“ഇനി മുതല്‍ എല്ലാ ദിവസവും ഉണ്ടാവില്ല. നമുക്ക് ഇടയ്ക്കിടയ്ക്ക് കാണാം.” -മുഖ്യമന്ത്രി പേടിച്ചോടി എന്നു വ്യാഖ്യാനിക്കാന്‍ ഇത്രയും മതിയായിരുന്നു.
ചൊറിയന്‍തവള മസില്‍ പെരുപ്പിച്ചപ്പോള്‍ പാണ്ടിലോറി വഴിമാറിപ്പോയി എന്നു വരെ വന്നു തള്ള്.
ശരിക്കും ആരാണ് തള്ളുന്നത്?? pic.twitter.com/0afsQTPa8I
— V S Syamlal (@VSSyamlal) April 17, 2020
എപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം തുടങ്ങിയത്?
ആരോഗ്യ വകുപ്പ് നോക്കി നടത്തിയിരുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകള്‍ക്കും കൂടുതല്‍ ചുമതല നല്‍കി കേന്ദ്രീകൃത കമാന്‍ഡിനു കീഴിലാക്കിയപ്പോള്‍ മുതല്‍.
കാര്യങ്ങള്‍ ഗുരുതരമാവുന്നു എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് ബാറ്റണ്‍ ഏറ്റെടുത്തത്.
അതുവരെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കായിരുന്നു കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ചുമതല.
എല്ലാ വകുപ്പുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമാന്‍ഡ് എല്ലാ ദിവസവും വൈകീട്ട് 4ന് യോഗം ചേരും -കോവിഡ് അവലോകന യോഗം.
ഈ യോഗത്തിന്റെ തീരുമാനങ്ങള്‍ വൈകീട്ട് 6ന് മുഖ്യമന്ത്രി നാട്ടുകാരോടു പറയും.
മുഖ്യമന്ത്രി സംസാരിക്കാനിരിക്കുമ്പോള്‍ ഇരുവശങ്ങളിലുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ഉണ്ടാകും.
അരികില്‍ ചീഫ് സെക്രട്ടറി ടോം ജോസുമുണ്ടാവും.
നരേന്ദ്ര മോദിജിയെപ്പോലെ വണ്‍വേ ട്രാഫിക് അല്ലാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുകയും പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചെയ്യാം.
മുഖ്യമന്ത്രി മറുപടി പറയും.
ഇതിന്റെയൊക്കെ ലൈവ് മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വരും.
കണക്കനുസരിച്ച് മാധ്യമങ്ങളിലൂടെ കാണുന്നതിനെക്കാള്‍ കൂടുതലാളുകള്‍ ഈ ഫേസ്ബുക്ക് ലൈവാണ് കാണുന്നത്.
കാരണം ലോകത്തെല്ലായിടത്തും ഈ ചാനലുകള്‍ കിട്ടില്ലല്ലോ!
സര്‍ക്കാരും ജനങ്ങളും ഒത്തൊരുമയോടെ ശ്രമിച്ചതോടെ കോവിഡിന്റെ താണ്ഡവശേഷി കുറഞ്ഞു.
രോഗവ്യാപനം നിയന്ത്രണവിധേയമാണ് എന്ന വിലയിരുത്തലുണ്ടായി.
അതോടെ കേന്ദ്രീകൃത കമാന്‍ഡ് അഥവാ കോവിഡ് അവലോകന യോഗം എല്ലാ ദിവസവും ആവശ്യമില്ല എന്ന നിലവന്നു.
അവലോകന യോഗം ഇല്ലാതെ എന്തു പറയാന്‍ എന്നതിനാല്‍ മുഖ്യമന്ത്രിയുടെ സംസാരവും ആവശ്യമില്ലെന്നു തീരുമാനിച്ചു.
അതാണ് അദ്ദേഹം പറഞ്ഞത് -“ഇനി മുതല്‍ എല്ലാ ദിവസവും ഉണ്ടാവില്ല. നമുക്ക് ഇടയ്ക്കിടയ്ക്ക് കാണാം.”
ഇത് ഇത്രയും ദിവസം പറയാതിരുന്നത് അതിന് അവസരം വരട്ടെ എന്നു കരുതി തന്നെയാണ്.
ഇന്ന് -2020 ഏപ്രില്‍ 20 തിങ്കളാഴ്ച വൈകുന്നേരം 4ന് തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ കോവിഡ് അവലോകന യോഗം.
വൈകുന്നേരം 6ന് പതിവുപോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോടു സംസാരിക്കുന്നു.
അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലൈവ്.
മുഖ്യമന്ത്രി പേടിച്ചോടി എന്നു പറഞ്ഞവരടക്കമുള്ള ചാനലുകളിലും ലൈവ്.
അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശദമായി നാളെ –2020 ഏപ്രില്‍ 21 ചൊവ്വാഴ്ച രാവിലെ ഇറങ്ങുന്ന പത്രങ്ങളിലും.
പാണ്ടിലോറിക്കു മുന്നില്‍ മസിലു പെരുപ്പിച്ച ചൊറിയന്‍ തവളകള്‍ ഇവിടെത്തന്നെയുണ്ടല്ലോ അല്ലേ എന്ന അന്വേഷണവുമായി മുന്നോട്ടു നീങ്ങുമ്പോഴാണ് അടുത്ത വിവരം മുന്നിലെത്തിയത്. ഇപ്പോഴത്തെ നിലയില്‍ ലോക്ക്ഡൗണ്‍ തീരുന്ന മെയ് 3 വരെ അവധിദിനങ്ങളിലൊഴികെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാവും. എല്ലാ ദിവസവും വൈകുന്നേരം 6ന്.
ചൊറിയന്‍ തവളകള്‍ മെരിച്ച്!!!