കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരളയുടെ രണ്ടാമങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനുപ് ജലോട്ടയുടെ ഗസല്‍ സന്ധ്യ നിശ്ചയിച്ചിരുന്നത്. അനുപ് ജലോട്ടയെ നേരിട്ടു കേള്‍ക്കാന്‍ അവസരം കിട്ടുക എന്നു പറയുന്നത് മഹാഭാഗ്യമാണ്. അതിനൊപ്പം അദ്ദേഹത്തോട് അടുത്തിടപഴകാനുള്ള അവസരം കൂടി ലഭിച്ചാലോ!!
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിന്റെ സ്‌റ്റേജിന്റെ പിന്നിലേക്ക് പ്രവേശനമുണ്ടായിരുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടു. പരിപാടികളുടെ സംഘാടനസഹായത്തിനായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു വിളിച്ചുവരുത്തിയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പ്രൗഢമായ ഉദ്ഘാടനച്ചടങ്ങുകള്‍ നന്നായിത്തന്നെ അവസാനിച്ചു. അതിനു ശേഷം അനുപ് ജലോട്ടയുടെ നാദമാധുരി.
ഉദ്ഘാടന ചടങ്ങിന് തടസ്സമുണ്ടാവാതിരിക്കാന്‍ വേദിയുടെ പിന്‍ഭാഗത്തായാണ് ഗസലിനുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരുന്നത്. അത് അല്പം മുന്നിലേക്കു നീക്കണമെന്ന് അനുപ് ജലോട്ടയുടെ സംഘത്തിലുള്ളവര്‍ അഭ്യര്‍ത്ഥിച്ചു. ആസ്വാദകരുമായി പരമാവധി അടുത്തിരിക്കുക എന്നതാണ് ലക്ഷ്യം. സൗണ്ട് സിസ്റ്റം അടക്കം അതനുസരിച്ച് മാറ്റണം. അതിനു സമയമെടുക്കും. വൊളന്റിയര്‍മാര്‍ സ്റ്റേജ് പുനഃക്രമീകരിക്കുന്നതും നോക്കി ഞാനവിടെ നിന്നു.
പെട്ടെന്ന് എന്റെ വലതു ഭാഗത്ത് ആരുടെയോ സാന്നിദ്ധ്യം അനുഭവപ്പെട്ടു. ആ വലിയ രൂപം എന്റെ വലതു ചുമലില്‍ കൈവെച്ചു കൊണ്ട് വേദിയിലേക്കൊന്ന് നോക്കി. ഒരു മിനിറ്റ് അവിടെത്തന്നെ നിന്നു. ആ കൈകളില്‍ നിന്ന് വല്ലാത്തൊരു വൈദ്യുതി എന്റെ ശരീരത്തിലേക്ക് പ്രവഹിക്കുന്നതു പോലെ. ഞാനൊന്നു തിരിഞ്ഞുനോക്കി. ഞെട്ടിപ്പോയി, ശരിക്കും ഷോക്കടിച്ചു. ആ മനുഷ്യന്റെ മുഖത്തേക്ക് ഞാനൊന്നു കൂടി സൂക്ഷിച്ചു നോക്കി, വിശ്വാസം വരാത്തതിനാല്‍. സാക്ഷാല്‍ അനുപ് ജലോട്ട എന്റെ ചുമലില്‍ കൈവെച്ചു നില്‍ക്കുന്നു.
ഞാന്‍ നോക്കുന്നതു കണ്ട് അദ്ദേഹം മനോഹരമായി പുഞ്ചിരിച്ചു. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ, എന്റെ തൊണ്ട വരണ്ടു. എങ്കിലും ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തി ഇത്രയും പറഞ്ഞൊപ്പിച്ചു -‘സര്‍, ഞാന്‍ അങ്ങയുടെ വലിയൊരു ആരാധകനാണ്. എന്റെ തൊട്ടടുത്ത് അങ്ങയെ കാണാനാവും എന്ന് സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചതല്ല. ഇത്രയും അടുത്തുനിന്ന് അങ്ങയുടെ പാട്ട് ആസ്വദിക്കാനാവുമെന്നും വിചാരിച്ചതല്ല. ടെലിവിഷനില്‍ അങ്ങയുടെ ഭജനകള്‍ കാണുമ്പോള്‍ അന്തംവിട്ടിരിക്കുന്ന ഒരു പാട്ടുപ്രേമിയാണ് ഞാന്‍. എന്തു പറയണമെന്നറിയില്ല’.
