കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര നാടകോത്സവം -ഇറ്റ്‌ഫോക് -2020 ജനുവരി 20 മുതല്‍ 29 വരെ തൃശ്ശൂരില്‍ നടക്കുകയാണ്. കേരളത്തിലെ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ നാടകപ്രവര്‍ത്തകര്‍ വളരെ ആകാംക്ഷയോടെയാണ് ഈ ഉത്സവത്തെ കാണുന്നത്. ഒരു നാടകാസ്വാദകന്‍ എന്ന നിലയില്‍ ഈയുള്ളവനും ഇറ്റ്‌ഫോകില്‍ സാദ്ധ്യമാവുമ്പോഴെല്ലാം പങ്കാളിയാവാറുണ്ട്.
ഇറ്റ്‌ഫോകില്‍ പ്രവേശനം നേടാന്‍ നാടകങ്ങള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുക പതിവാണ്. ഇത്തവണയും മോശമായില്ല. എന്നാല്‍, ഇക്കുറി നാടകങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ എന്തോ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി നേരത്തേ തന്നെ കേട്ടിരുന്നു. ഒടുവില്‍ ആ പട്ടിക വരിക തന്നെ ചെയ്തു. വിവാദവും ഒപ്പമെത്തിയിട്ടുണ്ട്. വിവാദമെന്ന പേരില്‍ അതിനെ കുറച്ചുകാണാന്‍ ഞാനില്ല. പരാതിയില്‍ കഴമ്പുണ്ട് എന്നതു തന്നെ കാരണം.
ഇറ്റ്‌ഫോക് നാടകങ്ങളുടെ പട്ടിക സംബന്ധിച്ച വാര്‍ത്ത പത്രത്തില്‍ വന്ന ദിവസം സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായ ഒരു സുഹൃത്തിനെ ഞാന്‍ വിളിച്ചു. തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അദ്ദേഹത്തിന്റെ മറുപടി കേട്ട് അന്തംവിട്ടിരിക്കാനായിരുന്നു എന്റെ നിയോഗം. എക്‌സിക്യൂട്ടീവ് അംഗം എന്നോട് ചോദിക്കുവാണ് -‘ഉവ്വോ? വന്നോ? ഏതൊക്കെയാ നാടകങ്ങള്‍?’ ചോദ്യം പടപടാ തിരിച്ചടിക്കുന്നു! എന്താ കഥ!!
അപ്പോള്‍, എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കാതെയാണോ അക്കാദമിയുടെ ഏറ്റവും പ്രധാനപ്പെട്ട നാടകോത്സവത്തിലെ പങ്കാളിത്തം നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും? ഇനി അഥവാ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നുവെങ്കില്‍ തന്നെ ഞാന്‍ വിളിച്ച ആ അംഗത്തെ ഇതറിയിച്ചിട്ടില്ല. അതെന്താ അങ്ങനെ?
കുറച്ചു നാളുകള്‍ക്കു മുമ്പ് കലാമണ്ഡലം ഗോപിയാശാന്‍ പരസ്യമായി പറഞ്ഞത് ഓര്‍മ്മ വരുന്നു. അക്കാദമി എക്‌സിക്യൂട്ടീവ് അംഗത്വം രാജിവെച്ചിട്ടാണ് അദ്ദേഹം പത്രപ്രസ്താവനയിറക്കിയത്. ‘എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടുന്നേയില്ല. അവാര്‍ഡുകള്‍ ഇഷ്ടമുള്ളവര്‍ക്കു കൊടുക്കുന്നു. കഥകളിയുമായി ബന്ധപ്പെട്ട കാര്യമെങ്കിലും എന്നോടു ചോദിക്കണ്ടേ?’ -ഗോപിയാശാന്റെ പരിദേവനങ്ങള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തിയേറെ.
വിദേശത്തു നിന്നുള്ള ഏഴെണ്ണമടക്കം 19 നാടകങ്ങളാണ് ഇറ്റ്‌ഫോക് 2020ല്‍ ഉള്ളത്. ബ്രസീലില്‍ നിന്നുള്ള സില്‍വര്‍ എപിഡമിക്, ബ്രിട്ടീഷ് -സിംഗപ്പോര്‍ സംയുക്ത സംരംഭമായ ടോള്‍ഡ് ബൈ ദ വിന്‍ഡ്, ഓസ്‌ട്രേലിയന്‍ നാടകം ദ ഡയറക്ടര്‍, ബ്രിട്ടനില്‍ നിന്നുള്ള ആന്‍ ഈവനിങ് വിത്ത് ഇമിഗ്രന്റ്, സിറിയയില്‍ നിന്ന് ദ ഫാക്ടറി, നോര്‍വീജിയന്‍ നാടകം ഐ ഈസ് അനദര്‍ -റിംബോഡ് ഇന്‍ ആഫ്രിക്ക, പോളണ്ടില്‍ നിന്നുള്ള ക്ലപസി എന്നിവയാണ് വിദേശനാടകങ്ങള്‍. ദേശീയ വിഭാഗത്തില്‍ ഡല്‍ഹിയില്‍ നിന്ന് കഫന്‍ കഫന്‍ ചോര്‍, ബംഗളൂരുവില്‍ നിന്ന് ഈദ്ഗാഹ് കി ജന്നത്ത്, നോ റെസ്റ്റ് ഇന്‍ ദ കിങ്ഡം എന്നിവ, ഹൈദരാബാദില്‍ നിന്ന് സല്‍മ ദീവാനി, പുണെയില്‍ നിന്ന് ചാഹത്, ഗോവയില്‍ നിന്ന് അവയാഹത് എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.
തിരുവനന്തപുരത്തു നിന്നുള്ള വീണ്ടും ഭഗവാന്റെ മരണം, പാലക്കാട്ടെ ചേരള ചരിതം, മുംബൈയില്‍ നിന്നുള്ള ബോംബെ സ്‌കെച്ചസ്, മലപ്പുറത്ത് നിന്നുള്ള ചില്ലറ സമരം, തൃശ്ശൂരില്‍ നിന്നുള്ള കിഴവനും കടലും, കോഴിക്കോട്ടു നിന്നെത്തുന്ന ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്നീ നാടകങ്ങളാണ് മലയാള വിഭാഗത്തില്‍ പ്രവേശനം നേടിയത്. ഈ 6 നാടകങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് തര്‍ക്കം.
പട്ടികയില്‍ വന്ന എല്ലാ നാടകങ്ങളെക്കുറിച്ചും എതിരഭിപ്രായം പറയുന്നില്ല. തീര്‍ച്ചയായും അര്‍ഹതയുള്ള ചില നാടകങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, വരാത്ത നാടകങ്ങളെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിതമാവുന്നു. കാരണം, കേരളം സമീപകാലത്ത് ചര്‍ച്ച ചെയ്ത ചില നാടകങ്ങള്‍ ഈ പട്ടികയില്‍ കാണാനില്ല. പട്ടികയിലുള്ള പല നാടകങ്ങളെക്കാളും മികച്ചവ. അത് ചോദിക്കുക തന്നെ വേണം.
പി.ജെ.ഉണ്ണികൃഷ്ണന്‍, ടി.ആശാദേവി, പി.എന്‍.പ്രകാശന്‍ എന്നിവരാണ് ഇറ്റ്‌ഫോക് 2020ലെ മലയാളം നാടകങ്ങള്‍ തിരഞ്ഞെടുത്ത ജൂറി. ഇതില്‍ പി.എന്‍.പ്രകാശന്‍ നാടകത്തിന്റെ അരങ്ങിലോ അണിയറയിലോ പ്രവര്‍ത്തിച്ചതായി എനിക്ക് അറിയില്ല. വിവരമുള്ള നാടകപ്രവര്‍ത്തകരോടു ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല. അദ്ധ്യാപകനും സിന്‍ഡിക്കേറ്റ് അംഗവുമൊക്കെ ആയിരുന്നു എന്നാണ് കേട്ടത്. നാടകത്തിന്റെ മികവ് നിശ്ചയിക്കാനുള്ള യോഗ്യതയാണോ അതെന്ന് അക്കാദമി തന്നെ പറയേണ്ടി വരും.
മറ്റൊരു ജൂറി അംഗമായ പി.ജെ.ഉണ്ണികൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ നടത്തിയ പരസ്യമായ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പിലെ തിരിമറിക്ക് തെളിവായി മാറിയത് സംഗീത നാടക അക്കാദമിക്ക് വിനയാണ്. ഇതിനു മറുപടി പറയാന്‍ അക്കാദമി മേലാളന്മാര്‍ അല്പം ബുദ്ധിമുട്ടും. നാടകങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഫേസ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇറ്റ്‌ഫോകിലേക്ക് 10 മലയാള നാടകങ്ങള്‍ തിരഞ്ഞെടുക്കാനാണ് ജൂറിയോട് അക്കാദമി ആവശ്യപ്പെട്ടിരുന്നതെന്നും അതില്‍ 5 എണ്ണം മാത്രം ഉള്‍പ്പെടുത്തിയത് എന്തിന്റെ പേരിലാണെന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നു.
എന്തായാലും അന്തിമ പട്ടികയില്‍ 6 മലയാള നാടകങ്ങളുണ്ട്. ഉണ്ണികൃഷ്ണന്‍ പറഞ്ഞ 5 എന്ന കണക്ക് ശരിയല്ല. ഇനി ഉണ്ണികൃഷ്ണന്‍ പറഞ്ഞ 5 എന്നത് ശരിയാണെങ്കില്‍, ജൂറി അംഗീകരിക്കാത്ത ഒരു മലയാള നാടകം പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട് എന്നര്‍ത്ഥം. ജൂറി നിശ്ചയിച്ച 10 നാടകങ്ങളില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവ -അത് ഉണ്ണികൃഷ്ണന്‍ പറഞ്ഞ പോലെ അഞ്ചെണ്ണമാവാം അല്ലെങ്കില്‍ ആറെണ്ണമാവാം -തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വ്യക്തമാക്കാനുള്ള ബാദ്ധ്യത സംഗീത നാടക അക്കാദമിക്കുണ്ട്.
10 നാടകം തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശം ലഭിക്കുന്ന ജൂറി അത്തരമൊരു നടപടിയുടെ ഭാഗമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കാറില്ല. അപ്പോള്‍ പിന്നെ എന്തടിസ്ഥാനത്തിലാണ് അക്കാദമി ചില നാടകങ്ങള്‍ ഒഴിവാക്കിയത് എന്ന വലിയ ചോദ്യം വരുന്നു. പത്തില്‍ നിന്നു കുറയ്ക്കണമെങ്കില്‍ ജൂറി വേണ്ടേ? പേരിനൊരു ജൂറി! ആ ജൂറിയുടെ തീരുമാനത്തിനാകട്ടെ പുല്ലുവില!! അക്കാദമി അടിപൊളി!!!
അന്തിമ പട്ടികയിലെ ഒരു പൊരുത്തക്കേട് മാത്രം ചൂണ്ടിക്കാട്ടിയാല്‍ മതി അട്ടിമറിക്കു പ്രകടമായ തെളിവായി. ഇത്തവണത്തെ അമച്വര്‍ നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ചേരളചരിതം ഇറ്റ്‌ഫോകിലുണ്ട്. നല്ല കാര്യം. അപ്പോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമെവിടെ? അക്കാദമിയുടെ ആസ്ഥാനമായ തൃശ്ശൂരില്‍ തന്നെയുള്ള ഒരു സംഘം അവതരിപ്പിച്ച മാളി എന്ന നാടകത്തിനായിരുന്നു ഇത്തവണ സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം. മികച്ച നാടകത്തിനു പുറമെ മികച്ച സംവിധായകന്‍, മികച്ച രചന, മികച്ച നടി എന്നീ പുരസ്‌കാരങ്ങളും മാളി നേടി. പക്ഷേ, മാളി ഇറ്റ്‌ഫോകിലില്ല.
മാളിയെപ്പോലെ തന്നെയാണ് കുറത്തിയുടെ കഥയും. അതും തൃശ്ശൂരില്‍ നിന്നുള്ളത് തന്നെ. പുതിയ രംഗഭാഷ, മുന്നോട്ടുവെയ്ക്കുന്ന രാഷ്ടീയം എന്നിവയുടെയൊക്കെ പേരില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കാണുകയും അഭിപ്രായം പറയുകയും ചെയ്ത നാടകമാണ് കുറത്തി. ആ നാടകം ഇറ്റ്‌ഫോകിലെ സ്വാഭാവിക പങ്കാളിയാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഒന്നു കൂടി നാടകം കാണാന്‍ ആ അവസരം വിനിയോഗിക്കാനും നിശ്ചയിച്ചു. പക്ഷേ, ആ അവസരം ഇല്ല. കാരണം കുറത്തി എന്ന കഥാപാത്രത്തിന്റെ ഗതി തന്നെ നാടകത്തിനും വന്നു -മേലാളന്മാര്‍ പുറന്തള്ളി. എന്നാല്‍, തട്ടിക്കൂട്ട് നാടകങ്ങളുടെ പേരില്‍ ‘തറ’ നിലവാരമുള്ളതായി കണക്കാക്കപ്പെടുന്ന ഒരാളുടെ നാടകം തിരഞ്ഞെടുക്കപ്പെട്ടവയുടെ കൂട്ടത്തില്‍ വന്നിട്ടുണ്ട്!
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാണ് ഇറ്റ്‌ഫോക് സംഘടിപ്പിക്കുന്നത് എന്ന് അക്കാദമി പറയുന്നു. ചെലവ് ചുരുക്കുന്നത് നല്ല നാടകങ്ങള്‍ ഒഴിവാക്കിയല്ലല്ലോ? ഈ വര്‍ഷം അരങ്ങിലെത്തിയ നാടകം ഒഴിവാക്കുകയും വളരെ പഴയ നാടകങ്ങള്‍ തേടിപ്പിടിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രത്യേകത.
2008ല്‍ മുരളി ചെയര്‍മാനായിരുന്നപ്പോഴാണ് ഇറ്റ്‌ഫോക് തുടങ്ങിയത്. മലയാള നാടകങ്ങള്‍ക്ക് പരമാവധി പരിഗണന നല്‍കുക എന്നതാണ് ഇറ്റ്‌ഫോകിലെ പതിവ്. എന്നാല്‍, ഇപ്പോഴത്തെ മേലാളന്മാര്‍ അതിനു മാറ്റം വരുത്തിയിരിക്കുന്നു. മാത്രവുമല്ല, നാലു മാസം കഴിഞ്ഞു നടക്കുന്ന നാടകോത്സവത്തിലെ പങ്കാളിത്തം ഇത്രയും നേരത്തേ നിശ്ചയിച്ചത് എന്തിന് എന്ന ചോദ്യവും ശക്തമായിട്ടുണ്ട്. ഇറ്റ്‌ഫോകിന്റെ അതേ സമയത്തു തന്നെയാണ് ഡല്‍ഹി അന്താരാഷ്ട്ര നാടകോത്സവവും നടക്കുക. അവിടെ പങ്കാളിത്തം പ്രഖ്യാപിക്കുക ഡിസംബര്‍ തുടക്കത്തിലായിരിക്കും എന്നാണ് അറിയിപ്പ്. ഇവിടെ സെപ്തംബറില്‍ തന്നെ കാര്യം കഴിഞ്ഞു!
ആരോപണങ്ങളുടെയെല്ലാം കുന്തമുന നീളുന്നത് അക്കാദമിയിലെ ഒരു മേലാളനിലേക്കാണ്. ഇദ്ദേഹത്തിന് വൈകാതെ സ്ഥാനചലനമുണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നും, ആ പോക്കിനു മുമ്പ് എല്ലാം ‘ശരിയാക്കി’ വെയ്ക്കാനുള്ള ധൃതിയാണ് കാണുന്നതെന്നുമാണ് കിംവദന്തി. തൃശ്ശൂരിലെ കിംവദന്തികള്‍ പലപ്പോഴും സത്യമാവാറാണ് പതിവ്. ഇതും സത്യമാവട്ടെ എന്നാശിക്കുന്നു. എങ്കില്‍ മാത്രമേ അക്കാദമി രക്ഷപ്പെടുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.