എന്‍.ദുര്‍ബലന്‍ നാടാര്‍ ബഹു കേരള നിയമസഭാ സ്പീക്കര്‍.
രാവിലെ മാധ്യമത്തില്‍ ഹാരിസ് കുറ്റിപ്പുറത്തിന്റെയും മെട്രോ വാര്‍ത്തയില്‍ കെ.ബി.ജയചന്ദ്രന്റെയും പേരുകളില്‍ ഒരു ചിത്രം കണ്ടു.. ഉത്തരേന്ത്യയില്‍ മാത്രം സാധാരണ കാണുന്ന ഒരു കാഴ്ച. ജനസേവകന്റെ ചെരുപ്പ് ജനങ്ങളില്‍പ്പെടുന്ന ഒരാള്‍ അഴിച്ചെടുക്കുന്നു. ‘സേവകന്‍’ ഉഗ്രപ്രതാപിയായി തലയുയര്‍ത്തി നില്‍ക്കുന്നു. ഇമ്മിണി ബല്യ പത്രങ്ങളിലൊന്നും ഇതു കണ്ടില്ല. കണ്ടിട്ടും കാണാത്തപോലെ നടിച്ചതാണോ എന്നറിയില്ല.
ജനാധിപത്യത്തിന്റെ ‘ശ്രീകോവിലാണ്’ നിയമസഭ എന്നാണല്ലോ വാദം. അവിടത്തെ പൂശാരിയാണ് സ്പീക്കര്‍. പേര് ശക്തന്‍. പക്ഷേ, ഈ ചിത്രം പുറത്തുവന്നതോടെ അദ്ദേഹം സ്വയം പേര് മാറ്റി -ദുര്‍ബലന്‍. പേര് മാറ്റുന്നത് ഇദ്ദേഹത്തിന് ഹോബിയാണ്. ആദ്യം എന്‍.ശക്തന്‍ നാടാരായിരുന്നു. പിന്നെ നാടാര്‍ എന്ന വാല് വെട്ടിമാറ്റി എന്‍.ശക്തന്‍ മാത്രമായി. പക്ഷേ, സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അവകാശവാദം ഉന്നയിക്കുമ്പോള്‍ പെട്ടെന്ന് നാടാര്‍ ബോധം കടന്നുവരുന്നത് നമ്മള്‍ പലകുറി കണ്ടു. ചെരുപ്പഴിക്കല്‍ സംഭവത്തിലുള്ള വിശദീകരണം കേട്ടതോടെ അദ്ദേഹത്തിന്റെ പേര് വീണ്ടു മാറി -എന്‍.ദുര്‍ബലന്‍ നാടാര്‍. വാല് വെട്ടിയാല്‍ വെറും എന്‍.ദുര്‍ബലന്‍. പറയാതെ വയ്യ, ദുര്‍ബലന്‍ എന്നതിനു തന്നെയാണ് ശക്തന്‍ എന്ന പേരിനെക്കാള്‍ ബലം.
നമ്മുടെ ‘ജനാധിപത്യം’ എത്രമാത്രം അധഃപതിച്ചുവെന്നു ബോദ്ധ്യപ്പെടാന്‍ നമ്മുടെ ബഹു സ്പീക്കറുടെ ഈ ചെയ്തി മാത്രം മതി. എല്ലാവരും പറയുന്ന സവര്‍ണ്ണ ഫാസിസം ജാതി രൂപത്തില്‍ മാത്രമല്ല, അധികാര രൂപത്തിലും നിലനില്‍ക്കുന്നു എന്നു സാരം. അധികാരമുള്ളവര്‍ സവര്‍ണ്ണന്മാര്‍. നമ്മള്‍ അടിയാളന്മാര്‍ അവര്‍ണ്ണന്മാര്‍.
തന്റെ ചെയ്തിയെ ന്യായീകരിക്കാന്‍ ബഹു സ്പീക്കര്‍ പത്രസമ്മേളനം വിളിച്ചു. കാഴ്ചയ്ക്കു തകരാറുള്ള അപൂര്‍വ്വ രോഗമാണത്രേ അദ്ദേഹത്തിന്. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് പൂര്‍ണ്ണ കാഴ്ചശേഷിയുള്ള പലരും കണ്ടില്ലെങ്കിലും കാഴ്ചയില്ലാത്ത ഇദ്ദ്യേം കണ്ടു! കുനിഞ്ഞാല്‍ കാഴ്ച പൂര്‍ണ്ണമായി നശിക്കുമെന്നാണ് ബഹു സ്പീക്കറുടെ വാദം. അതുകൊണ്ടാണ് ചെരിപ്പു സ്വയം ഊരാത്തതത്രേ. കുനിഞ്ഞ് സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞ് കറ്റമെതിക്കാന്‍ കുഴപ്പമൊന്നുമില്ല. പത്രങ്ങളില്‍ ഫോട്ടം വരണ്ടേ!!!
പാവം ദുര്‍ബലന്റെ വിശദീകരണം കണ്ടപ്പോള്‍ പഴയൊരു കഥ ഓര്‍മ്മവന്നു. ഒരു മന്ത്രി വിമാനത്തില്‍ മുന്‍സീറ്റിലിരുന്ന മാന്യവനിതയെ കടന്നുപിടിച്ചു. പിടിച്ചില്ല എന്നു വാദിക്കാന്‍ മന്ത്രി പറഞ്ഞത് തന്റെ കൈ അത്രത്തോളം പൊങ്ങില്ല എന്നാണ്. ഇതു കേട്ട പത്രപ്രവര്‍ത്തകര്‍ നോക്കുമ്പോള്‍ കൂടുതല്‍ വിശദീകരണവുമായി മന്ത്രി കൈ പരമാവധി ഉയര്‍ത്തി നില്‍ക്കുന്നു -‘എന്റെ കൈ ഇത്രയും പൊങ്ങില്ല. ഇത്രയും ഉയര്‍ത്തിയാലേ പിടിക്കാനാവൂ.’ അദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുന്നു.
കഴിഞ്ഞ ബജറ്റ് അവതരണ നാടകത്തില്‍ പ്രതിപക്ഷത്തെ ചിലര്‍ സ്പീക്കറുടെ കസേര വേദിയില്‍ നിന്ന് ഉരുട്ടിമറിച്ചിട്ടു. അന്ന് അത് വ്യാപക വിമര്‍ശനത്തിനു കാരണമായിരുന്നു. പക്ഷേ, ഇപ്പോള്‍ ബോദ്ധ്യപ്പെടുന്നു -എത്ര ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തി!!!