എന്റെ അങ്കലാപ്പ് കണ്ട് അനുപ് ജലോട്ട പുഞ്ചിരിച്ചു. ഏതു സാഹചര്യവും സമചിത്തതയോടെ നേരിടുന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കൊച്ചുകുട്ടിയെപ്പോലെ ആയി മാറിയിരുന്നു ഞാന്‍. തീരെ ചെറിയ മനുഷ്യനായ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ആ വലിയ മനുഷ്യന്‍ ചോദിച്ചറിഞ്ഞു. ഒടുവില്‍ അദ്ദേഹം പറഞ്ഞു -‘സുഹൃത്തേ, താങ്കളെ പരിചയപ്പെടാനായതില്‍ വളരെ സന്തോഷം. താങ്കള്‍ ഇഷ്ടപ്പെടുന്നത് എന്നെയല്ല, എന്റെ സംഗീതത്തെയാണ്. അതാണ് സംഗീതത്തിന്റെ ശക്തി’. ‘എല്ലാവര്‍ക്കും സംഗീത്തെ ഉപാസിക്കാനാവില്ലല്ലോ. അത് അനുഗൃഹീതര്‍ക്കു മാത്രം സാധിക്കുന്നതാണ്’ -ഞാന്‍ പറഞ്ഞു. അദ്ദേഹം യോജിച്ചു.
വേദി തയ്യാറാവന്‍ പിന്നെയും സമയമെടുത്തു. അപ്പോള്‍ അനുപ് ജലോട്ട ഒരു അനുഭവകഥ പറഞ്ഞു. ‘എല്ലായിടത്തും നിങ്ങളെപ്പോലെ സ്‌നേഹമുള്ളവരുണ്ട്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. എല്ലാം ഈശ്വരാനുഗ്രഹം’. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയില്‍ വെച്ചുണ്ടായ അനുഭവം തന്നെ വളരെയേറെ സ്പര്‍ശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഹരാരെയില്‍ ഒരു സ്ത്രീ തന്റെ 27-28 വയസ്സുള്ള മകനുമായി അനുപ് ജലോട്ടയെ കാണാനെത്തി. അവര്‍ പറഞ്ഞു -‘ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ അങ്ങയുടെ ഭജന കേള്‍ക്കുമായിരുന്നു. എനിക്ക് മകന്‍ പിറക്കുകയാണെങ്കില്‍ അവന് അനുപ് എന്നു പേരിടുമെന്നും തീരുമാനിച്ചു.’ ആ അനുപുമായിട്ടാണ് അവര്‍ അനുപ് ജലോട്ടയെ കാണാന്‍ ചെന്നത്! അപ്പോള്‍ യുവാവായ അനുപിനെ ചൂണ്ടി അനുപ് ജലോട്ട പറഞ്ഞു -‘ഇത് അമ്മയുടെ ഇളയ മകനാണ്. ഞാന്‍ അമ്മയുടെ മൂത്ത മകന്‍’. ആ അമ്മയുടെയും മകന്റെയും മുഖത്തു കണ്ട സന്തോഷം വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്ന് ഗസല്‍ മാന്ത്രികന്‍.
കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വേദിയും തയ്യാര്‍. ‘ഫിര്‍ മിലേംഗെ’ -വീണ്ടും കാണാം എന്ന് അദ്ദേഹത്തിന്റെ അഭിവാദ്യം. ഒരു സെല്‍ഫിയെടുത്താലോ എന്നാലോചിച്ചു. വേണ്ട, ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വളരെ സ്‌നേഹത്തോടെ സംസാരിച്ചതാണ്. ആ വില കളയണ്ട. അദ്ദേഹം വേദിയില്‍ ഇരിപ്പുറപ്പിച്ചപ്പോഴേക്കും ഞാന്‍ സദസ്സിലേക്കു നീങ്ങി. ഒഴിവുള്ളത് ഏറ്റവും മുന്‍നിരയിലെ കസേര. അവിടെത്തന്നെ ഇരുന്നു. എല്ലാംകൊണ്ടും ഭാഗ്യവര്‍ഷം സിദ്ധിച്ച ദിനം.
55 വര്‍ഷമായി അനുപ് ജലോട്ട സംഗീതരംഗത്തുണ്ട്. 3 തലമുറകള്‍ അദ്ദേഹത്തിന്റെ പാട്ടു കേട്ടു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഗസല്‍ മാന്ത്രികന്‍ എന്നതിനൊപ്പം ഞാന്‍ മറ്റൊരു പേരില്‍ കൂടി അനുപ് ജലോട്ടയെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു -ഭജന്‍ സമ്രാട്ട്. ഭക്തി സംഗീതത്തിന്റെ സൂപ്പര്‍താരം. അതു പറയാതെ അനുപ് ജലോട്ട എന്ന കലാകാരന്‍ പൂര്‍ണ്ണനാവില്ല.
ഗസലുകളും ഭജനകളും കൂടി 1,200ലേറെ പാട്ടുകള്‍ ഈ മനുഷ്യന്‍ പാടിയിട്ടുണ്ട്. 200ലേറെ ആല്‍ബങ്ങള്‍ അനുപ് ജലോട്ടയുടേതായി വന്നിട്ടുള്ളതില്‍ ഹിറ്റല്ലാത്ത ഒരെണ്ണം പോലുമില്ല!!! ഇപ്പോള്‍ ഇന്ത്യയിലുള്ള ഏറ്റവും മികച്ച ഗസല്‍ സംഗീതജ്ഞരില്‍ ഒരാളായ അനുപ് ജലോട്ട ലോകത്തെമ്പാടുമായി 5,000ലേറെ വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരിക്കുന്നു. അതിലൊരെണ്ണം ആസ്വദിക്കാനുള്ള ഭാഗ്യം തിരുവനന്തപുരത്തിന് സ്വന്തം.
‘ഹസാരോം ഖ്വാഹിഷേം ഐസി
കി ഹര്‍ ഖ്വാഹിഷ് പെ ദം നികലേ’
-ജഗ്ജിത് സിങ്ങിന്റെ അഭൗമ ശബ്ദത്തില്‍ പിറന്ന മിര്‍സാ ഗാലിബിന്റെ വരികള്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചുകൊണ്ട് തുടക്കം. ആയിരക്കണക്കിന് ആഗ്രഹങ്ങളുണ്ട്, ഓരോ ആഗ്രവും ശ്വാസം നിലച്ചു പോകുന്നവ -വരാനിരിക്കുന്ന വമ്പന്‍ വിരുന്നിന്റെ സൂചന അവിടെ കിട്ടി.
‘ആപ് ഗൈറോം കി ബാത് കര്‍തേ ഹൊ
ഹംനേ അപ്‌നോ കോ ആസ്മായാ ഹൈ
ലോഗ് കാംട്ടോം സെ ബച്‌കെ ചല്‍തെ ഹൈ
ഹംനെ ഫൂലോം സെ സഖം ഖായെ ഹൈ’
-നിങ്ങള്‍ അപരിചിതരുടെ കാര്യം പറയുന്നു ഞാന്‍ ബന്ധുക്കളെ പരീക്ഷിച്ചു നോക്കി, ആളുകള്‍ മുള്ളുകളെ ഒഴിവാക്കി നടക്കുമ്പോള്‍ എനിക്ക് പൂക്കളില്‍ നിന്നാണ് മുറിവേറ്റത്. അര്‍ത്ഥസമ്പുഷ്ടിയാണ് ഗസലിന്റെ സൗന്ദര്യമെന്നു പറയുന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ?
