HomeENTERTAINMENTആരാധകന്റെ ചുമ...

ആരാധകന്റെ ചുമലിലേറി താരരാജാവ്

-

Reading Time: 3 minutes

ചിക്കന്‍ ബിരിയാണി തിന്നിട്ട് ‘ദില്‍വാലേ’ കാണാനിരുന്നാല്‍ വയറ്റില്‍ക്കിടക്കുന്ന കോഴി പോലും എഴുന്നേറ്റു നിന്നു കൂവും -ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം ‘ഫാന്‍’ കാണാന്‍ പോകുന്ന കാര്യം അറിയിച്ചപ്പോള്‍ ഒരു സുഹൃത്തിന്റെ കമന്റ്. ശരിയാണ്, തന്റെ കരിയറില്‍ ഷാരൂഖ് മറക്കാനാഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നായിരിക്കും ‘ദില്‍വാലേ’. ആ സിനിമ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു -കിങ് ഖാന്‍ ഇനിയില്ല. പക്ഷേ, ഇത്തരം തിരിച്ചടികള്‍ ശക്തമായ തിരിച്ചുവരവിന് ഊര്‍ജ്ജമാക്കി മാറ്റുന്നു എന്നതാണ് ബോളിവുഡില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഷാരൂഖിന്റെ താരസിംഹാസനത്തിന് ഇളക്കം തട്ടാതിരിക്കാന്‍ കാരണം. അതെ, ‘ഫാന്‍’ ഷാരൂഖിന്റെ തിരിച്ചുവരവാണ്.

Fan-First-Look

ഷാരൂഖ് ഖാന്റെ ഒരു സിനിമ കണ്ട ശേഷം വളരെ നിശ്ശബ്ദരായി പ്രേക്ഷകര്‍ പുറത്തേക്കിറങ്ങുന്നത് അപൂര്‍വ്വ കാഴ്ചയാണ്. ‘ഫാന്‍’ എന്ന സിനിമയുടെ അന്തരീക്ഷവും ഒഴുക്കും സാധാരണ ഷാരൂഖ് സിനിമകളെപ്പോലെ ആഘോഷത്തിനു വഴിനല്‍കുന്നതല്ല എന്നതാവാം കാരണം. ഇതില്‍ നായികയില്ല, പ്രണയമില്ല, പാട്ടില്ല, ചിരിക്കാനും വലിയ വകയില്ല. പകരം ധാരാളം ആക്ഷന്‍ സീനുകള്‍, മുംബൈ കെട്ടിടങ്ങളുടെ ചുമരുകള്‍, ഡുബ്രോവ്‌നിക്കിലെ മേല്‍ക്കൂരകള്‍ എന്നിവിടങ്ങളിലൂടെ ഒടുവില്‍ ഡല്‍ഹിയിലെ തെരുവുകളിലേക്കു നീളുന്ന ചേസുകള്‍ എന്നിവയ്‌ക്കൊപ്പം വളരെ ഗൗരവമേറിയ ഇരുണ്ട വികാരങ്ങളുടെ കുത്തൊഴുക്കും. ഒരു ആരാധകന്‍ താരത്തെ അന്ധമായ ആരാധനയോടെ പിന്തുടരുന്നതും അത് ഒരു ഘട്ടത്തില്‍ ആരാധകനെ വേട്ടയാടിപ്പിടിക്കാനുള്ള താരത്തിന്റെ ശ്രമമായി മാറുന്നതുമാണ് ഈ സിനിമ.

സ്‌ക്രീനില്‍ നിറയെ ഷാരൂഖ് മാത്രം, ഒന്നല്ല രണ്ടു പേര്‍. നായകനും പ്രതിനായകനും ഷാരൂഖ് തന്നെ. ഒന്ന് 25കാരനായ ഫാന്‍ അഥവാ ആരാധകന്‍ ഗൗരവ് ചനാന. മറ്റൊന്ന് 50നോടടുത്ത് പ്രായമുള്ള സൂപ്പര്‍ താരം ആര്യന്‍ ഖന്ന. ഇതില്‍ നായകനാര്, പ്രതിനായകനാര് എന്നു ചോദിക്കരുത്. രണ്ടു പേരുടെയും റോളുകള്‍ പരസ്പരം ഇടയ്ക്കിടെ മാറുന്നുണ്ട്. സിനിമ അവസാനിക്കുമ്പോഴും ഈ ആശയക്കുഴപ്പം വിട്ടൊഴിയുന്നില്ല. അതിനൊരു സുഖവുമുണ്ട്. ഷാരൂഖ് എന്ന സൂപ്പര്‍ താരം എങ്ങനെ ജീവിക്കുന്നു, പെരുമാറുന്നു, നടക്കുന്നു, ആരാധകരെ എങ്ങനെ കൈകാര്യം ചെയ്യുന്നു, അദ്ദേഹത്തിന്റെ സഹായസംഘം എന്നിവയെക്കുറിച്ചെല്ലാം അറിയണമെങ്കില്‍ ഈ സിനിമ കണ്ടാല്‍ മതി. ക്യാമറ ഓഫാക്കി കഴിഞ്ഞാല്‍ ഒരു സൂപ്പര്‍ താരം എങ്ങനെ പെരുമാറുന്നു എന്നത് ‘ഫാന്‍’ കാട്ടിത്തരുന്നു, ആര്യന്‍ ഖന്ന എന്ന പേരിലാണെന്നു മാത്രം.

പ്രണയകഥകളുടെ രാജാവാണ് കിങ് ഖാന്‍. യഷ് രാജ് ഫിലിംസാണ് നിര്‍മ്മാതാക്കളെങ്കില്‍ പോലും ഇതൊരു പ്രണയകഥയല്ല. യഷ് രാജും ഷാരൂഖും വിജയജോഡികളാണ്. എത്രയോ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിരിക്കുന്നു. അതിനാല്‍ത്തന്നെ ‘ഫാന്‍’ പ്രതീക്ഷയുടെ ഭാരവും പേറിയാണ് വരുന്നത്. ആര്യന്റെ ഭാര്യയായി വരുന്ന വലൂഷ്ച ഡിസൂസയും ഗൗരവിന്റെ സുഹൃത്തായി വരുന്ന ശ്രീയ പില്‍ഗോവങ്കറുമാണ് സിനിമയില്‍ ഷാരൂഖിന്റെ ജോഡികള്‍. ശ്രദ്ധിക്കുക, ജോഡികള്‍ മാത്രം -നായികയല്ല. അസഹിഷ്ണുതാ വിവാദവും ‘ദില്‍വാലേ’യുടെ പരാജയവുമെല്ലാം ഷാരൂഖിന്റെ പ്രഭാവം കുറച്ചുവെന്നു വിലയിരുത്തപ്പെടുമ്പോഴാണ് ‘ഫാന്‍’ വരുന്നത്. ചെറിയൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെ നേടിയ വന്‍ വിജയങ്ങള്‍ ഈ സിനിമയിലും അദ്ദേഹം ആവര്‍ത്തിക്കുന്നു. സമീപകാലത്തു കണ്ട ഷാരൂഖ് സിനിമകളില്‍ വെച്ച് ഭേദപ്പെട്ടൊരു തിരക്കഥയാണ് ‘ഫാന്‍’.

shah-rukh-khan-fan759

വളരെ ലളിതമായ പശ്ചാത്തലത്തില്‍ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്നുവന്നയാളാണ് ആര്യന്‍ ഖന്ന എന്ന സൂപ്പര്‍താരം. ഒരു പക്ഷേ, യഥാര്‍ത്ഥ ഷാരൂഖ് തന്നെയാണ് ഈ കഥാപാത്രം. മറുഭാഗത്ത് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്ദര്‍ വിഹാറില്‍ ഇന്റര്‍നെറ്റ് കഫേ നടത്തുന്നയാളാണ് ആര്യന്റെ കടുത്ത ആരാധകനായ ഗൗരവ് എന്ന ചെറുപ്പക്കാരന്‍. പ്രാദേശിക മത്സരത്തില്‍ ലഭിക്കുന്ന മികച്ച നടന്റെ പുരസ്‌കാരം അവന്റെ ജീവിതം മാറ്റിമറിക്കുന്നു. ഈ പുരസ്‌കാരം അവന് ആര്യനെ കാണിക്കണം. അതിനായി ഗൗരവ് രാജധാനി എക്‌സ്പ്രസ്സില്‍ ടിക്കറ്റില്ലാതെ സഞ്ചരിക്കുന്നു, മുംബൈയിലെ ഡിലൈറ്റ് ഹോട്ടലിലെ 205-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നു. ആര്യന്‍ ആദ്യമായി മുംബൈയിലെത്തിയപ്പോള്‍ ചെയ്ത അതേ രീതിയില്‍ തന്നെ.

ആര്യന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ വീടിനു മുന്നില്‍ ഗൗരവ് എത്തുകയാണ്, തന്നെപ്പോലെ ആര്‍ത്തുവിളിക്കുന്ന നൂറു കണക്കിന് ആരാധകരിലൊരുവനായി. വളരെ ക്ലേശിച്ച് ഗൗരവ് ആര്യനെ കാണുന്നു. പക്ഷേ, ആ കൂടിക്കാഴ്ച ഗൗരവ് ആഗ്രഹിച്ച രീതിയിലായിരുന്നില്ല. അവിടെയാണ് സിനിമയുടെ കഥ യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്. ആര്യനില്‍ കാണുന്നത് സമീപകാലത്തെ ഷാരൂഖ് ആണെങ്കില്‍ ഗൗരവില്‍ അത് ഡര്‍, ബാസിഗര്‍, അന്‍ജാം കാലഘട്ടത്തിലെ ഷാരൂഖാണ്. തന്റെ പഴയ കാലം പുനരുജ്ജീവിപ്പിക്കുന്നത് ഷാരൂഖ് നന്നായി ആസ്വദിച്ചിട്ടുണ്ടെന്നു തോന്നി. വിവാഹപാര്‍ട്ടികളില്‍ പങ്കെടുക്കുന്നതടക്കം പണം കിട്ടിയാല്‍ എന്തിനും തയ്യാറാവുന്ന താരങ്ങളുടെ രീതികളെ ആര്യന്‍ ഖന്നയിലൂടെ ചെറുതായൊന്നു കളിയാക്കിയിട്ടുണ്ട്, ബോധപൂര്‍വ്വമാണെന്നു തോന്നിക്കാത്ത തരത്തില്‍. സ്വയം കളിയാക്കലും സത്യസന്ധതയും ആര്യന്‍ ഖന്നയെ വ്യത്യസ്തനാക്കുന്നു. രണ്ടു ഷാരൂഖുമാര്‍ക്കും വേറിട്ട വ്യക്തിത്വം നല്‍കുന്നതില്‍ സംവിധായകന്‍ മനീഷ് ശര്‍മ്മ വിജയിച്ചിട്ടുണ്ട്. സിനിമയുടെ വിജയഘടകവും അതുതന്നെ.

ആര്യന്റെ പി.എ. ആയി വരുന്ന സയാനി ഗുപ്ത, ഗൗരവിന്റെ അച്ഛനായി വരുന്ന യോഗേന്ദ്ര ടിക്കു, അമ്മയായി വരുന്ന ദീപിക അമീന്‍ എന്നിവരും കൈയടക്കത്തോടെയുള്ള അഭിനയം കാഴ്ചവെച്ചിരിക്കുന്നു. സിനിമയുടെ ഓരോ ഫ്രെയിമിലും ഒരു സംവിധായകന്റെ സാന്നിദ്ധ്യം പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. മനു ആനന്ദിന്റെ ഛായാഗ്രഹണം, നമ്രത റാവുവിന്റെ ചിത്രസംയോജനം എന്നിവയും ചിത്രത്തിന്റെ രൂപകല്പനയില്‍ കാര്യമായ സംഭാവന നല്‍കി. ലണ്ടനിലെ മദാം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ് ‘ഫാന്‍’.

‘ഫാന്‍’ എന്ന സിനിമയ്‌ക്കൊരു പൂര്‍ണ്ണതയുണ്ട്. പക്ഷേ, ഏതോ ഒരു നഷ്ടബോധം തിയേറ്റര്‍ വിടുമ്പോള്‍ നമ്മെ അലട്ടുന്നു. ആ നഷ്ടബോധം ഷാരൂഖിന്റെ തിരിച്ചുവരവിന്റെ മണിമുഴക്കമാകാം, ഇടിമുഴക്കവുമാകാം!!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks