Reading Time: 6 minutes

“കേരളത്തിലേക്കു വരുന്നതിന് മലയാളിക്ക് പാസ് വേണോ?” -ചോദ്യം ന്യായമാണെന്നു തോന്നാം, സാധാരണനിലയില്‍. പക്ഷേ, ഈ കോവിഡ് കാലത്ത് ഈ ചോദ്യം ന്യായമല്ല. കേരളത്തിനു പുറത്തു നിന്ന് ഇവിടേക്കു വരുന്ന മലയാളികള്‍ക്ക് പാസ് കൂടിയേ തീരൂ. അത് ഇവിടുള്ളവരുടെ മാത്രമല്ല, വരുന്നവരുടെ സുരക്ഷയ്ക്കും അതിപ്രധാനമാണ്.

പാസില്ലാതെ കേരളത്തിലേക്കു കടക്കാന്‍ വാളയാറിലെത്തിയവരെ തടഞ്ഞതിനെതിരെ ചന്ദ്രഹാസമിളക്കി പ്രതിപക്ഷത്തെ എം.പിമാരും എം.എല്‍.എമാരുമൊക്കെ രംഗത്തുവന്ന ദൃശ്യം കണ്ടു. പത്തു വോട്ടു നേടാന്‍ പ്രയോജനപ്പെടും എന്നു കരുതി നടത്തുന്ന ഈ നാടകങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് നഷ്ടക്കച്ചവടമാണു വരുത്തി വെയ്ക്കുക. കാരണം അവരുടെ നടപടി കേരളത്തിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലാക്കുന്നതാണ്. ലോകം മുഴുവന്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ സുരക്ഷിതദൂരത്തില്‍ മാറ്റി നിര്‍ത്താന്‍ ഇത്രയും ദിവസം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ മഹാപ്രയത്നത്തിന് തുരങ്കംവെയ്ക്കലാണ്. ഇത് ജനം കാണാതിരിക്കുമോ?

സമകാലീന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്ന് എന്ന് ലോകമാധ്യമങ്ങള്‍ വാഴ്ത്തുന്ന നാടാണ് കേരളം. വളരെ കഷ്ടപ്പെട്ടു നേടിയ ആ പദവി നിലനിര്‍ത്താന്‍ ഇരട്ടി കഷ്ടപ്പെടണം. അങ്ങനെയുള്ള തങ്ങളുടെ ജന്മനാട്ടിലേക്ക് എത്തുവാന്‍ മറുനാടുകളില്‍ കഴിയുന്ന മലയാളികള്‍ തിരക്കുകൂട്ടുക സ്വാഭാവികം. അവര്‍ക്ക് ഇവിടേക്കു വരാന്‍ തീര്‍ച്ചയായും അവസരം ലഭിക്കണം. അതിനവര്‍ക്ക് അവകാശവുമുണ്ട്. പക്ഷേ, അതിവിടെ ഇപ്പോഴുള്ള സുരക്ഷ ഇല്ലാതാക്കിക്കൊണ്ടായാല്‍ എന്തു പ്രയോജനം? സുരക്ഷ ഇല്ലാതായാല്‍ അവര്‍ തേടി വരുന്ന സംരക്ഷണം എങ്ങനെ കിട്ടും? മറുനാടന്‍ മലയാളികള്‍ ഇവിടേക്കു വരുന്നത് ഇവിടുള്ളവര്‍ക്കും അവര്‍ക്കും അപകടമാവരുത്. അതിനാണ് കൃത്യമായ ക്രമീകരണങ്ങളോടെ പാസ് സംവിധാനമേര്‍പ്പെടുത്തിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ പക്കൽ കേരളത്തിന്റെ പാസ് ഇല്ലെങ്കിൽ മടങ്ങിപ്പോകണമെന്നും കേരളത്തിലേക്കു കടത്തിവിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. പാസിലെ തീയതികളിൽ വ്യത്യാസമുണ്ടെങ്കിൽ, ന്യായമായ കാരണം ബോധിപ്പിച്ചാൽ കടത്തിവിടും. എല്ലാവർക്കും ഒരേ സമയം കടന്നു വരണമെന്ന് ആവശ്യം അംഗീകരിക്കാൻ കഴിയില്ല. അതിർത്തി കടക്കാനുള്ള പാസ് വിതരണം നിർത്തിവെച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 21,812 പേർ എത്തിയിട്ടുണ്ട്. ഇതുവരെ 54,262 പേർക്ക് പാസ് നൽകി. പാസില്ലാതെ എത്തിയ ചിലരെ കടത്തിവിട്ടിട്ടുണ്ടെന്നും ഇനി ഈ ഇളവുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഈ വാക്കുകള്‍ക്ക് പുല്ലുവില പോലും കല്പിക്കാതെ ചിലര്‍ വീണ്ടും അതിര്‍ത്തി കടക്കാനെത്തി. അവരെ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണല്ലോ അവിടെ നടപ്പായത്, എന്നാലൊന്ന് എതിര്‍ത്തു കളയാമെന്ന് പ്രതിപക്ഷവും കരുതി.

കേരളത്തിലേക്കു വരുന്നവര്‍ക്കുള്ള പാസ് എന്നു പറയുന്നത് അവര്‍ക്ക് സുരക്ഷയൊരുക്കാനുള്ള മുന്നൊരുക്കങ്ങളുടെ സൂചകമാണ്. നോര്‍ക്കയുടെ വെബ്സൈറ്റ് മുഖേന ഒരാള്‍ സമര്‍പ്പിക്കുന്ന അപേക്ഷ അയാള്‍ ഏതു ജില്ലക്കാരനാണോ അവിടത്തെ ജില്ലാ ഭരണകൂടത്തിന്റെ മുന്നിലാണെത്തുന്നത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം ഈ അപേക്ഷ അത് സമര്‍പ്പിക്കുന്നയാള്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വാര്‍ഡിലെത്തുന്നു. അവിടെ ആ വാര്‍ഡിലെ ജനപ്രതിനിധി, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍ തുടങ്ങിയ ആളുകള്‍ ഉള്‍പ്പെടുന്ന സംഘം അപേക്ഷകന്റെ വീട്ടിലെ ഹോം ക്വാറന്റൈന്‍ സൗകര്യം വിലയിരുത്തും. വരുന്നയാള്‍ക്കു മാറിത്താമസിക്കാന്‍ ശുചിമുറി ഒപ്പമുള്ള കിടപ്പുമുറി ഉണ്ടോ എന്നതും കോവിഡ്-19 പെട്ടെന്നു ബാധിക്കാനിടയുള്ള ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട ആരെങ്കിലും ആ വീട്ടിലുണ്ടോ എന്നതുമാണ് പ്രധാനമായും പരിശോധിക്കുക.

എന്തെങ്കിലും കാരണവശാല്‍ ഹോം ക്വാറന്റൈന്‍ സംവിധാനം തൃപ്തികരമല്ല എന്ന് ഈ സംഘം വിലയിരുത്തിയാല്‍ വരുന്നയാളെ പാര്‍പ്പിക്കുന്നതിന് ഏറ്റവുമടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രം എവിടെയാണെന്നു കണ്ടെത്താനും അവിടെ അത്യാവശ്യ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കും. അതിനു ശേഷം ഈ വിവരങ്ങള്‍ ബന്ധപ്പെട്ട ത‍ദ്ദേശസ്വയംഭരണ സ്ഥാപനത്തിനും അതുവഴി ജില്ലാ ഭരണകൂടത്തിനും കൈമാറും. ഈ സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം കൃത്യമായി അവലോകനം ചെയ്ത ശേഷമാണ് പാസ് അനുവദിക്കുന്നത്. ആര്, എവിടെ നിന്ന്, എപ്പോള്‍, എവിടെ എത്തി എന്ന് കൃത്യമായി ഇതുവഴി മനസ്സിലാക്കാനും നമ്മള്‍ കേരളത്തില്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന ആരോഗ്യസുരക്ഷാ ശൃംഖലയുടെ ഭാഗമാക്കി സംരക്ഷിക്കാനും സാധിക്കും. പാസില്ലാത്തവരെ കടത്തിവിടണം എന്ന ആവശ്യത്തിലൂടെ ഈ വിപുലമായ സംവിധാനം അട്ടിമറിക്കാനും ഇപ്പോഴുള്ള മികവ് ഇല്ലാതാക്കുക വഴി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മോന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി!!

കോവിഡ് ഭീഷണി വലിയ തോതില്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ ഒരു മുന്നൊരുക്കവുമില്ലാതെ ക്രമം തെറ്റി പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന സുരക്ഷിതത്വബോധം ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ. എന്തായാലും പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ പാസില്ലാതെ എത്തുന്നവരെ മുഴുവന്‍ പ്രവേശിപ്പിക്കണം എന്നത് ശരിവെയ്ക്കാന്‍ ഈ വിഷയം പരിഗണിച്ച കേരള ഹൈക്കോടതി ഭാഗ്യത്തിന് തയ്യാറായിട്ടില്ല. വാളയാറില്‍ എത്തിപ്പോയവര്‍ക്ക് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തിലേക്കു പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നു മാത്രമാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇവിടെ വന്നു കുടുങ്ങിയവരെ പ്രവേശിപ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ തന്നെ വാദത്തിനിടെ കോടതിയെ അറിയിക്കുകയും ചെയ്തു.

