HomeENTERTAINMENT'തെരി' കണ്ടാല...

‘തെരി’ കണ്ടാല്‍ തെറി പറയും

-

Reading Time: 3 minutes

കോളേജില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രശസ്തമായ ഒരു സിനിമ കണ്ടിട്ടുണ്ട് -‘ബാഷ’. കുടുംബപരമായ സമ്മര്‍ദ്ദങ്ങളാല്‍ അജ്ഞാതവാസം നയിക്കേണ്ടി വരുന്ന സൂപ്പര്‍ ഹീറോ ആയ നായകന്‍. സൂപ്പര്‍ ഹീറോ പരിവേഷം അറിയാതെ നായകനെ പ്രേമിക്കുന്ന നായിക, ഒഴിഞ്ഞുമാറുന്ന നായകന്‍. ‘ബാഷ’യില്‍ ആ റോള്‍ നഗ്മയ്ക്കായിരുന്നു. വില്ലന്മാരില്‍ നിന്ന് രക്ഷപ്പെടാനുള്ള ആ ഒളിവ് ജീവിതം ഒരു ഘട്ടത്തില്‍ അവസാനിപ്പിക്കേണ്ടി വരുന്നു. പിന്നീട് പ്രതികാരം. അവസാനം ഡിഷ്യൂം ഡിഷ്യൂം. വില്ലന്മാര്‍ ക്ലോസ്. കഥ ശുഭപര്യവസായി. പടം സൂപ്പര്‍ ഹിറ്റ്. നമ്മുടെ നടി ശാന്തികൃഷ്ണയുടെ സഹോദരന്‍ സുരേഷ് കൃഷ്ണയായിരുന്നു സംവിധായകന്‍.

Theri

ഇതേ കഥ ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചാല്‍ വിജയിന്റെ ഏറ്റവും പുതിയ ചിത്രം ‘തെരി’ ആയി. 1995ല്‍ ഇറങ്ങിയ ‘ബാഷ’യിലെ രംഗങ്ങള്‍ 21 വര്‍ഷം പിന്നിടുമ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. ‘ബാഷ ഒരു തടവ ശൊന്നാല്‍ 100 തടവ ശൊന്ന മാതിരി’ എന്ന ഡയലോഗ് ഇപ്പോഴും ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ കേള്‍ക്കാം. തമിഴിലെ സംവിധായകര്‍ക്കു മാത്രം എന്തുകൊണ്ടോ ഇതു മനസ്സിലാവുന്നില്ല. ഇതേ പ്രമേയവുമായി എത്രയോ സിനിമകള്‍ ഈ കാലത്തിനിടെ പുറത്തിറങ്ങിയിരിക്കുന്നു. അജിത്ത് നായകനായ ‘വേതാളം’ ആയിരുന്നു ഈ ഗണത്തില്‍ ഒടുവിലത്തേത്. ഇപ്പോള്‍ ‘തെരി’യും. സുരേഷ് കൃഷ്ണയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും ‘തെരി’യുടെ സംവിധാകയന്‍ ആറ്റ്‌ലീക്ക് ഇല്ല എന്നു വേദനയോടെ പറയേണ്ടിവരുന്നു.

‘തെരി’ എന്നാല്‍ തീപ്പൊരി. എന്നാല്‍, ‘തെരി’ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ തെറി പറഞ്ഞുകൊണ്ടായിരിക്കും പുറത്തേക്കുവരിക, നിങ്ങള്‍ ഒരു കടുത്ത വിജയ് ഫാന്‍ അല്ലെങ്കില്‍. ഈ സിനിമ മലയാളമാണെന്നും വിജയിന്റെ റോളില്‍ പൃഥ്വിരാജാണെന്നും ഒരു നിമിഷം വെറുതെ ചിന്തിച്ചുനോക്കി. ആ നിമിഷം പൃഥ്വിയെ വലിച്ചുകീറി ചുവരിലൊട്ടിച്ച് പിന്നെ അതു പറിച്ച് കാറ്റില്‍പ്പറത്തും. സാങ്കേതികമായും കലാപരമായും തമിഴ് സിനിമ സമീപകാലത്ത് കൈവരിച്ച ഉന്നതിയെക്കുറിച്ച് പ്രസംഗിക്കുന്നവരെ ഈ സിനിമ നിര്‍ബന്ധമായും പിടിച്ചിരുത്തി മൂന്നു തവണ കാണിക്കണം. മലയാളത്തോടുള്ള പുച്ഛം അങ്ങനെയെങ്കിലും മാറുമല്ലോ!

ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ഒരു മാസ് എന്റര്‍ടെയ്‌നറാണ് ‘തെരി’. സൂപ്പര്‍ താരമെങ്കിലും അഭിനയത്തില്‍ വിജയ് എന്ന നടനുള്ള പരിമിതികള്‍ ഈ സിനിമ വല്ലാതെ തുറന്നുകാട്ടുന്നു. മുഖത്തെ ഭാവങ്ങളിലും ശരീരഭാഷയിലുമെല്ലാം വിജയ് വല്ലാതെ നിരാശപ്പെടുത്തുന്നു. സംഘട്ടന-നൃത്ത രംഗങ്ങളിലെ മികവ് അഭിനയം എന്നു പറയാനാവില്ലല്ലോ! ‘ബാഷ’യില്‍ രജനീകാന്ത് വായിലേക്ക് സിഗരറ്റ് എറിഞ്ഞുപിടിക്കുന്ന രംഗമുണ്ട്. ‘തെരി’യില്‍ വിജയ് അതു പകര്‍ത്തിവെച്ചിരിക്കുന്നു, വായിലേക്കെറിയുന്നത് ച്യൂയിങ് ഗം ആണെന്നു മാത്രം.

സിനിമ തുടങ്ങുമ്പോള്‍ കേരളമാണ് പശ്ചാത്തലം. മകള്‍ നിവിയോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്ന വിജയ് കഥാപാത്രം ജോസഫ് കുരുവിള എന്ന ബേക്കറിയുടമ. പ്രശസ്ത നടി മീനയുടെ മകള്‍ നൈനികയാണ് നിവിയായി വരുന്നത്. മറ്റുള്ളവരുമായി ഒരു പ്രശ്‌നവുമുണ്ടാക്കാന്‍ താല്പര്യമില്ലാത്ത കുരുവിള ചിലപ്പോഴൊക്കെ മറ്റുള്ളവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അവരോടു തന്നെ ക്ഷമ ചോദിക്കാനും തയ്യാറാവുന്നുണ്ട്. നിവിയുടെ സ്‌കൂള്‍ ടീച്ചറാണ് അമി ജാക്‌സണ്‍ അവതരിപ്പിക്കുന്ന ആനി. കുരുവിളയോട് ഇഷ്ടം തോന്നുന്ന ആനി അയാളെ പിന്തുടരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുടെ ഭൂതകാലം ആനിക്കു മുന്നില്‍ തുറക്കപ്പെടുകയാണ്.

ഫഌഷ് ബാക്ക് ചെന്നൈ നഗരത്തിലാണ്. കുറ്റവാളികളെ കിടുകിടാ വിറപ്പിച്ചിരുന്ന ഡെപ്യൂട്ടി കമ്മീഷണറാണ് വിജയ് കുമാര്‍. ഡല്‍ഹി ബലാത്സംഗ കേസ് മാതൃകയില്‍ ഒരു സംഭവം അരങ്ങേറുന്നതോടെ വിജയകുമാറിന്റെ ജീവിതം മാറിമറിയുകയാണ്. ബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമത്തിനിടെ വിജയ് കുമാര്‍ പ്രതിയുടെ പിതാവായ ക്രൂരനായ രാഷ്ട്രീയ നേതാവുമായി കോര്‍ക്കുന്നു. ഒരു പോലീസ് ഓഫീസറുടെ കടമയ്ക്കു വിരുദ്ധമായി നിയമം കൈയിലെടുക്കുന്ന ഡി.സി.പി. നേരിട്ട് ബലാത്സംഗക്കാരനെ കൊന്നു തലകീഴായി കെട്ടിത്തൂക്കുകയാണ്. പിന്നീട് സിനിമയിലെ എല്ലാ വില്ലന്മാരെയും, കെട്ടിടത്തിനു മുകളില്‍ നിന്നു താഴെത്തള്ളിയിടുന്ന ഒരാളെയൊഴിക, നായകന്‍ കൊലപ്പെടുത്തുന്നത് ഇങ്ങനെ തന്നെ. തമിഴിലെ പഴയ പ്രശസ്ത സംവിധായകന്‍ മഹേന്ദ്രനാണ് പ്രധാന വില്ലന്‍ റോളില്‍. ഈ ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നതും ക്രൗര്യത്തിന്റെ പര്യായമാകുന്ന വില്ലന്‍ തന്നെ. വില്ലനുമായി നായകന്‍ ഡി.സി.പി. കൊമ്പുകോര്‍ക്കുമ്പോള്‍ പിന്നെയെന്ത് സംഭവിക്കുമെന്നത് സംവിധായകന്‍ പറയും മുമ്പു തന്നെ പ്രേക്ഷകര്‍ക്ക് പിടികിട്ടുകയാണ്.