‘അയ് മേരി സൊഹറെ ജബി
തുഝെ മാലൂം നഹി
തു അഭി തക് ഹെ ഹസീന്‍ ഔര്‍ മൈ ജവാന്‍
തുഝ് പെ കുര്‍ബാന്‍ മേരി ജാന്‍ മേരി ജാന്‍’
-വഖ്ത് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ മന്നാ ഡേ പാടിയ സൂപ്പര്‍ ഹിറ്റ് പാട്ട്. അനുപ് ജലോട്ടയുടെ ശബ്ദത്തില്‍ കേട്ടപ്പോള്‍ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുന്നുനിന്നു.
‘ഹോട്ടോം സെ ചൂ ലോ തും
മേരാ ഗീത് അമര്‍ കര്‍ ദോ’
-ജഗ്ജിത് സിങ്ങിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്ന്. കാല്‍ നൂറ്റാണ്ട് മുമ്പുള്ള ഓര്‍മ്മകളുടെ പിന്നാമ്പുറത്തേക്കാണ് ഈ പാട്ട് എന്നെ കൊണ്ടുപോയത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി പഠന കാലത്ത് ഇടയ്ക്കിടെ ഞങ്ങളെ കാണാന്‍ വരുമായിരുന്ന രാജേഷിനെ -ഇപ്പോഴത്തെ ചലച്ചിത്ര പിന്നണി ഗായകന്‍ രാജേഷ് വിജയ് -പിടിച്ചിരുത്തി സുഹൃത്ത് സൊഹെയ്ല്‍ മിര്‍സയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പാടിപ്പിച്ചിരുന്ന പാട്ട്. സദസ്സിലുണ്ടായിരുന്ന ഒട്ടുമിക്കവര്‍ക്കും കാണാപ്പാഠം.
ഈ പാട്ടിന്റെ ജനപ്രീതി അനുപ് ജലോട്ടയ്ക്ക് നന്നായി അറിയാം. അതുകൊണ്ടാണല്ലോ തന്നോടൊപ്പം പാട്ട് ഏറ്റുപാടാന്‍ സദസ്സിനോട് ആവശ്യപ്പെട്ടത്. സദസ്യര്‍ നന്നായി പാടുകയും ചെയ്തു. ‘ആപ് ഇത്‌നാ അച്ഛാ ഗാതെ ഹോ തൊ മുഝെ ക്യോം ബുലായാ? അഗലി ബാര്‍ ആപ് ഗായിയെ, മൈ സുന്‍നെ ആവൂങ്കാ’ -നിങ്ങള്‍ ഇത്രയും നന്നായി പാടുമെങ്കില്‍ പിന്നെ എന്തിനാണ് എന്നെ വിളിച്ചത്, അടുത്ത തവണ നിങ്ങള്‍ പാടൂ ഞാന്‍ കേള്‍ക്കാന്‍ വരാം. സദസ്യര്‍ നല്‍കിയ പിന്തുണയ്ക്ക് പാതി കളിയായും പാതി കാര്യമായും ഗായകന്റെ അനുമോദനം.
‘തും ഇത്‌നാ ജോ മുസ്‌കുരാ രഹേ ഹോ
ക്യാ ഗം ഹൈ കിസ്‌കോ ചുപാ രഹേ ഹോ’
-അര്‍ത്ഥിലെ മനോഹര ഗാനം. ‘ജഗ്ജിത് സിങ്ങിന്റെ പാട്ടുകള്‍ എത്ര പാടിയാലും മതിയാകില്ല’ -അനുപ് ജലോട്ടയുടെ വിശദീകരണം. ഗാനത്തിന്റെ മനോഹാരിതയില്‍ സദസ്സ് ലയിച്ചിരുന്നു. ആ കെട്ട് പൊട്ടിക്കാനെന്നോണം അടുത്തത് ഒരു ഫാസ്റ്റ് നമ്പര്‍ –‘ദമാ ദം മസ്ത് കലന്ദര്‍’.
