Reading Time: 4 minutes

പാര്‍വ്വതിക്ക് ഒരുപാട് മുഖങ്ങളുണ്ട്. ടെലിവിഷന്‍ അവതാരക, പബ്ലിക് റിലേഷന്‍സ് വിദഗ്ദ്ധ, ഇവന്റ് മാനേജര്‍, കണ്‍സള്‍ട്ടന്റ്, സാമൂഹികപ്രവര്‍ത്തക, നടി -അങ്ങനെ ഒട്ടേറെ. ഇതിലെല്ലാമുപരി ഒരു പരോപകാരിയുമാണ്. പക്ഷേ, ഈ കുറിപ്പ് പാര്‍വ്വതി എന്ന നടിയെക്കുറിച്ചുള്ളതാണ്. നടിയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലിനെക്കുറിച്ചുള്ളതാണ്.

Poster 2.jpg.jpg

നല്ലൊരു സുഹൃത്താണ് പാര്‍വ്വതി. വര്‍ഷങ്ങളുടെ പരിചയമുണ്ട്. പാര്‍വ്വതിയുടെ കുടുംബക്കാരെ മൊത്തം അറിയാമെന്നു പറയുന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്റെ സുഹൃത്ത്. കോളേജിലും വിദ്യാര്‍ത്ഥി സംഘടനാ രംഗത്തും സീനിയറായിരുന്ന കേരള സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ബി.സതീശന്റെ ഭാര്യ എന്ന നിലയിലാണ് പാര്‍വ്വതിയെ പരിചയപ്പെട്ടതെങ്കിലും പിന്നീട് ഞങ്ങള്‍ക്കിടയിലും സൗഹൃദമായി. സതീശേട്ടന്റെ അനിയനും ഇന്ത്യന്‍ ജൂനിയര്‍ ഫുട്ബാള്‍ ടീം കോച്ചുമായ സതീവനും അടുത്ത സുഹൃത്തു തന്നെ. പാര്‍വ്വതിയുടെ അച്ഛനും വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ത്രിവിക്രമന്‍ സാറിനെയും നല്ല പരിചയമുണ്ട്.

Parvathi T.jpg

കുറച്ചുദിവസം മുമ്പാണ് വാട്ട്‌സാപ്പില്‍ പാര്‍വ്വതിയുടെ ഒരു സന്ദേശം ലഭിച്ചത് -‘ഞാന്‍ അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിം ഗ്രേസ് വില്ല. 15 മിനിറ്റ് മാത്രം ഡ്യൂറേഷന്‍. ആരീസ് പ്ലക്‌സില്‍ ഓഡി 4ല്‍ 12ന് രാവിലെ 9.45ന് കാണിക്കുന്നു. വരണം.’ കലണ്ടറിലേക്കു നോക്കിയപ്പോള്‍ അന്ന് മുഹറം ആയതിനാല്‍ പൊതു അവധി ദിവസമാണ്. മറ്റു തിരക്കുകൾ ഒന്നുമില്ല. അപ്പോള്‍ത്തന്നെ മറുപടി നല്‍കി -‘തീര്‍ച്ചയായും വരും.’ അങ്ങനെ പറഞ്ഞുവെങ്കിലും പിന്നീടാണ് ആലോചിച്ചത്. പാര്‍വ്വതി അഭിനയം തുടങ്ങിയിട്ട് കുറച്ചുകാലമായി. ഏതാണ്ട് 40ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് എന്റെ ഒരു കണക്ക്. പിന്നെന്തിനാണ് ഒരു പുതുമുഖത്തിന്റെ ആവേശത്തോടെ ഹ്രസ്വചിത്രം കാണാന്‍ ക്ഷണിച്ചത്? പോയി നോക്കാം. അപ്പോള്‍ നേരിട്ട് അറിയാമല്ലോ.

എസ്.എല്‍. തിയേറ്റര്‍ കോംപ്ലക്‌സിനു താഴെ പാര്‍ക്കിങ് സെന്ററില്‍ നിന്ന് മലയാള മനോരമ ഫോട്ടോ എഡിറ്റര്‍ ബി.ജയചന്ദ്രന്‍ എന്ന ജയേട്ടനെ കിട്ടി. ഒരുമിച്ച് മുകളിലേക്കു നടന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയ്ക്ക് പോയിരുന്ന് ചിത്രം കണ്ടു പോരണം എന്നായിരുന്നു എന്റെ തീരുമാനം. അതാണ് പതിവ് രീതി. എന്നാല്‍, പടി കയറി ഞങ്ങള്‍ നേരെ ചെന്നു നിന്നത് പാര്‍വ്വതിയുടെ മുന്നില്‍ത്തന്നെ. ഞാനെന്നല്ല, അവിടെ വന്ന ഓരോരുത്തരെയും അവര്‍ വ്യക്തിപരമായി തന്നെ ഗൗനിച്ച് സ്വീകരിച്ചിരുത്തുന്നു. മുന്നിലേക്കു നടന്ന എന്നെ സ്വീകരിക്കാന്‍ സതീശേട്ടനും ഓടിയെത്തി. 150 സീറ്റുള്ള തിയേറ്ററിലേക്കു കടന്നു ചെല്ലുമ്പോള്‍ ഏതാണ്ട് നിറഞ്ഞിരുന്നു. ഏറ്റവും മുന്നിലത്തെ നിരയിലാണ് എനിക്കും ജയേട്ടനും ഇരിപ്പിടം കിട്ടിയത്. ഇടയ്‌ക്കൊന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഞെട്ടി. വി.ഐ.പികളുടെ വലിയൊരു നിര തന്നെയുണ്ട്. സംവിധായകരായ ശ്യാമപ്രസാദ്, മധുപാല്‍, ജി.എസ്.വിജയന്‍, അരുണ്‍ കുമാര്‍ അരവിന്ദ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സൂര്യ കൃഷ്ണമൂര്‍ത്തി, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനായിരുന്ന ചന്ദ്രമോഹന്‍, ഇന്ദ്രന്‍സ്, അലിയാര്‍, കെ.ജി.ജയന്‍, സന്ദീപ് സേനന്‍, അനുറാം, സതീഷ് ബാബു പയ്യന്നൂര്‍ എന്നിങ്ങനെ വലിയൊരു സംഘം. ഇത്രയും പ്രമുഖര്‍ക്കൊപ്പം ഞാനും ക്ഷണിക്കപ്പെട്ടതില്‍ സന്തോഷം തോന്നി.

Screenshot 2.jpg

അധികം വൈകാതെ സിനിമ തുടങ്ങി. ഹ്രസ്വചിത്രം എന്ന വാക്ക് ഞാന്‍ മനഃപൂര്‍വ്വം ഒഴിവാക്കുകയാണ്. അതിനുള്ള കാരണം പിന്നാലെ പറയാം. പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് എനിക്കിഷ്ടപ്പെട്ടു -InquiLabz. ഗ്രേസ് വില്ല എന്ന പഴയ വീട് വില്പനയ്ക്കു വെച്ചിരിക്കുകയാണ്. എങ്ങനെ നോക്കിയാലും 3.50 ലക്ഷം രൂപയിലധികം വിലയില്ലാത്ത ആ വീടിന് ഉടമയായ സാലി ഗ്രേസ് ചോദിക്കുന്നത് 25 ലക്ഷം രൂപയാണ്. താന്‍ പറയുന്ന വില നല്‍കി വീടു വാങ്ങാന്‍ ഒരാള്‍ ഒരു ദിവസം വരുമെന്ന് സാലിക്കറിയാം. ആ കാരണമാണ് സസ്‌പെന്‍സ്. ഒടുവില്‍ അങ്ങനെ ഒരാള്‍ വരിക തന്നെ ചെയ്തു -മാത്യൂസ്. ഗ്രേസ് വില്ലയ്ക്ക് ഉയര്‍ന്ന വിലയിട്ടുള്ള സാലിയുടെ കാത്തിരിപ്പും എന്തു വില നല്‍കിയും അതു സ്വന്തമാക്കാനുള്ള മാത്യൂസിന്റെ ത്വരയും കെട്ടുപിണയുമ്പോള്‍ 15 മിനിറ്റുകള്‍ക്കകം സ്‌ക്രീനില്‍ തെളിഞ്ഞത് ഒരു തികവാര്‍ന്ന സസ്‌പെന്‍സ് ത്രില്ലര്‍. എന്‍ഡ് ടൈറ്റില്‍ തെളിയുമ്പോള്‍ ഞാന്‍ സ്വയംമറന്ന് കൈയടിച്ചു. സിനിമയുടെ വ്യാകരണമൊന്നും വലിയ പിടിയില്ലാത്ത ഒരു സാധാരണ സിനിമാപ്രേമിയുടെ കൈയടി. എന്നാല്‍, തിയേറ്ററില്‍ അതു വരെ ശ്വാസം പോലും വിടാതെയിരുന്ന മറ്റെല്ലാവരും അതു തന്നെ ചെയ്യുന്നതു കണ്ടപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. സിനിമ തയ്യാറാക്കിയവര്‍ ആ കൈയടി അര്‍ഹിച്ചിരുന്നു.