Theri 4

ഡി.സി.പി. വിജയ് കുമാറിന്റെ കാമുകിയും പിന്നീട് ഭാര്യയുമാണ് ഡോക്ടറായ മിത്ര. സാമന്തയാണ് മിത്രയുടെ റോളില്‍. വിജയിന്റെ അമ്മ റോളില്‍ രാധികയുമുണ്ട്. ഡി.സി.പി. വിജയ് കുമാറിന്റെ ഭാര്യയെയും അമ്മയെയും വില്ലന്‍ കൊലപ്പെടുത്തുന്നു. കുഞ്ഞു മകളെയും വിജയ് കുമാറിനെയും കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ രക്ഷപ്പെടുന്നു. അങ്ങനെയാണ് അവര്‍ കേരളത്തിലെത്തുന്നത്. വിജയ് കുമാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് വില്ലന്‍ കണ്ടെത്തുന്നതോടെ രണ്ടാം പകുതിയില്‍ വീണ്ടും കഥ ചെന്നൈയിലേക്കു പറിച്ചുനടപ്പെടുകയാണ്. മരിച്ചുപോയ വിജയ് കുമാറിന്റെ ‘പ്രേതം’ വില്ലന്മാരെ ഒന്നൊന്നായി കൊലപ്പെടുത്തുന്നു. വിജയ് കുമാറിന്റെ മേലുദ്യോഗസ്ഥനായ പ്രഭുവിന്റെ അറിവോടുകൂടിയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് അവസാനം മനസ്സിലാവുന്നത്.

Theri 1

ബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടിയുടെ അനുഭവം കേള്‍ക്കുന്ന ഘട്ടത്തിലെ പൊട്ടിക്കരച്ചിലിലും സാമന്തയുമായി നല്ല ഭര്‍ത്താവ് കളിയിലുമൊക്കെ വിജയ് എന്ന നടന്റെ പരിമിതികള്‍ പകല്‍ പോലെ വ്യക്തമാവുന്നുണ്ട്. കുഞ്ഞു നൈനികയുമായുള്ള വിജയിന്റെ രംഗങ്ങള്‍ മാത്രമാണ് അല്പമെങ്കിലും ആശ്വാസമാകുന്നത്, അതു തന്നെ ആ കൊച്ചുമിടുക്കിയുടെ സാന്നിദ്ധ്യം കൊണ്ട്. സാമന്തയും അമി ജാക്‌സനും രണ്ടു മനോഹരങ്ങളായ പാവക്കുട്ടികള്‍ മാത്രം. അവര്‍ക്ക് നായകനൊപ്പം ആടിപ്പാടുക എന്നല്ലാതെ കാര്യമായൊന്നും ചെയ്യാനില്ല.

ചടുലമായ രംഗങ്ങളൊരുക്കിയ ജോര്‍ജ്ജ് സി.വില്ല്യംസിന്റെ ക്യാമറ വര്‍ക്ക് പ്രത്യേകം എടുത്തുപറയണം. ജി.വി.പ്രകാശ് എന്ന സംഗീതസംവിധായകന്റെ 50-ാമത് ചിത്രമാണ്. പക്ഷേ, മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു ഗാനം പോലും തിയേറ്റര്‍ വിടുമ്പോള്‍ കൈവശമുണ്ടായിരുന്നില്ല.

ചെറിയൊരു മുന്‍വിധിയോടെയാണ് ‘തെരി’ കാണാന്‍ കയറിയത്. ഒരു ട്രോള്‍ ആയിരുന്നു കാരണം -‘നെഞ്ചത്ത് രണ്ടു വെടിയും തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയും കിട്ടിയ വിജയ് മരിച്ചില്ല. ചന്തിക്ക് വെടികൊണ്ട സാമന്ത മരിച്ചു!’ അതൊരു ട്രോള്‍ മാത്രമാണ്. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു, സാമന്തയ്ക്കു വെടിയേല്‍ക്കുന്നത് നട്ടെല്ലിന്റെ കീഴ്ഭാഗത്താണ്.

‘തെരി 2’ വരുന്നുണ്ടെന്ന് കേട്ടു. ഹെന്റമ്മേ…

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights