Reading Time: 6 minutes

1990ല്‍ ഞാന്‍ പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് ഒരു വൈകുണ്ഡം സൂര്യനാരായണ അയ്യര്‍ ആവിര്‍ഭവിച്ചിരുന്നു. മരത്തിനു മുകളില്‍ കയറി താഴേക്കു നോക്കിയപ്പോഴുണ്ടായ ഭയത്തെത്തുടര്‍ന്ന് ആറാമിന്ദ്രിയം അഥവാ അതീന്ദ്രിയജ്ഞാനം പ്രവര്‍ത്തനസജ്ജമായ മനുഷ്യന്‍!!! നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ പ്രവചിക്കാനുള്ള ശേഷി ഇതിലൂടെ അദ്ദേഹം കൈവരിച്ചു. അഷ്ടമുടിക്കായലില്‍ പാലത്തില്‍ നിന്ന് തീവണ്ടി താഴേക്കു വീണ് നൂറു കണക്കിനാളുകള്‍ മരിക്കുന്നത് കൃത്യമായി സമയം സഹിതം മുന്‍കൂട്ടി പറഞ്ഞു. കുഞ്ഞുങ്ങളില്ലാതെ വര്‍ഷങ്ങളായി ദുഃഖിതരായി കഴിയുന്ന തനിക്കും ഭാര്യയ്ക്കും കുഞ്ഞു പിറക്കാന്‍ പോകുന്നത് തീയതിയും നക്ഷത്രവും സഹിതം പ്രവചിച്ചു. ഡല്‍ഹിയില്‍ വിമാനത്തില്‍ ബോംബ് വെയ്ക്കാനുള്ള ശ്രമം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നിര്‍വ്വീര്യമാക്കി. കുഞ്ഞുങ്ങളുടെ പോഷകാഹാരത്തില്‍ മാരകമായ സ്റ്റീറോയ്ഡുകള്‍ കലര്‍ത്തുന്നതും ഈ ശേഷിയുപയോഗിച്ച് അദ്ദേഹം കൃത്യമായി കണ്ടുപിടിച്ചു.

സുര്യനാരായണ അയ്യര്‍ (ഇടത്ത്) മേലുദ്യോഗസ്ഥനൊപ്പം

‘പ്രപഞ്ചത്തിന്റെ മറുവശം കണ്ട ദീര്‍ഘദര്‍ശി’ എന്ന് അയ്യര്‍ വാഴ്ത്തപ്പെട്ടു -THE MAN WHO SAW TOMORROW!! ഒടുവില്‍ തന്റെ മരണവും അദ്ദേഹം കൃത്യമായി പ്രവചിച്ചു. അങ്ങനെ അദ്ദേഹം ‘അയ്യര്‍ ദ ഗ്രേറ്റ്’ ആയി മാറി. മനുഷ്യന്റെ ആറാമിന്ദ്രിയം അഥവാ extra sensory perception എന്ന ESP എന്റെ ഓര്‍മ്മയില്‍ ആദ്യമായി സജീവ ചര്‍ച്ചാവിഷയമായത് അന്നാണ്. അത്തരമൊരു കഴിവ് കിട്ടിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്. പരീക്ഷയ്ക്കു വരുന്ന ചോദ്യങ്ങളെങ്കിലും മുന്‍കൂര്‍ മനസ്സിലാക്കാമല്ലോ!

ബാബു കാലായില്‍

ESP ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു. സൂര്യനാരായണ അയ്യര്‍ക്കു പകരം ബാബു കാലായില്‍ ആണ് നിലവില്‍ കേന്ദ്ര കഥാപാത്രം. അതീന്ദ്രിയജ്ഞാനം ഉപയോഗിച്ച് അദ്ദേഹം വലിയൊരു പ്രവചനം നടത്തിയിരിക്കുന്നു -ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡിസംബര്‍ 31ന് മുമ്പ് വന്‍ ഭൂചലനമുണ്ടാവും. സമുദ്രത്തിന്റെ അതിരുകള്‍ തന്നെ മാറ്റി വരയ്ക്കാന്‍ പോന്ന ശേഷിയുള്ള വന്‍ സുനാമിക്കത് കാരണമാകും. ഇത് ചൂണ്ടിക്കാട്ടി ബാബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എന്നിട്ട് ആ കത്തെടുത്ത് ഫേസ്ബുക്കിലുമിട്ടു. ഈ കത്താണ് ചര്‍ച്ചയ്ക്കു കാരണം. വിദേശ വാര്‍ത്താ ചാനലുകള്‍ അടക്കം പലയിടത്തും ബാബുവിനെക്കുറിച്ച് വാര്‍ത്ത വന്നു. എന്നാല്‍, ബാബുവിന്റെ സ്വന്തം ഭാഷയയായ മലയാളത്തില്‍ മാത്രം ആരും വാര്‍ത്ത നല്‍കിയില്ല. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്നാണോ? എന്തൊരു ഔദ്ധത്യം, അല്ലേ!! നരേന്ദ്ര മോദിക്ക് ബാബു കാലായില്‍ അയച്ച ആ കത്ത് വാട്ട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പറപറക്കുകയാണ്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഇതുമാത്രം ഡിസംബര്‍ 31നു മുമ്പ് ഭൂമി കുലുങ്ങുമോ?

സൂര്യനാരായണ അയ്യരും ബാബു കാലായിലും തുല്യരാണ്. ഇരുവര്‍ക്കും ഒരേ പരിഗണന തന്നെ നല്‍കണം, നിര്‍ബന്ധമാണ്. അത്രയേ പാടുള്ളൂ എന്നും പറയാം. ഇനിയും കാര്യം പിടി കിട്ടിയില്ലെങ്കില്‍ വിശദീകരിക്കാം. മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതി ഭദ്രന്‍ മാട്ടേല്‍ സംവിധാനം ചെയ്ത ‘അയ്യര്‍ ദ ഗ്രേറ്റ്’ എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നായകകഥാപാത്രമാണ് സൂര്യനാരായണ അയ്യര്‍!! 27 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമ. ഈ അതീന്ദ്രിയ ജ്ഞാനം അഥവാ extra sensory perception എന്നൊക്കെ പറയുന്ന സാധനം സിനിമയില്‍ മാത്രമേ കാണൂ എന്നാണ് എന്റെ വിശ്വാസം. നമ്മുടെ ജീവിതത്തില്‍ ഇതിനൊന്നും ഒരു സ്ഥാനവുമില്ല. ഈ 21-ാം നൂറ്റാണ്ടില്‍ ഇല്ലേയില്ല. Mentalism പോലെ ശാസ്ത്രത്തിന്റെ പിന്‍ബലമുള്ള പരീക്ഷണങ്ങളുണ്ടാവാം. ഇതുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ യു ട്യൂബില്‍ കണ്ടിട്ടുണ്ട്. പക്ഷേ, തനിക്കുള്ളതായി ബാബു അവകാശപ്പെടുന്ന അതീന്ദ്രിയ ജ്ഞാനം ശുദ്ധ(??) തട്ടിപ്പാണെന്നു പറയാതെ വയ്യ.

അയ്യര്‍ ദ ഗ്രേറ്റ്

എന്താണ് അതീന്ദ്രിയ ജ്ഞാനം? കാഴ്ച, കേള്‍വി, സ്പര്‍ശം, രുചി, ഗന്ധം എന്നിവ സാദ്ധ്യമാക്കുന്ന ഇന്ദ്രിയങ്ങള്‍ക്ക് അതീതമായി മനസ്സുമായി ബന്ധപ്പെടുത്തിയാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. 98 ശതമാനം ശാസ്ത്രജ്ഞരും ഈ പ്രതിഭാസത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, സാധാരണ ജനങ്ങളില്‍ നല്ലൊരു വിഭാഗം ഇതില്‍ വിശ്വസിക്കുന്നു എന്നതാണ് ദുരന്തം. ബാബുവിനെപ്പോലുള്ളവര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത് ഈ വിശ്വാസത്തെയാണ്, അന്ധവിശ്വാസത്തെയാണ്. ടെലിപതി പോലുള്ള പ്രതിഭാസങ്ങളെ അതീന്ദ്രിയ ജ്ഞാനമായി വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷേ, ഇതെല്ലാം വ്യാഖ്യാനങ്ങള്‍ മാത്രമാണ്.

ബാബു കാലായില്‍ ചില്ലറക്കാരനല്ല!! ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹമുണ്ടെന്ന് 1998ല്‍ പുള്ളി പ്രവചിച്ചുകളഞ്ഞു -ഡൊമീഗോ എന്നാണ് പേര്. അവിടെ മനുഷ്യരും മൃഗങ്ങളും പക്ഷികളും കടല്‍ പോലെ പരന്നുകിടക്കുന്ന വലിയ തടാകങ്ങളും കാണാമത്രേ!! ഭൂമിയില്‍ നിന്ന് 270 ‘കോടി ദശലക്ഷം’ കിലോമീറ്റര്‍ അകലെയാണ് ഡൊമീഗോ കണ്ടെത്തിയത്!! സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 150 ദശലക്ഷം കിലോമീറ്ററായാണ് കണക്കാക്കിയിട്ടുള്ളത്, അതായത് 1 ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്. ഈ 270 കോടി ദശലക്ഷം കിലോമീറ്റര്‍ അകലെ മറ്റൊരു ഭൂമിയുള്ളതായി സങ്കല്‍പ്പിക്കാന്‍ ബാബുവിനു സാധിച്ചതു തന്നെ അത്ഭുതകരമാണ്!! ആരും പോയി നോക്കില്ലെന്ന് ഉറപ്പല്ലേ!!! ഇപ്പോഴത്തെ ശാസ്ത്ര പുരോഗതി വെച്ച് അടുത്തെങ്ങും കണ്ടുപിടിക്കുകയുമില്ല, എപ്പടി! കൊളംബിയയിലെ ബെര്‍ക്ക്‌ലി സര്‍വ്വകലാശാല ഈ കണ്ടുപിടിത്തം ശരിവെച്ചു എന്നൊക്കെ അവകാശപ്പെടുന്നുണ്ട്. എങ്കില്‍ നമ്മള്‍ അറിയാതിരിക്കുമോ?

തള്ള് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഹൈഗ്രേഡ് പൊങ്ങച്ചം കണ്ടുപിടിച്ചതു തന്നെ ബാബുവാണ് എന്നു തോന്നുന്നു. ചൊവ്വയില്‍ വെള്ളമുള്ളതായി 2001 ഓഗസ്റ്റ് 2ന് പ്രവചിച്ചുവെന്നത് ബാബുവിന്റെ ഒരു മൈനര്‍ തള്ള് മാത്രം. തന്റെ പ്രവചനം വന്ന് ഒരു മാസത്തിനു ശേഷം ശാസ്ത്രലോകം അതു ശരിവെച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഉല്‍ക്കകളുടെ സഞ്ചാരം, ഭൂചലനങ്ങള്‍, താപനിലയിലുള്ള വന്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം പുള്ളി ചുമ്മാതങ്ങ് പ്രവചിച്ചുകളയും. 2004 ഡിസംബര്‍ 26നുണ്ടായ സുനാമി അതിന് 2 മാസം മുമ്പ് പ്രവചിച്ചിരുന്നുവത്രേ. അന്ന് നെയ്യാറ്റിന്‍കരയിലെ ഏതോ പ്രാദേശിക ചാനലില്‍ മാത്രമാണ് വാര്‍ത്ത വന്നത് എന്നതിനാല്‍ എല്ലാവരും അറിഞ്ഞില്ല! മുന്‍കരുതലുമെടുത്തില്ല!! അതുകൊണ്ടാണ് ഇക്കുറി പ്രവചനം ഫേസ്ബുക്കിലിട്ടത്. ഈ സംഗതി ശരിയാണ്. നാട്ടുകാര്‍ മുഴുവന്‍ പേടിച്ചിട്ടുണ്ട്. ഏതോ ഇംഗ്ലീഷ് ചാനലിലൊക്കെ വാര്‍ത്തയും വന്നിട്ടുണ്ട്. പക്ഷേ, 270 കോടി ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ‘ഭൂമി’ കണ്ടെത്തിയയാളാണ് ഇപ്പോള്‍ ഭൂചലനവും സുനാമിയും പ്രവചിച്ചത് എന്നറിഞ്ഞിരുന്നുവെങ്കില്‍ പേടി ആ നിമിഷം മാറിയേനേ!!

B.K. RESEARCH ASSOCIATION FOR E.S.P. എന്ന സംഘടനയുടെ പേരിലാണ് പ്രധാനമന്ത്രിക്ക് സുനാമി മുന്നറിയിപ്പ് കത്തു പോയിരിക്കുന്നത്. B.K. എന്നു പറഞ്ഞാല്‍ മഹാനായ ബാബു കാലായില്‍ തന്നെ!! അദ്ദേഹം തന്നെയാണ് ഡയറക്ടര്‍. ബാബു പറഞ്ഞതനുസരിച്ച് 1994 മുതല്‍ ‘ദീര്‍ഘദൃഷ്ടി’ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 1996 മുതല്‍ ഈ അതീന്ദ്രിയ സന്നദ്ധ സംഘടന തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള ധനുവച്ചപുരത്ത് പ്രവര്‍ത്തിക്കുന്നു. രജിസ്റ്റര്‍ നമ്പര്‍ ടി.1234/96 -കേരള സര്‍ക്കാര്‍ എന്നാണ് ലെറ്റര്‍ പാഡില്‍ പറഞ്ഞിരിക്കുന്നത്. ഇതെന്താ ആര്‍.ടി. ഓഫീസിലെ ഫാന്‍സി നമ്പര്‍ ആണോ -1234? ഈ മഹാന്റെ [email protected] വിലാസം പരതുന്നതില്‍ ഗൂഗിള്‍ പോലും പരാജയപ്പെട്ടു. ഇ മെയിലാണോ, വെബ്‌സൈറ്റാണോ ഒരു പിടിയും കിട്ടുന്നില്ല.

സുനാമിയുടെ ഘടന

2017 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വലിയൊരു ഭൂചലനം സംഭവിക്കും എന്നൊക്കെ പ്രവചിക്കുമെങ്കിലും അതു മര്യാദയ്ക്ക് എഴുതിവെയ്ക്കാനുള്ള ഭാഷാപരിചയം കമ്മി. ഇംഗ്ലീഷ് അറിയില്ല എന്നത് ഒരു കുറ്റമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നു തന്നെ പറയാം. എന്നാല്‍, പ്രധാനമന്ത്രിയെ പോലുള്ളവര്‍ക്ക് കത്തയയ്ക്കുമ്പോള്‍ ഇംഗ്ലീഷ് നന്നായി അറിയാവുന്ന ആരെയെങ്കിലും കൊണ്ട് തിരുത്തിക്കണ്ടേ? കത്തില്‍ മൊത്തം അക്ഷരപ്പിശാചുക്കളും പ്രയോഗത്തെറ്റുകളുമാണ്. ചില ഉദാഹരണങ്ങള്‍ ഇതാ.

-This will extent into Eleven countries
-Thyland
-This Vigerous earth quake can be shaked the entire coast of Asian continental areas
-The effect will even replaced the boundary of sea shore
-Heavy rain harbor waves (Tsunami)

തനിക്കു ‘ദിവ്യദൃഷ്ടി’ ഉണ്ടായ തീയതിയും കൃത്യമായി ബാബു കത്തില്‍ പറഞ്ഞിട്ടുണ്ട് -2017 ഓഗസ്റ്റ് 20. ഈ പൊട്ടത്തരമൊക്കെ വായിച്ച് പേടിക്കാനും സംശയം ചോദിക്കാനും ഇവിടെ ആളുണ്ടല്ലോ എന്നതിലാണ് അത്ഭുതം.

ഭൂമികുലുക്കമോ സുനാമിയോ മാസങ്ങള്‍ക്കു മുമ്പ് പോയിട്ട് ദിവസങ്ങള്‍ക്കു മുമ്പു പോലും പ്രവചിക്കാനുള്ള ശാസ്ത്രപുരോഗതി ലോകം കൈവരിച്ചിട്ടില്ലെന്നത് അറിയാത്തതാണോ ഈ ആശങ്കയ്ക്കു കാരണമെന്നറിയില്ല. ഭൂമിക്കടിയില്‍ പ്രകമ്പനമുണ്ടായാല്‍ അപ്പോള്‍ത്തന്നെ അതു തിരിച്ചറിയാനും അപായസൂചന നല്‍കാനുമുള്ള സംവിധാനം മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ. സമുദ്രാന്തര ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന റെക്കോര്‍ഡറുകള്‍ ഭൂപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ വിലയിരുത്തി സമുദ്രോപരിതത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോയിലേക്ക് തരംഗസന്ദേശങ്ങള്‍ കൈമാറുന്നു. ഈ ബോയില്‍ നിന്ന് ഉപഗ്രഹത്തിലെത്തുന്ന സന്ദേശങ്ങള്‍ അവിടെ നിന്ന് കരയിലെ സ്റ്റേഷനുകള്‍ സ്വീകരിക്കുന്നു. അവ വിലയിരുത്തിയാണ് ആവശ്യമെങ്കില്‍ സുനാമി മുന്നറിയിപ്പ് നല്‍കുന്നത്. ഏറ്റവും ചെറിയ സുനാമിയെപ്പോലും ഈ സംവിധാനത്തിന് തിരിച്ചറിയാനാവും. പക്ഷേ, തിരിച്ചറിയുന്നത് സുനാമി ഉണ്ടാവുമ്പോള്‍ മാത്രം.

സുനാമി മുന്നറിയിപ്പ് സംവിധാനം

ഇന്ത്യയ്ക്കു തന്നെ അഭിമാനാര്‍ഹമായ ദുരന്ത നിവാരണ സംവിധാനം പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഏതു ദുരന്തത്തെപ്പറ്റിയും ശാസ്ത്രീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായ മുന്നറിയിപ്പ് തരാന്‍ അവര്‍ക്ക് കഴിവുണ്ട്. അടുത്തിടെ കാലം തെറ്റി വന്ന മഴ താണ്ഡവമാടിയപ്പോള്‍ അതു നമ്മള്‍ കണ്ടതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനമികവിന്റെ ഫലമായി അവര്‍ എന്തു പറഞ്ഞാലും അതു മുഖവിലയ്‌ക്കെടുക്കുന്ന നിലപാടിലേക്ക് എത്രയോ കാലം മുമ്പു തന്നെ സംസ്ഥാന സര്‍ക്കാര്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതിന് വഴിയൊരുക്കിയത് അതോറിറ്റിയുടെ ഇടപെടലുകളാണ്. പ്രധാനമന്ത്രി അടക്കമുള്ളവര്‍ അത് അംഗീകരിച്ചു. ഈ മികവിന്റെ വിലയിടിക്കലാണ് ബാബുവിനെപ്പോള്ള പ്രവചനരോഗികള്‍ക്കു നല്‍കുന്ന പ്രോത്സാഹനം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭീതി ജനപ്പിക്കുന്നത് 2005ലെ ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കുറ്റകൃത്യമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു തന്നെ ഇതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാം. ദുരന്ത നിവാരണ നിയമത്തിലെ 54-ാം വകുപ്പ് പ്രകാരം ബാബുവിനെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് അറിയുന്നത്.

2021 ലക്ഷ്യമിട്ട് ബാബുവിന്റേതായി മറ്റൊരു പ്രവചനം കൂടിയുണ്ട്. വോന്റാകന്‍ എന്ന വാല്‍നക്ഷത്രം പ്രയാണത്തിനിടെ സൂര്യന്റെ ആകര്‍ഷണവലയത്തില്‍ അകപ്പെട്ട് വന്‍ പൊട്ടിത്തെറി ഉണ്ടാവുകയും ഭൂമിയില്‍ അഗ്നിജ്വാല ഉണ്ടാവുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. 2015 ഒക്ടോബര്‍ 17നാണത്രേ ഈ പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കിയത്. ഇതുനിമിത്തം മനുഷ്യനിര്‍മ്മിത ഉപഗ്രഹങ്ങള്‍ അടക്കമുള്ള യന്ത്രസാമഗ്രികള്‍ക്ക് കേടുപാട് സംഭവിക്കുമെന്നാണ് ഭീഷണി! എന്ത് ശാസ്ത്രീയാടിത്തറയാണ് ഈ പ്രവചനത്തിനുള്ളതെന്നത് അജ്ഞാതമാണ്.

ബാബു കാലായില്‍

ഈ തട്ടിപ്പു കണ്ട് മുന്നും പിന്നും നോക്കാതെ ഇന്ത്യന്‍ മഹാസമുദ്ര സുനാമി വാര്‍ത്ത നല്‍കി ആഘോഷിച്ചവര്‍ക്ക് എന്റെ നല്ല നമസ്‌കാരം. ശാസ്ത്ര വാര്‍ത്തകള്‍ക്ക് അത്യാവശ്യമായി വേണ്ടത് ശാസ്ത്രീയാടിത്തറയാണെന്ന സാമാന്യയുക്തി പോലും ഇതു ചെയ്തവര്‍ മറന്നു!!

ഒരു സംശയം നിലനില്‍ക്കുന്നു -പ്രപഞ്ച രഹസ്യങ്ങള്‍ മാത്രമേ ബാബുവിന്റെ ആറാമിന്ദ്രിയം പിടിച്ചെടുക്കുകയുള്ളോ? ബാബുവിന്റെ വീട്ടിനടുത്തു നടന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടിത്തട്ടിപ്പ് കേസിലെ പ്രതികളെ പിടിക്കാന്‍ ആറാമിന്ദ്രിയം പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്കെങ്കിലും പ്രയോജനപ്രദമാവുമായിരുന്നു.

Previous articleചൂഷണത്തിന്റെ പെണ്‍വീടുകള്‍
Next articleഅമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

5 COMMENTS

  1. സാധാരണ പൈങ്കിളി ചാനലില് അല്ലാ BBC യിലാ വന്നത് BBC ബാബു ന്റെ പെങ്ങളെ കെട്ടിയവന്റെ അളിയന്റെ യാ

  2. വല്ലാതെ ടെൻഷൻ വരുമ്പോൾ വരുമ്പോൾ അയാളുടെ പ്രൊഫൈലിൽ പോയാൽ മതി, ടെൻഷനെല്ലാം പോകും

LEAVE A REPLY

Please enter your comment!
Please enter your name here