കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനു പോയി. വലിയ തിരക്കാണെന്നും മണിക്കൂറുകളോളം വരി നില്‍ക്കണമെന്നുമായിരുന്നു ലഭിച്ച വിവരം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ‘ദുഃസ്വാതന്ത്ര്യം’ പ്രയോജനപ്പെടുത്തി പ്രത്യേക പാസ് സംഘടിപ്പിച്ചു. ‘ടിയാനും ഒപ്പമുള്ള രണ്ടു പേര്‍ക്കും ചന്ദ്രാനന്ദന്‍ റോഡ് വഴി കടന്നു പോകാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു’ എന്നാണ് പാസിലെ കുറിപ്പ്.
ആരാണ് ഈ ചന്ദ്രാനന്ദന്‍?
ശബരിമലയില്‍ ഓരോ വര്‍ഷവും വന്നു ചേരുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷത്തിനും ഈ ചോദ്യത്തിനുള്ള ഉത്തരമറിയില്ല.
ഏതെങ്കിലും പുരാണ കഥാപാത്രമാണോ?
അതോ, പന്തളത്തെ പഴയ രാജാക്കന്മാരില്‍ ആരെങ്കിലുമോ?
ഇതിനുമപ്പുറം ശബരിമല അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തരില്‍ ആരെങ്കിലുമാണോ?
ഇതൊന്നുമല്ല അദ്ദേഹം. ചന്ദ്രാനന്ദന്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയോ എന്ന് അത്ഭുതം തോന്നാം. സംഗതി സത്യമാണ്.
1967ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണസാരഥ്യം വഹിക്കുമ്പോഴാണ് പി.കെ.ചന്ദ്രാനന്ദന്‍ എന്ന സി.പി.ഐ.-എം. നേതാവ് പുതിയൊരു പാത വിഭാവനം ചെയ്ത് നടപ്പാക്കിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയ്ക്കു സമാന്തരമായി മറ്റൊരു പാതയായിരുന്നു ലക്ഷ്യം. താന്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി ആ മനുഷ്യനുണ്ടായിരുന്നു. തന്റെ ലക്ഷ്യത്തിലെത്താന്‍ ഏതറ്റം വരെയും പോകാന്‍ പി.കെ.സി. തയ്യാറായി. അതിനായി വനം വകുപ്പിനോടും കോടതിയോടുമെല്ലാം അദ്ദേഹം ഏറ്റു.
പുതിയ പാത വെട്ടാന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കര്‍ക്കു പുറമെ ആലപ്പുഴയില്‍ നിന്ന് സ്വന്തം ആള്‍ക്കാരെ പി.കെ.സി. രംഗത്തിറക്കി. ദേവസ്വം ബോര്‍ഡ് ഭരണസാരഥി എന്ന നിലയിലുള്ള പ്രതിഫലവും മറ്റ് അലവന്‍സുകളും ഈ ജോലിക്കായി അദ്ദേഹം വിനിയോഗിച്ചു. ഒടുവില്‍ പാത യാഥാര്‍ത്ഥ്യമായതോടെ ശബരിമലയിലേക്കുള്ള തിരക്ക് നിയന്ത്രിക്കാന്‍ അത് വലിയൊരളവു വരെ പ്രയോജനപ്പെട്ടു.
ചന്ദ്രാനന്ദന്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ പുതിയ പാത ‘ചന്ദ്രാനന്ദന്‍ റോഡ്’ എന്ന് അറിയപ്പെട്ടു. ഇപ്പോള്‍ ആ പേര് മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഒരു ആരാധനാലയവുമായി ബന്ധപ്പെടുത്തി കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേര് നിലനില്‍ക്കുന്നതിലുള്ള എതിര്‍പ്പാവാം കാരണം. ‘സ്വാമി അയ്യപ്പന്‍ റോഡ്’ എന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും ജനത്തിനു താല്പര്യം ചന്ദ്രാനന്ദന്‍ റോഡ് എന്നു പറയാന്‍ തന്നെയാണ്, ചന്ദ്രാനന്ദനെ അറിയില്ലെങ്കിലും!
ഒരു പാസിലെ കുറിപ്പാണ് പി.കെ.സിയെ അനുസ്മരിക്കാന്‍ ഇപ്പോള്‍ കാരണമായതെങ്കിലും അദ്ദേഹം അതിലേറെ ആദരം അര്‍ഹിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാരഥികളായിരുന്ന രാഷ്ട്രീയക്കാരില്‍ അഴിമതി ആരോപണത്തിന്റെ കരിനിഴല്‍ ഏഴയലത്തുപോലും പടരാതെ പടിയിറങ്ങിയ അപൂര്‍വ്വം പേരിലൊരാളാണദ്ദേഹം.