HomeECONOMYഭാഗ്യത്തിൻറെ ...

ഭാഗ്യത്തിൻറെ നികുതി

-

Reading Time: 3 minutes

12 കോടിയുടെ ബമ്പർ അടിച്ച ജയപാലനു നികുതിയും കമ്മീഷനും കഴിഞ്ഞ് ഏഴു കോടി 39 ലക്ഷം രൂപയാണ് കിട്ടിയത്. ഈ തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടതോടെ വീണ്ടും നികുതിയായി ഒരു കോടി 45 ലക്ഷം രൂപ അടയ്ക്കാൻ നിർദ്ദേശം വന്നു. എല്ലാ നികുതിയും കഴിഞ്ഞല്ലേ തുക കിട്ടിയതെന്നു ചോദിച്ചെങ്കിലും ഈ തുക അടയ്ക്കണമെന്ന് പിന്നെയും നോട്ടീസ് വന്നു. ഇതോടെ സ്ഥിരനിക്ഷേപ ബോണ്ട് പൊളിച്ച് ആ തുക അടയ്ക്കേണ്ടി വന്നു.

കഴിഞ്ഞ തവണ, അതായത് 2021ല്‍ ഓണം ബമ്പര്‍ അടിച്ച ആളിന്റെ അനുഭവം സംബന്ധിച്ച് ഇന്നു വന്ന വാര്‍ത്തയാണ്. കമ്മീഷന്‍ ഒഴിച്ചുള്ള 10 കോടി 80 ലക്ഷം രൂപയുടെ 30 ശതമാനം നികുതി നല്കിയ ആള്‍ വീണ്ടു എന്തിനു നികുതി നല്കണം എന്ന ചോദ്യം സ്വാഭാവികം. നിക്ഷേപത്തിന് വര്‍ഷം തോറും പലിശയായി ലഭിക്കുന്ന തുകയ്ക്ക് നികുതി കൊടുത്താല്‍ പോരേ?

അടുത്ത വര്‍ഷം ഓണം ബമ്പര്‍ നറുക്കെടുപ്പ് ഫലം വരുമ്പോള്‍ ഇപ്പോഴത്തെ വിജയിയായ തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി അനൂപും ഇത്തരമൊരു ആരോപണമോ പരാതിയോ ആയി വരുമെന്നുറപ്പ് -“നികുതി എല്ലാം കഴിഞ്ഞ് എനിക്കു കിട്ടിയ 15 കോടി 75 ലക്ഷം രൂപയ്ക്ക് വീണ്ടും രണ്ടു കോടി 86 ലക്ഷം നികുതി അടയ്ക്കാന്‍ സര്‍ക്കാര്‍ പറഞ്ഞു.” സര്‍ക്കാരിനെയും ആദായനികുതി വകുപ്പിനെയും ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിപ്പൊരിക്കാന്‍ വകുപ്പുണ്ട്.

ഓണം ബമ്പര്‍ സമ്മാനത്തുക 25 കോടി രൂപയാണ്. ഇതില്‍ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചാല്‍ 15 കോടി 75 ലക്ഷം രൂപയാണ് അനൂപിനു കിട്ടുക എന്ന വാര്‍ത്ത ഏതാണ്ടെല്ലാ മാധ്യമങ്ങളും നല്കിയിട്ടുണ്ട്. സമ്മാനജേതാവും ഇതു തന്നെ വിശ്വസിക്കുന്നു. 25 കോടിയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍ -രണ്ടു കോടി 50 ലക്ഷം ആ വകയില്‍ പോയാല്‍ ബാക്കി 22 കോടി 50 ലക്ഷം. ഇതിനുമേല്‍ 30 ശതമാനം ടി.ഡി.എസ്. (സ്രോതസ്സില്‍ പിരിക്കുന്ന നികുതി) ആയ ആറു കോടി 75 ലക്ഷം കുറച്ചാല്‍ ബാക്കി 15 കോടി 75 ലക്ഷം. ഇതുവരെ കണക്ക് കൃത്യം.

പക്ഷേ, നികുതി അവിടെ തീരുന്നില്ല. ഇത് ആരും പറയുന്നില്ല. വാര്‍ത്തയിലെങ്ങും കണ്ടുമില്ല. 2021ലെ ബമ്പര്‍ ഭാഗ്യവാന്‍ ജയപാലന്‍ കൊടുക്കേണ്ടി വന്നത് ഈ അധിക തുകയാണ്. ഇത്തവണത്തെ ഭാഗ്യവാന്‍ അനൂപ് നല്‍കേണ്ടി വരുന്നതും ഈ അധിക തുക തന്നെ. അഞ്ചു കോടിക്കു മുകളില്‍ വരുമാനമുള്ളവര്‍ നികുതിക്കുമേല്‍ 37 ശതമാനം സര്‍ച്ചാര്‍ജ്ജ് നല്‍കണം എന്ന വ്യവസ്ഥയുള്ള കാര്യം ഇവർക്കറില്ല. ഇവരോടാരും പറഞ്ഞുമില്ല. ടി.ഡി.എസ്. പിടിച്ച ആറു കോടി 75 ലക്ഷത്തിന്റെ 37 ശതമാനം എന്നു പറയുമ്പോള്‍ രണ്ടു കോടി 49 ലക്ഷത്തി എഴുപത്തയ്യായിരം (2,49,75,000) രൂപ വരും സര്‍ച്ചാര്‍ജ്ജ്.

ഇനിയും തീര്‍ന്നില്ല -നികുതിയും സര്‍ച്ചാര്‍ജ്ജും ചേര്‍ന്ന തുകയുടെ നാലു ശതമാനം ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് ഉണ്ട്. ആറു കോടി 75 ലക്ഷവും രണ്ടു കോടി 49 ലക്ഷത്തി എഴുപത്തയ്യായിരവും ചേര്‍ന്ന് ഒമ്പതു കോടി 24 ലക്ഷത്തി എഴുപത്തയ്യായിരത്തിന്റെ (6,75,00,000 + 2,49,75,000 = 9,24,75,000) നാലു ശതമാനം -36 ലക്ഷത്തി തൊണ്ണുറ്റിയൊമ്പതിനായിരം (36,99,000) രൂപ! അങ്ങനെ നോക്കുമ്പോള്‍ 25 കോടിയില്‍ ഏജന്‍സി കമ്മീഷന്‍ കഴിച്ചുള്ള 22 കോടി 50 ലക്ഷത്തിന് ആകെ നികുതി ബാദ്ധ്യത ഒമ്പതു കോടി 61 ലക്ഷത്തി എഴുപത്തിനാലായിരം (9,61,74,000) രൂപയാണ്. ഇതില്‍ ലോട്ടറി വകുപ്പ് പിടിക്കുന്ന ടി.ഡി.എസ്. ആറു കോടി 75 ലക്ഷം രൂപ മാത്രം. ബാക്കി സര്‍ച്ചാര്‍ജ്ജും സെസ്സും പണം ലഭിച്ചയാള്‍ നേരിട്ടടയ്ക്കണം.

അനൂപിന് ഒക്ടോബറില്‍ ടി.ഡി.എസ്. കിഴിച്ചുള്ള 15 കോടി 75 ലക്ഷം രൂപ സമ്മാനത്തുക ലഭിക്കും. ഇതില്‍ നിന്ന് രണ്ടു കോടി 86 ലക്ഷത്തി എഴുപത്തിനാലായിരം (2,86,74,000) രൂപ ഡിസംബറിനു മുമ്പു തന്നെ അനൂപ് സര്‍ച്ചാര്‍ജ്ജും സെസ്സും കെട്ടണം. വൈകുന്ന ഓരോ മാസത്തിനും ഒരു ശതമാനം പിഴയുണ്ട്. ഇല്ലെങ്കില്‍ വര്‍ഷാവസാനം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയുമ്പോള്‍ അധികനികുതി പിഴയും ചേര്‍ത്ത് അടയ്ക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷത്തെ ഭാഗ്യവാന്‍ ജയപാലന്‍ അടയ്ക്കേണ്ടി വന്ന ഒരു കോടി 45 ലക്ഷം രൂപ ഇങ്ങനെ വന്നതാണ്.

ഭാഗ്യക്കുറിയില്‍ വലിയ തുക സമ്മാനം കിട്ടിയാല്‍ ഉടനടി നല്ലൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടുന്നതാണ് അഭികാമ്യം. ലോട്ടറി വകുപ്പിന് 30 ശതമാനം ടി.ഡി.എസ്. പിടിക്കാന്‍ മാത്രമേ അധികാരമുള്ളൂ. ബാക്കി നികുതിയെക്കുറിച്ച് അവര്‍ മിണ്ടില്ല. അപ്പോള്‍ 25 കോടിയുടെ ഭാഗ്യം ലഭിച്ച അനൂപിന് ഉപയോഗിക്കാനാവുക 12 കോടി 88 ലക്ഷം രൂപ മാത്രമാണ്. വാര്‍ത്തകളില്‍ പറയുന്നതു പോലെ 15 കോടി 75 ലക്ഷം രൂപയല്ല!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights