Reading Time: 3 minutes

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഓഫീസില്‍ പോയിരുന്ന ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ടെക്കികളടക്കം പലര്‍ക്കും ഇതൊരു പുതുമയാണെങ്കിലും എനിക്ക് അങ്ങനെയല്ല. കാരണം പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോലി ഇല്ലാത്തതിനാല്‍ വീട്ടിലിരുന്നു തന്നെയാണ് പണികള്‍ മുഴുവനും -ലോക്ക്ഡൗണായാലും അല്ലെങ്കിലും. ഒരു ലാപ്ടോപ്പും മൊബൈല്‍ ഫോണില്‍ നിന്ന് ടെതര്‍ ചെയ്യുന്ന ഇന്റര്‍നെറ്റുമാണ് പണിയായുധങ്ങള്‍. സാമാന്യം വേഗത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നതിനാല്‍ എഴുത്തു പണികള്‍ മോശമല്ലാതെ നടന്നുപോകാറുണ്ട്.

14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, Intel Core i5 8250U പ്രൊസസര്‍, NVIDIA GeForce MX130 ഗ്രാഫിക്‌സ്, 512GB സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് (SSD), Active Pen സപ്പോര്‍ട്ട് -ഇതെല്ലാമടങ്ങുന്ന Lenovo YOGA 530 ആണ് കൈയിലുള്ളത്. Windows 10 64 bit ആണ് പ്രവര്‍ത്തകം. സാമാന്യേന വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇതുവരെയില്ലാത്തവണ്ണം ഇന്റര്‍നെറ്റ് വലിഞ്ഞു തുടങ്ങി. 5 മിനിറ്റില്‍ ചെയ്തിരുന്ന പണി 50 മിനിറ്റു കൊണ്ടും തീരാതായി. ലോക്ക്ഡൗണ്‍ നിമിത്തം എല്ലാവരും വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു കാരണമുണ്ടായ internet congestion ആയിരിക്കുമെന്നു കരുതി. എന്നാലും വേഗം കുറയുന്നതിന് ഒരു പരിധിയൊക്കെ വേണ്ടേ? അങ്ങനെയാണ് വേറെ വല്ല കാരണവുമുണ്ടോ എന്ന അന്വേഷണവുമായി ഇറങ്ങിയത്. അതിനു ഫലമുണ്ടായി. പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.

വിന്‍ഡോസ് 10ല്‍ കടന്നുകൂടിയിട്ടുള്ള ചെറിയൊരു bug നിമിത്തം ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ തടസ്സം നേരിടാനിടയുണ്ടെന്ന് ഒരാഴ്ച മുമ്പ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. Microsoft Teams, Outlook, Office 365, Internet Explorer, Microsoft Edge എന്നിവയുടെ പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിക്കാനിടയുണ്ടെന്നും മൈക്രോസോഫ്റ്റ് അറിയിക്കുകയുണ്ടായി. ഏപ്രില്‍ ആദ്യ ആഴ്ച കഴിയുന്നതോടെ ഇതിനു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഇപ്പോള്‍ ലോകത്തു നിലനില്‍ക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോടിക്കണക്കിനാളുകളാണ് ഓഫീസുകളില്‍ നിന്നു മാറി സ്വന്തം പാര്‍പ്പിടങ്ങളിലിരുന്ന് ജോലി ചെയ്യുന്നത്. ഇവരില്‍ വലിയൊരു ഭാഗം വിന്‍ഡോസ് 10 പ്രവര്‍ത്തകം ഉപയോഗിക്കുന്നവരാണ്. ഈ നിലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം വൈകുന്നത് ആത്മഹത്യാപരമാണെന്ന് മൈക്രോസോഫ്റ്റ് തിരിച്ചറിഞ്ഞു. അങ്ങനെ അവര്‍ പരിഹാരവുമായി വന്നു, നേരത്തേ പറഞ്ഞിരുന്നതിനും വളരെ മുമ്പ്.

ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് Windows 10 KB4554364 എന്ന fix മാര്‍ച്ച് 31ന് മൈക്രോസോഫ്റ്റ് പുറത്തിറക്കി. ഇത് സാധാരണ വിന്‍ഡോസ് അപ്ഡേറ്റ് പാക്കേജിന്റെ ഭാഗമായി വരില്ല. ആവശ്യക്കാര്‍ നേരിട്ട് മൈക്രോസോഫ്റ്റ് അപ്ഡേറ്റ് കാറ്റലോഗില്‍ നിന്നു പരതിയെടുത്ത് തങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.

ഫെബ്രുവരി 27ന് മൈക്രോസോഫ്റ്റ് പുറത്തുവിട്ട Windows 10 KB4535996 എന്ന അപ്ഡേറ്റ് മുതലാണ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് കമ്പ്യൂട്ടര്‍ വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് ആഗോളതലത്തില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുകയും പ്രസ്തുത അപ്ഡേറ്റ് കമ്പ്യൂട്ടറില്‍ നിന്നു നീക്കിയാല്‍ പ്രശ്നം പരിഹരിക്കാമെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഭൂരിഭാഗവും അതിന്റെ സാങ്കേതികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ദ്ധരല്ല എന്നതിനാല്‍ Windows 10 KB4535996 എന്ന അപ്ഡേറ്റ് കണ്ടെത്തി നീക്കുക പ്രായോഗികമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ Windows 10 KB4554364 അപ്ഡേറ്റ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രശ്നം പരിഹരിക്കാന്‍ Windows 10 KB4554364 ലഭിക്കുന്നതിന് ഇപ്രകാരം ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിന് അനുയോജ്യമായ installation file കിട്ടണമെങ്കില്‍ അതിലുള്ള വിന്‍ഡോസ് പ്രവര്‍ത്തകത്തിന്റെ വിശദാംശങ്ങള്‍ കൈയിലുണ്ടാവണം. അത് ലഭിക്കാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ Settings > System > About നോക്കുക. അതില്‍ നിങ്ങളുടെ വിന്‍ഡോസ് പ്രവര്‍ത്തകം 32 bit ആണോ 64 bit ആണോ എന്നറിയാം.

  • മൈക്രോസോഫ്റ്റ് അപ്ഡേറ്റ് കാറ്റലോഗ് വെബ്സൈറ്റില്‍ കയറുക.
  • KB4554364 പരതുക.
  • നിങ്ങളുടെ വിന്‍ഡോസ് പ്രവര്‍ത്തകത്തിന് അനുയോജ്യമായ (32 / 64 bit) ഫയല്‍ ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക.
  • ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തിക്കഴിയുമ്പോള്‍ ആ Microsoft Update Standalone Package (.msu) ഫയല്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കമ്പ്യൂട്ടര്‍ റിസ്റ്റാര്‍ട്ട് ചെയ്യുക.

ആകെ 357 മെഗാബൈറ്റാണ് Windows 10 KB4554364 അപ്ഡേറ്റിന്റെ വലിപ്പം. അതിനാല്‍ വേഗം കുറഞ്ഞ ഇന്റര്‍നെറ്റായാലും ഡൗണ്‍ലോഡ് ചെയ്യാന്‍ അധികസമയം വേണ്ടി വരില്ല. ഈ അപ്ഡേറ്റ് ഇന്സ്റ്റാള്‍ ചെയ്യുന്നതോടെ കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടാവും. എനിക്കുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചു. ആവശ്യമുള്ളവര്‍ക്ക് ഈ വിദ്യ പ്രയോജനപ്പെടുത്താം.

Previous articleഅധികാരദുര്‍വിനിയോഗം അയോഗ്യത തന്നെ
Next articleകേരളത്തിനിത് അഭിമാനനിമിഷം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here