാണ്. സജീവിന്റെ തിരക്കഥയില്‍ ആവേശഭരിതനായാണ് മഹാനടന്‍ പ്രൊജക്ടിന്റെ ഭാഗമായത്. മികച്ചൊരു തിരക്കഥയും മമ്മൂട്ടി എന്ന നടന്റെ ഡേറ്റും കണ്ട് വേണു ആ പ്രൊജക്ട് ചാടിപ്പിടിക്കുകയായിരുന്നു. കര്‍ണ്ണന്‍ സമ്മാനിച്ച നാണക്കേടില്‍ നിന്നു രക്ഷപ്പെടാന്‍ മാമാങ്കത്തെ കരുവാക്കുകയായിരുന്നു. ഇപ്പോള്‍, മമ്മൂട്ടി വിശ്വസിച്ച് ഡേറ്റ് നല്‍കിയ സംവിധായകന്‍ പ്രൊജക്ടില്‍ നിന്നു പുറത്തായി. തന്റെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് അദ്ദേഹം പറഞ്ഞ തിരക്കഥയും എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആരോ തട്ടിക്കൂട്ടുന്ന തിരക്കഥയില്‍ മമ്മൂട്ടിയെ അഭിനയിപ്പിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഡേറ്റ് നിര്‍മ്മാതാവ് തട്ടിയെടുക്കുകയല്ലേ ചെയ്തത്?

സജീവ് പിള്ളയെ മാമാങ്കത്തില്‍ നിന്ന് എന്തിന് പുറത്താക്കി എന്നതിനുള്ള ഉത്തരം ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിരിക്കുന്നു. സിനിമാപിടിത്തം മറയാക്കി നടത്തുന്ന നിയമവിരുദ്ധ ഭൂമിക്കച്ചവടത്തിനും സിനിമയുടെ ഉള്ളടക്കത്തില്‍ നടത്താന്‍ ശ്രമിച്ച ഹൈന്ദവവത്കരണത്തിനും സജീവ് കൂട്ടുനിന്നില്ല. കാശുണ്ടായാലേ സിനിമ നിര്‍മ്മിക്കാനാവുകയുള്ളൂ എന്നത് ശരി തന്നെ. പക്ഷേ, അങ്ങനെ വരുന്ന കാശുകാരന് സിനിമ തന്നെയായിരിക്കണം പ്രധാന ലക്ഷ്യം. മറ്റു കച്ചവടങ്ങള്‍ക്ക് മറപിടിക്കാന്‍ സിനിമയെ ഉപയോഗിച്ചാല്‍ ഇതുപോലെ പ്രശ്‌നങ്ങള്‍ മാത്രമാവും ബാക്കി. ആദ്യം കര്‍ണ്ണനും പിന്നീട് മാമാങ്കവും വിവാദങ്ങളില്‍ നിറഞ്ഞതിന് കാരണം മറ്റൊന്നല്ല. വേണു കുന്നപ്പിള്ളിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഇടപാടുകളെക്കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കാന്‍ ഈ വിവാദങ്ങള്‍ കാരണമാവുക തന്നെ ചെയ്യും. കുറഞ്ഞ പക്ഷം സിനിമാ സെറ്റിന്റെ മറവില്‍ എറണാകുളത്ത് നിയമവിരുദ്ധമായി തണ്ണീര്‍ത്തടം നികത്തിയ ഭൂമാഫിയയുടെ കളികളെങ്കിലും അന്വേഷിക്കപ്പെടുക തന്നെ വേണം.

വളരെ ശ്രദ്ധാപൂര്‍വ്വം കരിയറിലെ എല്ലാ ചുവടുകളും ഇന്നുവരെ വെച്ചിട്ടുള്ള മമ്മൂട്ടിയെ വേണു കുന്നപ്പിള്ളി എന്ന കാശുകാരന്‍ നന്നായി തേച്ചൊട്ടിച്ചിരിക്കുന്നു. തമിഴിലെ പേരന്‍പും തെലുങ്കിലെ യാത്രയും ഈ മഹാനടന്റെ കരിയറിന് പുതിയ തിളക്കമേകുന്ന ഘട്ടത്തിലാണ് തന്റേതെന്ന നിലയില്‍ ഏറ്റവും മികച്ചതാവും എന്ന് അദ്ദേഹം പ്രതീക്ഷിച്ച മാമാങ്കം തകര്‍ച്ചയിലേക്കു കൂപ്പുകുത്താന്‍ ഒരുങ്ങുന്നത്. ആദ്യം പ്രഖ്യാപിക്കപ്പെട്ടതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായി ബാഹുബലി മാതൃകയിലുള്ള തെലുങ്ക് തട്ടിക്കൂട്ട് തിരക്കഥ മാത്രമാണ് ഇന്ന് ഈ സിനിമയിലുള്ളത്. ഇതു പരിശോധിക്കേണ്ടതും സ്വന്തം നാശത്തിനു തടയിടേണ്ടതും മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയെ മമ്മൂട്ടിക്കു മാത്രമേ രക്ഷിക്കാനാവുകയുള്ളൂ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗ്ഗീയവത്കരണത്തിനും മമ്മൂട്ടി കൂട്ടുനില്‍ക്കുമോ എന്നത് കാത്തിരുന്ന് കാണണം.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

COMMENTS

Enable Notifications OK No thanks