ഇത്രയും കാലം മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് മൊത്തത്തിലായിരുന്നു മുറവിളി. എന്നാൽ ഇപ്പോൾ മൂല്യച്യുതി ദൃശ്യമാധ്യമങ്ങൾക്കു മാത്രമാണ്. പറയുന്നത് മലയാള മനോരമ, മാതൃഭൂമി തുടങ്ങി കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രങ്ങളാവുമ്പോൾ വിശ്വസിക്കാതെ തരമില്ല. ഞാൻ ഉൾപ്പെടുന്ന ദൃശ്യമാധ്യമ പ്രവർത്തക സമൂഹത്തിന് എന്തോ കുഴപ്പമുണ്ട്. ഒന്നര ദശകത്തിലേറെ കാലം പത്രക്കാരനായിരുന്നപ്പോൾ എനിക്കു കുഴപ്പം ഉണ്ടായിരുന്നില്ലെന്ന് പ്രത്യേകം എടുത്തു പറയട്ടെ!!!
ടെലിവിഷനായാലും പത്രമായാലും മറ്റേതെങ്കിലും മാധ്യമമായാലും വാർത്ത കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ തന്നെയാണ്. റേഡിയോ, വാരിക, പോർട്ടൽ, പത്രം, ചാനൽ എന്നിങ്ങനെ നിലവിലുള്ള എല്ലാ മാധ്യമ സംവിധാനങ്ങളിലും ജോലി ചെയ്ത് പരിചയമുള്ളതിന്റെ പേരിലാണ് ഈ പറയുന്നത്. പക്ഷേ, ഏറ്റവും വെല്ലുവിളി ചാനൽ രംഗത്തു തന്നെ. കാരണം അവിടെ പോരാട്ടം സമയവുമായിട്ടാണ്. തെറ്റുകൾ സംഭവിക്കാറുണ്ട്. തെറ്റാണെന്നു കണ്ടാൽ ഉടനെ തിരുത്താറുമുണ്ട്. അടുത്തിടെ രഞ്ജി ട്രോഫി ഫുട്ബോൾ എന്ന് ഒരു ചാനലിൽ സ്ക്രോൾ പോയത് ഉദാഹരണം. കളിയെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഒരു ജൂനിയർ ജേർണലിസ്റ്റ് വരുത്തിയ പിഴവ്. തെറ്റ് കണ്ടയുടനെ സീനിയർ തിരുത്തി. എല്ലാവർക്കും എല്ലാ കാര്യത്തിലും വിവരമുണ്ടാവണമെന്ന് നിർബന്ധമില്ലല്ലോ. വിവരമില്ലായ്മ ഒരു കുറ്റമല്ല!
ചാനലുകൾ ചെയ്യുന്ന പോലെ ചില പോർട്ടലുകൾ ലൈവ് അപ്ഡേറ്റ് കൊടുത്ത് മേനി നടിക്കുന്നുണ്ട്. പക്ഷേ, അത് ടെലിവിഷൻ ചാനലിൽ ലൈവ് കണ്ടിട്ടാണ്. അല്ലാതെ ഈ പോർട്ടലുകൾക്ക് എവിടെയാ തത്സമയ റിപ്പോർട്ടർമാർ ഉള്ളത്? എങ്കിലും കാര്യം കഴിയുമ്പോൾ ചാനലുകൾ ലൈവ് കൊടുത്തതിനെ വിമർശിച്ച് പോർട്ടൽ മുതലാളി കോൾ’മയിർ’കൊള്ളും. അതുപോലെ തന്നെയാണ് രണ്ട് പത്രമുത്തശ്ശിമാരുടെ മുഖപ്രസംഗ വ്യായാമം.
മലയാള മനോരമയുടെ ചാനലാണ് മനോരമ ന്യൂസ്. അതുപോലെ മാതൃഭൂമിയുടേത് മാതൃഭൂമി ന്യൂസും. ഈ രണ്ടു ചാനലുകളും സി.ഡി. വിഷയത്തിൽ പൊതുധാരയ്ക്കൊപ്പം തന്നെയാണ് നീങ്ങിയത്. അങ്ങനെ മാത്രമേ സാധിക്കുകയുള്ളൂ. പിന്നെ ആരെ തൃപ്തിപ്പെടുത്താനാണ് മുഖപ്രസംഗ നാടകം? ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ..
ഇനി ഒരു പ്രധാനപ്പെട്ട കാര്യം. ചാനൽ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് മുറവിളി ശക്തമായത് എപ്പോഴാണ്? ഉത്തരം ഞാൻ തന്നെ പറയാം -മുൻ മന്ത്രിയും നിലവിൽ എം.എൽ.എയുമായ ജോസ് തെറ്റയിലിന്റെ കിടപ്പറ രംഗം മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്തതോടെ. പക്ഷേ, കിടപ്പറരംഗം സംപ്രേക്ഷണം ചെയ്തതിൽ ആ ചാനലിലെ ഏതെങ്കിലും മാധ്യമപ്രവർത്തകനു പങ്കുണ്ടോ? ഇല്ല. മാധ്യമ മുതലാളിയായ എം.പി.വീരേന്ദ്രകുമാർ തന്റെ രാഷ്ട്രീയ എതിരാളിയെ തകർക്കാൻ സ്വന്തം ചാനൽ ഉപയോഗിച്ചു. മുതലാളിയുടെ സമ്മർദ്ദത്തിന് വഴങ്ങാൻ നിർബന്ധിതരായ, വെറും ശമ്പളക്കാർ മാത്രമായ മാധ്യമപ്രവർത്തകർ പഴി മുഴുവൻ ചുമക്കുന്നു.
മാധ്യമ സ്വാതന്ത്ര്യം എന്നാൽ മാധ്യമ മുതലാളിയുടെ സ്വാതന്ത്ര്യം. റേറ്റിങ്ങിനും മറ്റു സ്വാർത്ഥ ലാഭങ്ങൾക്കും വേണ്ടി മുതലാളി സമ്മർദ്ദം ചെലുത്തുമ്പോൾ നെട്ടോട്ടമോടാനും ആ ഓട്ടത്തിന്റെ പേരിൽ പിന്നീട് പഴി കേൾക്കാനും പാവം മാധ്യമ പ്രവർത്തകന്റെ ജീവിതം ബാക്കി.
വലിയ ധാർമ്മികത പ്രസംഗിച്ചാൽ വീട്ടിൽ അടുപ്പ് പുകയില്ല. വിശപ്പാണ് പ്രധാനം, ധാർമ്മികതയല്ല..