എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കോളേജ് വിദ്യാഭ്യാസ കാലമാണെന്നു നിസ്സംശയം പറയാം. 1990കളുടെ കാര്യമാണ് പറയുന്നത്, ഇപ്പോഴത്തെ നെഹ്‌റു കോളേജ് പോലുള്ളവയല്ല. കോളേജ് പഠനത്തിന്റെ ആദ്യ 2 വര്‍ഷം തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലായിരുന്നു -പ്രി ഡിഗ്രി. പിന്നീടുള്ള 5 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ -ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എയും എം.എയും. ആ കാലത്ത് ജീവിതത്തിലേക്ക് വന്നു കയറിയവര്‍ ഇപ്പോഴും ശക്തമായി ഒപ്പമുണ്ട്. എന്താവശ്യമുണ്ടെങ്കിലും ഇപ്പോഴും ഓടിയെത്തുന്നത് കോളേജില്‍ നിന്നു കിട്ടിയ സുഹൃത്തുക്കള്‍ തന്നെ. അതിനുശേഷം വന്ന സുഹൃത്തുക്കള്‍ക്ക് വിലയില്ല എന്നര്‍ത്ഥമില്ല, പക്ഷേ അത്രയ്ക്കങ്ങോട്ട് എത്തിയില്ല.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു കിട്ടിയതാണ് എനിക്ക് അന്നയെ. 22 വര്‍ഷം പഴക്കമുള്ള സൗഹൃദം. കൃത്യമായി പറഞ്ഞാല്‍ അന്നയെ ആദ്യമായി കാണുന്നത് 1995 ജൂണില്‍. യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലീഷ് എം.എ. ക്ലാസ് മുറിയില്‍. അവിടെത്തന്നെയാണ് ബി.എയ്ക്കു പഠിച്ചതെങ്കിലും ക്ലാസ്സില്‍ കയറുക എന്ന ‘ദുശ്ശീലം’ തീരെ ഇല്ലാതിരുന്നതിനാല്‍ ഒപ്പം പഠിച്ച പെണ്‍കുട്ടികളുമായി വലിയ സൗഹൃദമുണ്ടായിരുന്നില്ല. ബി.എയ്ക്ക് ഒപ്പം പഠിച്ച പുരുഷ കേസരികളൊന്നും എം.എ. പഠിക്കാന്‍ വന്നുമില്ല. പക്ഷേ, എം.എയ്ക്ക് ക്ലാസ്സില്‍ കയറണമെന്നും നല്ല മാര്‍ക്ക് വാങ്ങണമെന്നും ഉറപ്പിച്ചിരുന്നു. ഒറ്റയാനായിരുന്ന എനിക്ക് ക്ലാസ്സിലെ സൗഹൃദങ്ങളിലേക്കുള്ള വാതില്‍ തുറന്നുതന്നത് അന്നയാണ്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലാണ് അന്ന മാത്യൂസ് ബി.എ. പഠനം പൂര്‍ത്തിയാക്കിയത്. ഞങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജുകാര്‍ക്ക് പണ്ടേ ഇവാനിയോസുകാരുടെ പോഷ് രീതികള്‍ ഇഷ്ടമല്ല. അതിന്റേതായ പ്രശ്‌നങ്ങള്‍ എനിക്കും അന്നയ്ക്കുമിടയില്‍ ആദ്യമുണ്ടായിരുന്നു. ഒരു typical Ivanios piece അല്ല അവളെന്ന് താമസിയാതെ തിരിച്ചറിഞ്ഞു. നിലത്ത് കാലുറപ്പിച്ചു നടക്കുന്ന ഒരു സാധാരണക്കാരി. ബി.എ. പഠനകാലത്തെ എന്റെ മുരട്ടുരീതികളെപ്പറ്റി പഴയ സഹപാഠികള്‍ അന്നയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു എന്നു തോന്നുന്നു. പക്ഷേ, മുന്‍വിധികളില്ലാത്ത സൗഹൃദമാണ് അവള്‍ എനിക്ക് വാഗ്ദാനം ചെയ്തത്. ഞാനത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു. സിമി ആര്‍.കൃഷ്ണന്‍, വി.യു.രാധിക എന്നീ സുഹൃത്തുക്കളും ഒപ്പം വന്നു. ക്രമേണ ക്ലാസ്സില്‍ മഞ്ഞുരുകി, എല്ലാവരുമായും ഞാന്‍ സൗഹൃദത്തിലായി. ആ സൗഹൃദങ്ങള്‍ ഇന്നും ശക്തമായി തുടരുന്നു.
പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാന്‍ തന്നെയായിരുന്നു തീരുമാനം. വലിയ പഠിപ്പിസ്റ്റൊന്നും അല്ലെങ്കിലും കഠിനാദ്ധ്വാനി ആയിരുന്നു അന്ന. അസൈന്‍മെന്റുകള്‍ ഞങ്ങളുടെ സംയുക്ത ഓപ്പറേഷനു വിധേയമായി. യൂണിവേഴ്‌സിറ്റി ലൈബ്രറി ആയിരുന്നു ആദ്യ കേന്ദ്രം. പിന്നീട് സെക്രട്ടേറിയറ്റിനു സമീപത്തു തന്നെയുള്ള അന്നയുടെ വീടായി ആശ്രയം. അവിടെ അന്നയുടെ ‘സുജി’ ഞങ്ങള്‍ക്കും അമ്മയായി. ഇടയ്ക്ക് അന്നയുടെ അച്ഛന്‍ വിദേശത്തു നിന്ന് അവധിക്കു വരുമ്പോള്‍ ഞങ്ങള്‍ക്ക് കോളായിരുന്നു. വിശക്കുമ്പോഴെല്ലാം ധൈര്യമായി കടന്നു ചെല്ലാന്‍ ഒരിടം. ഒരേ സമയം പല മേഖലകളില്‍ കൈ വെയ്ക്കാനുള്ള അന്നയുടെ പരിശ്രമം എന്നെ അത്ഭുതപ്പെടുത്തി. എം.എ. പഠനം മുന്നോട്ടു നീക്കാന്‍ തന്നെ എന്നെപ്പോലൊരാള്‍ക്ക് സമയം തികയാതെ വരുമ്പോള്‍ അന്ന അലിയോന്‍സ് ഫ്രാന്‍സേസില്‍ ഫ്രഞ്ച് പഠനത്തിന് ചേര്‍ന്നു! ഫ്രഞ്ച് നേരത്തേ പഠിച്ചിട്ടുള്ളയാള്‍ എന്ന നിലയില്‍ ആ പഠനത്തിലും എനിക്കു റോളുണ്ടായി എന്നത് വേറെ കാര്യം.
എം.എ. രണ്ടാം വര്‍ഷം പകുതിയായപ്പോള്‍ ഞങ്ങളെ ഞെട്ടിച്ച് അന്നയുടെ പ്രഖ്യാപനമുണ്ടായി -പഠനം നിര്‍ത്തുന്നു. ജേര്‍ണലിസം പഠിക്കാനായി ലണ്ടനിലേക്കാണ് യാത്ര. ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ എന്നിവയൊന്നുമില്ലാത്ത കാലം. അന്നയെക്കുറിച്ചുള്ള വിവരങ്ങള്‍ വല്ലപ്പോഴും വഴിയില്‍ വെച്ചു കാണുന്ന അമ്മയില്‍ നിന്നായി. എം.എ. പഠനത്തിനു ശേഷം ഞാനും ജേര്‍ണലിസം കോഴ്‌സിനു ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കി തൊഴില്‍ നേടി തിരുവനന്തപുരം വിട്ടതോടെ ആ ബന്ധം മുറിഞ്ഞു. പിന്നീട് ഏറെക്കാലത്തിനു ശേഷമാണ് ‘ദ വീക്ക്’ വാരികയിലുള്ള അന്ന മാത്യൂസ് നമ്മുടെ അന്ന തന്നെയാണെന്ന് മനസ്സിലായത്. മനോരമയില്‍ നിന്ന് അന്നയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുമ്പോള്‍ ചെറിയ സംശയമുണ്ടായിരുന്നു, പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന്. പക്ഷേ, കോളേജില്‍ പഠിക്കുമ്പോഴുള്ള അതേ ഊഷ്മളതയോടെ അന്ന സംസാരിച്ചു. വല്ലപ്പോഴുമുള്ള ഫോണ്‍ സംഭാഷണത്തില്‍ വര്‍ഷങ്ങളോളം ആ ബന്ധം മുന്നോട്ടു നീങ്ങി.
