Reading Time: 5 minutes

ക്യാബിനറ്റ് ബ്രീഫിങ് തുടര്‍ച്ചയായി ഒഴിവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഉടനെ അയാളെ കടിച്ചുകീറും എന്ന സ്ഥിതിയാണ്. മാധ്യമ പ്രവര്‍ത്തകനാണ് വിമര്‍ശിക്കുന്നതെങ്കില്‍ അവന്‍ അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ അപ്പക്കഷ്ണം പരതി നിരാശനായ പത്രക്കാരനാണ്. പിണറായി വിജയനെ വിമര്‍ശിക്കാനേ പാടില്ല എന്ന നിലപാടാണ് ഭക്തസഭയ്ക്ക്. വിമര്‍ശിക്കാനൊരുങ്ങിയാല്‍ ഉടനെ അതു ചെയ്യുന്നയാള്‍ മാധ്യമ സിന്‍ഡിക്കേറ്റ് അംഗമാകും. ഒരു കാര്യം മാത്രം ഓര്‍മ്മിപ്പിക്കാം, പണ്ട് ഇ.എം.എസ്. പറഞ്ഞത് -വിമര്‍ശനം നശിപ്പിക്കാനല്ല, തിരുത്തി നന്നാക്കാനാണ്. വിമര്‍ശനം ആരോപണമല്ല എന്നു കൂടി അറിയുക.

ഇന്നു തിങ്കളാഴ്ചയാണെങ്കിലും മന്ത്രിസഭാ യോഗം ഉണ്ടായിരുന്നു. സാധാരണ ബുധനാഴ്ചയാണ് പതിവ്. ബുധനാഴ്ച റംസാന്‍ അവധി ആയതിനാലാകാം ഇന്നു ചേര്‍ന്നത്. ക്യാബിനറ്റ് ബ്രീഫിങ് ഉണ്ടായിരുന്നെങ്കില്‍ ഉയരാവുന്ന ഒരു ചോദ്യം പറയാം. ‘ഐസ് ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജിക്കെതിരായി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചത് ഏതു സാഹചര്യത്തിലാണ്?’ മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല, സാമാന്യബുദ്ധിയുള്ള ഏതൊരു കേരളീയനും ഇന്നു ചോദിക്കുന്ന ചോദ്യമാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ഈ ചോദ്യത്തിന് പിണറായി വിജയന്‍ എന്തു മറുപടി പറഞ്ഞാലും അതു വാര്‍ത്തയാണ്. ഇമ്മിണി ബലിയ വാര്‍ത്തയാണ്. സര്‍ക്കാരുമായി താല്പര്യപ്രകാരമാണ് അഡ്വ.കെ.കെ.വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ആ നിലപാട് സ്വീകരിച്ചതെങ്കില്‍ അങ്ങനെ. സര്‍ക്കാരുമായി ആലോചിക്കാതെയാണ് അഭിഭാഷകന്റെ നിലപാടെങ്കില്‍ അങ്ങനെ. ഏതായാലും മുഖ്യമന്ത്രി പറയണം. അതു പറയാത്തിടത്തോളം സര്‍ക്കാര്‍ സംശയത്തിന്റെ പുകമറയില്‍ തന്നെ തുടരും.

എല്ലാത്തിനും മറുപടി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലുണ്ടെന്നാണ് വാദം. നേരത്തേ പറഞ്ഞതിനു പുറമെ ചില ചോദ്യങ്ങള്‍ കൂടി ഇന്ന് മനസ്സിലുണ്ട്.

1. കൊച്ചിയിലെ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

2. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി. സര്‍ക്കാര്‍ നീക്കത്തെ സംബന്ധിച്ച് ന്യൂനപക്ഷങ്ങളില്‍ ആശങ്കയുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമോ?

3. ധവള പത്രത്തിലെ കണക്കുകള്‍ പച്ചക്കള്ളമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുണ്ടല്ലോ?

4. സി.പി.എം. പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നത് തടയാന്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ കെട്ടിച്ചമച്ചതാണ് ബാര്‍ കോഴ കേസെന്ന് കെ.എം.മാണി പറയുന്നു. മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് സി.പി.എം. ഉറപ്പുകൊടുത്തിരുന്നോ?

5. എല്‍.ഡി.എഫ്. വിട്ടത് തെറ്റായിപ്പോയെന്ന് ആര്‍.എസ്.പി. നേതാവ് ടി.ജെ.ചന്ദ്രചൂഢന്‍ കുമ്പസാരിച്ചിരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്നും പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.പി. തിരിച്ചുവരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമോ?

6. അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരള സന്ദര്‍ശനത്തിന് പ്രത്യേക സുരക്ഷാ സംവിധാനമോ നിരീക്ഷണമോ ഏര്‍പ്പെടുത്തുന്നുണ്ടോ?

ഉത്തരം പേജ് തരുമോ ആവോ? ക്യാബിനറ്റ് ബ്രീഫിങ് ഉണ്ടായിരുന്നുവെങ്കില്‍ പിണറായിയുടെ അഭിപ്രായമറിയാന്‍ ചോദ്യരൂപത്തില്‍ വരാവുന്ന വിഷയങ്ങള്‍ ഇനിയുമേറെ. പക്ഷേ, ആരോടു ചോദിക്കാന്‍? ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ ഇനിപ്പറയുന്നവയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

-സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ.വി.കെ.രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ സെന്ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് പ്രൊഫസറും വകുപ്പു തലവനുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.

-ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ സംബന്ധിച്ച് മുമ്പ് നിര്‍ദ്ദേശിച്ചിരുന്ന നിയമ ഭേദഗതിയ്ക്കായുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

-പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച നടപടി മന്ത്രിസഭാ യോഗം അംഗീകരിച്ചു.

-യശഃശരീരനായ പ്രൊഫ.എം.പി.മന്മഥന്റെ മകള്‍ ചന്ദ്രികാ മന്മഥന്റെ ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി 3 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ചു.

-കെട്ടിടത്തില്‍നിന്നും വീണ് മരണപ്പെടുകയും ശരീരാവയവങ്ങള്‍ ദാനം ചെയ്യുകയും ചെയ്ത കണ്ണൂര്‍ സ്വദേശി എ.വി.ബാബുവിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ അനുവദിച്ചു.

-വെല്ലൂര്‍ സി.എം.സി. ആശുപത്രിയില്‍ അസ്ഥി മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന തിരുവനന്തപുരം സ്വദേശി ഷിബു കെ.വര്‍ഗ്ഗീസിന്റെ മകന്‍ അഭിഷേക് ഷിബുവിന്റെ ചികിത്സയ്ക്കായി 3 ലക്ഷം രൂപ അനുവദിച്ചു.

Cabinet - 04.07.2016.jpg

ഇതോടെ തീര്‍ന്നു മന്ത്രിസഭ. ഈ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഷ്ടിച്ച് 10 മിനിറ്റ് വേണം. അത്രയും സമയാണോ മന്ത്രിസഭ ചേര്‍ന്നത്? ജനം അറിയേണ്ട തീരുമാനങ്ങള്‍ ഇത്രേയുള്ളൂ എന്നായിരിക്കും വാദം. അപ്പോള്‍ അറിയാന്‍ പാടില്ലാത്തതാണ് ബഹുഭൂരിപക്ഷം തീരുമാനങ്ങളും എന്നര്‍ത്ഥം. വാര്‍ത്ത തേടുന്നത് ഞങ്ങളുടെ ജോലിയാണ് സര്‍. അതു ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ അപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പുച്ഛം. വന്ന പത്രക്കുറിപ്പില്‍ തന്നെ പറഞ്ഞിട്ടുള്ള നിയമ ഭേദഗതി എന്താണെന്നറിയാന്‍ ജനത്തിനാഗ്രഹമുണ്ടാവും. അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാവും. ബ്രീഫിങ് ഉണ്ടായിരുന്നുവെങ്കില്‍ നേരിട്ട് മുഖ്യനോടു ചോദിക്കാമായിരുന്നു. അപ്പോള്‍ ഇനിയുള്ള മാര്‍ഗ്ഗം ചോര്‍ത്തലാണ്. അതു ചെയ്യുക. ചോര്‍ത്തല്‍ തടയാനുള്ള സംവിധാനം സെക്രട്ടേറിയറ്റിലേര്‍പ്പെടുത്താന്‍ പിണറായി വിജയനെന്നല്ല, സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ വിചാരിച്ചാലും നടക്കില്ല.

മറ്റൊരിടത്തും ഇല്ലാത്ത ബ്രീഫിങ് എന്ന പരിപാടി ഇവിടെ എന്തിന് എന്നു ചോദിക്കുന്നവരുണ്ട്. കേരളത്തില്‍ മാത്രമുള്ള ഒരുപാട് നല്ല കാര്യങ്ങളുണ്ട്. അതെല്ലാം മറ്റിടങ്ങളില്‍ ഇല്ല എന്നു പറഞ്ഞ് നമുക്ക് വേണ്ടെന്നു വെയ്ക്കാം. കേരള മോഡല്‍ എന്നു തന്നെ പറയാവുന്നതാണ് ക്യാബിനറ്റ് ബ്രീഫിങ്. ജനങ്ങളുടെ പക്ഷത്തു നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തും ചോദിക്കാം. സര്‍ക്കാരിന്റെ പക്ഷത്തു നിന്ന് മുഖ്യമന്ത്രിക്ക് എന്തിനു മറുപടി പറയാവുന്ന, അല്ലെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുന്ന ഒരു തരം വിചാരണ പ്രക്രിയയാണ് ബ്രീഫിങ് എന്ന വാദം പലരും ഇതിനകം ഉയര്‍ത്തിയിട്ടുണ്ട്. ഞാന്‍ അതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. ബ്രീഫിങ് ഇല്ലാതാവുമ്പോള്‍ മുഖ്യമന്ത്രിക്കു ജനങ്ങളോട് സംവദിക്കാനുള്ള ഒരവസരം തന്നെയാണ് നഷ്ടമാവുന്നത്. കാര്യങ്ങള്‍ ചെയ്താല്‍ പോരാ. ചെയ്തുവെന്ന് ജനങ്ങളോടു പറയണം. ബോദ്ധ്യപ്പെടുത്തണം. ഇല്ലെങ്കില്‍ അവസാനം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതിവെയ്ക്കാം -‘സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു’ !!!

pinarayi-vijayan-photo-6.jpg

ക്യാബിനറ്റ് ബ്രീഫിങ് ഒഴിവാക്കിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്രയും സന്തോഷം. ഞങ്ങളുടെ ജോലി അത്രയും കുറഞ്ഞു. എത്ര മണിക്കൂര്‍ നീളുന്ന ക്ലേശകരമായ പ്രക്രിയയാണ് ഈ ബ്രീഫിങ്ങെന്ന് അതു കൈകാര്യം ചെയ്യുന്നവര്‍ക്കേ അറിയൂ. പിന്നെ മന്ത്രിസഭാ വാര്‍ത്തകള്‍ -ക്യാബിനറ്റ് നോട്ടും അതിന്മേലുള്ള കുറിപ്പും സഹിതം നിഷ്പ്രയാസം ചോര്‍ത്താവുന്നതേയുള്ളൂ. മുമ്പതു ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നു. ഇനിയും ചെയ്യും. മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത പോലെ ഏതെങ്കിലുമൊരു വിവാദമുണ്ടായാല്‍ ചോര്‍ത്താനുള്ള പരിശ്രമം പകുതിയായി കുറയുകയും ചെയ്യും. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് വിവരങ്ങള്‍ ചോര്‍ത്തിയത് കോണ്‍ഗ്രസ്സ് മന്ത്രിമാരൊന്നുമല്ലല്ലോ. കേഡര്‍ പാര്‍ട്ടി തലത്തിലെ വാര്‍ത്ത ചോര്‍ത്തല്‍ വിദഗ്ദ്ധന്മാരായ പലരും ഈ മന്ത്രിസഭയിലുമുണ്ട്. സോഴ്‌സ് നഷ്ടപ്പെടും എന്നതിനാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല.

ബ്രീഫിങ്ങിലൂടെ ലഭിക്കുന്ന ക്യാബിനറ്റ് വാര്‍ത്തകള്‍ പ്രാധാന്യം നേടുന്നത് വളരെ അപൂര്‍വ്വമായിട്ടു മാത്രം സംഭവിക്കുന്നതാണ്. പ്ലസ് ടു സീറ്റുകള്‍ അനുവദിക്കുന്നതു പോലുള്ള ഘട്ടങ്ങളില്‍ മാത്രം. അല്ലാത്തപ്പോള്‍ വാര്‍ത്ത മുഖ്യമന്ത്രിയുമായുള്ള ഈ ചോദ്യോത്തരത്തില്‍ നിന്നു തന്നെയാണുണ്ടാവുക. അതാണ് പിണറായി വിജയന്‍ ഒഴിവാക്കിയിരിക്കുന്നത്. എന്തോ മറയ്ക്കാനുണ്ട് എന്ന പ്രതീതി ജനങ്ങള്‍ക്കിടയിലുണ്ടായാല്‍ തെറ്റു പറയാനാവുമോ? ജനങ്ങള്‍ എന്നു പറയുന്നവര്‍ മുഴുവനും പിണറായി ഭക്തരല്ല എന്നോര്‍ക്കുക.

മാധ്യമങ്ങള്‍ അടുത്ത കാലത്തായി പ്രതിപക്ഷത്തിന്റെ റോള്‍ കൂടി അവതരിപ്പിക്കേണ്ടി വരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആ പതിവിനു തുടക്കമിട്ടത്. എല്‍.ഡി.എഫ്. എന്ന പ്രതിപക്ഷം യു.ഡി.എഫ്. സര്‍ക്കാരിനെതിരെ ഏതു വിഷയമാണ് ഇവിടെ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്? എല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവന്ന കാര്യങ്ങളല്ലേ. സോളാര്‍ ആയിരുന്നാലും ബാര്‍ കോഴ ആയിരുന്നാലും ഞങ്ങളുടെ വിയര്‍പ്പിന്റെ ഫലമാണ്. മാധ്യമങ്ങള്‍ ഇതെല്ലാം പുറത്തുകൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ ഏറ്റവും നല്ല സര്‍ക്കാരിന്റെ നായകന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുമായിരുന്നു. അഴിമതിക്കെതിരെ നടത്തിയ സമരം പോലും വിജയിപ്പിക്കാനാവാതെ ഒത്തുതീര്‍ത്ത പ്രതിപക്ഷത്തിന്റെ നേട്ടം വിളമ്പല്ലേ. ഏതു സമരമാണ് പ്രതിപക്ഷം വിജയിപ്പിച്ചത്? ഉമ്മന്‍ ചാണ്ടി നടത്തിയ പത്രസമ്മേളനങ്ങളില്‍ ഉയര്‍ന്നത് സുഖിപ്പിക്കല്‍ ചോദ്യങ്ങളായിരുന്നുവത്രേ. ക്യാബിനറ്റ് ബ്രീഫിങ് വേളകളില്‍ ഞങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ പോലെ പ്രതിപക്ഷത്തെ ഒരു നേതാവും ചോദ്യങ്ങളുന്നയിച്ചിട്ടില്ല, ഒരു പക്ഷേ വി.എസ്.അച്യുതാനന്ദന്‍ എന്ന ‘വയസ്സന്‍’ ഒഴികെ. ചോദ്യങ്ങള്‍ ബുദ്ധിമുട്ടുള്ളവയായിരുന്നു എന്നതിന്റെ തെളിവു തന്നെയാണ് ‘ബ.. ബ.. ബ..’ എന്ന് നിങ്ങളെല്ലാം ട്രോളിയ മറുപടികള്‍. ഞങ്ങള്‍ വിതച്ചു, നിങ്ങള്‍ കൊയ്തു.

ഇത്തവണ ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ റോള്‍ കുറച്ചുകൂടി കടുപ്പിക്കേണ്ടി വരും എന്നു തിരിച്ചറിയുന്നു. ഇവിടത്തെ പ്രതിപക്ഷത്തിന്റെ ഗുണം അത്രയ്ക്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ വിജയം -ഇക്കുറി അത് മാധ്യമങ്ങളാവട്ടെ. മന്ത്രിമാരും മറ്റും കൊടുക്കുന്ന നക്കാപ്പിച്ച വാങ്ങി ജീവിക്കുന്ന പത്രക്കാരാണ് തിരുവനന്തപുരത്തുള്ളതെന്ന് വാദമുയര്‍ത്തുന്നവരുണ്ട്. അടച്ചാക്ഷേപിക്കാതെ ആളെ ചൂണ്ടിക്കാട്ടൂ. ഞങ്ങള്‍ക്കിടയില്‍ ഇത്തിള്‍ക്കണ്ണികളുണ്ടെങ്കില്‍ അവരെ കണ്ടെത്തി പുറന്തള്ളാന്‍ ഞങ്ങള്‍ക്കും താല്പര്യമുണ്ട്. ആത്മാഭിമാനം പണയപ്പെടുത്തി ഇതുവരെ ജീവിച്ചിട്ടില്ല. എന്നെപ്പോലുള്ളവര്‍ തന്നെയാണ് മഹാഭൂരിപക്ഷവും.

Narendra_Modi.jpg

പിണറായി മോഡ് എന്തിനാണെന്ന് വഴിയെ മനസ്സിലാകുമെന്നാണ് പ്രഖ്യാപനം. അതു വരെ ആരോ ചന്ദ്രനെ കൂവിയ പോലെ കൂവിക്കൊണ്ടിരിക്കാമെന്നും ഉപദേശം. ഇപ്പോള്‍ പിണറായിയെ പിന്തുണയ്ക്കാന്‍ മത്സരിക്കുന്നവര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നരേന്ദ്ര മോദിയെക്കുറിച്ചു പറയുന്നതും ചന്ദ്രനെ കൂവിയ പോലാണോ? പിണറായി വിജയന്‍ ചെയ്യുന്നത് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നതും ശരിയാണ്. അത്രേയുള്ളൂ.

pinarayivijayan-20-20-1463744143.jpg

അപ്പോള്‍ ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും:

സഖാവ് പിണറായി വിജയന്‍ സിന്ദാബാദ്!!
ബോലോ നരേന്ദ്ര മോദിജി കീ ജയ്!!
മാധ്യമ സിന്‍ഡിക്കേറ്റ് മൂര്‍ദ്ദാബാദ്!!

Previous articleക്യാബിനറ്റ് ബ്രീഫിങ്
Next articleCHILDHOOD GLORY
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

2 COMMENTS

 1. മറ്റൊരിടത്തും ഇല്ലാത്ത ബ്രീഫിങ് എന്ന പരിപാടി ഇവിടെ എന്തിന് എന്നു ചോദിക്കുന്നവരുണ്ട്. കേരളത്തില്‍ മാത്രമുള്ള ഒരുപാട് നല്ല കാര്യങ്ങളുണ്ട്. അതെല്ലാം മറ്റിടങ്ങളില്‍ ഇല്ല എന്നു പറഞ്ഞ് നമുക്ക് വേണ്ടെന്നു വെയ്ക്കാം. കേരള മോഡല്‍ എന്നു തന്നെ പറയാവുന്നതാണ് ക്യാബിനറ്റ് ബ്രീഫിങ്. പിണറായി മോഡ് എന്തിനാണെന്ന് വഴിയെ മനസ്സിലാകുമെന്നാണ് പ്രഖ്യാപനം. അതു വരെ ആരോ ചന്ദ്രനെ കൂവിയ പോലെ കൂവിക്കൊണ്ടിരിക്കാമെന്നും ഉപദേശം. ഇപ്പോള്‍ പിണറായിയെ പിന്തുണയ്ക്കാന്‍ മത്സരിക്കുന്നവര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നരേന്ദ്ര മോദിയെക്കുറിച്ചു പറയുന്നതും ചന്ദ്രനെ കൂവിയ പോലാണോ? പിണറായി വിജയന്‍ ചെയ്യുന്നത് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നതും ശരിയാണ്. അത്രേയുള്ളൂ.

 2. പ്രിയ സുഹൃത്തു ശ്യാമേ
  ‘പിണറായി -മോഡി – ക്യാബിനറ്റ് ബ്രീഫ്ഇങ് -‘നിങ്ങളുടെ എഴുത്തിനു എന്റെ എളിയ അഭിപ്രായം കുറിച്ചോട്ടെ .

  വർഗീയ , കൊലപാതകം , ബീഫ് , അസഹിഷ്ണത വിഷയം ഉയരുമ്പോൾ മോദി എന്ന പ്രധാനമന്ത്രി മൗനം പാലിച്ചതും , പിണറായി എല്ലാ ക്യാബിനറ്റ് ഉം കഴിഞ് , മാധ്യമങ്ങളെ കാണില്ല എന്ന് തീരുമാനിച്ചതും തമ്മിൽ എങ്ങനെ യാണ് താരതമ്യ പെടുത്താൻ കഴിയുക എന്ന് ആലോചിക്കാതിരിക്കാൻ കഴിയുന്നില്ല ശ്യാമേ . സ്വന്തം രാജ്യം കത്തുമ്പോൾ വീണ വായിച്ച ചക്രവർത്തിയെ പോലെ പിണറായിയെ ഉപമിച്ചതിനു തുല്യം അല്ലേ ആ അപക്വത എന്നും പറയാതിരിക്കാൻ കഴിയുന്നില്ല . മാധ്യമങ്ങളെ, മാധ്യമങ്ങൾ ആഗ്രഹിക്കുന്ന സമയത്തൊക്കെ കണ്ടില്ലെങ്കിൽ ആ ഒരു ഭരണാധികാരി നീറോ ചക്രവർത്തിക്ക് സമമോ ? സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ കണ്ടറിഞ് പരിഹരികുന്നിടത്തല്ലേ ഒരു ഭരണാധികാരി ‘നീറോ ‘ അല്ലാണ്ടാകുന്നുള്ളു . മോദി യെയും പിണറായിയേയും ടാരതമ്യ പെടുത്തുക വഴി ഏതാണ്ടു ‘നീറോ ‘ രീതിയിൽ അല്ലെ ശ്യാമിന്റെ ആരോപണം സഞ്ചരിച്ചത് ? ഒരു എടുത്തു ചാട്ടമായി പോയില്ലേ എന്നൊരു സംശയം എനിക്കുണ്ട് .

  ‘ജനകീയ പ്രശ്നങ്ങൾ ‘ ഭരണ വർഗം അറിയുന്ന ഒരു ‘ജന സമ്പർക്ക ‘ വേദി ഇല്ലാണ്ടായതായി താങ്കൾ അഭിപ്രായപെടുന്നു . മാധ്യമ , വിവര സാങ്കേതിക മേഖല ഇത്രയധികം വികസിച്ചിടത്തു അങ്ങനൊരു ‘ജന സമ്പർക്ക വിവര ശേഖരണ ‘ പോരായ്മ ഒരു ഭരണ കൂടത്തിന് ഉണ്ടാകും എന്ന് തങ്ങൾക്കു ശരിക്കും ആശങ്ക യുണ്ടോ ശ്യാമേ. സുരേഷ് രാജ് പുരോഹിത് ന്റെ കാര്യം തങ്ങൾ എടുത്തു പറഞ്ഞു . അതുൾപ്പെടെ , അതിനു മപ്പുറം കണ്ണും കാതും തുറന്ന് കാര്യങ്ങൾ പുറത്തു കൊണ്ടു വരുന്ന താങ്കൾ അടക്കമുള്ള മാധ്യമ സംഘം ഇവിടെയുള്ളപ്പോൾ , സുഹൃത്തുക്കൾ സുനിതയും , ഗോപനും ആരോപിക്കുന്ന പോലെ ‘ഒരു എക്സ്ട്രാ കോൺസ്റ്റിട്യൂഷനാൽ ഇന്റർഫേസ് ‘ വ്യവസ്ഥാപിതമായി നിലനിൽക്കണം എന്ന് ശ്യാം എന്തിന് വാദിക്കുന്നു . അതു ഉപജാപങ്ങളെ ഒഴിവാക്കാൻ വേണ്ടിയല്ല , (അതു ശ്യാം പറയുന്ന പോലെ, എത്ര തടഞ്ഞാലും വരിക തന്നെ ചെയ്യുന്നവ യാണല്ലോ ), മറിച്ചു ഒരു വൃഥാ ‘പി ആർ’ സ്റ്റണ്ട് ആയി മാത്രം പലപ്പോഴും താഴുന്നതു കൊണ്ടും , അഥവാ നിങ്ങൾ പത്രക്കാർക്കു , ശ്യാം തന്നെ ചൂണ്ടിക്കാണിച്ച പോലെ ( ബ്രീഫ് യങ് ന്യുനത ആയി ), വിവാദ (നായനാർ , ആന്റണി , വി എസ് ,ചാണ്ടി ബ്രീഫിങ്കൾ ) പ്രഭവ കേന്ദ്രങ്ങൾ ആകുന്നതിനെ കണ്ടു മടുത്തത് കൊണ്ടും മാത്രം .

  ക്യാബിനറ്റ് ബ്രീഫ് ഇങ് ലെ സ്വന്തം അനുഭവങ്ങൾ രേഖകൾ സഹിതം പറഞ്ഞ ശ്യാം കഴിഞ്ഞ കുറച്ചു കാലത്തെ എങ്കിലും ക്യാബിനറ്റ് ബ്രീഫ് ഇങ് ദൃശ്യ അച്ചടി റിപ്പോർറ്റിംഗ് ന്റെ മൊത്തത്തിൽ ഉള്ള ചിത്രം വരച്ചു കാട്ടണമായിരുന്നു . അതിൽ ഈ പറഞ്ഞ ക്യാബിനറ്റ് തീരുമാന ത്തിന്റെ അനാവരവലോകനം ആണോ , അതോ വി എസ് ന്റെ ‘വലത്തേ മൂല ‘ കാച്ചലും , നായനാർ ഫലിതവും , അന്തോണി , ചാണ്ടി പരിതപ ബ ബ കൾക്കുമൊക്കെയാണോ കൂടുതൽ സമയവും സ്ഥലവും നിങ്ങളൊക്കെ കൊടുത്തത് ? എത്ര ‘സർക്കാർ നേട്ടങ്ങൾ’ പൊതുജനത്തിനെ അറിയിക്കാൻ ക്യാബിനറ്റ് ബ്രീഫ് കൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട് . വിവാദങ്ങൾ ഒരു നേതാവിന്റെ പുറകെ ഓടിയാൽ കിട്ടുന്നതല്ലേ ഉള്ളു . അറിഞ്ഞോ അറിയാതെയോ ഈ പരിണിത പ്രക്ജരായ നേതാക്കൾ തുറന്ന് വിടുന്ന ഭൂതങ്ങളെ പിടിക്കാൻ സർക്കാർ ചിലവിൽ ഒരു ക്യാബിനറ്റ് ബ്രീഫ് ഇങ് തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നതും , അതു വേണ്ടെന്നു വെച്ച ആളെ മോദി ,നീറോ , ഹിറ്റ്ലർ കാറ്റഗറി യിലൊക്കെ പെടുത്തുന്നത് ശരിയാണെന്നും തോന്നുന്നില്ല . ഇതു പറയുന്നത് എനിക്കൊരു ഉറച്ച പക്ഷം ഉണ്ടെന്നു പറഞ്ഞു കൊണ്ടു തന്നെ യാണ് ഒപ്പം ,അത് ‘പിണറായി ഭക്തി ‘ യല്ല എന്നും വ്യക്തമാക്കി കൊള്ളട്ടെ …

  ഒരു പാർട്ടി സെക്രട്ടറി (പ്രേതെകിച്ചു ഭരണത്തിൽ ഇരിക്കുന്ന പാർട്ടി യുടെ ) പറയേണ്ട കാര്യങ്ങൾ ആണ് തങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച ആറു ചോദ്യങ്ങളിൽ പകുതിയും . ചോദ്യങ്ങൾ 1 ,2 ,6 (ട്രാൻസ്‍ജിൻഡർ , ധവള പത്രം , മദനി ) ഒരു ഭരണ തലവനു വേണമെങ്കിൽ ഉത്തരം പറയാം . കണ്ടിടത്തോളം ഓരോരുത്തരുടെ ഉത്തരവാദിത്തങ്ങൾ അവർ തന്നെ വേണ്ട പോലെ നടപ്പിലാക്കണം , എല്ലാം എന്നിലൂടെ എന്ന രീതിയല്ല ഈ മുഖ്യ മന്ത്രിക്കു .അതു കൊണ്ടാണല്ലോ , കണ്ണൂർലെ ദളിത് അറസ്റ് , ‘പോലീസ് നോട് ചോദിക്കാൻ ‘ മുഖ്യൻ പറഞ്ഞത് .അങ്ങനെയെങ്കിൽ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത് പോലീസ് നോടും പിന്നെ ധനകാര്യ മന്ത്രിയോടുമാണല്ലോ . എന്താ അതു പറ്റില്ലേ . വിഷയം നേരിട്ടു കൈകാര്യം ചെയുന്നവർ തന്നെ അതു പറഞ്ഞാൽ, നിങ്ങൾക്കു മതിയാകില്ല എന്നുണ്ടോ ? . .

  ഒരു ‘പി ആർ ഒ ‘ ടെ പണി ചെയാൻ ആഗ്രഹിക്കാത്ത മുഖ്യ മന്ത്രിയെക്കൊണ്ട് അതു ചെയ്യിച്ചേ അടങ്ങു എന്ന ഈ നിർബന്ധം അംഗീകരിക്കാൻ കഴിയുന്നില്ല ശ്യാമേ .പിന്നെ ഉടനെ ഉള്ള ഈ മോദി താരതമ്യ പെടുത്തലും … ഇനി ‘പി ആർ’ ന്റെ പലതിൽ ഒരു വിശദീകരണം തന്നെ നോക്കാം – ‘ PR is 90 % doing and 10% speaking about it’.’വെറും ഷോ ബോധ്യപെടുത്തൽ ‘ താൽപര്യം ഇലാത്ത PR ന്റെ മേൽ പറഞ്ഞ അർത്ഥത്തിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നവരെ, തള്ളി പറയാൻ പറ്റുമോ ശ്യാം .

  പിന്നേ , ക്യാബിനറ്റ് നീണ്ടു പോയ സമയം അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ അടുത്തു ‘വലിയ’ വിവരങ്ങൾ ഒന്നും എത്തിയില്ല എന്നുള്ളത് ബാലിശമാണ് , ക്രൂരവുമാണ് . വന്ന ചില തീരുമാനങ്ങൾ , താങ്കൾ തന്നെ പറഞ്ഞതിൽ ചിലത് നിങ്ങൾക്കു നല്ല പോലെ വിശദീകരണ വിശകലന പഠനങ്ങൾ നടത്താൻ പറ്റുന്നവ യല്ലേ ? അതിനു നിങ്ങളിൽ എത്ര പേർ ഇതു വരെ ശ്രമിച്ചു ? ബ്രിഫ്ങ് വേദിയിലെ വിവാദ ‘ബെയ്ക്കിങ് കൾ’ ഇല്ലാണ്ടാകുന്നെങ്കിൽ , ചിലപ്പോൾ പത്ര കുറിപ്പായി കിട്ടുന്ന ഇത്തരം വിവരങ്ങളിൽ നിന്ന് ശരിക്കും ജനോപകാര പ്രദമായ വാർത്തകൾ ഇനി മുതൽ ജനിച്ചുകൂടെ എന്ന നല്ല വശം കൂടി വരും നാളുകളിൽ തെളിഞ്ഞു വരുമായിരിക്കും . കണ്ടറിയേണ്ടത് തന്നെ .

  ഉദാഹരണത്തിന് :-

  -‘സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ.വി.കെ.രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ സെന്ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് പ്രൊഫസറും വകുപ്പു തലവനുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.’
  (ആസൂത്രണ ബോര്‍ഡ് കൊണ്ടുള്ള ഗുണങ്ങൾ ദോഷങ്ങൾ , കേന്ദ്ര സർക്കാർ വേണ്ടെന്നു വെച്ച സംരംഭം സംസ്ഥാനത്തു വരുമ്പോൾ ഫെഡറൽ സംവിധാനത്തിൽ വരാവുന്ന സാമ്പത്തിക ആസൂത്രണ വൈരുധ്യങ്ങൾ )

  -‘ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ സംബന്ധിച്ച് മുമ്പ് നിര്‍ദ്ദേശിച്ചിരുന്ന നിയമ ഭേദഗതിയ്ക്കായുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി;. (സാമ്പത്തിക മാദ്യം നേരിടുന്ന സംസ്ഥാനം ഇതിനെ എങ്ങനെ നോക്കി കാണുന്നു )

  -‘പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച നടപടി മന്ത്രിസഭാ യോഗം അംഗീകരിച്ചു.’ ( സാമ്പത്തിക സഹായത്തിന് അതീതമായി സമൂഹത്തിന്റെ പിന്തുണ എലാകാലത്തും എലാ ജിഷ മാർക്കും എങ്ങനെ ഉറപ്പാക്കാം )

  -‘യശഃശരീരനായ പ്രൊഫ.എം.പി.മന്മഥന്റെ മകള്‍ ചന്ദ്രികാ മന്മഥന്റെ ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി 3 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ചു’. (പ്രൊഫ.എം.പി.മന്മഥന് സാർ നേതൃത്വം കൊടുത്ത മദ്യ വിരുദ്ധ മുന്നേറ്റത്തിന്റെ ഇന്നത്തെ അവസ്ഥ )

  -‘കെട്ടിടത്തില്‍നിന്നും വീണ് മരണപ്പെടുകയും ശരീരാവയവങ്ങള്‍ ദാനം ചെയ്യുകയും ചെയ്ത കണ്ണൂര്‍ സ്വദേശി എ.വി.ബാബുവിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ അനുവദിച്ചു’. ( തൊഴിൽ ഇടത്തെ സുരക്ഷാ ക്രമീകരണങ്ങൾ കേരളത്തിൽ എത്രത്തോളം പാലിക്കപെടുന്നു ).

  -‘വെല്ലൂര്‍ സി.എം.സി. ആശുപത്രിയില്‍ അസ്ഥി മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന തിരുവനന്തപുരം സ്വദേശി ഷിബു കെ.വര്‍ഗ്ഗീസിന്റെ മകന്‍ അഭിഷേക് ഷിബുവിന്റെ ചികിത്സയ്ക്കായി 3 ലക്ഷം രൂപ അനുവദിച്ചു’.(കാരുണ്യ ലോട്ടറി ? ചികിത്സയും ,സാന്ത്വനവും വേണ്ട ഇത്തരം എത്ര പേര് കേരളത്തിൽ ഉണ്ടാകാം , അവരെ എലാവരെയും സംസ്ഥാനം ഏറ്റെടുക്കേണ്ടതല്ലേ? )

  പരിചയ സമ്പന്നനായ ഒരു മാധ്യമ സുഹൃത്തിനു എന്തെലാം വാർത്തകൾ ഈ ഒരു ‘കഷ്ടിച്ച് 10 മിനിറ്റ് ‘ കൊണ്ടെടുത്ത മന്ത്രി സഭാ തീരുമാനത്തിൽ നിന്നു മുങ്ങി എടുക്കാം . തികച്ചും ജനോപകാര പ്രദ മായവ . ഇവ ഓരോന്നും ഓരോ ലീഡ് ആണെന്ന് കൃത്യമായി അറിയാവുന്ന ശ്യാം , അതിനെ കുറച്ചു കണ്ടതിനെ ‘ക്രൂരത ‘ എന്നല്ലേ വിശേഷിപ്പിക്കാൻ പറ്റു . . ഈ പറഞ്ഞ അന്തർലീന വിശകലന വിവരങ്ങൾ , ക്യാബിനറ്റ് ബ്രീഫ് ഇങ് ഉണ്ടെങ്കിലും എത്ര മിടുക്കൻ മുഖ്യനിൽ നിന്നു പോലും കിട്ടാൻ പോകുന്നില്ല …,അപ്പോൾ വേറെ എന്തെങ്കിലും വഴിയുണ്ടോ ?ചോർത്തുക തന്നെ . അതു ഒഴിവാകുകയില്ലലോ എത്ര ബ്രീഫ് ഇങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും…

  ക്യാബിനറ്റ് ലെ ഓരോ അജണ്ടയും അതിനു ചിലവിടേണ്ട സമയവും, അതെങ്കിലും തീരുമാനിക്കേണ്ട ചുമതല തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി സഭക്ക് കൊടുത്തൂടേ ശ്യാമേ . ആ തീരുമാനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പ്രസിദ്ധ പെടുത്തണം എന്ന് വിവരാവകാശ കമ്മീഷൻ പോലും അഭിപ്രായ പെട്ടു കഴിഞ്ഞ സ്ഥിതിക്ക് .

  പത്രക്കാരെ കാണത്തേ ഇല്ല എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ . തലസ്ഥാനത്തും , ഡൽഹി യിലുമായി (ക്യാബിനറ്റ് ബ്രീഫ് അലാതെ ), ഇതിനോടകം എത്രയോ തവണ മുഖ്യ മന്ത്രി മാധ്യമങ്ങളെ കണ്ടു കഴിഞ്ഞു . അപ്പോഴൊക്കെ പത്രക്കാർ പലതും ചോദിച്ചു , മറുപടിയും കിട്ടി . പിന്നെ ശ്യാമേ എത്ര ചോദിച്ചാലും , ഒന്നിരുന്ന് ചിന്തിച്ചാൽ ചോദിക്കാൻ വിട്ടുപോയ കുറേ കാര്യങ്ങൾ ഇങ്ങനെ ,ഇങ്ങനെ, വന്നു കൊണ്ടേയിരിക്കും .അതു അടുത്ത തവണ ചോദിക്കുക , അല്ലെങ്കിൽ സ്വന്തം മാധ്യമങ്ങളിലൂടെ (മുഖ പുസ്തകത്തിൽ ഉൾപ്പെടെ ) ചോദിക്കുക … അതു എത്തേണ്ടിടത് എത്തുക തന്നെ ചെയ്യും .ഇല്ലേ ?അതല്ലേ വേണ്ടത് , പത്ര പ്രവർത്തനം അത്ര മാത്രം വളർന്നു പന്തലിച്ചില്ലേ .. . സിറ്റിസൺ ജേര്ണലിസത്തിന്റെ കാലമല്ലേ ഇതു ശ്യാമേ …ഒരു ക്യാബിനറ്റ് ബ്രീഫ് പത്ര സമ്മേളനം എണ്ണം കുറഞ്ഞതാണോ നിങ്ങളുടെ ഇപ്പോഴത്തെ , ‘കാര്യങ്ങൾ ശരിയാകാൻ ‘, ഏറ്റവും വലിയ തടസം .

  പ്രതിപക്ഷ സമരങ്ങൾ അല്ല , മാധ്യമങ്ങൾ ആണ് പഴയ സർക്കാരിനെ താഴെ ഇട്ടതെന്നു പറഞ്ഞു വല്ലോ . സമരങ്ങളുടെ ജയ പരാജയങ്ങൾ അങ്ങനങ്ങു ചുരുക്കി കാണാൻ , നവോഥാന വഴിയിൽ വിളങ്ങി വളർന്ന കേരളത്തിലെ മാധ്യമ രംഗത്തെ എന്റെ ഏറ്റവും നല്ല സുഹൃത്ത് ശ്രമിക്കരുത് . സമരങ്ങൾ ഒരു തുടർച്ചയാണ് , ഒന്നിന് പുറകെ ഒന്നായി അതു വരുന്നത് ജയ പരാജയങ്ങൾ ആശ്രയിച്ചല്ല . മാധ്യമങ്ങൾക്കു വലിയ സ്ഥാനം ഉണ്ട് , ഇല്ലെന്നല്ല , പക്ഷെ , രാഷ്ട്രീയ മുന്നേറ്റത്തെ ഇകഴ്ത്തി കാട്ടരുത് .എങ്കിൽ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യം , മാധ്യമങ്ങൾ ശ്രമിച്ചത് കൊണ്ടാണോ / അതോ ശ്രമിക്കാത്തത് കൊണ്ടാണോ ഇവിടെ വർഗീയ ശക്തികൾക്കു ഒരു എം എൽ എ യെ കിട്ടിയത് ?അതു വിടു ,വെറുതെ ഒരു വാദത്തിനു പറഞ്ഞതാണ് ശ്യാമേ .

  നിറഞ്ഞ സ്നേഹത്തോടെ

LEAVE A REPLY

Please enter your comment!
Please enter your name here