Reading Time: 6 minutes
1
വിയന്നയിലെ ഇന്ത്യന്‍ മിഷന്റെ വിശദാംശങ്ങള്‍
2
ശ്രീനിവാസന്റെ വിശദീകരണം

3

4
വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രാജീവ മിശ്ര സ്ഥാനമേറ്റതിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ കുറിപ്പ്. ശ്രദ്ധിക്കുക Permanent Representative of India to UN എന്നല്ല
5
വിയന്നയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയും സ്ഥിരം പ്രതിനിധിയുമായ അജിത് കുമാറിന്റെ നിയമനവേളയില്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച മലയാളം പത്രക്കുറിപ്പ്. ശ്രദ്ധിക്കുക ‘ജനീവയിലെ ഐക്യരാഷ്ട്ര സംഘടന ഓഫീസുകളിലേക്കുള്ള ഇന്ത്യയുടെ സ്ഥാനപതിയും സ്ഥിരം പ്രതിനിധിയും’ എന്നാണ് വിശേഷണം
6
നായ്‌റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിശദാംശങ്ങള്‍. സുചിത്ര ദുരൈയുടെ തസ്തിക നോക്കൂ. Permanent Representative of India to UN എന്നല്ല

ടി.പി.ശ്രീനിവാസനെക്കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട രണ്ടു പോസ്റ്റുകളുടെ പേരില്‍ പൊങ്കാലക്കാരുടെ അഴിഞ്ഞാട്ടമാണ്. ഓരോരുത്തര്‍ക്കും വെവ്വേറെ മറുപടി നല്‍കണമെന്നുണ്ട്. പക്ഷേ, സമയപരിമിതി നിമിത്തം അതു സാധിക്കാതെ വരുന്നു. ശ്രീനിവാസന് മര്‍ദ്ദനമേറ്റതു സംബന്ധിച്ചും ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടതു സംബന്ധിച്ചും പല സംശയങ്ങളും പലരും ഉന്നയിച്ചിട്ടുണ്ട്. രണ്ടു വിഷയങ്ങളിലും എനിക്കുള്ള വിശദീകരണം ഈ പോസ്റ്റിലൂടെ നല്‍കാന്‍ ശ്രമിക്കുകയാണ്, ഇതിനും പൊങ്കാല ഉണ്ടാകും എന്നറിഞ്ഞുകൊണ്ടു തന്നെ.

1. ടി.പി.ശ്രീനിവാസന്റെ വിശദീകരണം

I am distressed to see that a disinformation campaign is being mounted to suggest that I used abusive words against the students to provoke them. Anyone, who has seen the video clips, will know that I was extremely polite and friendly to them even after I was attacked. I had no policemen to shout at anywhere near me. Moreover, the words I am supposed to have uttered are not in my vocabulary. The allegation is totally baseless and arises from the frustration over universal condemnation of the attack.

ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിലുള്ള വിശദീകരണമാണ്. ‘എനിക്ക് ക്ഷുഭിതനായി സംസാരിക്കാന്‍ സമീപത്തെങ്ങും പോലീസുകാര്‍ ആരും ഉണ്ടായിരുന്നില്ല’ എന്ന് മധ്യഭാഗത്ത് പറയുന്നുണ്ട്. ഇതു ശരിയാണോ? നിങ്ങള്‍ തന്നെ പരിശോധിക്കൂ. യൂട്യൂബില്‍ നിന്നെടുത്ത മനോരമ ന്യൂസ് ദൃശ്യങ്ങള്‍ ഇതിന് ആധാരമാക്കാം.

ശ്രീനിവാസന്‍ കൈയേറ്റം ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ –കടപ്പാട്: മനോരമ ന്യൂസ്‌

ആഗോള വിദ്യാഭ്യാസ സംഗമ വേദി വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്. സംഗമത്തിന്റെ മുഖ്യസംഘാടകന്‍ ഉപരോധക്കാര്‍ക്കിടയിലേക്കു നടന്നു കയറുകയെന്ന ബുദ്ധിപരമായ നീക്കം അവിടെ കാണാം! തങ്ങളുടെ ഇടയിലേക്ക് നടന്നുകയറുന്ന ശ്രീനിവാസനെ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതു തടയാന്‍ ശ്രമിക്കുന്നത് ഉപരോധക്കാര്‍ക്കിടയിലെ ശരത് അടക്കമുള്ള നേതാക്കള്‍ തന്നെയാണ്. ഇതിനിടയിലേക്ക് പോലീസും കടന്നു വരുന്നുണ്ട്. അവിടെ നിന്നിറങ്ങിയ ശ്രീനിവാസന്‍ പുറത്തേക്കു വരുമ്പോള്‍ ശരത് പിന്നാലെയെത്തി സംസാരിക്കുന്നു. ആംഗ്യത്തില്‍ നിന്നു മനസ്സിലാക്കാനാവുന്നത് അകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ശ്രീനിവാസനോട് തീര്‍ത്തു പറയുന്നത് തന്നെയാണ്. ഈ സമയത്ത് രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ അടുത്തുള്ളതായി കാണാം. അപ്പോള്‍ അടുത്തേക്കു വരുന്ന ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരുദ്യോഗസ്ഥനോട് ശ്രീനിവാസന്‍ എന്തോ പറയുന്നുണ്ട്. അത്രനേരവും ശാന്തനായിരുന്ന ശരത് ഈ വാക്കുകള്‍ കേട്ടപാടെ ക്ഷുഭിതനായി ശ്രീനിവാസനെ അടിച്ചുവീഴ്ത്തുന്നു.

ശരത്തിനെ ഞാന്‍ ന്യായീകരിക്കുന്നില്ല. എന്താണ് ശ്രീനിവാസന്‍ പറഞ്ഞതെന്നും അറിയില്ല. പക്ഷേ, ശ്രീനിവാസന്‍ തന്റെ വിശദീകരണത്തില്‍ പറയുന്ന പോലല്ല കാര്യങ്ങള്‍ എന്നുറപ്പ്. വിശദീകരണവും ദൃശ്യങ്ങളും ഒരുമിച്ചു പരിശോധിക്കാന്‍ ആര്‍ക്കാണ് സമയം അല്ലേ? തങ്ങളുടെ കൈവശമുള്ള റഷസ് പരിശോധിച്ച് ശ്രീനിവാസന്റെ നിരപരാധിത്വം ബോദ്ധ്യപ്പെട്ടതാണെന്നൊക്കെ ചില (യു.ഡി.എഫ്. അനുകൂല) മാധ്യമപ്രവര്‍ത്തകര്‍ എന്റെ പഴയ പോസ്റ്റിനു താഴെ തള്ളിയിട്ടുണ്ട്. വിശദീകരണവും ദൃശ്യങ്ങളും കൂടി ഒത്തുനോക്കൂ. ദൃശ്യങ്ങളോട് ശ്രീനിവാസന്റെ വിശദീകരണം ഒത്തുപോകാത്തത് എന്റെ കുഴപ്പമാണോ?

2. ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് പരാതിപ്പെട്ടതായി ശ്രീനിവാസന്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കര്‍ശന നടപടിയുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുപറയുകയും ചെയ്തു. പക്ഷേ, എന്താ നടപടി? 2 സബ് ഇന്‍സ്‌പെക്ടര്‍മാരെയും 3 കോണ്‍സ്റ്റബിള്‍മാരെയും ദുര്‍ഗുണ പരിഹാര പാഠശാല അഥവാ കേരളാ പോലീസ് അക്കാദമിയിലേക്ക് റിഫ്രഷര്‍ ട്രെയ്‌നിങ്ങിനയച്ചു! കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോ പിണറായി വിജയനോ ആണോ? യു.ഡി.എഫ്. നിയമിച്ച ഒരുന്നത ഉദ്യോഗസ്ഥന്‍ സുരക്ഷാവീഴ്ചയെപ്പറ്റി പരാതി പറഞ്ഞിട്ട് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ്. ഇതിനു പിന്നിലെ കാരണമെന്ത് എന്നാണ് ഞാന്‍ അന്വേഷിച്ചത്.

കോവളത്ത് സുരക്ഷ ഉറപ്പാക്കാന്‍ ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളുണ്ട്. അവിടെ മുഴുവന്‍ അടച്ചുകെട്ടുന്നത് സഞ്ചാരികളില്‍ മുഴുവന്‍ മോശം അഭിപ്രായത്തിന് കാരണമാവുകയും ഭാവിയില്‍ ടൂറിസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിനാല്‍ വി.ഐ.പി. സന്ദര്‍ശനം ഒഴിവാക്കണം എന്നായിരുന്നു പോലീസ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമടക്കമുള്ളവര്‍ അതു മാനിച്ചു. എല്ലാവരും മാനിക്കുമെന്ന് പോലീസ് കരുതി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ശ്രീനിവാസന്‍ അവിടേക്കു വന്നത്. ‘കാര്‍ വിടില്ല’ എന്നു പോലീസ് പറഞ്ഞപ്പോള്‍ ‘എനിക്കു പോയേ മതിയാകൂ’ എന്നു പറഞ്ഞ് ശ്രീനിവാസന്‍ സമരക്കാര്‍ക്കിടയിലേക്ക് ചെന്നുകയറി.

സമരക്കാരെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സ്ഥലത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രകോപനം ഉണ്ടാക്കാതെ എത്രമാത്രം ഇടപെടാനാവും എന്ന് അവിടെയുള്ള പോലീസുകാര്‍ ആശയക്കുഴപ്പത്തിലായത് സ്വാഭാവികം. അതിനാല്‍ത്തന്നെ ശ്രീനിവാസനു നേരെയുണ്ടായ കൈയേറ്റം ഫലപ്രദമായി തടയാന്‍ അവര്‍ക്കായില്ല. ശ്രീനിവാസന്‍ അവിടേക്കു വരുമെന്ന് കരുതിയില്ല എന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം. പിന്നീട് അവിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കൃത്യമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് മുകളിലേക്കു കൈമാറിയത്. ശരത്തില്‍ നിന്ന് ശ്രീനിവാസന് മര്‍ദ്ദനമേല്‍ക്കാന്‍ ഇടയാക്കിയ പരാമര്‍ശത്തിന്റെ വിവരവും ഈ റിപ്പോര്‍ട്ടിലാണുള്ളത്.

പരമാവധി സംയംമനം പാലിക്കണം എന്ന നിര്‍ദ്ദേശം വലിയ അപകടം വരുത്തിവെച്ചുവെന്ന് മേലുദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. ഭരണത്തിന്റെ അവസാനനാളുകളില്‍ എന്തിനു വെറുതെ പൊല്ലാപ്പു പിടിക്കണം എന്ന് ഉദ്യോഗസ്ഥര്‍ കരുതിപ്പോയത് സ്വാഭാവികം. എന്നാല്‍, ശ്രീനിവാസന് സമീപത്തുണ്ടായിട്ടും ഇടപെടാതെ നില്‍ക്കുന്നതായി ചാനല്‍ ദൃശ്യങ്ങളില്‍ വ്യക്തമായ 2 സബ് ഇന്‍സ്‌പെക്ടര്‍മാരെയും 3 കോണ്‍സ്റ്റബിള്‍മാരെയും റിഫ്രഷര്‍ ട്രെയ്‌നിങ്ങിന് അയയ്ക്കാന്‍ തീരുമാനിച്ചതോടെ കാര്യം ശുഭം.

സംഭവം നടക്കുന്നത് ജനുവരി 29, വെള്ളിയാഴ്ച രാവിലെയാണ്. പോലീസ് നടപടിയുണ്ടായില്ലെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടതും ഞാന്‍ അന്വേഷിക്കുന്നതും ജനുവരി 31, ശനിയാഴ്ച വൈകുന്നേരമാണ്. കൃത്യമായി പറഞ്ഞാല്‍, ഏഷ്യാനെറ്റ് എഡിറ്റര്‍-ഇന്‍-ചീഫായിരുന്ന ടി.എന്‍.ഗോപകുമാര്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ടി.എന്‍.ജിയുടെ ശാന്തികവാടത്തിലെ അന്ത്യകര്‍മ്മങ്ങള്‍ക്കും പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തിനും ഇടയിലുള്ള വേളയിലായിരുന്നു അന്വേഷണം. രണ്ടു ദിവസം കഴിഞ്ഞ് പുതിയ വിശദീകരണം സൃഷ്ടിച്ചു എന്ന ആരോപണത്തിന് അതാണ് മറുപടി. ശ്രീനിവാസനെ മര്‍ദ്ദിച്ചയാളിന് അനുകൂലമായി വിശദീകരണം സൃഷ്ടിക്കാന്‍ ഞാന്‍ അയാളുടെ അഭിഭാഷകനല്ല.

കിട്ടിയ വിവരങ്ങള്‍ വെച്ച് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് ജനുവരി 31, ഞായറാഴ്ച പുലര്‍ച്ചെ 1.10നാണ്. അപ്പോള്‍ ഈ വിവരം മറ്റാര്‍ക്കും ലഭിച്ചിട്ടില്ലെന്ന ബോധം എനിക്കില്ല. പോലീസുകാര്‍ക്കെതിരായ നടപടിയിലെ പൊരുത്തക്കേട് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്നും അന്വേഷിച്ചു ലഭിക്കുന്ന വിവരം അവര്‍ വാര്‍ത്തയാക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. അടുത്ത ദിവസം വരുന്ന പത്രങ്ങളിലെ വാര്‍ത്തയോട് ചേര്‍ന്നു പോകുന്ന കുറിപ്പ് എന്നേ അതെഴുതുമ്പോള്‍ ഞാന്‍ കരുതിയുള്ളൂ. പക്ഷേ, എന്തുകൊണ്ടോ ഈ പ്രധാന വിഷയം ആരും ശ്രദ്ധിക്കാതെ പോയി.

സെക്രട്ടേറിയറ്റിനു മുന്നില്‍ വെറുമൊരു ധര്‍ണ നടന്നാല്‍ പോലും സ്‌പെഷല്‍ ബ്രാഞ്ച് എന്നും ഇന്റലിജന്‍സ് എന്നുമൊക്കെ അറിയപ്പെടുന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൊടുക്കും. എന്നാല്‍, ഇത്രയും വലിയ അന്താരാഷ്ട്ര സമ്മേളനവേദിയില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടൊന്നും നല്‍കിയിട്ടില്ലെന്നാണ് എന്റെ ‘സുഹൃത്തുക്കളായ’ ചില മാധ്യമപ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചത്; ഇപ്പോഴും പ്രചരിപ്പിക്കുന്നതും. കേരളത്തിലെ ഒരു പ്രശസ്തനായ വ്യക്തി ‘തെളിവുണ്ടോ’ ‘കീറക്കടലാസുണ്ടോ’ എന്നൊക്കെ ചോദിക്കും പോലെ. സര്‍ക്കാരിനു ദോഷകരമായ ഒരു രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നാല്‍ പിന്നെ സ്വീകരിക്കാവുന്ന ഏറ്റവും എളുപ്പമുള്ള നടപടി അത്തരമൊരു റിപ്പോര്‍ട്ടില്ല എന്നു തീര്‍ത്തുപറയുകയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നാല്‍, ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ട് എന്ന നിലയില്‍ തന്നെയായിരുന്നു പോലീസിന്റെ നടപടികള്‍, എന്റെ പോസ്റ്റ് വന്ന് 16 മണിക്കൂര്‍ കഴിയും വരെ. ജനുവരി 31, ഞായറാഴ്ച വൈകുന്നേരം 5.48ന് ഡി.ജി.പി. ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നു. ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്നും പിരിച്ചുവിടേണ്ട കൃത്യവിലോപമാണ് പോലീസുകാര്‍ വരുത്തിയതെന്നും ബോധോദയം. ഇപ്പോള്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. മനുഷ്യാവകാശലംഘനം ബോദ്ധ്യപ്പെടാന്‍ സംഭവം കഴിഞ്ഞ് 55 മണിക്കൂര്‍ കഴിയേണ്ടി വന്നു എന്നതിനെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല.

3. ശ്രീനിവാസനും യു.എന്നും

ഐക്യരാഷ്ട്രസഭയിലെ യു.എന്‍. സ്ഥിരം പ്രതിനിധി ആയിരുന്നു എന്ന ടി.പി.ശ്രീനിവാസന്റെ അവകാശവാദം പച്ചക്കള്ളമാണ് എന്ന എന്റെ കണ്ടെത്തല്‍ ശുദ്ധവിവരക്കേടാണെന്ന് ചിലരൊക്കെ പറയുന്നു. എന്നാല്‍, ആ വിവരക്കേടില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് എന്റെ തീരുമാനം.

ശ്രീനിവാസന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് അഥവാ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഒരു ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ എന്തു പദവി വഹിക്കണമെന്ന് അദ്ദേഹമോ, അദ്ദേഹം ചെല്ലുന്ന രാജ്യമോ, നിയോഗിക്കപ്പെടുന്ന ഓഫീസോ അല്ല തീരുമാനിക്കുന്നത്, മറിച്ച് ഭാരത സര്‍ക്കാരും ഇവിടത്തെ വിദേശകാര്യ മന്ത്രാലയവുമാണ്. അങ്ങനെ വരുമ്പോള്‍ ഒരു ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്റെ പദവി സംബന്ധിച്ച് ഇവിടത്തെ വിദേശകാര്യ മന്ത്രാലയം പറയുന്നതാണ് അന്തിമവാക്ക് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതാണ് ശരി.

ഇപ്പോള്‍ Permanent Representative of India to UN അഥവാ ഇന്ത്യയുടെ യു.എന്‍. അംബാസഡര്‍ സയ്യദ് അക്ബറുദ്ദീനാണ്. സയ്യദ് അക്ബറുദ്ദീന്‍ മാത്രമാണ്. ന്യൂയോര്‍ക്കാണ് ഇന്ത്യയുടെ യു.എന്‍. അംബാസഡറുടെ ആസ്ഥാനം. 1948 ഐക്യരാഷ്ട്രസഭ നിലവില്‍ വന്നശേഷം ഈ പദവി വഹിച്ച ഒരേയൊരു മലയാളി മാത്രമേയുള്ളൂ -അത് ടി.പി.ശ്രീനിവാസനല്ല. 2002 മെയ് മുതല്‍ 2004 മെയ് വരെ ഇന്ത്യയുടെ യു.എന്‍. അംബാസഡറായിരുന്ന വിജയ് നമ്പ്യാരാണ്. പക്ഷേ, തിരുവനന്തപുരത്തു ചേരുന്ന പല യോഗങ്ങളിലും ശ്രീനിവാസനെ മുന്‍ യു.എന്‍. അംബാസഡര്‍ എന്നു വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. നോട്ടീസിലും അങ്ങനെ അച്ചടിക്കാറുണ്ട്. ഒരു തവണ പോലും അദ്ദേഹം തിരുത്തി കണ്ടിട്ടില്ല. ഇപ്പോള്‍ വെബ്‌സൈറ്റിലും അദ്ദേഹം അവകാശപ്പെടുന്നു വിയന്നയിലും നായ്‌റോബിയിലും Permanent Representative of India to UN ആയിരുന്നു എന്ന്.

വിയന്നയിലും നായ്‌റോബിയിലും ഉള്ളത് ഐക്യരാഷ്ട്ര സഭയുടെ ഓഫീസുകളാണ്. ഐക്യരാഷ്ട്ര സഭയും ഐക്യരാഷ്ട്ര സഭാ ഓഫീസും തമ്മിലുള്ള സാങ്കേതിക വേര്‍തിരിവ് മനസ്സിലാക്കണം. ഓഫീസിലെ സ്ഥിരം പ്രതിനിധി യു.എന്‍. അംബാസഡര്‍ അല്ല. നമ്മുടെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകളും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ -പലരും പറഞ്ഞ പോലെ വിക്കിപീഡിയയിലല്ല -നല്‍കിയിട്ടുള്ള വിവരങ്ങളും എന്റെ വാദം അംഗീകരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത പദവികളില്‍ ധാരാളം മലയാളികള്‍ ഇരിപ്പുണ്ട്. ആര്‍ക്കു വേണമെങ്കിലും ഇതു പരിശോധിക്കാവുന്നതേയുള്ളൂ. ആ വഴി തന്നെയാണ് ഞാന്‍ പ്രയോജനപ്പെടുത്തിയത്. ശ്രീനിവാസന്റെ ചില അസ്മാദികള്‍ മനഃപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ട്.

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ തസ്തിക Permanent Representative of India to United Nations Offices അല്ലെങ്കില്‍ Permanent Representative of India to International Organisations based in Vienna എന്നാണ്. അവിടത്തെ ഇന്ത്യന്‍ എംബസി Permanent Mission of India to International Organisations based in Vienna എന്നും അറിയപ്പെടുന്നു. കെനിയന്‍ തലസ്ഥാനമായ നായ്‌റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് Permanent Representative of India to UNEP and UN-HABITAT എന്ന തസ്തികയും ഉള്‍ക്കൊള്ളുന്നു. ഈ രണ്ടു തസ്തികകളും യു.എന്‍. അംബാസഡര്‍ എന്നു പറയാനാവില്ല. അങ്ങനെ അവകാശപ്പെടുന്നത് ശുദ്ധ അസംബന്ധവും തട്ടിപ്പുമാണ്. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു മാത്രമാണ് Permanent Representative of India to UN അഥവാ ഇന്ത്യയുടെ യു.എന്‍. അംബാസഡര്‍ തസ്തികയുള്ളത്. Permanent Representative of India to International Organisations based in Vienna എന്ന തസ്തികയില്‍ പ്രവര്‍ത്തിക്കുന്നത് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ തന്നെയാണ്. രാജീവ മിശ്രയാണ് ഈ തസ്തികകള്‍ ഇപ്പോള്‍ ഒരുമിച്ചു വഹിക്കുന്നത്. കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, Permanent Representative of India to UNEP and UN-HABITAT എന്നീ തസ്തികകള്‍ സുചിത്ര ദുരൈ ഒരേസമയം വഹിക്കുന്നു.

ഇനി Permanent Representative of India to UN അഥവാ ഇന്ത്യയുടെ യു.എന്‍. അംബാസഡറുടെ കാര്യം -സയ്യദ് അക്ബറുദ്ദീന് ആ ചുമതല മാത്രമേ ഉള്ളൂ. കാരണം അത്രമാത്രം തന്ത്രപ്രധാന തസ്തികയാണ്. യു.എന്‍. ആസ്ഥാനം സ്ഥിതി ചെയ്യുന്ന അമേരിക്കയില്‍ ഇന്ത്യയ്ക്ക് വേറെ അംബാസഡറുണ്ട് -അരുണ്‍ സിങ്. ശ്രീനിവാസനും ശിങ്കിടികളും ആരെയാണ് പറ്റിക്കുന്നത്?

Previous articleചില അപ്രിയ സത്യങ്ങള്‍
Next articleഞങ്ങള്‍ക്കെന്താ അയിത്തമാണോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here