ഏതാണ്ട് 2 വര്‍ഷം മുമ്പ് പെട്ടെന്ന് അന്ന തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും അവള്‍ ‘ദ വീക്ക്’ വിട്ടിരുന്നു. എംഡി നീഷ് എന്ന പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തിന്റെ നെടുംതൂണായിട്ടായിരുന്നു അവതാരം. എംഡി നീഷിലുള്ളവരെല്ലാം എന്റെയും അടുത്ത സുഹൃത്തുക്കള്‍. അന്നയുടെ എല്ലാം 5 വയസ്സുകാരന്‍ മകന്‍ സാമുവല്‍ ചാള്‍സ് റോബര്‍ട്ട് പിയേഴ്‌സ് എന്ന സാം ആയിരുന്നു. അന്നയ്ക്ക് സാം പോലെ എനിക്ക് കണ്ണന്‍. കുട്ടികളുടെ കുസൃതികള്‍ പലപ്പോഴും ഞങ്ങള്‍ക്ക് ചര്‍ച്ചാവിഷയമായി. സാമിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ഒന്നും ചോദിച്ചില്ല, അന്ന പറഞ്ഞുമില്ല. ആവശ്യമുള്ളതാണെങ്കില്‍ അന്ന പറയുമെന്ന് എനിക്ക് അറിയാമായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെക്കുറിച്ച് അന്ന പറഞ്ഞു. എന്നോടു മാത്രമല്ല, ലോകത്തോടു തന്നെ. പറയാന്‍ നിര്‍ബന്ധിതയായതാണ്. ആ വാക്കുകള്‍ കേട്ട് ഞാന്‍ തരിച്ചിരുന്നു.
ടോം എന്നറിയപ്പെടുന്ന ജെയിംസ് റോബര്‍ട്ട് എഡ്വേര്‍ഡ് പിയേഴ്‌സ് എന്ന ബ്രിട്ടീഷ് പൗരനാണ് സാമിന്റെ അച്ഛന്‍ അഥവാ അന്നയുടെ ഭര്‍ത്താവ്. കഴിഞ്ഞ 10 വര്‍ഷമായി ടൂറിസ്റ്റ് വിസയില്‍ ഇദ്ദേഹം ഇന്ത്യയില്‍ തങ്ങുന്നു. അന്നയും ടോമും കുറച്ചുകാലമായി പിരിഞ്ഞാണ് താമസം. വിവാഹമോചനത്തിനുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ പറയാതിരുന്നതെല്ലാം ഇപ്പോള്‍ പറയേണ്ടി വന്നതിനു കാരണമുണ്ട് -സാമിനെ ടോം തട്ടിക്കൊണ്ടുപോയി. അന്ന ആകെ തകര്‍ന്നിരിക്കുന്നു. അവള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ, എനിക്കു ചെയ്യാവുന്നത് ടോമിന്റെ ഈ ക്രൂരത പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. അതിനുവേണ്ടിയാണ് ഈ കുറിപ്പ്.
വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മൈനറായ സാമിനെ അമ്മയായ അന്നയുടെ സംരക്ഷണയില്‍ കുടുംബ കോടതി വിട്ടിരുന്നു. ഇതിനെതിരെ ടോം ഹൈക്കോടതിയെ സമീപിക്കുകയും ഡിസംബര്‍ 26 മുതല്‍ 6 ദിവസത്തേക്ക് സാമുവലിനെ ഒപ്പം താമസിപ്പിക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു. ഡിസംബര്‍ 31ന് വൈകുന്നേരത്തോടെ അന്നയ്ക്കരികില്‍ സാം തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ, അവന്‍ വന്നില്ല. അവനു വരാനായില്ല. അന്നയ്ക്ക് ജീവിതത്തില്‍ ഏറ്റവും കയ്‌പേറിയ പുതുവത്സരമായി 2017 മാറി.