‘കുച്ഛ് ഇസ് കദര്‍ തു മുഝ്‌സെ ബേവഫായി കര്‍
കി തേരെ ബാദ് കോയി മുഝെ ബേവഫാ ന ലഗെ’
-നീ എന്നോട് ഇത്ര മാത്രം വഞ്ചന കാട്ടുക എന്തെന്നാല്‍ നിനക്കു ശേഷം മറ്റാരും എനിക്ക് വഞ്ചകിയായി തോന്നാതിരിക്കട്ടെ. ഉര്‍ദു സാഹിത്യത്തിന്റെ ശക്തി.
‘എക് സമുന്ദര്‍ നെ ആവാസ് ദി
മുഝ്‌കോ പാനി പിലാ ദീജിയെ’
-ഒരു സമുദ്രം അഭ്യര്‍ത്ഥിച്ചു, അല്പം ദാഹജലം തരൂ എന്ന്. കവിയുടെ ഭാവന സാധാരണക്കാരന്റെ സങ്കല്പത്തിനുമതീതം.
‘യെ ദൗലത് ഭി ലെ ലോ
യെ ശൊഹരത് ഭി ലെ ലോ
ഭലേ ഛീന്‍ ലോ മുഝ്‌സെ മേരി ജവാനി
മഗര്‍ മുഝ്‌കൊ ലൗട്ടാ ദോ
വൊ ബച്പന്‍ കാ സാവന്‍
വൊ കാഗസ് കി കഷ്തി
വൊ ബാരിഷ് കാ പാനി’
വീണ്ടും ജഗ്ജിത് സിങ്ങിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ബാല്യം തിരികെ തരാനുള്ള അഭ്യര്‍ത്ഥന. അതിനു പകരം സമ്പത്തും പ്രശസ്തിയും യുവത്വവുമെല്ലാം എടുത്തുകൊള്ളാനാണ് കവി പറയുന്നത്. ബാല്യത്തിലെ മഴയും കടലാസുതോണിയും മഴവെള്ളവുമൊക്കെ തിരികെപ്പിടിക്കാന്‍ ഏതൊരു മനുഷ്യനുമുള്ള ആഗ്രഹം ഈ മനോഹര ഗാനത്തില്‍ പ്രകടം.
യുവാക്കള്‍ക്കു വേണ്ടി ഒരു ഗാനം, യുവതികള്‍ക്കായി പാടാന്‍ ഓര്‍ത്തുവെയ്ക്കുക എന്ന മുഖവുരയുമായി അനുപ് ജലോട്ട പാടി –
‘ചാന്ദ് കബ് തക് ഗ്രഹണ് മേ രഹേ
അബ് തോ സുല്‍ഫേം ഹട്ടാ ദീജിയേ’
ചന്ദ്രന് എത്ര സമയമാണ് ഗ്രഹണത്തില്‍ തുടരാനാവുക, ദയവായി ആ മുടികള്‍ വകഞ്ഞൊതുക്കൂ എന്ന വിവക്ഷ. പെണ്‍കുട്ടിയുടെ സുന്ദര മുഖം കാണാനുള്ള യുവാവിന്റെ ആകാംക്ഷ!!
‘ഇഷ്‌ക് ജബ് എക് തരഫ് ഹോ തൊ സസാ ഹോത്താ ഹൈ
ജബ് ദോനോ തരഫ് ഹോ തൊ മസാ ഹോത്താ ഹൈ’
പ്രേമം വണ്‍വേ ട്രാഫിക്കാണെങ്കില്‍ ശിക്ഷയാണ്, ടു വേ ട്രാഫിക്കാണെങ്കില്‍ രസമാണ് -അതും യുവാക്കള്‍ക്കു വേണ്ടി.
മുഹമ്മദ് റഫിയുടെ ‘ചൗധവീം കാ ചാന്ദ് ഹോ’, കിഷോര്‍ കുമാറിന്റെ ‘കുഛ് തോ ലോഗ് കഹേംഗെ’ -എല്ലാം അനുപ് ജലോട്ടയുടെ ശബ്ദത്തില്‍ വേദിയില്‍ പുനര്‍ജനിച്ചു. സഞ്ജന ഠാക്കൂര്‍, മലയാളി കൂടിയായ ജിതേഷ് സുന്ദരം എന്നിവരും അനുപ് ജലോട്ടയ്‌ക്കൊപ്പം പാടാനുണ്ടായിരുന്നു. ‘ഇദ്ദേഹം ഇവിടെയുള്ളപ്പോള്‍ ഗസല്‍ ആസ്വദിക്കാന്‍ മുംബൈയില്‍ നിന്ന് എന്നെ വിളിക്കേണ്ട കാര്യമില്ല’ -ജിതേഷിനെക്കുറിച്ച് അനുപ് ജലോട്ട പറഞ്ഞു.
വയലിനില്‍ മുഹമ്മദ് റാഷിദ്, ഗ്വിറ്റാറില്‍ ധിരേന്‍ റായ്ചുര, തബലയില്‍ അമിത് ചൗബെ എന്നിവര്‍ അകമ്പടിയേകി. ഇവരെ പരിചയപ്പെടുത്തുമ്പോള്‍ അനുപ് ജലോട്ട ഇതു കൂടി പറഞ്ഞു -‘ഹാര്‍മോണിയത്തില്‍ അനുപ് ജലോട്ട’. സദസ്സില്‍ കൂട്ടച്ചിരി. അത് ശരിയായിരുന്നു. സഞ്ജനയും ജിതേഷും പാടിയപ്പോള്‍ അദ്ദേഹം ഹാര്‍മോണിയത്തില്‍ അകമ്പടി നല്‍കുകയായിരുന്നു. പാട്ടിനൊപ്പം ഇതുപോലെ വന്ന ചെറിയ തമാശകള്‍ മേമ്പൊടിയായി.
കോടാലി വെള്ളത്തില്‍ നഷ്ടപ്പെട്ട സത്യസന്ധനായ മരംവെട്ടുകാരന് ദൈവം സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള കോടാലികളും കൂടി കൊടുത്തതും ഒടുവില്‍ ഭാര്യ വെള്ളത്തില്‍ പോയപ്പോള്‍ ദൈവം ആദ്യം കൊണ്ടുവന്ന കത്രീന കൈഫിനെ തന്നെ അയാള്‍ സ്വീകരിച്ചതും പറഞ്ഞപ്പോള്‍ ജനം ആര്‍ത്തുചിരിച്ചു. ‘കത്രീന കൈഫ് അല്ലെന്നു പറഞ്ഞാല്‍, അടുത്തതായി ദീപിക പദുക്കോണിനെ കൊണ്ടുവരും. അതുമല്ലെന്നു പറയുമ്പോള്‍ യഥാര്‍ത്ഥ ഭാര്യയെ കൊണ്ടുവരും. ഒടുവില്‍ മൂന്നു പേരെയും കൂടി തന്നാല്‍ കഷ്ടപ്പെട്ടുപോകും ദൈവമേ’ -ഇത്തരമൊരു തമാശ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം.
‘ഹം ലൗട്ട് ആയേംഗേ
തും യൂംഹി ബുലാതെ രഹന
കഭി അല്‍വിദാ ന കെഹന
ചല്‍തേ ചല്‍തേ
മേരെ യെ ഗീത് യാദ് രഖ്‌ന’
അദ്ദേഹം അവസാനം പാടി. അതേ, രണ്ടു മണിക്കൂറിലേറെ നീണ്ട ഈ സംഗീത വിരുന്ന് തീര്‍ച്ചയായും മറക്കില്ല.