1988 ആണ് കഥയുടെ പശ്ചാത്തലം. ഗ്രേസ് വില്ല വാങ്ങാന്‍ മാത്യൂസ് എത്തുന്നതു മുതല്‍ അന്തരീക്ഷത്തിലുള്ള ദുരൂഹതയുണ്ട്. സാലി ഗ്രേസിനു മുന്നില്‍ മാത്യൂസ് എത്തുമ്പോള്‍ ദുരൂഹത ഉച്ചസ്ഥായിയിലാണ്. പിന്നെ പതിഞ്ഞ ഒരിറക്കമാണ്. ദുരൂഹതയുടെ ചുരുള്‍ നിവര്‍ത്തി ചിത്രത്തിനു തിരശ്ശീല. ഹെന്റി സ്ലേസറുടെ ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം. ഒരു പൂര്‍ണ്ണ ഫീച്ചര്‍ ചിത്രത്തിനുള്ള മരുന്നുണ്ടായിരുന്നു. അത് 15 മിനിറ്റില്‍ ഒതുക്കി എന്നതില്‍ ചിത്രത്തിന്റെ അണിയറശില്പികളോട് എനിക്ക് പരാതിയുണ്ട്. ബജറ്റിന്റെ പരിമിതികളായിരിക്കാം കാരണം. പാര്‍വ്വതിയാണ് സാലി ഗ്രേസ്. രാജേഷ് ഹെബ്ബാര്‍ മാത്യൂസായി. കൊച്ചുപ്രേമന്‍, ബാബു അന്നൂര്‍, വിനീത് വിശ്വം എന്നിവര്‍ മുതല്‍ നിക്കി എന്ന നായ വരെ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.

audi-1
സിനിമയുടെ പ്രദര്‍ശനശേഷം അണിയറപ്രവര്‍ത്തകരും താരങ്ങളും വേദിയില്‍

പയ്യന്നൂരില്‍ നിന്നുള്ള ഒരു സംഘം ചെറുപ്പക്കാരാണ് ഈ സിനിമ അണിയിച്ചൊരുക്കിയത്. അഭിലാഷ് അഭി നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം ബിനോയ് രവീന്ദ്രന്‍. അഭിനേതാക്കള്‍ അടക്കം ഒപ്പമുള്ള എല്ലാവര്‍ക്കും മനോധര്‍മ്മത്തിനുള്ള സ്വാതന്ത്ര്യം അനുവദിച്ചു എന്ന് ബിനോയ് അവകാശപ്പെടുമ്പോഴും ചിത്രത്തിന്റെ പൂര്‍ണ്ണതയില്‍ ഒരു സംവിധായകന്റെ കൈയൊപ്പ് കാണാം. ചിത്രത്തിലെ സസ്‌പെന്‍സ് ക്യാമറ ആംഗിളുകളിലേക്കു സന്നിവേശിപ്പിച്ച ബഹുല്‍ രമേഷ്, പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമൊരുക്കിയ മുജീബ് മജീദ്, രംഗങ്ങള്‍ മികച്ച രീതിയില്‍ സംയോജിപ്പിച്ച കെ.ആര്‍.മിഥുന്‍, ശബ്ദസംയോജനം നിര്‍വ്വഹിച്ച സി.വി.ശ്രീജിത്ത് -എല്ലാവരും ഭാവി വാഗ്ദാനങ്ങള്‍ തന്നെ. പക്ഷേ, സംക്ഷിപ്തമായി ഇത്രമാത്രം പറയാം -പാര്‍വ്വതി തകര്‍ത്തു, ഹെബ്ബാര്‍ കലക്കി. നടീനടന്മാരാണല്ലോ ഏതൊരു സിനിമയുടെയും മുഖങ്ങള്‍.

audi-2
സിനിമയുടെ പ്രദര്‍ശനശേഷം ശ്യാമപ്രസാദ് സംസാരിക്കുന്നു

ഒരു പുതുമുഖത്തിന്റെ ആവേശത്തോടെ ഹ്രസ്വചിത്രം കാണാന്‍ പാർവ്വതി ക്ഷണിച്ചതിന്റെ ഗുട്ടന്‍സ് സിനിമ തീര്‍ന്നപ്പോഴാണ് മനസ്സിലായത്. ഇതും ഒരു പരോപകാരമാണ്. പയ്യന്നൂരില്‍ നിന്നുള്ള ആ ചെറുപ്പക്കാരുടെ ചെറിയ ചിത്രത്തിന് തിരുവനന്തപുരത്ത് ഒരു വേദിയൊരുക്കുകയായിരുന്നു അവര്‍. സിനിമ തീര്‍ന്ന ശേഷം സംസാരിച്ച ശ്യാമപ്രസാദ്, മധുപാല്‍, ഭാഗ്യലക്ഷ്മി, സതീഷ് ബാബു പയ്യന്നൂര്‍ എന്നിവര്‍ക്കെല്ലാം ഈ ചെറുപ്പക്കാരെക്കുറിച്ച് നല്ല അഭിപ്രായം മാത്രം. ഷൂട്ടിങ്ങിനിയില്‍ ഈ യുവസംഘം പ്രകടിപ്പിച്ച പ്രൊഫഷണലിസത്തെക്കുറിച്ചാണ് പാര്‍വ്വതിക്കും ഹെബ്ബാറിനും പറയാനുണ്ടായിരുന്നത്. പ്രൊഫഷണലിസം മികവിന്റെ ലക്ഷണമാണല്ലോ!

Poster 1.jpg.jpg

തിയേറ്ററില്‍ ഈ സിനിമ കാണാന്‍ ഭാഗ്യം സിദ്ധിച്ചതില്‍ അതിയായി സന്തോഷിക്കുന്നു. എന്നെ ക്ഷണിച്ച പാര്‍വ്വതിക്ക് ഇമ്മിണി ബല്യ നന്ദി. ഈ ചിത്രം യു ട്യൂബില്‍ റിലീസ് ചെയ്യുകയാണ് -ഒക്ടോബര്‍ 28ന്. നിര്‍ബന്ധമായും കാണുക. ഏകാന്തതയുടെ ആവരണമണിഞ്ഞ്, ഏകാഗ്രമായി, ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം ആസ്വദിക്കുക. നിങ്ങള്‍ക്ക് അതൊരു വേറിട്ട അനുഭവമായിരിക്കും.

ഗ്രേസ് വില്ല ടീസര്‍

Previous articleകള്ളന് കഞ്ഞി വെയ്ക്കുന്നവന്‍
Next articleവനിതാ നേതാവിനും രക്ഷയില്ല
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here