സാമിനെക്കുറിച്ചു പറയുമ്പോള്‍ അന്നയുടെ കണ്ണുകള്‍ തുളുമ്പുകയാണ്. വാക്കുകള്‍ മുറിയുന്നു. രാവിലെ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ അവളുടെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. സാം ഏതവസ്ഥയിലായിരിക്കുമെന്ന ചിന്ത അവളുടെ തല ചുറ്റിക്കുന്നു. വീട്ടില്‍ എവിടെ നോക്കിയാലും സാമിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. അവന്റ പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഉടുപ്പുകള്‍, അവന്‍ വരച്ച ചിത്രങ്ങള്‍, അവനുവേണ്ടി അന്ന തന്നെ തയ്യാറാക്കിയ കര്‍ട്ടനുകള്‍ എല്ലാം ചിതറിക്കിടക്കുന്നു. അടുക്കളയിലും ഫ്രിഡ്ജിലും അവന് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ നിറച്ചുവെച്ചിരിക്കുന്നു. തിരുവനന്തപുരത്തെ വാടക വീട്ടിലേക്ക് സാന്റാ ക്ലോസ് എത്തിച്ച സമ്മാനപ്പൊതി ഇപ്പോഴും തുറക്കപ്പെടാതെ അവനെ കാത്തിരിക്കുന്നു.
ഉറങ്ങാന്‍ നേരത്ത് സാമിന് കഥ കൂടിയേ തീരൂവെന്ന് അന്ന ഓര്‍ത്തു. ചിലപ്പോഴൊക്കെ 3 കഥകള്‍ വരെ വേണ്ടി വന്നേക്കാം. സാമിന്റെ അപ്പൂപ്പനും അമ്മയും കഥ പറഞ്ഞു തളരും. ബൈബിള്‍, രാമായണം, മഹാഭാരതം, നാടോടിക്കഥകള്‍, ചരിത്രം, കുട്ടിക്കഥകള്‍ എന്നിവയെല്ലാം തീരുമ്പോള്‍ ചിലപ്പോഴൊക്കെ അതതു ദിവസത്തെ വാര്‍ത്തകളും കഥാരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. എല്ലാം എളുപ്പത്തില്‍ അവന്‍ പിടിച്ചെടുക്കും. പക്ഷേ, ഒരു മുറിയില്‍ ഒറ്റയ്ക്ക് രാത്രി ചെലവിടുന്നത് അവന് ചിന്തിക്കാനാവില്ല. ‘ഞാന്‍ പൊലീസാവുമ്പോള്‍ ഒറ്റയ്ക്കു കിടക്കാം’ -പൊലീസാവുക എന്നത് അവന്റെ സ്വപ്‌നമാണ്. ‘അല്ലെങ്കില്‍ എനിക്ക് 100 വയസ്സാവുമ്പോള്‍ തനിച്ചു കിടക്കാം. അപ്പോഴും എന്നെ ആരെങ്കിലും എടുത്തുകൊണ്ടു പോയോ എന്ന് അമ്മ വന്നു നോക്കണം, ഓകെ?’ -അവന്‍ പറയും.
‘അവന്‍ എങ്ങനെയാണ് ഇപ്പോള്‍ ഉറങ്ങുന്നുണ്ടാവുക?’ -ആ അമ്മയുടെ ആശങ്കകള്‍ ഒഴിയുന്നില്ല. ‘അവന്‍ വല്ലതും കഴിക്കുന്നുണ്ടാവുമോ എന്തോ? പുറത്തുപോകാന്‍ അവന് ഇഷ്ടമാണ്. പക്ഷേ, അവന് ഹോട്ടല്‍ ഭക്ഷണം ഇഷ്ടമല്ല’ -അന്നയുടെ വാക്കുകളിടറി. ഇത്തവണത്തെ ക്രിസ്മസ് കൊല്ലം മയ്യനാട്ടെ തറവാട്ടില്‍ അപ്പൂപ്പനും അമ്മാമ്മയ്ക്കുമൊപ്പം സാം അടിപൊളിയാക്കി. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഉബൈദിനൊപ്പം ഉച്ചയൂണ്. ഊണിനു ശേഷം അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം ഒളിച്ചുകളി. അതിനുശേഷം എല്ലാവരും കൂടി കടല്‍ത്തീരത്തേക്ക്. ശരിക്കും തിരക്കേറിയ, ആര്‍ത്തുല്ലസിച്ച ദിവസം -അവന്‍ ഇഷ്ടപ്പെടുന്നതു പോലെ.
ക്രിസ്മസിനു പിറ്റേന്ന് രാവിലെ അന്ന് അച്ഛനോടൊപ്പം പോകേണ്ട ദിവസമാണെന്ന് അന്ന പറയുമ്പോള്‍ സാം കരഞ്ഞുതുടങ്ങി. ‘എത്ര ദിവസം അമ്മാ?’ -അവന്‍ ചോദിച്ചു. കരച്ചില്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടായപ്പോള്‍ അന്ന ഉറപ്പുനല്‍കി -‘നമുക്ക് എല്ലാവര്‍ക്കും കൂടി ന്യൂ ഇയര്‍ ആഘോഷിക്കാമല്ലോ. സാമും അമ്മയും അപ്പൂപ്പനും അമ്മാമ്മയും എല്ലാവരും ചേര്‍ന്ന് അടിപൊളിയാക്കും’. അവനെ സമാധാനിപ്പിക്കാന്‍ അവള്‍ പറഞ്ഞു 5 ദിവസത്തേക്കു മാത്രമാണ് പോകുന്നതെന്ന്, യഥാര്‍ത്ഥത്തില്‍ പോകുന്നത് 6 ദിവസത്തേക്കായിരുന്നുവെങ്കിലും. കോടതിയിലേക്കു പോകുന്ന വഴിയിലും അവന്‍ കരഞ്ഞുകൊണ്ടിരുന്നു. ആ കരച്ചില്‍ ഇപ്പോഴും അന്നയുടെ ഉറക്കം കെടുത്തുന്നു.
കോടതി പറഞ്ഞതനുസരിച്ചാണ് അന്ന കുട്ടിയെ ടോമിനെ ഏല്പിച്ചത്. അപ്പോള്‍പ്പിന്നെ കുട്ടിയെ തിരിച്ചേല്‍പ്പിക്കാനുള്ള ബാദ്ധ്യതയും കോടതിക്കില്ലേ? സാമിനെ കാണാതായതോടെ അന്ന കോടതിയുടെ സഹായം തന്നെ തേടി. ടോമിനെ അറസ്റ്റു ചെയ്ത് സാമിനൊപ്പം രണ്ടാഴ്ചയ്ക്കകം കോടതിയില്‍ ഹാജരാക്കണമെന്ന് ഡി.ജി.പിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ അന്യസംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടണമെന്നും ജസ്റ്റീസുമാരായ എ.എം.ഷഫീക്കും കെ.രാമകൃഷ്ണനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ജനുവരി 5ന് ഉത്തരവായിട്ടുണ്ട്.
സാമിനൊപ്പം ടോം അപ്രത്യക്ഷനായതു സംബന്ധിച്ച് ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനില്‍ സി.ആര്‍. 30/2017 എന്ന നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടോം താമസിച്ചിരുന്നത് മട്ടാഞ്ചേരിയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ അപേക്ഷ.
മട്ടാഞ്ചേരി എ.സി. -9497990070
മട്ടാഞ്ചേരി എ.സി. ഓഫീസ് -0484 2227925
ഫോര്‍ട്ട് കൊച്ചി സി.ഐ. -9497987107
ഫോര്‍ട്ട് കൊച്ചി സി.ഐ. ഓഫീസ് -0484 2215005
ഫോര്‍ട്ട് കൊച്ചി എസ്.ഐ. -9497980406
ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷന്‍ -0484 2215055
ആറടി ഉയരവും അതിനൊത്ത വണ്ണമുള്ള ശരീരവുമുള്ള കഷണ്ടിത്തലയനായ ജെയിംസ് പിയേഴ്‌സിനെ ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാനാവും. ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നാലും ശ്രദ്ധിക്കപ്പെടുന്ന പ്രകൃതമാണയാള്‍. ടോമിന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ചോഫാണ്. ഇ-മെയിലും ഉപയോഗിക്കുന്നില്ല. അതിനാല്‍ ടവര്‍ ലൊക്കേഷന്‍ വെച്ച് കണ്ടെത്താനാവുന്നില്ല. ഏറ്റവും ഒടുവില്‍ ജനുവരി 3ന് കാഠ്മണ്ഡുവിലെ സെര്‍വര്‍ ലൊക്കേഷനില്‍ ടോം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നെ വിവരമൊന്നുമില്ല. കെ.എല്‍.43-ജെ-2157 എന്ന നമ്പറിലുള്ള ചുവന്ന ഫോര്‍ഡ് ഫിഗോ കാര്‍ വാടകയ്‌ക്കെടുത്താണ് മുങ്ങിയിരിക്കുന്നത്. ഒരു വിദേശി എന്ന നിലയില്‍ ഏതു നഗരത്തില്‍ പോയാലും സി-ഫോം പൂരിപ്പിച്ച് നല്‍കാന്‍ ടോമിന് ബാദ്ധ്യതയുണ്ട്. 502128137 എന്ന നമ്പറിലുള്ള ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ് ടോമിന്റെ കൈവശമുള്ളത്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത അയാള്‍ക്ക് സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് അയച്ചുകൊടുക്കുന്ന പണം മാത്രമാണ് വരുമാനം. എന്നാല്‍, പാസ്‌പോര്‍ട്ട് കോടതിയിലായതിനാല്‍ ടോം രാജ്യം വിട്ടു പോയിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. അയാളെ കണ്ടെത്താനാവുന്നില്ലെന്നു മാത്രം.
സാമിനായി അന്ന ഇപ്പോള്‍ കാത്തിരിക്കുകയാണ്. ഇത്രയും ദിവസത്തെ വേര്‍പാടിന്റെ വേദനയ്ക്കു പരിഹാരമായി സംഘടിപ്പിക്കാന്‍ പോകുന്ന ആഘോഷങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട്. ഒപ്പം അന്നയുടെ സുഹൃത്തായ ഞാനും കാത്തിരിക്കുന്നു -സാമും കണ്ണനുമൊത്തുള്ള ആഘോഷം കാണാന്‍. ഞങ്ങള്‍ക്കൊപ്പം അന്നയെയും സാമിനെയും സ്‌നേഹിക്കുന്ന മറ്റനേകം സുഹൃത്തുക്കളും…
Super story. You are a borne writer! All the best to find SAM
-സാമിനായുള്ള അന്നയുടെ കാത്തിരിപ്പ് അവസാനിച്ചു.
-വേര്‍പിരിഞ്ഞ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയ മകനെ അന്ന തിരികെ നേടി.
-പുലിയെ അതിന്റെ മടയില്‍ ചെന്ന് എതിര്‍ത്തു തോല്‍പ്പിച്ചു.
-കൊച്ചിയില്‍ തുടങ്ങിയ പോരാട്ടം അവസാനിച്ചത് ലണ്ടനില്‍.
-സാമിനുമേല്‍ അന്നയുടെ അവകാശം അംഗീകരിച്ച് ലണ്ടന്‍ കോടതി.
Happy to hear this Syam..Thanks
Journalism meets Humanity, Kindness, Congrats
Thank God…
Syame ORU Vanitha magazine write up pole thonnunnu
Am I right
എന്തായാലും ശുഭപര്യവസായി ആയി എന്നതില്‍ സന്തോഷം
Thank God…
Good news
Verryyy vrrrryyyy happy to hear thissss……..
So happy….Thank God
Good news..
Thank god…
Happy to hear it.Be more careful in future