നമ്മുടെ നാട്ടിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്. ഒരു ഓട്ടോക്കാരന്‍ പെട്ടെന്ന് വെട്ടിത്തിരിച്ചക്കുകയോ അസ്ഥാനത്ത് ഒരു കാറ് നിര്‍ത്തിയിടുകയോ ചെയ്താല്‍ മതി കുരുക്ക് രൂപപ്പെടാന്‍. എത്ര പെട്ടെന്നാണ് കുരുക്ക് രൂപപ്പെടുന്നത് എന്ന് അടുത്തിടെ എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്. ദൗര്‍ഭാഗ്യവശാല്‍ ആ കുരുക്കിന് കാരണക്കാരന്‍ ഞാനായിരുന്നു.
വൈകുന്നേരം 4 മണി സമയം. സുഖമില്ലാതിരുന്ന മകനെ ഡോക്ടറെ കാണിച്ചിട്ട് മടങ്ങുന്ന വഴിയാണ്. മരുന്ന് വാങ്ങണം. എല്ലാ മരുന്നുകളും എല്ലാ കടകളിലും കിട്ടില്ല. എന്റെ മകന്റെ ഡോക്ടര്‍ എഴുതുന്ന എല്ലാ മരുന്നുകളും പൂജപ്പുര ജംഗ്ഷനിലെ ഒരു കടയില്‍ കിട്ടും. അവിടെയെത്തിയപ്പോള്‍ റോഡില്‍ വലിയ തിരക്കില്ല. കടയുടെ മുന്നില്‍ ഓരത്തായി ഞാന്‍ കാര്‍ നിര്‍ത്തി. മകനെയും കൈയിലെടുത്ത് മെഡിക്കല്‍ സ്‌റ്റോറിലേക്കു നീങ്ങി.
ഞാന്‍ കാര്‍ നിര്‍ത്തിയതിനു സമീപത്തായി 2 ബസ്സുകള്‍ മുഖാമുഖം വന്നത് പെട്ടെന്നാണ്. അതോടെ ഒഴിഞ്ഞുകിടന്ന ആ റോഡില്‍ ക്ഷണവേഗത്തില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്‍ നിന്നത് ഞാന്‍ മരുന്ന് വാങ്ങുന്ന മെഡിക്കല്‍ സ്റ്റോറിനു മുന്നിലാണ്. കാര്‍ എന്റേതാണെന്നും ഉടനെ മാറ്റാമെന്നും അദ്ദേഹത്തോട് ആംഗ്യത്തിലൂടെ പറഞ്ഞു. അദ്ദേഹം അതു കണ്ടു. വേഗം വരൂ എന്ന് ആംഗ്യം കാട്ടിയിട്ട് കുരുക്കഴിക്കാനുള്ള ശ്രമത്തില്‍ മുഴുകി.
പെട്ടെന്നാണ് യുവാവായ എസ്.ഐ. ഞാന്‍ നിന്നിരുന്ന മെഡിക്കല്‍ സ്റ്റോറിലേക്കു പാഞ്ഞുവന്നത്. കാറിന്റെ താക്കോല്‍ കൗണ്ടറില്‍ വെച്ചിട്ട് മരുന്നിനുള്ള പണം കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എസ്.ഐ. നേരെ വന്ന് ഒന്നും പറയാതെ കാറിന്റെ താക്കോലുമെടുത്ത് കൊടുങ്കാറ്റു പോലെ മടങ്ങി. കുരുക്കിന് കാരണമായ കാറിന്റെ ഉടമ ഞാനാണെന്ന് പൊലീസുകാരനില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ടാവണം. മരുന്ന് വാങ്ങിയിട്ട് ഞാന്‍ തിരികെ കാറിനടുത്ത് എത്തുമ്പോഴും പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. എസ്.ഐ. എന്റെ കാറിനു മുന്നിലുണ്ട്. എന്നെ ഒന്നു നോക്കിയിട്ട് അദ്ദേഹവും ജോലി തുടര്‍ന്നു.
ഞാന്‍ ഒന്നും മിണ്ടിയില്ല. ഒന്നും പറയാനുണ്ടായിരുന്നില്ല. കുരുക്കഴിഞ്ഞപ്പോള്‍ എസ്.ഐ. എന്റരികിലേക്കു വന്നു. പൂജപ്പുര പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ആയിരിക്കണം. ആ ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു -‘ഈ സമയത്ത് കാര്‍ ഇവിടെ നിര്‍ത്തിയതുകൊണ്ട് എത്രമാത്രം വലിയ കുരുക്കാണ് ഉണ്ടായതെന്നു കണ്ടോ? ഞങ്ങള്‍ 6 പേര്‍ ശ്രമിച്ചിട്ടാണ് ഈ കുരുക്ക് അഴിക്കാന്‍ സാധിച്ചത്.’ ഞാന്‍ കേട്ടു നിന്നു, ഇത്ര മാത്രം പറഞ്ഞു -‘ക്ഷമിക്കണം, ഒഴിഞ്ഞ റോഡായിരുന്നതിനാലാണ് നിര്‍ത്തിയത്. ഇത്ര പെട്ടെന്ന് കുരുക്കാവും എന്നു കരുതിയില്ല.’
എന്റെ ക്ഷമാപണം അദ്ദേഹം സ്വീകരിച്ചുവെന്നു തോന്നി. ‘കുഞ്ഞിന് സുഖമില്ല അല്ലേ?’ എന്ന ചോദ്യവുമായി കണ്ണനെ നോക്കിയിട്ട് അദ്ദേഹം താക്കോല്‍ തിരികെ തന്നു. ‘ക്ഷമിക്കണം’ എന്ന് ഒരിക്കല്‍ക്കൂടി പറഞ്ഞിട്ട് ഞാന്‍ കാറില്‍ കയറി. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ റോഡ് മുറിച്ചു കടന്ന് ഓടുകയായിരുന്നു, അടുത്ത ലക്ഷ്യത്തിലേക്ക്. അറിയാതെയെങ്കിലും കുരുക്കിന് കാരണമായതിലുള്ള കുറ്റബോധം വര്‍ദ്ധിപ്പിക്കാന്‍ ആ പൊലീസുകാരുടെ മാന്യമായ പെരുമാറ്റം കാരണമായി.
കുരുക്ക് വലിയൊരു ഗതികേടാണ്. അത്യാവശ്യത്തിന് എവിടെയെങ്കിലും പോകാന്‍ ശ്രമിക്കുമ്പോഴാവും കുരുക്കില്‍ കുടുങ്ങുക. നാടിന്റെ പല ഭാഗങ്ങളില്‍ ഉയരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നത് അവ കുരുക്കഴിക്കാന്‍ വലിയൊരളവു വരെ സഹായിക്കുന്നു എന്നതിനാല്‍ത്തന്നെയാണ്. കോഴിക്കോട് ജില്ലയിലെ തൊണ്ടയാട്ടും രാമനാട്ടുകരയിലുമൊക്കെ അടുത്തിടെ ഗതാഗതത്തിന് തുറന്നുകൊടുത്ത മേല്‍പ്പാലങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായത് വെറുതെയല്ല.
കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ട് എല്ലായിടത്തും. പക്ഷേ, കുരുക്കഴിക്കുന്നതില്‍ ഈ സാങ്കേതികസംവിധാനങ്ങളെക്കാള്‍ വലിയ പങ്കു വഹിക്കുന്നത് മനുഷ്യര്‍ തന്നെയാണ്. ട്രാഫിക് പൊലീസ് എന്നാണ് ആ മനുഷ്യരുടെ പേര്. വെയിലും പൊടിയും പുകയുമെല്ലാം സഹിച്ച് തിരക്കേറിയ റോഡില്‍ അവരെ കാണാം. പക്ഷേ, നമ്മളാരും അവരെ പരിഗണിക്കാറില്ല. കാറിലെ എ.സിയുടെ ശക്തി പോരാ എന്ന് നമ്മള്‍ വ്യാകുലപ്പെടുമ്പോള്‍ സൂര്യതാപം പൂര്‍ണ്ണശേഷിയില്‍ ഏല്‌ക്കേണ്ടി വരുന്ന ഇക്കൂട്ടരെക്കുറിച്ച് നമ്മള്‍ ചിന്തിക്കുക പോലും ചെയ്യാറില്ല.
സാധാരണ ചിന്തിക്കാത്തവരെക്കുറിച്ച് ചിന്തിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്ന ചില അവസരങ്ങളുണ്ടാവുമല്ലോ. അത്തരമൊരു സാഹചര്യത്തിലാണ് ഈ കുറിപ്പ് രൂപമെടുക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കിടപ്പെട്ട ഒരു വീഡിയോ ആണ് ഇതിനാധാരം. കോട്ടയം നഗരത്തില്‍ നിന്നുള്ള ആ വീഡിയോ ശരിക്കും മനസ്സില്‍ തട്ടി. ഗതാഗതക്കുരുക്കിലേക്ക് സൈറനുമായി ഒരു ആംബുലന്‍സ് കടന്നുവരുന്നു. കേവലമൊരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെയുണ്ടായിരുന്നത്. പക്ഷേ, പ്രതിബന്ധമെല്ലാം മറികടന്ന് ആംബുലന്‍സ് മുന്നോട്ടു പോകുക തന്നെ ചെയ്തു. ഒരു ട്രാഫിക് പൊലീസുകാരന്‍ പ്രകടിപ്പിച്ച കര്‍ത്തവ്യബോധത്തിന്റെ ഫലം.
എന്നാല്‍, മുന്നിലുള്ള വാഹനങ്ങളെയെല്ലാം ക്ഷണവേഗത്തില്‍ മാറ്റി ആംബുലന്‍സിന് കടന്നുപോകാന്‍ ആ പൊലീസുകാരന്‍ വഴിയൊരുക്കി. വളരെ കൃത്യമായി കണക്കുകൂട്ടി തന്നെ അദ്ദേഹം വലിയ വാഹനങ്ങളെ അടക്കം അരികത്തേക്ക് മാറ്റിയും മറിച്ചും വഴി തെളിച്ചു. ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് ഈ പൊലീസുകാരന്‍ തന്റെ ജോലി കൃത്യമായി ചെയ്തത്. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ത്ഥത മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് വലിയ തെളിവായി.
ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. അതോടെ പൊലീസുകാരന്‍ ആരാണെന്നറിയാനുള്ള അന്വേഷണമായി. അത് എത്തി നിന്നത് ഏറ്റുമാനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന KILO-28 ഹൈവേ പൊലീസ് വാഹനത്തിലാണ്. അതില്‍ ഡ്യൂട്ടിയിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത് കുമാര്‍ രാധാകൃഷ്ണനാണ് കഥാനായകന്‍. കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ. 7844. ആംബുലിന്‍സിനു മുന്നില്‍ ഓടി നടന്ന് വഴിയൊരുക്കുന്ന പൊലീസുകാരന്റെ വീഡിയോ പതിനായിരങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞു. എന്നാല്‍, ആ പൊലീസുകാരന്‍ രഞ്ജിത്താണെന്നു തിരിച്ചറിയുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രം.
ട്രാഫിക് പൊലീസുകാരന് ഡ്യൂട്ടിയുടെ ഭാഗമായി 6 മണിക്കൂറാണ് ഒറ്റ നില്പ് നില്‍ക്കേണ്ടി വരിക. വെയിലും പൊടിയും പുകയും സഹിച്ചു തിരക്കേറിയ റോഡില്‍ വാഹനം നിയന്ത്രിക്കുന്ന അവര്‍ കുറച്ചുകൂടി മാനുഷിക പരിഗണന അര്‍ഹിക്കുന്നു. വളരെ മോശമായ രീതിയില്‍ പെരുമാറുന്ന ചിലരെ ഇവരുടെ കൂട്ടത്തില്‍ കാണാമെങ്കിലും അത് വളരെ വളരെ ചെറിയൊരു ന്യൂനപക്ഷമാണ്. ഈ ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍ പലപ്പോഴും മുഴച്ചു നില്‍ക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെയാണ് രഞ്ജിത്തിനെപ്പോലുള്ളവരുടെ പ്രവൃത്തി കാണുമ്പോള്‍ മനസ്സില്‍ ആഹ്ലാദം നിറയുന്നത്. ഇരുള്‍ നിറഞ്ഞ ലോകത്ത് ചെറുതിരി നാളം കാണുമ്പോഴുള്ള ആഹ്ലാദം.