Reading Time: 6 minutes

ഒരൊറ്റ കൂവല്‍. അതുകൊണ്ട് കൂവിയയാള്‍ പ്രശസ്തയായി. കൂവലേറ്റയാള്‍ കുപ്രസിദ്ധനായി. എന്നാല്‍, നാണം കെട്ടവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന പോലെയായി പിന്നീടുള്ള കാര്യങ്ങള്‍ എന്നു മാത്രം.

ഡോ.രജിത് കുമാര്‍

തോന്ന്യാസം പറഞ്ഞു പ്രചരിപ്പിച്ച് പഠിപ്പിക്കുന്നത് സമൂഹവിരുദ്ധമാണ്. അത്തരം സമൂഹവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നയാളെ സമൂഹവിരുദ്ധന്‍ എന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കുക? ഈ സമൂഹവിരുദ്ധനെ ഇത്രയും നാള്‍ സര്‍ക്കാര്‍ വേദികളില്‍ സ്വീകരിച്ചാനയിച്ചു എന്നത് അത്ഭുതകരമാണ്. വൈകിയെങ്കിലും ആ തെറ്റു തിരുത്തിയതില്‍ അതിയായ സന്തോഷം. BETTER LATE THAN NEVER.

ആര്യ സുരേഷ്

പറഞ്ഞുവരുന്നത് ഡോ.രജിത് കുമാറിനെ കുറിച്ചാണ്. ഇദ്ദേഹത്തെ ഞാനറിഞ്ഞത് ആര്യ എന്ന കൊച്ചുമിടുക്കിയുടെ കൂവലിലൂടെയാണ്. നമ്മളില്‍ പലരും ഇദ്ദേഹത്തെ അറിഞ്ഞത് ആ കൂവലിന്റെ ഫലമായാണെന്നു തോന്നുന്നു. അങ്ങനെ കിട്ടിയ കുപ്രസിദ്ധി രജിത് കുമാര്‍ പരമാവധി മുതലാക്കുന്നതാണ് പിന്നീട് കണ്ടത്.

കാലടി ശ്രീ ശങ്കരാ കോളേജിലെ ബോട്ടണി അദ്ധ്യാപകനാണ് രജിത് കുമാര്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം. അവിടെ മികച്ച വിദ്യാര്‍ത്ഥിയെന്ന പട്ടം. പന്തളം എന്‍.എസ്.എസ്. കോളേജില്‍ ബോട്ടണി ബിരുദാനന്തര ബിരുദം പഠിച്ച് ഒന്നാം റാങ്കോടെ പാസായി. എം.ഫിലും ഡോക്ടറേറ്റും മൈക്രോബയോളജിയില്‍. ബി.എഡ്., ലൈബ്രറി സയന്‍സില്‍ ബിരുദം, സൈക്കോതെറാപ്പിയില്‍ എം.എസ്. എന്നിവയെല്ലാമുണ്ട്. ശാസ്ത്രീയമായി ഇത്രമാത്രം അടിത്തറയുള്ളയാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായി ഒരടിത്തറയുമില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

5 വര്‍ഷം മുമ്പ്, 2013 ഫെബ്രുവരി 9നാണ് ആര്യയുടെ ‘വിശ്വവിഖ്യാതമായ കൂവല്‍’ അരങ്ങേറിയത്. ആത്മാഭിമാനമുള്ള ഏതൊരു പെണ്ണും കൂവിപ്പോവും. അത്രമാത്രം വിഷമാണ് രജിത് കുമാര്‍ വമിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്രയുടെ സമാപനച്ചടങ്ങ് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ അരങ്ങേറുന്നു. അവിടെ പ്രഭാഷിച്ച രജിത് കുമാറിന്റെ വായില്‍ നിന്നു വന്ന മുത്തുമണികള്‍ ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്.

ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ വര്‍ഗ്ഗത്തിന് ജസ്റ്റ് 10 മിനിറ്റ് മാത്രം മതി, അസ് എ ബയോളജിക്കല്‍ സയന്‍സ് ടീച്ചര്‍, 10 മിനിട്ട് മാത്രം മതി സ്പേം എന്നു പറയുന്നത് പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയയ്ക്കാന്‍. പിന്നെ 10 മാസക്കാലം കുഞ്ഞ് വളരേണ്ടത് അമ്മ എന്ന സ്ത്രീയുടെ, പെണ്‍കുട്ടിയുടെ ഗര്‍ഭത്തിലാണ്. അപ്പോള്‍ അതുകൊണ്ടാണ് വിശുദ്ധ ഖുര്‍-ആന്‍ പഠിപ്പിച്ചത്, സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണമെന്ന്. ഇഷ്ടപ്പെട്ടില്ല, ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ഇത് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. പയ്യന്‍ ഇവിടുന്ന് ചാടുന്നതിന്റെ അപ്പുറമായിട്ട് എനിക്കും ചാടണം.

ആണ്‍കുട്ടികള്‍ ഈ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ, ഒന്ന് സ്ലിപ് ചെയ്ത് നീ ബാക്ക്ബോണ്‍ ഇടിച്ച് വീണാല്‍ നിന്റെ യൂട്രസ് സ്ലിപ്പ് ചെയ്ത് പോകും. അതു കഴിഞ്ഞാല്‍ നീ ത്രീ ടു ഫൈവ് ലാക്‌സ് ക്രഡന്‍സിലും മറ്റും കൊടുക്കേണ്ടി വരും, യൂട്രസ് നേരെയാക്കാന്‍. നിനക്ക് കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍. ഇല്ലെങ്കില്‍ കുഴപ്പമില്ല കേട്ടോ.

ഈ ജല്പനങ്ങള്‍ കേട്ട് സഹികെട്ട് അവസാന വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യ സുരേഷ് ആഞ്ഞു കൂവി. രജിത് കുമാറിന്റെ സംസാരം പലതവണ അതിരുവിട്ടിട്ടും സദസ്സിലെ സ്ത്രീകളിലാരും അനങ്ങിയില്ല. നമ്മള്‍ പ്രതികരിക്കണമെന്ന് സദസ്സിലുണ്ടായിരുന്ന ആര്യ കൂട്ടുകാരികളോട് പറഞ്ഞെങ്കിലും പൊലീസ് ഉണ്ടെന്നു പറഞ്ഞ് അവരെല്ലാം പിന്‍മാറി. പക്ഷേ, ആര്യ എന്ന ഒറ്റയാള്‍ പട്ടാളത്തിന് പ്രതികരിക്കാതെ വയ്യെന്നായി. അവള്‍ ഒറ്റയ്ക്ക് എഴുന്നേറ്റ്നിന്ന് കൂവി- ‘കൂൂൂൂ. . . .’ സദസ്സാകെ ഞെട്ടി. ഞെട്ടല്‍ മാറും മുമ്പ് ആര്യ സദസ്സില്‍ നിന്നെഴുന്നേറ്റ് പുറത്തേക്കു നടന്നു. ഈ കൂവലും ഇറങ്ങിപ്പോക്കും പെണ്‍വര്‍ഗ്ഗത്തിന്റെയാകെ അഭിമാനത്തിന്റെ പ്രതീകമായി.

2013 ഫെബ്രുവരി 9ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ രജിത് കുമാറിന്റെ ജല്പനങ്ങള്‍ കേട്ട് കുപിതയായി ഉച്ചത്തില്‍ കൂവിയ ശേഷം വിദ്യാര്‍ത്ഥിനിയായ ആര്യ എഴുന്നേറ്റു പോകുന്നു

രജിത് കുമാറിന്റെ കച്ചവടം അന്നു തന്നെ പൂട്ടേണ്ടതായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. സംഭവം മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തി. മുന്‍ എം.എല്‍.എ. ശോഭനാ ജോര്‍ജ്ജാണ് പരാതി രൂപത്തില്‍ വിഷയം അവിടെയെത്തിച്ചത്. കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ഗിരിജാദേവി റിപ്പോര്‍ട്ട് നല്‍കി. അതായിരുന്നു രജിത് കുമാറിന്റെ പ്രസംഗത്തെക്കാള്‍ വലിയ അപമാനം. രജിത് കുമാറിനെ ഋഷി തുല്യനെന്ന് വിശേഷിപ്പിച്ച റിപ്പോര്‍ട്ടില്‍ ആര്യയുടെ പ്രതിഷേധത്തെ വകതിരിവെത്താത്ത പാവം കുട്ടിയുടെ അപക്വപ്രതികരണം എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്റെ ബുദ്ധിക്ക് ഡെപ്യൂട്ടി ഡയറക്ടറെ പോലെ കുഴപ്പമൊന്നും ഇല്ലായിരുന്നു. അതിനാല്‍ ഈ റിപ്പോര്‍ട്ട് പാടെ തളളി. ഒടുവില്‍ നിരുപാധികം മാപ്പു പറഞ്ഞാണ് രജിത് കുമാര്‍ തടി കയ്ച്ചിലാക്കിയത്.

ആര്യ സുരേഷ്

മാപ്പൊക്കെ പറഞ്ഞുവെങ്കിലും രജിത് കുമാറിന്റെ വിഷവമനത്തിന് ഒരു കുറവുമുണ്ടായില്ല. അത് സര്‍വ്വ സീമകളും ലംഘിച്ചപ്പോഴാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇടപെട്ട് ടിയാന് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയത്. രജിത് കുമാറിന്റെ മൊഴിമുത്തുകള്‍ അത്രയ്ക്ക് വിഷമയമായിരുന്നു. കാഞ്ഞങ്ങാട് മീനപ്പീസ് പ്രവാസി കൂട്ടായ്മയ നടത്തിയ ബോധവല്‍കരണ ക്ലാസില്‍ ‘പ്രവാസിയും കുടുംബവും’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണമായിരുന്നു ഏറ്റവും പുതിയ ഛര്‍ദ്ദി. പിന്നീട് ചാനല്‍ ചര്‍ച്ചയിലും ഇദ്ദേഹം നിലപാടുകള്‍ ആവര്‍ത്തിച്ചുറപ്പിച്ചു!! ആ ജല്പനങ്ങള്‍ കേട്ടിരിക്കേണ്ടവ തന്നെയാണ്. മുഴുവന്‍ ഉദ്ധരിക്കാന്‍ ശേഷിയില്ല. പ്രസക്തമായവ മാത്രം പറയാം.

എന്റെ സഹോദര, ഈ ഹോര്‍മോണ്‍ ഫോം ചെയ്യുക എന്ന് പറയുന്നത് കണ്ണുകളുടെ നോട്ടത്തിലൂടെ ഹോര്‍മോണ്‍ ഫോം ചെയ്യും. അതാണ് അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ഏഴാം ക്ലാസിലും ഉള്ള പെണ്‍കുട്ടികളും അശ്ലീല ബ്ലൂ ഫിലിം കണ്ടാല്‍ ഹോര്‍മോണ്‍ ഫോം ചെയ്യും. ആണ്‍കുട്ടികളും കണ്ടാല്‍ ഫോം ചെയ്യും, ചെവിയിലൂടെ സെക്‌സ് പറഞ്ഞാലും ഹോര്‍മോണ്‍ ഫോം ചെയ്യും. രണ്ടും മൂന്നും നാലും വയസുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ തൊട്ട് കളിച്ചാലും ഹോര്‍മോണ്‍ ഫോം ചെയ്യും. ഇത് കൊണ്ടാണ് കാന്തപുരം സാഹിബ് എന്നെ പോലെ പറയുന്നത് തൊട്ട് കളി വേണ്ട എന്ന്, അസ്ഥാനത്ത് തൊട്ട് കളിച്ചാല്‍, പ്രത്യേകിച്ച് കിടിലം പയ്യന്മാര്‍ വക്രബുദ്ധിയില്‍ തൊടേണ്ട രീതിയില്‍ തൊട്ടാല്‍, ഈ പറയുന്ന ഹോര്‍മോണ്‍ തലയിലിരിക്കുന്ന പിറ്റുവിറ്ററി ഹൈപ്പോ തലാമസ് ജി.എന്‍.ആര്‍.എസ്. പുറത്തേക്ക് വരും. ഈ ജി.എന്‍.ആര്‍.എസ്. വരുന്നത് വയറിന്റെ താഴെ നിന്ന് അല്ല, തലയില്‍ നിന്നാണ്. കണ്ണുകളിലൂടെ അശ്ലീലം കാണുന്നു തലയിലൂടെ ജി.എന്‍.ആര്‍.എസ്. വരുന്നു.

പെണ്‍കുട്ടികള്‍ക്ക് ടൈറ്റ് ജീന്‍സ് വാങ്ങിച്ച് ഇട്ടുകൊടുക്കുമ്പൊ ഓവേറിയന്‍ ഫോളിക്കിളുകള്‍ ഡാമേജാകും. ഇത്തരമൊരു പെണ്ണിനെ കെട്ടിയാല്‍ നല്ലൊരു പയ്യന് കുഞ്ഞുങ്ങള്‍ ജനിക്കില്ല. പുരുഷവേഷമായ ജീന്‍സിട്ടാല്‍ പുരുഷ ഹോര്‍മോണ്‍ കൂടും. ഒരു തുള്ളി ഹോര്‍മോണ്‍ അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ കുഞ്ഞുണ്ടാകില്ല. പുരുഷ വേഷം ധരിച്ച സ്ത്രീ, ജീന്‍സും ഷര്‍ട്ടും ധരിച്ച് ഇറങ്ങിയാല്‍ പുരുഷ വേഷമല്ലേ? ഒരു പെണ്‍കുട്ടി പുരുഷവേഷം ധരിക്കുമ്പോള്‍ ഒരു പുരുഷന്‍ പെണ്‍വേഷം ധരിക്കുമ്പോള്‍ നമ്മുടെ ചിന്തകളില്‍ ആരെ പോലെ ആണെന്ന് തോന്നും? ചാന്ത് പൊട്ട് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ദിലീപ് അതില്‍ നിന്ന് മുക്തി നേടാന്‍ രണ്ട് മാസമെടുത്തു. പുരുഷ വേഷം കെട്ടിയ സ്ത്രീയ്ക്ക് ജനിക്കുന്ന കുഞ്ഞിന് എന്ത് സ്വഭാവമായിരിക്കും? ആ കുഞ്ഞുങ്ങളുടെ പേരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അല്ലെങ്കില്‍ നപുംസകര്‍, ഹിജഡകള്‍. ഇന്ന് ആറ് ലക്ഷത്തിലധികം കേരളത്തില്‍ ജനിച്ച് കഴിഞ്ഞിരിക്കുന്നു.

പുരുഷന്‍ പുരുഷനായിട്ടും സ്ത്രീ സ്ത്രീയായിട്ടും ഇരുന്നിട്ടാണ് നല്ല മക്കള്‍ ജനിച്ചത്. എന്നാല്‍ സ്ത്രീ തന്റെ സ്ത്രീത്വം നശിപ്പിക്കുകയും പുരുഷന്‍ പുരുഷത്വം അധഃപതിപ്പിക്കുകയും ചെയ്യുമ്പോള്‍ ജനിക്കുന്ന കുഞ്ഞ് കാഴ്ചയില്‍ പെണ്ണായും സ്വാഭവം ആണിന്റെതായിരിക്കും. ഇങ്ങനെ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡറുകളായിരിക്കും. ഇന്നത്ത തലമുറയില്‍ കാണുന്ന പല കഥാപാത്രങ്ങളുടെയും അടുത്ത തലമുറ വരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കാരണം, ഞാന്‍ വിളിച്ച് പറഞ്ഞത് സത്യങ്ങളാണ്.

നിഷേധികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജനിക്കാന്‍ പോകുന്നത് ഓട്ടിസം ബാധിച്ച കുട്ടികളായിരിക്കും. ജീന്‍സ് പാന്റ് ഇട്ട് മോശമായാലും അണ്ഡം മോശമായാലും വീട് മോശമായാലും വരുന്നത് ഓട്ടിസം ബാധിച്ച കുട്ടികളാണ്. യൂറോപ്പിലുള്ളവര്‍ക്ക് പടച്ചോന്‍ ശിക്ഷ കൊടുത്തു കഴിഞ്ഞു. ഇതുപോലെ തന്നെയാണ് സ്തനാര്‍ബുദവും. സിസേറിയന്‍ ചെയ്താല്‍ സ്തനാര്‍ബുദം വരും. പ്രസവിക്കുന്ന പ്രഷറില്‍ ബ്രെസ്റ്റിലെ ആല്‍വിയോളൈ തുറക്കും. അങ്ങനെ സുഖപ്രസവം ബ്രസ്റ്റ് കാന്‍സര്‍ തടയുന്നു. സ്തനാര്‍ബുദമുള്ളവരില്‍ പത്തില്‍ ഏഴും സിസേറിയന്‍ കഴിഞ്ഞവര്‍. സിസേറിയന്‍ സമയത്ത് നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്‍ജക്ഷന്‍ വെക്കുന്നു. ഇത് ഡിസ്‌ക് തേയ്മാനവും നടുവേദനയും വരുത്തിവെയ്ക്കും.

മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് ഉള്ളയാള്‍ ഇത്രമാത്രം വിഡ്ഡിത്തം പറയുമോ? വിഡ്ഡിത്തമാവാന്‍ വഴിയില്ല, മനഃപൂര്‍വ്വം പറയുന്നതു തന്നെയാവണം. ജീന്‍സിന്റെ ഡെനിം തുണി എങ്ങനെയാണ് പെണ്ണിന്റെ അണ്ഡാശയത്തിലെ ഫോളിക്കിളിനെ നശിപ്പിക്കുന്നത്? ‘ഇത്തരമൊരു പെണ്ണിനെ കെട്ടിയാല്‍ നല്ലൊരു പയ്യന് കുഞ്ഞുങ്ങള്‍ ജനിക്കില്ല’ എന്ന പ്രസ്താവത്തിലൂടെ വന്ധ്യതയുടെ മുഴുവന്‍ ഉത്തരവാദിത്വം അഥവാ ‘കുറ്റം’ പെണ്ണിനു ചാര്‍ത്തിക്കൊടുക്കുന്നു. സ്ത്രീയുടെ അണ്ഡാശയവും ഫോളിക്കിളുമെല്ലാം ശരീരത്തിനകത്താണ്. എന്നാല്‍, പുരുഷന് പ്രത്യുല്‍പാദന ശേഷി നല്‍കുന്ന വൃഷണം ശരീരത്തിനു പുറത്താണ്. ഇറുകിയ വസ്ത്രങ്ങള്‍ വൃഷണത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കി വന്ധ്യത വരുത്തിവെയ്ക്കുമെന്നത് ശാസ്ത്രീയമായ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ള കാര്യം. അങ്ങനെയുള്ള പുരുഷന്മാര്‍ക്ക് ജീന്‍സ് ധരിക്കാം!! ഇതുപോലെ തന്നെ, സിസേറിയന്‍ അര്‍ബുദത്തിനു കാരണമാണെന്നത് രജിത് കുമാറിന്റെ കണ്ടുപിടിത്തമാണ്!! നൊബേൽ സമ്മാനത്തിന് പരിഗണിക്കപ്പെടാവുന്ന കണ്ടുപിടിത്തം!!

അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്ജെന്‍ഡറാകുമെന്ന പ്രസ്താവനയുടെ അടിസ്ഥാനം എന്താണെന്ന് എനിക്കു മനസ്സിലാവുന്നില്ല. LGBT നിയമങ്ങളുള്ള, ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ഉത്തമ അവബോധം നിലനില്‍ക്കുന്ന കേരളത്തിലാണ് ഇദ്ദേഹം ഇതൊക്കെ വിളിച്ചു പറയുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ് എന്നത് രജിത് കുമാറിന്റെ സ്വാനുഭവം ആണോ? ഇദ്ദേഹത്തെക്കാള്‍ വലിയ ‘നിഷേധി’ വേറെയുണ്ടോ? ഇവിടെ ഞാന്‍ ‘നിഷേധി’ എന്നു വിശേഷിപ്പിച്ചത് തരിമ്പും നല്ല അര്‍ത്ഥത്തിലല്ല എന്നു കൂടി വ്യക്തമാക്കട്ടെ. രജിത് കുമാറിന്റെ പ്രസ്താവനകള്‍ ലൈംഗിക ന്യൂനപക്ഷങ്ങളെയും ഓട്ടിസം പോലെയുള്ള അവസ്ഥയുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആക്ഷേപിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണ്. രജിത് കുമാര്‍ ശ്രദ്ധിക്കാത്തതോ, അദ്ദേഹത്തിന് അറിയാത്തതോ, മനഃപൂര്‍വ്വം അവഗണിക്കുന്നതോ ആയ വസ്തുതയുണ്ട്. 2017ലെ Person with Disability Act പ്രകാരം ഭിന്നശേഷിക്കാര്‍ക്കു നേരെ വാക്കാലോ പ്രവര്‍ത്തിയാലോ ഉള്ള അതിക്രമം ജാമ്യമില്ലാ കുറ്റമാണ്. ഇതിന് കഠിനതടവാണ് ശിക്ഷ. ഈ കുറ്റം ചെയ്യുന്നവരെ പ്രത്യേക കോടതികളിലാണ് വിചാരണ ചെയ്യുക. പണ്ട് മനുഷ്യാവകാശ കമ്മീഷനില്‍ മാപ്പു പറഞ്ഞ് തടി കയ്ച്ചിലാക്കിയ പോലെ ഇവിടെ പറ്റില്ല. കേസ് കൊടുത്ത് ഈ സമൂഹവിരുദ്ധനെ അകത്താക്കണം. പുറത്തു വന്ന തെളിവുകള്‍ വെച്ച് സര്‍ക്കാര്‍ തന്നെ കേസെടുക്കണം.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

വിളിച്ചുകൂവുന്ന തോന്ന്യാസങ്ങള്‍ക്ക് ഖുര്‍ ആനിലെയും മഹാഭാരതത്തിലെയുമൊക്കെ ഉദ്ധരണികള്‍ വളരെ ബുദ്ധിപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്ത് രജിത് കുമാര്‍ മറയാക്കുന്നുണ്ട്. ഇദ്ദേഹം അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ -പഠന പരിപാടികളില്‍ ഇത്തരം ആളുകളെ പങ്കെടുപ്പിക്കരുതെന്ന തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ഈ തീരുമാനത്തിനു മുന്‍കൈയെടുത്ത ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് ബിഗ് സല്യൂട്ട്. ഇതുകൊണ്ടു മാത്രം മതിയാവില്ല. അശാസ്ത്രീയവും അസംബന്ധജഡിലവും അപകീര്‍ത്തികരവുമായ പ്രസ്താവനകളുടെ പേരില്‍ കേസെടുത്ത്, ജയിലിടിഞ്ഞാല്‍ പോലും പുറത്തുവരാത്ത രീതിയില്‍ രജിത് കുമാറിനെ അകത്താക്കണം. അതുകൊണ്ടും മതിയാവില്ല, പിടിച്ച് തുണിയുരിഞ്ഞ് ശരീരമാസകലം ചൊറിയണം പുരട്ടി മുള്ളുമുരുക്കില്‍ കെട്ടിവെച്ച് നല്ല പച്ചമടല്‍ വെട്ടി പുറം അടിച്ചു പൊളിക്കണം. എങ്കില്‍ മാത്രമേ ഈ മഹാമാന്യന്റെ ചൊറിച്ചില്‍ മാറുകയുള്ളൂ.

Previous articleവാര്‍ത്തയിലെ പൊലീസ്
Next articleകേരളത്തിലെ മികച്ച കോളേജ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here