പാസില്ലാതെ വാളയാർ അതിർത്തിയിലെത്തി കുടുങ്ങിയവരെ കോയമ്പത്തൂരിലെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരാണുണ്ടായിരുന്നത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി വാളയാർ ചെക്പോസ്റ്റിനോടു ചേർന്നുള്ള 3 കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ പാസില്ലാതെ വരുന്നത് കീഴ്വഴക്കമാക്കരുതെന്നും പൊതുജനതാല്പര്യം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ഹൈക്കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. കേരളത്തിലേക്കു വരാന്‍ രജിസ്ട്രേഷനില്ലാതെ പറ്റില്ലെന്ന സര്‍ക്കാര്‍ വാദം കോടതി ശരിവെയ്ക്കുകയായിരുന്നു.

പ്രവേശനത്തിന് പാസ് എന്നത് ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമല്ല. രാജ്യമൊട്ടുക്ക് ഇതു തന്നെയാണ് സ്ഥിതി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് അതാത് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആളുകളുടെ യാത്രയ്ക്കായി സംസ്ഥാനങ്ങള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും യാത്രയ്ക്കായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിജര്‍ തയ്യാറാക്കി നടപ്പാക്കുകയും വേണം. ഇതു പ്രകാരം കേരളത്തെപ്പോലെ ഗുജറാത്തും മഹാരാഷ്ട്രയുമെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെല്ലുന്ന ജില്ലയിലെ കളക്ടറുടെ അനുമതി മുന്‍കൂര്‍ വാങ്ങാതെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ല എന്നു തന്നെയാണ് നിബന്ധന. ഇതിനെയാണ് പാസ് എന്ന് കേരളത്തില്‍ പറയുന്നത്!

ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിനാല്‍ സമൂഹവ്യാപനം ഏറ്റവുമധികം അപകടം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളത് ഇവിടെയാണ്. അതു മനസ്സിലാക്കിയാണ് സമൂഹവ്യാപനം തടയുന്നത് പരമ ലക്ഷ്യമായി സംസ്ഥാന സര്‍ക്കാര്‍ ആദ്യമേ തന്നെ നിശ്ചയിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ട്രെയിന്‍, ബസ് എന്നിവ മുഖേന കൂട്ടത്തോടെ ആളുകളെ എത്തിക്കുന്ന കാര്യം നടപ്പാക്കുന്നതിനു മുമ്പ് കേരളത്തിന് പലതവണ ആലോചിക്കേണ്ടി വരും.

എവിടെയാണോ ഉള്ളത് അവിടെ തുടരുക എന്നതാണ് ലോക്ക്ഡൗണ്‍ മന്ത്രം. ആ വ്യവസ്ഥയില്‍ ഘട്ടം ഘട്ടമായുള്ള ഇളവാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്. പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കുക എന്നത് ഉടനെയെങ്ങാനും നടക്കുമോ എന്നത് സംശയമാണ്. ഈ സാഹചര്യത്തിലാണ് ആദ്യ ഘട്ടമായി സ്വന്തം വാഹനമുള്ളവര്‍ എത്തുക എന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. പാസ് സംവിധാനം ഏര്‍പ്പെടുത്തിയത് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും തന്നെയാണ്. ഓരോ ദിവസവും ഓരോ ചെക്ക്പോസ്റ്റിലൂടെയും പരിശോധന കൃത്യമായി പൂര്‍ത്തിയാക്കി കടത്തിവിടാവുന്നവര്‍ക്ക് ഒരു നിശ്ചിത എണ്ണമുണ്ട്. അതു പാലിക്കണമെങ്കിലും പാസ് വേണം.

അന്തസ്സംസ്ഥാന യാത്രകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ ഒന്നിലേറെ തവണ മാറിയിട്ടുണ്ട്. ബസ് ഉപയോഗിച്ച് റോഡ് മാര്‍ഗ്ഗം സംസ്ഥാനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാമെന്നായിരുന്നു ഏപ്രില്‍ 29ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം. എന്നാല്‍, ആരെങ്കിലും ബസ് യാത്രയ്ക്കു മുതിരും മുമ്പു തന്നെ മെയ് 1ന് അതു തിരുത്തി -ട്രെയിന്‍ മാര്‍ഗ്ഗമായിരിക്കും അന്തസ്സംസ്ഥാന യാത്രയെന്ന്. ഇതിന്റെ തുടര്‍ച്ചയായി ട്രെയിന്‍ യാത്രാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് മെയ് 2ന് റെയില്‍വെ പുറപ്പെടുവിച്ചു. ഈ ഉത്തരവ് വിശദമായി പരിശോധിച്ചാല്‍ ഇപ്പോള്‍ കേരളത്തില്‍ ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളുടെ മുന അനായാസം ഒടിച്ചുതള്ളാം.

കുടുങ്ങിക്കിടക്കുന്നവരുടെ യാത്രയ്ക്ക് ആവശ്യമായ സൗകര്യമേര്‍പ്പെടുത്തണമെങ്കില്‍ അയയ്ക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംവിധാനവും തമ്മില്‍ ആദ്യം ധാരണയുണ്ടാക്കണം എന്നാണ് റെയില്‍വേ മുന്നോട്ടു വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ മൂന്നാമത്തേത്. കേരളം മാത്രം വിചാരിച്ചാല്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ കഴിയില്ല എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് ആ സംസ്ഥാനമാണ് തീവണ്ടി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതെന്ന് നാലാമത്തെ നിര്‍ദ്ദേശത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒഡിഷയില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ തീവണ്ടി ഏര്‍പ്പെടുത്തിയത് ഒഡീഷ സര്‍ക്കാരാണെന്ന വാദം അവിടെ പൊളിയുകയാണ്. കേരളം തന്ന അപേക്ഷയനുസരിച്ച് മെയ് 2ന് കേരളത്തില്‍ നിന്ന് പ്രത്യേക തീവണ്ടി ഓടിക്കാന്‍ സംവിധാനമേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ പുറപ്പെടുവിച്ച ഉത്തരവും തെളിവായി നമ്മുടെ മുന്നിലുണ്ട്.

അങ്ങനെ വരുമ്പോള്‍ മുംബൈയില്‍ നിന്ന് ഒരു ട്രെയിന്‍ മലയാളികളെയും കൊണ്ട് കേരളത്തിലേക്കു യാത്ര പുറപ്പെടണമെങ്കില്‍ ഇതു സംബന്ധിച്ച അഭ്യര്‍ത്ഥന നടത്തേണ്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ്. ആ അഭ്യര്‍ത്ഥനയ്ക്കൊപ്പം മറ്റൊരു ഉറപ്പു കൂടി റെയില്‍വേയ്ക്ക് താക്കറെ നല്‍കണം -കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയിട്ടുണ്ടെന്ന്. എന്നിട്ട് ടിക്കറ്റ് നിരക്ക് യാത്രക്കാരില്‍ നിന്നു പിരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ റെയില്‍വേയില്‍ അടയ്ക്കണം. സ്വീകരിക്കാന്‍ തയ്യാറാണെന്ന് സമ്മതിക്കുക എന്ന റോള്‍ മാത്രമേ ഇവിടെ കേരള സര്‍ക്കാരിനുള്ളൂ. ഇത്തരത്തില്‍ മലയാളികള്‍ക്ക് യാത്രാസംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരളം പല സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുകയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.

കാര്യങ്ങള്‍ എത്ര മാത്രം സങ്കീര്‍ണ്ണമാണെന്ന് മനസ്സിലാകണമെങ്കില്‍ പശ്ചിമ ബംഗാളിന്റെ ഉദാഹരണം നോക്കണം. പുറത്തു നിന്നുള്ള ഒരു ട്രെയിനും വേണ്ടെന്ന നിലപാടാണ് ബംഗാള്‍ തുടക്കം മുതല്‍ സ്വീകരിക്കുന്നത്. ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കായി ട്രെയിനോടിക്കാന്‍ കേരളം പലതവണ അനുമതി തേടിയെങ്കിലും ആകെ ഒരു തവണ മാത്രമാണ് അതു ലഭിച്ചത്. ബംഗാളിന്റെ നിഷേധാത്മക നിലപാട് രാജ്യമാകെ ചര്‍ച്ചയായതോടെ 8 ട്രെയിനുകള്‍ കൂടി സ്വീകരിക്കാമെന്ന് മമത ബാനര്‍ജി ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ കേരളത്തില്‍ നിന്നുള്ള ട്രെയിനില്ല. തമിഴ്നാട് –2 പഞ്ചാബ് – 2, കർണാടക– 3, തെലങ്കാന– 1 എന്നിങ്ങനെയാണ് ട്രെയിനുകള്‍ക്ക് ബംഗാൾ അനുവാദം നൽകിയത്.

കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 22 ട്രെയിനുകള്‍ ഓടിച്ചു കഴിഞ്ഞു. ബിഹാർ– 9, ഒഡിഷ– 3, ജാർഖണ്ഡ്– 5, മധ്യപ്രദേശ്–2, ഉത്തര്‍പ്രദേശ്– 2, ബംഗാൾ– 1 എന്നിങ്ങനെ ട്രെയിനുകളില്‍ 25,000 പേർ സ്വന്തം നാടുകളിലേക്കു മടങ്ങി. എന്നാല്‍, അസമിലേക്ക് ഇതുവരെ ട്രെയിൻ സർവീസ് നടന്നിട്ടില്ല. ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ കേരളവും സ്വീകരിക്കാന്‍ അസം സര്‍ക്കാരും തയ്യാറാണെങ്കിലും ഇത് നടക്കാത്തതിനു കാരണം ബംഗാളാണ്! പുറത്തുനിന്നുള്ള ഒരു ട്രെയിനും വേണ്ടെന്ന നിലപാടിന്റെ ഭാഗമായി അസമിലേക്കുള്ള ട്രെയിന്‍ തങ്ങളുടെ മേഖലയിലൂടെ ഒരിടത്തും നിര്‍ത്താതെ കടന്നുപോകാന്‍ പോലും ബംഗാള്‍ സമ്മതിക്കുന്നില്ല!!

പാസില്ലാതെ വാളയാറില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ദുരിതം അച്ചുനിരത്തിയ പ്രമുഖ പത്രത്തില്‍ തന്നെ മറ്റൊരു വാര്‍ത്ത കൂടി വായിക്കാനിടയായി. സുരക്ഷ ഒഴിവാക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പറയുന്നത് ഒരേ ടീംസ്!!

തമിഴ്നാട്ടിലെ റെഡ് സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നു കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറന്റൈനിൽ പോയില്ലെന്നു വ്യക്തമായതോടെ ആശങ്ക. 34 വിദ്യാർഥികളെ കണ്ടെത്താൻ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചു. ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട 4 പേരെ പാമ്പാടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. സർക്കാർ ക്വാറന്റൈന്‍ നിർദേശിച്ചാണ് 117 പേരെയും ജില്ലകളിലേക്കു വിട്ടതെന്നും വിദ്യാർത്ഥികൾ പാലിച്ചില്ലെന്നുമാണ് വാളയാർ ചെക്പോസ്റ്റിലെ ദേശീയ ആരോഗ്യ മിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രചന ചിദംബരം പറയുന്നത്. തിരുവള്ളൂർ ജില്ലയിൽ ഇന്നലെ മാത്രം 75 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്; മൊത്തം രോഗികൾ 270.

അപ്പോഴെങ്ങനെയാ? ആരോഗ്യരക്ഷാ സംവിധാനത്തിന് ഒരു വിവരവും കൈമാറാതെ വാളയാറില്‍ വന്ന് ഇടിപിടി കൂടുന്നവരെ കടത്തിവിടണോ അതോ ഇവിടുള്ളവരുടെയും വരുന്നവരുടെയും സുരക്ഷ ഉറപ്പാക്കാനാവുന്ന വിധത്തില്‍ പാസുപയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കണോ? സാമാന്യയുക്തിയുള്ള, നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന എല്ലാവരും പാസിന്റെ സുരക്ഷിത വഴി തിരഞ്ഞെടുക്കും. ഉറപ്പ്.

 


പിന്‍കുറിപ്പ്: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിയമപ്രകാരമുള്ള മാര്‍ഗ്ഗങ്ങളിലൂടെ നാട്ടിലെത്തിയ ചിലര്‍ തങ്ങളുടെ അനുഭവം സമൂഹമാധ്യമങ്ങളില്‍ എഴുതിയിട്ടിട്ടുണ്ട്. അത് ഇടയ്ക്കൊന്നു വായിച്ചുനോക്കുന്നത് നല്ലതാണ്.

Previous articleഅശ്രദ്ധ വരുന്ന വഴികള്‍
Next articleപാസിലെ കോവിഡ് ജാഗ്രത
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here