Reading Time: 8 minutes

2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ബജറ്റ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മാര്‍ച്ച് 3ന് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ ഗുണദോഷ ഫലങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, മറിച്ച് ബജറ്റ് ചോര്‍ന്നു എന്ന വിവാദമാണ്. ചോര്‍ച്ചയ്ക്ക് 2 ഘട്ടങ്ങളുണ്ട്. ബജറ്റ് വായന പൂര്‍ത്തിയാവും മുമ്പ് പ്രസക്ത വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി എന്നത് ഒന്നാം ഘട്ടം. ബജറ്റിലെ അതേ വാചകങ്ങള്‍ മെട്രോ വാര്‍ത്ത ദിനപത്രത്തില്‍ അച്ചടിച്ചുവന്നു എന്നത് രണ്ടാം ഘട്ടം. ഇതില്‍ പ്രതിപക്ഷമായ യു.ഡി.എഫ്. പ്രധാനമായും ഉന്നയിക്കുന്നത് ബജറ്റ് അവതരണ വേളയില്‍ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന ആരോപണമാണ്. ശുദ്ധ വിവരക്കേട് എന്നല്ലാതെ എന്തു പറയാന്‍.

എന്താണ് ബജറ്റ് അവതരണം? ‘സര്‍, കേരള സംസ്ഥാനത്തിന്റെ 2017-18ലെ ബജറ്റ് ഞാന്‍ നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്’ -ഇത്രയും പറഞ്ഞാല്‍ ബജറ്റ് അവതരണമായി. ഇതിനു ശേഷം നടക്കുന്നത് അവതരിപ്പിച്ച ബജറ്റിന്റെ വായന മാത്രമാണ്. ഇതു പറയുന്നതിന്റെ പേരില്‍ യു.ഡി.എഫ്. അനുകൂലികള്‍ എന്നെ കടിച്ചുകീറാന്‍ വന്നേക്കാം. ഒരു കാര്യവുമില്ല. ബജറ്റ് അവതരണം സംബന്ധിച്ച ഈ റൂളിങ് യു.ഡി.എഫ്. കാലത്തെ സ്പീക്കര്‍ എന്‍.ശക്തന്റേതു തന്നെയാണ്. 2015 മാര്‍ച്ച് 13ന് കെ.എം.മാണി അവതരിപ്പിച്ച ബജറ്റ് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ -‘സര്‍ കേരള സംസ്ഥാനത്തിന്റെ 2015-16ലെ ബജറ്റ് ഞാന്‍ നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്’. ഇതു തന്നെ ബഹളത്തിനിടെ ആരും കേട്ടില്ല, ശക്തനൊഴികെ!! അവതരണത്തിനു ശേഷം ലഡ്ഡു വിതരണവും ഉണ്ടായിരുന്നു. എന്നിട്ടും അത് ബജറ്റായി, പാസായി. അപ്പോള്‍പ്പിന്നെ കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട എന്നു മനസ്സിലായില്ലേ? താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ!!

K M Mani budget.jpg

ഇത് നിയമസഭയിലെ മാത്രം രീതിയല്ല. പാര്‍ലമെന്റിലും ഇങ്ങനെ തന്നെ. കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി ഒരു മണിക്കൂറിനകം പ്രസക്ത വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമല്ല, ആര്‍ക്കു വേണമെങ്കിലും ഇതെടുക്കാവുന്ന തരത്തില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വെബ്‌സൈറ്റിലും ലഭിക്കും. ബജറ്റ് അവതരിപ്പിക്കുന്നു എന്നു പറഞ്ഞു കഴിഞ്ഞാല്‍ അവതരണമായി എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇതും സാദ്ധ്യമാവുന്നത്. ഐസക്ക് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്ന് പ്രതിപക്ഷത്തു നിന്ന് ആരൊക്കെയോ പറയുന്നതു കേട്ടു. ധനമന്ത്രിയുടെ രാജി ആവശ്യപ്പെടും മുമ്പ് ഔദ്യോഗിക രഹസ്യ നിയമം ഒന്നു വായിച്ചുനോക്കുന്നത് നന്നാവുമെന്നു തോന്നുന്നു. ബജറ്റിന്റെ പവിത്രത എന്നു പറയുന്നതൊക്കെ സങ്കല്പം മാത്രമാണ് പലര്‍ക്കുമറിയില്ല. കുറഞ്ഞപക്ഷം ബജറ്റ് ചട്ടങ്ങളെങ്കിലും വായിക്കണം.

‘സഭയില്‍ അവതരിപ്പിക്കും മുമ്പ് ബജറ്റിലെ വിവരങ്ങള്‍ പുറത്തുവന്നാല്‍ സഭയുടെ അവകാശലംഘനമല്ല. എന്നിരുന്നാലും ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിയുടെ കാര്യനിര്‍വ്വഹണം സംബന്ധിച്ച് സഭയ്ക്ക് ഉചിതമായ അന്വേഷണം നടത്താവുന്നതാണ്.’

ഇതു പ്രകാരം എന്തെങ്കിലും അന്വേഷണം സംബന്ധിച്ച അന്തിമതീരുമാനം സ്പീക്കറുടേതായിരിക്കും. നിയമസഭയില്‍ സ്പീക്കര്‍ എത്രമാത്രം ‘ശക്തനാ’ണെന്ന് മാണിയെ രക്ഷിച്ച ശക്തന്റെ നടപടി വ്യക്തമാക്കിയതാണല്ലോ. യു.ഡി.എഫ്. കാലത്ത് മാണിയുടെ സവിശേഷമായ 13-ാം ബജറ്റും പിന്നീടുള്ള ലഡ്ഡുതീറ്റിയുമെല്ലാം പവിത്രത വര്‍ദ്ധിപ്പിക്കുന്നത് എല്ലാവരും കണ്ടതാണ്! അപ്പോള്‍പ്പിന്നെ പ്രതിപക്ഷത്തിന്റെ ആ വാദം മടക്കി പോക്കറ്റിലിടാം. പിന്നെ വെറുതെ ബഹളമുണ്ടാക്കാം എന്നു മാത്രം.

Issac Puthiyavila.jpg

നിയമസഭയില്‍ തോമസ് ഐസക്കിന്റെ ബജറ്റ് വായന നടക്കുന്ന വേളയില്‍ തന്നെ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മനോജ് കെ.പുതിയവിള ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ-മെയിലായി അയച്ചുകൊടുത്തു എന്നതാണ് പ്രധാന വിവാദത്തിനാധാരം. വേണമെങ്കില്‍ അതിനെ എംബാര്‍ഗോ ആയി കണക്കാക്കാം. എംബാര്‍ഗോ ആയിരുന്നില്ല അബദ്ധമായിരുന്നു എന്ന് മനോജ് തന്നെ മന്ത്രിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ അക്കമിട്ട് നിരത്തി അന്തിമരൂപം നല്‍കിയ ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നിന്ന് നിയമസഭയിലേക്ക് തിരിക്കും മുമ്പ് അദ്ദേഹം സ്വന്തം ഇ-മെയിലില്‍ അറ്റാച്ച് ചെയ്ത് draft ആക്കി മാറ്റിയിരുന്നു. പിന്നീട് അയയ്ക്കാവുന്ന തരത്തില്‍ ഇത്തരം ഡ്രാഫ്റ്റുകള്‍ നമ്മളെല്ലാവരും തയ്യാറാക്കി സൂക്ഷിക്കാറുണ്ട്. പിന്നീട് കാറിലിരുന്ന് ഫോണ്‍ കൈകാര്യം ചെയ്യുന്ന വേളയില്‍ draft അബദ്ധത്തിന് sent ആയിപ്പോയതാണ്. വിവാദമുണ്ടായി ഏറെ നേരം കഴിഞ്ഞാണ് മനോജ് ഇത് മനസ്സിലാക്കിയതു തന്നെ. അദ്ദേഹത്തിന്റെ ഈ വിശദീകരണം സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണറിഞ്ഞത്. ഇട്ട പോസ്റ്റ് നീക്കാനും തിരിച്ചുപിടിക്കാനും പരിഷ്‌കരിക്കാനും ഫേസ്ബുക്കിലുള്ള സൗകര്യം ഇ-മെയിലിലും വാട്ട്‌സാപ്പിലും ഇല്ല എന്നതിന്റെ അനന്തരഫലമാണ് വിവാദം. എന്തായാലും മനോജിന്റെ അബദ്ധം എംബാര്‍ഗോ രൂപത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കൈയിലെത്തി. ബജറ്റ് വായന കഴിഞ്ഞയുടനെ ലൈവില്‍ നിന്ന് വിവരം നല്‍കാന്‍ ബാദ്ധ്യതയുള്ള ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പെട്ടെന്നു തന്നെ വാര്‍ത്ത തയ്യാറാക്കേണ്ടി വരുന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ പ്രധാന പോയിന്റുകള്‍ ലഭിക്കുന്നത് വലിയൊരു സൗകര്യം തന്നെയാണ്. ആ തരത്തില്‍ നോക്കുമ്പോള്‍ പ്രസക്ത ഭാഗങ്ങള്‍ നേരത്തേ അയച്ചത് തെറ്റല്ല എന്നു സാരം.

ഒരു പ്രത്യേക സമയത്തിനോ സാഹചര്യത്തിനോ ശേഷം മാത്രം വാര്‍ത്തയായി നല്‍കാനായി നേരത്തേ കൈമാറുന്ന വിവരങ്ങളാണ് ന്യൂസ് എംബാര്‍ഗോ. ഈ വ്യവസ്ഥ ലംഘിക്കപ്പെടുകയാണെങ്കില്‍ അതു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനോ മാധ്യമസ്ഥാപനത്തിനോ നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തി വാര്‍ത്താസ്രോതസ്സ് തിരിച്ചടി നല്‍കാറുണ്ട്. സാങ്കേതികമായി ദുര്‍ഗ്രഹമായ വിവരങ്ങള്‍ തെറ്റുകൂടാതെ വാര്‍ത്തയാക്കുന്നതിനുള്ള മുന്‍കൂര്‍ തയ്യാറെടുപ്പിന് അവസരം നല്‍കുക എന്നതാണ് പലപ്പോഴും എംബാര്‍ഗോയുടെ ലക്ഷ്യം. ലോക പ്രശസ്തമായ സയന്‍സ് മാസിക പ്രസിദ്ധീകരിക്കാനിരിക്കുന്ന ലേഖനങ്ങള്‍ ഞാനടക്കം കേരളത്തിലെ പല മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്‍കൂറായി ലഭിക്കാറുണ്ട്. ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രമേ വാര്‍ത്താരൂപത്തില്‍ ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പും ഉണ്ടാവും. മാതൃഭൂമിയിലായിരുന്നപ്പോള്‍ ഇത്തരം എത്രയോ ലേഖനങ്ങള്‍ എംബാര്‍ഗോ പിന്നിട്ട ശേഷം വാര്‍ത്തയാക്കി മാറ്റിയിരിക്കുന്നു. ഇത്തരത്തില്‍ കൃത്യമായി സയന്‍സ് മാഗസിന്‍ ലേഖനങ്ങള്‍ വാര്‍ത്തയാക്കുന്നയാളാണ് മാതൃഭൂമിയിലെ ജോസഫ് ആന്റണി. ജേര്‍ണലിസം ക്ലാസ് മുറിയില്‍ പഠിച്ച എംബാര്‍ഗോയുടെ പ്രായോഗികവശം ഞാന്‍ മനസ്സിലാക്കിയത് ജോസഫേട്ടനില്‍ നിന്നു തന്നെയാണ്.

എംബാര്‍ഗോ ‘മാന്യന്മാര്‍’ തമ്മിലുള്ള കരാറാണ്. എന്നാല്‍, അപൂര്‍വ്വമായിട്ടാണെങ്കിലും മാധ്യമസ്ഥാപനങ്ങള്‍ എംബാര്‍ഗോ സമയം ലംഘിക്കാറുണ്ട്. ആശയവിനിമയത്തിലെ വ്യക്തതയില്ലായ്മ നിമിത്തം ചിലപ്പോള്‍ ഇത് യാദൃച്ഛികമായി സംഭവിക്കുന്നതാവാം. ചിലപ്പോള്‍ മറ്റു സ്ഥാപനങ്ങളെ മത്സരത്തില്‍ പിന്തള്ളാന്‍ മനഃപൂര്‍വ്വം ലംഘിക്കുന്നതാവാം. ഏതായാലും എംബാര്‍ഗോ ലംഘിക്കുന്നത് വിശ്വാസവഞ്ചനയായാണ് കണക്കാക്കപ്പെടുന്നത്. മാധ്യമപ്രവര്‍ത്തന രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിശ്വാസവഞ്ചന! ഐസക്കിന്റെ ബജറ്റുമായി ബന്ധപ്പെടുത്തി എംബാര്‍ഗോ ചര്‍ച്ചാവിഷയമാകുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ ആരും അതു ലംഘിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം. അക്കാര്യത്തില്‍ മാന്യത ഞങ്ങള്‍ പുലര്‍ത്തിയിട്ടുണ്ട്.

സംഭവിച്ചത് ഇപ്രകാരമാണ്. എന്റെ അറിവില്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ 4 വാട്ട്‌സാപ്പ് ഗ്രൂപ്പുകളുണ്ട് -TVM Media, ഇന്നത്തെ പരിപാടി 1, ഇന്നത്തെ പരിപാടി 2, ഇന്നത്തെ പരിപാടി 3. വാര്‍ത്തകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക എന്നതാണ് ഈ ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രം പ്രവേശനമുള്ള ഗ്രൂപ്പാണ് TVM Media. എനിക്ക് ഈ ഗ്രൂപ്പില്‍ മാത്രമാണ് അംഗത്വമുള്ളത്. മനോരമ ന്യൂസിലെ തനേഷ് തമ്പി തുടക്കമിട്ട ഗ്രൂപ്പില്‍ 4 പേര്‍ അഡ്മിന്‍ പദവിയിലുണ്ട്. ജയ്ഹിന്ദ് ടിവിയിലെ സാജന്‍ ചിറയിന്‍കീഴാണ് ഇന്നത്തെ പരിപാടി ഗ്രൂപ്പുകളുടെ സൃഷ്ടാവും അഡ്മിനും. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഉദ്യോഗസ്ഥരും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമടക്കം വാര്‍ത്തയുമായി ബന്ധപ്പെട്ട വിപുലമായ വലയമുണ്ട്. ഒരു ഗ്രൂപ്പില്‍ പരമാവധി 256 പേര്‍ക്കു മാത്രമേ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്ന പരിമിതി മറികടക്കാനാണ് ഇന്നത്തെ പരിപാടി ഗ്രൂപ്പിന് 1, 2, 3 എന്നിങ്ങനെ വകഭേദങ്ങളുണ്ടായത്. 3 ഗ്രൂപ്പുകളിലും അംഗത്വമുള്ള ഏക വ്യക്തി സാജനാണ്. എല്ലാവരും അറിയേണ്ടതായി ഏത് ഇന്നത്തെ പരിപാടി ഗ്രൂപ്പില്‍ വിവരം വന്നാലും സാജന്‍ അത് മറ്റ് 2 ഗ്രൂപ്പുകളില്‍ കൂടി പങ്കിടും എന്നതാണ് രീതി. ഇന്നത്തെ പരിപാടി 1 ഗ്രൂപ്പില്‍ നേരത്തേ ഞാന്‍ അംഗമായിരുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ ദൈനംദിനെ കെട്ടുപാടുകള്‍ ഇപ്പോള്‍ എനിക്കില്ലാത്തതിനാല്‍ സ്വയം പിന്മാറി.

TVM Media.jpegഅബദ്ധമായിട്ടായിരുന്നാലും സുബദ്ധമായിട്ടായിരുന്നാലും രാവിലെ 10.48നാണ് ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളുമായുള്ള മനോജിന്റെ ഇ-മെയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടുന്നത്. കൃത്യം 10.51ന് ആ pdf ഫയല്‍ വീക്ഷണം ബ്യൂറോ ചീഫായ നിസാര്‍ മുഹമ്മദ് TVM Media, ഇന്നത്തെ പരിപാടി 1 ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു. ബജറ്റ് റിപ്പോര്‍ട്ടിങ് നടത്തുന്നവര്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണ് തനിക്കുണ്ടായിരുന്നത് എന്ന് നിസാര്‍ പിന്നീട് പലരോടും പറഞ്ഞിട്ടുണ്ട്. നിസാറിനെ നന്നായി അറിയാവുന്നതിനാല്‍ അത് സത്യമാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വാര്‍ത്താസംബന്ധമായ എന്തു വിവരം ലഭിച്ചാലും അത് exclusive അല്ലെങ്കില്‍ മറ്റുള്ളവരുമായി പങ്കിടുക എന്നത് നിസാറിന്റെ പതിവുമാണ്. ഇത്തരത്തില്‍ നിസാര്‍ ഇന്നത്തെ പരിപാടി 1 ഗ്രൂപ്പിലിട്ട ഫയല്‍ അഡ്മിനായ സാജന്‍ ഇന്നത്തെ പരിപാടി 2, ഇന്നത്തെ പരിപാടി 3 ഗ്രൂപ്പുകളില്‍ കൂടി പങ്കിട്ടു. ഇതിലെ ഒരു ഗ്രൂപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിലെ ഒരു ‘ഉന്നതന്‍’ അംഗമാണ്. അദ്ദേഹമാണ് ബജറ്റ് ചോര്‍ന്നു എന്ന അബദ്ധവാദം ആദ്യമായി ഉന്നയിക്കുന്നത്.

ഈ ‘ഉന്നതന്‍’ ആദ്യം ചെയ്തത് യു.ഡി.എഫ്. ബീറ്റ് കൈകാര്യം ചെയ്യുന്ന 2 ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ‘ബജറ്റ് ചോര്‍ച്ച’ വിവരം പറയുകയാണ്. എന്നാല്‍, അവര്‍ വാര്‍ത്ത ചെയ്യാന്‍ വിസമ്മതിച്ചു. ‘ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി അയച്ചുതന്നതാണ്. ഞങ്ങളുടെ തൊഴില്‍പരമായ സൗകര്യത്തിനു വേണ്ടി റിപ്പോര്‍ട്ടിങ്ങില്‍ പിഴവുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് മനോജ് അത് അയച്ചത്. അതു വാര്‍ത്തയാക്കാന്‍ പറ്റില്ല. അതു മാന്യതയല്ല’ -എംബാര്‍ഗോ എന്താണെന്ന് വ്യക്തമായി അറിയാവുന്ന അവര്‍ ചോര്‍ച്ച വാര്‍ത്ത നിഷ്‌കരുണം തള്ളി. വാര്‍ത്തയാക്കാനുള്ള ശ്രമം പാളിയെന്നു മനസ്സിലായ ‘ഉന്നതന്‍’ ഉടനെ തന്നെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെത്തുകയും ഫയല്‍ പ്രിന്റൗട്ടെടുത്ത് നിയമസഭയ്ക്കുള്ളില്‍ രമേശ് ചെന്നിത്തലയുടെ കൈയിലെത്തിക്കുകയുമായിരുന്നു. ആ പ്രിന്റൗട്ട് വെച്ചാണ് ചോര്‍ച്ചാവാദം ചെന്നിത്തല ഉന്നയിച്ചത്, ഉന്നയിക്കുന്നതും.

ബജറ്റിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ചതു സംബന്ധിച്ച് വി.ടി.ബലറാം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട് -‘നിയമസഭയില്‍ അവതരിപ്പിച്ച് തീരുന്നതിന് മുന്‍പേ സംസ്ഥാന ബജറ്റിന്റെ ഏതാണ്ട് പൂര്‍ണരൂപം, പദ്ധതികളും അവയ്ക്കായി അനുവദിക്കുന്ന തുകയും ഫിനാന്‍ഷ്യല്‍ ബ്രീഫും നികുതി ഇളവുകളുടെ വിശദവിവരങ്ങളും ഒക്കെ ധനമന്ത്രിയുടെ ഓഫീസ് തന്നെ പലര്‍ക്കുമായി ചോര്‍ത്തി നല്‍കിയിരിക്കുകയാണ്. ഇത് ഒരസാധാരണ സാഹചര്യമാണ്. ധനമന്ത്രിയെ സംബന്ധിച്ച് ഇത് സത്യപ്രതിജ്ഞയുടെ ഭാഗമായ ‘ഓത്ത് ഓഫ് സീക്രസി’യുടെ ലംഘനമാണ്. സൈബര്‍ സഖാക്കളോടൊപ്പം ധനമന്ത്രിയുടെ ഈ ബജറ്റ് ചോര്‍ത്തലിന്റെ ഗുണഭോക്താക്കളായ ചില മാധ്യമപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ തെറ്റില്ല എന്ന് ഏകപക്ഷീയമായി വിധിയെഴുതി ന്യായീകരിക്കുന്നുണ്ട്. അവര്‍ അവരുടെ നന്ദി കാണിക്കുന്നു എന്ന് കരുതിയാല്‍ മതി. ഐസക്ക് സഭക്കകത്ത് അവതരിപ്പിച്ച ബജറ്റില്‍നിന്ന് പുറത്ത് ചോര്‍ത്തിക്കിട്ടിയ ബജറ്റിനുള്ള ഏക വ്യത്യാസം അതില്‍ എംടി വാസുദേവന്‍ നായരുടെ ഉദ്ധരണികള്‍ ഇല്ല എന്നത് മാത്രമാണ്.’

ബലറാമിന്റെ അതിശയോക്തിപരമായ പോസ്റ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. മാണിയുടെ ബജറ്റ് സംബന്ധിച്ച ശക്തന്റെ റൂളിങ്ങില്‍ ഇതിനു മറുപടിയുണ്ട്. പിന്നെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച കുറിപ്പിനെ യഥാര്‍ത്ഥ ബജറ്റുമായി താരതമ്യം ചെയ്യുന്ന ആര്‍ക്കും ഇതിലെ പൊള്ളത്തരം മനസ്സിലാക്കാവുന്നതേയുള്ളൂ. 135 പേജുള്ള ബജറ്റും 15 പേജുള്ള പ്രസക്ത ഭാഗങ്ങളും ഒന്നാണത്രേ!! സ്വകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ഫേസ്ബുക്കിലിട്ടതിന് ബലറാമിനെ യു.ഡി.എഫിന്റെ തന്നെ സ്പീക്കറായ ജി.കാര്‍ത്തികേയന്‍ രൂക്ഷമായി വിമര്‍ശിച്ചത് ആരും മറക്കാറായിട്ടില്ല. സഭാനടപടികളില്‍ കാലമനുസരിച്ച് മാറ്റം വേണമെന്ന് അന്നു വാദിച്ചയാളാണ് ബലറാം. ഈ ബില്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവരില്‍ നിന്ന് അതു തേടാനായിരുന്നു തന്റെ ശ്രമം എന്നൊക്കെ അദ്ദേഹം വാദിക്കുന്നുണ്ട്. അപ്പോള്‍പ്പിന്നെ അതു ‘വേ…’ ഇതു ‘…റേ’ എന്നായി!!! ‘ബജറ്റ് ചോര്‍ത്തലിന്റെ ഗുണഭോക്താക്കളായ മാധ്യമപ്രവര്‍ത്തകര്‍’ എന്ന് വിശേഷിപ്പിക്കുന്ന ബലറാം എന്താണ് ഗുണം എന്നു മാത്രം പറഞ്ഞില്ല.

നികുതി സംബന്ധിച്ച വിശദാംശങ്ങള്‍ ചോര്‍ത്തി നല്‍കിയ അക്ഷന്തവ്യമായ അപരാധമാണെന്ന് പ്രതിപക്ഷവും അങ്ങനെ ചോര്‍ന്നിട്ടില്ലെന്ന് സൈബര്‍ സഖാക്കളും ശക്തിയുക്തം വാദിക്കുന്നുണ്ട്. രണ്ടു കൂട്ടര്‍ക്കും ഇപ്പോഴത്തെ നികുതി ഘടനയെപ്പറ്റി വലിയ ധാരണയില്ലെന്ന് പറയേണ്ടി വരും. ജി.എസ്.ടിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് ഇപ്പോള്‍ സാദ്ധ്യതയില്ല എന്ന അടിസ്ഥാന വിവരം അവര്‍ മനസ്സിലാക്കിയില്ല. ജി.എസ്.ടിയുടെ പരിധിയില്‍ വരാത്തത് എന്നു തോന്നിക്കുന്ന മേഖലകളില്‍ മാത്രം സംസ്ഥാന ബജറ്റിന് തൊടാം. അതില്‍ വലിയ സാദ്ധ്യതയില്ല എന്നതാണ് സത്യം.

ISSAC.jpg

ബജറ്റ് തയ്യാറാക്കുന്നതിനെപ്പറ്റി തോമസ് ഐസക്ക് അടക്കമുള്ള ധനമന്ത്രിമാരില്‍ നിന്ന് ചില വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതാവശ്യമാണ്. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി പിരിഞ്ഞാണ് ബജറ്റിന് അന്തിമരൂപം നല്‍കുക. വിവരസാങ്കേതികവിദ്യ ശക്തി പ്രാപിച്ചതോടെ കാര്യങ്ങള്‍ എളുപ്പമാണ്. എല്ലാം ഇ-മെയില്‍ മുഖേന. ബജറ്റ് പ്രസംഗം തയ്യാറാക്കുമ്പോള്‍ തര്‍ജ്ജമക്കാര്‍ ഒപ്പമുണ്ടാവും, മൂലരചനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ തത്സമയം തര്‍ജമയിലും പ്രതിഫലിപ്പിക്കാന്‍. ബജറ്റ് കണക്കിനു മേല്‍നോട്ടം വഹിക്കുന്നവര്‍ 27 വാല്യങ്ങളാണ് സാധാരണനിലയില്‍ പൂര്‍ത്തിയാക്കി അച്ചടിക്കാന്‍ കൈമാറുക. ഈ കണക്കുകളും പ്രസംഗത്തിലെ കണക്കും ഒന്നായിരിക്കണം. ഏറ്റവും പ്രധാനപ്പെട്ട സംഘം നികുതി ഉദ്യോഗസ്ഥരാണ്. നികുതി നിര്‍ദ്ദേശങ്ങള്‍ ചോരരുത് എന്നുള്ളതിനാല്‍ അവയ്ക്ക് അവസാനരൂപം നല്‍കുക ഏറ്റവുമൊടുവിലാണ്. ജി.എസ്.ടിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് കാര്യമായ പണി ഇത്തവണ ഉണ്ടായിരുന്നില്ല. പുതിയ നികുതി നിര്‍ദ്ദേശങ്ങളില്‍ നിന്നുള്ള അധികവരുമാനവും അതിനാല്‍ത്തന്നെ ഇത്തവണ വലിയ തലവേദനയായില്ല. കണക്കുകളെല്ലാം കൂട്ടിയോജിപ്പിക്കുന്നത് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയാണ്. കുറച്ചുകാലമായി അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെയാണ് ആ പദവിയില്‍. ബജറ്റ് ടൈ എന്നു വിളിക്കുന്ന വരവിന്റെയും ചെലവിന്റെയും സംക്ഷിപ്തരൂപം തയ്യാറാക്കുന്നത് അദ്ദേഹമാണ്.

ബജറ്റ് പ്രസംഗ രൂപം തയ്യാറായാല്‍ ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കൂടി മുഖ്യമന്ത്രിയെ അത് പൂര്‍ണ്ണമായി വായിച്ചു കേള്‍പ്പിക്കും. അങ്ങനെ മുഖ്യമന്ത്രി അംഗീകരിച്ച ശേഷമാണ് ബജറ്റ് പ്രസംഗം നിയമസഭയിലെത്തുക. ‘സര്‍, കേരള സംസ്ഥാനത്തിന്റെ ഇത്രാമത് സാമ്പത്തികവര്‍ഷത്തെ ബജറ്റ് ഞാന്‍ നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്’ -എന്ന് ധനമന്ത്രി പറഞ്ഞുകഴിഞ്ഞാല്‍ ബജറ്റ് അവതരണമായി. പിന്നെ ബജറ്റ് വായനയാണ്. ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ച് വായന വേണമെങ്കില്‍ ഒഴിവാക്കാം. 2015-16ല്‍ മാണി ചെയ്തത് അതാണ്. എന്നാല്‍, എല്ലാ ചാനലുകളിലും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാനുള്ള അവസരം ഒരു ധനമന്ത്രിയും പാഴാക്കില്ല, ബജറ്റ് പൂര്‍ണ്ണമായി വായിക്കും. ഇത്തവണ ബജറ്റ് ചോര്‍ന്നു എന്നു പറഞ്ഞുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നായിരിക്കാം ചില ഖണ്ഡികകള്‍ ഐസക്ക് വായിക്കാതെ വിട്ടു. വായിക്കാത്ത ഭാഗങ്ങള്‍ ബജറ്റ് സഭയുടെ മേശപ്പുറത്തു വെച്ചതോടെ സ്വാഭാവികമായി അതിന്റെ ഭാഗമായി.

ചോര്‍ച്ചയുടെ പേരില്‍ ധനമന്ത്രി രാജിവെയ്ക്കണമെന്നും പുതിയ ധനമന്ത്രി പുതുക്കിയ ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷത്തു നിന്ന് മുറവിളി ഉയരുന്നു. പക്ഷേ, അപ്പോഴും മുന്‍ സര്‍ക്കാരിന്റെ കാലത്തേതു പോലെ ബജറ്റ് വിറ്റുവെന്ന് ആരും പറയുന്നില്ല എന്നതാണ് രസകരം. ബജറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ബജറ്റിലൂടെ തങ്ങളുടെ മണ്ഡലത്തിനുണ്ടായ നേട്ടങ്ങള്‍ ആഘോഷിക്കുന്നു എന്നത് വിരോധാഭാസം. യു.ഡി.എഫ്. യുവനിരയിലെ കെ.എസ്.ശബരീനാഥനും റോജി എം.ജോണും ഇതിന് പ്രകടമായ ഉദാഹരണങ്ങളാണ്.

MM SABARI.jpg

‘ഇനി വരും വര്‍ഷങ്ങളില്‍ കേരള ബജറ്റ് വാട്ട്‌സാപ്പ് വീഡിയോയിലൂടെ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു’ ശബരീനാഥന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഐസക്കിനെ കളിയാക്കിയിരിക്കുകയാണ്. ഇതേ ശബരി തന്നെ മലയാള മനോരമയില്‍ പ്രസ്താവന രൂപത്തില്‍ വെണ്ടയ്ക്ക നിരത്തിച്ചിട്ടുണ്ട് -‘അരുവിക്കരയുടെ വികസനത്തിന് 155 കോടിയുടെ പദ്ധതികള്‍: കെ.എസ്.ശബരീനാഥന്‍’!!! ‘അങ്കമാലി കുടിവെള്ള പദ്ധതി വിപുലീകരണത്തിനായി ബജറ്റില്‍ 116 കോടി രൂപ’ എന്നു പറഞ്ഞാണ് ഫേസ്ബുക്കില്‍ റോജിയുടെ ആഘോഷം. ഇവര്‍ നിയമസഭയില്‍ ബഹളത്തിന് മുന്‍നിരയിലുണ്ടായിരുന്നവര്‍. ബജറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍. ഇനി പുതിയ ബജറ്റ് വന്നാല്‍ ഇപ്പോള്‍ ലഭിച്ച പദ്ധതികളൊക്കെ അപ്പോഴും ലഭിക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ? ബഹളം ഇരുവര്‍ക്കും ഇനിയും തുടരാം!! അതവരുടെ ജോലിയാണ്!!!

ഏതായാലും ഇല്ലാത്ത ചോര്‍ച്ചയുടെ പേരില്‍ മനോജിനെ ധനമന്ത്രിയുടെ സ്റ്റാഫില്‍ നിന്നൊഴിവാക്കി. ഇത് സര്‍ക്കാര്‍ കാണിച്ച അബദ്ധമാണെന്നു ഞാന്‍ പറയും. ചോര്‍ച്ചയില്ലെങ്കില്‍ പിന്നെന്തിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു എന്ന ചോദ്യം ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് കിട്ടുന്ന ഏക പിടിവള്ളിയാണ്. പ്രവര്‍ത്തനത്തില്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ല എന്നതാണ് മനോജിനെ മാറ്റാനുള്ള കാരണമെന്ന് ഔദ്യോഗിക വിശദീകരണം. അബദ്ധത്തെ വേണമെങ്കില്‍ അവധാനതയില്ലായ്മ എന്നും പറയാം.

MV 1.jpg

MV 2.jpg

ഇനി മെട്രോ വാര്‍ത്തയില്‍ വന്ന ബജറ്റ് വാര്‍ത്ത സംബന്ധിച്ച്. വിശദീകരണത്തിന് ബജറ്റുമായി ബന്ധപ്പെട്ട ഒന്നും ഞാന്‍ തൊടുന്നില്ല. നേരെ മറിച്ച് എല്ലാവരും മറന്നുതുടങ്ങിയ സരിത നായരെ കൂട്ടുപിടിക്കുകയാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ താന്‍ എഴുതിയത് എന്നു പറയപ്പെടുന്ന കത്തും ഉയര്‍ത്തിപ്പിടിച്ച് സരിത നടത്തിയ പത്രസമ്മേളനം. ആ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നത് എങ്ങനെയെന്ന് ഓര്‍മ്മയുണ്ടോ? ദേശാഭിമാനിയിലെ മനു വിശ്വനാഥ് എന്ന ഫൊട്ടോഗ്രാഫര്‍ പ്രകടിപ്പിച്ച സൂക്ഷ്മമായ നിരീക്ഷണ പാടവം!! തല്‍ക്കാലം ഈ താരതമ്യം മാത്രമേ ചൂണ്ടിക്കാട്ടാനുള്ളൂ. മന്ത്രിയുടെ അവധാനതയില്ലായ്മ എന്നു വേണമെങ്കില്‍ ഞാന്‍ പറയും. ‘വിശ്വാസം, അതല്ലേ എല്ലാം’ എന്നു മന്ത്രി തിരിച്ചുചോദിച്ചാല്‍ എനിക്കു മറുപടിയില്ല.

saritha-nair-1.jpg

Saritha Nair.jpg

ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് കുറച്ചു ദിവസം കൂടി ബഹളം വെയ്ക്കാം എന്നല്ലാതെ ഈ വിഷയത്തില്‍ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ബജറ്റ് സംബന്ധിച്ച നിയമസഭയുടെ ചട്ടങ്ങള്‍ വ്യക്തമാണ്. പക്ഷേ, പ്രതിപക്ഷത്തിന് പ്രതീക്ഷയുണ്ട്. 13 എന്ന അക്കത്തിനുള്ള ദൗര്‍ഭാഗ്യവും മന്‍മോഹന്‍ ബംഗ്ലാവ് എന്ന ഔദ്യോഗിക വസതിക്കുള്ള ദുഷ്‌പേരും ഐസക്കിനെ വീഴ്ത്തുമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ചാത്തന്മാര്‍ ഐസക്കിനെപ്പോലുള്ള അവിശ്വാസികളെ തൊടില്ലെന്നും വിശ്വാസികളെ മാത്രമേ പിടികൂടുകയുള്ളൂ എന്നും ആ പാവങ്ങള്‍ക്ക് അറിയില്ലല്ലോ!!!

 


ഡോ.തോമസ് ഐസക്കിന്റെ 2017-18 ബജറ്റ് പ്രസംഗം
മനോജ് കെ.പുതിയവിളയുടെ 2017-18 ബജറ്റ് പ്രസക്ത ഭാഗങ്ങള്‍

Previous articleഉമിനീരില്‍ ബീജം തിരയുന്നവര്‍
Next articleസ്വപ്‌നസഞ്ചാരി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here