Reading Time: 8 minutes

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പൂര്‍ത്തിയായി. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലേറി. തെലങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതിയും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചു. ബി.ജെ.പി. ഒരിടത്തും കച്ചി തൊട്ടില്ല. ഇനി തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുള്ള സമയമാണ്. 3 സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ച കോണ്‍ഗ്രസ്സിന് മേല്‍ക്കൈ ലഭിച്ചുവെന്നത് ശരി തന്നെ. അതുകൊണ്ട് സെമിയില്‍ കോണ്‍ഗ്രസ് ജയിച്ചുവെന്ന് പറയാനാവുമോ? തീര്‍ച്ചയായും ഇല്ല. ഇത് കോണ്‍ഗ്രസ് ജയിച്ചതല്ല, ഭാരതീയ ജനതാ പാര്‍ട്ടി തോറ്റതാണ്. തോറ്റേ അടങ്ങൂ എന്ന ബി.ജെ.പിയുടെ വാശിയില്‍ കോണ്‍ഗ്രസ് ജയിച്ചു പോയതാണ്.

ബി.ജെ.പി. തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച മധ്യപ്രദേശിലെ ഭരണവിരുദ്ധ വികാരം പൂര്‍ണ്ണതോതില്‍ മുതലാക്കാനും തിളക്കമാര്‍ന്ന വിജയം നേടാനും കോണ്‍ഗ്രസ്സിനായില്ല. മാത്രമല്ല, പല മണ്ഡലങ്ങളിലും ഫലം നിര്‍ണ്ണയിക്കപ്പെട്ടത് തീരെ ചെറിയ മാര്‍ജിനുകളിലാണ്. 1,000ല്‍ താഴെ ഭൂരിപക്ഷമുള്ള 10 മണ്ഡലങ്ങളും 2000ല്‍ താഴെ ഭൂരിപക്ഷമുള്ള 18 മണ്ഡലങ്ങളും 3,000ല്‍ താഴെ ഭുരിപക്ഷമുള്ള 30 മണ്ഡലങ്ങളും 5,000ല്‍ താഴെ ഭൂരിപക്ഷമുള്ള 45 മണ്ഡലങ്ങളും മധ്യപ്രദേശിലുണ്ട്. അപ്പോള്‍, ഫലം എങ്ങോട്ടു വേണമെങ്കിലും തിരിയാമായിരുന്നു എന്നര്‍ത്ഥം.

രാജസ്ഥാനില്‍ ഭരണകൂടത്തെ മാറി മാറി പരീക്ഷിക്കുന്ന പതിവ് ജനങ്ങള്‍ തുടര്‍ന്നു. അവിടെ ബി.ജെ.പിക്ക് വലിയ തകര്‍ച്ച പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും അതു സംഭവിച്ചില്ല. വോട്ടര്‍മാര്‍ മാറ്റം ആഗ്രഹിച്ചിരുന്നു എന്നത് ശരി തന്നെ. എന്നാല്‍, കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന അവസ്ഥയിലേക്ക് അവര്‍ എത്തിയിരുന്നില്ല. സ്വാഭാവിക പ്രതിപക്ഷം എന്ന നിലയില്‍ മറ്റു സാദ്ധ്യതകള്‍ ഇല്ലാത്തതിനാല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തുവെന്നേയുള്ളൂ. ഛത്തീസ്ഗഢ് മാത്രമാണ് കോണ്‍ഗ്രസ്സിന് യഥാര്‍ത്ഥ വിജയം സമ്മാനിച്ചത്. അവിടെ 15 വര്‍ഷമായി തുടരുന്ന ബി.ജെ.പി. വാഴ്ചയോടുള്ള ഭരണവിരുദ്ധ വികാരത്തിനൊപ്പം പ്രാദേശിക തലത്തില്‍ വര്‍ദ്ധിച്ച അഴിമതിയും വികസനമുരടിപ്പും കോണ്‍ഗ്രസ്സിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

രാജസ്ഥാനിലെ വിജയശില്പികള്‍ അശോക് ഗെഹ്‌ലോട്ടിനും സച്ചിന്‍ പൈലറ്റിനുമൊപ്പം രാഹുല്‍ ഗാന്ധി

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളോട് തത്സമയം പ്രതികരിച്ചാല്‍ ജനങ്ങള്‍ തീര്‍ച്ചയായും ഒപ്പം നില്‍ക്കും. അതു തന്നെയാണ് തെലങ്കാനയില്‍ കെ.ചന്ദ്രശേഖര റാവുവിന് ഗുണമായത്. കാര്‍ഷിക പ്രതിസന്ധിയോട് രാജ്യത്തു തന്നെ ഏറ്റവുമാദ്യം പ്രതികരിച്ചത് തെലങ്കാന മുഖ്യമന്ത്രിയാണ്. കൃഷിയോ വിളവോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ കര്‍ഷകര്‍ക്കും ഒരു വേര്‍തിരിവുമില്ലാതെ ഏക്കറിന് 8,000 രൂപ നിരക്കില്‍ സഹായധനം വിതരണം ചെയ്തത് ജനങ്ങളില്‍ വിശ്വാസം വളര്‍ത്തി. ഇതോടൊപ്പം മറ്റു ക്ഷേമപദ്ധതികള്‍ കൂടിയായപ്പോള്‍ വെറും മാറ്റത്തിനു വേണ്ടി മാറണ്ട എന്ന ചിന്ത തെലങ്കാനയിലെ വോട്ടര്‍മാരില്‍ ഉണര്‍ന്നു. ഇതിനൊപ്പം ടി.ഡി.പി. -കോണ്‍ഗ്രസ് സഖ്യത്തെ തെലങ്കാനയ്‌ക്കെതിരെ നിലയുറപ്പിച്ച പരദേശികള്‍ എന്നുകൂടി വരുത്താനായതോടെ ടി.ആര്‍.എസ്സിന്റെ വിജയം പൂര്‍ണ്ണമായി.

വടക്കു കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ്സിന് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമായിരുന്നു മിസോറാം. ഭരണവിരുദ്ധ വികാരം തന്നെയാണ് അവിടെ നിര്‍ണ്ണായകമായത്. കോണ്‍ഗ്രസ്സിന്റെ 10 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് മിസോ നാഷണല്‍ ഫ്രണ്ട് അവിടെ അധികാരം പിടിച്ചതോടെ ബി.ജെ.പി. ആഗ്രഹിക്കുന്ന പോലെ ആ മേഖല കോണ്‍ഗ്രസ് മുക്തമായി. അവിടെ കഴിഞ്ഞ തവണ 0.37 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പി. ഇപ്പോള്‍ 8 ശതമാനത്തിലേക്ക് വളര്‍ന്നിട്ടുണ്ട് എന്നത് എടുത്തുപറയണം.

മധ്യപ്രദേശിലെ വിജയശില്പികള്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കമല്‍നാഥിനുമൊപ്പം രാഹുല്‍ ഗാന്ധി

മധ്യപ്രദേശില്‍ 109 സീറ്റേ ബി.ജെ.പി. നേടിയുള്ളൂ എങ്കിലും അവര്‍ക്ക് 41 ശതമാനം വോട്ടു കിട്ടി. 114 സീറ്റു നേടിയ കോണ്‍ഗ്രസ്സിന് 40.9 ശതമാനം വോട്ടേ കിട്ടിയുള്ളൂ. തോറ്റ ടീമിനെക്കാള്‍ ജയിച്ച ടീം 0.1 ശതമാനം പിന്നില്‍.പക്ഷേ, ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 3.88 ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് 4.59 ശതമാനം കൂടി. അതാണ് അന്തിമഫലത്തെ സ്വാധീനിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് പകുതി വഴി പിന്നിടാനായില്ല. അവര്‍ക്ക് 99 സീറ്റ് കിട്ടിയപ്പോള്‍ ബി.ജെ.പിക്ക് 73 സീറ്റാണ്. എന്നാല്‍, ഇരു കക്ഷികളും തമ്മിലുള്ള വോട്ട് വ്യത്യാസം 0.5 ശതമാനമേയുള്ളൂ. 6.23 ശതമാനത്തിന്റെ വര്‍ദ്ധനയുമായി കോണ്‍ഗ്രസ് 39.3ലെത്തിയപ്പോള്‍ 6.37 ശതമാനത്തിന്റെ കുറവുമായി ബി.ജെ.പി. 38.8ലേക്കു വീണു. ഛത്തീസ്ഗഢില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് വ്യക്തമായ മേല്‍ക്കൈയുള്ളത്. 2.71 ശതമാനത്തിന്റെ വര്‍ദ്ധനയുമായി അവര്‍ 43 ശതമാനത്തിലെത്തി. എന്നാല്‍, ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ 8.04 ശതമാനത്തിന്റെ കുറവുണ്ടായി, 33 ശതമാനത്തിലേക്ക് വീണു. ജയിച്ചവരും തോറ്റവും തമ്മില്‍ കൃത്യം 10 ശതമാനത്തിന്റെ വ്യത്യാസം. കഴിഞ്ഞ തവണ ബി.ജെ.പി. ജയിച്ചപ്പോള്‍ ഇരു കൂട്ടരും തമ്മില്‍ വോട്ടിലുള്ള വ്യത്യാസം 0.75 ശതമാനം മാത്രമായിരുന്നു എന്നോര്‍ക്കണം.

2019ലെ തിരഞ്ഞെടുപ്പില്‍ വ്യക്തമായ രണ്ടു ചേരികള്‍ രൂപമെടുത്തു കഴിഞ്ഞു. സമ്പന്നരുടെ ആശയാഭിലാഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്ന ആക്ഷേപം നേരിടുന്ന നരേന്ദ്ര മോദിയുടെ ബി.ജെ.പിയാണ് ഒരു ഭാഗത്ത്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ശബ്ദമുയര്‍ത്തുന്നു എന്നവകാശപ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ ഒരു ഭാഗത്ത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ ഒട്ടേറെ ഭിന്നതകള്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ബി.ജെ.പിയെ വീഴ്ത്തുക എന്ന വിശാല ലക്ഷ്യത്തിനായി അവര്‍ ഒരുമിച്ചു നില്‍ക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായും

ഡിസംബര്‍ 11നു വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ഏറ്റവും നിര്‍ണ്ണായക സന്ദേശം ബി.ജെ.പിക്ക് എതിരാണ്. ബി.ജെ.പി. അപരാജിതര്‍ ആണെന്ന മിഥ്യ ഇവിടെ പൊളിഞ്ഞു. ജനങ്ങളുടെ മനസ്സിലുള്ള ആശങ്കകള്‍, പശുവിന്റെ പേരില്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങളോടുള്ള എതിര്‍പ്പ്, സാമ്പത്തികമാന്ദ്യം എന്നിവയെല്ലാം ഈ ഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനാല്‍ത്തന്നെ 2019ലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സാദ്ധ്യതകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യം അങ്ങനെ തന്നെയാവണം. വെറും വാചകമടി മാത്രം നടക്കുന്ന മന്ദതയില്‍ മടുപ്പു തോന്നിയ ജനങ്ങള്‍ പ്രതിപക്ഷത്തെ ഒന്നു പരീക്ഷിച്ചു നോക്കാം എന്ന മാനസികാവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. 5 സംസ്ഥാനങ്ങളില്‍ ഒന്നു പോലും ബി.ജെ.പിക്ക് കിട്ടാതിരിക്കാനുള്ള കാരണം മറ്റൊന്നല്ല.

ഇപ്പോഴത്തെ നിലയിലാണെങ്കില്‍ കോണ്‍ഗ്രസ്സിനും വലിയ മുന്നേറ്റമുണ്ടാവും എന്നു തോന്നുന്നില്ല. അവര്‍ വെറുതെ ബി.ജെ.പിയെ ചൊറിഞ്ഞിട്ടു മാത്രം കാര്യമില്ല. ഉണര്‍വ്വ് കൈവരിച്ച പ്രതിപക്ഷത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാനുതകുന്ന തരത്തില്‍ കൃത്യമായ ആശയങ്ങളും നയങ്ങളും മുന്നോട്ടുവെയ്ക്കുന്ന വിത്തായി കോണ്‍ഗ്രസ് മാറണം. എങ്കില്‍ മാത്രമേ ഇപ്പോഴുള്ള സാദ്ധ്യതകളെ കോണ്‍ഗ്രസ്സിന് ഭാവിയില്‍ അവസരങ്ങളാക്കി മാറ്റാനാവൂ. മറ്റുള്ളവരെ ഒപ്പം ചേരാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ പ്രചോദിപ്പിക്കാനും നയിക്കാനും ഉറപ്പിക്കാനും പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും വിശ്വാസത്തിലധിഷ്ഠിതമായ ദീര്‍ഘകാല കൂട്ടുകെട്ടുകള്‍ രൂപപ്പെടുത്താനുമൊക്കെ കോണ്‍ഗ്രസ് നന്നായി അദ്ധ്വാനിക്കേണ്ടതുണ്ട്.

കോൺഗ്രസ് വിജയവണ്ടി

ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമുള്ള സഖ്യങ്ങളെ സംബന്ധിച്ച് കോണ്‍ഗ്രസ്സിന് വെവ്വേറെ കാഴ്ചപ്പാടുണ്ടാകണം എന്നും ഈ ഫലം വ്യക്തമാക്കുന്നുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവുമായി ദേശീയ തലത്തില്‍ കൈകോര്‍ക്കുന്നതില്‍ തെറ്റില്ലെങ്കിലും പ്രാദേശിക തലത്തില്‍ സഖ്യമാവുന്നത് കോണ്‍ഗ്രസ്സിന് വിനയാകും എന്നതാണ് തെലങ്കാന നല്‍കുന്ന പാഠം. അതുപോലെ ബി.ജെ.പിയുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്നതിന്റെ പേരില്‍ സി.പി.എം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്വാഭാവിക സഖ്യകക്ഷി ആണെങ്കിലും കേരളത്തില്‍ ഇരുകക്ഷികളും മുഖാമുഖം പോരിലാണ്. മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്ള കൂട്ടിലേക്ക് സി.പി.എം. കടന്നുവരിക എന്നത് സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്തതാണ്. ഈ ഘട്ടത്തില്‍ തൃണമൂല്‍ വേണോ സി.പി.എം. വേണോ എന്നു കോണ്‍ഗ്രസ്സിനു തീരുമാനിക്കേണ്ടി വരും. എന്തുവന്നാലും ബി.ജെ.പിക്കൊപ്പം പോവില്ല എന്ന് ഇവിടെ ഉറപ്പു പറയാനാവുന്നത് സി.പി.എമ്മിനെക്കുറിച്ച് മാത്രമാണ്. അതു പരിഗണിക്കാതെ തരമില്ലല്ലോ.

ഇത്തരം ഒട്ടേറെ ഞാണിന്മേല്‍ക്കളികള്‍ വരും മാസങ്ങളില്‍ കോണ്‍ഗ്രസ് വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് പരസ്പരം വലിയ പരിക്കേല്പിക്കാതെയുള്ള സൗഹൃദമത്സരങ്ങളുടെ സാദ്ധ്യതയിലേക്കാണ്. തിരഞ്ഞെടുപ്പിന് ശേഷം മുമ്പ് യു.പി.എ. രൂപമെടുത്ത മാതൃകയിലുള്ള സഖ്യരൂപീകരണമായിരിക്കും സംഭവിക്കുക. ഇതിനൊപ്പം ഉള്‍പ്പാര്‍ട്ടി പോരിനെയും രാഹുല്‍ ഗാന്ധിക്കു നേരിടേണ്ടതുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ കോണ്‍ഗ്രസ് വിജയത്തിന് തിളക്കം വല്ലാതെ കുറച്ചത് തമ്മിലടി തന്നെയാണ്. തമ്മിലടി ഇല്ലാതാക്കാന്‍ അടിയന്തര നടപടി വേണം എന്ന വ്യക്തമായ സൂചനയാണ് ഇതു നല്‍കുന്നത്. 2019ലെ വലിയ പോരാട്ടത്തിന് കോണ്‍ഗ്രസ് സജ്ജമാകണമെങ്കില്‍ ഒറ്റക്കെട്ടായി വര്‍ദ്ധിത വീര്യത്തോടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയേ മതിയാകൂ.

ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീണു തുടങ്ങി എന്നതിന്റെ സൂചനയാണ് അവര്‍ക്കു ലഭിച്ചിരുന്ന വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ്. മുമ്പ് അവര്‍ക്കൊപ്പം ഉറച്ചുനിന്നിരുന്ന നഗരപ്രദേശങ്ങളിലെ സവര്‍ണ്ണ വിഭാഗക്കാരും കര്‍ഷകരും ഒരുപോലെ ബി.ജെ.പിയെ കൈവിട്ടു. റോഡുകളും പാലങ്ങളും പ്രതിമകളും ഉര്‍ത്തിക്കാട്ടി വികസനമെന്നു പറയുമ്പോള്‍ ജനങ്ങള്‍ നോക്കുന്നത് തങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നില്ലല്ലോ എന്നതാണ്. തൊഴിലില്ലായ്മയും മന്ദതയും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. കൂനിന്മേല്‍ കുരു പോലെ നോട്ടുനിരോധനവും ജി.എസ്.ടിയും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സാങ്കേതികവിദ്യയുപയോഗിച്ച് തിരഞ്ഞെടുപ്പുകള്‍ വരുതിയിലാക്കാം എന്ന ആത്മവിശ്വാസം നയിക്കുന്ന ബി.ജെ.പിയുടെ ബുദ്ധികേന്ദ്രങ്ങള്‍ ജനങ്ങളുടെ ഈ എതിര്‍പ്പ് തിരിച്ചറിയുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. സോഷ്യല്‍ മീഡിയയും ഏറെ മാറിയത് അവര്‍ തിരിച്ചറിയാതെ പോയി.

സാധാരണക്കാരന്റെ ശബ്ദം എന്ന നിലയിലാണ് 2014ല്‍ നരേന്ദ്ര മോദി അവതരിച്ചത്. യു.പി.എയുടെ നയപരമായ തളര്‍ച്ചയ്ക്കു ബദലായി സാങ്കേതികവിദ്യയിലൂന്നിയ വികസനവും അതിലധിഷ്ഠിതമായ ക്ഷേമപദ്ധതികളും മുന്നോട്ടുവെച്ച അദ്ദേഹത്തിന് സ്വീകാര്യത എളുപ്പത്തില്‍ നേടാനായി. ഇതിനൊപ്പം വേണ്ടിടത്ത് ഹിന്ദുത്വയും പ്രയോഗിച്ചതോടെ ബി.ജെ.പിക്ക് സ്വപ്‌നതുല്യമായ വിജയം ലഭിച്ചു. കഴിഞ്ഞ നാലര വര്‍ഷക്കാലത്ത് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ നേരിട്ടും വഴിവിട്ടുമെല്ലാം ജയിച്ചുകയറിയ ബി.ജെ.പിക്ക് പക്ഷേ, ഇപ്പോള്‍ വഴി തെറ്റിയിരിക്കുന്നു. ബി.ജെ.പി. എന്നാല്‍ പണക്കാരന്റെ പാര്‍ട്ടി എന്ന ആക്ഷേപത്തോട് വലിയൊരു വിഭാഗം ജനങ്ങള്‍ യോജിച്ചുതുടങ്ങിയിരിക്കുന്നത് വലിയ പ്രശ്‌നം തന്നെയാണ്. ഇത് ശരിയല്ല എന്നു ബി.ജെ.പിക്കാര്‍ വാദിക്കുമെങ്കിലും അംബാനിക്കും അദാനിക്കുമെല്ലാം ഇത്രയേറെ പ്രാധാന്യം കൈവന്ന കാലം ഇതിനു മുമ്പുണ്ടായിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.

തോല്‍പ്പിക്കാനാവാത്ത ശക്തി എന്നാണ് നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പിയെക്കുറിച്ച് മേനി പറഞ്ഞിരുന്നത്. ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തില്‍ ആ മേനി മാഞ്ഞുപോകുകയാണ്. ഫണ്ട് പിരിവ് അടക്കമുള്ള വിഷയങ്ങളില്‍ പോലും പ്രതിപക്ഷത്തെ ഒരവസരവും നല്‍കാതെ വരിഞ്ഞുമുറുക്കിയിരുന്ന ബി.ജെ.പിക്ക് ഇനി അത് സാധിച്ചുവെന്നു വരില്ല. ഇത് വലിയ മാറ്റമാണ്. കോണ്‍ഗ്രസ്സിനും ഫണ്ട് ലഭിക്കാവുന്ന വിധത്തില്‍ 5 വലിയ സംസ്ഥാനങ്ങളില്‍ അവര്‍ അധികാരത്തിലേറി കഴിഞ്ഞു. കോണ്‍ഗ്രസ് ജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ചിന്ത വരുന്നതും ആ പാര്‍ട്ടിക്ക് പണം നല്‍കാന്‍ വ്യവസായികളെ പ്രേരിപ്പിക്കും. പണക്കൊഴുപ്പിന്റെ കളി ഇനി ബി.ജെ.പിക്കു മാത്രമായി കളിക്കാനാവില്ല എന്നര്‍ത്ഥം.

പ്രതിപക്ഷ ഐക്യനിര

കഴിഞ്ഞ തവണത്തെപ്പോലെ വികസനം എന്ന അജന്‍ഡയുമായി തിരഞ്ഞെടുപ്പിലേക്കു പോകാന്‍ 2019ല്‍ ഏതായാലും ബി.ജെ.പിക്ക് കഴിയില്ല. അല്പമെങ്കിലും മുന്നോട്ടു പോകണമെങ്കില്‍ ബി.ജെ.പിക്ക് ഇപ്പോഴത്തെ നയങ്ങള്‍ മാറ്റിപ്പിടിച്ചേ മതിയാകൂ. നഗരങ്ങളിലെ മധ്യവര്‍ത്തി സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കാനും കാര്‍ഷിക മേഖലയ്ക്ക് താങ്ങാവാനുമുള്ള അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. ഇതൊക്കെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായതിനാല്‍ അയോദ്ധ്യയിലെ രാമക്ഷേത്രം പോലെ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വിഷയങ്ങള്‍ എടുത്തു പറപ്പിക്കുന്നതാണ് അവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്നത്. കേരളത്തില്‍ ശബരിമല വിഷയം ഉപയോഗിക്കുന്നതിനു സമാനമായ സാഹചര്യം രാജ്യം മുഴുവന്‍ സൃഷ്ടിക്കാനായിരിക്കും അവര്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ വോട്ടു നേടുന്നതിനൊപ്പം സമൂഹം ഭിന്നിക്കാതെ നോക്കാനുള്ള പ്രവര്‍ത്തനത്തില്‍ കൂടി പ്രതിപക്ഷത്തിന് ഏര്‍പ്പെടേണ്ടി വരും.

ഇപ്പോഴത്തെ നിലയില്‍ 2019ല്‍ ബി.ജെ.പി. അധികാരത്തിലെത്തുമെന്ന് സാമാന്യ യുക്തിയുള്ള ആരും ഉറപ്പിച്ചു പറയില്ല. 6 മാസം മുമ്പ് ഇതായിരുന്നില്ല സ്ഥിതി എന്നോര്‍ക്കണം. 2024ല്‍ മോദിയെ എങ്ങനെ തളയ്ക്കാം എന്നാണ് എല്ലാവരും അന്ന് ചര്‍ച്ച ചെയ്തിരുന്നത്. ഇപ്പോള്‍ അതിനു മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ കാരണം പ്രതിപക്ഷ നിരയില്‍ രൂപമെടുത്ത ഐക്യവും അമിതമായ ആത്മവിശ്വാസത്തില്‍ നിന്നുടലെടുത്ത അഹങ്കാരത്തിന്റെ ഫലമായി ജനങ്ങളെ അശേഷം മാനിക്കാതെയുള്ള മോദി സര്‍ക്കാരിന്റെ പോക്കുമാണ്. 2019ല്‍ മോദി തിരിച്ചുവരുമെന്നു പറയുന്നവര്‍ ഭരണം ലഭിക്കാനാവശ്യമായ സീറ്റുകള്‍ എവിടെ നിന്നു വരുമെന്നു കൂടി പറയേണ്ടി വരുമല്ലോ. ആ കണക്ക് നോക്കുമ്പോഴാണ് മോദി -ഷാ ദ്വയം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാവുക.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കണക്ക് ആദ്യം നോക്കാം. ഇവിടങ്ങളില്‍ എല്ലാം കൂടി ആകെ 520 നിയമസഭാ സീറ്റുകളാണുള്ളത്. ഇവ ചേര്‍ന്ന് 65 ലോക്‌സഭാ മണ്ഡലങ്ങള്‍. ശരാശരി 8 നിയമസഭാ സീറ്റുകള്‍ ചേര്‍ന്ന് ഒരു ലോക്‌സഭാ സീറ്റാകുന്നു എന്നു സാരം. 2014ല്‍ ഈ 65 സീറ്റുകളില്‍ 60 എണ്ണവും ബി.ജെ.പി. ജയിച്ചിരുന്നു. ഈ 60 ലോക്‌സഭാ സീറ്റുകള്‍ക്കു സമാനമായ 443 നിയമസഭാ മണ്ഡലങ്ങളും ബി.ജെ.പിയുടെ നിയന്ത്രണത്തിലായിരുന്നു. കോണ്‍ഗ്രസ്സിന് ജയിക്കാനായത് വെറും 4 ലോക്‌സഭാ സീറ്റുകളാണ്. എന്നാല്‍, ഇത്തവണ ബി.ജെ.പിക്ക് 3 സംസ്ഥാനങ്ങളിലും കൂടി ജയിക്കാനായത് 193 നിയമസഭാ സീറ്റുകള്‍ മാത്രം. 8 നിയമസഭാ സീറ്റ് വെച്ചു കൂട്ടിയാല്‍ 24 ലോക്‌സഭാ സീറ്റ്. അങ്ങനെ നോക്കുമ്പോള്‍ 36 ലോക്‌സഭാ സീറ്റുകളുടെ നഷ്ടം ബി.ജെ.പിക്ക് ഈ മേഖലയില്‍ മാത്രം സംഭവിക്കുകയാണ്. ബി.ജെ.പിയുടെ നഷ്ടം സ്വാഭാവികമായും കോണ്‍ഗ്രസ്സിനു നേട്ടമാവുകയാണെങ്കില്‍ ആ പക്ഷത്തേക്ക് 40 സീറ്റുകള്‍ ചരിയും. 24നെക്കാള്‍ വലുതാണല്ലോ 40!

രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും

ഉത്തര്‍ പ്രദേശില്‍ ആകെയുള്ള 80 ലോകസ്ഭാ മണ്ഡലങ്ങളില്‍ 71ലും കഴിഞ്ഞ തവണ വിജയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍, അതിന്റെ മൂന്നിലൊന്നെങ്കിലും 2019ല്‍ ജയിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം. 2009ല്‍ ബി.ജെ.പിക്ക് അവിടെയുണ്ടായിരുന്നത് വെറും 10 സീറ്റുകളാണ് എന്നോര്‍ക്കുക. ആ നിലയിലേക്ക് പാര്‍ട്ടി തിരിച്ചുപോയാലും അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ തവണ ചതുഷ്‌കോണ മത്സരമായിരുന്നു. കരുത്തരായ ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും പരസ്പരം മത്സരിച്ചതാണ് ബി.ജെ.പിക്ക് അനായാസ വിജയം സമ്മാനിച്ചത്. എന്നാല്‍ ഇക്കുറി എസ്.പി. -ബി.എസ്.പി. സഖ്യമാണ്. കോണ്‍ഗ്രസ്സും അവര്‍ക്കൊപ്പം ചേരാനാണ് സാദ്ധ്യത. പരസ്പരം പോരടിക്കുന്നത് സ്വയം കുഴി തോണ്ടുന്നതാവുമെന്ന് ഈ കക്ഷികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എസ്.പി. -ബി.എസ്.പി. സഖ്യം മത്സരിച്ചിടത്തെല്ലാം ബി.ജെ.പി. തോറ്റു എന്നത് എടുത്തുപറയണം. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗൊരഖ്പുരില്‍ പോലും ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഇത്തരത്തില്‍ തോറ്റു. 2014ല്‍ ആദിത്യനാഥ് 3,12,783 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ 2018ല്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സമാജ്‌വാദി പാര്‍ട്ടിയിലെ പ്രവീണ്‍ കുമാര്‍ നിഷാദ് 21,881 വോട്ടിന് ജയിച്ചു!

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, ഒഡിഷ, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിയെ കാത്തിരിക്കുന്നത് തിരിച്ചടി തന്നെയാണ്. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലും കഴിഞ്ഞ തവണ നേടിയ തിളക്കമാര്‍ന്ന വിജയം ബി.ജെ.പിക്കുണ്ടാവില്ല. മഹാരാഷ്ട്രയില്‍ കര്‍ഷക മുന്നേറ്റത്തിന്റെ കൂടി ഫലമായ ഭരണവിരുദ്ധ വികാരമുണ്ട്. ബിഹാറിലെ മഹാസഖ്യം കൂടുതല്‍ ശക്തി നേടിയിരിക്കുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയ കാര്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായതാണ്. ഇതിനു പുറമെ പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിടിമുറുക്കിയിരിക്കുന്നു. ഹിമാചല്‍, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് സാദ്ധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അതും ഉറപ്പില്ല.

ലോക്സഭയിലെ കെട്ടിപ്പിടിത്തം അമൂലിന് കാർട്ടൂണ്‍ വിഷയമായപ്പോള്‍

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രഭാവത്തിന് കാര്യമായ ഇടിവ് സംഭവിച്ചിരിക്കുന്നു. രാഹുലിനെ ‘പപ്പു’ എന്നു വിളിച്ചു കളിയാക്കുന്ന ബി.ജെ.പിയുടെ തന്ത്രം സാവധാനത്തില്‍ അവര്‍ക്കു തന്നെ തിരിച്ചടിയാവുകയാണ്. രാഹുല്‍ എന്തെങ്കിലും മണ്ടത്തരം കാണിച്ചാലും അതു സ്വാഭാവികമാണെന്നു ജനം കരുതുന്ന അവസ്ഥ ബി.ജെ.പി. തന്നെയുണ്ടാക്കി. ചുരുക്കിപ്പറഞ്ഞാല്‍ രാഹുലിനൊരു പ്രതിരോധശേഷി ബി.ജെ.പി. ബുദ്ധി കേന്ദ്രങ്ങള്‍ തന്നെ സൃഷ്ടിച്ചുകൊടുത്തു. മാത്രമല്ല, മണ്ടനെന്നു വിശേഷിപ്പിക്കപ്പെടുന്നയാള്‍ ബുദ്ധിപൂര്‍വ്വം ചെറിയൊരു കാര്യം ചെയ്താലും അതു വന്‍ സംഭവമായി വ്യഖ്യാനിക്കപ്പെടും. രാഹുല്‍ ലോക്‌സഭയില്‍ പ്രസംഗിച്ചു കഴിഞ്ഞ് നരേന്ദ്ര മോദിയെ പോയി കെട്ടിപ്പിടിച്ചതു തന്നെ ഉദാഹരണം. അത്തരത്തിലുള്ള ചെറിയ ചുവടുകള്‍ രാഹുലിനു ഗുണമായി.

ദേശീയ തലത്തില്‍ ഒരു നേതാവായി അംഗീകരിക്കപ്പെട്ടു തുടങ്ങിയെങ്കിലും നരേന്ദ്ര മോദിയുടെ പകരക്കാരന്‍ എന്ന നിലയിലേക്ക് പൂര്‍ണ്ണതോതിലുള്ള വളര്‍ച്ച അദ്ദേഹം കൈവരിച്ചിട്ടില്ല. കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന നിലയ്ക്ക് രാഹുലിനും വളര്‍ച്ച സംഭവിക്കാം. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പും പിമ്പുമുള്ള രാഹുല്‍ ഗാന്ധിയെ വിലയിരുത്തിയാല്‍ ആ മാറ്റം മനസ്സിലാവും. എന്തായാലും പ്രാദേശിക കക്ഷികള്‍ക്ക് നിര്‍ണ്ണായക സ്വാധീനം വീണ്ടും കൈവരുന്ന ഒരു തിരഞ്ഞെടുപ്പാണ് 2019ല്‍ നടക്കാന്‍ പോകുന്നത്. പ്രാദേശിക കക്ഷികളുടെ ഈ ശക്തിപ്രകടനത്തെ തങ്ങള്‍ക്കനുകൂലമായി പ്രയോജനപ്പെടുത്താന്‍ സാദ്ധ്യതയുള്ള ഏക കക്ഷിയാണ് എന്നതാണ് കോണ്‍ഗ്രസ്സിന്റെ മെച്ചം. കാരണം, ശക്തരായി നില്‍ക്കുന്ന പ്രാദേശിക നേതാക്കള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ബി.ജെ.പിയുടെ എതിര്‍പക്ഷത്താണ്. രാഹുലിനു മുന്നില്‍ സാദ്ധ്യതകളും അവസരങ്ങളും വെട്ടിത്തുറക്കുന്നതും ഇതു തന്നെയാണ്. പക്ഷേ, അത് സാദ്ധ്യമാവണമെങ്കില്‍ ബി.ജെ.പി. തോറ്റാല്‍ പോരാ, കോണ്‍ഗ്രസ് ജയിക്കണം. കോണ്‍ഗ്രസ്സിനെ രാഹുല്‍ ജയിപ്പിക്കണം.

നരേന്ദ്ര മോദി

ആരും അജയ്യരല്ല എന്ന സന്ദേശമാണ് ഈ സെമി ഫൈനലിലൂടെ ജനങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ഭരണം മടുത്ത ജനങ്ങള്‍ മറ്റു സാദ്ധ്യതകള്‍ തേടി. ബദല്‍സാദ്ധ്യത കോണ്‍ഗ്രസ് മാത്രമായിടത്ത് അവര്‍ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്തു. എന്നാല്‍, ബി.ജെ.പിയും കോണ്‍ഗ്രസ്സുമല്ലാതെ മറ്റൊരു ശക്തിക്ക് പ്രസക്തിയുള്ളിടത്ത് ജനങ്ങള്‍ അവരെ വരിച്ചു. തെലങ്കാനയില്‍ ടി.ആര്‍.എസ്സും മിസോറാമില്‍ എം.എന്‍.എഫും നേടിയ തകര്‍പ്പന്‍ വിജയങ്ങള്‍ അതിന് തെളിവാണ്. ഒഡിഷയില്‍ ബിജു പട്‌നായിക്, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു, ബംഗാളില്‍ മമതാ ബാനര്‍ജി, തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന്‍ തുടങ്ങിയവരൊക്കെ പ്രസക്തി കൈവരിക്കുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയുമില്ലാത്ത ഒരു കേന്ദ്ര ഭരണത്തെക്കുറിച്ച് തെലങ്കാനയില്‍ നിന്ന് ചന്ദ്രശേഖരറാവു ഉച്ചത്തില്‍ പറയുന്നുണ്ട്. പക്ഷേ, അത്തരമൊരു സര്‍ക്കാരിന് 2019ല്‍ സാദ്ധ്യത വിദൂരമാണ്.

Previous articleവിജയസിന്ധു
Next articleവിവാദത്തിനപ്പുറത്തെ വികസനവഴികള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here