Reading Time: 6 minutes

ബി.ജെ.പി. അക്കൗണ്ട് തുറക്കുമോ? 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചോദ്യമാണിത്. എന്റെ നേര്‍ക്കും ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. ഈ ചോദ്യത്തിന് ഞാന്‍ നല്‍കുന്ന മറുപടി എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. ബി.ജെ.പി. അക്കൗണ്ട് തുറക്കാന്‍ സാദ്ധ്യതയില്ല എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. പരസ്യമായി ഇത് ആദ്യമായാണ് ഞാന്‍ പറയുന്നത്. സ്വകാര്യ സംഭാഷണങ്ങളില്‍ ഇതു ഞാന്‍ പറഞ്ഞതിന്റെ പേരില്‍ ചിലരൊക്കെ എന്നെ കമ്മ്യൂണിസ്റ്റ് -അല്ല ‘അന്തം കമ്മി’ -ആക്കിയിട്ടുണ്ട്. ഈ ‘അന്തം കമ്മി’ എന്നു പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ല. എന്തോ മോശം പ്രയോഗം ആണെന്നറിയാം. ആര്‍ക്കെങ്കിലും അര്‍ത്ഥം അറിയാമെങ്കില്‍ ദയവായി പറഞ്ഞുതരിക. അതെന്തോ ആകട്ടെ. ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ കള്ളം പറയുന്ന രീതി എനിക്കില്ല. ബി.ജെ.പി. ജയിക്കില്ല എന്നാണ് കാണുന്നതെങ്കില്‍ അതു പറയും. അല്ലാതെ ജയിക്കാത്ത ബി.ജെ.പി. ജയിക്കും എന്നു പറഞ്ഞ് ആരെയെങ്കിലും സുഖിപ്പിക്കാന്‍ ഞാനില്ല. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പോയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെ വിലയിരുത്തല്‍. ഒരു പ്രവചനരൂപത്തിലുള്ള എന്റെ വാക്കുകള്‍ ഫലപ്രഖ്യാപന വേളയില്‍ തെറ്റിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള തികഞ്ഞ ബോദ്ധ്യത്തോടെ തന്നെയാണ് ഇതു പറയുന്നത്.

Lotus.jpg

ബി.ജെ.പിയുടെ വോട്ട് വിഹിതം ഇത്തവണ കൂടുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. പക്ഷേ, അത് ഒരു സീറ്റാക്കി മാറ്റാനുള്ളത്ര വളര്‍ച്ച കൈവരിച്ചിട്ടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അതു സംഭവിച്ചേക്കാം. ഇക്കുറി ഏതായാലും അക്കൗണ്ട് തുറക്കില്ല. താമര വിരിയില്ല തന്നെ. ബി.ജെ.പിയുടെ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടെന്നത് അവഗണിക്കാനാവാത്ത സത്യമാണ്. പതിവു ചോര്‍ച്ച തടയുന്ന ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനം കൂടിയാവുമ്പോള്‍ വോട്ട് വിഹിതം ഇക്കുറി കൂടും. എന്നാല്‍, ബി.ജെ.പി. ഒരു സീറ്റും ജയിക്കാതിരിക്കുകയാണെങ്കില്‍ അതിനും കാരണം ആര്‍.എസ്.എസ്. തന്നെ. ഒരു കേഡര്‍ സംവിധാനമുള്ള സംഘടനയായ ആര്‍.എസ്.എസ്സിന് ചിട്ടയായ പ്രവര്‍ത്തനം നടത്താന്‍ ശേഷിയുണ്ട്. ആ ചിട്ട ബി.ജെ.പിക്കു നല്‍കുന്ന കെട്ടുറപ്പ് ചെറുതല്ല. പിഴവിനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കി ബി.ജെ.പിക്കു വരാനിടയുള്ള വോട്ടുകള്‍ മുഴുവന്‍ സമാഹരിക്കാന്‍ ആര്‍.എസ്.എസ്സുകാര്‍ക്ക് കഴിയും. പക്ഷേ, ആ പ്രവര്‍ത്തനശൈലി ജനസാമാന്യം അംഗീകരിക്കുന്നില്ല. പുതിയ വോട്ടുകള്‍ ബി.ജെ.പിയിലേക്കു വരുന്നത് ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ്സിന്റെ രീതികള്‍ ഉളവാക്കുന്ന ഭീതി കാരണമായി എന്നതാണ് വിരോധാഭാസം.

ഹിന്ദുക്കള്‍ പോലും ഭീതിയോടെ കാണുന്ന ഒരു സംഘടനയാണ് ആര്‍.എസ്.എസ്. തങ്ങളുടെ ആദര്‍ശങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ഹിന്ദുവാണോ അല്ലയോ എന്ന പരിഗണനയൊന്നും അവര്‍ നല്‍കാറില്ല. അതിനാല്‍ത്തന്നെ ആര്‍.എസ്.എസ്സിന്റെ ആക്രമണങ്ങള്‍ക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളത് മറ്റു സംഘടനകളില്‍പ്പെട്ട ഹിന്ദുക്കള്‍ തന്നെ. അപ്പോള്‍പ്പിന്നെ മറ്റു മതക്കാരുടെ ഭീതിയുടെ കാര്യം പറയണോ. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വളരെ ചിട്ടയായ പ്രവര്‍ത്തനം തന്നെയാണ് ആര്‍.എസ്.എസ്. നടത്തിയത്. പക്ഷേ, അവര്‍ വോട്ട് അഭ്യര്‍ത്ഥിക്കാനല്ല ശ്രമിച്ചത്, മറ്റുള്ളവരെക്കൊണ്ട് വോട്ട് ചെയ്യിക്കാനാണ്. ഒരു തരത്തില്‍ ആജ്ഞാപിക്കുന്ന അല്ലെങ്കില്‍ നിര്‍ബന്ധിക്കുന്ന രീതി. തങ്ങളുടെ സംഘടനാശേഷി തെളിയിക്കുന്നതിനായി പ്രത്യേക വസ്ത്രധാരണ ശൈലിയും അവര്‍ അവലംബിച്ചു. ഇത്തരം പൊങ്ങച്ചക്കോലങ്ങള്‍ ജനങ്ങളില്‍ നല്ല അഭിപ്രായമല്ല ഉളവാക്കിയതെന്ന് ഞാന്‍ പറയും. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്നപ്പോള്‍ മനസ്സിലായ കാര്യമാണിത്.

കാവി മുണ്ട്, വെള്ള ഷര്‍ട്ട്, കാവി തൊപ്പി, കൈയില്‍ ചുവന്ന ചരട്, നെറ്റിയില്‍ നീളന്‍ കുങ്കുമക്കുറി -പലയിടത്തും ബി.ജെ.പിക്കായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നവരുടെ വേഷം ഞാന്‍ കണ്ടത് ഇതായിരുന്നു. സംഘടനാശേഷിയുടെ പ്രകടനപരതയ്ക്കായി ആര്‍.എസ്.എസ്സുകാര്‍ എടുത്തണിഞ്ഞ ഈ വേഷം ഒരു നെഗറ്റീവ് വൈബാണ് സൃഷ്ടിച്ചത്. വേഷത്തിലെ വ്യത്യസ്തത ഇവരെ സാധാരണ ജനങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണിക്കുന്ന തരത്തിലായി. സാധാരണ വേഷത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് എത്തുന്നവര്‍ നല്‍കുന്ന നോട്ടീസിലേക്ക് കണ്ണോടിക്കുമ്പോഴാണ് അവര്‍ എതു പാര്‍ട്ടിക്കാരാണെന്നു മനസ്സിലാവുന്നത്. എന്നാല്‍, ബി.ജെ.പിക്കാരെ തിരിച്ചറിയാന്‍ ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. തങ്ങളുടേതായ ഐഡന്റിറ്റി സൃഷ്ടിക്കാന്‍ ബി.ജെ.പിയിലെ ബുദ്ധികേന്ദ്രങ്ങള്‍ ആവിഷ്‌കരിച്ച ഈ തന്ത്രം പാളി എന്നു തന്നെയാണ് ആത്യന്തികമായ വിലയിരുത്തല്‍. ഈ പ്രത്യേക വേഷക്കാര്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരാണെന്ന് അംഗീകരിക്കാന്‍ പലയിടത്തും ജനങ്ങള്‍ മടിച്ചു. ഗുജറാത്ത് കലാപത്തിന്റെയും ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളില്‍ കണ്ട രൂപങ്ങളെ വീട്ടില്‍ നോട്ടീസുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ അനുസ്മരിപ്പിച്ചുവെന്നാണ് തിരുവനന്തപുരത്ത് കരമനയില്‍ താമസിക്കുന്ന എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ പറഞ്ഞത്. ഗേറ്റ് കടന്നുവന്ന ബി.ജെ.പിക്കാര്‍ നോട്ടീസ് നല്‍കി പുറത്തു പോകുംവരെ അദ്ദേഹത്തിന് വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദമായിരുന്നുവത്രേ.

ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിക്കുന്ന ഒരു കാരണം ബി.ഡി.ജെ.എസ്സിന്റെ സാന്നിദ്ധ്യമാണ്. വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയുടെ വരവ് തങ്ങളുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും അത് വിജയമാക്കി മാറ്റാനാവുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു. എന്നാല്‍, ഈ പറയുന്ന സ്വാധീനം ചെലുത്താന്‍ ബി.ഡി.ജെ.എസ്സിനാവും എന്നതിനു തെളിവൊന്നും പ്രകടമാവുന്നില്ല. പ്രചാരണത്തിലെ വര്‍ണ്ണശബളിമ ആധാരമാക്കി ബി.ഡി.ജെ.എസ്സിന് ശക്തിയുണ്ടെന്ന് ചിലരൊക്കെ വിലയിരുത്തുണ്ടെങ്കിലും അതു പണക്കൊഴുപ്പിന്റെ പ്രകടനം മാത്രമാണ്. ബി.ഡി.ജെ.എസ്സിന്റെ വരവ് ബി.ജെ.പിക്ക് നേട്ടമായില്ലെന്നു മാത്രമല്ല നഷ്ടമായി മാറുന്ന സ്ഥിതിയുണ്ട്. എസ്.എന്‍.ഡി.പി. യോഗത്തിന്റെ വിവിധ യൂണിയന്‍ ഭാരവാഹികളാണ് പലയിടത്തും ബി.ഡി.ജെ.എസ്. ഭാരവാഹികളായി മാറിയത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇക്കൂട്ടര്‍ തന്നെ. നടേശന്റെ സാമ്പത്തിക പിന്തുണയില്‍ ഭാരവാഹിത്വം നേടിയ ഇവര്‍ക്ക് മറ്റൊരു നിലപാട് സ്വീകരിക്കാനാവില്ല. എന്നാല്‍, സാധാരണ ഈഴവര്‍ അങ്ങനെയല്ല. വെള്ളാപ്പള്ളിയുടെ സാമ്പത്തികശക്തിയെ എതിര്‍ക്കാനാവാത്തതു കൊണ്ടു മാത്രം അടങ്ങിയിരിക്കുന്നവരാണ് എസ്.എന്‍.ഡി.പി. യോഗത്തിലെ മഹാഭൂരിപക്ഷവും എന്ന് ഇതിനു മുമ്പ് പല തവണ വ്യക്തമായിട്ടുള്ളതാണ്. അവര്‍ക്ക് ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാം. സ്വീകരിക്കുക തന്നെ ചെയ്യും. ഈഴവരില്‍ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്തിരുന്നവര്‍ കോണ്‍ഗ്രസ്സിനും സി.പി.എമ്മിനു വോട്ടു ചെയ്തിരുന്നവര്‍ സി.പി.എമ്മിനും തന്നെ വോട്ടു ചെയ്യും. ബി.ഡി.ജെ.എസ്സിന്റെ സാന്നിദ്ധ്യം ഇക്കൂട്ടരില്‍ പരമാവധി ഒരു 20 ശതമാനത്തെ ബി.ജെ.പി. പാളയത്തിലെത്തിച്ചേക്കാം. മൈക്രോഫിനാന്‍സ് പോലുള്ള സംവിധാനങ്ങള്‍ ആ മാറ്റം എളുപ്പമാക്കിയിട്ടുണ്ട്. പക്ഷേ, ഒരു മണ്ഡലത്തില്‍ ബി.ജെ.പിക്ക് വിജയം നേടിക്കൊടുക്കാനും മാത്രമുള്ള മാറ്റം ഈഴവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.

ബി.ജെ.പിക്ക് പ്രതീക്ഷയാണെങ്കിലും ഫലത്തില്‍ ബി.ഡി.ജെ.എസ്. അവര്‍ക്ക് നഷ്ടക്കച്ചവടമാണ്. ഈഴവ വോട്ടുകളില്‍ കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും വിഹിതത്തിലുണ്ടായ നഷ്ടം 20 ശതമാനമാണെങ്കില്‍ ബി.ജെ.പിക്ക് നഷ്ടം 100 ശതമാനമാണ്. ബി.ജെ.പിക്ക് വോട്ടു ചെയ്തിരുന്ന, ബി.ജെ.പി. പ്രവര്‍ത്തകരായിരുന്ന ഈഴവരാണ് ഇപ്പോള്‍ ബി.ഡി.ജെ.എസ്. ആയി മാറിയിരിക്കുന്നത്. എന്‍.ഡി.എയില്‍ തന്നെ തുടരുന്നതിനാല്‍ ഇപ്പോള്‍ ആ മാറ്റം പ്രകടമാവുന്നില്ലെന്നേയുള്ളൂ. നാളെ നടേശന്‍ ബി.ഡി.ജെ.എസ്സുമായി മറ്റേതെങ്കിലും മുന്നണിയില്‍ ചേക്കേറുന്ന സാഹചര്യമുണ്ടായാല്‍ അപ്പോഴാണ് ബി.ജെ.പിക്ക് കൈ പൊള്ളുക. മാത്രമല്ല, ബി.ജെ.പിയുടെ പരമ്പരാഗത ശക്തിസ്രോതസ്സായ നായര്‍ വോട്ടുകളില്‍ ബി.ഡി.ജെ.എസ്. ഇടിവു വരുത്തുമെന്നാണ് ഏറ്റവും ഒടുവില്‍ നടത്തിയ ഓട്ടപ്രദക്ഷിണത്തില്‍ എനിക്കു മനസ്സിലാക്കാനായത്. വെള്ളാപ്പള്ളി നടേശന്‍ എന്ന ഈഴവ പ്രഭുവിന്റെ അപ്രമാദിത്തം അംഗീകരിച്ചുകൊടുക്കാന്‍ സുകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള നായര്‍ പ്രമാണിമാര്‍ തയ്യാറല്ല തന്നെ. ബി.ഡി.ജെ.എസ്. മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവരുടെ പരാജയം ഉറപ്പാക്കാനുള്ള തിട്ടൂരം പെരുന്നയില്‍ നിന്ന് കൈമാറിക്കഴിഞ്ഞുവെന്നാണ് ഉപശാലാ വര്‍ത്തമാനം. ഇത് ഫലത്തില്‍ ബി.ജെ.പി. മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കും വ്യാപിക്കാനാണ് സാദ്ധ്യത. തിരുവനന്തപുരത്തെ വര്‍ക്കല പോലുള്ള പല മണ്ഡലങ്ങളിലും നായന്മാരുടെ ഈ മാറ്റത്തിന്റെ സൂചന കാണാം. വര്‍ക്കലയില്‍ ബി.ഡി.ജെ.എസ്സാണ് എന്‍.ഡി.എയില്‍ നിന്നു മത്സരിക്കുന്നത്.

ബി.ജെ.പിക്ക് അടുത്തിടെ കേരളത്തിലുണ്ടായ വളര്‍ച്ചയുടെ അവകാശം നരേന്ദ്ര മോദിക്കു നല്‍കാനാണാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ശക്തനായ നേതാവിനെ പിന്തുണയ്ക്കാന്‍ മലയാളികള്‍ തയ്യാറായി എന്നതിന്റെ ഫലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വോട്ട് വര്‍ദ്ധന. ആ ട്രെന്‍ഡ് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലേക്ക് നീട്ടിയെടുക്കുന്നതില്‍ ബി.ജെ.പി. വിജയിച്ചതില്‍ വി.മുരളീധരന്‍ എന്ന സൗമ്യമുഖമുള്ള നേതാവ് വഹിച്ച പങ്ക് ചെറുതല്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന വേളയില്‍ ബി.ജെ.പി. കാണിച്ച ഏറ്റവും വലിയ അബദ്ധം സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മുരളീധരനെ മാറ്റി എന്നുള്ളതു തന്നെ. പകരം വന്നത് കറകളഞ്ഞ ആര്‍.എസ്.എസ്സുകാരനായ കുമ്മനം രാജശേഖരന്‍. ആര്‍.എസ്.എസ്. -ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് കുമ്മനത്തിന്റെ വരവ് ആവേശം പകര്‍ന്നുവെങ്കിലും ജനങ്ങള്‍ക്കിടയിലുണ്ടായ പ്രതികരണം അങ്ങനെയല്ല. മുരളീധരനും ആര്‍.എസ്.എസ്സുകാരനാണെങ്കിലും സൗമ്യമായ മുഖഭാവത്തിനു പിന്നില്‍ ആ സ്വത്വം മറച്ചുപിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. എന്നാല്‍, കര്‍ക്കശക്കാരനായ കുമ്മനം രാജശേഖരന്‍ അങ്ങനെയല്ല. തീവ്രഹിന്ദുത്വ നിലപാടിലേക്കുള്ള കേരള ബി.ജെ.പിയുടെ മാറ്റത്തിന്റെ പ്രതീകമായിട്ടാണ് കുമ്മനം രാജശേഖരനെ ജനങ്ങള്‍ കണ്ടത്. ഹിന്ദു വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ തന്നെയാണ് തങ്ങളുടെ ശ്രമം എന്ന രീതിയില്‍ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് കുമ്മനം നല്‍കിയ അഭിമുഖങ്ങള്‍ കൂടിയായപ്പോള്‍ തികഞ്ഞു. എല്‍.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമായെന്നു പറഞ്ഞാല്‍ മതിയല്ലോ.

ബി.ജെ.പിയില്‍ സമീപകാലത്തുണ്ടായ വിശ്വാസ്യതാനഷ്ടവും താമര വിരിയുന്നതിനു വിഘാതമാകുന്ന ഘടകമാണ്. അഴിമതി വിരുദ്ധത പറഞ്ഞ് കേന്ദ്ര ഭരണം പിടിച്ച ബി.ജെ.പിയുടെ അഴിമതിക്കഥകള്‍ ഇവിടെ വ്യാപകമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ബി.ജെ.പി. ഭരിക്കുന്ന ഛത്തീസ്ഗഢിലെ 36,000 കോടി രൂപയുടെ അരി കുംഭകോണം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെട്ട വ്യാപം നിയമനത്തട്ടിപ്പ് കേസ്, ഗുജറാത്തില്‍ മെട്രോയുടെ പണി തുടങ്ങും മുമ്പ് തന്നെ നടന്ന 472 കോടി രൂപയുടെ അഴിമതി, മഹാരാഷ്ട്രയിലെ 206 കോടി രൂപയുടെ അങ്കണവാടി അഴിമതി, ഹരിയാണയിലെ 80 കോടിയുടെ പെന്‍ഷന്‍ കുംഭകോണം തുടങ്ങി അനേകം അഴിമതിക്കഥകള്‍. ഇവയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.എ., എം.എ. ബിരുദക്കഥകളും വാഗ്ദാനലംഘനങ്ങളും ചര്‍ച്ചാവിഷയം തന്നെ. ഇന്ധനവില വര്‍ദ്ധന പിടിച്ചുനിര്‍ത്തും എന്നതുള്‍പ്പെടെ പ്രതിപക്ഷത്തിരുന്നപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളുമെല്ലാം മോദി സൗകര്യപൂര്‍വ്വം വിഴുങ്ങി. ഇതോടൊപ്പം ബി.ജെ.പി. അണികള്‍ സമൂഹമാധ്യമങ്ങളില്‍ പടച്ചുവിടുന്ന വ്യാജ ഫോട്ടോഷോപ്പ് തട്ടിപ്പുകളും വിശ്വാസ്യത കുത്തനെ ഇടിച്ചു. ബി.ജെ.പിക്ക് 18 മുതല്‍ 22 വരെ സീറ്റ് ലഭിക്കുമെന്ന് സി.എന്‍.എന്‍. ഐ.ബി.എന്നിന്റെ പേരില്‍ വ്യാജ സര്‍വേ പടച്ചുവിട്ടത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അട്ടപ്പാടിയിലെ ശിശുക്കളുടെ ദുരിതാവസ്ഥ പ്രകടമാക്കാന്‍ ശ്രീലങ്കയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ചിത്രമുപയോഗിച്ച് പാര്‍ട്ടി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെ നടത്തിയ നാടകം പൊളിഞ്ഞത് കൂനിന്മേല്‍ കുരുവായി.

ഫലത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായി ഒരു തരംഗത്തിന്റെ സൃഷ്ടിക്ക് ആര്‍.എസ്.എസ്. കാരണമായിരിക്കുന്നു എന്നു ഞാന്‍ പറയും. ഭയത്തിന് മറ്റേതു വികാരത്തെയും മുക്കിക്കളയാനുള്ള ശക്തിയുണ്ട്. ആര്‍.എസ്.എസ്. അഥവാ ബി.ജെ.പി. ഇപ്പോള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു, വിശേഷിച്ചും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍. ഉത്തരേന്ത്യയില്‍ പലയിടത്തും അരങ്ങേറിയ സംഭവവികാസങ്ങളും കേരളത്തിലെ ഘര്‍വാപസി പോലുള്ള ചടങ്ങുകളും ഭീതിയുടെ സൃഷ്ടിയില്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്സിനെ ഭയക്കുന്നവര്‍ക്ക് ഇപ്പോള്‍ ഒരു ലക്ഷ്യമേയുള്ളൂ -ബി.ജെ.പി. ഒരിടത്തും ജയിക്കരുത്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥിക്ക് അവര്‍ സംഘടിതമായി വോട്ടു ചെയ്യും. ആര്‍.എസ്.എസ്സിനെ വിശ്വസനീയമായ രീതിയില്‍ എതിര്‍ക്കുന്നത് എല്‍.ഡി.എഫ്. ആയതിനാല്‍ വോട്ടുകള്‍ ആ പെട്ടിയില്‍ വീഴാനാണ് കൂടുതല്‍ സാദ്ധ്യത. പരമ്പരാഗതമായി യു.ഡി.എഫ്. പെട്ടിയില്‍ വീണിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഭീതി നിമിത്തം പക്ഷം മാറുമ്പോള്‍ എല്‍.ഡി.എഫ്. കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് സ്വാഭാവികം. സാധാരണനിലയില്‍ എല്‍.ഡി.എഫിന്റെ വോട്ടുകള്‍ എല്ലായിടത്തും വലിയ ഏറ്റക്കുറച്ചിലുണ്ടാവാതെ നില്‍ക്കുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനൊപ്പം ഭരണവിരുദ്ധ വികാരത്തിന്റെയും ആര്‍.എസ്.എസ്. ഭീതിയുടെയും ഫലമായി വരുന്ന വോട്ടുകള്‍ തരംഗമായി മാറിയേക്കാം. വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിലുള്ള വിശ്വാസം കൂടിയാവുമ്പോള്‍ തരംഗത്തിന് പ്രഹരശേഷി കൂടുന്നു.

ഒരു സുപ്രഭാതത്തിലുണ്ടായ വെളിപാടിന്റെ അടിസ്ഥാനത്തിലല്ല എന്റെ ഈ വിലയിരുത്തല്‍. ഏറ്റവും ഒടുവില്‍ സംസ്ഥാനത്തു നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍ ദൃശ്യമായ പ്രവണതയാണിത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിലാണ് ഇത് ആദ്യം കണ്ടത്. യഥാര്‍ത്ഥത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലായിരുന്നുവെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ചാണക്യസൂത്രം പ്രയോഗിച്ചു -മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നു പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലമാണ് അരുവിക്കര. ബി.ജെ.പി. ജയം ഒഴിവാക്കാന്‍ അവര്‍ സംഘടിതമായി കൈപ്പത്തിയില്‍ കുത്തി. ഫലമോ യു.ഡി.എഫിന് അനായാസ ജയം. ഫലപ്രഖ്യാപനം വന്നപ്പോഴാണ് എല്‍.ഡി.എഫിലെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് ഈ അപകടം മനസ്സിലായത്. അബദ്ധങ്ങളില്‍ നിന്നു പാഠം പഠിക്കുന്നു എന്നതാണ് എല്‍.ഡി.എഫിന്റെ നേട്ടം. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രത്തിന് അരുവിക്കര ആധാരമാക്കി രൂപം നല്‍കിയ മറുതന്ത്രം ഇപ്പോള്‍ ഫലം കൊയ്യുന്ന സ്ഥിതിയിലായിരിക്കുന്നു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് വെള്ളാപ്പള്ളി നടേശനും ബി.ജെ.പിയുമായുള്ള ബാന്ധവം ഉടലെടുക്കുന്നത്. ജാതി മതങ്ങള്‍ക്കതീതമായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എസ്.എന്‍.ഡി.പി. യോഗത്തിനെ ബി.ജെ.പി. പാളയത്തില്‍ എത്തിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ ആദ്യം രംഗത്തുവന്നത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വി.എസ്സിനെ നടേശന്‍ ഒറ്റതിരിഞ്ഞാക്രമിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനു പിന്തുണയുമായി പിണറായി വിജയന്‍ ചാടിവീണു. ഏറെക്കാലത്തിനു ശേഷം വി.എസ്സും പിണറായിയും ഒരേ സ്വരത്തില്‍ സംസാരിച്ചത് സി.പി.എമ്മിന്റെ സാധാരണപ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. അങ്ങനെ നോക്കുമ്പോള്‍ സി.പി.എമ്മിലെ ഭിന്നതയ്ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമിട്ടതിന്റെ ക്രഡിറ്റ് നടേശനു കൊടുക്കേണ്ടി വരും. വി.എസ്സും പിണറായിയും മൂര്‍ച്ചകൂട്ടിയ പോര്‍മുഖത്തില്‍ കോടിയേരി ബാലകൃഷ്ണനും തന്റേതായ പങ്കുവഹിച്ചപ്പോള്‍ സി.പി.എമ്മിലെ മറ്റു നേതാക്കളാരും ഈ വിഷയത്തില്‍ ഇടപെട്ട് അഭിപ്രായപ്രകടനം നടത്തിയില്ല എന്നതും ശ്രദ്ധേയം. അതേസമയം, മറുഭാഗത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യു.ഡി.എഫ്. നേതാക്കള്‍ നടേശന്റെ നീക്കങ്ങളെ അവഗണിക്കുന്നതായി ബാധിച്ചു. ഈഴവര്‍ സി.പി.എമ്മിന്റെ വോട്ടു ബാങ്കാണെന്നും നടേശന്റെ നീക്കം സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്തുന്നത് യു.ഡി.എഫിനു നേട്ടമാകുമെന്നുമുള്ള വിലയിരുത്തലായിരുന്നു മൗനത്തിനു കാരണം. വി.എം.സുധീരന്‍ മാത്രമാണ് നടേശനെ വിമര്‍ശിക്കാന്‍ തയ്യാറായത്. ബി.ജെ.പിയെ ശക്തിപ്പെടുത്താനുള്ള നടേശന്റെ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. ബി.ജെ.പിയെയും നടേശനെയും എതിര്‍ക്കുന്നതില്‍ ആത്മാര്‍ത്ഥത സി.പി.എമ്മിനു മാത്രമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ വിജയം നല്‍കി ന്യൂനപക്ഷങ്ങള്‍ ആ വിശ്വാസം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അതുവരെ നടന്ന ഒരു തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. പരാജയപ്പെട്ടിട്ടില്ല എന്നോര്‍ക്കണം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും ബി.ജെ.പിക്കെതിരായ ആക്രമണം എല്‍.ഡി.എഫ്. തുടരുന്നതാണ് കണ്ടത്. യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരേ സമയം ആക്രമിക്കാന്‍ വി.എസ്സും പിണറായിയും അടക്കമുള്ള എല്‍.ഡി.എഫ്. നേതാക്കള്‍ തയ്യാറായി. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സംഘമാവട്ടെ ആക്രമണം മുഴുവന്‍ സി.പി.എമ്മിനു നേരെ തിരിച്ചുവെച്ചു. ബി.ജെ.പിയുടെയും ആക്രമണത്തിന്റെ കേന്ദ്രബിന്ദു സി.പി.എം. തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ തയ്യാറായ ഒരേ ഒരു ‘നേതാവ്’ മാത്രമേ ബി.ജെ.പി. നിരയിലുണ്ടായിരുന്നുള്ളൂ -സുരേഷ് ഗോപി. യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വിമര്‍ശിക്കാന്‍ മടികാട്ടിയപ്പോള്‍ ഇവര്‍ക്കിടയില്‍ എന്തോ ഉണ്ടെന്ന് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ വിശ്വസിച്ചുപോയെങ്കില്‍ അവരെ തെറ്റുപറയാനാവില്ല. എല്‍.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാവുന്നത് ഉമ്മന്‍ ചാണ്ടിയും സംഘവും തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. പരിഹാരമാര്‍ഗ്ഗം തേടാനുള്ള നെട്ടോട്ടമായി പിന്നീട്. ‘സോമാലിയ’ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദിയെത്തന്നെ വിമര്‍ശിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. അപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. തല്‍ക്കാലം ഈ തിരഞ്ഞെടുപ്പിലെങ്കിലും ന്യൂനപക്ഷ രക്ഷകരുടെ വേഷം എല്‍.ഡി.എഫിനാണ്.

ബി.ജെ.പിക്ക് ഏതെങ്കിലും മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ അവരുടെ വോട്ട് വലിയ തോതില്‍ വര്‍ദ്ധിക്കണം. മാത്രമല്ല, മറ്റു രണ്ടു മുന്നണികളുടെയും വോട്ടുകളില്‍ ആനുപാതികമായ കുറവുണ്ടാവുകയും വേണം. ഭരണവിരുദ്ധ വികാരം യു.ഡി.എഫിന്റെ വോട്ടുകളില്‍ ചെറിയ കുറവ് വരുത്തിയേക്കാമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ വോട്ടുകളില്‍ കുറവുണ്ടാവാന്‍ സാദ്ധ്യതയില്ല. മാത്രമല്ല വര്‍ദ്ധിക്കാനാണ് സാദ്ധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ എല്‍.ഡി.എഫിനും, ചിലയിടത്ത് യു.ഡി.എഫിനും ഉണ്ടാവുന്ന വോട്ട് വര്‍ദ്ധനയെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ടുകള്‍ പല മടങ്ങ് കൂടണം. അതിന് ഏതായാലും സാദ്ധ്യതയില്ല. അത്ര മാത്രം വോട്ടുകള്‍ തല്‍ക്കാലം ഇവിടില്ല, അത്ര തന്നെ. നിയമസഭയിലെ ബി.ജെ.പി. അക്കൗണ്ട് മരീചികയായി തുടരും.

Previous articleപ്രണവ് ‘നായര്‍’
Next articleരാമന്റെ പാലം തേടി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

5 COMMENTS

  1. One of the most unbiased article read recently. Felt like a political observer for the first time without taking sides.

    A request or suggestion : I have found that BJP is very popular among the new voters(the 90s kids). Do you think it is explainable or the observation is wrong?

  2. ഇത് വളരെ വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലായാണ് എനിക്ക് തോന്നുന്നത്. ബി ജെ പി – ബി ഡി ജെ സ് ബാന്ധവം രണ്ടു കക്ഷികൾക്കും നഷ്ടമേ ഉണ്ടാക്കൂ. ‘കള്ളുകുട’ത്തിൽ കുത്തേണ്ടതില്ലെന്ന് നായന്മാർ മുതലായർ തീരുമാനിച്ചിട്ടുണ്ടെന്ന് കേട്ടിരുന്നു. ഈ സഖ്യത്തിന്റെ ആയുസ്സ് കണ്ടറിയണം.അവസാനമായി യു ഡി എഫ് പാളയത്തിലെത്തേണ്ടവരാണ് വെള്ളാപ്പള്ളിയും കൂട്ടരും എന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. അവിടെ വിലപേശാനുള്ള ബലം സമാഹരിക്കയാണ് വെള്ളാപ്പള്ളിയുടെ ഇപ്പൊഴത്തെ ലക്ഷ്യം. അതിനുള്ള ഒരു താൽകാലിക ഇടപാടു മാത്രമാണ് ഈ സഖ്യം.

LEAVE A REPLY

Please enter your comment!
Please enter your name here