HomePOLITYഅഭിമന്യുവിനെ ...

അഭിമന്യുവിനെ എന്തിന് കൊന്നു?

-

Reading Time: 5 minutes

കേരളത്തില്‍ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ മാത്രം ഇത്രയേറെ വിലപിക്കാന്‍ എന്താണുള്ളത്? -സമകാലിക രാഷ്ട്രീയത്തെപ്പറ്റി ഞാന്‍ കൂടി പങ്കാളിയായ ഒരു ചര്‍ച്ചയ്ക്കിടെ വളരെ ബഹുമാന്യനായ ഒരു വ്യക്തി പ്രകടിപ്പിച്ച അഭിപ്രായമാണിത്. അപ്പോള്‍ത്തന്നെ ചാടിക്കയറി മറുപടി നല്‍കണം എന്നുണ്ടായിരുന്നു. പറഞ്ഞിട്ടു കാര്യമില്ല എന്നറിയാവുന്നതിനാല്‍ മിണ്ടാതിരുന്നു. അഭിമന്യുവിന്റേത് വെറുമൊരു രാഷ്ട്രീയ കൊലപാതകം മാത്രമായി കാണുന്ന ഒരുപാട് പേരുണ്ടാകാം. അവരോട് സഹതാപമേയുള്ളൂ. ഈ നിഷ്ഠുരമായ കൊലയ്ക്കു പിന്നിലെ കൃത്യമായ വിവരങ്ങള്‍ അവര്‍ മനസ്സിലാക്കാത്തതിനാലാവാം.

അഭിമന്യു

എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും എതിര്‍ക്കപ്പെടണം. അത് സി.പി.എം ആയാലും കോണ്‍ഗ്രസ് ആയാലും ആര്‍.എസ്.എസ്. ആയാലും മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തില്‍പ്പെട്ടയാള്‍ ആയാലും. അക്കാര്യത്തില്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ പറയുന്ന അഭിപ്രായത്തോട് ഞാന്‍ 101 ശതമാനം യോജിക്കുന്നു. പക്ഷേ, അഭിമന്യുവിന്റെ മരണം വെറുമൊരു രാഷ്ട്രീയ കൊലപാതകത്തിന്റെ ബ്രായ്ക്കറ്റില്‍പ്പെടുത്തി മാറ്റിനിര്‍ത്താനാവില്ല തന്നെ. കുറഞ്ഞപക്ഷം, ഈ വിഷയം പരിശോധിക്കുന്ന എന്‍.ഐ.എ., പൊലീസ് ഇന്റലിജന്‍സ് എന്നിങ്ങനെയുള്ള ഏജന്‍സികളെങ്കിലും അഭിമന്യുവിന്റെ കൊലപാതകത്തെ ഒരു രാഷ്ട്രീയ വിഷയം മാത്രമായി കാണുന്നില്ല.

ക്യാമ്പസിലെ കൊലപാതകങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ്. ക്യാമ്പസിലെ നേതാക്കളെ അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ക്കയറി അച്ഛനമ്മമാര്‍ക്കു മുന്നിലിട്ട് വെട്ടിനുറുക്കിയിട്ടുള്ളത് മറക്കുന്നില്ല. പക്ഷേ, അതു പലപ്പോഴും ക്യാമ്പസിലോ ഇരയുടെ സ്വദേശത്തോ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു. അഭിമന്യു ഇത്തരം ഒരു സംഘര്‍ഷങ്ങളിലും പങ്കാളി ആയിരുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി മഹാരാജാസില്‍ സംഘര്‍ഷങ്ങളേ ഉണ്ടായിട്ടില്ല എന്നു പറയുന്നത് അഭിമന്യുവിന്റെ എതിര്‍കക്ഷിക്കാരായ കെ.എസ്.യു. തന്നെയാണ്. അതിനാല്‍ത്തന്നെയാണ് അഭിമന്യുവിനോടുള്ള ആദരസൂചകമായി തങ്ങളുടെ സമൂഹമാധ്യമങ്ങളില്‍ കെ.എസ്.യു. അവന്റെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയത്. മഹാരാജാസിലെ കെ.എസ്.യു. നേതാവ് അവനെക്കുറിച്ച് അനുസ്മരണമെഴുതിയത്.

എന്തിനായിരുന്നു ഈ കൊലപാതകം? ഈ ചോദ്യത്തിന് ഉത്തരം തേടി പൊലീസ് അന്വേഷണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. അന്വേഷണ സംഘവും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ നമ്മില്‍ ഭീതിയുടെ മരവിപ്പ് പടര്‍ത്തുന്നു. അഭിമന്യുവിന്റെ പ്രായത്തില്‍ മക്കളുള്ള ഏതൊരു അച്ഛനും അമ്മയിലും ആ ഭീതി നടമാടും. അതിനാല്‍ത്തന്നെ അഭിമന്യുവിന്റേത് വെറും കൊലപാതകമല്ല. കൊലപാതകത്തിലൂടെ പടര്‍ത്തുന്ന ഭീതിയുടെ രാഷ്ട്രീയമാണ്. ഇന്റലിജന്‍സും എന്‍.ഐ.എയും സൂക്ഷ്മമായി പരിശോധിക്കുന്നതും ഇതാണ്.

അഭിമന്യുവിന്റെ മൃതദേഹത്തിനരികില്‍ അമ്മ ഭൂപതിയുടെ വിലാപം

തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയുടെ സാന്നിദ്ധ്യമറിയിക്കാന്‍ കടുത്ത നടപടി വേണമെന്നു എസ്.ഡി.പി.ഐ. നിശ്ചയിക്കുന്നിടത്താണ് എല്ലാത്തിന്റെയും തുടക്കം. ക്യാമ്പസുകളില്‍ കടന്നുകയറാന്‍ ഏറ്റവും നല്ലത് ഭീതിയുടെ രാഷ്ട്രീയം ആണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഭീതി വിതയ്ക്കാന്‍ ഏറ്റവും നല്ലത് കൊലപാതകമാണ് എന്ന് അഭിപ്രായമുയര്‍ന്നു, അതിന് പിന്തുണയും ലഭിച്ചു. കുറച്ചുകാലം മുമ്പ് വര്‍ക്കലയില്‍ നടന്ന ശിവപ്രസാദിന്റെ കൊലപാതകം ഉദാഹരണമായി ഈ ഗൂഢാലോചകര്‍ക്കു മുന്നിലെത്തി.

2009 സെപ്റ്റംബര്‍ 23നാണ് ശിവപ്രസാദ് കൊല ചെയ്യപ്പെട്ടത്. പതിവു പോലെ രാവിലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ മോട്ടോര്‍ സൈക്കിളില്‍ കറുത്ത വേഷം ധരിച്ച് വാളുമായെത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തി. 60 വയസ്സുകാരനായ ശിവപ്രസാദിന് പ്രത്യക്ഷമായ ഏതെങ്കിലും രാഷ്ട്രീയ ആഭിമുഖ്യമോ ക്രിമിനല്‍ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല. തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാന്‍ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് -ഡി.എച്ച്.ആര്‍.എം. എന്ന സംഘടന ആസൂത്രണം ചെയ്തു നടപ്പാക്കിയതായിരുന്നു ആ കൊലപാതകം. ശരിയാണ്, ആരുമറിയാതിരുന്ന ഡി.എച്ച്.ആര്‍.എമ്മിനെ ആ കൊലപാതകത്തോടെ കേരളത്തില്‍ എല്ലാവരും അറിഞ്ഞു.

ശിവപ്രസാദിനെ കൊന്ന കേസില്‍ 7 ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ചു. 2 പ്രതികള്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടു. ഈ 9 പേരുടെ ജീവിതം പാഴായത് സംഘടനയ്ക്കു വേണ്ടിയുള്ള മഹാത്യാഗമായാണ് ഡി.എച്ച്.ആര്‍.എമ്മുകാര്‍ ഇന്നും വിശേഷിപ്പിക്കുന്നത്. ജിഹാദിന്റെ പേരില്‍ മരിക്കാന്‍ തയ്യാറുള്ളവരെ വാര്‍ത്തെടുക്കുന്ന എസ്.ഡി.പി.ഐയ്ക്ക് അഭിമന്യുവിന്റെ കൊലപാതക ദൗത്യം നിറവേറ്റാന്‍ ആളെ കണ്ടെത്തുക വളരെ എളുപ്പമായിരുന്നു എന്ന് പൊലീസ്.

പ്രധാനപ്പെട്ട കലാലയത്തിലെ ഭരണപക്ഷ സംഘടനയില്‍പ്പെട്ട ഭൂരിപക്ഷ സമുദായാംഗമായ വിദ്യാര്‍ത്ഥിയെ തന്നെ കൊല്ലണം എന്നായിരുന്നു എസ്.ഡി.പി.ഐ. തീരുമാനം. ആ വിഷയം സംസ്ഥാനമൊട്ടുക്ക് ചര്‍ച്ചയാവുമ്പോള്‍ ഭീതിയുടെ അന്തരീക്ഷം നിലവില്‍ വരും. ആ അന്തരീക്ഷത്തില്‍ സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും ക്യാമ്പസ് ഫ്രണ്ടിന് കടന്നു കയറാം. പദ്ധതി നടപ്പാക്കാന്‍ മാസങ്ങള്‍ നീണ്ട ആലോചനയും ആസൂത്രണവും നടന്നു. നല്ലൊരു സമയത്തിനായി കാത്തിരിക്കാനായിരുന്നു തീരുമാനം.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നട്ടെല്ലില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് ശരീരം തളര്‍ന്നു പോയ സൈമണ്‍ ബ്രിട്ടോയുടെ ചക്രക്കസേരയ്ക്കു മുന്നിലൂടെ അഭിമന്യുവിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സ് കടന്നു പോകുന്നു

കേരളത്തിലെ പല പ്രധാന ക്യാമ്പസുകളും പരിഗണിച്ച ശേഷമാണ് മഹാരാജാസിനെ കൊലപാതക വേദിയാക്കാന്‍ തീരുമാനിച്ചത്. അവിടെ ആരെ കൊല്ലണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അഭിമന്യു. മഹാരാജാസിന്റെ തിരഞ്ഞെടുപ്പിലേക്കു നയിച്ചതും അഭിമന്യുവിന്റെ സാന്നിദ്ധ്യം തന്നെ. അവന്റെ വ്യക്തിവൈശിഷ്ട്യം തന്നെയാണ് അവനെ മരണത്തിലേക്കു നയിച്ചത്. എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമായ അവന്‍ എസ്.എഫ്.ഐയ്ക്ക് നാളെ ഉയര്‍ത്തിക്കാട്ടാന്‍ പറ്റുന്ന ഒരു നേതാവായിരുന്നു.

രാഷ്ട്രീയത്തിന് അതീതമായ സൗഹൃദങ്ങള്‍ പുലര്‍ത്തി എന്നതു തന്നെയാണ് അഭിമന്യുവിന്റെ ഏറ്റവും വലിയ മേന്മ. എസ്.എഫ്.ഐയില്‍ ഇത്തരം നേതാക്കള്‍ കുറഞ്ഞുവരുന്ന കാലമാണ്. ഇത്തരം രാഷ്ട്രീയത്തിനതീതമായ സൗഹൃദം തന്നെയാണ് അവനെ മരണത്തിലേക്കു നയിച്ചതും. ആരുടെയോ പ്രേരണയാലാണ് അന്നു രാത്രി തന്നെ അഭിമന്യു കോളേജിലെത്തിയതെന്ന് സഹോദരന്‍ പരിജിത്ത് പറഞ്ഞിരുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ ജെ.ഐ.മുഹമ്മദ് എന്ന സുഹൃത്തിന്റെ പ്രേരണയായിരുന്നു കാരണമെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ്‌

അഭിമന്യുവിനെ പാട്ടിലാക്കുക എന്ന തന്ത്രം മുഹമ്മദ് വളരെ വിദഗ്ദ്ധമായാണ് നടപ്പാക്കിയത്. എസ്.എഫ്.ഐയോട് രാഷ്ട്രീയാഭിമുഖ്യം ഉള്ളതായി ഭാവിച്ച അവന്‍ അഭിമന്യുവുമായി കൂടുതല്‍ അടുത്തു പെരുമാറിത്തുടങ്ങി. ഈ ഗണത്തില്‍പ്പെട്ട ആദ്യ പോസ്റ്റ് മുഹമ്മദ് ഫേസ്ബുക്കിലിട്ടത് ഏപ്രില്‍ 27നാണ് -‘കൈയില്‍ പിടിച്ചത് ചെങ്കൊടിയാണെങ്കില്‍ നിവര്‍ന്നുനില്‍ക്കാന്‍ എന്റെ നെഞ്ചിന് മടിയില്ല. കാരണം ഞാനൊരു സഖാവാണ്!’ ഇത് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം പങ്കിടുകയും ചെയ്തു. ഇതിനു ശേഷം മെയ് 31ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും ഇടതുമുന്നണിക്ക് അഭിവാദ്യമര്‍പ്പിച്ച് മുഹമ്മദ് രംഗത്തെത്തി.

ഇതെല്ലാം അഭിമന്യുവുമായി ബന്ധം ശക്തമാക്കാന്‍ മനഃപൂര്‍വ്വം ചെയ്തതാണെന്ന് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നു; അല്ല വിശ്വസിക്കുന്നു. ക്യാമ്പസ് ഫ്രണ്ടുകാര്‍ കാത്തിരുന്ന ‘പറ്റിയ സമയം’ ഒടുവിലെത്തി. പുതിയ കുട്ടികള്‍ കോളേജില്‍ കടന്നു വരുന്ന അവസരം. ജൂലൈ 2ന് കോളേജ് തുറക്കും. ജൂലൈ 1ന് കൃത്യം നിറവേറ്റാന്‍ തീരുമാനിച്ചു. ഇരയായ അഭിമന്യു നാട്ടിലാണ്. അവനെ കോളേജിലെത്തിക്കണം. അതിനായി അഭിമന്യുവിനെ മുഹമ്മദ് തുടര്‍ച്ചയായി വിളിച്ചു. ആ വിളികളുടെ ഫലമായാണ് അഭിമന്യു അന്നു രാത്രി തന്നെ മരണത്തിലേക്ക് ലോറിയിലെത്തിയത്. ഇപ്പോള്‍ ഈ കൊലക്കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദ് ചെയ്ത കുറ്റത്തിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നത് അവിടെയാണ്. ഇതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വന്തം നമ്പര്‍ ഒഴിവാക്കി മറ്റൊരു നമ്പരില്‍ നിന്നാണ് മുഹമ്മദ് വിളിച്ചതെന്നാണ് സൂചന.

മുഹമ്മദ് കോളേജില്‍ അഭിമന്യുവിനൊപ്പം

കോളേജിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അഭിമന്യുവും പങ്കാളിയായി. എസ്.എഫ്.ഐ. അനുഭാവി ആയി അതുവരെ അഭിനയിച്ച മുഹമ്മദ് പക്ഷേ, തന്റെ യഥാര്‍ത്ഥ സ്വത്വം -ക്യാമ്പസ് ഫ്രണ്ട് -പ്രകടമാക്കി. തര്‍ക്കത്തിനിടയില്‍ അഭിമന്യുവിനും അര്‍ജ്ജുനും കുത്തേറ്റു. കൊല്ലാന്‍ വേണ്ടി തന്നെ clinically perfect ആയിരുന്നു അഭിമന്യുവിനേറ്റ കുത്ത്. ക്യാംപസ് സംഘട്ടനത്തിന്റെ ഫലമായി ആരും നേരിട്ട് ഹൃദയത്തില്‍ കത്തി കുത്തിയിറക്കിയതായി കേട്ടിട്ടില്ല. ഇങ്ങനെ കുത്തുമെന്ന് മുഹമ്മദിന് അറിയാമായിരുന്നു. ആ കുത്തിലേക്ക് അവന്‍ തന്റെ ‘സുഹൃത്തിനെ’ വിളിച്ചുവരുത്തി മുന്നില്‍ നിര്‍ത്തി.

യേശുദേവനെ യൂദാസ് ഒറ്റി. ജൂലിയസ് സീസറെ ബ്രൂട്ടസ് ഒറ്റി. അഭിമന്യുവിനെ ഒറ്റിയ ഈ പരനാറിയുടെ പരിശുദ്ധമായ പേര് ഒരിക്കലും ഒരു ഒറ്റുകാരന് ചേര്‍ന്നതല്ല. കലാലയ സൗഹൃദങ്ങള്‍ക്ക് ഇവന്‍ അപമാനമാണ്. മറ്റേത് ബന്ധത്തെക്കാളും ശക്തിയുള്ളതാണ് കലാലയത്തില്‍ ഉടലെടുക്കുന്ന സൗഹൃദങ്ങള്‍. ആ ശക്തിയുടെ അടിത്തറയാണ് അഭിമന്യുവിനെ ഒറ്റിയ മുഹമ്മദ് ബോംബു വെച്ചു തകര്‍ത്തത്.

സംഘര്‍ഷം സ്വയം ഉണ്ടാവുന്നതല്ല. അത് സംഘടിപ്പിക്കപ്പെടുന്നതാണ്. ഇതിനൊടുവില്‍ ഒരു കക്ഷി നേട്ടമുണ്ടാക്കുന്നു. ആ നേട്ടമാണ് ക്യാമ്പസ് ഫ്രണ്ട് ലക്ഷ്യമിട്ടത്. ഡി.എച്ച്.ആര്‍.എം. മാതൃകയില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ വരവറിയിക്കാന്‍ കൃത്യതയോടെ ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതാണ് അഭിമന്യുവിന്റെ കൊലപാതകം. അതിലവര്‍ വിജയിച്ചുവെന്നാണ് തോന്നുന്നത്. ആരുമറിയാത്ത ക്യാമ്പസ് ഫ്രണ്ടിനെ ഇപ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. Negative publicity is also publicity.

അഭിമന്യു കൊല ചെയ്യപ്പെടാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവനാണ്. അവന്റെ നന്മ തന്നെയാണ് അവന്റെ കൊലയിലേക്കു നയിച്ചത്. നന്മയുടെ പേരില്‍ മാത്രം ഒരുവന്‍ കൊല ചെയ്യപ്പെടുന്നുവെങ്കില്‍ അത് ഫാസിസത്തിനും അപ്പുറമാണ്. അതിനാല്‍ ഈ കൊലപാതകം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടണം. കൊലപാതകികളെ ഒറ്റപ്പെടുത്തണം.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks