‘എനിക്കൊരു കാപ്പി കൂടി വേണം’ -നമ്മളെല്ലാം ചോദിച്ചിട്ടുണ്ട്. ചോദിക്കാറുണ്ട്. ഒരു കാപ്പി കുടിച്ചതിനു ശേഷം വീണ്ടുമൊന്നു കൂടി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കുന്നതിന് നമ്മുടേതായ കാരണമുണ്ടാവാം. വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, ഇങ്ങനെ രണ്ടാമത്തെ കാപ്പി ചോദിക്കുന്നത് വേദിയിലെ കഥാപാത്രമാണെങ്കിലോ? അയാള്‍ എന്തിന് രണ്ടാമതൊരു കാപ്പി ചോദിച്ചു എന്നത് ആ ചോദ്യം വരുന്ന നിമിഷം തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാവണം. അയാള്‍ക്ക് തലവേദനയാണോ? അയാള്‍ക്ക് തൊണ്ട വേദനയാണോ? അതോ ആദ്യത്തെ കാപ്പി വല്ലാതിഷ്ടപ്പെട്ടതു കൊണ്ടാണോ? എന്തുമാകട്ടെ. ആ ആശയം വിജയകരമായി വിനിമയം ചെയ്യുന്നിടത്താണ് നടന്റെ വിജയം. കൃഷ്ണമൂര്‍ത്തി പറഞ്ഞത് ഞാനും ഒപ്പമുള്ളവരും കേട്ടിരുന്നു. പിന്നെയും അദ്ദേഹം പലതും പറഞ്ഞു. നമ്മളൊക്കെ സാധാരണനിലയില്‍ അവഗണിച്ചുകളയുന്ന ചെറിയ കാര്യങ്ങള്‍. അതിലുള്ള വലിയ ജീവിതസത്യങ്ങള്‍.
ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പ്, കോളേജ് പഠനം പൂര്‍ത്തിയാക്കി എം.എ. പരീക്ഷാഫലം കാത്തിരിക്കുന്ന കാലത്താണ് നാടകാചാര്യന്‍ കെ.ജി.കൃഷ്ണമൂര്‍ത്തിയെ കണ്ടത്, മൈസൂരില്‍ നടന്ന ഒരു നാടക ക്യാമ്പില്‍ വെച്ച്. ഒരു സുഹൃത്തിന്റെ നിര്‍ബന്ധ പ്രേരണയാലാണ് ഞാന്‍ ആ ക്യാമ്പില്‍ പങ്കെടുത്തത്. വെറുതെ എന്തിന് 3 ദിവസം പാഴാക്കുന്നു എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. എന്നാല്‍, ത്രിദിന ക്യാമ്പ് കഴിഞ്ഞപ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ ഞാനാകെ മാറിയിരുന്നു. ജീവിതമെന്നത് വലിയൊരു നാടകമാണ്. നാടകമെന്നാല്‍ ജീവിതവും. ഒരു നല്ല മനുഷ്യനു മാത്രമേ നല്ല കലാകാരനാവാന്‍ പറ്റൂ. എന്നാല്‍, നല്ല കലാകാരന് നല്ല മനുഷ്യനാവാന്‍ അനായാസം സാധിക്കും. അല്ലെങ്കില്‍ അങ്ങനെ ആവും. എങ്ങനെ നല്ല മനുഷ്യനാവാം എന്ന ചിന്തയെങ്കിലും എന്നിലുയര്‍ത്താന്‍ ആ ക്യാമ്പിന് സാധിച്ചു. ഇന്ന് ലോകത്തിനേറ്റവും അത്യാവശ്യവും എന്നാല്‍ ആവശ്യത്തിനു പോലും ലഭ്യമല്ലാത്തതും നല്ല മനുഷ്യരെ ആണല്ലോ.
