Reading Time: 4 minutes

ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മഴ. മഴയാണ് കേന്ദ്ര കഥാപാത്രമെന്നു വേണമെങ്കില്‍ പറയാം. തിയേറ്ററുകളില്‍ വിജയപ്പെരുമഴ പെയ്യിച്ച ചിത്രം. ഇപ്പോള്‍ അവസാനിക്കാത്ത പുരസ്‌കാരപ്പെരുമഴയാണ്. ഇതുവരെയായി വിവിധ പുരസ്‌കാര വേദികളില്‍ 70ലേറെ നാമനിര്‍ദ്ദേശങ്ങള്‍. അതില്‍ നേട്ടം 50ലേറെ പുരസ്‌കാരങ്ങള്‍. എന്നു നിന്റെ മൊയ്തീന്‍ പുതിയ ചരിത്രം കുറിക്കുകയാണ്.

Selfie
ഫിലിംഫെയര്‍ പുരസ്‌കാരദാന ചടങ്ങിനു മുമ്പ് ടൊവീനോയെയും വിമലിനെയും ലെന സെല്‍ഫിയില്‍ കുടുക്കിയപ്പോള്‍

ദേശീയ പുരസ്‌കാരം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വില കല്പിക്കപ്പെടുന്ന സിനിമാ പുരസ്‌കാരമാണ് ഫിലിംഫെയര്‍ അവാര്‍ഡ്. ഓരോ ഭാഷയ്ക്കും വെവ്വേറെ പുരസ്‌കാരങ്ങള്‍. മലയാളത്തില്‍ 10 പുരസ്‌കാരങ്ങളാണ് ഫിലിംഫെയര്‍ നല്‍കുന്നത്. അതില്‍ ഏഴെണ്ണവും എന്നു നിന്റെ മൊയ്തീന്‍ സ്വന്തമാക്കി എന്നു പറയുമ്പോള്‍ ആ സിനിമയുടെ മൂല്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്നു. ഏറ്റവുമധികം ആഹ്ലാദമേകുന്നത് മികച്ച സംവിധായകന്റെ പുരസ്‌കാരം -ആര്‍.എസ്.വിമല്‍. അല്‍ഫോണ്‍സ് പുത്രന്‍ -പ്രേമം, മാര്‍ട്ടിന്‍ പ്രക്കാട്ട് -ചാര്‍ലി, സലീം അഹമ്മദ് -പത്തേമാരി, വി.കെ.പ്രകാശ് -നിര്‍ണ്ണായകം എന്നിവര്‍ക്കായിരുന്നു മികച്ച സംവിധായകനുള്ള നാമനിര്‍ദ്ദേശങ്ങള്‍. ആരും ചില്ലറക്കാരല്ല. വീമലീ… its party time da.

Vimali
മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവുമായി വിമല്‍

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് പാര്‍വ്വതി. വ്യത്യസ്തതയുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ അവര്‍ ഈയിടെ അവതരിപ്പിച്ചുവെങ്കിലും ഒരു പടി മുകളില്‍ നില്‍ക്കുന്നത് മൊയ്തീന്റെ കാഞ്ചന തന്നെ. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ഈ വാദത്തിന് അടിവരയിടുന്നു. അമല പോള്‍ -മിലി, അനുശ്രീ -ചന്ദ്രേട്ടന്‍ എവിടെയാ, മംമ്ത മോഹന്‍ദാസ് -ടു കണ്‍ട്രീസ്, മഞ്ജു വാര്യര്‍ -റാണി പത്മിനി എന്നിവര്‍ക്കായിരുന്നു ഈ വിഭാഗത്തിലെ നാമനിര്‍ദ്ദേശങ്ങള്‍. നല്ല മത്സരമായിരുന്നു ഈ വിഭാഗത്തില്‍. അമല പോളിന് പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തതും കടുത്ത മത്സരം തന്നെ. സായ് പല്ലവി മികച്ച പുതുമുഖ നടിയായി.

മികച്ച നടിക്കുള്ള പുരസ്‌കാരവുമായി പാര്‍വ്വതി

എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമ പുതുജീവന്‍ പകര്‍ന്ന നടനാണ് ടൊവീനോ തോമസ്. കാഞ്ചനയുടെ അപ്പ്വേട്ടന്‍ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയെങ്കിലും എന്തുകൊണ്ടോ പുരസ്‌കാര വെളിച്ചത്തില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നു. ഫിലിംഫെയര്‍ എന്ന വലിയ പുരസ്‌കാരം വരാനിരുന്നതിനാലാവാം അപ്പുവിനെ മറ്റൊന്നും സ്പര്‍ശിക്കാതെ പോയത്. മികച്ച സഹനടനുള്ള പുരസ്‌കാരത്തിനായി ടൊവീനോ മത്സരിച്ചത് ബിജു മേനോന്‍ -മധുരനാരങ്ങ, ഇന്ദ്രജിത് സുകുമാരന്‍ -അമര്‍ അക്ബര്‍ ആന്റണി, നെടുമുടി വേണു -ചാര്‍ളി, ശ്രീനിവാസന്‍ -പത്തേമാരി എന്നിവരുമായി.

Lena
മികച്ച സഹനടിക്കുള്ള പുരസ്‌കാരവുമായി ലെന

ടൊവീനോയെപ്പോലെയല്ല ലെന. എവിടെ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടാലും മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലെനയ്ക്കു തന്നെ. മൊയ്തീന്റെ ഉമ്മയായ പാത്തുമ പ്രേക്ഷക മനസ്സുകള്‍ മാത്രമല്ല, പുരസ്‌കാര ജൂറികളുടെ മനസ്സുകളും കീഴടക്കുന്നു. ആന്‍ അഗസ്റ്റിന്‍ -നീന, അപര്‍ണ്ണ ഗോപിനാഥ് -ചാര്‍ളി, മിയ ജോര്‍ജ്ജ് -അനാര്‍ക്കലി, നമിത പ്രമോദ് -ചന്ദ്രേട്ടന്‍ എവിടെയാ എന്നിവരും മത്സരിച്ച ഈ വിഭാഗത്തില്‍ ലെനയുടെ പാത്തുമ്മ ബഹുദൂരം മുന്നിലായിരുന്നു.

Vimal
മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ വിമല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ബാഹുബലിയിലൂടെ സ്വന്തമാക്കിയ സെന്തില്‍കുമാറിനൊപ്പം. വിമലിന്റെ പുതിയ ചിത്രമായ കര്‍ണന്‍ ക്യാമറയിലാക്കുന്നത് സെന്തിലാണ്‌

സംഗീത വിഭാഗത്തില്‍ മൂന്നു പുരസ്‌കാരങ്ങളാണ് എന്നു നിന്റെ മൊയ്തീന്‍ സ്വന്തമാക്കിയത്. മികച്ച സംഗീത സംവിധായകനായി എം.ജയചന്ദ്രന്‍ മാറിയത് സ്വാഭാവികം. ബിജിബാല്‍ -പത്തേമാരി, ഗോപിസുന്ദര്‍ -ചാര്‍ളി, രാജേഷ് മുരുകേശന്‍ -പ്രേമം, വിദ്യാസാഗര്‍ -എന്നും എപ്പോഴും എന്നിവരുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മത്സരം. കാത്തിരുന്ന് കാത്തിരുന്ന് എന്നു തുടങ്ങുന്ന പാട്ടെഴുതി മികച്ച ഗാനരചയിതാവായ റഫീക്ക് അഹമ്മദ് പ്രധാനമായും മത്സരിച്ചത് തന്നോടു തന്നെ. ചാര്‍ളിയിലെ ഒരു കരിമുകിലിന് എന്നു തുടങ്ങുന്ന ഗാനവും പത്തേമാരിയിലെ പടിയിറങ്ങുന്നു എന്ന ഗാനവും റഫീക്ക് അഹമ്മദിന് മറ്റു രണ്ടു നാമനിര്‍ദ്ദേശങ്ങള്‍ നേടിക്കൊടുത്തിരുന്നു. അദ്ദേഹത്തിന് പുരസ്‌കാരം ഏതാണ്ടുറപ്പായിരുന്നു എന്നര്‍ത്ഥം. എന്നു നിന്റെ മൊയ്തീന്‍ തന്നെ അതു നേടിക്കൊടുത്തു എന്നതില്‍ ആഹ്ലാദം. മിലിയിലെ മഞ്ഞു പെയ്യുമീ എന്ന ഗാനത്തിന് ബി.കെ.ഹരിനാരായണന്‍, പ്രേമത്തിലെ മലരേ എന്ന ഗാനത്തിന് ശബരീഷ് വര്‍മ്മ എന്നിവരുടേതായിരുന്നു ഈ അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട മറ്റു പേരുകള്‍.

മികച്ച ഗായികയുടെ വിഭാഗത്തില്‍ ശ്രേയാ ഘോഷാലിനു രണ്ടു നാമനിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന്, ലൈഫ് ഓഫ് ജോസൂട്ടിയിലെ മേലെ മേലെ എന്നിവ. പുരസ്‌കാരം കാഞ്ചനമാലയുടെ കാത്തിരിപ്പിന് തന്നെ. റാണി പത്മിനിയിലെ ഒരു മകര നിലാവേ എന്ന ഗാനത്തിന് ചിത്ര അരുണ്‍, സു സു സുധി വാത്മീകത്തിലെ കായാമ്പൂ നിറമായി എന്ന ഗാനത്തിന് ശ്വേതാ അരുണ്‍, ഒരു വടക്കന്‍ സെല്‍ഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മിയും മികച്ച ഗായികയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.

മമ്മൂട്ടി നായകനായി സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി മികച്ച ചിത്രമായി. എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി, അനാര്‍ക്കലി, പ്രേമം എന്നിവയാണ് മികച്ചതാവാന്‍ മത്സരിച്ച മറ്റു ചിത്രങ്ങള്‍.

Mammotty
മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ചിരഞ്ജീവി സമ്മാനിച്ചപ്പോള്‍

മികച്ച നടനാവാനുള്ള മത്സരത്തില്‍ അച്ഛന്‍ മകനെ തോല്പ്പിച്ചു. പത്തേമാരിയിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോള്‍ ചാര്‍ളിയായെത്തിയ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പിന്തള്ളപ്പെട്ടു. എന്നു നിന്റെ മൊയ്തീന് പൃഥ്വിരാജ്, പ്രേമത്തിന് നിവിന്‍ പോളി, സു സു സുധി വാത്മീകത്തിന് ജയസൂര്യ എന്നിവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇതില്‍ ജയസൂര്യക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

മികച്ച ഗായകനുള്ള പുരസ്‌കാരം വിജയ് യേശുദാസിനാണ്. പ്രേമത്തിലെ മലരേ എന്ന ഗാനത്തിന്. കോഹിനൂറിലെ ഹേമന്തമെന്‍ എന്ന പാട്ടിനും വിജയ് യേശുദാസിന് നാമനിര്‍ദ്ദേശമുണ്ടായിരുന്നു. പത്തേമാരിയിലെ പടിയിറങ്ങുന്നു എന്ന പാട്ടിന് ഹരിഹരന്‍, മിലിയിലെ മഞ്ഞു പെയ്യുന്നു എന്ന പാട്ടിന് നജീം അര്‍ഷാദ്, എന്നും എപ്പോഴുമിലെ മലര്‍വാക കൊമ്പത്തെ എന്ന പാട്ടിലൂടെ പി.ജയചന്ദ്രന്‍ എന്നിവരായിരുന്നു ഈയിനത്തില്‍ നാമനിര്‍ദ്ദേശം ലഭിച്ച മറ്റു ഗായകര്‍.

ആകെ 10 അവാര്‍ഡുകള്‍. അതില്‍ 9 എണ്ണത്തിലും മത്സര രംഗത്ത്. അന്തിമവിജയമായി 7 അവാര്‍ഡുകള്‍. മൊയ്തീന്‍ അനശ്വരനാണ്!!

Previous articleഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍
Next articleഭിന്നസ്വരം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here