തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സാധാരണ നിലയില്‍ അയയ്ക്കുന്ന കത്തില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഇതിലുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും.
പ്രധാനമന്ത്രിക്ക് അടുത്ത കാലത്ത് മുഖ്യമന്ത്രി അയച്ച സൗഹാര്‍ദ്ദ ഭാവത്തിലുള്ളതല്ല കത്ത് എന്നര്‍ത്ഥം. ശക്തമായ ഭാഷയില്‍ നിശിതമായ വിയോജിപ്പ് മുഖ്യമന്ത്രി ഇവിടെ രേഖപ്പെടുത്തുന്നു. അതായത് തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പ് ഈ കത്തില്‍ പ്രതിഫലിക്കുന്നു എന്നര്‍ത്ഥം.
കത്തില്‍ ഒരു കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
In view of the unilateral decision taken by the Government of India wihtout giving credence to the cogent arguments put forward by the State Government, it will be difficult for us to offer co-operation to the implementation of the decision, which is against the wishes of the people of the State.
എന്നുവെച്ചാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച തീര്‍ത്തും ന്യായമായ വാദമുഖങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ സഹകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാവുമെന്ന്. കേന്ദ്രത്തിന്റെ ഈ തീരുമാനം കേരളത്തിലെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കു വിരുദ്ധമാണെന്നും പറഞ്ഞിട്ടുണ്ട്. സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞാല്‍ വഴിമുടക്കാന്‍ ബുദ്ധിമുട്ടില്ല എന്നു തന്നെയാണ് സാരം.
വിമാനത്താവള വികസനത്തിനായി 23.57 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഏറ്റെടുത്തു നല്‍കിയിട്ടുണ്ട്. നമ്മുടെയൊക്കെ നികുതിപ്പണമുപയോഗിച്ച് ഏറ്റെടുത്ത ഈ ഭൂമി അദാനിക്കു വിട്ടുകൊടുക്കണമെന്നാണ് മോദിജി പറയുന്നത്. മാത്രവുമല്ല വിമാനത്താവള കൈമാറ്റ വിഷയം സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. മോദിക്കെന്തു കോടതി അല്ലേ?
കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കേണ്ട കാര്യങ്ങളില്‍ സഹകരിക്കുമെന്നും അവരെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. “സഹകരിക്കാന്‍ ഇപ്പോള്‍ സൗകര്യമില്ല” എന്നു വ്യക്തമാക്കിയതും ആ നിലപാടിന്റെ ഭാഗമായി തന്നെ.