ലളിതമായ ഉദാഹരണങ്ങളില്‍ കൂടി കെ.ജി.കെ. ആ 3 ദിവസം ഞാനടക്കമുള്ളവരെ പുതുവഴികളിലൂടെ കൈപിടിച്ചു നടത്തി. തികച്ചും പുത്തനുണര്‍വോടെയാണ് ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. കൃഷ്ണമൂര്‍ത്തിയുടെ ക്യാമ്പില്‍ ഒരിക്കല്‍ക്കൂടി പങ്കെടുക്കണമെന്ന് അന്നു തന്നെ ആഗ്രഹിച്ചതാണ്, തീരുമാനിച്ചതാണ്. പക്ഷേ, തിരക്കുകള്‍ കാരണം, അല്ലെങ്കില്‍ ഉഴപ്പുകാരണം പിന്നെ നടന്നില്ല. അവസരമുണ്ടായില്ല എന്നും പറയാം.
സമകാലീന ഇന്ത്യന്‍ നാടകവേദിയിലെ അതികായരില്‍ ഒരാളാണ് കെ.ജി.കൃഷ്ണമൂര്‍ത്തി. വളരെ സജീവമായ നാടകപ്രവര്‍ത്തനം ചര്യയാക്കിയ പ്രഗത്ഭന്‍. നാടകനടി കൂടിയായ ഭാര്യ സുശീല കേളമനയും അദ്ദേഹത്തിന്റെ സപര്യയില്‍ ഒപ്പമുണ്ട്. കര്‍ണ്ണാടകത്തിന്റെ തനതുകലാരൂപമായ യക്ഷഗാനം പാരമ്പര്യമായി കൈമുതലാക്കിയ പ്രശസ്തമായ തറവാട്ടിലെ അംഗമാണ് കൃഷ്ണമൂര്‍ത്തി. വിഖ്യാതനായ ബി.വി.കാരന്തിന്റെ പഞ്ചാര ശാലെ എന്ന നാടകത്തില്‍ ബാലതാരമായി 1969ല്‍ നാടകവേദിയില്‍ അരങ്ങേറ്റം. ഹെഗ്ഗോഡുവില്‍ കെ.വി.സുബ്ബണ്ണയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിനാസം നാടകവേദി ആയിരുന്നു ആദ്യ കളരി. കാരന്ത് പഞ്ചാര ശാലെ ഒരുക്കിയതും നിനാസത്തിനു വേണ്ടി തന്നെ. പിന്നെ ഏറെക്കാലം കൃഷ്ണമൂര്‍ത്തി നിനാസത്തില്‍ തന്നെ തുടര്‍ന്നു. നിനാസം തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വര്‍ഷത്തെ തിയേറ്റര്‍ ഡിപ്ലോമ കോഴ്‌സും പൂര്‍ത്തിയാക്കി.
ജീവിതസഖിയായ സുശീലയെ അദ്ദേഹം കണ്ടുമുട്ടിയതും നിനാസത്തിലെ വേദിയില്‍ തന്നെ -ശാകുന്തളത്തില്‍ കൃഷ്ണമൂര്‍ത്തി ദുഷ്യന്തനും സുശീല ശകുന്തളയുമായിരുന്നു. നിനാസത്തില്‍ നിന്ന് ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ പോയ കൃഷ്ണമൂര്‍ത്തി 1984 മികച്ച വിജയം നേടി പുറത്തിറങ്ങി. ഇതിനു ശേഷം അദ്ദേഹം രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു, നാടകങ്ങള്‍ അണിയിച്ചൊരുക്കി അവതരിപ്പിക്കാനും ക്യാമ്പുകള്‍ സംഘടിപ്പിക്കാനുമായി. അദ്ദേഹം മുതിര്‍ന്നവര്‍ക്കു വേണ്ടിയും കുട്ടികള്‍ക്കു വേണ്ടിയും നാടകങ്ങള്‍ തയ്യാറാക്കി. കുട്ടികള്‍ക്കു വേണ്ടി മുതിര്‍ന്നവര്‍ തന്നെ അവതരിപ്പിക്കുന്ന നാടകങ്ങളായിരുന്നു സവിശേഷത. ഒട്ടേറെ നാടകങ്ങളിലും സിനിമകളിലും കൃഷ്ണമൂര്‍ത്തി അഭിനയിച്ചു.
കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലെ ശരാവതി നദിക്കരയിലെ മനോഹരമായ തുമാരി എന്ന ഗ്രാമത്തില്‍ 1990ല്‍ കൃഷ്ണമൂര്‍ത്തി സ്ഥാപിച്ച കിന്നരമേള ലോകപ്രസിദ്ധമാണ്. മുതിര്‍ന്നവരുടെ ഒരു നാടകസംഘമാണത് -അവതരണം കുട്ടികള്‍ക്കു വേണ്ടി, ചെറുപ്പക്കാര്‍ക്കു വേണ്ടി. പുതുനാമ്പുകളില്‍ നാടകത്തിന് പ്രചാരമുണ്ടാക്കുക എന്നതിലുപരി അവരെ നല്ല പൗരന്മാരായി വാര്‍ത്തെടുക്കുക എന്നതാണ് കിന്നരമേള കൊണ്ട് കൃഷ്ണമൂര്‍ത്തി ലക്ഷ്യമിട്ടത്. ഇതിനുവേണ്ടി തന്നെയാണ് കുട്ടികളുടെ നാടകം മുതിര്‍ന്നവര്‍ അവതരിപ്പിക്കുക എന്ന ആശയം അദ്ദേഹം പ്രാവര്‍ത്തികമാക്കിയതും.
ഒരു ദിവസം പകല്‍ സമയത്തെ 2 അവതരണങ്ങളുമായി ഈ നാടകസംഘം കര്‍ണ്ണാടകത്തിലെ വിദ്യാലയങ്ങള്‍ മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നു. 8 മുതല്‍ 14 വരെ പ്രായമുള്ളവരെ ലക്ഷ്യമിട്ടായിരിക്കും ഒരെണ്ണമെങ്കില്‍ രണ്ടാമത്തേത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ളതാണ്. ഒരിടത്ത് രാവിലെയാണെങ്കില്‍ അടുത്ത വേദിയില്‍ ഉച്ചതിരിഞ്ഞായിരിക്കും അവതരണം. പരമാവധി 5 മുതല്‍ 10 വരെ കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഒരു ദിവസത്തെ 2 അവതരണങ്ങള്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയും നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുമുള്ള 2 സീസണുകളിലായാണ് കിന്നരമേളക്കാര്‍ നാടകവുമായി വേദിയിലെത്തുക. 2 സീസണിലും കൂടി 100 മുതല്‍ 120 വരെ വേദികള്‍.
കുട്ടികളുടെ നാടകം കൃഷ്മൂര്‍ത്തിക്ക് കുട്ടിക്കളിയല്ല. മുതിര്‍ന്നവര്‍ക്ക് നാടകം ചെയ്യുന്നതിനെക്കാള്‍ ക്ലേശകരമാണ് മുതിര്‍ന്നവരെ വെച്ച് കുട്ടികളുടെ നാടകം ചെയ്യുക എന്ന് അദ്ദേഹത്തിന്റെ പക്ഷം. ഷേക്‌സ്പിയറുടെ കിങ് ലിയര്‍ ആധാരമാക്കി കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ ഒബ്ബനോബ്ബ രാജനിദ്ദ ദേശീയതലത്തില്‍ തന്നെ വലിയതോതില്‍ പ്രശംസിക്കപ്പെട്ടു. കിങ് ലിയര്‍ പോലുള്ള വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാവാത്തതാണെന്ന മുന്‍ധാരണയാണ് പലപ്പോഴും വിനയാവുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. പ്രായമായവര്‍ വൃദ്ധഭവനങ്ങളിലും മറ്റും ഉപേക്ഷിക്കേണ്ടവരല്ലെന്ന ധാരണ കുട്ടികളില്‍ ഉണര്‍ത്താന്‍ കിങ് ലിയറിനാവും. ശരിയാണ്, ഒരു നാടോടിക്കഥ പറയുമ്പോലെയാണ് കൃഷ്ണമൂര്‍ത്തി ലിയര്‍ രാജാവിനെ കുട്ടികള്‍ക്കു മുന്നിലെത്തിച്ചത്.
കിങ് ലിയര്‍ ആധാരമാക്കി കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ ഒബ്ബനോബ്ബ രാജനിദ്ദ
കിന്നരമേളയുമായി സഹകരിക്കുന്ന കൃഷ്ണമൂര്‍ത്തി അടക്കമുള്ള കലാകാരന്മാര്‍ മുതിര്‍ന്നവരുടെ നാടകത്തിലും അഭിനയിക്കാറുണ്ട്. നാടകസംഘത്തിനു പുറത്തുള്ള സംവിധായകരായിരിക്കും അതിന്റെ ചുമതല വഹിക്കുക. കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കി നാടകപ്രചാരകരാക്കി മാറ്റുന്ന പദ്ധതിയും കിന്നരമേളയിലൂടെ കൃഷ്ണമൂര്‍ത്തി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ഇതിനു പുറമെ അദ്ധ്യാപനത്തില്‍ നാടകരീതികള്‍ സ്വാംശീകരിക്കുന്നതു സംബന്ധിച്ച് അദ്ധ്യാപകര്‍ക്ക് പരിശീലനവും നല്‍കുന്നു. കിന്നരമേളയ്ക്ക് 25 തികഞ്ഞപ്പോള്‍ കിന്നരമേള ബാലനാടക പഠന കേന്ദ്രം എന്നൊരു സ്ഥാപനത്തിനും കെ.ജി.കെ. തുടക്കമിട്ടിട്ടുണ്ട്.
1989 മുതല്‍ കൃഷ്ണമൂര്‍ത്തി തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിപ്പിക്കാന്‍ ഇടയ്ക്ക് വരാറുണ്ട്. കെ.ജി.കൃഷ്ണമൂര്‍ത്തിയുടെ ക്യാമ്പില്‍ ഒരിക്കല്‍ക്കൂടി പങ്കെടുക്കണമെന്ന ആഗ്രഹം എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സഫലമാവുകയാണ്. കൃഷ്ണമൂര്‍ത്തി വരുന്നു 5 ദിവസത്തെ നാടകക്യാമ്പുമായി, ഇങ്ങ് തിരുവനന്തപുരത്ത്. ഒപ്പം സുശീലയുമുണ്ട്. ആര്‍ക്കു വേണമെങ്കിലും കെ.ജി.കെയുടെ കളരിയില്‍ പങ്കാളികളാവാം. പ്രിയ സുഹൃത്ത് പ്രശാന്ത് നാരായണന്‍ നേതൃത്വം നല്‍കുന്ന കളത്തിന്റെ ഓണററി ഡയറക്ടറായി കെ.ജി.കെ. ചുമതലയേല്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് ജനുവരി 3 മുതല്‍ 7 വരെ പഞ്ചദിന അഭിനയക്കളരിയായ അകക്കളം സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്നത്. അകക്കളത്തില്‍ നാടകാഭിനയത്തിന്റെ വിവിധ പ്രയോഗവശങ്ങള്‍ കൃഷ്ണമൂര്‍ത്തി പരിശീലിപ്പിക്കും.
തന്റെ നാടകജീവിതത്തില്‍ സംതൃപ്തനാണോ എന്ന് കെ.ജി.കെയോട് ചോദിക്കണം. ഉടനെ വരും ഉത്തരം ‘അല്ല’ എന്ന്. ‘ഈ മേഖലയില്‍ ഒരിക്കലും സംതൃപ്തി ലഭിക്കില്ല. കാരണം ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന ബോധം എല്ലായ്‌പ്പോഴുമുണ്ടാവും. ഇനിയും മികച്ച രീതിയില്‍ ചെയ്യാനുണ്ടെന്ന ബോധവും. ഒരു പ്രൊഡക്ഷന്‍ കഴിയുമ്പോള്‍ അതു കഴിഞ്ഞു എന്ന ചിന്ത വരും. ഒരാഴ്ച കഴിയുമ്പോള്‍ വീണ്ടും അടുത്ത ജോലിക്ക് മനസ്സില്‍ തിരക്കായി’ -ഒരു ആചാര്യനു മാത്രം പറയാനാകുന്ന വാക്കുകള്‍. ‘നാടകമെന്നാല്‍ പരസ്പരം മനസ്സിലാക്കലാണ് -ഒരു ധാരണ തന്നെ. ഇടയ്ക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. പക്ഷേ, അവിടെ ദ്വേഷത്തിനു സ്ഥാനമില്ല’ -അദ്ദേഹം പറയുന്നു.